കുപ്പിവളക്കിലുക്കം പോലത്തെ ചിരി എന്നൊക്കെ ഞാന്‍ ചെല പുസ്തകങ്ങളിലൊക്കെ
വായിച്ചട്ട്ണ്ട്. പക്ഷെ ഇന്ന് വരെ കേട്ടട്ടില്ല. കുപ്പിവള കിലുങ്ങമ്പൊ
കുപ്പിവള കിലുങ്ങണപോലെയല്ലേ ഇരിക്ക്യ? ചിരിക്കുമ്പൊ ചിരിക്കണപോലെയും.
എന്തായാലും എന്റെ ചിരി കേട്ടട്ട് “ഇതിന്റെ സ്വിച്ചെവടെയാ”ന്നല്ലാണ്ട് ഒരു
ഉപമേം ഉല്‍പ്രേക്ഷേം ഞാന്‍ കേട്ടട്ടില്ല.
രണ്ട് പ്രശ്നങ്ങളാണ് എന്റെ ചിരിക്കുള്ളത്. ഒന്നാമത് അത് തൊടങ്ങിയാ നിര്‍ത്താന്‍ കൊറച്ച് പാടാണ് (നല്ല തമാശയാണെങ്കി). പിന്നെ അതിന് ഭയങ്കര ഒച്ചയും വിചിത്രമായ താളവുമാണ്. ഒരു സുഹൃത്ത് പറഞ്ഞത് കോഴി മൊട്ടയിട്ട് കഴിഞ്ഞട്ട് കൂവണ പോലെയാണ്ന്നാണ്. ഇപ്പൊ കോഴി കൂവുമ്പഴൊക്കെ ഞാന്‍ ശ്രദ്ധിക്കാറ്ണ്ട് എന്റെ ചിരി എങ്ങനെയാണ്ന്ന് ഒരൈഡിയ കിട്ടാന്‍. പക്ഷെ കൂവണ കോഴി മൊട്ടയിട്ടട്ടാണോ അല്ലയോന്ന് മനസ്സിലാക്കാന്‍ കൊറച്ച് ബുദ്ധിമുട്ടാണ്.
ഒരു പ്രശ്നം കൂടിയുണ്ട്. അത് ഇപ്പപ്പറഞ്ഞേനെക്കാളും കൂടിയ ഒന്നാണ്. ഞാന്‍ ചിരിക്കണ കാര്യങ്ങള്‍ എനിക്ക് ചുറ്റൂള്ളവര്‍ക്ക് മിക്കവാറും തമാശയായി തോന്നാറില്ല. അതോണ്ടന്നെ ഈ എഴുത്തില് ഫലിതബിന്ദുക്കള്‍ ഉണ്ടാവാന്‍ സാദ്ധ്യത വളരെ കൊറവാണ്. എല്ലാര്‍ക്കും തമാശയായി തോന്നണതാണല്ലോ ഫലിത ബിന്ദുക്കള്‍.
ഞാന്‍ വെറുതെ ണ്ടാക്കിച്ചിരിക്കണതാണ്ന്നാണ് മിക്കവരും വിചാരിക്ക്യ. പക്ഷെ സത്യായിട്ടും ഈ ണ്ടാക്കിച്ചിരിക്കല്‍ എന്താണ്ന്ന് എനിക്കറിയില്ല. എനിക്കതോണ്ട് വല്യ ഗുണോം കിട്ടാനില്ല. മുല്ലപ്പൂമൊട്ടുപോലത്തെ പല്ലൊന്നും എനിക്കില്ല. എല്ലാത്തിനും മഞ്ഞ മഞ്ഞ കളറാണ്.
ചിരി ശെരിക്കും നമ്മള് വിചാരിക്കണ പോലെ അത്ര സിംപിളായ കാര്യമൊന്നുമല്ല. കാരണം പലര്‍ക്കും മനസ്സും വായേം തൊറന്ന് ചിരിക്കാന്‍ പേടിയാണ്. പൊതുസ്ഥലങ്ങളില് ചിരിക്കണത് അശ്ലീലമാണെന്നു വരെ പലര്‍ക്കും തോന്നാറ്ണ്ട്. ഞങ്ങള് ഈ വീട്ടില്‍യ്‌ക്ക്യ് മാറിയത് ഞാന്‍ മൂന്നാം ക്ലാസ്സീ പഠിക്കുമ്പഴാണ്. അപ്പൊ ഞാനും ചേച്ചീം വീട്ടിന്റെ ഉള്ളീന്ന് ഒറക്കൊറക്കെ ചിരിക്കുമ്പൊ മമ്മി ഞങ്ങളോട് ഒച്ച കൊറയ്ക്കാനും മിണ്ടാതിരിക്കാനുമൊക്കെ പറയ്വായിരുന്നു. പേടിയായിരുന്നു മമ്മീടെ മുഖത്ത്. അതെന്താ അങ്ങനേന്ന് ചോദിച്ചപ്പൊ പറഞ്ഞൂ, പുതിയ അയല്‍ക്കാര് നമ്മളെപ്പറ്റി മോശം വിചാരിക്കുംന്ന്. പിന്നെ അയല്‍ക്കാര്‍ക്ക് ഞങ്ങള് ഒറക്കെ ചിരിച്ചെല്ലിങ്കിലും പ്രത്യേകിച്ച് നല്ലതായി ഒന്നും പറയാനില്ലാന്നൊക്കെ മനസ്സിലായിക്കഴിഞ്ഞാണ് മമ്മി നയം മാറ്റിയത്. പക്ഷെ വീടിന് പൊറത്തെ പേടി മാറിയില്ല.
