Tuesday 3 October 2017

ജനം ടി വി മാധ്യമപ്രവർത്തകനും പത്രപ്രവർത്തക ഷാഹിന കെ കെയും ചെയ്യുന്ന മാധ്യമപ്രവർത്തനം സമാനമാകുന്നതെങ്ങനെ?





ഇത് സെപ്റ്റംബർ 23ന് ഞങ്ങൾ ഹാദിയയെ സംബന്ധിച്ച് വിളിച്ച പത്രസമ്മേളനത്തിന്റെ വീഡിയോ ആണ്. ആ പത്രസമ്മേളനത്തിൽ നടന്ന പല കാര്യങ്ങളും വാർത്തയാകുകയും ഹിന്ദു മാധ്യമങ്ങളും മറ്റും ഞങ്ങൾക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇത് കാണുമ്പോൾ സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചതെന്നും ആര് ആരെയാണ് ആക്രമിച്ചതെന്നും വ്യക്തമാകുമെന്ന് കണ്ണുള്ളവർക്ക് കാണാൻ കഴിയും. അതേതായാലും, കുറച്ച് വിവരങ്ങൾ പങ്ക് വയ്ക്കണമെന്ന് വിചാരിക്കുന്നു. 

ജനം ടി വിയിലെ മാധ്യമപ്രവർത്തകനാണ് (രണ്ട് തവണ ആർ എസ് എസ് ബന്ധം കാരണം പ്രക്ഷേപണത്തിനുള്ള അനുവാദം തള്ളിയ ഒരു ചാനലാണ് ഇത്. മോദി സർക്കാർ വന്നപ്പോഴാണ് ഇവർക്ക് അനുമതി ലഭിച്ചത്.) ഞങ്ങൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചത്. എൻ ഐ എയുടെ റിപ്പോർട്ട് മൂന്നാം തിയ്യതി വരാനിരിക്കുകയാണല്ലോ. അപ്പോൾ എങ്ങനെയാണ് 23ാം തിയ്യതി നടത്തിയ പത്രസമ്മേളനത്തിൽ അശോകനും വനിത മനുഷ്യാവകാശ കമ്മിഷനുമെല്ലാം എൻ ഐ എയ്ക്ക് കൊടുത്ത റിപ്പോർട്ടിനെപ്പറ്റി ഇയാൾ പറയുന്നത് (വീഡിയോയിൽ 2:56 മിനുറ്റിൽ ഇത് കാണാം.) 

ഇതിനെല്ലാം ഉപരി, പ്രത്യക്ഷത്തിൽ ഒരു വലതുപക്ഷ മാധ്യമത്തിനുവേണ്ടി ജോലി ചെയ്യുന്ന ശ്രീകാന്ത് എന്ന റിപ്പോർട്ടറും ഷാഹിന കെ കെ എന്ന ഓപ്പൺ മാഗസിന്റെ റിപ്പോർട്ടറും എന്ത് മാത്രം സമാനമായ രീതിയിലാണ് സംസാരിക്കുന്നത് എന്ന് നോക്കൂ. ശ്രീകാന്ത് എന്ന ജനം ടി വിയുടെ പത്രപ്രവർത്തകൻ ഇത് ചെയ്യുന്നതും, ആക്റ്റിവിസ്റ്റും ഇടതുപക്ഷ സഹയാത്രികയും മുതിർന്ന മാധ്യമപ്രവർത്തകയായ, ക്ലൌട്ടും പ്രിവിലെജും എല്ലാമുള്ള ഷാഹിന ഇത് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം അറിയാമല്ലോ. 

