Thursday 28 April 2022

വ്യാജ ബലാല്‍സംഗ കേസുകള്‍ എന്ന കള്ളം

പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ ബലാല്‍സംഗ ആരോപണം ഉയരുമ്പോള്‍ പേട്രിയാര്‍ക്കിയുടെ ഭാഗത്ത് നില്‍ക്കുന്ന പലരും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്, ഇത് ഒരു വ്യാജ പരാതി ആണെങ്കില്‍ അയാളുടെ ജീവിതം തകരില്ലേ എന്നത്. സാധാരണക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ഈ വാദം ഉയരാറില്ല എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണം എന്ന് അലമുറയിടാനാണ് പൊതുജനത്തിന് താല്‍പര്യം. വിജയ് ബാബുവിനെ ഇരയായി കാണാനും. അധികാരം കൂടുന്നതോടെ, പുരുഷന് കൂടുതല്‍ 'അവകാശങ്ങള്‍' ഉണ്ട് എന്ന പൊതുബോധം തന്നെയാണ് ഇതിന് കാരണം. ഇത്രയും പ്രശസ്തനായ, പണവും അധികാരവുമുള്ള ഒരാള്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ എല്ലാവരേയും പോലെ വിചാരണ ചെയ്യപ്പെടും എന്നുള്ളത് ആ പണവും പ്രശസ്തിയും ഒരു പരിചയായേക്കും എന്ന് പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും ഒരു ഭീഷണിയാണ് എന്നുള്ളതാണ് സത്യം. ദിലീപ്, വിജയ് ബാബു, ഹാര്‍വീ വൈന്‍സ്റ്റൈന്‍ - ഇവരെയെല്ലാം അനുകൂലിച്ച് സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്ന ഘടകം ഇതാണ്. 

ഇത്തരത്തില്‍ ആരോപണ വിധേയരായവരെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ തങ്ങളുടേത് കണക്കുകകളുടെ അടിസ്ഥാനത്തിലുള്ള, ബുദ്ധിപരമായ ഒരു നിലപാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന വാദമാണ് വ്യാജ ബലാല്‍സംഗ പരാതികളുടെ വര്‍ധനവ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കരുതിക്കൂട്ടിയുള്ളതാണ്. അസത്യമാണ്. 

2014 ഇല്‍ ഡെല്‍ഹി വിമെന്‍സ് കമ്മിഷന്റേതായി പുറത്ത് വന്ന ഒരു റിപ്പോര്‍ട്ടാണ് ഇതിന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഏപ്രില്‍ 2014 മുതല്‍ ജൂലൈ 2014 വരെയുള്ള കാലയളവില്‍ ഫയല്‍ ചെയ്ത ബലാല്‍സംഗ കേസുകളില്‍ 53.2% വും വ്യാജമാണ് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഡാറ്റയെ എങ്ങനെയാണ് വായിക്കുന്നത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്നുമുള്ളത് ഈ കണക്ക് പറയുന്നവര്‍ അവഗണിക്കുന്നു. ഈ കണക്കില്‍ പറയുന്ന 'വ്യാജം' എന്നുള്ളത് വിചാരണ ഘട്ടത്തില്‍ എത്താത്ത കേസുകളാണ് എന്നുള്ളത് ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ഒരു കേസ് കോടതി വരെ എത്താത്തതിന്, പ്രത്യേകിച്ച് ബലാല്‍സംഗ കേസുകള്‍ വിചാരണ ചെയ്യപ്പെടാത്തതിന് കാരണം അത് വ്യാജമാണ് എന്നതല്ല. നമ്മുടെ നിയമവ്യവസ്ഥയുടെ പരിമിതി, ആരോപണ വിധേയരായവരുടെ ഭാഗത്ത് നിന്നുമുള്ള ഭീഷണി, സമ്മര്‍ദ്ദം ചെലുത്തല്‍ എന്നിവയെല്ലാം അതിന് കാരണമാണ്. കേസിന് പുറകെ നടന്ന് മടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ ജഡ്ജിമാര്‍ വരെ ബലാല്‍സംഗം ചെയ്ത ആളെ കല്യാണം കഴിക്കുക എന്നുള്ളത് ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇന്ത്യന്‍ കോണ്‍ടെക്സ്റ്റിലാകട്ടെ, മാതാപിതാക്കള്‍ക്ക് ബന്ധം ബോധിച്ചില്ല എന്ന കാരണത്താല്‍ മക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് കേസ് കൊടുപ്പിക്കുന്നവരുമുണ്ട്. സെറ്റില്‍മെന്റ് നടന്ന കേസുകളെല്ലാം വ്യാജമാണ് എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് ഇത് പറയുന്നവര്‍ക്ക് അറിയാത്തതല്ല. വാഹനാപകട കേസുകളില്‍ സ്ഥിരമായ സംഭവിക്കുന്ന കാര്യമാണിത്. എന്ന് വെച്ച് അപകടം സംഭവിച്ചില്ല എന്നോ കൈയ്യോ കാലോ ഒടിഞ്ഞിട്ടില്ല എന്നോ ആരും പറയാറില്ല. 