ഞങ്ങള് ‘നോട്ട്ബുക്ക്’ സിനിമ കാണാന്‍ പോയപ്പൊ അതിന്റെ തൊടക്കത്തിലന്നെ എനിക്കൊരു തമാശ ബോധിച്ചു. അതില് കടേല് ചെന്നട്ട് വിസ്പര്‍ വാങ്ങാന്‍ ചെല്ലണ നായകന്റട്ത്ത് കടക്കാരന്‍ ‘wings’ ള്ളതാണോ ന്ന് ചോദിക്കും. അപ്പൊ മറുപടി ‘wings ഒന്നൂല്യ ചേട്ടാ, സാധാരണ പെണ്‍കുട്ടിയാണ്’ന്നാണ്. ഇത് കേട്ടതും ഞാന്‍ ക ക്ക ക ക്കാന്ന് പറഞ്ഞ് ചിരിക്കാന്‍ തൊടങ്ങി. വേറാര്‍ക്കും തമാശ ബോധിക്കാത്തോണ്ട് എന്റെ ശബ്‌ദം മാത്രം ബാല്‍ക്കണീലിങ്ങനെ മൊഴങ്ങിക്കൊണ്ടിരുന്നു. മമ്മിക്കപ്പഴും പരിഭ്രാന്തിയായിട്ട് എന്റട്ത്ത് മിണ്ടാണ്ടിരിക്കാന്‍ പറഞ്ഞു. ഇങ്ങനേള്ള തമാശകള്‍ക്ക് ചിരിക്കാന്‍ പാടില്ലാന്നും പറഞ്ഞു.
പിന്നെ കൂട്ടുകാര്ടെ കൂടെ സിനിമ കാണാന്‍ പോയിട്ട്ള്ളപ്പഴും എന്റട്ത്ത് പലരും പറഞ്ഞട്ട്ണ്ട്, നിന്റട്ത്തിരുന്നോണ്ടാ എനിക്കും ചിരിക്കാന്‍ കോണ്‍ഫിടന്‍സ് കിട്ടിയേന്ന്. ഞാന്‍ വല്യ വിപ്ലവനായികയാന്നല്ല പറഞ്ഞ് വരണത്. പക്ഷെ ചിരി ഒരു വിപ്ലവം തന്നെയാണ്ന്നാണ്.
ചിരിയെപ്പറ്റി എനിക്കേറ്റവുമിഷ്ടം, തമാശ സംഭവിച്ച് കഴിഞ്ഞാ ഒരു കുഞ്ഞി നിമിഷം എല്ലാവരും സംഭവിച്ചത് തമാശയാണെന്ന് മനസ്സിലാക്കാനെടുക്കും. അപ്പൊ ഫുള്‍ സൈലന്റായിട്ട് ഒരു pause ആയിരിക്കും. അത് കഴിഞ്ഞട്ടാണ് എല്ലാവരും ചിരിച്ച് തൊടങ്ങാ. ആ pause ഭയങ്കര രസമുള്ളതാണ്. കണ്ണുകള്‍ തമ്മില്ള്ള ഒരു ഉടക്കലും, അടിവയറ്റീന്ന്ള്ള ആ ചിരീടൊരു തൊടക്കോം. ഹൌ!
ഈയട്ത്ത് ഞാനും സുഹൃത്തുക്കളുംകൂടി ഇവടെ പുതുതായി തൊറന്ന്-പൂട്ടിച്ച്-പിന്നേം തൊറന്ന കെ എഫ് സീ (കോഴിക്കട) ല് അഞ്ചാം സെമസ്റ്ററിന്റെ അവസാനം ആഘോഷിക്കാന്‍ പോയി. (ആഘോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍-പ്രോവിഡന്‍സ് ശുദ്ധ വിമന്‍സ് കോളെജ്) ആഘോഷംന്നൊക്കെപ്പറഞ്ഞാ എല്ലാവര്ടേം കയ്യില് നൂറ് രൂപേണ്ട്. അത്രതന്നെ. എല്ലാവരും ഒരു കുഞ്ഞി ബര്‍ഗറും ഒരു ഷാര്‍ജ പോല്‍ത്തെ സാധനോം കഴിച്ച് കഴിഞ്ഞപ്പൊ അതിന്റെ കഥ കഴിഞ്ഞു. അപ്പൊ ഞങ്ങള്‍ ആഘോഷവേളകള്‍ ആനന്ദകരമാക്കാനുള്ള വായ്ന്നോട്ടം എന്ന കലാപരിപാടിയിലേയ്ക്ക് പ്രവേശിച്ചു. ഞാനും അന്‍ജൂന്ന് പറഞ്ഞ എന്റെ സുഹൃത്തും ഒരുമിച്ച് സൈഡിലിരുന്ന ഒരു പയ്യന്‍സിനെ നോക്കി നോക്കി അവസാനം തിരിച്ചിങ്ങോട്ടും നോട്ടങ്ങളൊപ്പിച്ചെടുത്തു. അത് കഴിഞ്ഞ് ഞങ്ങള് കൈ കഴുകാന്‍ പോയപ്പൊ ഈ കുട്ടി അവടന്ന് കൈ കഴുകി തിരിച്ച് വരാണ്. (സത്യമായിട്ടും അത് മനപൂര്‍വമായിരുന്നില്ല)
അവടെ ഈ സിനിമേല് നായകനും നായികേം തമ്മില് പ്രേമത്തിലാവണ പോലത്തെ ഒരു സീന്ണ്ടായി. Washroom ന്റെ പൊറത്തേയ്ക്ക് കടക്കുമ്പൊ ആര് സൈഡ് കൊടുക്കണം എന്ന്ള്ള കണ്‍ഫ്യൂഷനില് പയ്യന്‍സും ഞാനും തമ്മില് കൂട്ടിയിടിക്കാന്‍ പോയി. അപ്പൊ ഈ കുട്ടി മുഖമുയര്‍ത്തി സ്ലോ മോഷനില് ഞങ്ങളെ ഒരു നോട്ടം. (സിനിമേലാവുമ്പൊ നായകനും നായികേം അമേരിക്കേപ്പോയി ഡാന്‍സും കളിച്ച് നാട്ടില് തിരിച്ച് വന്ന് കല്യാണം കഴിച്ച് പെണ്ണ് ഗര്‍ഭിണിയാവണ ആ പാട്ടിന്റെ ബീ ജി എം തൊടങ്ങണ ആ നിമിഷം).