ഇരുവരും ഹാദിയയുടെ പേരിനെച്ചൊല്ലി ഒരേ സംശയങ്ങൾ ആരായുന്നു. ഇയാളുടെ ആദ്യത്തെ ചോദ്യം തന്നെ അതാണ്. (2:55 -) ഷാഹിന ഷാഫിൻ ജഹാൻ എന്ന ഹാദിയയുടെ ഭർത്താവിന്റെ യാതൊരു പ്രിവിലെജും ഇല്ലാത്ത ഒരു മുസ്ലിം മനുഷ്യന്റെ - ദോഷങ്ങൾ എടുത്തുകാണിച്ച പോസ്റ്റിലും ഇതു തന്നെയാണ് പറയുന്നത്. അക്ഷരത്തെറ്റെന്ന് ഷാഫിൻ പറയുന്നത് ശരിയല്ല എന്ന് വാദിക്കുന്നു. ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഷാഫിൻ കള്ളം പറയുകയാണ് എന്ന് ഇരുവരും പറയുന്നത്. സത്യവാങ്ങ്മൂലത്തിലുള്ളത് അക്ഷരത്തെറ്റെന്ന് പറയാൻ കഴിയില്ല എന്ന്. രണ്ട് പേർ ഒരുപോലെ ചിന്തിക്കുന്നതിന് യാതൊരു  കുഴപ്പവുമില്ല. പ്രത്യയശാസ്ത്രങ്ങൾ ഉരുത്തിരിയുന്നത് അങ്ങിനെയാണല്ലോ. എങ്കിലും ഇത് രേഖപ്പെടുത്തണമെന്ന് കരുതുന്നു.

രണ്ടാമത് (2:56 -) ഇയാൾ പറയുന്നത് എൻ ഐ എയ്ക്ക് കൈമറിയിരിക്കുന്ന റിപ്പോർട്ടുകളെപ്പറ്റിയാണ്. ഷാഹിന പറയുന്നത് അവരുടെ ഡെല്ലി ബ്യൂറോ എൺ ഐ എ റിപ്പോർട്ട് ആക്സസ് ചെയ്തു എന്നാണ്. ജനം ടി വിയിലെ പത്രപ്രവർത്തകനും, ഓപ്പൺ മാഗസിന്റെ ഡെല്ലി ബ്യൂറോയ്ക്കും ഒരുപോലെ ലഭിക്കുന്ന എൻ ഐ എ റിപ്പോർട്ട് എന്ത് രഹസ്യസ്വഭാവമാണ് സൂക്ഷിക്കുന്നത്? 99.9% എൻ ഐ എ റിപ്പോർട്ട് ലവ് ജിഹാദ് ഉണ്ട് എന്നാണ് പറയാൻ പോകുന്നത് എന്നാണ് ഒരു റൈറ്റ് വിങ്ങ് ഹിന്ദു ആക്റ്റിവിസ്റ്റ് എന്നോട് പറഞ്ഞത്. 

ഷാഹിന പറയുന്നത് മൂന്നോ നാലോ നമ്പറ് കറക്കിയാൽ കിട്ടുന്ന സംഹതിയാണ് എൻ ഐ എ റിപ്പോർട്ട് എന്നാണ്. അങ്ങനെയെങ്കിൽ മറ്റ് പത്രങ്ങൾക്കും മാധ്യമങ്ങൾക്കും എന്തുകൊണ്ട് അത് ലഭിച്ചില്ല. അവർ നമ്പറ് കറക്കാഞ്ഞതുകൊണ്ടാണെന്ന് മാത്രം പറയരുത്. തീവ്ര ഹിന്ദു വാദം പറയുന്നവരുടെ കൈവശവും ഷാഹിനയുടെ കൈവശവും (തന്റെ സ്ഥാപനത്തിന്റെ ഡെല്ലി ബ്യൂറോയുടെ കൈവശം) ഈ റിപ്പോർട്ട് ഉണ്ടാവുകയും അത് ലവ് ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന് പറയുകയും ചെയ്യും എന്ന് പറയുന്നതിലുള്ള സമാനത എന്തിന് തള്ളിക്കളയണം?

ഇത് കൂടാതെ ഫേസ്ബുക്കിൽ പോലും ആളുകൾ ഇതേ എൻ ഐ എ റിപ്പോർട്ടിനെപ്പറ്റി സംസാരിക്കുന്നു. ഹാദിയയുടെ അച്ഛൻ വളരെ ആത്മവിശ്വാസത്തോടെ ഹാദിയയ്ക്ക് റിപ്പോർട്ട് വായിച്ചു കേൾപ്പിക്കും എന്ന് പറയുന്നു. അശോകന് ഇത്രയും രഹസ്യസ്വഭാവമുള്ള എൻ ഐ എ റിപ്പോർട്ട് വായിച്ചു കേൾപ്പിച്ചതപ്പോൾ ആരാണ്?

മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും ഡോക്ടർമാരുമൊക്കെ ഹാദിയയെ എപ്പോഴാണ് സന്ദർശിച്ചത്? സന്ദർശിച്ചപ്പോൾ ആരെയും തന്നെ (രാഹുൽ ഈശ്വറിനെയും ശശികലയെയും കുമ്മനത്തെയും ഒഴികെ, ആരെയും) അശോകൻ ഹാദിയയെ കാണാനനുവദിച്ചിരുന്നില്ല. പിന്നെ എൻ ഐ എയ്ക്ക് കൈമാറി എന്ന് ഇയാൾ അവകാശപ്പെടുന്ന റിപ്പോർട്ടുകൾ ആരെ പരിശോധിച്ചതിനുശേഷമാണ്

4:56 മുതൽ ഇയാൾ മീഡിയ വൺ മാധ്യമപ്രവർത്തകയായ ഷബ്നയെ പരാമർശിച്ച് തുടങ്ങുന്നു. ഹൈക്കോടതിയിൽ അവർ ഒരു റിട്ട് ഹർജി സമർപ്പിച്ചതിനെപ്പറ്റിയാണിത്. ഇയാളുടെ ചോദ്യങ്ങളുടെ രീതി മര്യാദ വിടുന്നു എന്ന് തോന്നിയപ്പോൾ ആദ്യം ഇടപെട്ടതും അവിടെ ഉണ്ടായിരുന്ന ഷബ്നയാണ്. (6: 09 -) താനാണ് നേരത്തെ പറഞ്ഞ മാധ്യമപ്രവർത്തക എന്ന് അവർ പറഞ്ഞപ്പോൾ ശ്രീകാന്ത് അത് അയാൾക്ക് അറിയില്ല എന്നും പറഞ്ഞു.

7:07 ാം മിനുറ്റിൽ മൃദുല (ഹാദിയയെ കാണാൻ പോയ ആറ് സ്തരീകളിൽ ഒരാൾ) ദൃഢമായി പറയുന്നു, പിന്നീട് ഞങ്ങളെല്ലാവരും പറയുന്നു ഞങ്ങൾ കോടതി വിധിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നതെന്ന്. ഇത് ഇയാൾ കോടതി വിധിയെയാണോ (നിങ്ങൾ കുറച്ച് പെണ്ണുങ്ങൾ) ചോദ്യം ചെയ്യുന്നത് എന്ന് അയാൾ ആക്രോശിക്കുന്നതിന് ശേഷമാണ്. സോഷ്യൽ മീഡിയയിൽ ചിലപ്പോൾ പറയാനായേക്കും പക്ഷെ കോടതിയിൽ ഇതൊന്നും വിലപ്പോവില്ല മക്കളേ എന്ന് ഉപദേശിക്കുന്ന ഷാഹിന ആരുടെ വക്താവാണ്? എന്തുകൊണ്ടാണ് അവരീ അപക്വരെന്നും ചിയർ ഗേളുകളെന്നുമെല്ലാം വിളിക്കുന്ന സ്ത്രീകൾക്ക് വരെ അത് പരസ്യമായി പറയാനുള്ള ആത്മാർത്ഥത ഉണ്ടാകുന്നത്?

ഇതിനെത്തുടർന്നുണ്ടായ വാഗ്വാദത്തിൽ പിന്നെയും ഇയാൾ ഏകപക്ഷീയമായി സംസാരിച്ചുകൊണ്ട് ആക്രമിക്കുന്നത് കണ്ട് 7: 58 മിനുറ്റിൽ മീഡിയ വൺ മാധ്യമപ്രവർത്തക വീണ്ടും ഇടപെടുന്നത് കാണാം.  പിന്നീട് (14: 30) പോപ്പുലർ ഫ്രണ്ടിനെച്ചേർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോഴും ഈ സ്ത്രീ മാത്രമാണ്, അത് ഈ കുട്ടികളോടാണോ ചോദിക്കുന്നത് എന്ന് ചോദിച്ച് ഇടപെട്ടത്. (ചോദ്യം ചോദിക്കട്ടെ എന്നുതന്നെയാണ് ഞങ്ങൾ പറഞ്ഞത്.)

