Thursday 8 November 2012

Dracula മരിക്കുന്നില്ല

ഇന്നത്തെ google doodle കണ്ടപ്പൊ വീണ്ടും Dracula യെ ഓര്‍ത്തു. വളരെ കുട്ടിയായിരുന്നപ്പോഴാണ് ഞാന്‍ ഡ്രാക്കുളയുടെ മലയാളം പരിഭാഷ വായിക്കുന്നത്. എന്നാലും എനിക്കിപ്പഴും ആ പുസ്തകത്തിന്റെ ചട്ടയൊക്കെ ഓര്‍മേണ്ട്. Rectangle രൂപത്തില്‍ ചുവന്ന ചട്ടയുള്ള ഒരു പേപര്‍ബാക്. അതില്‍ ഒരു കോട്ടയും പിന്നെ രണ്ട് കണ്ണുകളും പിന്നെ പുസ്തകത്തിന്റെയും എഴുത്തുകാരന്റെയും പേരും. അത് എഴുന്നുനില്‍ക്കുന്ന രീതിയിലാണ്. ഈ പുസ്തകം വായിച്ച് വായിച്ചാണ് എനിക്ക് എന്റെ ഭ്രാന്തിന്റെ ആദ്യ ചേരുവകള്‍ കിട്ടുന്നതെന്ന് തോന്നുന്നു. വായിച്ച് പേടിച്ചു എന്ന് പറഞ്ഞാപ്പോര. ശരിക്കും പേടിച്ചു.
സ്കൂള്‍ വിട്ട് കഴിഞ്ഞ് ഞാന്‍ വേഗം വീട്ടിലെത്തും. ചേച്ചിയും മമ്മിയും പിന്നീടാണ് വരിക. അപ്പൊ വീടിന്റെ പുറത്ത് ഒരിടുങ്ങിയ അറ്റത്തുള്ള രണ്ട് ടയറിന്റെ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കണ താക്കോലെടുത്ത് വീട് തുറന്ന് മമ്മി വരണ വരെ കാത്തിരിക്കുക. ഡ്രാക്കുള വായിച്ച സമയത്ത് ഇങ്ങനെ കാത്തിരിക്കണ സമയം മുഴുവന്‍ ഞാന്‍ പേടിച്ചിരുന്നു. എന്തിനെയാണ് പേടിക്കണതെന്നൊന്നും അറിയില്ല. എന്നാലും വന്‍ പേടി. മമ്മി വന്ന് കഴിഞ്ഞാലാണ് സമാധാനാവ.
ഏതായാലും ഇപ്പഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയിലെന്തൊക്ക്യോ ആ പുസ്തകത്തിലുണ്ടായിരുന്നു. കാര്‍പാത്യന്‍ മലനിരകള്‍, പ്രഭു, കുതിരവണ്ടിക്കാരന്‍ തുടങ്ങിയ വാക്കുകളെല്ലാം എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. പേടിച്ച് ജോനഥന്റെ മുടി നരച്ചതും ഇഷ്ടായി. എന്റെ ഏറ്റോം വല്യ സ്വപ്നം അതുപോലെ പേടി കാരണോ അല്ലെങ്കെ മറ്റെയാളാരാണ്? കൊല്ലാന്‍ പോണ സമയത്ത് കൊല്ലിണില്ലാന്ന് പറഞ്ഞപ്പൊ വിജൃംഭിച്ച് മുടി നരച്ച ആള്. ഡസ്റ്റേവ്സ്കിയോ. എന്നാലയാളെപ്പോലെയോ ഒക്കെ മുടി നരയ്ക്കുക എന്നത്. ഏതായാലും cheers to Dracula and Bram Stoker.