Sunday 7 October 2018

അമല്‍ നീരദിന്റെ വരത്തന്‍, മലയാളിയുടെ തിരുത്തല്‍

വരത്തന്‍ പോസ്റ്റര്‍ (അമല്‍ നീരദ്, ഫേസ്ബുക്)


അതെല്ലാവ‍ര്‍ക്കും അറിയാവുന്ന കാര്യമാണ്. ഫെമിനിസം ആണുങ്ങള്‍ പറഞ്ഞാല്‍ ആരെങ്കിലും കേട്ടെന്നിരിക്കും. ശരിവച്ചേക്കും. സ്ത്രീകള്‍ പറഞ്ഞാല്‍ 'ഫെമിനിച്ചി' എന്ന തെറിപ്പദം ഉടലെടുക്കും. കനിവുണ്ടായി ആണുങ്ങള്‍ സംസാരിക്കാന്‍ പെണ്ണുങ്ങള്‍ കാത്തിരിക്കാറില്ല. അതുകൊണ്ടുതന്നെ ആഘോഷിക്കപ്പെടാത്ത പെണ്‍ രക്തസാക്ഷികളാല്‍ സമ്പന്നമാണ് എവിടത്തെയും പോലെ കേരള ചരിത്രവും.

ആണുങ്ങള്‍ക്ക് സ്ത്രീപക്ഷചിന്ത എന്താണെന്ന് മനസ്സിലായി വരാനും ആ രാഷ്ട്രീയം പറയുന്ന സിനിമകള്‍ എടുക്കാനും നല്ലവണ്ണം സമയമെടുത്തിട്ടുണ്ട്. ആ സമയം ഇതുപോലെ പല രക്തസാക്ഷികളുടെയും ചോരക്കറ പുരണ്ടതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നിരുന്നാലും ഒരു ഫെമിനിസ്റ്റ് എന്ന നിലയില്‍, വൈകിവന്നതെങ്കിലും, ഈ മാറ്റങ്ങള്‍ സ്വാഗതം ചെയ്യുക ഫെമിനിസത്തിന്റെ തന്നെ ഭാഗമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ അര്‍ത്ഥത്തിലാണ് 'സോള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് മായാനദിയില്‍ എത്തി നില്‍ക്കുന്ന ആഷിഖ് അബുവിനെ ചേര്‍ത്തുപിടിക്കുന്ന സ്ത്രീവാദം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നത്. 'വരത്തന്‍' കണ്ടതിനുശേഷം അമല്‍ നീരദിനെക്കുറിച്ചും അതു തന്നെ തോന്നുന്നു. കേരളത്തില്‍ 'ബാച്ച്ലര്‍ പാര്‍ട്ടി' എന്ന സിനിമ ഇഷ്ടപ്പെട്ട ഒരേയൊരാള്‍ എന്ന നിലയില്‍ ഇന്ന് ആ ഇഷ്ടത്തെച്ചൊല്ലി അഭിമാനം തോന്നുന്നു. പിഴച്ചില്ലല്ലോ പെണ്ണേ എന്ന്.

ഫെമിനിസത്തിന്റെ നാഴികക്കല്ലാകാന്‍ പോകുന്ന സിനിമയൊന്നുമല്ല വരത്തന്‍. എങ്കിലും അതിന്റെ ചരിത്രത്തില്‍ കിട്ടേണ്ടതായ ഒരു ഇടം - അത് എങ്ങനെയായിരിക്കണം, എന്തുകൊണ്ട് അങ്ങനെയാകണം എന്ന് നോക്കേണ്ടതുണ്ട്. കലയുടെ രാഷ്ട്രീയമാണല്ലോ അതിനാകെയുള്ള സ്വഭാവവും സ്വത്തും.