ഇത് കണ്ടതും ഞാനും അന്‍ജൂം മുഖത്തോട് മുഖം നോക്കി നേര്‍ത്തെപ്പറഞ്ഞ ആ pause ഇട്ടു. എന്നട്ട് ചിരി അങ്ങട് തൊടങ്ങി. (ഞാന്‍ നേര്‍ത്തേ പറഞ്ഞതാണ് എന്റെ തമാശകളൊന്നും ഫലിതബിന്ദുക്കളല്ലാന്ന്). ഈ ചിരി കൈവിട്ടുപോയി. ഞങ്ങള് ആ കോറിഡോറില് നിക്കാ, കെടക്കാ, ഇരിക്ക്യാ, ചിരിക്ക്യാ. പയ്യന്‍സിന് ഫുള്‍ കണ്‍ഫ്യൂഷന്‍, ആണ്‍സ്വത്വത്തിന് വന്‍ അടി. ഞങ്ങള് ചിരിച്ച് തീരണ വരെ അവനവടെ നിന്നു. എന്നട്ട് കഴിഞ്ഞപ്പൊ എന്റട്ത്ത് വന്നട്ട് ‘ഓവറാക്കല്ലേ’ എന്നും പറഞ്ഞു.
ഇങ്ങനേള്ള ഞങ്ങടെ തമാശകള്‍ ഞങ്ങള്‍ യാത്രകളിലും, വീട്ടിലെത്തിയാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാറ്ണ്ട്. സാധാരണ ഒറ്റയ്ക്കിരുന്ന് മന്ദസ്മിതം തൂകുന്നത് പ്രേമത്തിന്റെ ലക്ഷണമാണെങ്കില്‍ ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കണത് ചിരിസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണ്.
ചിരിയില്‍ വീണുപോയി എന്നൊക്കെപ്പറയുന്നതില്‍ കൊറച്ച് കാര്യമുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. കാമുകന്റടുത്ത് എന്നെ പ്രേമിക്കാനുള്ള കാരണം ചോദിച്ചപ്പോ പറഞ്ഞത്, മറ്റു പലയിടത്തും ചെലവാകാത്ത പല തമാശകളും എന്റട്ത്ത് ഭയങ്കര ഹിറ്റ് ആയതോണ്ടാണ്ന്നാണ്. ഇത് തമാശയായിട്ട് പറഞ്ഞതാണോന്നെനിക്കറിയില്ല. (എനിക്കേതായാലും ചിരി വന്നില്ല).
Plus one ലാണ് ഞാന്‍ എന്റെ ചിരിയിണയെ കണ്ടെത്തിയത്. ഒരേ കാര്യങ്ങള്‍ക്ക് ചിരിക്കുന്നവരെ ചിരിയിണ എന്ന് ഞാന്‍ വിളിക്കുന്നു. അനുപമയും ഞാനും ഒരുമിച്ചാണ് തമാശകള്‍ക്ക് ചിരിക്ക്യ. അവള്‍ടെ ചിരിക്ക് ഒച്ചയില്ല. എടയ്ക്കെടയ്ക്ക് ശ്വാസം ആഞ്ഞുള്ളിലേയ്ക്ക് വലിക്കണ ശബ്ദം മാത്രം കേള്‍ക്കാം. ഞങ്ങടെ ചിരിയുടെ വേളകള്‍ പലതും കെമിസ്ട്രി ലാബിലാണ് സംഭവിക്കാറ്. ടെസ്റ്റ് ട്യൂബ് എടത് കൈയ്യില് ഉയര്‍ത്തിപ്പിടിച്ച് വല്ല റിയാക്ഷനും സംഭവിക്ക്ണ്‌ണ്ടോന്ന് നോക്കിക്കൊണ്ട് നിക്കുമ്പൊ ഞങ്ങടെ കണ്ണുകളൊടക്കും. പിന്നെ ചിരി തൊടങ്ങി ടെസ്റ്റ് ട്യൂബൊക്കെ കുലുങ്ങി, അതീന്നിങ്ങനെ എന്തൊക്ക്യോ പതഞ്ഞ് പൊങ്ങിവരും. ആര്‍ക്കും ഒന്നും മനസ്സിലാവില്ല. പ്രോഗ്രസ് കാര്‍ഡ് വാങ്ങാന്‍ മമ്മി വന്നപ്പൊ കെമിസ്ട്രി ടീച്ചര്‍മാര്‍ക്ക്ണ്ടായിരുന്ന പരാതി എനിക്ക് ചിരി കൂടുതലാണ് എന്നായിരുന്നു.
അതിനു ശേഷമൊരിക്കലും ഞാന്‍ ചിരിക്കണതെന്തിനാണ്ന്ന് പൂര്‍ണമായി മനസ്സിലാക്കണ ഒരാളെയും ഞാന്‍ കണ്ടട്ടില്ല. അവളുമായുള്ള തമാശകള്‍ കാരണം മാത്രമാണ് ഞാന്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയത്. ആ രണ്ട് വര്‍ഷവും അവിടെ എനിക്ക് ടീച്ചര്‍മാരുമായുണ്ടായ പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ തമാശകള്‍ കണ്ടു പിടിച്ചു. കൊച്ചു കൊച്ചു കൌതുകങ്ങള്‍ കണ്ടു പിടിച്ചു.
