Wednesday 25 April 2012

ഇല്ലായ്മ ക്രിയേഷന്‍സ് അവതരിപ്പിക്കുന്നു

ഇതെഴുതാന്‍ കൊറെ പ്രാവശ്യമിരുന്നു. പിന്നെ വേണ്ടാന്ന് വെയ്ക്കും. എന്നെപ്പറ്റിയെഴുതുമ്പൊ, എന്നെ ഇഷ്ടപ്പെടുന്ന പലരെപ്പറ്റീംകൂടിയായിപ്പോവും. പിന്നെ അവര്‍ക്ക് വെഷമാവോന്ന്ള്ള പേടി, അതിന്റെ കുഞ്ഞി നീറ്റല്.
നീറ്റല് മാറ്റാന്‍ ഞാന്‍ കൊറെ ചിരിച്ച ഒരു തമാശ വെച്ച് തൊടങ്ങാം. എനിക്ക് തോന്നുണു, പലയിടത്തും സ്ഥലോം സന്ദര്‍ഭോം കഥാപാത്രങ്ങളേം മാറ്റി ഈ തമാശ പറയാറ്ണ്ടാവുംന്ന്. ഇതേതായാലും എന്നോട് പറഞ്ഞത് നാടകക്കാരനായ ഒരു പഴയ സുഹൃത്താണ്.
ഒരു നാടകത്തിന്റെ പ്രിവ്യൂ നടക്കുന്നു. പേരുകേട്ട കൊറേ പേരെ വിളിച്ചട്ട്ണ്ട്. ‘ഇല്ലായ്മ ക്രിയേഷന്‍സ് അവതരിപ്പിക്കുന്നു’ എന്ന് പറഞ്ഞാണ് തൊടങ്ങിയത്. നോക്കുമ്പൊ പറ്റ പോക്ക്. ഒരു വകയ്ക്ക് കൊള്ളില്ല. നാടകം കഴിഞ്ഞ് പുറത്തുവന്ന സംവിധായകന്‍ നടന്ന് അഭിപ്രായം ചോദിക്കുന്നു. എല്ലാരും ആര്‍ക്കും കേടുപാടുകളില്ലാത്ത വിധത്തില്‍ ഓരോ മറുപടികള്‍ കൊടുത്ത് അയാളെ സന്തോഷിപ്പിക്കുന്നു. അവസാനം അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു നടന്റടുത്ത് അഭിപ്രായം ചോദിച്ചപ്പൊ അയാള്‍ പറഞ്ഞൂ ‘നാടകൊക്കെ കൊള്ളാം, പക്ഷെ, പ്രൊഡക്ഷന്റെ പേര് ‘ഇല്ലായ്മ’ എന്ന്ള്ളത് മാറ്റി ‘തന്തയില്ലായ്മ’ എന്നാക്കണായിരുന്നു’ എന്ന്. നമുക്ക് അവരുടെ പിന്നീടുള്ള വഴക്കുകള്‍ അവടെ തുടരാന്‍ സമ്മതിച്ച് തിരിച്ച് ഇങ്ങ്ട് വരാം.
കേട്ടപ്പൊ ഞാന്‍ കൊറെ ചിരിച്ചതാണ്. ശെരിയാണ്. പക്ഷെ ഈയട്ത്ത് ഞാന്‍ അതിലെ തന്തയില്ലായ്മ എന്ന പ്രയോഗത്തിനെപ്പറ്റി കൊറെ ആലോചിക്കണ്‌ണ്ട്. അതെന്തോണ്ടാണ് തെറിയാവണത്? ഇപ്പൊ സിനിമേലാണെങ്കിലും ഒരു ഫൈറ്റ് സീനിന് മുമ്പ് നായകന് വില്ലന്റെ വീട്ടിന് മുമ്പില്‍ നിന്ന് ഒരു ഡയലോഗ് പറയാന്ണ്ടെങ്കില്, ‘എറങ്ങിവാടാ തെണ്ടീ’ എന്ന് പറയാന്ള്ളെടത്ത് വേണെങ്കി ‘ഒറ്റത്തന്തയ്ക്ക് പെറന്നവനാണെങ്കി എറങ്ങിവാടാ’ എന്നും പറയാം. അപ്പൊ ഒറ്റത്തന്തയ്ക്ക് ജനിക്കാത്തവന്‍ തെണ്ടിയോ, അതില് കൂടിയ എന്തെങ്കിലൊക്ക്യോ ആവാം. അദെന്താദങ്ങനെ?!
ഒറ്റത്തന്തയ്ക്ക് പിറക്കാതിരിക്കുക എന്ന് വെച്ചാ അയാളുടെ അമ്മയ്ക്ക് കൊറേ പേര്ടട്ത്ത് അല്ലെങ്കി പേരോ വിവരോ ഒന്നും അറിയാത്തോര്ടട്ത്ത് ലൈംഗികബന്ധണ്ടായിരുന്നോണ്ട് , കുട്ടീടച്ഛന്‍ ആരാന്നറിയില്ല എന്ന്ള്ള സ്ഥിതിവിശേഷാണല്ലോ. അപ്പൊ തെറി ‘വഴിപിഴച്ച’ ജീവിതം ജീവിച്ച അമ്മയ്ക്കാണ്. പക്ഷെ അത്രമാത്രല്ലാന്നാണ് എനിക്ക് തോന്നണത്. കാരണം, ഇതല്ലാണ്ടും ‘അച്ഛന്‍’ എന്ന്ള്ള കോണ്‍സെപ്റ്റ് മലയാളികള്‍ക്കെന്നല്ല, എല്ലാര്‍ക്കും ഒരു ഒബ്സെഷനാണ്.