സ്ത്രീയുടെ സംരക്ഷകനാകേണ്ട പുരുഷന്‍, ആണത്തം എന്ന് വിളിക്കുന്ന ലൈംഗികച്ചുവയുള്ള ഒരു സംസ്കാരത്തിന്റെ വക്താവാകേണ്ട പുരുഷന്‍ - എന്നിവയുടെ കഥയാണ് വരത്തന്‍ എന്ന തോന്നല്‍ സിനിമയിലുടനീളം കാഴ്ചക്കാരിയായ എന്നെ പിന്തുട‍ര്‍ന്നിരുന്നു. പക്ഷെ കാര്യങ്ങള്‍ അത്ര ലളിതമോ വികൃതമോ അല്ല എന്നാണ് ആലോചിക്കുന്തോറും തെളിയുന്നത്.

തുടക്കം മുതല്‍ എബി എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം വളരെ 'മാന്യനാ'ണ് എന്ന് നമ്മളെ സംവിധായകന്‍ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള പല സീനുകളും സിനിമയില്‍ കാണാം. ജോലി പോകുമ്പോള്‍ ഞെട്ടുകയോ വഴക്കിടുകയോ ചെയ്യുന്ന ആണല്ല നായകന്‍. കോക്ക്രോച്ചിനെ കൊല്ലാന്‍ മടിക്കുന്നയാണാണ്, പട്ടി കുരച്ചാല്‍ പേടിക്കുന്ന ആണാണ് എന്നതെല്ലാം ചില ഉദാഹരണങ്ങളാണ്.

'മാന്യത' എന്നത് എല്ലാം തികഞ്ഞ സമൂഹത്തില്‍ ഒരു സാധാരണ സ്വഭാവവും പുരുഷാധിപത്യത്തില്‍ ശേഷിക്കുറവും ആണ്. അതായത് ഭാര്യയെ 'നിലയ്ക്ക് നിര്‍ത്തുന്ന' പുരുഷന്‍ ശരിയും, അവളും മനുഷ്യനാണ് എന്ന് ചിന്തിക്കുന്നവന്‍ 'പെണ്‍കോന്തനു'മാകുന്ന അവസ്ഥ. കോക്ക്രോച്ചിനെ കൊല്ലാത്ത, വഴക്കിന് നില്‍ക്കാത്ത, കുടുംബത്തിന്റെ ആകെ വരുമാനം സ്ത്രീയുടേത് മാത്രമാകുന്നതില്‍ അസ്വാഭാവികമായൊന്നും തോന്നാത്ത, കാപ്പിയുണ്ടാക്കുന്ന, തുണി ആറാന്‍ വിരിച്ചിടുന്ന ഒരു പുരുഷന്‍ യഥാ‍ര്‍ത്ഥത്തില്‍ ഒരു സാധാരണ സ്വഭാവം മാത്രമാണെങ്കിലും പുരുഷാധിപത്യത്തില്‍ അത് അസ്വാഭാവികമാണ്.

ഫഹദ് ഫാസിലിന്റെ കഥാപാത്രം ഇത്തരത്തില്‍ ഒരു പെണ്‍കോന്തനാണ്. ദുബായില്‍ ജീവിക്കുമ്പോള്‍ അതൊരു പ്രശ്നമല്ല. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ ഇത് നേരത്തെ പറഞ്ഞതുപോലെ 'ലൈംഗികശേഷിക്കുറവ്' തുടങ്ങി 'പോങ്ങന്‍', 'ജോലിയില്ലാത്തവന്‍' എന്നീ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ഇതിനുപുറമെയാണ് 'വരത്തന്‍' എന്ന സങ്കല്‍പം.