ഒരു ദിവസം കെമിസ്ട്രി ടീച്ചര്‍മാരുമായുണ്ടായ വാഗ്വാദത്തില്‍ എനിക്ക് കലി കേറി ഞാന്‍ എന്റെ കൈയിലിരുന്ന കാല്‍കുലേറ്റര്‍ ഒറ്റ ഏറ് വെച്ചുകൊടുത്തു. അങ്ങനെയൊക്കെ അവിടെ ആദ്യമായിട്ടായിരുന്നു. ആരും ടീച്ചര്‍മാരോട് ഒന്ന് ശബ്ദമുയര്‍ത്താറുംകൂടിയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ, ആ വാര്‍ത്ത പരന്നു. എന്നെ കാണുന്നവരെല്ലാവരും ഒരന്യഗ്രഹജീവിയെപ്പോലെ എന്നെ നോക്കാനും, ഞാന്‍ കാണ്‍കെത്തന്നെ എന്നെപ്പറ്റി കുശുകുശുക്കാനുമൊക്കെത്തുടങ്ങി. ആ സമയത്ത് അനുപമ എന്നെ വിളിച്ച് അവളുടെ പോക്കറ്റില്‍നിന്ന് ഒരു രഹസ്യം കാണിച്ച് തന്നു. ഞാന്‍ എറിഞ്ഞ കാല്‍കുലേറ്റര്‍ അവള്‍ എടുത്തുവെച്ചിരിക്ക്യായിരുന്നു! ഏറില്‍ അതിനു പറ്റിയ എന്തോ തകരാറില്‍ അതിന്റെ സ്ക്രീനില്‍ ഒരു കറപ്പ് പരന്നിരുന്നു. അവള്‍ കാണിച്ചുതന്ന ആ കറപ്പിന്റെ നേരിയ ചിരിയില്‍ നിന്നാണ് ഞാന്‍ അവിടെ നിലനില്‍ക്കാനുള്ള ശക്തി കണ്ടെത്തിയത്.
അവളുമായുള്ള തമാശകള്‍ ആര്‍ക്കൊക്കെ ബാലിശമായിത്തോന്നിയാലും, എനിക്കവ അത്രമേല്‍ പ്രിയപ്പെട്ടതാകുന്നത് അത് എനിക്ക് തന്നിരുന്ന അതിജീവനത്തിന്റെ രസതന്ത്രം കൊണ്ടുംകൂടിയാണ്. എന്റെ ആദ്യ പ്രണയമായി ഞാനവളെ കണക്കാക്കുന്നതും ഇതുകൊണ്ടാണ്.
ഞാന്‍ പഠിച്ചിരുന്ന കെട്ടിടത്തിന് ഭയങ്കര ഉയരമായിരുന്നു. ആ സമയത്ത് ഞാന്‍ യൂത്ത് ഫെസ്റ്റിവലിന് നാടകത്തിനും എന്റെ സുഹൃത്ത് അനീറ്റ മാര്‍ഗംകളിക്കും ഉണ്ടായിരുന്നു. റിഹേഴ്സലിനിടയിലെ ഒരു വിശ്രമവേളയില്‍ മഴ പെയ്തപ്പൊ ഞാനും അവളും കൂടി മഴ കൊള്ളാന്‍ മട്ടുപ്പാവില്‍ പോയി നിന്നു. അവടെ നിന്ന് ഞങ്ങളിങ്ങനെ ആര്‍മാദിച്ചോണ്ടിരിക്കുമ്പൊ പ്യൂണ്‍ വന്ന് പ്രിന്‍സിപ്പാള്‍ വിളിക്ക്ണ്‌ണ്ട്ന്ന് പറഞ്ഞു. ഞങ്ങള് ചെന്നപ്പൊ എന്താ? ദൂരെ ഗേറ്റിന്റവടെ നിന്ന് വാച്ച്മാന്‍ ഞങ്ങളെ ഏറ്റോം പൊക്കത്തില് കണ്ടട്ട് വിളിച്ച് പറഞ്ഞിരിക്കയാ സിസ്റ്ററേ, രണ്ട് കുട്ടികള് ടെറസ്സീന്ന് ചാടാന്‍ നിക്കുണൂന്ന്. ഞങ്ങള് സ്വവര്‍ഗാനുരാഗികളാണെന്നും ആത്മഹത്യ ചെയ്യാന്‍ പോയതാണ്ന്നുമായിരുന്നു ധ്വനി. ഇന്നും ഞാനതാലോചിച്ച് ചിരിക്കാറ്ണ്ട്. അവളും ചിരിക്ക്ണ്‌ണ്ടാവും. അറിയില്ല.
ഓണ്‍ലൈനായി വരുന്ന തമാശകള്‍ക്കും ഞാന്‍ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഒറക്കൊറക്കെ ചിരിക്കാറ്ണ്ട്. മമ്മീം ഇങ്ങനെ ചിരിക്കണത് ഞാന്‍ കണ്ടട്ട്ണ്ട്. ഹൈസ്കൂളില് എന്റെ ‘ബെസ്റ്റ് ഫ്രെന്റാ’യിരുന്ന (ഞങ്ങക്ക് പ്രേമം പോലും ഒരേ കുട്ടിയോടായിരുന്നു. അത്രയ്ക്ക് ബെസ്റ്റ്) കാര്‍ത്തികയെ ചാറ്റില് കണ്ടട്ട് ഞങ്ങള് നൊസ്റ്റാള്‍ജിയ പറയാന്‍ തൊടങ്ങി. ഞാന്‍ മറന്നുപോയ ഒരു കഥ അവളെന്നെ ഓര്‍മിപ്പിച്ചു. മലയാളം ക്ലാസ്സില് പദ്യം പഠിപ്പിക്കാന്‍ തൊടങ്ങണേന് മുമ്പ് ഓരോ സ്ക്വാഡും പദ്യത്തിന് ട്യൂണ്‍ കണ്ട് പിടിച്ച് ക്ലാസ്സീപ്പാടണം. അങ്ങനെ പാടീട്ട് ഏറ്റോം നല്ലത്‌ന്ന് ടീച്ചര്‍ക്ക് തോന്നണ ട്യൂണിലായിരിക്കും പിന്നെ ക്ലാസ്സെടുക്കുമ്പഴൊക്കെ പാടണത്. പദ്യം ഏതാണ്ന്ന് മറന്നുപോയി, പക്ഷെ ഞങ്ങടെ ഊഴം വന്നപ്പൊ എല്ലാവരും അത് ‘സമയാം രഥ’ത്തിന്റെ ട്യൂണില് പാടി. അക്രമച്ചിരി. ടീച്ചറ് വരെ. ഞങ്ങടെ ട്യൂണ്‍ ജയിച്ചില്ല. എന്നാലും ആ വര്‍ഷം എല്ലാ പരീക്ഷയ്ക്കും പഠിക്കുമ്പൊ അങ്ങനെത്തന്ന്യാണ് എന്നെപ്പോലെത്തന്നെ എല്ലാവരും ആ പദ്യം പഠിക്കാറ്ന്ന് എനിക്കൊറപ്പാണ്.
സ്കൂളും ഹൈയര്‍ സെക്കന്ററീം ഒക്കെ കഴിഞ്ഞട്ട് കോളെജിലെത്തിയപ്പൊ ചിരിയോ ചിരിയാണ്. എല്ലാ ഡിപാര്‍ട്ട്മെന്റിലും ഇങ്ങനെയാണോന്നറിയില്ല, പക്ഷെ എന്റെ ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റില് ടീച്ചര്‍മാര്‍ടെ സ്വതസിദ്ധമായ വട്ടുംകൂടെ ചേര്‍ന്ന് കഴിഞ്ഞാ പിന്നെ ഒരു രക്ഷേമില്ല. Third year ല് കോമഡി ടൈം മാക്ബെത്ത് പഠിക്കാനുള്ള ഡ്രാമ അവറാണ്. ഷേക്സ്പിയറിന്റട്ത്ത് ഞങ്ങക്കെല്ലാവര്‍ക്കും ഭയങ്കര ബഹുമാനം തന്ന്യാ. പക്ഷെ ആ കാലത്തെ ഭാഷ വായിച്ച് കഴിഞ്ഞാ ഞങ്ങക്ക് ചിരിക്കാണ്ടിരിക്കാന്‍ പറ്റില്ല. അതിലിങ്ങനെ എടയ്ക്കെടയ്ക്ക് ‘my liege’ന്ന് കാണാം. അത് ലീജ് ന്നാണ്ത്രേ വായ്ക്ക്യാ. ഐന്റെ അര്‍ത്ഥോം ഞങ്ങക്കറിയില്ല. ഉച്ഛാരണോം അറിയില്ല. ഇന്ദുജേന്റട്ത്ത് (ഇന്ദുജ-ഡ്രാമ അവറിന്റെ ഔദ്യോഗിക വായനക്കാരി)ഈ ഭാഗം വായ്ക്ക്യാന്‍ പറഞ്ഞപ്പോ അവള് ‘മൈ ലീജി’ എന്നാണ് വായിച്ചത്. ഞങ്ങള് എഴുതണ ബോര്‍ഡിലടിച്ചും ഡെസ്കില് കമഴ്ന്ന് കെടന്നും ശ്വാസം മുട്ടിച്ചിരി. അല്ല, ഉച്ഛാരണം തെറ്റിച്ചോണ്ടല്ല. മാക്ബെത്ത് പഠിപ്പിക്കണ ടീച്ചര്‍ടെ പേരാണ് ‘ലീജി’ന്ന്. ഷേക്സ്പിയറിന്റെ ഓരോ കളികളേ. (അല്ല, ഇത്രയൊക്കെ മുന്‍കൂട്ടിക്കാണണെങ്കിലേ!).
