Wednesday 20 February 2019

കുമ്പളങ്ങി നൈറ്റ്സിനോട്



Kumbalangi Nights poster - Kumbalangi Nights Facebook page

ഒരു സിനിമയെക്കുറിച്ച് തന്നെ എല്ലാവരും സംസാരിക്കുക എന്നത് എനിക്ക് എപ്പോഴും സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ്. ടിക്കറ്റ് കിട്ടാതെ മടങ്ങുക, പിന്നെ വാശിയോടെ പോയി ആ സിനിമ കാണുക എന്നതെല്ലാം സിനിമ എന്ന അനുഭവത്തിന്റെ ഭാഗമായാണ് ഞാന്‍ കാണുന്നത്. പറഞ്ഞ് മോഹിപ്പിച്ച് കണ്ട സിനിമകള്‍ എന്നൊരു വിഭാഗം തന്നെയുണ്ട് എന്റെ ഓര്‍മ്മയില്‍. 'സ്വപ്നക്കൂട്' മുതല്‍ ഇപ്പോള്‍ 'കുമ്പളങ്ങി നൈറ്റ്സ്' വരെ എത്തി നില്‍ക്കുന്ന ആ ലിസ്റ്റ്. കുമ്പളങ്ങിയിലെത്തുമ്പോള്‍ 'മായാനദി' കാണുന്നതിനുമുമ്പുണ്ടായിരുന്നത് പോലെ എല്ലാവരും നല്ലത് പറയുന്ന അവസ്ഥയാണുണ്ടായിരുന്നത്. അതുകൊണ്ടുംകൂടെയാകണം മായാനദിയെക്കാളും മികച്ച ഒരു സിനിമ പ്രതീക്ഷിച്ചാണ് പോയത്.

സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ വല്ലാത്ത ആശയക്കുഴപ്പത്തിലായി. ഈ സിനിമ ഹിറ്റായത് വളരെ നല്ല കാര്യമായിത്തോന്നുകയും എന്നാല്‍ അതിലെ പ്രശ്നങ്ങള്‍ അവഗണിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. സത്യത്തില്‍ സി. എസ്. വെങ്കിടേശ്വറിന്റെ അവലോകനം വായിക്കുന്നത് വരെ അതിനെക്കുറിച്ച് എഴുതേണ്ടതില്ല എന്നാണ് കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍ വെങ്കിടേശ്വര്‍ എഴുതിയതിനോട് യോജിച്ചുകൊണ്ട് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തണം എന്ന് കരുതുന്നു.

സിനിമയിലെ പ്രശ്നങ്ങളായിത്തോന്നിയ പലതും ഇംഗ്ലിഷിലെഴുതിയിരിക്കുന്ന ഈ ലേഖനത്തിലുണ്ട്. അതൊന്നുകൂടി മലയാളത്തില്‍ അക്കമിടുന്നു.

സിനിമയില്‍ ഉടനീളം നടക്കുന്ന കാര്യങ്ങള്‍ ഒരു സ്പേസ്-ടൈം കാപ്സ്യൂളിനുള്ളിലാണ് സംഭവിക്കുന്നത് എന്ന് വെങ്കിടേശ്വര്‍ പറയുന്നു. അതിന് ആകെയുള്ള അപവാദമായിത്തോന്നിയത് മായാനദി യിലെ ഡയലോഗ് പറയുന്നതും വിനായകനെ പരാമര്‍ശിക്കുന്നതുമാണ്. എന്നാല്‍ അത് അടയാളപ്പെടുത്തുന്ന കാലഘട്ടത്തെക്കുറിച്ച് സിനിമയിലെവിടെയും സൂചനകള്‍ പോലുമില്ല.

സ്ക്രിപ്റ്റില്‍ പ്രധാനമായും ചെറിയ സംഭവങ്ങളുടെ വിവരണങ്ങളും നര്‍മ്മവും രസകരമായ ഡയലോഗുകളും അതിന്റെയൊരു താളവുമാണുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ആ താളത്തിനും പിശക് സംഭവിച്ചിട്ടുണ്ട്. തുടക്കം തൊട്ട് അവസാനത്തെ അടി സീന്‍ വരെ മേല്‍പ്പറഞ്ഞ രീതിയില്‍ പുരോഗമിച്ചുകൊണ്ടിരുന്ന സ്ക്രിപ്റ്റ് പെട്ടന്നൊരു ചടുലതാളത്തിലേയ്ക്ക് പോകുന്നു. ശ്യാം പുഷ്കരന്റെ തന്നെ മറ്റ് തിരക്കഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുമ്പളങ്ങി ദൃഢമല്ല.

ഒരു ചെറിയ ഉദാഹരണം പറയാന്‍, അന്റോണിയോണി സിനിമകളിലേതുപോലെ സഹോദരരുടെ വരുമാനമാര്‍ഗ്ഗമെന്താണെന്ന് സിനിമ പറയുന്നില്ല. സജിയുടെയും ബോബിയുടെയും കഥാപാത്രങ്ങളെക്കുറിച്ച് എഴുത്തുകാരനുള്ള ബോധ്യം ബോണിയെക്കുറിച്ചോ ഫ്രാങ്കിയെക്കുറിച്ചോ ഇല്ല.

'അന്യ'രുടെ ഇടപെടല്‍ മൂലം കഥയിലും കഥാപാത്രങ്ങള്‍ക്കും മാറ്റങ്ങള്‍ വരിക എന്ന വളരെ പഴക്കം ചെന്ന പരിസരം തന്നെയാണ് കുമ്പളങ്ങിയിലേതും. എന്നാല്‍ ഈ അന്യര്‍ ആരൊക്കെയാണ് എന്നന്വേഷിക്കുമ്പോള്‍ ചില വസ്തുതകള്‍ നിരത്തേണ്ടതായി വരുന്നു. വെങ്കിടേശ്വര്‍ അത് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ആര്‍ക്കും എന്തും ചെയ്യാവുന്ന ഒരു തമിഴന്‍ - മുരുഗന്‍. അയാളെ ചൂഷണം ചെയ്ത് ജീവിക്കുന്ന മലയാളി. അതേ മലയാളിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കുന്ന തമിഴന്‍. അതില്‍ പരാതിയില്ലാത്ത അയാളുടെ ഭാര്യ. മുരുഗന്റെ മരണം പോലും വ്യത്യസ്തമായ രീതിയിലാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. അത് ഒരു മിനിമലിസ്റ്റിക് അവതരണത്തിന്റെ ഭാഗമാണെന്ന് വാദിക്കുകയാണെങ്കില്‍ ഷമ്മി എന്ന പുരുഷനെ വലയില്‍ ബന്ധിക്കുന്ന രംഗം അതുപോലെ മിനിമലിസ്റ്റിക് ആവാത്തതെന്ത് എന്ന ചോദ്യം നിലനില്‍ക്കും.

നര്‍മ്മം കൊണ്ട് പൊതിഞ്ഞ സിനിമയില്‍ പക്ഷെ തിയറ്ററില്‍ നിന്നിറങ്ങുമ്പോള്‍ കൊണ്ടുപോകാന്‍ അധികമൊന്നുമില്ലെന്നും വെങ്കിടേശ്വര്‍ പറയുന്നുണ്ട്. ലേഖകന്‍ ചൂണ്ടിക്കാണിച്ച രണ്ട് സന്ദര്‍ഭങ്ങള്‍ - സജി തെറപിസ്റ്റിനടുത്ത്/സൈക്കയാട്രിസ്റ്റിനടുത്ത് പോകുന്നത് - മലയാള സിനിമയില്‍ത്തന്നെ ഡിപ്രഷന് മെഡിക്കല്‍ സഹായം തേടുന്ന ഒരു കഥാപാത്രം ഉണ്ടോ എന്ന് സംശയമാണ്. അതില്‍ നിന്ന് ഹാസ്യസാധ്യതകള്‍ എടുക്കുക എന്നതല്ലാതെ മനസ്സിന്റെ അനാരോഗ്യം ചികില്‍സിക്കുക എന്ന ഒരു ആശയം തന്നെ മലയാളികള്‍ക്ക് അന്യമാണ്. എന്നാല്‍ തെറപിസ്റ്റിനെ കെട്ടിപ്പിടിച്ച് കരയുന്ന സജി തിയറ്ററില്‍ ചിരി പടര്‍ത്തുന്നു. ആ ഇമേജ് - തെറപിസ്റ്റിന്റെ ഷര്‍ട്ടിനുമുകളില്‍ വലിയ വട്ടത്തില്‍ കരഞ്ഞും മൂക്ക് പിഴിഞ്ഞും വയ്ക്കുന്ന സജി - ഒരു തമാശരൂപമായി നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിച്ചതയാിത്തോന്നും. എന്നിട്ടും അത് മനസ്സില്‍ നില്‍ക്കുന്നത് അത്തരത്തില്‍ വിഷാദരോഗം കാരണം പൊട്ടിക്കരയുന്ന പുരുഷന്‍ നമുക്കിപ്പോഴും ഒരു കള്‍ച്ചര്‍ ഷോക്കായതുകൊണ്ടാണ്.

ഓര്‍മ്മയില്‍ വയ്ക്കാന്‍ ഒരു സന്ദര്‍ഭം കൂടി ലേഖകന്‍ പറയുന്നുണ്ട്. അത് കൊതുകിനെ കൊല്ലുന്ന ബാറ്റ് അടിച്ചുടച്ച് തന്റെ അനിയത്തിയോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പറയുന്ന ഷമ്മിയുടെ ഭാര്യയാണ്. അവിടെയും തിയറ്ററില്‍ ചിരിയുണര്‍ന്നു. എന്തുകൊണ്ട് ആദ്യത്തെ സന്ദര്‍ഭം പ്രേക്ഷകരെ കരയിപ്പിക്കുന്നില്ല? എന്തുകൊണ്ട് രണ്ടാമത്ത സന്ദര്‍ഭം കൈയ്യടി വാങ്ങുന്നില്ല? ഈ ചോദ്യത്തിനുത്തരമാണ് എനിക്ക് കുമ്പളങ്ങിയോടുള്ള വിയോജിപ്പിനു കാരണം.

ഇവിടെ ഒരു ആശയക്കുഴപ്പം പറ്റിയതായാണ് എനിക്ക് മനസ്സിലായത്. ഈ ആശയക്കുഴപ്പത്തിന്റെ മൂര്‍ത്തഭാവമാണ് ഷമ്മി എന്ന കഥാപാത്രം. തുടക്കം തൊട്ട് ഇയാള്‍ ആള് ശരിയല്ല എന്ന് സിനിമ പറയുന്നുണ്ട്. കുട്ടികളുടെ സംഭാഷണത്തിലൂടെ ഇത് വ്യക്തമാണ്. എന്നാല്‍ ഷമ്മിയെ കാണുമ്പോള്‍ അത് ഒരു സാധാരണ മലയാളി പുരുഷന്‍ മാത്രമാണ്. ഇത് വളരെ ശക്തമായ ഒരു കഥപറച്ചില്‍ രീതിയാണ്. ഇത്തരത്തിലുള്ള  പുരുഷന്മാര്‍ സാധാരണ മലയാളിയുടെ നായക സങ്കല്‍പമാണ്. എന്നാല്‍ ഈ കഥാപാത്രത്തെ അസ്വാഭാവികതയില്‍ പൊതിയുന്നതോടെ ഇത്രയും നാള്‍ നമ്മള്‍ സ്വാഭാവികമെന്ന് വിചാരിച്ചുവച്ചിരുന്ന പുരുഷാധിപത്യം അപഹാസ്യമാകുന്നു. ഇത് പുഷ്കരന്റെ എഴുത്തിന്റെ ഒരു രീതി തന്നെയാണ്.

എന്നാല്‍ സിനിമയുടെ അവസാനം ഷമ്മി എന്ന കഥാപാത്രത്തിന് 'വട്ടാണ്' എന്ന് പറയുന്നതോടെ അതുവരെ കെട്ടിപ്പടുത്ത വിദഗ്ദ്ധമായ പാത്രസൃഷ്ടി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നു. ആണുങ്ങളില്ലാത്ത കുടുംബത്തില്‍ ഒരു നാഥനായി സ്വയം പ്രതിഷ്ഠിക്കുന്ന മരുമകന്‍ പുരുഷാധിപത്യചിന്തയുടെ സ്വാഭാവികമായ പ്രതിഫലനമാണ്. അത് വട്ടല്ല. ഇനി അത് വട്ടാണ് എന്ന് പറയുകയായിരുന്നു പുഷ്കരന്റെ ലക്ഷ്യം എങ്കില്‍ അത് തുടക്കം തൊട്ട് വട്ടാവണമായിരുന്നു. വീട്ടിലെ സ്ത്രീകളെയെല്ലാം വായ മൂടിക്കെട്ടി കൊല്ലാന്‍ കൊണ്ടുപോയി അടിക്കുന്ന ഷമ്മി പെട്ടന്ന് ഭ്രാന്തനാണ് എന്ന വെളിപാടുണ്ടാകുകയല്ല വേണ്ടത്. പഴ്സ​ണലായിട്ട് സംസാരിക്കുന്ന കാര്യമെന്താണെന്ന് പറയാന്‍ നിര്‍ബന്ധിക്കുന്ന, മറ്റുള്ളവന്റെ കിടപ്പറയില്‍ ഒളിഞ്ഞ് നോക്കുന്ന, ഭാര്യയെക്കൊണ്ട് വീട്ട് ജോലി മുഴുവന്‍ ചെയ്യിപ്പിക്കുന്ന ഷമ്മിയും ഭ്രാന്തനാണ്. ഒരിക്കല്‍ മാത്രം - 'എടി' എന്ന് വിളിച്ച് ബേബിയോട് സംസാരിക്കുന്ന ഷമ്മിയെ നേരിടുന്നിടത്തുമാത്രമാണ് അയാളുടെ പെരുമാറ്റം ചുറ്റുമുള്ളവര്‍ ചോദ്യം ചെയ്യുന്നത്. സത്യസന്ധമായി പുരുഷനിര്‍മ്മിതികളെയും ആധിപത്യത്തെയും ചോദ്യം ചെയ്യുകയായിരുന്നു തിരക്കഥയുടെ ലക്ഷ്യമെങ്കില്‍ അതു തന്നെയാവുമായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്.