ചൂഷണത്തിന്റെ ആദ്യ പാഠമാണ് 'നാട്ടുനടപ്പും രീതികളും'. എവിടെയൊക്കെ ചൂഷണം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ 'ഇത് നാട്ടുനടപ്പാണ്, പുറത്തുനിന്ന് വന്ന, വരത്തനായ, പുറംനാട്ടുകാരിയായ, അമേരിക്കന്‍ അമ്മായിയായ, ഇംഗ്ലിഷ് മീഡിയംകാരായ...  നിങ്ങള്‍ക്കത് മനസ്സിലാവില്ല' എന്ന ന്യായവും ചോദ്യം ചെയ്തവര്‍ കേട്ടിട്ടുണ്ട്. ഇതിന്റെ തലങ്ങള്‍ മാറി വരുമെന്ന് മാത്രം. ചിലയിടങ്ങളില്‍ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നത് നാട്ടുനടപ്പാകുമ്പോള്‍ ചിലയിടങ്ങളില്‍ ബലാല്‍സംഗം ആണ്. റാഗിംഗ്, തൊഴിലാളികളുടെ ചൂഷണം, ലൈംഗിക അതിക്രമം ഇവയെല്ലാം മിക്ക സമൂഹങ്ങളിലും വേട്ടക്കാരുടെ സൗകര്യത്തിനുവേണ്ടി 'നാട്ടുനടപ്പാ'യി പ്രഖ്യാപിക്കപ്പെടുന്നു.

മലയാളി ആണത്തത്തിനെ കരണത്തടിക്കുന്ന സംവിധായകന്റെ മിടുക്ക് ഇവിടെ തുടങ്ങുന്നു. വരത്തന്‍ എന്നത് മലയാളി ആണുങ്ങളും ദുബായില്‍ നിന്ന് വന്ന പോങ്ങനും തമ്മിലുള്ള ഒരു വഴക്കല്ല. അത്, ജനാധിപത്യം, സമത്വം എന്നിവ മുന്നോട്ട് വയ്ക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പ് അധികാരം കൈവശപ്പെടുത്തി വച്ചിരിക്കുന്ന ഭൂരിപക്ഷത്തിന് ക്ഷതമേല്‍പ്പിക്കുന്നതിന്റെ കഥയാണ്. അതിനുപുറമെ പുരുഷാധിപത്യത്തിന്റെ ഹിംസ സ്ത്രീകള്‍ക്ക് നേരെ മാത്രമല്ലെന്നും അത് പുരുഷന്മാര്‍ക്കെതിരെയുമാണെന്നും പുരുഷന്‍ എന്ന നിലയില്‍ അതിനെ പ്രതിരോധിക്കേണ്ടത് ഒരു ഉത്തരവാദിത്തം തന്നെയാണെന്നും സിനിമ പറയുന്നുണ്ട്. സ്ത്രീവിരുദ്ധതയ്ക്കെതിരെ വായിട്ടലയ്ക്കുന്നത് 'ഫെമിനിച്ചിക'ളുടെ തൊഴിലാണെന്ന് മലയാള സിനിമ വ്യവസായത്തിലെ പല പ്രമുഖരും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് അതേ മാധ്യമം ഉപയോഗിച്ച് അമല്‍ നീരദ് ഇത് പറയുന്നത് എന്നോര്‍ക്കണം.

മലയാളി ദമ്പതികളായ എബിയും (ഫഹദ് ഫാസില്‍) പ്രിയയും (ഐശ്വര്യ ലക്ഷ്മി) ദുബായിലെ ജീവിതം തല്‍ക്കാലത്തേയ്ക്ക് അവസാനിപ്പിച്ച് കേരളത്തില്‍ വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടില്‍ ഇരുവരെയും നാട്ടുകാര്‍ പല രീതിയില്‍ അക്രമിക്കുന്നു. നാട്ടുപ്രമാണിമാരും സവ‍ര്‍ണ്ണ മുതലാളികളും പുരുഷന്മാരും ചേര്‍ന്നുള്ള ഈ ആക്രമണത്തെ നേരിടാന്‍ ആദ്യമൊന്നും എബിക്ക് കഴിയുന്നില്ലെങ്കിലും അവസാനം എല്ലാവരെയും ഇടിച്ച് പപ്പടമാക്കുന്നു. ഇത്രയുമാണ് വരത്തന്‍.