ഇതൊക്കെ ടീച്ചര്‍മാരുംകൂടി അറിഞ്ഞോണ്ട്ള്ളതാണ്ന്ന് വിചാരിക്കാം. ഇതിലും ഭീകരമാണ് ഞങ്ങടെ ചിറ്റ് പാസ് ചെയ്യല്‍. (വേറെ തൊഴിലില്ലാത്തപ്പൊ പുസ്തകത്തീന്ന് ഒരു കഷ്ണം പേപ്പറ് കീറി അതിലിങ്ങനെ വായീത്തോന്നണതൊക്കെയെഴുതി, ഒരു ബെഞ്ചീന്ന് വേറെ ബെഞ്ചില്‍ക്ക്യ് കൈമാറിക്കളിക്കണ കളി). ഇത് സംഭവിക്ക്യ മിക്കവാറും Linguistics അവറിലോ, Death of a Salesman (Arthur Miller) പഠിപ്പിക്കണ post colonial അവറിലോ ആണ്. ഇത് ടീച്ചര്‍മാര്‍ടെ കൊഴപ്പം കൊണ്ടൊന്ന്വല്ല. (എനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കണംന്ന് ആത്മാര്‍ത്ഥമായ ആഗ്രഹണ്ട്). Linguistics തൊടക്കം തൊട്ട് പഠിച്ചാലേ വല്ലതും മനസ്സിലാവുള്ളൂ. അതോണ്ട് അതേതായാലും ഞങ്ങക്ക് പറഞ്ഞട്ട്ള്ളതല്ല. പിന്നെ Death of a Salesman. അത് ക്ലാസ് തൊടങ്ങി ദാ ഇപ്പൊ പരീക്ഷയ്ക്ക് പൂട്ടണ വരെ അതന്ന്യാണ് പഠിപ്പിക്കണെ. കാര്യം ആര്‍തര്‍ മില്ലറൊക്കെത്തന്നെ, എന്നാലും മടുക്കില്ലെ മന്‍ഷ്യര്‍ക്ക്! അപ്പൊ ഈ ക്ലാസ്സുകളില് ഞങ്ങടെ ഈ ചിറ്റ് ഇങ്ങനെ പാസ് ചെയ്ത് പാസ് ചെയ്ത് അവസാനം ആരെങ്കിലും ഒരാള് ഒരു തമാശ പൊട്ടിക്കും. പിന്നെ ഇതിങ്ങനെ ഓരോര്‍ത്തര്‍ടെ കൈയ്യീക്കൂടെ പോകുമ്പഴും അമര്‍ത്തിപ്പിടിച്ച് ചിരിയാണ്. ഒറക്കെ ചിരിച്ചാ പണി പാളും. അല്ലെങ്കിലേ ഞങ്ങള് ബാക്ക് ബെഞ്ച്കാര്‍ക്ക് ഭയങ്കര പേരാ. ആ ചിറ്റുകള് പലതും ഫ്രേം ചെയ്ത് വെയ്ക്കണ്ടതാ. അത്രയ്ക്ക്ണ്ട് കലാവിരുത്. ഗ്രീഷ്മയ്ക്ക് മലയാളം എഴ്താനും വായ്ക്കാനും അറിയില്ലാന്ന് മനസ്സിലായ അന്ന്തൊട്ട് സ്മൃതി അവളെ പഠിപ്പിക്കലോട് പഠിപ്പിക്കലാണ്. എന്നട്ട് ഈ ക്ലാസ്സിന്റെ എടേലാണ് അവള്‍ടെ കേട്ടെഴുത്ത്. ഹമ്മേ! ഗ്രീഷ്മേനെപ്പോലെ ഇങ്ങനെ തെറ്റ് വര്ത്തണ ആരേം ഞങ്ങളാരും കണ്ടട്ടില്ല. അത് വായിച്ച് വായിച്ച് ചിരിക്കലാണ് പ്രധാന പരിപാടി. പിന്നെ ടീച്ചര്‍മാര്ടെ കാരിക്കേച്ചറും വരയ്ക്കും. ഇതൊക്കെ സത്യായിട്ടും സ്നേഹം കൊണ്ടന്ന്യാണ്‌ട്ടാ.
പിന്നെ ഇത് കാരണം ചെല പരിക്ക്കളും പറ്റീട്ട്ണ്ട്. ഞാന്‍ ചിരിച്ചേന് അന്‍ജൂനെ തെറ്റിദ്ധരിച്ചട്ട് മിസ് ശ്യാമ ഗെറ്റ് ഔട്ട് അടിച്ചു. മൂന്ന് വര്‍ഷത്തിലാദ്യായിട്ട്! (തെറ്റിദ്ധരിക്കരുത്. ഈയുള്ളവള്‍ നല്ല പിള്ളയായതോണ്ടല്ല, അത് പറയിപ്പിക്കാന്‍ നിക്കാണ്ട് എറങ്ങിപ്പോയതോണ്ടാണ്.) പിന്നെ മിസ് ലീജി ‘മാക്ബെത്ത് ട്രാജഡിയല്ല, കോമഡിയാണ്ന്ന് തോന്നണവരാരും ക്ലാസ്സിലിരിക്കണ്ടാ’ന്ന് താക്കീതും തന്നട്ട്ണ്ട്.
ഇപ്പൊ ഞങ്ങടെ അഞ്ചാം സെമസ്റ്ററ് പരീക്ഷ നടന്നോണ്ടിരിക്ക്യാണ്. ഇന്നലെ ഒരു മെസേജ് സംഭാഷണത്തിന്റെടേല് അന്‍ജു എനിക്കയച്ച ഒരു മെസേജ് ഇങ്ങനെയാണ്. ഇതില് തൊടക്കത്തില് അവള് ചിരിക്കണ ചിരി ഞാന്‍ പറഞ്ഞ ഒരു തമാശയ്ക്ക്ള്ളതാണ്. അതിവടെ എഴ്ത്ണില്യ. ആരും ചിരിക്കാത്ത തമാശകള്‍ എന്ന് ഇതിന്റെ പേര് മാറ്റണ്ടി വരും. :D
‘ഹീഹീഹീഹീഹീ. നമ്മളെന്താല്ലേ ഇങ്ങനെ. Even when exams are on top of our head we crack jokes and laugh at the top of our voice’
അതാണെനിക്കും മനസ്സിലാവാത്തത്. ഞങ്ങളെന്താ ഇങ്ങനെ! പരീക്ഷയ്ക്ക് മുമ്പ് അന്യോന്യം പഠിക്കാത്ത കാര്യങ്ങള്ടെ കെട്ടഴിച്ച് കൊറച്ച് ടെന്‍ഷനടിച്ച് കഴിഞ്ഞാ പിന്നെ ഓരോരുത്തരും ഓരോരോ പാഠത്തില് അവരവര്‍ക്കിഷ്ടപ്പെട്ട് തമാശ പറഞ്ഞ് ചിരിയോ ചിരിയാണ്. നിങ്ങളുടെ ചോയ്സ് എന്നൊക്കെ പറയണ പോലത്തെ ഒരു ചിരിപ്പരിപാടി. ഇതിന്റെ കിക്ക് പരീക്ഷാഹാളില് കേറി ചോദ്യപ്പേപ്പറ് കാണണ ആ സമയത്താണ് ടപ്പേന്ന് പറഞ്ഞട്ട് എറങ്ങ.