12:43 യിലാണ് ഇയാൾ ഷാഹിനയുടെ മാസ്റ്റർപീസായ, അശോകൻ പാവമാണ്, ഒരച്ഛന്റെ രോദനം, എന്നിവ തുടങ്ങുന്നത്. ഇത് പറയുന്ന ഒരു നെടുനീളൻ പോസ്റ്റ് തന്നെ അവർ എഴുതിയിട്ടുണ്ടല്ലോ. ആറ് സ്ത്രീകൾ അവിടെ പോയി മതത്തിനെ മാത്രം ചുറ്റിപ്പറ്റിയുള്ള സംവാദത്തിൽ നിന്നു ഹാദിയ വിഷയത്തെ മനുഷ്യാവകാശ ലംഘനം എന്ന വിഷയത്തിലേയ്ക്ക് കൂടി കൊണ്ടെത്തിച്ചതിനും ശേഷം, അതേ സ്പേസിൽ ഇരുന്നുകൊണ്ടാണ് ഇവർ ഇത് ചെയ്യുന്നത് എന്നോർക്കണം. ബലാൽസംഗം ചെയ്ത മനുഷ്യനും സഹായം ആവശ്യമുണ്ട് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ആദ്യം ചെയ്യേണ്ട കാര്യം ഇരയെ ആ പീഡനത്തിൽനിന്നും പീഡകൻ ഉള്ള ഇടത്തിൽ നിന്നും മോചിപ്പിക്കുകയാണ് എന്ന് ഏത് ഫെമിനിസ്റ്റിനോ മനുഷ്യനോ ആണ് അറിയാത്തത്. എന്നിട്ടും അവർ അവതരിപ്പിച്ചത് അശോകനും പൊന്നമ്മയും അവരുടെ മകൾ ഹാദിയയുമെല്ലാം തന്നെ ഒരേ ആർ എസ് എസ് പീഡനത്തിന്റെ ഇരകളാണ് എന്നാണ്. നിസ്കരിക്കാനുള്ള സ്വാതന്ത്ര്യമെല്ലാം അശോകൻ ഹാദിയയ്ക്ക് അനുവദിച്ച് കൊടുക്കുന്നില്ലേ എന്ന് ചോദിക്കുന്ന ജനം ടി വി യും അതൊക്കെത്തന്നെയാണ് അത്രയൊന്നും വളച്ചുകെട്ടില്ലാതെ ചോദിക്കുന്നത്. 

13: 12 ിലാണ് മീഡിയ വൺ മാധ്യമപ്രവർത്തക പുറത്തുപോകുന്നത്. ഇതിനെത്തുടർന്ന് ഇനി എനിക്ക് ഫ്രീ ആയി സംസാരിക്കാം എന്ന് പറയുന്ന ജനം ടി വി റിപ്പോർട്ടറെ കാണാം. 15: 52 യുടെ അടുത്ത് പിന്നെയും തർക്കമുണ്ടാവുന്നു. എന്നാൽ അതിനിടയിൽ തന്നെപ്പറ്റി അനാവശ്യം പറഞ്ഞു എന്ന് തോന്നിയ മീഡിയ വൺ റിപ്പോർട്ടർ അതിനെ എഴുന്നേറ്റ് നിന്ന് ചോദ്യം ചെയ്യുന്നത് കാണാം. ഇതിനെത്തുടർന്ന് മറ്റ് മാധ്യമപ്രവർത്തകരും ഇടപെടുകയായിരുന്നു. ജനം ടിവി യിലെ റിപ്പോർട്ടർ തന്റെ ഇസ്ലാമഫോബിയ പ്രകടിപ്പിച്ച രീതിയിൽ, അത്രയെങ്കിലും സത്യസന്ധതയോടെ ഷാഹിന കെ കെ തന്റെ വലതുപക്ഷ മാധ്യമപ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. 