ഈ സര്‍വ്വസാധാരണമായ പ്ലോട്ടിനെ എടുത്തിട്ട് കുടഞ്ഞ്, കശക്കി അതിപ്രധാനമായ പല രാഷ്ട്രീയ ഹിംസകളും സംവിധായകന്‍ കാണിക്കുന്നു. നാട്ട് നടപ്പുകള്‍ എന്ന വകുപ്പില്‍ മലയാളി ആണത്തത്തിന്റെ വിശ്വാസപ്രമാണം തുറന്നുകാണിക്കുന്നുണ്ട് സിനിമ. ഇവയില്‍ ചിലത് ഇങ്ങനെയാണ്.

* എല്ലാ സ്ത്രീകളും നമ്മുടെ (ആണുങ്ങളുടെ) ലൈംഗികസ്വത്താണ്.
* എല്ലാ സ്ത്രീകളെയും ഭോഗിക്കുക (ബലാല്‍സംഗം ചെയ്യുക) നമ്മുടെ അവകാശമാണ്.
* സ്ത്രീയ്ക്ക് ഭര്‍ത്താവുണ്ടെങ്കില്‍ അവള്‍ ഭര്‍ത്താവിന്റെ മുതലാണ് (പ്രോപ്പര്‍ട്ടി)
* ഭര്‍ത്താവിന് ഒരിക്കലും നമ്മള്‍ അവളെ 'വേണ്ടുന്ന' വിധത്തില്‍ ലൈംഗികമായി സംതൃപ്തിപ്പെടുത്താന്‍ കഴിയില്ല.
* ഈ അര്‍ത്ഥത്തില്‍ ലൈംഗിക സംതൃപ്തി കിട്ടാതെ വിഷമിക്കുന്ന ഈ സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുമ്പോള്‍ നമ്മള്‍ അവരെ സഹായിക്കുകയാണ്.
* ഇത് ചോദ്യം ചെയ്യുന്നവര്‍ ലൈംഗികശേഷിയില്ലാത്തവരും നാട്ടുനടപ്പറിയാത്തവരും പൊതുവെ പോങ്ങന്മാരുമാണ്.
* ജാതിവിവേചനവും പീഡനവും ചോദ്യം ചെയ്യാന്‍ പോലും ആരും മിനക്കെടാത്തതുകൊണ്ട് അത് ഇന്നാട്ടിലില്ല. 

ഇത്തരത്തില്‍ ഓരോ നടപ്പിലും, ഇടത്തിലും ചലനത്തിലും ലൈംഗിക അതിക്രമം നേരിട്ടുകൊണ്ട്, എതിര്‍ത്ത് കൊണ്ട്, അവഗണിച്ചുകൊണ്ട്, അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും തന്റെ ജീവിതം ജീവിക്കുന്നത്. സിനിമ ഇത് ഊന്നിപ്പറയുന്നുണ്ട്. കടത്തിണ്ണയിലിരുന്ന് സ്ത്രീകളെ അളക്കുന്ന 'ഓന്ത്' എന്ന പീഡകന്‍ മൂന്ന് തലമുറയിലെ സ്ത്രീകളെ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്. തന്നെ ആക്രമിക്കുന്ന പുരുഷന്മാരെ സ്കൂള് തൊട്ടറിയാം എന്ന് പ്രിയ പറയുന്നുണ്ട്.

ചോദ്യം ഇതാണ്. ഹിംസാത്മകമായ ഈ 'നാട്ടുനടപ്പുകള്‍' ചോദ്യം ചെയ്യേണ്ടത് ഹിംസ കൂടുതല്‍ അനുഭവിക്കുന്ന സ്ത്രീയുടെ മാത്രം ചുമതലയാണോ? 'സ്വന്തം' സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ചോദ്യം ചെയ്യേണ്ട ഒന്നാണോ അത്? പുരുഷാധിപത്യ പീഡനം കണ്ടില്ലെന്ന് നടിക്കുകയോ പീഡനമല്ല എന്ന് ഭാവിക്കുകയോ ചെയ്താല്‍ ശരിയാവുമോ?