ചിരിയുടെ രാജ്യങ്ങള്‍ ഓരോര്‍ത്തര്‍ക്കും ഓരോ വിധത്തിലാണ്. ഒന്ന് നല്ലതും മറ്റത് മോശംന്നും പറയാന്‍ പറ്റില്ല. അതോണ്ട് ആണ്ങ്ങള് വഴീക്കൂടെ നടന്ന് ചിരിക്കുമ്പൊ അത് ചിരിയും, പെണ്ണ്ങ്ങള് ചിരിക്കുമ്പൊ അത് ‘എളക്കവും’ ശ്രദ്ധയാകര്‍ഷിക്കാന്ള്ള വിദ്യകളുമല്ല. ഞങ്ങടെ ചിരികള്‍ ഞങ്ങളുടേത് മാത്രമാണ്. അതിന്റെ മോളില് എന്തിനാണ് നാണമില്ലാത്ത അവകാശവാദങ്ങള്‍. പിന്നെ giggling എന്നൊരു പദപ്രയോഗണ്ടല്ലോ. അത് പെണ്ണ്ങ്ങളെപ്പറ്റി മാത്രാണ് ഉപയോഗിച്ച് കാണാറ്. ഒരു കാര്യോമില്യാണ്ട് കുണുങ്ങിക്കുണുങ്ങിച്ചിരിക്കണേന്.
കുണുങ്ങിക്കുണുങ്ങിച്ചിരിക്കണതിനെന്താ ഒരു മോശം? ഓരോര്‍ത്തരും ഓരോ പോലെയല്ലേ ചിരിക്ക്യാ. അത് കുണുങ്ങീട്ടായാലെന്താ, അല്ലെങ്കിലെന്താ. പിന്നെ ഒരു കാര്യോല്യാണ്ടാണ് ആരെങ്കിലും ചിരിക്കണേന്ന് പറഞ്ഞ് അത് ഭയങ്കര വിഡ്ഢിത്താണ്. കാര്യള്ളോണ്ടാണ് ചിരി വരണത്. ആ കാരണം വേറേള്ളോര്‍ക്ക് ബോധിച്ചില്ലാന്ന് വെച്ച് അത് തമാശയല്ലാതാവില്ല. അഭിപ്രായസ്വാതന്ത്ര്യമൊക്കെപ്പോലെത്തന്നെയല്ലേ ഇതും.
എന്റേതിനേക്കാളും വിചിത്രമായ ചിരികളൊക്കെ ഞാന്‍ ചില ആണ്‍സുഹൃത്തുക്കളിലും കണ്ടിട്ടുണ്ട്. ചിരിയുടെ പേരില് അറിയപ്പെടണവരൊക്കെയുണ്ടാവും. ചെല കുടുംബങ്ങളിലും അങ്ങനെയുണ്ടാവും. എന്റെ സുഹൃത്ത് കൃസ്പിന്‍ തന്റെ ചിരി കൊണ്ടും കൂടെ പ്രസിദ്ധനാണ്. ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞട്ടില്ല. പക്ഷെ ഇനി കൃസ്പിനെ കാണുമ്പോള്‍ ചിരിപ്പിക്കാന്‍ പറ്റിയ തമാശ കണ്ടു വെച്ചട്ട്ണ്ട്. അതൊന്ന് കേള്‍ക്കാന്‍. പിന്നെ അനു അഗസ്റ്റിന്‍ന്ന് പറഞ്ഞ സുഹൃത്ത് ചിരിക്കണ കേട്ടപ്പോ ഞാന്‍ വിചാരിച്ചു, എന്നെ കളിയാക്കണതാണ്ന്ന്. ഫുള്‍ പുച്ഛമാണ്. പക്ഷെ പിന്നെ മനസ്സിലായി, അനുവിന്റെ ചിരി അങ്ങനെയാണ്ന്ന്.