#FreeHadiya

കുറിപ്പ്: രണ്ട് ഫോൺ വീഡിയോ ക്ലിപ്പുകൾ ചിത്രസംയോജനം ചെയ്തതാണ് ഈ വീഡിയോ. ഇതിന്റെ മുഴുവൻ ഒറിജിനൽ ക്ലിപ്പുകൾ ലഭ്യമാണ്. മെസേജുകളും കോളുകളും ഫോണിൽ ഇടയ്ക്ക് വന്നതുകൊണ്ടാണെന്ന് തോന്നുന്നു, ലിപ് സിങ്ക് പലയിടത്തും പോയിട്ടുണ്ട്. ആവുന്നത്ര സിങ്ക് ചെയ്യാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സമയക്കുറവ് മൂലം പൂർണമായും ചെയ്യാൻ സാധിച്ചില്ല. ശ്രീകാന്തിനെതിരെ പ്രസ് ക്ലബ് സെക്രട്ടറിക്ക് ഞങ്ങൾ പരാതി  കൊടുത്തിരുന്നു. ഇയാൾ മീഡിയ വണ്ണിലെ ശബ്നയ്ക്കെതിരെയും പരാതി കൊടുത്തു എന്നറിയാൻ  കഴിഞ്ഞു. ഷാഹിനയുടെ വലതുപക്ഷ പത്രപ്രവർത്തനത്തിനെപ്പറ്റി ഇനിയും എഴുതാനുണ്ട്. കാരണം ഇത് ആദ്യമായല്ല നടക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. (സുപ്രീം കോർട്ടിൽ എൻ ഐ എ പറഞ്ഞതുപോലെ. അതിനവർക്ക് കണക്കിന് കിട്ടുകയും ചെയ്തു. J) ഹാദിയയോടും ഷാഫിൻ ജഹാനോടും ഈ മാധ്യമപ്രവർത്തക കാണിച്ച ക്രൂരത കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് പറ്റില്ല.

Monday 4 September 2017

പൂണൂലിന്റെ പാട്

'ഞങ്ങൾ സവർണരല്ല' എന്ന് പറയാൻ 'ഞങ്ങൾ സവർണരാണ്' എന്ന് പറയുന്നവർ എന്താണുദ്ദേശിക്കുന്നത്. അതിലെവിടെയാണ് തമാശ അല്ലെങ്കിൽ പരിഹാസം? ഇതിപ്പോൾ ചില ക്രിസ്ത്യാനികളുണ്ട്, പുറം നോക്കിയാൽ ഇപ്പോഴും പൂണൂലിന്റെ പാട് കാണും എന്ന് അഭിമാനത്തോടെ പറയുന്നവർ. അതായത്, ബ്രാഹ്മണർ മതം മാറിയുണ്ടായ ക്രിസ്ത്യാനികളാണെന്ന്. അവരുടെ കൊച്ചുമക്കൾ ഭയങ്കര പുരോഗമനവാദം പറഞ്ഞ് കഴിഞ്ഞ് ഫേസ്ബുക്കിൽ അടിച്ച് കസറി, സുറിയാനിക്രിസ്ത്യാനികളിലെ സവർണമനോഭാവം ഒരു ശാപം എന്നൊക്കെപ്പറഞ്ഞ്, സ്വന്തം പടമിട്ട്, സൂക്ഷിച്ച് നോക്കിയാൽ പൂണൂലിന്റെ പാട് കാണാം എന്ന് പറഞ്ഞ് കഴിഞ്ഞാൽ അത് അപ്പാപ്പന്റെ പറച്ചിലിൽ നിന്ന് വ്യത്യസ്തമാണ് എന്നെനിക്ക് തോന്നുന്നില്ല. വളരെ കാര്യമായി പൂണൂലിന്റെ പാടിനെപ്പറ്റി പറയുന്ന അപ്പാപ്പനിൽ നിന്നും 'തമാശ'യായി അതിനെപ്പറ്റിത്തന്നെ പറയുന്ന കൊച്ചുമക്കൾ വ്യത്യസ്തരല്ല. 'ഇൻക്ക്യ് ക്ഷ ബോധിച്ചു' എന്ന ഭാഷയിൽ മനഃപ്പൂർവം സംസാരിച്ചുകൊണ്ട് ഏത് സവർണതയെയാണ് നിങ്ങൾ കളിയാക്കുന്നത്?