ഇല്ല എന്നാണ് വരത്തന്‍ പറയുന്നത്. സത്യത്തില്‍ തങ്ങളുടെ ഗണത്തില്‍ പെടുന്നവര്‍ മറ്റൊരാളെ ആക്രമിക്കുമ്പോള്‍ അത് തടുക്കേണ്ടത് ആക്രമിക്കപ്പെടുന്നവരേക്കാള്‍ തന്റെ ചുമതലയാണ് എന്നത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഇത് പുരുഷാധിപത്യത്തില്‍ മാത്രമല്ല. ഏതൊരു രാഷ്ട്രീയ പരിസരത്തിലും ശരിയാണ്. ഉദാഹരണത്തിന് സി പി ഐ എമ്മിന്റെ ദലിത് വിരുദ്ധത ചെറുക്കേണ്ടത് സി പി എം സവര്‍ണ്ണതയുടെ ചുമതലയാണ്. അച്ചന്മാരും മെത്രാന്മാരും പീഡനം നടത്തുമ്പോള്‍ നിരത്തിലിറങ്ങി സമരം ചെയ്യേണ്ടത് കന്യാസ്ത്രീകളുടെ ഉത്തരവാദിത്തമല്ല. അത് വിശ്വാസികളുടെയും അച്ചന്മാരുടെയും മെത്രാന്മാരുടെയും പോപ്പിന്റെയും ഉത്തരവാദിത്തമാണ്. കന്യാസ്തരീകള്‍ നിരത്തിലിറങ്ങുന്നത് ഇതിന്റെ അഭാവത്തിലാണ്.

ഈ അര്‍ത്ഥത്തില്‍ 'വരത്തന്‍' ഒരു കമിംഗ് ഓഫ് ഏജ് സിനിമയാണ്. തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുക എന്ന ബാലിശമായ രാഷ്ട്രീയത്തില്‍ നിന്ന് ശക്തമായി, അവസാന ശ്വാസം വരെയും അവയെ എതിര്‍ക്കുക എന്ന രാഷ്ട്രീയത്തിലേയ്ക്ക് ഒരു മലയാളി പുരുഷന്‍ എത്തിച്ചേരുന്നതിന്റെ ബില്‍ഡംഗ്സ്റൊമാന്‍. മലയാളി പുരുഷന്‍ തിരുത്തലുകള്‍ നടത്തുകയാണ്. അതിനാണ് തിയറ്ററുകളില്‍ കൈയ്യടി കിട്ടുന്നത്. അവിടെയാണ് സിനിമയുടെ മിടുക്ക്.

ഫഹദ് ഫാസില്‍ എന്ന നടന്‍ പല രീതിയിലും ഒരു പുരുഷത്തം തുടിക്കുന്ന നായകന്‍ എന്ന സങ്കല്‍പത്തെ ഉടച്ച ആളാണ്. സ്ത്രൈണതയുള്ള ചലനങ്ങള്‍, സ്ത്രൈണതയുള്ള ശരീരഘടന, ചെയ്തിരിക്കുന്ന റോളുകള്‍ എന്നിവയെല്ലാം വെച്ച് ഇത് എളുപ്പം കാണാവുന്നതാണ്. അതുകൊണ്ടുതന്നെ, ഈ നായകന് ആ 'ആണത്ത' സ്വഭാവം കൊടുക്കുമ്പോള്‍ അതിന് ശരിയായ കാരണങ്ങളാല്‍ ആയിരിക്കണം കൈയ്യടി കിട്ടേണ്ടത് എന്ന വിവേകം സംവിധായകന്‍ കാണിച്ചിരിക്കുന്നു.