ഇനി നമുക്ക് വേറെ കുറച്ച് കണക്കുകള്‍ നോക്കാം. ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന റേപ് കൂടി കൂട്ടിയാല്‍ സംഭവിക്കുന്നവയില്‍ 99.1% റേപ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ് എന്നാണ് ഡാറ്റ പറയുന്നത്. ഇനി ഇത് കൂട്ടിയില്ല എന്ന് വിചാരിക്കൂ. എത്ര ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നറിയാമോ? 15. അതായത് നൂറ് റേപ് നടന്നാല്‍ അതില്‍ പതിനഞ്ചെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്രൈം റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഫീമേല്‍ ലിറ്ററസിയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് പെണ്‍ സാക്ഷരത കുറവായ സംസ്ഥാനങ്ങളായ, ബിഹാര്‍, യു.പി എന്നിവയില്‍ .5% ലൈംഗിക അതിക്രമം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2015-2016 വര്‍ഷത്തിലെ കണക്കാണിത്. ഇതിന് വേറെയും കാരണങ്ങളുണ്ട്. പോലീസിലും നീതിന്യായ വ്യവസ്ഥയിലും ഉള്ള വിശ്വാസമില്ലായ്മ അതില്‍ പ്രധാനപ്പെട്ടതാണ്. 

റേപ് കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് എത്രയാണെന്നറിയാമോ? 27.2% എന്ന ദയനീയമായ ഫിഗറാണ് അത്. റേപ് കേസുകളില്‍ പോലീസ് അന്വേഷണത്തിലെ പോരായ്മകള്‍, വേഗത്തിലുള്ള കോടതി പ്രൊസീഡിങ്ങ്സ് എന്നിവയുടെ അഭാവം ഇതിന് വലിയ കാരണമാണ്. ഇവിടെയാണ് മി ടൂ പോലുള്ള മൂവ്മെന്റുകളുടെ പ്രസക്തിയും. 2018 ഇല്‍ 1.56 ലക്ഷം റേപ് കേസുകള്‍ വിചാരണ ചെയ്യപ്പെട്ടു. ഇവയില്‍ 2875 കേസുകളാണ് വ്യാജമാണ് എന്ന് പോലീസ് പറയുന്നത്. അതായത് 2018 ലെ പോലീസിന്റെ കണക്ക് പ്രകാരം തന്നെ വ്യാജ റേപ് കേസുകള്‍ 1.84% മാത്രമാണ്.

2,875

Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html
2,875

Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html

വ്യാജമായ റേപ് പരാതികള്‍ ഉണ്ട്. അത് എല്ലാ തരം കേസുകളിലും ഉണ്ട് പക്ഷേ അത് വളരെ കുറവാണ് എന്നതാണ് സത്യം. ചര്‍ച്ചകളില്‍ വ്യാജ പരാതികള്‍ കൂടുന്നത് കാരണമാണ് റേപ് അക്യൂസ്ഡ് ആയ ആളെ അനുകൂലിച്ച് സംസാരിക്കുന്നത് എന്ന വാദം അതുകൊണ്ടുതന്നെ തെറ്റാണ്. 

ദിവ്യ ആല്‍മിത്രയുടെ ആശയം, അര്‍ച്ചന രവിയുടെ വര. ഊളബാബു സീരീസില്‍ നിന്നും.

 








Friday 22 April 2022

പൈങ്കിളി ഫെമിനിസം എനിക്കിഷ്ടമല്ല


 

സിന്സി അനില് എഴുതിയ, മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു കുറിപ്പ് കാണാനിടയായി. പറയണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു. തെറി കേക്കുന്നത് ഒരു ശീലമായെങ്കിലും ഇടയ്ക്കൊക്കെ, പ്രത്യേകിച്ച് ജീവിതം കോഞ്ഞാട്ടയായി ഇരിക്കുന്ന അവസ്ഥയില് നമുക്കും കാണില്ലേ ചില ആഗ്രഹങ്ങള് - സമാധാനമായി ഇരിക്കാന്. എന്നെക്കൊണ്ട് പറ്റുന്നില്ല പക്ഷേ. അതുകൊണ്ട്,

ആ കുറിപ്പ് അത്യാവശ്യം നല്ല ബോറായി എനിക്ക് തോന്നി. വളരെ പ്രധാനമായ, ലിംഗനീതിയുടെ ഒരു വിഷയം എടുത്തിട്ട് അതില് കാല്പനികത കുത്തി നിറച്ച്, ഈ കേസും അതിലൂടെ പുറത്ത് വന്ന വിവരങ്ങളും വഴി എന്തൊക്കെ മാറ്റങ്ങള് ആണോ ഉണ്ടാവണമെന്ന് നമ്മള് ആഗ്രഹിക്കുന്നത്, അതിനൊക്കെ വിപരീതമായ ചില ആശയങ്ങള് അന്തരീക്ഷത്തിലേയ്ക്ക് അഴിച്ചുവിടാന് മാത്രം ഉപകരിക്കുന്ന ഒന്ന്. 
 
അത് ചെയ്തവള്, ഇത് ചെയ്തവള്, അതിന് ശേഷം മറ്റേത് ചെയ്തവള്, താലി പൊട്ടിച്ചെറിയല്, മറ്റൊരു പെണ്ണിന്റെ ഔദാര്യമാണ് തന്റെ വിവാഹം എന്ന് തിരിച്ചറിയല്, (സീരിയലുകള് തോല്ക്കുമല്ലോ 🙄) അവള്ക്ക് കാലം കാത്ത് വെച്ച നീതി - അതൊന്നുമല്ല ഇവിടെ വിഷയം. മനുഷ്യര്ക്ക് - വളരെ വയലന്റായ, സ്ത്രീവിരുദ്ധമായ, കുടുംബം, കല്യാണം എന്ന സ്ട്രക്ചറുകളെ ചോദ്യം ചെയ്യണം എന്നൊന്നും വലിയ ആഗ്രഹമില്ലാത്ത, എന്നാല് പ്രശസ്തയായ ഒരു സ്ത്രീയുടെ കൂടെ നിന്നു, കേരളം ചര്ച്ച ചെയ്യുന്ന ഒരു വിഷയത്തില് ഞാനും സ്ത്രീപക്ഷത്താണ് എന്നുള്ളതിന്റെ ആനന്ദം ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യര്ക്ക് - വായിച്ചാല് നല്ലവണ്ണം ബോധിക്കുന്ന ഒരെഴുത്തും ആഖ്യാനവും ആണത്. 
 
ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില് ഇത്തരം ആഖ്യാനങ്ങള് ഒഴിവാക്കുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് സ്ത്രീപക്ഷ ചിന്തകളെ പുറകോട്ട് കൊണ്ടുപോകാന് മാത്രമേ ഉപകരിക്കൂ. മഞ്ജു വാര്യര് എന്ന സ്ത്രീ ഒരിക്കലും ദിലീപിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, ആലിമണി ആവശ്യപ്പെട്ടില്ല എന്നതൊക്കെ ഒരു വര്ച്യൂ ആയി കാണുന്ന വായനകളൊന്നും എടുക്കാന് എനിക്ക് മനസ്സില്ല.
 
മഞ്ജു വാര്യരോടുള്ള ബഹുമാനം എവിടെനിന്നാണ് വരുന്നത് എന്നുള്ളതും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ദിലീപിനെ കുറിച്ച് മോശമായി ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ എന്ന നിലയിലാണോ നിങ്ങള്ക്ക് അവരോടുള്ള ബഹുമാനം? അവര് സഹിച്ച കാര്യങ്ങള് ഓര്ത്താണോ ബഹുമാനം? അത് അസ്ഥാനത്താണ് എന്ന് തന്നെ ഞാന് പറയും. അബ്യൂസിലെ സഹനശക്തിയല്ല ഒരു പെണ്ണിന്റെ വിജയം. അബ്യൂസിനോടുള്ള കലഹമാണ്. ആദ്യത്തേത് ഗതികേടാണ്. 
 
മഞ്ജു വാര്യര് എന്ന സ്ത്രീയ്ക്ക്, ഇപ്പോഴുള്ള സ്വീകാര്യതയും, സാമ്പത്തിക സ്വാതന്ത്ര്യവും എല്ലാം വെച്ച് കൊണ്ട് പോലും തന്റെ ദാമ്പത്യത്തില് നടന്ന നീതിനിഷേധത്തെപ്പറ്റി, ദിലീപ് റേപ് ചെയ്യാന് കൊട്ടേഷന് കൊടുത്തതിനെ പറ്റി സമൂഹത്തോട് സംവദിക്കണം എന്ന തീരുമാനം എടുക്കാന് പറ്റാത്തത്, അല്ലെങ്കില് ആ തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യമില്ല എന്ന തോന്നലില് നില്ക്കുന്നത് - അതിന്റെ സാമൂഹിക കാരണങ്ങള് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഒരു സമൂഹം എന്ന നിലയില് നമ്മള് ആലോചിക്കേണ്ടത് എന്ന് തോന്നുന്നു. ഇത് സെലിബ്രിറ്റികളും അല്ലാത്തവരുമായ, ഡിവോര്സ് ചെയ്യുന്ന പല സ്ത്രീകളും ചെയ്യാറുള്ള കാര്യമാണ്. അത് ഒരു പെര്സണല് ഡിസിഷന് ആണെങ്കിലും ഒരു പെര്സണല് ഡിസിഷന് മാത്രമല്ല. സരിതയുടെ റിയാക്ഷന് മോശവും മേതില് ദേവികയുടെ റിയാക്ഷന് നല്ലതും ആവുന്ന പൊതുബോധത്തിനെ അഭിസംബോധന ചെയ്യാതെ മുന്നോട്ട് പോകാന് കഴിയില്ല. 
 
മഞ്ജു വാര്യരോടുള്ള എന്റെ ബഹുമാനം, അവര് കേരളത്തിലെ പരിപാവനമായ കുടുംബം എന്ന സംഗതിയെ ചോദ്യം ചെയ്യുകയും ആ തീരുമാനത്തില് അചഞ്ചലയായി നിലകൊള്ളുകയും ചെയ്തു എന്നിടത്താണ്. അതും അതിശക്തനായ, മലയാളികളുടെ കണ്ണിലുണ്ണിയായ ഒരു ആണിനെതിരെ. ഇതൊന്നും പലപ്പോഴും പല സ്ത്രീകളും ഈ ഫലം ഉണ്ടാവും എന്ന് വിചാരിച്ച് ചെയ്യുന്നതല്ല. പക്ഷേ എന്നെങ്കിലും ഇതെല്ലാം തിരിച്ചറിയുകയും അതിനെ പറ്റി സംഭാഷണങ്ങള് ഉണ്ടാവുകയും ചെയ്യുന്നതാണ് നമ്മളെ മുമ്പോട്ട് കൊണ്ട് പോകാന് പോകുന്നത്. 
 
എന്നെങ്കിലുമൊരിക്കല് മഞ്ജു വാര്യര് ജെന്ററിനെ കുറിച്ച് തന്റെ വിവാഹത്തെയും മുന് ഭര്ത്താവിനെയും മുന് നിര്ത്തി സംസാരിക്കുമെന്നും അത് ഞാനുള്പ്പെടെയുള്ള കുറെ സ്ത്രീകള്ക്ക് പ്രചോദനമാകുമെന്നും ഞാന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ആണ്കോയ്മ ഡോക്യുമെന്റ് ചെയ്യപ്പെടുക എന്ന പ്രക്രിയയില് ഇത്തരത്തിലുള്ള പല സെലിബ്രിറ്റി ടെസ്റ്റിമോണിയല്സും ഒരു പ്രധാന പങ്ക് വഹിക്കും എന്നും.