അച്ഛനെത്തേടിയുള്ള മകന്റെ യാത്ര എപ്പഴും എല്ലാ സാഹിത്യത്തിലും വല്യ ഡിമാന്റ്ള്ള സംഗതിയാണ്. സലീംകുമാര്‍ ‘അച്ഛനാണത്രേ അച്ഛന്‍’ ന്ന് പറഞ്ഞ് കളിയാക്കണത് ഈ ഒബ്സെഷനെയാണ്ന്നാണ് ഞാന്‍ കണക്കാക്കണത്. ആ സിനിമേല് സലീംകുമാറിന്റെ കഥാപാത്രത്തെ അങ്ങനെ ചിത്രീകരിച്ചിരിക്കണത് തന്നെ ഈ ഡയലോഗിന് വേണ്ടിയാണ് എന്നാണ് ഞാന്‍ വായിച്ചെടുക്കണത്. അങ്ങനെയുള്ള ആള്‍ക്കാര് ഇങ്ങനെയൊക്കെയായിരിക്കും എന്ന് കാണിക്കാനോ മറ്റോ.
തന്ത/അച്ഛനില്ലായ്മ എനിക്കേതായാലും തെറിയല്ല. ഇപ്പപ്പറഞ്ഞ കാരണംകൊണ്ടല്ലാതെ അച്ഛനില്ലാത്തവരുമുണ്ട് (ഇനി അങ്ങനെയല്ലെങ്കില്‍ത്തന്നെയും). അത് പോരാട്ടങ്ങളുടെ മാത്രം ഫീച്ചര്‍ ഫിലിമാണ്. ഒരു പക്ഷേ, ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു ആര്‍ട്ട് പടം?
എനിക്ക് നാല് വയസ്സ്ള്ളപ്പഴാണ് എന്റെ അച്ഛന്‍ മരിക്കണത്. അതിനെപ്പറ്റി വല്യ ഓര്‍മകളെനിക്കില്ല. പക്ഷെ പിന്നെ ഫ്യൂണറലിന്റെ സമയത്തെട്ത്ത ഫോട്ടോസിലൊക്കെ ഞാന്‍ കുഞ്ഞിയുടുപ്പിട്ട് എന്റെ കസിനുമായി കള്ക്ക്യോ അജിമാമന്റെ മടീലിരിക്ക്യോ ചെയ്യണ കുട്ടിയാണ്. എനിക്ക് വെഷമണ്ടായിര്ന്നില്ല എന്ന് കാണാം. മരണംന്നൊക്കെപ്പറഞ്ഞാ എന്താണ്ന്ന് ആ സമയത്ത് അറിയിണ്ടാവില്യായിരിക്കും.
ആ ഫോട്ടോസ് നോക്കീട്ട് ഞാന്‍ കരഞ്ഞട്ട്ള്ളത് എന്റെ മമ്മീം ചേച്ചീം കരയണത് കണ്ടട്ടാണ്. കാരണം ‘പപ്പാജി’ എന്ന് ഞാന്‍ വിളിച്ചിരുന്ന എന്റെ അച്ഛനെപ്പറ്റി എനിക്കധികം ഓര്‍മകളില്ല. ഫോട്ടോസില്‍ നിന്ന് ഞാന്‍ മെനഞ്ഞെടുത്ത കഥകളല്ലാതെ. പക്ഷെ അത് കഴിഞ്ഞട്ട്ള്ള ജീവിതത്തില് ഓരോ അച്ഛനില്ലായ്മ സംഭവോം എനിക്കോര്‍മേണ്ട്. കാരണം ഒരു രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ എനിക്കത് തന്നട്ട്ള്ള അനുഭവങ്ങള് ഭയങ്കര അസ്വസ്ഥതയുണ്ടാക്കണതായിരുന്നു.
ഒരു സ്ത്രീ ഒറ്റയ്ക്ക് (അതായത് പുരുഷനില്ലാതെ) കുടുംബം നയിക്ക്യാന്ന് പറയണത് ഇന്നും ഇവടെ കൊറച്ച് പ്രശ്നങ്ങള്‌ള്ള കാര്യാണ്. അതിന്റെ സമ്മര്‍ദൊക്കെ മമ്മി ശെരിക്കും അനുഭവിക്കണത് ഞാന്‍ കണ്ടട്ട്ണ്ട്. കാരണം, കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാ, അതും നേര്‍വഴിക്ക് നടത്തിക്കൊണ്ട് വരാന്ന്ള്ളത് സ്ത്രീയ്ക്കേതായാലും ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ല എന്നന്ന്യാണ് എല്ലാരും വിശ്വസിക്കണത്. അപ്പൊ ഞങ്ങള്‍ ഏതെങ്കിലും വിധത്തില് നേര്‍വഴിക്കല്ലാന്ന്ണ്ടെങ്കില്, അത് അപ്പത്തന്നെ വളര്‍ത്ത്ദൂഷ്യാവും. ആ പഴികേള്‍ക്കലിനെ മമ്മി ഭയങ്കരമായി ഭയന്നിരുന്നു. ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ നിങ്ങള്‍ വളര്‍ത്തിയ കുട്ടികളെപ്പോലെത്തന്നെയാണ്ന്ന് സ്ഥാപിക്കാന്ള്ള ഒരലച്ചിലായിരുന്നു ആ സ്ത്രീയുടെ പിന്നീടങ്ങോട്ട്ള്ള ജീവിതമപ്പാടും.