അമല്‍ നീരദിന്റെ തന്നെ 'ഇയ്യോബിന്റെ പുസ്തക'ത്തില്‍ ഇതിന്റെ മറ്റൊരു പതിപ്പ് കാണാം. എന്നാല്‍ തോക്കെടുത്ത് അനായാസം അത് കഷണങ്ങളാക്കിക്കൊടുക്കുന്ന അലോഷി എന്ന ഉത്തരവാദിത്തമുള്ള 'ആണത്തം' വരത്തിനിലെത്തുമ്പോള്‍ ഒരുപാട് വളര്‍ന്നിട്ടുണ്ട്, രാഷ്ട്രീയപരമായി.

ഇയ്യോബില്‍ മംഗലശ്ശേരി നീലകണ്ഠന്റെ കുറച്ച് ശേഷിപ്പുകളുണ്ട്. അബലയായ, ആരോരുമില്ലാത്ത (മഞ്ജു വാര്യരുടെ ഉണ്ണിമായയ്ക്ക് സമം) സ്ത്രീയുടെ മുമ്പില്‍ രക്ഷകനെപ്പോലെ അവതരിക്കുന്നതിനാണ് അവിടെ മലയാളി പ്രേക്ഷകര്‍ കൈയ്യടിച്ചതെങ്കില്‍ വരത്തനിലെത്തുമ്പോള്‍ അതില്‍ രക്ഷക‍തൃത്വം കുറവാണ്. മറിച്ച് അത് സ്ത്രീയ്ക്കു വേണ്ടിയല്ല, തനിക്കുവേണ്ടിത്തന്നെയാണ് ചെയ്യുന്നത് എന്ന പ്രതീതിയും സംവിധായകന് കൊണ്ടുവരാന്‍ കഴിയുന്നുണ്ട്.

ലൈംഗിക പീഡനം, പ്രത്യേകിച്ചും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം സംബന്ധിയായ വെളിപ്പെടുത്തലുകളും ച‍ര്‍ച്ചകളും വര്‍ധിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ മറ്റൊരു പ്രധാന സന്ദേശവും സിനിമ നല്‍കുന്നു. പെണ്ണിനെ വിശ്വസിക്കാതിരിക്കുക എന്നതല്ല, വിശ്വസിക്കുക എന്നുള്ളതാണ് ലൈംഗിക പീഡനം സംഭവിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എന്നതാണ് അത്.

മലയാള സിനിമാവ്യവസായത്തില്‍ത്തന്നെ ഒരു നടിയെ ബലാല്‍സംഗം ചെയ്തപ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടവള്‍ എങ്ങനെ അടുത്ത ദിവസം ജോലിക്ക് പോയി എന്ന് ചോദിച്ചവരാണ് മലയാളി. കുറ്റാരോപിതനായ നടനെ താരസംഘടനയില്‍ തിരിച്ചെടുത്തവരാണ് സിനിമാപ്രമാണിമാര്‍. ഈ പരിസരത്തില്‍ വരത്തന്‍ കാണുമ്പോള്‍, തന്റെ മുന്നില്‍ നില്‍ക്കുന്ന സ്ത്രീ
ആദ്യം വന്ന് താന്‍ നേരിടുന്ന പ്രശ്നം പറയുമ്പോള്‍ 'അത് തോന്നിയതായിരിക്കും' എന്ന് പറയുന്നത് ശരിയല്ല എന്ന് പ്രേക്ഷകന് തോന്നുന്നു. അത്തരം 'തോന്നലുകള്‍' കുമിഞ്ഞ്കൂടിയാണ് ആ സ്ത്രീ വീണ്ടും വീണ്ടും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് എന്നും അതിനാല്‍ത്തന്നെ നേരത്തേ പ്രതികരിക്കാതിരുന്നത് സ്ത്രീയുടെ അല്ല, പുരുഷന്റെ തെറ്റോ അറിവില്ലായ്മയോ ആണ് എന്ന് സിനിമ വ്യക്തമായി പറയുന്നു.