Saturday 2 September 2017

ഹാദിയ

ആറ് സ്ത്രീകൾ ഹാദിയയെ കാണാൻ പോയി. ഷോ ഓഫ് എന്ന് പറഞ്ഞ് ചിലർ. അമേരിക്കൻ ഐഡിയ ഭാരതത്തിലെ സ്ത്രീകളുടെമോൽ അടിച്ചേൽപ്പിക്കുന്നു എന്ന് ചിലർ. എനിക്ക് ഇപ്പറഞ്ഞ ഫെമിനിസം മനസ്സിലാവുന്നില്ല് കേട്ടോ. അതായത്, അമേരിക്കയിലിരിക്കുന്ന ഒരു വ്യക്തി - പ്രിവിലെജ്ഡ് എന്ന് നിങ്ങൾ പറയുന്നു. എനിക്കറിയില്ല, എന്തോ ആയിക്കോട്ടെ - ഈ വ്യക്തി ഇവിടെ ആറ് സ്ത്രീകളെ പറ്റിച്ചു എന്നു പറയുമ്പോൾ നിങ്ങളുടെ ഫെമിനിസം എവിടെയാണ് ഹേ. ഈ ആറ് സ്ത്രീകൾക്ക് ബുദ്ധിയില്ല. ചിന്തിക്കാനറിയില്ല എന്ന് തന്നെയല്ലേ നിങ്ങൾ അമറുന്നത്. ഓകെ, ഇങ്ങനെയാണെന്ന് വയ്ക്കുക. ഒരു സ്ത്രീ അമേരിക്കയിൽ നിന്ന് (സത്യത്തിൽ ട്രംപ് ജയിച്ചപ്പപ്പോലും മലയാളികളിൽ ഇത്രയും അമേരിക്ക വിരോധം കണ്ടില്ലായിരുന്നു കേട്ടാ. തേങ്ക്യൂ.) എന്നെ വിളിക്കുന്നു. നീ പോയി ഹാദിയയെ കാണ് എന്ന് പറയുന്നു. ഹാദിയയെ കാണുന്നത് എന്റെ രാഷ്ട്രീയമാണെന്ന് തോന്നാത്തപക്ഷം പോ പുല്ലേ എന്ന് ഞാൻ പറയില്ലേ. അപ്പോൾ ഈ വാദം ഉന്നയിക്കുന്നവർ പറയുന്നത് ആ പെൺകുട്ടികൾക്ക് പോ പുല്ലേ എന്ന് പറയാനറിയില്ല എന്നാണ്. അതാണല്ലോ ഹാദിയയുടെ പീഡകരായ മാതാപിതാക്കളും കോടതിയും കേരളത്തിലെ ഭരണവും പറയുന്നത്. നിങ്ങളും അവരും തമ്മിലപ്പോൾ എന്ത് വ്യത്യാസം ഹേ!
അല്ലെങ്കിൽ എനിക്ക് ലാഭം ഉണ്ടാവണം. ഉദാഹരണത്തിന് അമേരിക്കയിൽ ജോലി, അല്ലെങ്കിൽ പണം, അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഇത്തരത്തിൽ എന്തെങ്കിലും ലാഭം ആ സ്ത്രീകൾക്കുണ്ടായിരുന്നോ എന്ന് പത്രപ്രവർത്തനം നടത്തുന്നവർ എന്തേ അന്വേഷിക്കുന്നില്ല. വേണമെന്ന് വെച്ചിട്ടോ അതോ പത്രപ്രവർത്തനം അറിയാഞ്ഞിട്ടോ? ഇത്തരത്തിൽ ഒരു 'ഇടപാടാ'യിരുന്നു അത് എന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് ഞാൻ അന്വേഷിച്ചില്ല. അങ്ങനെ തോന്നുന്നവർ ഒരു ഫോൺ വിളിച്ച് പോലും ഇതൊന്നും അന്വേഷിക്കാത്തതെന്തേ? അറ്റൻഷനു വേണ്ടിയാണെന്ന് പറയുന്നവരോട്, പുതിയത് വല്ലതും ഇറക്കടേ. ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് പോലീസിൽ പോയാൽ അവിടുള്ളവരും പറയുന്നതിതൊക്കെത്തന്നെ. ദയവ് ചെയ്ത് ഈ പോക്കിരിത്തരത്തിനെ ഫെമിനിസമെന്ന് വിളിക്കല്ലേ. ഐന് നാണം വരും.
#HugHadiya