ഇല്ല, പപ്പാജി മരിച്ചുപോയല്ലോ എന്ന് പറഞ്ഞ് ഞാന്‍ ഒരിക്കലും കരഞ്ഞിട്ടില്ല. പക്ഷെ ഈ യജ്ഞത്തില്‍ മമ്മിയോട് എനിക്ക് ഒരിത്തിരികൂടി നീതി പുലര്‍ത്താന്‍ പറ്റിയിട്ടില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ എല്ലാ ദിവസോം കരയാറ്ണ്ട്. കാരണം ഞാന്‍ അവസാനം ‘നേര്‍വഴിക്ക്’ നടന്ന കുട്ടിയായില്ല. എന്നെപ്പറ്റിപ്പറഞ്ഞ് മമ്മിയെ ചോദ്യം ചെയ്യാന്‍ അവസരങ്ങളുണ്ടാക്കി. ‘എന്നിട്ടിപ്പൊ എന്തായി’ എന്ന് മമ്മിക്കുനേരെ ചൂണ്ടിയ വിരലുകള്‍ ചോദിച്ചു. എന്നിട്ടും വഴി മാറി നടക്കാന്‍ കൂട്ടാക്കാത്ത ദുര്‍വാശിക്കാരിയായി ഞാന്‍ അവരെ വീണ്ടും വീണ്ടും വെഷമിപ്പിച്ചു.
എനിക്ക് മൂന്നാം ക്ലാസ് വരെയുള്ള പല സംഭവങ്ങളും ബാക്കി കുട്ടികളെപ്പോലെ ഓര്‍മയില്ല. പക്ഷെ ചെല കാര്യങ്ങള്‍ എന്തുകൊണ്ടാണ് മനസ്സില്‍ നിന്ന് പോകാത്തത്? യൂ കെ ജി യില്‍ എല്ലാവരും വട്ടത്തില്‍ നിന്ന് അച്ഛന്റെ പേര് പറഞ്ഞ് കളിക്ക്യായിരുന്നു. അതെന്ത് കളിയാണ്ന്ന് എനിക്കറിയില്ല. അപ്പൊ എല്ലാര്‍ക്കും അങ്ങനെ തോന്നിക്കാണും. ഏതായാലും എന്റെ ഊഴം വന്നപ്പൊ ഞാന്‍ ‘സോഹന്‍’ എന്നാണ് പറഞ്ഞത്. ആര്‍ക്കും ആ പേര് ഇഷ്ടപ്പെട്ടില്ല. എന്നെ എല്ലാരും കളിയാക്കി. ഞാന്‍ വീട്ടിലെത്തി ചേച്ചിയോട് പരാതി പറഞ്ഞു. എന്തൊരു പൊട്ട പേരാണ് പപ്പാജിക്ക്ന്ന് (സോഹന്‍ ന്ന്ള്ള പേര് ഇപ്പൊ എനിക്കെന്തോ വല്യ ഇഷ്ടാണ്). അപ്പൊ ചേച്ചി പറയുമ്പഴാണ് അത് പപ്പാജിയെ വീട്ടീ വിളിക്കണ പേരാണ്ന്ന് എനിക്ക് വെളിപാട് കിട്ടണത്. പിറ്റേ ദിവസം എന്നെ ഏറ്റോം കൂടുതല് കളിയാക്കിയ ഫാത്തിമയോട് ഞാന്‍ അഭിമാനത്തോടെ പപ്പാജിയുടെ ശെരിക്കുള്ള പേര് ചെന്ന് പറഞ്ഞു. അപ്പൊ അവള് അച്ഛനെന്താ ജോലീന്ന് ചോയ്ച്ചു. മരിച്ചുപോയി എന്ന് പറഞ്ഞപ്പൊ അവള് ‘എന്നാല് നീയിതാരോടും പറയണ്ട’ എന്ന് പറഞ്ഞു.
അവളുടെ ഉപദേശം സ്വീകരിച്ചത് ഞാനല്ല. മമ്മിയായിരുന്നു. എവടെയാ വീട്, എന്താ ചെയ്യണെ എന്ന്ള്ള ചോദ്യങ്ങള് കഴിഞ്ഞാ, പിന്നെ വരണത്, ഭര്‍ത്താവിനെന്താ ജോലി എന്നാണല്ലോ. അപ്പഴൊക്കെ മമ്മി ഇന്നെടത്ത് ഇന്നതാണ് എന്ന് പറയും. ഞാനും പതുക്കെ അത് ശീലിക്കാന്‍ തുടങ്ങി. പക്ഷെ അച്ഛനെന്താ ജോലീന്ന് ചോദിക്കുമ്പൊ ഇന്നടത്താണ്ന്ന് പറയുമ്പഴൊക്കെയും എന്റെ കവിളുകളിലും ചെവിയിലും ചൂട് കേറി. കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ പറ്റാതായി.
അതിനേക്കാളും എത്രയോ എളുപ്പായിരുന്നു സ്കൂള്‍ ഡയറിയും മറ്റ് ഫോമുകളും പൂരിപ്പിക്കല്‍. അതില് ഒറ്റ ഓപ്ഷനേയുള്ളൂ. Father’s/Guardian’s Name:_______. അവടെ പപ്പാജിയുടെ പേരിന് മുമ്പ് Late എന്ന് ചേര്‍ക്കണം. ആരും ഉള്ളുകളികള്‍ അറിയില്ല. ഇപ്പൊ ചെല സ്ഥലത്തൊക്കെ അമ്മേടെ പേരും ചോദിക്കണ്‌ണ്ട്. ഇല്ലെങ്കിലും ഞാനിപ്പൊ ‘ലേറ്റ്’ എന്നെഴ്‌തണ പരിപാടി നിര്‍ത്തി. Father’s വെട്ടി Mother’s എന്നാക്കും. ഇതൊക്കെയാണോ അച്ഛനില്ലായ്മയുടെ ആദ്യ പാഠങ്ങള്‍?
ഈ ഒളിച്ചുകളി മമ്മിയെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നെന്നെനിക്കറിയാം. എന്നാലും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചില്ല. എന്റെ മാറുന്ന താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചെസ്സും, പെയ്ന്റിംഗും വയലിനുമൊക്കെ പഠിപ്പിക്കാന്‍ ചേര്‍ത്തു. (ചെറുതാവുമ്പൊ അങ്ങനെ പല ഭ്രാന്തുകള്‍, വലുതാവുമ്പൊ വേറെ :D) അവടെയൊക്കെ ഈ ചോദ്യം വന്നു. ചെലപ്പൊ, ചെലപ്പൊ മാത്രം ‘I am a widow’ എന്ന് പറഞ്ഞ് നിര്‍ത്തി.
പക്ഷെ അപ്പഴും എനിക്കത് വല്യ പ്രയാസായിരുന്നു. പഠിപ്പിക്കണ മാഷ്‌മാര്ടെ കണ്ണിലൊക്കെ ഒരുതരം സഹതാപം. വെറുപ്പായിരുന്നു അങ്ങനത്തെ നോട്ടങ്ങളോട്.
പ്ലസ് ടു വില് പഠിക്കുമ്പൊ ഫിസിക്സിന് ട്യൂഷന്‌ണ്ടായിരുന്നു. ബാക്കിയാര് ഒഴപ്പിയാലും സാറ് ‘എന്‍ട്രന്‍സ് അട്ക്കാണ്. തന്റെ ചേട്ടന്‍/ചേച്ചിയൊക്കെ എത്ര നല്ല റാങ്ക് വാങ്ങിയതാണ്ന്നറിയോ’ എന്ന് ചോദിക്കും. ഞാന്‍ ഒഴപ്പിയാ ‘അമ്മ എന്ത്മാത്രം കഷ്ടപ്പെട്‌ണ്‌ണ്ട്ന്നറിയോ’ എന്ന് ചോദിക്കും. ഞാന്‍ ട്യൂഷന്‍ നിര്‍ത്തി. വാശിക്ക് പഠിച്ചു. എന്‍ട്രന്‍സ് എഴുതിയില്ല. ഏ പ്ലസ് വാങ്ങി മനസ്സില്‍ പകരം വീട്ടി. (മലയാളം സിനിമ തന്നെ. അല്ലേ. :P)
ഫ്രോയ്ഡിന്റെ ഇലക്ട്രാ കോംപ്ലെക്സ് എനിക്കുണ്ടായിരുന്നോന്നും സംശയണ്ട്. എട്ടിലെങ്ങാണ്ട് പപ്പാജീടെ പഴയ വാച്ച് ഞാന്‍ കെട്ടാന്‍ തുടങ്ങി. സ്റ്റീലില്, എന്റെ കൈയ്ക്ക് തീരെ ഭംഗിയില്ലാത്ത ആ സാധനം കെട്ടിക്കൊണ്ട് നടക്കാന്‍ അതുപയോഗിച്ചിരുന്ന മനുഷ്യനോട്ള്ള പ്രേമല്ലാണ്ട് വേറെ കാരണൊന്നും ഞാന്‍ കാണ്‌ണില്യ. പപ്പാജിയുടെ പഴയ പുസ്തകങ്ങള്‍ മറിച്ചുനോക്കി. അതില് വല്ല എഴുത്തുകുത്തുകളുണ്ടോന്നറിയാന്‍. അങ്ങനെ കണ്ടപ്പഴൊക്കെ വല്ലാത്ത സന്തോഷം തോന്നി. പഴയ ഡയറികള്‍ വായിച്ച് മനഃപ്പാഠാക്കി, അതില് തുടര്‍ന്നെഴുതി, പിന്നെ പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് യീര്‍ കാലത്തൊക്കെ പപ്പാജിയുടെ ഷര്‍ട്ടുകളിട്ട് നടക്കാന്‍ തൊടങ്ങി. (ഞാനതിന് യോഗ്യയല്ലാന്ന് പറഞ്ഞ് മമ്മി വെലക്കണ വരെ). എന്നെക്കാണാന്‍ മമ്മീനെപ്പോലെയാണ്ന്ന് ആര് പറഞ്ഞാലും ദേഷ്യപ്പെട്ടു. ചേച്ചീടട്ത്ത് അസൂയ. കുടുംബക്കാരൊക്കെ ‘തനി സോഹന്‍’ ന്ന് പറയുമ്പൊ. എനിക്ക് പപ്പാജിയുടെ കണ്ണുകളാണ്ന്ന് മമ്മി പറഞ്ഞപ്പൊ മാത്രം സന്തോഷിച്ചു. കണ്ണിലാണ് കാര്യം മുഴുവന്‍. പക്ഷെ അതിലും എനിക്ക് ആശ്വാസങ്ങളൊന്നും കിട്ടീര്ന്നില്യ. ഞാനെന്താകാനാണ് ശ്രമിക്കണേന്ന് എത്ര ആലോചിച്ചട്ടും മനസ്സിലായൂല്യ.
അതിന്റെടേല് വേറെയും ചിന്തകള്‍. നാലിലോ അഞ്ചിലോ ആണ് മമ്മീം പപ്പാജീം പ്രേമിച്ച് കല്യണം കഴിച്ചതാണ്ന്ന് മനസ്സിലായത്. (അച്ഛന്റേം അമ്മേടേം ഹിന്ദു ക്രിസ്റ്റ്യന്‍ പേരുകള് കാണുമ്പള്ള എല്ലാര്ടേം ഗൂഢമന്ദഹാസങ്ങള്‍ടെ പൊരുളന്വേഷിച്ച് നടന്ന് കണ്ടുപിടിച്ചത്) അതിന് ശേഷം പ്രേമിച്ചാല്‍ അവസാനം പെണ്ണിന് ഇങ്ങനെ സംഭവിക്കും എന്നൊരു വിചാരം എന്റെ സൈക്കോസിസിലോ, അങ്ങനെയെന്തോ സംഭവത്തിലോ കയറിക്കൂടി. അത് എനിക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത ഒന്നായി മാറി. ഇതുവരെ ആ പേടി എന്റെ മനസ്സീന്ന് പോയിട്ടില്ല. മിക്കവാറും എല്ലാ ദിവസോം ഞാന്‍ കാമുകനോട് ചോദിക്കുണു, ‘നീ മരിച്ചുപോവുമോ’ എന്ന്. ഫോണ്‍ എന്തെങ്കിലും കാരണം കൊണ്ട് കട്ടായാ, വീണ്ടും വിളിക്കണ വരെ മരണവും അതിനു ശേഷമുള്ള ജീവിതവും ഓര്‍ത്ത് ഭയക്കുന്നു. എല്ലാവരുടേയും യാത്രകള്‍ ഭയക്കുന്നു. യാത്രകള്‍ കൂടി എന്ന് കണ്ടപ്പൊ മമ്മീടട്ത്ത് ജോലി രാജി വെയ്ക്കാന്‍ വരെ പറയാന്‍ തോന്നുണു. ദൂരനാട്ടില്ള്ള ജോലി വിടാന്‍ ചേച്ചീടട്ത്ത് പറയാന്‍ ധൈര്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒരു ഡോക്ടര്‍ സണ്ണി ജോസഫും വരിണില്ല, എന്റെ ഈ പാരനോയ മാറ്റാന്‍. പലര്ടടുത്തും ചോയ്ച്ചുനോക്കി, ഇങ്ങനെ തോന്നാറ്ണ്ടോന്ന്. പലരും ഉണ്ട്ന്ന് പറയ്ണ്‌ണ്ട്. പക്ഷെ ഇത്രമാത്രം പേടി അവര്‍ക്ക്ണ്ട്ന്ന് തോന്ന്ണില്യ.
പക്ഷെ എന്തോ ഭാഗ്യം കൊണ്ട് എടയ്ക്കെപ്പഴോ ഞാന്‍ പേരമരത്തിന്റെ ചോട്ടിലിരുന്ന് ബോധോദയം വരിച്ചു. എങ്ങനെ, എന്തുകൊണ്ട് എന്നൊന്നും ഇപ്പഴും അറിയില്ല. ഏതായാലും പല കാര്യങ്ങളിലും മാറ്റം സംഭവിച്ചു. കൂട്ടത്തില്‍ അച്ഛനില്ലായ്മപ്പേടികള്‍ ഓരോന്നായി ഡിവോഴ്സ് പറഞ്ഞെറങ്ങിപ്പോയി. അതിന്റെ ആദ്യ പടി ദൈവവിശ്വാസം നഷ്ടപ്പെട്ടത് തന്നെയാണ്ന്നാണ് ഞാന്‍ വിചാരിക്കണത്. (എന്റെ അമ്മയുള്‍പ്പെടെ ദൈവത്തില് വിശ്വസിക്കണ എല്ലാര്ടടുത്തും എനിക്ക് ബഹുമാനം തന്നെയാണ്. പക്ഷെ ഇനി മാനസാന്തരം എനിക്ക്ണ്ടാവില്ലാന്ന്ള്ള ഒരു കൊഴപ്പം മാത്രേള്ളു) ഇപ്പറഞ്ഞ സാധനം പോയപ്പൊ പകുതി സമാധാനായിരുന്നു. പള്ളീല് പോകണ്ട. സണ്‍ഡേസ്കൂള്‍ ടീച്ചര്‍മാര്ടെ സഹതാപതരംഗത്തിന് പാക്ക് അപ്.
അച്ഛനെന്താ ചെയ്യണേന്ന്ള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പൊ മുഖം പൊള്ളാതായി. ഇംഗ്ലീഷില്‍ മറുപടി പറയുമ്പൊ ‘He is dead’ എന്നായി. Passed away ഓ? ആര് പാസ്ഡ്? എങ്ങ്ട് എവേ?!
അതിനെടേല് എന്നെയും ഞെട്ടിപ്പിച്ച സുഹൃത്തുക്കളൂണ്ടായി. ട്യൂഷന്‍ ക്ലാസ്സില് ഒരുമിച്ച്ണ്ടായിര്ന്ന ജസീമിന്റട്ത്ത് ഇതുപോലെ ‘ഹി ഇസ് ഡെഡ്’ എന്ന് പറഞ്ഞപ്പൊ, അവന്‍ എന്നെ പിച്ചിക്കൊണ്ട് പറഞ്ഞു; ‘സേം പിഞ്ച്’ അപ്പൊ അവന്റട്ത്ത് പ്രേമായിരുന്നു. പക്ഷെ അന്നുമുതല്‍ കൊടും പ്രേമമായി. പിന്നെ ഡിഗ്രിക്കെത്തീട്ട് എന്റെ ഹീ ഇസ് ഡെഡ് അന്ജൂനെ ഞെട്ടിച്ചു. അന്നുമുതല് അവളും അമ്മയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്ക്ണ്‌ണ്ട്ന്ന് പറഞ്ഞു. ഹല്ലേലൂയ! പക്ഷെ രേഷ്മ ‘അച്ഛന്‍ അട്ടത്താണ്’ എന്ന് പറഞ്ഞപ്പൊ അവള്‍ടെ പ്രാര്‍ത്ഥനേല്ള്ള വിശ്വാസം ഒന്ന് കൊറഞ്ഞോന്നൊരു സംശയം.
അല്ല, ഞങ്ങളാരും വെഷമമില്ലാത്ത ജീവികളല്ല, എനിക്കറിയാം. പക്ഷെ ഞങ്ങള് എപ്പഴും വെഷമിച്ചോണ്ടിരിക്കണോ? ഞങ്ങക്കെന്താ ചിരിക്കാന്‍ പാടില്ലേ? തന്തയ്ക്ക് വിളിച്ചാല്‍ സിനിമേലെ പോലെ ഞങ്ങള് മെലോഡ്രാമ കളിക്കണോ? അന്യോന്യം തെറി പറയുമ്പൊ എല്ലാരും ‘അത് നിന്റച്ഛന്‍’ ന്ന് പറയാറ്ണ്ട്. അച്ഛനില്ലാത്തവര് മാത്രം വികാരവിവശരായി അടികൂടണോ? ഓ, സോറി. അതും ആണ്ങ്ങള് മാത്രേ ചെയ്യാറുള്ളൂട്ടാ. ഞങ്ങളാവുമ്പൊ വൈകുന്നേരം വീട്ടീപ്പോയിരുന്ന് അമ്മ ‘എന്താ വല്ലാതെ’ന്ന് ചോയ്ക്കുമ്പൊ, ‘ഒന്നുമില്ല, ഒരു തലവേദന’ ന്ന് പറഞ്ഞ് മുറീല് പോയി കതകടച്ചിരുന്ന് ഏങ്ങിയേങ്ങിക്കരയണോ?
‘Daddy, daddy, you bastard, I’m through’ എന്ന് പ്ലാത്ത് പറഞ്ഞത് കണ്ട് ഞാന്‍ കൊറേ നേരം ആ പുസ്തകത്തിലേയ്ക്ക് നോക്കി മിഴിച്ചിര്ന്നട്ട്ണ്ട്. ഇല്ല. പപ്പാജിയെ ഞാന്‍ വെറുക്കില്ല. അതോണ്ടന്നെ, പ്ലാത്തിനെപ്പോലെ ബാസ്റ്റഡ് ന്ന് വിളിച്ചൂന്നുമിരിക്കില്ല. പക്ഷെ, I am through. എന്ന് ഞാന്‍ മടിയില്ലാണ്ട് പറയും.
അല്ല, അച്ഛന്മാരെ അകറ്റി നിര്‍ത്തി സ്വാതന്ത്ര്യം കണ്ടെത്തണംന്നൊന്ന്വല്ല പറഞ്ഞു വരണത്. അങ്ങനെയൊന്നുമല്ലല്ലോ പോംവഴികള്‍. പോംവഴികള്‍ എപ്പഴും എല്ലാരേം സന്തോഷിപ്പിക്കണതാകണം. പക്ഷെ അങ്ങനെ ഒരെണ്ണം കണ്ട് പിടിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്ന്ന് നിങ്ങള്‍ക്കാര്‍ക്ക്വറിയില്ലെങ്കിലും, എനിക്കറിയാം. അച്ഛന്മാരും അമ്മമാരും ഒക്കെയുള്ള കുടുംബങ്ങളില്‍ നിന്ന് വന്ന് മാറ്റമുണ്ടാക്കുന്നവരാണ് ശെരിക്കുള്ള വിപ്ലവകാരികള്‍ എന്നാണ് ഞാന്‍ കരുതണത്. ഇപ്പത്തന്നെ, പപ്പാജി ജീവിച്ചിരുന്നിരുന്നെങ്കില്, എങ്ങനെയായിരുന്നേനേന്ന് എനിക്കറിയില്ല. ഒരിക്കലും കണ്ടുപിടിക്കാനും പറ്റില്ല. എന്നെ ഇഷ്ടപ്പെടാത്ത ആളായിര്ന്നെങ്കിലോ? എന്നെ ഇങ്ങനെ എഴുതാന്‍ സമ്മതിച്ചിരുന്നില്ലെങ്കിലോ? എന്റെ രാത്രിയാത്രകള്‍ക്ക് കടിഞ്ഞാണിട്ടിരുന്നെങ്കിലോ? അങ്ങനെയാവാതിരിക്കാന്‍ എന്തെങ്കിലും വഴീണ്ടോ? വളര്‍ത്ത് ദൂഷ്യം ന്ന് എല്ലാരും പറയണത് ഇതിനെയൊക്കെത്തന്നെയല്ലേ. അച്ഛനില്ലാതെ വളര്‍ന്നല്ണ്ടാവണ ദൂഷ്യങ്ങളാണ് ഇതെങ്കില്‍, അച്ഛന്ണ്ടായിരുന്നെങ്കില്‍ ഇതൊക്കെ സാദ്ധ്യാവ്വായിരുന്നൂന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസാണ്. അതുകൊണ്ടന്നെ, അച്ഛന്ണ്ടായിട്ട് ശുദ്ധവായു ശ്വസിച്ച് പാടിപ്പാടി നടക്കാന്‍ പറ്റണോര്ടട്ത്ത് എനിക്ക് ഭയങ്കര ബഹുമാനാണ്. അങ്ങനേള്ള കുടുംബങ്ങളെ ബഹുമാനാണ്.
പക്ഷെ എനിക്കേറ്റോം ബഹുമാനം എന്റെ അമ്മയോട് തന്നെയാണ്. എവടന്നാണ് ആ സ്ത്രീയ്ക്കിത്രയും ധൈര്യം? എന്താണ് അവരുടെ മനസ്സില്‍? അവരുടെ ദൈവങ്ങളാരാണ്? എനിക്കവരെ അറിയണം. അവരുടെ ലോകങ്ങളില്‍ മാത്രം കൊറേകാലം യാത്ര ചെയ്യണം. അവരുടെ പേടികള്‍ മനസ്സിലാക്കണം. ആ സ്വപ്നങ്ങള്‍ക്ക് കാവലിരിക്കണം...
ഇപ്പൊ എല്ലാര്‍ക്കും വല്യ താല്‍പര്യാണ് ഞങ്ങടെ കാര്യത്തില്.
‘മൂത്ത മോളിപ്പൊ എന്താ ചെയ്യണേ?’
‘ഇന്നടത്ത് ജോലി ചെയ്യാണ്’ മമ്മി പറയുണു.
‘എത്രയാ ശമ്പളം?’
‘ഇത്ര’
‘അപ്പൊ കല്യാണൊക്കെ അട്ത്തന്നെണ്ടാവുല്ലേ?’
‘അവളെ സ്കൂളീച്ചേര്‍ത്തപ്പൊ നിങ്ങള് ചോദിച്ചില്ലല്ലോ, എവടെയാ ചേര്‍ക്കണേന്ന്. അവള്‍ടെ നാടകങ്ങളും എഴുത്തും വാര്‍ത്തകളും നിങ്ങളല്ലല്ലോ കണ്ട് അഭിപ്രായം പറഞ്ഞത്. കല്യാണണ്ടാവാണെങ്കിലറിയിക്കാം.’
‘നിശ്ശബ്ദത’
എനിക്ക്ള്ള സ്നേഹമത്രയും അവരില്‍ നിന്ന് തന്നെയാണ് എനിക്ക് കിട്ടിയത്‌ന്ന് ഞാനിപ്പൊ വിശ്വസിക്കുണു. അവരുടെ സൌന്ദര്യം എനിക്ക് വേണമെന്ന് തപസ്സിരിക്കുണു. ഇല്ല, എന്റെ പല രീതികളും എന്റെ അമ്മയ്ക്കിഷ്ടല്ല. ഞാന്‍ നടന്നട്ട്ള്ള വഴികളാണ് അവരുടെ ഏറ്റോം ഭയാനകമായ സ്വപ്നങ്ങള്‍. എനിക്കറിയാം. അതുകൊണ്ട് തന്നെ, എപ്പഴെങ്കിലും എവടെയെങ്കിലും വെച്ച് ഞാന്‍ കാരണം മമ്മിക്ക് സന്തോഷം/അഭിമാനം ഉണ്ടാവുമ്പഴൊക്കെ ഞാ​ന്‍ കണക്കില്ലാണ്ട് സന്തോഷിക്കുന്നു.
ഐ എ എസ് ഇന്റര്‍വ്യൂന് ഞാന്‍ പോകാന്‍ വഴീല്യ. ‘my father is my inspiration’ എന്ന് പറയണോടത്ത് ഫേഡ് ഔട്ട് ആയിട്ട് എന്റെ സിനിമ തീരില്ല. പക്ഷെ കോളെജില് പി റ്റി എ മീറ്റിങ്ങില് മമ്മി വരുമ്പൊ, കുഞ്ഞിലേടെ അമ്മയാണ് എന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ അങ്ങ്ട് ചെല്ലുമ്പൊ, ടീച്ചര്‍മാര് അങ്ങ്ടൂങ്ങ്ടും പരിചയപ്പെടുത്തുമ്പൊ, അപ്പൊ എനിക്ക് (കൊറച്ച് സെന്റിയാണ്, എന്നാലും) കണ്ണീന്ന് ഇച്ചിരീശ്ശെ വെള്ളം വരാറ്ണ്ട്.
ഇന്ന് (ഇതെഴുതുമ്പോ) പപ്പാജി മരിച്ചട്ട് പതിനാറ് വര്‍ഷം തെകയും. കുന്നംകുളത്ത് സെമിത്തേരീല് ചെന്ന് പ്രാര്‍ത്ഥിക്കാന്‍ മമ്മി പോയിട്ട്ണ്ട്. അയ്യന്തോള് വീട്ടില് പള്ളീലച്ചനും വരുവായിരിക്കും. ഞാന്‍ പോയില്ല. എനിക്കതൊക്കെ കാണാപ്പാഠാണ്. കല്ലറയില്‍ എഴുതിയിരിക്കണത് ‘മാന്‍ നീര്‍ത്തോടുകളിലേയ്ക്ക് ചെല്ലാന്‍ കാംക്ഷിക്കുന്നത് പോലെ ദൈവമേ, എന്റെ ആത്മാവ് നിന്നോട് ചേരുവാന്‍ കാംക്ഷിക്കുന്നു’ എന്നാണ്. ചുറ്റും ശവംനാറിപ്പൂക്കള്‍ വളര്‍ന്ന് നിക്ക്ണ്‌ണ്ടാവും. എന്തൊരു വിചിത്രമായ പേര്! ഗേറ്റ് പൂട്ടിക്കെടക്കാണെങ്കില് കപ്യാര്ടെ വീട്ടീച്ചെന്ന് വിളിച്ച് തൊറപ്പിക്കണം. കാട് കേറിക്കെടക്കണ ശവപ്പറമ്പ് അട്ത്ത പ്രാവശ്യം വരുമ്പൊ വൃത്തിയാക്കണംന്ന് പറഞ്ഞ് പൈസ കൊടുത്തേല്‍പ്പിക്കണം. അങ്ങനെയങ്ങനെ.
ഞാന്‍ ഇവടെ വീട്ടിലിര്ന്ന് മമ്മിയെക്കുറിച്ചോലോചിച്ചുകൊണ്ടേയിരിക്കും. പപ്പാജീടേം മമ്മീടേം സ്നേഹം എങ്ങനെയായിരുന്നൂന്ന് മനസ്സീക്കാണാന്‍ നോക്കും. പപ്പാജീടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെടേത്ത് വായ്ക്ക്യും. അത് ഞാന്‍ കണ്ടട്ട്ള്ള കാര്യം തന്നെ മമ്മിക്കറിയില്ല. അതിലെല്ലാം വളരെ സിംപിളാണ്. ഒറ്റ വരീല് അവര് മരണം ചുരുക്കിപ്പറയും. അത് കണ്ട് ഞാന്‍ വായേംപൊളിച്ചിരിക്കും. പിന്നെ അവര്ടെ പഴയ ഫോട്ടോസ് എടുത്ത് നോക്കും. അതില് അതിസുന്ദരിയായി നിക്കണ മമ്മിയേയും ഒക്കത്തിരിക്കണ എന്നേം കണ്ടട്ട് ഞാന്‍ അമ്പരക്കും.
എത്ര വര്‍ഷങ്ങളാണത്! എത്രയെത്ര കാലങ്ങള്‍ തന്നെ!

first published in malayal.am



4 comments:

  1. kollam, nannayi ezhuthiyittund..

    ReplyDelete
  2. എന്തൊക്കെയോ ഒരുപാട് സങ്കടോം,സന്തോഷോം കെട്ടി മറിഞ്ഞൊരു ഫീലിങ്ങ്..ഒരുപാടിഷ്ടായീട്ടോ എഴുത്ത്...

    ReplyDelete
  3. സിനിമ കഥകളെക്കാള്‍ വലിയ കഥകള്‍ ......

    ReplyDelete
  4. നല്ലൊരു വായനക്ക്,നന്ദി

    ReplyDelete