വരത്തന്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്നതായി കാണിച്ചിരിക്കുന്ന ഭാഗം ഒരു അമല്‍ നീരദന്‍ ശൈലിയില്‍ അതിശയോക്തി ഉള്ളതാണ്. സംഘട്ടനരംഗങ്ങള്‍ മനഃപ്പൂര്‍വ്വം അത്തരത്തില്‍ ചിത്രീകരിക്കുന്നത് സംവിധായകന്റെ പതിവാണ്. എന്നാല്‍ വെടി കൊണ്ടാലും അവസാനം ഒരു ഖണ്ഡിക ഡയലോഗ് പറഞ്ഞ് കൊ​ണ്ട് മരിക്കുന്ന കഥാപാത്രങ്ങളുടെ രീതിയിലുള്ളതല്ല ഇത്. ഒരുപക്ഷേ അത്തരം സംഘട്ടനം നടന്നിട്ടേയുണ്ടാകില്ല എന്നും, ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സാധ്യമല്ലെന്നും സംവിധായകന്‍ എപ്പോഴും സൂചിപ്പിക്കാറുണ്ട്.  പക്ഷെ അത് തനിക്ക് പറയാനുള്ള കഥ പറയുന്നതില്‍ നിന്ന് സംവിധായകനെ നിരുത്സാഹപ്പെടുത്തുന്നില്ല. ബാച്ച്ലര്‍ പാര്‍ട്ടിയിലും അവസാനം പണമെല്ലാം കൊണ്ടുപോകുന്ന ലൈംഗികത്തൊഴിലാളികള്‍ ഇതിനൊരുദാഹരണമാണ്.അതുകൊണ്ട് തന്നെ അവസാനം പോലീസിനെ വിളിക്കുന്ന രംഗങ്ങള്‍ വരത്തനില്‍ പാടെ ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക്.

ഇതിലെല്ലാമുപരി ആണത്തത്തിനെ തകര്‍ക്കുന്ന അമല്‍ നീരദിന് ഒരു ഇസ്പേഡേസും കൂടിയുണ്ട്. ലജ്ജയില്ലാതെ സ്ത്രീയെ സ്നേഹിക്കുന്ന പുരുഷന്‍ എന്നതാണത്. ഇപ്പോഴത്തെ മുന്‍നിര സംവിധായകരില്‍ പലരിലും ഇത് കാണാം എന്നത് പ്രത്യാശയ്ക്ക് വക തരുന്നതാണ്. നായന്റെ ഉന്നതമായ ജോലിയും, അതിന്റെ സങ്കീര്‍ണ്ണതകളുമൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത പ്രണയിനി, ഭാര്യ എന്നതും, പ്രണയത്തിന് അമിതപ്രാധാന്യം കൊടുക്കുന്നവള്‍ എന്നതുമെല്ലാം പ്രേമബന്ധങ്ങളിലെ സ്ത്രീകളുടെ സ്ഥായീഭാവമാണ്. പുരുഷാധിപത്യം പുരുഷനെയും ബാധിക്കുന്ന സമയങ്ങളില്‍ ഒന്നാണത്. ഇന്ന് പരസ്പരം ഒരേ രീതിയില്‍ സ്നേഹിക്കുന്ന, ആ സ്നേഹത്തെ വിലമതിക്കുന്ന ആണിനെയും പെണ്ണിനെയും കാണാം. വിപ്ലവത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന നായകന്റെ വിപ്ലവം മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയില്ലാത്തവളോ രാഷ്ട്രീയബോധമില്ലാത്തവളോ അല്ല വരത്തനിലെ നായിക. മറിച്ച് പുരുഷനെ രാഷ്ട്രീയ അവബോധമുള്ളവനാക്കി മാറ്റി വിപ്ലവത്തിലേയ്ക്ക് ഉന്തിവിട്ട് അവസാനത്തെ വെടുയുതിര്‍ക്കുന്നവളാണ്. ആ പുകമണം സിനിമയ്ക്ക് ശേഷവും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് ആശാവഹമാണ്.

1 comment: