Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Tuesday, 13 September 2022

ഒ.വി. വിജയനെ വായിക്കുമ്പോൾ

 ഒ. വി. വിജയൻ 

കുറിപ്പുകൾ 

(കറന്റ് ബുക്സ്)

ഇറ്റാലിക്സിലുള്ളതെല്ലാം വിജയന്റേത്. അല്ലാത്തവ എന്റേത്

***

ബുദ്ധിജീവി ദന്തഗോപുരത്തിൽ അഭയം പ്രാപിക്കുന്നതും ആക്ടിവിസ്റ്റ് ബുദ്ധിയെ അപലപിയ്ക്കുന്നതും അസംബന്ധമാണ്. 

***

സാഹിത്യം വായിച്ചും സിനിമ കണ്ടും ചർച്ചയിൽ പങ്കെടുത്തും പ്രശ്നം പരിഹരിക്കാമെന്ന വ്യാമോഹം സൃഷ്ടിക്കാൻ സാമാന്യബുദ്ധിയുള്ള ആരും ശ്രമിക്കുകയില്ല. പക്ഷേ, മേല്പറഞ്ഞ പ്രക്രിയകൾ സംവേദനക്ഷമത വർദ്ധിപ്പിയ്ക്കുന്നുവെന്ന് നമുക്ക് സമ്മതിയ്ക്കേണ്ടിവരും. അങ്ങനെ വികസിച്ച ഒരു സംവേദനക്ഷമതയിൽനിന്നു മാത്രമേ അർത്ഥവത്തായ പ്രശ്നപരിഹാരം ഉണ്ടാകൂ. പ്രശ്നങ്ങളുടെ നിരവധി തലങ്ങളിലൂടെ വ്യാപരിച്ചിട്ടില്ലാത്ത മനസ്സിൽനിന്നു പുറപ്പെടുന്ന കർമപദ്ധതികൾ മുൻവിധികളേയും ഫോർമുലകളേയും ആശ്രയിക്കേണ്ടിവരും. അതും ഒരുതരം ആലസ്യമല്ലേ?

***

പ്രതികരണത്തിന് ആധാരം സാമൂഹ്യാനുഭവവും അനുഭവവിശദീകരണത്തിന് ആധാരം നീതിബോധവുമാണ്. 


എന്നെ  വളരെയേറെ അലട്ടുന്ന ഒരു പ്രശ്നത്തിനെപ്പറ്റി ഒ.വി.വിജയൻ ഇങ്ങനെ പറയുന്നു. ഏകാഗ്രതയും സമയവും കിട്ടണമെങ്കിൽ പ്രശ്നങ്ങളിൽ ഇടപെടുന്നത് നിർത്തേണ്ടി വരും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് ശരിയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. പക്ഷെ എന്റെ ഡി.എൻ.എയിൽ എന്തോ ഒന്ന് അങ്ങനെ ചെയ്യാൻ എന്നെ അനുവദിക്കുന്നുമില്ല. ഇതാണ് ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതും, പണമില്ലായ്മയും. :)

 

അവനവൻ കൈകാര്യം ചെയ്യുന്ന മാദ്ധ്യമത്തിൽ പ്രാവീണ്യം നേടിയെങ്കിൽ മാത്രമേ ആ മാദ്ധ്യമത്തിന് ശക്തിയും ഫലവും ഉണ്ടാവൂ. പ്രാവീണ്യം നേടണമെങ്കിലോ സമയം ചെലവിടണം, ഏകാഗ്രത വേണം. സമരത്തിലും സംഘടനയിലും മുഴുകുന്ന ബുദ്ധിജീവി സിനിമയിലോ, സാഹിത്യത്തിലോ തന്റെ ശ്രദ്ധയുടെ പ്രധാന ഭാഗം തിരിച്ചുവിടുന്നത് എത്രമേൽ വിഫലകാരിയാണോ അത്രമേൽ വിഫലകാരിയായിരിയ്ക്കും സാഹിത്യകാരനും മറ്റും സംഘടനാമാർഗങ്ങളിൽ മുഴുകുന്നത്. ഒന്ന് മറ്റൊന്നിനെ നിഷിേധിയ്ക്കുകയല്ല; ഏകാഗ്രതയുടെ പ്രശ്നം പ്രധാനമാകുന്നു എന്ന് മാത്രം

 ***

പ്രകടനപരത പ്രതികരണത്തിന്റെ മുനയൊടിയ്ക്കുന്നു, ശരി തന്നെ. പ്ക്ഷേ, പ്രകടനത്തിന്രെ അഭാവവും അപ്രകാരംതന്നെ ചെയ്യുന്നു. 

***

ഉത്തരങ്ങളുടെ സാദ്ധ്യതിയല്ലാതെ ചോദ്യങ്ങൾ ചോദിയ്ക്കുന്നത്, ഭാഗികമായിട്ടെങ്കിലും പരിണാമപ്രക്രിയകളെ സംരക്ഷിച്ചേക്കും. 

    (ഒരു മെഡിക്കൽ കോളേജ് മാഗസിൻ പത്രാധിപർക്ക് അയച്ച മറുപടിയിൽ നിന്ന്)

ഇത് വളരെ ശരിയാണെന്നാണ് എന്റെ അഭിപ്രായം. ഇത്തരത്തിലാണ് സൈൻസ് ഫിക്ഷൻ പ്രവർത്തിക്കുന്നത്. അതാണ് സൈൻസ് ഫിക്ഷന്റെ ധർമ്മവും എന്ന് കരുതുന്നു. 

***

കാപ്പിറ്റലിസം, കമ്യൂണിസം, ശാസ്ത്രം

    ഇന്നുവരെയുള്ള ശാസ്ത്രത്തെ ഇന്നുതൊട്ടുള്ള ശാസ്ത്രം വെല്ലുവിളിക്കുന്നത് ഡയലക്ടിസ് ആണെന്നു സമാധാനിയ്ക്കാമെങ്കിലും പ്രയോഗത്തിൽ ഈ സമാധാനത്തിനുള്ള പ്രതിബന്ധങ്ങൾ പലവയാണ്. ഇന്നലെവരെയുള്ള ശാസ്ത്രം ബുദ്ധിയുടെയും യുക്തിയുടെയും പുരോഗതിയുടെയും കുത്തകസൂക്ഷിപ്പുകാരനായി സ്വയം സ്ഥാപനവത്കരിച്ചിരിക്കുകയാണ്. ഈ ബുദ്ധിയും യുക്തിയും പുരോഗതിയും തങ്ങളുടെ ഭാഗത്താണെന്നു ശഠിക്കുന്ന രണ്ടു വിരുദ്ധ സാമൂഹികസംവിധാനങ്ങളാണ് മുതലാളിത്തവും കമ്മ്യൂണിസവും. വെറും സമകാലികതയുടെ പശ്ചാത്തലത്തിൽ ഈ വൈരുദ്ധ്യം അപാരമായ ഒരു സംഘട്ടനമായി പെരുകിപ്പന്തലിച്ചുനില്ക്കുന്നുവെങ്കിലും, മനുഷ്യരാശിയുടെ ചരിത്രദൈർഘ്യങ്ങളിൽ ഇത് വിതരോണോപാധികളുടെ താരതമ്യേന നിസ്സാരമായ രൂപപ്പകർച്ചകളായി തരംതാഴുന്നു. 