എന്നാല്‍ അത് പര്യാപ്തമായി തോന്നാത്തതുകൊണ്ടാണ് ആണ്‍ Vs. ആണ്‍ എന്ന പതിവ് രീതിയിലേയ്ക്ക് സിനിമ പോകുന്നത്. അതെ മലീമസമായ ആണത്തത്തെ (toxic masculinity) യെ ചെറുക്കുക എന്നത് സ്ത്രീകളെക്കാള്‍ പുരുഷന്റെ ആവശ്യമാണ്. അതിനെ ചോദ്യം ചെയ്യുന്ന പുരുഷകഥാപാത്രങ്ങള്‍ അതുകൊണ്ടുതന്നെ ഉചിതമാണ്. പക്ഷെ അതിന് സന്ദര്‍ഭാനുസരണമായ മാറ്റങ്ങള്‍ ആവശ്യമാണ്. ഉദാഹരണത്തിന് 'വരത്തന്‍' ില്‍ പുരുഷനും പുരുഷനും തമ്മിലുള്ള അടിയും ക്ലൈമാക്സും അവസരോചിതമാണ്. അവിടുത്തെ ആണത്തം തുടക്കം മുതല്‍ അത്തരത്തിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവിടെ ഒടുക്കം വെടിയുതിര്‍ക്കുന്ന നായികയ്ക്ക് കൈയ്യടി കിട്ടുന്നതും കുമ്പളങ്ങിയിലെ കൊതുകുബാറ്റടിച്ച് പൊട്ടിക്കുന്ന സ്ത്രീ കഥാപാത്രത്തിന് ചിരി മാത്രം കിട്ടുന്നതും.

ചില ആണുങ്ങളുടെയും ചിന്താരീതി മാറുന്നത് സ്ത്രീകളുമായി ഇടപഴകുമ്പോഴാണ്. ചിലരുടേത് അപ്രതീക്ഷിതമായ ഉത്തരവാദിത്തങ്ങള്‍ വന്നുചേരുന്നതോടെ. ചിലരുടേത് വളരെ അടുത്ത സ്നേഹിതരും ബന്ധുക്കളും മുഖേന. ചായ കുടിക്കാന്‍ ചായക്കട തുറക്കേണ്ട കാര്യമില്ലല്ലോ എന്ന് പറയുന്ന ബോബിക്ക് പിന്നീടാണ് പ്രണയമുണ്ടാകുന്നത്. സ്ത്രീകളെ വീട്ടിലേയ്ക്ക് വിളിച്ച് കൊണ്ടുവരുന്ന സഹോദരങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ ഒന്ന് തലപൊക്കുമ്പോഴേയ്ക്കും അവനോട് 'എനിക്ക് മൈരാണെ'ന്ന് പറയാന്‍ അവിടെ ഒരാളുണ്ട്. ഇത്തരം വാദപ്രതിവാദങ്ങളിലൂടെ മാത്രം തെളിയുന്ന ഒന്നാണ് സമത്വത്തിന്റെ പാത. അവിടേയ്ക്ക് ഷമ്മിയെ കൊണ്ടുവരുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് പുറത്താക്കാന്‍ അല്ലെങ്കില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ പുറത്തുനിന്ന് ആരുടെയും സഹായം ആവശ്യമില്ല. ഒരു ദിവസം വീട്ടില്‍ ചോറ് വയ്ക്കാതിരിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചാല്‍ത്തന്നെ ആ അസ്കിത തീര്‍ന്ന് കിട്ടും.