Tuesday 1 August 2017

തട്ടത്തിൻ മറയത്തിൽനിന്നും ടേക് ഓഫ് വരെ

ആയിഷ റഹ്മാനെ ആയിഷ വിനോദ് ആക്കിയെടുക്കാൻ സി പി ഐ എം, നായന്മാർ, മേനോന്മാർ പോലീസ്, എന്നിവർ മൽസരിക്കുന്ന സിനിമയാണ് തട്ടത്തിൻ മറയത്ത്. വിനോദിനെ റഹ്മാനാക്കുന്ന സിനിമയായിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നാലോചിക്കാനേ ഇടമില്ല. അങ്ങനെയൊന്നുണ്ടാവില്ല. അതിൽ നിസ്കാരപ്പായ വിരിക്കാനുള്ള ഇടമെങ്കിലും ഉണ്ടായിരുന്നു പെണ്ണിന്. അവിടെനിന്നും ഇപ്പോൾ ടേക് ഓഫിലാണ് മലയാള സിലുമ എത്തിനിൽക്കുന്നത്. മുസ്ലിം വിരുദ്ധതയുടെ പല തലങ്ങളിലൂടെയാണ് ആ സിനിമ പോകുന്നത്. അതിൽ ഐസിസിലെ മലയാളി സാന്നിധ്യം വരെയുണ്ട്. നിസ്കാരപ്പായ വിരിക്കുമ്പോൾ പേടിച്ച് മാറിനിന്ന് പാർട്ടിക്കാരെയും പോലീസിനെയുമൊക്കെ സഹയാത്തിനു വിളിക്കുന്ന വിനോദിനെ വെച്ച് ഒരു സീക്വൽ ചെയ്യുന്നോ വിനീത് ശ്രീനിവാസാ?

തട്ടത്തിൻ മറയത്ത് vlc snap

Sunday 16 July 2017

മുറിവുകൾ

കുട്ടിക്കാലത്തെ കളികളിൽ പിരണ്ട് വീണ് മുറിഞ്ഞതൊഴിച്ചാൽ ശരീരത്തിലെ മുറിപ്പാടുകൾ മുഴുവനും പുരുഷന്മാരുടേതാണ്. സ്വന്തമായി ഒരു മുറിവെങ്കിലും ഉണ്ടാവാൻ വേണ്ടിയായിരിക്കുമോ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്?


Thursday 13 July 2017

സ്റ്റീരിയോടിപ്പിക്കൽ പെണ്ണ്

നിങ്ങളിപ്പറയുന്ന വാർപ്പുമാതൃകകൾ മുഴുവനും ആൺധികാരബോധം ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകൾ ഒളിച്ചും പാത്തും സാഹസികത കാണിക്കുന്നതിൽ മിടുക്കരാണ്. ഈ പുരുഷന്മാരിങ്ങനെ അധികാരത്തോടെ, വേണ്ട, പറ്റില്ല, ഗംഗയിപ്പ പോകണ്ട എന്നൊക്കെ പറയുമ്പോൾ ഉടൻ ബുദ്ധിമതികളും നാഗവല്ലികളുമായ സ്ത്രീകൾ മുഴുവൻ ഓരോരോ അടവുകൾ പ്രയോഗിക്കും. ചെലപ്പൊ ഒച്ചയെടുക്കും, ഭീഷണിപ്പെടുത്തും, കെഞ്ചും, കൊഞ്ചും. ആടോ, കാര്യം നടത്തണ്ടെ പിന്നെ. ഇമോഷനൽ ബ്ലാക്ക്മെയിലിങ്ങ് ഒക്കെ നിങ്ങള് തന്ന സമ്മാനമാണ്. ലൈൻ മാറ്റിപ്പിടിച്ച് 'എന്നോടിപ്പോൾ പഴ.പോലെ സ്നേഹമില്ല' എന്ന് പറഞ്ഞാൽ കാര്യം സാധിക്കുമെങ്കിൽ അത്. അല്ലെങ്കിൽ മറ്റൊന്ന്. അപ്പൊ ദേ വരുന്നു സ്റ്റീരിയോടൈപ്. തലയണമന്ത്രം, കൈവിഷം. .. ഈ സ്റ്റീരിയോടൈപ് ഉണ്ടാക്കണേന് മുമ്പ് ഒരു സർവേ എടുക്കണം. സ്ത്രീകളുടെ ആവശ്യങ്ങളോട് പുരുഷാധിപത്യം മറുപടി പറയുന്നതെങ്ങനെ. എന്നട്ട് അതിനെപ്പിടിച്ച് സിനിമേലും കഥേലുമൊക്കെയിട്. അപ്പക്കാണാം.