***

 

ഭോപ്പാൽ ദുരന്തം, കമ്യൂണിസം, കോൺഗ്രസ്.

കീടനാശിനികൾ ശുക്ലധാരയിൽ സ്ഥലംപിടിക്കുന്നതിനേക്കാൾ ആപത്കരമാണ് അവ മാദ്ധ്യമങ്ങളിലും ബഹുജനസ്വീകാര്യതയിലും സ്ഥലം പിടിയ്ക്കുന്നത്. ഭോപ്പാലിൽ സ്ഫോടനമുണ്ടായപ്പോൾ അത് ഒരു ബഹുരാഷ്ട്രകുത്തകയുടെ കുറ്റമാകുന്ന പഴുതിൽ വെടിപ്പോടെ സ്ഥലം പറ്റി. ഇടതുപക്ഷസംഘടനകൾ യൂണിയൻ കൈർബൈഡിന്റെ ഉത്പന്നമായ എവറെഡി ബാറ്ററി ബഹിഷ്കരിയ്ക്കുന്നതിനുള്ള 'സാമ്രാജ്യവിരുദ്ധ' സമരം അഴിച്ചുവിട്ടു. മനസ്സാക്ഷികൾക്കു ശാന്തി കിട്ടി. ഭോപ്പാലിൽ വിഷബാധയേറ്റ രണ്ടു ലക്ഷം അഗതികൾ മലീമസമായ ഒരു കോടതിത്തർക്കത്തിൽ കുടുങ്ങി ജനിതകനാശത്തിലേയ്ക്കും മരണത്തിലേയ്ക്കും നീങ്ങുന്നു. മദ്ധ്യപ്രദേശത്തിലെ കോൺഗ്രസ് സർക്കാർ ഇവരുടെ എണ്ണത്തെ രണ്ടു ലക്ഷത്തിൽ നിന്നു രണ്ടായിരത്തിലേയ്ക്ക്, സ്ഥിതിവിവരക്കണക്കുകളുടെ സഹായത്തോടെ, ചുരുക്കാൻ ശ്രമിയ്ക്കുന്നു. രണ്ടായരമല്ലെന്നു പറയാനായി ഭോപ്പാലിലെത്തിയ ഡേവിഡ് ബെർഗ്മെൻ എന്ന സായിപ്പു പയ്യനെ സി.ഐ.എ ചാരനായി മുദ്രകുത്തി ലോക്കപ്പിലിട്ടു തല്ലിച്ചത്ചചു. ഭോപ്പാലിലെ ചെറുകിടപത്രങ്ങൾ ഈ സി.ഐ.എ. കഥ അതുപടി വിഴുങ്ങി. ഭോപ്പീലിന്റെ ദുരന്തകഥയിലെ പ്രതിനായകൻ സാമ്രാജ്യത്വമല്ല, കീടനാശിനിയാണ്.  

***

മനുഷ്യരാശിയുടെ ഗോത്രവൈവിദ്ധ്യം അതിന്റെ സമ്പൂർണതയുടെ 'കൊളാഷ്' ആണ്. ഈ വൈവിദ്ധ്യത്തെ സഹവർത്തിത്വത്തിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും സാക്ഷാത്കരിച്ചെങ്കിലേ ചരിത്രം ശാന്തമാകൂ.


ഇതിന്റെ മറ്റൊരു രൂപമാണ് ഞാൻ വിശ്വസിക്കുന്നത് എന്നുള്ളത് കൊണ്ട് ഈ വാചകം എന്നെ വല്ലാതെ ആകർഷിച്ചു. എന്തെങ്കിലും തരത്തിലുള്ള വിജയം ഈ കലുഷിതമായ കാലത്ത് സാധ്യമാകുമെങ്കിൽ അത് സ്നേഹത്തിലൂടെയായിരിക്കും എന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. 


***

അന്ധതാപ്രതിരോധ ദേശീയസംഘടനയുടെ (നേഷനൽ സൊസൈറ്റി ഫോർ ദി പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്) അദ്ധ്യക്ഷനായ ഡോക്ടർ മല്ലിക്കിന്റെ കത്ത്: തങ്ങളുടെ പ്രചരണശ്രമങ്ങളെ സഹായിയ്ക്കുന്ന ഒരു കാർട്ടൂൺ എന്റെ പത്രത്തിൽ വരയ്യക്ക്ണം. ഒരു ഹാസ്യചിത്രത്തിൽ ഒതുങ്ങിനില്ക്കാത്ത മാനങ്ങളുള്ള ദുരന്തകഥയാണ് അന്ധതയുടേത്. പട്ടിണി നടമാടുന്ന സിന്ധ്ുഗംഗാതടങ്ങളിൽ അസംഖ്യം കുട്ടികൾ കണ്ണില്ലാതെ പിറന്നുവീഴുന്നു. അവരുടെ അമ്മമാർക്ക് ഗർഭവേളയിൽ ഇത്തിരി ഭക്ഷണവും ആവശ്യമായ ജീവകങ്ങളും കൊടുക്കാൻ കഴിഞ്ഞെങ്കിൽ ഈ കുട്ടികൾ തെളികണ്ണുകളുമായി പിറവികൊള്ളുമായിരുന്നു. ഹാസ്യചിത്രത്തിനു വിധേയമാകേണ്ടത് അന്ധത എന്ന അന്യപ്രശ്നമല്ല, മറിച്ച് പ്രശ്നത്തിന്റെ ആദിഹേതുക്കളാണ്. സ്വന്തം പ്രജകൾക്കു കുടിനീരും കഞ്ഞിയും കൊടുക്കാൻ നാല്പതു കൊല്ലമായി മിനക്കെട്ടിട്ടില്ലാത്ത ഭാരതത്തിന്റെ ഭരണവർഗം ദേശീയസമ്പത്തിന്റെ സിംഹഭാഗം ആയുധകമ്പോളത്തിൽ ചെലവിടുന്നു. ആയുധശേഖരത്തെ നീതീകരിയ്ക്കാൻ ഉതകുന്ന ഹീന രാഷ്ട്രീയത്തെ അവർ സംവിധാനംചെയ്യുന്നു. എന്നിട്ട് ഓരോ കോളിലും വിഹിതം തട്ടിയെടുക്കുന്നു. ഈ തട്ടിപ്പു കാണാൻ കഴിയാത്തവിധം സാധാരണ ജനത്തിന്രെ കണ്ണുകളിൽ ദേശീയതയുടെ തിമിരം മൂടിക്കിടക്കുന്നു. ഇതിനേക്കാൾ ക്രൂരമായ ഒരു ഹാസ്യചിത്രം മറ്റെന്താണ്? 