[blurb:3:right] മിക്കവാറും വീടുകളില്‍ ഒറക്കെ മിണ്ടാനും ചിരിക്കാനും പറ്റില്ല. പ്രത്യേകിച്ച് വാടകയ്ക്കാണ് താമസിക്കണതെങ്കില്. എന്റെ കോളെജിനു പൊറത്തുള്ള സുഹൃത്തുക്കള്‍ പലരും ഇങ്ങനെയാണ്. അവരുടെ വീടുകളില്‍ പോയാല്‍ ചിരിക്കുമ്പഴും സംസാരിക്കുമ്പഴുമൊക്കെ നമ്മള് ശബ്ദം കൊറയ്ക്കാന്‍ മനപൂര്‍വമായ ശ്രമങ്ങളെടുക്കണം. ഇത് സങ്കടമുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം വീടിന്റെ ഒടമസ്ഥര്‍ക്ക് തോന്ന്യ പോലെ ഒച്ചണ്ടാക്കാന്‍ പറ്റ്വല്ലോ. വാടക കൊടുത്തട്ട് താമസിക്കണോര്‍ക്ക് അത് പറ്റില്ലാന്ന് പറഞ്ഞാ, അത് കഷ്ടം തന്ന്യല്ലേ. അപ്പൊ ഞാന്‍ തീരുമാനെടുത്തു, ഞാന്‍ വലുതായിട്ട് ജോലി വാങ്ങീട്ട് കൊറ്‌റ്‌റ്‌റെ പൈസ ണ്ടാക്കീട്ട് കൊറേ ദൂരത്തേയ്ക്ക് ആരും താമസിക്കാത്ത ഒരു വീടു വാങ്ങും. എന്നട്ട് ഇങ്ങനെ ചിരിക്കാനും ഒച്ചേം വിളീം ണ്ടാക്കാനും സമ്മതിക്കാത്ത മൂരാച്ചികളായ ഉടമസ്ഥര്‍ടെ വീട്ടീ താമസിക്കണ എന്റെ സുഹൃത്തുക്കളായ സുഹൃത്തുക്കളെയൊക്കെ വിളിച്ച് അവടെ താമസിപ്പിക്കും. എന്നട്ടിങ്ങനെ ഒറക്കൊറക്കെ ചിരിച്ച് ചിരിച്ച് രസിക്കും. നിങ്ങളാരെങ്കിലും ഇത് വായ്ക്ക്ണ്‌ണ്ടെങ്കി, എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു സംരംഭം എന്ന നിലയ്ക്ക്, ഇതിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാവുന്നതാണ് :D
ചിരി ആരോഗ്യത്തിന് നല്ലതാണ്ന്നൊക്കെ കേക്കുണു. അതിനെപ്പറ്റി എനിക്ക് വലുതായിട്ടറിയില്ല. പക്ഷെ നമ്മള് ഒരാളെ കാണാണ്ട് ഭയങ്കരായിട്ട് വെഷമിക്കുമ്പൊ അവരുമായിട്ട്ണ്ടായിട്ട്ള്ള തമാശകളല്ലേ ഓര്‍ക്കാ. (എന്നട്ട് അതാലോചിച്ച് വേറെ കരയും, അത് വേറെ കാര്യം). ആ സന്തോഷമൊക്കെയല്ലേ ശെരിക്കും വലിയ കാര്യങ്ങള്‍. എത്ര വഴക്കായാലും എടയ്ക്ക് ഒരു കുഞ്ഞി തമാശ ണ്ടായാല്‍ നമ്മള് അറിയാണ്ട് വഴക്ക് മറന്നട്ട് ചിരിക്കാറില്ലേ. കുടുംബക്കാരൊക്കെ ഒത്തുകൂടുമ്പൊ കുഞ്ഞീതാവുമ്പൊ ചെയ്തട്ട്ള്ള വിക്രിയകളൊക്കെ പറഞ്ഞട്ട് നമ്മള്‍ ചിരിക്കാറില്ലേ. എത്ര പ്രാവശ്യം പറഞ്ഞാലും അടുത്ത പ്രാവശ്യവും മൂത്തവരോട് ഈ കഥകള്‍ വീണ്ടും പറയാന്‍ ആവശ്യപ്പെടാറില്ലേ. ചിരിയുടെ രസങ്ങള്‍ അപ്പോള്‍ ശെരിക്കും സ്നേഹത്തിന്റെ രസങ്ങളാണ്. എത്ര കൂടുതല്‍ ചിരിക്കുന്നോ, അത്രയും സ്നേഹക്കൂടുതല്‍ ...
ചിരിക്കാത്ത തമാശകള്‍ ഇനിയും കിടക്കുന്നു. മനസ്സു തുറന്ന് ചിരിച്ച്, ആ ലോകത്തില്‍ രമിച്ച് അങ്ങനെ കഴിയാന്‍ കൊതി. പലപ്പഴും പറ്റാറില്ല. എന്നാലും, ആര് ചിരിച്ചാലും ചിരി തന്നെ. എല്ലാ തമാശകളും നമ്മുടേതു തന്നെ. ചിരിക്കാനൊരു കാലം, കരയാനൊരു കാലം. ചിരിക്കുന്ന കാലം അതിമനോഹരം. കരയുന്ന കാലം, വരാനിരിക്കുന്ന ചിരിയുടെ കാലത്താല്‍ പ്രതീക്ഷാവഹം. എന്താ, അങ്ങനെയല്ലേ?
first published in malayal.am

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നും അസ്സെംബ്ലിയില്‍ പ്രശസ്തരുടെ വചനങ്ങള്‍ ഉദ്ധരിക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. അവസാനം told by "പറഞ്ഞ ആളിന്റെ പേരും" പറയണം. യഥാര്‍ത്ഥ ആളിന്റെ പേര് അറിയില്ലെങ്കില്‍ told by anonymous എന്ന് പറഞ്ഞു അവസാനിപ്പിക്കണം.
ReplyDeleteകുറെ നാളിനു ശേഷം ഇംഗ്ലീഷ് ക്ലാസ്സില്‍ ടീച്ചര്‍ ഏറ്റവും സ്വാധീനിച്ച ആളിനെ കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോള്‍ ഒരു കുട്ടി anonymous എന്നാണ് എഴുതിയത്. കാരണം ചോദിച്ചപ്പോള്‍ "ഇത്രയും പ്രശസ്തമായ വചനങ്ങള്‍ പറഞ്ഞ ആളല്ലേ" എന്നായിരുന്നു മറുപടി.
ടൈം person of the year 2012 ആയി "Anonymous Hackers group" നെ തിരഞ്ഞെടുത്ത വാര്‍ത്ത കണ്ടപ്പോള്‍ പഴയ കഥ ഓര്‍ത്തു ഓഫീസില്‍ ഇരുന്നു കുറെ ചിരിച്ചു. ഇപ്പോള്‍ liege കണ്ടപ്പോള്‍ വീണ്ടും ഓര്‍മ വന്നു.