ഇത്തരം അഭിപ്രായം ഞാൻ പറഞ്ഞിട്ടുള്ളപ്പോൾ ദേശീയതയുടെ തിമിരം ബാധിച്ചവർ ക്ലബ്ഹൌസിലും മറ്റും എന്നെ വല്ലാതെ ആക്രമിച്ചിട്ടുണ്ട്. ഇവിടെ പറഞ്ഞ കാർട്ടൂൺ വിജയൻ വരച്ചോ എന്ന് അറിയില്ല. ഗൂഗിളിൽ നോക്കിയിട്ട് ഒന്നും കിട്ടിയില്ല. ഈ കാർട്ടൂൺ ആരുടെയെങ്കിലും കൈയ്യിലുണ്ടെങ്കിൽ പങ്ക് വയ്ക്കാമോ? 

***

ഐസക് അസിമോവിന്റെ മനോഹരമായ ഒരു ശാസ്ത്രകഥ വായിച്ചത് ഓർക്കുന്നു. 'ഞാൻ, റോബോട്ട്'. മനുഷ്യരേക്കാൾ ബുദ്ധിയുള്ള യാന്ത്രിക മസ്തിഷ്കങ്ങൾ ഭൂമി ഭരിക്കുന്ന ഒരു കാലം. സാത്വികരായ ഈ യന്ത്രങ്ങക്ഷ മനുഷ്യനെ പ്രകൃതിയിലേയ്ക്കു വീണ്ടും നയിയ്ക്കുന്ന മനോഹരദർശനത്തിൽ കഥ അവസാനിയ്ക്കുന്നു. 

    ഇത്തരമൊരു സ്വാതന്ത്ര്യം മനുഷ്യന് തരാൻ സോവിയറ്റ് യൂണിയന്റെ ഈ കണ്ണാടികൾക്കു കഴിഞ്ഞെന്നുവരും. പക്ഷേ, മനുഷ്യനു സ്വാതന്ത്ര്യം നിഷേധിയ്ക്കുന്നത് മനുഷ്യൻതന്നെയാണ്, വിഭാഗീയവീക്ഷണങ്ങളും സ്പർദ്ധയുടെ തത്ത്വശാസ്ത്രങ്ങളും. പടനിലം മനസ്സിലാണ്. 

 

'ഒരു കിലോമീറ്റർ വീതം വീതിയുളള് പന്ത്രണ്ട് പ്രതിഫലനികളെ സോവിയറ്റ് യീണിയൻ ബഹിരാകാശത്തിൽ സ്ഥാപിയ്ക്കാൻ പോകുന്നു. ഈ കണ്ണാടികൾ സൌരോർജത്തെ ശേഖരിച്ച് ലേസർ ബീമുകൾവഴി ഭൂമിയിലെ കേന്ദ്രങ്ങളിൽ എത്തിക്കും' എന്ന അക്കാലത്തെ വാർത്തയോട് ചേർത്താണ് വിജയൻ ഇത് പറഞ്ഞത്. ഞാൻ അസിമോവിനെ വായിക്കാൻ തുടങ്ങി. അസാമാന്യ കഥകൾ. കാലത്തിന് മുമ്പ് സഞ്ചരിച്ച മറ്റൊരെഴുത്തുകാരൻ, അസിമോവ്. 

***

മാർക്സിസത്തിന്റെ പ്രശ്നത്തെ ഇത്ര ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളെയും ഞാൻ വായിച്ചിട്ടില്ല. വായന കുറവായതുകൊണ്ടാവാം. ഇത് നോക്കൂ. 

'ഇന്നലെ ചെയ്തോരബദ്ധം-' എന്നാൽ, ഇന്നലത്തെ അബദ്ധങ്ങൾ മാത്രമല്ല, ഇന്നലത്തെ പ്രൌഢമായ സുബദ്ധങ്ങളും കാലഗതിയിൽ കീറാമുട്ടികളായിത്തീരുന്നു. പിറവിയെടുത്ത ഏതു വസ്തുവും, ആശയമാകട്ടെ, ഘനപദാർത്ഥമാകട്ടെ, അനിവാര്യമായ ജീർണ്ണതയിൽ ചെന്നടിഞ്ഞേ പറ്റൂ. ഇങ്ങനെ നശിക്കുന്നത് ഒരചേതനപദാർത്ഥമാണെങ്കിൽ പ്രശ്നമില്ല; അതു വിഘടിതമാകുകയും പരിണമിയ്ക്കുകയും ചെയ്യുന്നു. അതിന് അതിന്റെ പൂർവ്വരൂപത്തിലും പൂർവ്വസ്ഥായിയിലും തുടന്നുപോകുന്നതിൽ സ്ഥാപിതതാത്പര്യമുണ്ടാകാൻ തരമില്ലല്ലോ. ആശയങ്ങളും ഇപ്രകാരംതന്നെ, ദ്രോഹകാരികളാവാതെ സ്മൃതിപടലങ്ങളുടെ അപ്രസക്തമേഖലകളിലേക്കു നീങ്ങുന്നു. എന്നാൽ, താത്പര്യങ്ങളോടും സംഘടനകളോടും ബന്ധപ്പെട്ടുകിടക്കുന്ന ആശയങ്ങളുടെ സ്ഥിതി മറിച്ചാണ്. ഇവയ്ക്ക് അപചയം നേരിടുമ്പോൾ, അത് അവയിൽ ഊന്നി നിൽക്കുന്ന താത്പര്യങ്ങളുടെയും സംഘടനകളുടെയും ദൌർബല്യമായിത്തീരുന്നു. 

***

On nuclear weapons

1974-ൽ പൊഖ്റാൻസ്ഫോടനം സമാധാനപരമായിരുന്നില്ലെന്നും അത് ആണവ ആയുധിയുടെ ഒരു പരീക്ഷണമായിരുന്നുവെന്നും എഴുതിപ്പോയെങ്കിൽ അത് രാജ്യദ്രോഹമാകും. (പതിമ്മൂന്നു കൊല്ലം കഴിഞ്ഞെങ്കിലും ആ സ്ഫോടനത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെന്തെന്ന് ഇന്ത്യൻ ഭരണകൂടം ഇതുവരെ വെളിവാക്കിയിട്ടില്ല.) നാം 1974-ൽ ചെയ്തത് 1987-ൽ പാകിസ്ഥാൻ ചെയ്യാൻ തുനിയുന്നതിനെക്കുറിച്ചാണ് നമ്മുടെ ആവലാതി. 

***

വർഷങ്ങൾക്കുമുമ്പ്, ആണവഊർജത്തിനു ബദലായി, പരേതനായ മേഘനാദസാഹ ഒരു സൌരഊർജ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചിരുന്നുവത്രേ. ഡോക്ടർ ഭാഭയുടെ നേതൃത്വത്തിലുള്ള ആണവലോബി മേഘനാദസാഹയുടെ ബ്ലൂ പ്രിന്റിനെ മാത്രമല്ല സാഹയെത്തന്നെ നീക്കം ചെയ്തുവെന്നു പറയപ്പെടുന്നു. 

മേഘ്നാദ് സാഹ

By Unknown author - http://www.rkmstudentshome.org/our-inspirations/, Public Domain, https://commons.wikimedia.org/w/index.php?curid=39500054
 

***

    ആറാം പഞ്ചവത്സരപദ്ധതി (1980-1985) സയൻസ് ആന്റ് ടെക്നോളജിയുടെ ഗവേഷണവികസന ബജറ്റിൽ താഴെപ്പറയുന്ന തുകകൾ വകവെച്ചിരുന്നു. 

1. ആണവഊർജം (ഗവേഷണവും വികസനവും മാത്രം, നിർമിതിയല്ല) - 533.57 കോടി

2. ബഹിരാകാശം (ശാസ്ത്രവും ടെക്നോളജിയും മാത്രം) 392.72 കോടി

3. കുടുംബാസൂത്രണം 2 കോടി

4. തൊഴിൽക്ഷേമം - 1.06 കോടി

5. ഗ്രാമീണപുനരുത്ഥാനം - 10.05 കോടി

6. ഭവനനിർമാണം - 5.80 കോടി

7. സൌരഊർജം മുതലയായ സൌമ്യ ഇനങ്ങൾക്ക് - 7.06 കോടി

 

കണക്കുകൾ സംസാരിക്കുന്നു!

***

    ഇന്ത്യയും അണുബോംബ് നിർമ്മിയ്ക്കണമെന്ന ആവശ്യം ഈയിടെയായി ഉയരാൻ തുടങ്ങിയിരിയ്ക്കയാണ്. ഈ അപസ്വരത്തിന്റെ ഏറ്റവും ശക്തനായ ഉടമ ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ശ്രീ സുബ്രഹ്മണ്യമാണ്. കണക്കുകൂട്ടി നിഗമനങ്ങളിലെത്തുന്ന ചാർട്ടേർഡ് എക്കൌണ്ടന്റ്, വൈദികബ്രാഹ്മണൻ കോഴിയെ കൊല്ലുന്നത് കണ്ടിരിയ്ക്കാനിടയില്ലാത്ത ഈ സസ്യഭോജി എന്തു പ്രസാദദാർഢ്യത്തോടുകൂടിയാണ് അണു ബോംബ് നിർമ്മിതിയ്ക്കുവേണ്ടി വാദിയ്ക്കുന്നത്!

സസ്യഭോജികൾ എന്തൊക്കെ കാര്യങ്ങൾക്ക് വേണ്ടിയാണ് പ്രസാദദാർഢ്യത്തോടുകൂടി വാദിക്കുന്നതെന്ന് ഇന്നും ഇന്ത്യ കാണുന്നു. 

***

നെഹ്റുവിനെപ്പറ്റി അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു കഥ. 

    നെഹ്റുവിനെ സംബന്ധിയ്ക്കുന്ന ഒരു സംഭവവും ഓർമ്മവരുന്നു. ബോംബെയിലെ കൊക്കക്കോള ഫാക്ടറിയടുെ ഉദ്ഘാടനം നെഹ്റു ആദ്യത്തെ കുപ്പിയിൽനിന്ന് കുടിക്കാൻ തുടങ്ങിയതും ഫോട്ടോഗ്രാഫർമാരുടെ ഫ്ലാഷ് ബൾബുകൾ മിന്നി. എന്നാൽ, ഒരു പാവപ്പെട്ട ഫോട്ടോഗ്രാഫർക്ക് മുഹൂർത്തം നഷ്ടമായി. അയാൾ തന്രെ ക്യാമറ ശരിപ്പെടുത്തുകയായിരുന്നു. ഒരു കൊക്കക്കോള സമ്പാദിച്ചുകൊണ്ട് അയാൾ നെഹ്റുവിനെ സമീപിച്ചു. ചിത്രമെടുക്കാൻ! അയാൾ നെഹ്റുവിനോട് താൻ കൊണ്ടുവന്ന കൊക്കക്കോള കുടിയ്ക്കാനപേക്ഷിച്ചു...

...ആ സംഭവം ഒരസുഖസൂചനയായി ഇന്നും എന്നിൽ അവശേഷിയ്ക്കുന്നു. നെഹ്റു ഫോട്ടോഗ്രാഫറുടെ കൈയ്യിൽനിന്ന് കുപ്പി വാങ്ങി നിലത്തെറിഞ്ഞുടച്ചു. 

 

നെഹ്റു എന്തിനാണ് കൊക്കക്കോള ഫാക്ടറി ഉദ്ഘാടനം ചെയ്യാൻ നിന്നത്? 

***

    മാർക്സിന് ശുണ്ഠി വന്നതിനരെ കഥയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന് കുസൃതിക്കാരായ ചരിത്രകാരന്മാർ പറയുന്നു. പിയർ ജോസഫ് പ്രൂദോൺ (Pierre Joseph Proudhon) എന്ന ഫ്രഞ്ച് സോഷ്യലിസ്റ്റിനുനേരെ മാർക്സ് ശുണ്ഠിയെടുത്തെന്ന് ഐതിഹ്യം. മാനിറെസ്റ്റോവിന്രെ രചനയിൽ സഹകരിയ്ക്കാൻ മാർക്സ് പ്രൂദോണിനെ ക്ഷണിയ്ക്കുകയുണ്ടായത്രെ. മാർക്സിനു പറയാനുള്ള കാര്യങ്ങൾ വിപ്ലവാത്മകമായിരുന്നു. എന്നാൽ തൊഴിലാളിവർഗ്ഗ വിത്തശാസ്ത്രത്തിൽ ഒതുങ്ങിനില്ക്കാൻ പ്രൂദോൺ തയ്യാറായില്ല. എല്ലാത്തരത്തിലുള്ള സ്വത്തും മോഷണമെന്നായിരുന്നു പ്രൂദോണിന്റെ പ്രമാണം. (All property is theft) പില്ക്കാലങ്ങളിൽ, ഈ നിസ്സഹകരണത്തിന്, തന്റെ ഗ്രന്ഥങ്ങളൂടെ മാർക്സ് പ്രൂദോണിനെ ശിക്ഷിയ്ക്കുകയുണ്ടായി. 

***

On Kashmir 

    പാകിസ്ഥാനും നമുക്കുമിടിയിലുള്ള പ്രശ്നം ഉത്തരേന്ത്യൻ ഹിന്ദുവിന്റെ വർഗ്ഗീയതയുമായി ബന്ധപ്പെട്ടതാണ്. കാശ്മീരികളായ ഭരണകുടുംബത്തിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണ്. ഈ രണ്ടു ഘടകങ്ങളും പ്രശ്നപരിഹാരത്തിനു മുമ്പിൽ വിലങ്ങുതടികളായിക്കിടക്കുന്നു. എന്നാൽ, സൌഹാർദ്ദത്തിനുള്ള ദാഹം ഇരുരാജ്യങ്ങൾക്കുമുണ്ടുതാനും. നേതാക്കന്മാർക്കല്ല, ജനങ്ങൾക്ക്. 

On Marxism, again.

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ പരിമിതമായ ശാസ്ത്രവിജ്ഞാനവും, യൂറോപ്പിന്റെ, ജർമ്മനിയുടെ, ദർശനധാരകളുമായിരുന്നു മാർക്സിന്റെ നിഗമനങ്ങൾക്ക് ആധാരം. ഈ പരിമിതികൾ ഇന്ന് ഒരങ്കലാപ്പാണ്. എന്നാൽ, പരിമിതിയില്ലാത്ത ഒന്നുണ്ടായിരുന്നു മാർക്സിസത്തിനകത്ത്: സാമ്യവാദത്തിന്റെ നൈതികത, ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ വാഗ്ദാനം. പരിമിതിയെ ന്യായീകരിയ്ക്കുകയും ആ ന്യായീകരണത്തിലൂടെ വാഗ്ദാനത്തെ ദുർബലമാക്കുകയും ചെയ്യുക എന്നതാണ് കമ്മ്യൂണിസ്റ്റ് കക്ഷികളുടെ ദുർവിധി. 

ക്വിറ്റ് ഇന്ത്യ സമരത്തെ, കമ്യൂണിസ്റ്റുകാർ, ബ്രിട്ടിഷ് സാമ്രാജ്യത്വത്തോട് ചേർന്ന് നിന്ന് എതിർത്തത് പൊറുക്കാനാവത്ത അപരാധമായെന്ന് ഒ.വി. വിജയൻ പറയുന്നു. 

...കഥയായാലും കാച്ചിൽനടലായാലും കമ്മ്യൂണിസ്റ്റ് നാടുകളിൽ പാർട്ടിയും പാർട്ടിത്തലവനും പറയുന്ന അഭിപ്രായമാണു സത്യം; മറ്റെല്ലാം തെറ്റാണ്. കലയും കമ്മ്യൂണിസവും തമ്മിൽ ഇത്തരമൊരു ബന്ധമുണ്ട്. കല അധികാരത്തിലിരിക്കുന്ന കക്ഷിയുടേതാണ്. 

ഹിന്ദുത്വയെക്കുറിച്ച്

    ഇസ്ലാമിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കുമുള്ള മതപരിവർത്തനങ്ങൾ നമ്മെ ഭയപ്പെടുത്താന കാരണം വിഭജനത്തിന്റെ അനുഭവമാണ്. വിഭജനത്തിനുത്തരവാദികൾ ഇസ്ലാമിക മൌലികവാദവും ബ്രിട്ടീഷ സാമ്രാജ്യത്വവുമാണെന്നു സമാധാനിയ്ക്കുന്നതിലൂടെ നാം നമ്മുടെ ചുമതലയിൽ നിന്ന് ഒഴിയുന്നു. അസംഘടിതവും അസഹിഷ്ണുതയുടെ രൂപത്തിൽ പ്രകടമായതുമായ, സൌമ്യമെങ്കിലും കടുത്ത മുഷ്കുള്ള ഹിന്ദുമൌലികവാദം എത്രകണ്ട് ഇതിൽ പങ്കുവഹിച്ചു എന്നു പരിശോധിയ്ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിയ്ക്കുന്നു. 

ഇന്ന് ഈ ഹിന്ദുമൌലികവാദം അസംഘടിതമല്ല. സൌമ്യവുമല്ല. 

 

ഒ.വി. വിജയന്റെ എല്ലാ അഭിപ്രായങ്ങളോടും എനിക്ക് യോജിപ്പില്ല. ഇസ്രായേലിനെപ്പറ്റി, ശാസ്ത്രത്തെപ്പറ്റിയെല്ലാം പറഞ്ഞിട്ടുള്ള ചില കാര്യങ്ങളോട് കടുത്ത വിയോജിപ്പാണുള്ളത്. എന്നാൽ ഇവിടെ ഉദ്ധരിച്ചിട്ടുള്ളവയോട് പൂർണമായും യോജിക്കുന്നു. അവയെല്ലാം ഇന്നും പ്രസക്തമാണെന്ന് വിശ്വസിക്കുന്നു. നെഹ്രു Coca-Cola factory ഉൽഘാടനം ചെയ്യുന്നതിന്റെ ഒരു പടം പോലും കിട്ടിയില്ല. അന്ന് അത്രയും ഫോട്ടോഗ്രാഫർമാർ ക്ലിക്ക് ചെയ്തിട്ടും ഒരെണ്ണം പോലും നെറ്റിൽ കയറിക്കൂടാഞ്ഞത് യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ പ്രയാസം.   

Tuesday, 1 December 2020

അമര്‍ത്യ സെന്‍ - ദി ആര്‍ഗ്യുമെന്റേറ്റിവ് ഇന്റ്യന്‍ - 2

ദി ആര്‍ഗ്യുമെന്റേറ്റിവ് ഇന്റ്യനിലെ രണ്ടാമത്തെ ലേഖനം 'Inequality, Instability and Voice' എന്നാണ്. യാഥാസ്ഥിതികതയില്‍ നിന്നും വ്യതിചലിക്കാനുള്ള പ്രവണത പ്രോല്‍സാഹിപ്പിക്കുന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്ക് ഉണ്ടെന്നും അത് ജനാധിപത്യത്തെ സഹായിച്ചിട്ടുണ്ടെന്നുമായിരുന്നു ആദ്യ ലേഖനത്തില്‍ സെന്‍ സമര്‍ത്ഥിച്ചത്. എന്നാല്‍ ഇത് നമ്മുടെ സാമൂഹിക അനാചാരങ്ങളെയോ അസമത്വത്തെയോ ഇല്ലാതാക്കുന്നതില്‍ എന്തെങ്കിലും തരത്തില്‍ സഹായിച്ചിട്ടുണ്ടോ എന്നാണ് ഈ ലേഖനത്തില്‍ അന്വേഷിക്കുന്നത്. 

ജാതിവ്യവസ്ഥ ഉള്‍പ്പെടെ അസമത്വത്തിന്റെ ഒരു നീണ്ട നിര തന്നെ ഇന്ത്യയലുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല മതക്കാരും ഇന്ത്യയില്‍ വന്ന് അവരവരുടെ ജീവിതം നയിക്കുന്ന കാഴ്ച നമ്മള്‍ കാണുന്നുണ്ട്. എന്നാല്‍ ഇവിടെ നമ്മുടെ പാരമ്പര്യം സ്വീകരിക്കലിന്റേതാണ്. ഏത് മതക്കാരായാലും അവരെ സ്വീകരിക്കുന്നു. എന്നാല്‍ സ്വീകരിക്കുക (സംസ്കൃതത്തില്‍ സ്വീകൃതി എന്നാണത്രെ പറയുന്നത്) എന്നത് സമത്വം ഉറപ്പ് വരുത്തുന്നില്ല. ഈ സ്വീകാര്യതയെപ്പോലും ഹിന്ദുത്വ ശക്തികള്‍ എതിര്‍ക്കുന്നുണ്ട് എന്നുള്ളതും ഒരു സത്യമാണ്. എല്ലാ തരം ആളുകളെയും സ്വീകരിക്കുക എന്നുള്ളത് അതിന്റേതായ നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു നിലപാടുമാണ്. പക്ഷെ അസമത്വം അതുകൊണ്ട് ഇല്ലാതാവുന്നില്ല എന്ന് സെന്‍ പറയുന്നു. പ്രത്യേകിച്ചും സാമൂഹികവും സാമ്പത്തികവുമായ അസമത്വം. 

ജനാധിപത്യം പിന്തുടര്‍ന്നിട്ടും ഈ അസമത്വം ഇല്ലാതാവുന്നില്ല എന്നുള്ളത് പക്ഷെ ജനാധിപത്യത്തിന്റെ പോരായ്മയായി കാണുകയല്ല വേണ്ടത്. ജനാധിപത്യം പൂര്‍വാധികം ശക്തിയോടെ നടപ്പിലാക്കുന്നതിലൂടെത്തന്നെയാണ് അസമത്വം ഇല്ലാതാവുക എന്ന് സെന്‍ പറയുന്നു. ഉദാഹരണമായി കാണിക്കുന്നത്, നമ്മുടെ ഭരണഘടന ഉറപ്പ് തരുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ അഭിപ്രായസ്വാതന്ത്യം മാത്രമല്ല, Directive Principles of  State Policy എന്ന ഭാഗത്ത് ചില സാമ്പത്തിക, സാമൂഹിക അവകാശങ്ങളും ഉണ്ട്. ഉദാഹരണത്തിന്, എല്ലാ കുട്ടികളുടെയും നിര്‍ബന്ധിത വിദ്യാഭ്യാസം, എല്ലാവര്‍ക്കും ഉപജീവനത്തിനുള്ള അവകാശം എന്നതെല്ലാം. ഇതൊന്നും ഇല്ല എന്ന് വരുന്ന സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാം എന്ന് മാത്രമല്ല, ജനങ്ങള്‍ പ്രക്ഷോഭിക്കുകയും ചെയ്യും.

Saturday, 28 November 2020

അമര്‍ത്യ സെന്‍ - ദി ആര്‍ഗ്യുമെന്റെറ്റിവ് ഇന്റ്യന്‍ - 1

 

ജീവിതത്തെ ഭയങ്കരമായി സ്വാധീനിക്കാന്‍ പോകുന്ന പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ത്തന്നെ നമുക്കത് അനുഭവിക്കാന്‍ പറ്റും. അംബേദ്കറുടെ Annihilation of Caste, താര്‍കോവിസ്കിയുടെ Scultpting in Time ഒക്കെ ഇക്കൂട്ടത്തിലായിരുന്നു എനിക്ക്. ഇപ്പോഴിതാ, വൈകിയാണെങ്കിലും അമര്‍ത്യ സെന്നും. മുഴുവന്‍ പുസ്തകത്തെക്കുറിച്ച് എഴുതാമെന്നു വെച്ചാല്‍ നീളം കൂടിപ്പോവും. പുസ്തകത്തിലെ ഓരോ ലേഖനവും എന്തിനെക്കുറിച്ചാണെന്ന് പറയാം. പ്രധാന പോയിന്റുകളും. 

മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖനങ്ങളില്‍ പറയുന്നത്. 

* സംവാദം എന്ന ആശയവുമായി ഇന്ത്യയ്ക്കുള്ള ബന്ധം. 

* ഈ ആശയത്തിന്റെ ഇപ്പോഴത്തെ പ്രസക്തി

* നിലവിലെ സാസ്കാരിക വ്യവഹാരങ്ങളില്‍ ഈ ആശയത്തെ അവഗണിക്കും വിധം

2005 ഇല്‍ പ്രസിദ്ധീകരിച്ച കളക്ഷനില്‍ അതിനും പത്ത് വര്‍ഷം മുമ്പ് തൊട്ട് എഴുതിയിട്ടുള്ള ലേഖനങ്ങളാണ്. പകുതിയോളം 2003-2002 കാലഘട്ടത്തില്‍ എഴുതിയതാണ്. ഇത് പറയാന്‍ കാരണം, പതിനഞ്ച് വര്‍ഷത്തിന് ശേഷം നോക്കുമ്പോള്‍, ഇതില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രത്യേകിച്ചും ബി.ജെ.പി അധികാരത്തിലുള്ള ഇന്ത്യയില്‍. 

ഇന്ത്യയിലെ സംവാദപാരമ്പര്യത്തിന് തെളിവായി പലതും സെന്‍ നിരത്തുന്നുണ്ട്. കൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സംവാദമാണ് ഗീത. (കൃഷ്ണന്‍ അത്ര ഭദ്രമല്ലാത്ത വാദങ്ങള്‍ നിരത്തി രക്ഷപ്പെട്ടു കളഞ്ഞു എന്നാണ് സെന്നിന്റെ അഭിപ്രായം. ചെറുപ്പത്തില്‍ ഈ അഭിപ്രായം പറഞ്ഞാല്‍ വല്ല കുഴപ്പവുമുണ്ടോ എന്ന് സെന്‍ ടീച്ചറോട് ചോദിച്ചത്രെ. ടീച്ചര്‍ പറഞ്ഞത്, പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, പക്ഷ അത്യാവശ്യം ബഹുമാനത്തോടെ വേണം പറയാന്‍ എന്നാണ്. 2000 ഇല്‍ താന്‍ ഇതിനെക്കുറിച്ച് ഒരു ലേഖനം എഴുതി എന്നും, വേണ്ടത്ര ബഹുമാനം കൊടുത്തുകൊണ്ടാണെന്ന് വിചാരിക്കുന്നു എന്നും സെന്‍ അടിക്കുറിപ്പില്‍ പറയുന്നുണ്ട്. അത് വായിച്ചാണ് എന്റെ സെന്‍ പ്രേമം തുടങ്ങിയത്.) ഇത് പക്ഷെ ഇപ്പോഴത്തെ ഹിന്ദുത്വവാദികളുടെ താല്‍പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതായത്, എന്ത് കാര്യം പറഞ്ഞാലും ഇത് പണ്ടേ രാമായണത്തിലും മഹാഭാരത്തിലുമൊക്കെ ഉണ്ടായിരുന്നു, വേദങ്ങളില്‍ ഇല്ലാത്തതായി ഒന്നുമില്ല എന്നൊക്കെ പറയുന്ന ഹിന്ദുത്വ വാദികളുടെ ഒരു പ്രധാന ശത്രുവാണ് യഥാര്‍ത്ഥത്തില്‍ അമര്‍ത്യ സെന്‍. കാരണം, വേദങ്ങളും പുരാണങ്ങളുമൊക്കെ പറയുന്നതനുസരിച്ച്, ഇവര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന പൊതുസംവാദം എന്ന ആശയത്തിന്റെ മഹത്വമാണ് കാണാന്‍ സാധിക്കുക എന്ന് സെന്‍ പറയുന്നു. 

മാത്രമല്ല, നമ്മുടെ പരമ്പരാഗതവാദങ്ങളെ ചോദ്യം ചെയ്യുന്ന പാരമ്പര്യം ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഉണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ പലപ്പോഴും ഇന്ത്യയെ മതവും ആദ്ധ്യാത്മികതയും മറ്റുമായി മാത്രം ബന്ധപ്പെടുത്താറുണ്ട്. ഹാര്‍വാര്‍ഡില്‍ ചെന്നപ്പോള്‍ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങളെല്ലാം 'Religion' എന്ന സെക്ഷനിലായിരുന്നു എന്ന് സെന്‍ ഒന്നില്‍ കൂടുതല്‍ തവണ ഓര്‍ക്കുന്നുണ്ട്. പക്ഷെ ഇപ്പറഞ്ഞ ആദ്ധ്യാത്മികതയും ഭക്തിയുമെല്ലാം ചോദ്യം ചെയ്യുന്ന പാരമ്പര്യവും ഇന്ത്യയില്‍ ശക്തമായിരുന്നു, രേഖകളുടെ അടിസ്ഥാനത്തില്‍. നിരീശ്വരവാദികളും, അഗ്നോസ്റ്റിക്കുകളുമൊക്കെ അണിനിരക്കുന്ന സംവാദങ്ങള്‍ ഉപനിഷദുകളില്‍, രാമായണം, മഹാഭാരതം, വേദങ്ങള്‍ എന്നിവയില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട് സെന്‍. സംസ്കൃതം മതത്തെക്കുറിച്ച് പറയാനുപയോഗിച്ചിരുന്ന ഭാഷ എന്ന നിലയില്‍ മാത്രം കാണുന്നത് തന്നെ ശരിയല്ല. ലോകായത തത്വചിന്ത, ചര്‍വാക സ്കൂള്‍ ഒക്കെ ദൈവം ഇല്ല എന്ന് വാദിച്ചത് സംസ്കൃതത്തിലാണ്. എന്നാല്‍ ഈ ചിന്താധാരകളോടുള്ള അവഗണനയെല്ലാം പാശ്ചാത്യലോകം കാമസൂത്രയ്ക്ക് കൊടുക്കുന്ന പ്രാധാന്യത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് സെന്‍ കളിയാക്കുന്നു. 

പൊതുസംവാദം എന്ന ആശയം ജനാധിപത്യവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒന്നാണെന്നാണ് സെന്നിന്റെ വാദം. ചരിത്രപരമായും ഇത് ശരിയാണെന്ന് സെന്‍ പറയുന്നു. ജനാധിപത്യത്തിന്റെ തുടക്കം എപ്പോഴും ഇത്തരത്തില്‍ സംവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇടങ്ങളിലാണ്. (ഏഥന്‍സ് ഓര്‍ക്കുക) ഇന്ത്യയ്ക്ക് അത്തരത്തില്‍ ഒരു പാരമ്പര്യം നേരത്തേ ഉള്ളതുകൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടണ്‍, അമേരിക്ക, യൂറേപ് മോഡലുകളെപ്പോലെ ശക്തമായ ജനാധിപത്യ ഭരണഘടന പിന്തുടരാന്‍ തീരുമാനിക്കുന്ന നോണ്‍ വെസ്റ്റേണ്‍ ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞത് എന്നും സെന്‍ പറയുന്നു. 

ജനാധിപത്യം പിന്തുടരാന്‍ തീരുമാനിക്കുന്നതില്‍ മാത്രമല്ല, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിലും ഇന്ത്യ മിടുക്ക് കാണിച്ചു. മറ്റ് പല രാജ്യങ്ങളെയും പോലെ, ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ഒരു അഥിതി അല്ല, ഇന്ത്യയില്‍ ജനാധിപത്യം. ജനാധിപത്യവിരുദ്ധമായ എന്തെങ്കിലും കണ്ടുകഴിഞ്ഞാല്‍  അതിനെ അപ്പാടെ തള്ളിക്കളയാന്‍ ഇന്ത്യന്‍ ജനത പ്രവര്‍ത്തിക്കാറുണ്ട്. അടിയന്തരാവസ്ഥ എന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ പദ്ധതി നടപ്പിലാക്കിയ സര്‍ക്കാരിനെ 1977 ലെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമായി സെന്‍ പറയുന്നത്. 

എന്നാല്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാശ്ചാത്യ ലോകത്തിന്റെ ഒരു ദാനമാണ് ഇന്ത്യയുടെ ജനാധിപത്യം എന്നുള്ള ധാരണ തെറ്റാണ് എന്ന് മനസ്സിലാക്കണം. അതേ സമയം, ഇന്ത്യയുടെ പാരമ്പര്യത്തിന് മാത്രം സ്വന്തമായ എന്തെങ്കിലും കാര്യം കാരണം ജനാധിപത്യം ഇന്ത്യയ്ക്ക് പ്രത്യേകമായും ചേരും എന്നുള്ള ധാരണയും തെറ്റാണ്. മറിച്ച് പൊതുസംവാദത്തിന് ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കാനും പരിരക്ഷിക്കാനും പ്രത്യേക കഴിവുണ്ട് എന്നുള്ളതാണ് സത്യം. 

പൊതു സംവാദം എന്നതുകൊണ്ട് എന്താണ് താന്‍ അര്‍ത്ഥമാക്കുന്നതെന്ന് ജോണ്‍ റാഉള്‍സിനെ ഉദ്ധരിച്ചുകൊണ്ട് സെന്‍ വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് രാഷ്ട്രീയ സംവാദങ്ങളില്‍ പങ്ക് ചേരാനും പൊതുജനത്തെ സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിക്കാനുമുള്ള അവസരമാണ് പൊതു സംവാദം. പൊതു തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഇതിന്റെ ഒരു ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പക്ഷെ പൊതുസംവാദത്തിന് ആളുകള്‍ക്ക് ലഭിക്കുന്ന അവസരത്തെ അനുസരിച്ചിരിക്കും എന്ന് സെന്‍ പറയുന്നു. 

ഇന്ത്യയിലെ പൊതുസംവാദ പാരമ്പര്യത്തെ വളരെയധികം സഹായിക്കുന്നതില്‍ ബുദ്ധിസത്തിന് വലിയ പങ്കുണ്ട് എന്ന് സെന്‍ ചൂണ്ടിക്കാണിക്കുന്നു. (ഇതും ഹിന്ദുത്വവാദികള്‍ക്ക് രസിക്കില്ലല്ലോ) അശോക ചക്രവര്‍ത്തിയുടെ സംരംഭങ്ങള്‍ ഇതില്‍ വളരെ പ്രധാനമാണ്. അശോകയുടെ സംവാദത്തോടുള്ള സ്നേഹം, അതിന് നിയമാവലി ഉണ്ടാക്കാനുള്ള ശ്രമം, എന്നിവയുടെ അനുരണനം പിന്നീടുള്ള ഇന്ത്യന്‍ ചരിത്രത്തില്‍ കാണാം. പ്രത്യേകിച്ചും മുഗള്‍ രാജാവ് അക്ബറിന്റെ കാര്യത്തില്‍. അക്ബറിന്റെ അഭിപ്രായത്തില്‍ പാരമ്പര്യവാദത്തേക്കാള്‍ യുക്തിഭദ്രമായ സംവാദങ്ങളാണ് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യമായിരുന്നത്.

ജനാധിപത്യത്തെ മാത്രമല്ല, സെക്യുലറിസത്തെയും ശക്തിപ്പെടുത്താന്‍ യാഥാസ്ഥിതികതയില്‍ നിന്ന് വ്യതിചലിച്ചുള്ള സംവാദങ്ങള്‍ ഇന്ത്യെ സഹായിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ സെക്യുലറിസത്തില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് ഇന്ത്യയില്‍ സെക്യുലറിസം പ്രവര്‍ത്തിക്കുന്നതെന്നും അതിന് ഈ സംവാദ പാരമ്പര്യം സഹായിച്ചിട്ടുണ്ട് എന്നും സെന്‍ പറയുന്നു. ഉദാഹരണത്തിന്, ഫ്രാന്‍സിലെ സെക്യുലറിസം ഏത് തരത്തിലുള്ള മതപരമായ ചിഹ്നങ്ങളെയും പൊതു ഇടങ്ങള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍ എന്നിവിടങ്ങളില്‍ വിലക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സെക്യുലറിസം ഇങ്ങനെയല്ല. രണ്ട് തരത്തിലാണ് സെക്യുലറിസം നടപ്പിലാക്കാന്‍ പറ്റുന്നത്. ഒന്നാമത്തേതില്‍ സ്റ്റേറ്റ് എല്ലാ മതങ്ങളില്‍ നിന്നും തുല്യമായ അകലം പാലിക്കുന്നു. രണ്ടാമത്തേതില്‍ സ്റ്റേറ്റ് ഏത് മതവുമായും ഇടപെടുന്നത് തന്നെ വിലക്കുന്നു. ഫ്രാന്‍സില്‍ രണ്ടാമത്തേതും ഇന്ത്യയില്‍ ഒന്നാമത്തേതുമാണ് സെക്യുലറിസത്തിന്റെ ഉടുപ്പ്. ഇത് നേരത്തെ പറഞ്ഞ അശോകയും അക്ബറും പരിപാലിച്ച നയങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് അനുഭവപ്പെടുന്നത്. അക്ബറിന്റെ സംവാദസസ്സുകളില്‍ എല്ലാ മതത്തിലെയും പ്രതിനിധികളുണ്ടായിരുന്നു. നിരീശ്വരവാദികളും, സ്കെപ്ററിക്കുകളും ആഗ്നോസ്റ്റിക്കുകളുമുണ്ടായിരുന്നു. 

ഈ വസ്തുതകള്‍ അവഗണിച്ചുകൊണ്ട് ഇന്ത്യയെ നോക്കിക്കാണുമ്പോഴാണ് എല്ലാം മതപരമാണ് എന്ന വ്യാഖ്യാനത്തിലെത്തുന്നത്. സത്യത്തില്‍ ഇന്ത്യയുടെ യുക്തിവാദ, ശാസ്ത്ര പാരമ്പര്യത്തെ പാശ്ചാത്യ ലോകം അവഗണിക്കുകയും മതത്തില്‍ ഇന്ത്യയെ തളച്ചിടുകയുമാണ് ചെയ്തിട്ടുള്ളത്.  ഇത് വസ്തുതാവിരുദ്ധമാണ്. 

പാരമ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന ഏത് സംസ്കാരത്തിലും ശാസ്ത്രപുരോഗതി കൂടുതലാവാനുള്ള സാധ്യത കൂടുതലാണ്. കാരണം ശാസ്ത്രം എപ്പോഴും നിലവിലുള്ള ചിന്തയെ അട്ടിമറിക്കുന്ന വാദങ്ങളാണല്ലോ നിരത്താറുള്ളത്. ഇന്ത്യയുടെ ഈ സംസ്കാരം ഗുപ്ത പീര്യഡ് മുതലുള്ള നമ്മുടെ ശാസ്ത്ര പുരോഗതിയെ സഹായിച്ചിട്ടുണ്ട്. (ആര്യഭട്ട - 5th century CE, വരാഹമിഹിര 6th, ഭ്രഹ്മഗുപ്ത - 7th). അതേസമയം, മറ്റിടങ്ങളിലെ ശാസ്ത്രീയ പുരോഗതി ഉപയോഗപ്പെടുത്തുന്നതും നമ്മെ സഹായിച്ചിട്ടുണ്ട്. ബാബിലോണ്‍, ഗ്രീസ്, റോം എന്നിവിടെങ്ങളിലെ അറിവുകള്‍ വ്യാപകമായി നമ്മള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നത്തെ ഹിന്ദുത്വവാദികള്‍ പറയുന്നത് പോലെ 'സ്വയംപര്യാപ്തം' ആയിരുന്നില്ല, ഒരിക്കലും നമ്മുടെ ശാസ്ത്രം. സത്യത്തില്‍ ഇത് ശാസ്ത്രത്തിന് തന്നെ എതിരാണെന്ന് അമര്‍ത്യ സെന്‍ പറയുന്നു. ശാസ്ത്രത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നത് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അല്ല എന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്. നമ്മുടെ കണ്ടുപിടുത്തങ്ങള്‍ മറ്റുള്ളവരേയും - പ്രത്യേകിച്ച് അറബ്, ചൈനീസ് സംസ്കാരങ്ങളെ - മറ്റുള്ളവരുടേത് നമ്മളെയും നന്നായി സ്വാധീനിച്ചിരുന്നു. ആര്യഭട്ടയുടെ കണക്കിലെ സംഭാവനകള്‍ അറബ് പരിഭാഷയിലൂടെ അവിടെ ചര്‍ച്ചയായിരുന്നു. അതുപോലെ ആസ്ട്രോണമിയിലും സംഭാവനകളുണ്ടായിരുന്നു. 

ഇതില്‍ താഴെപ്പറയുന്നവ പെടും. 

* ലൂണാര്‍ എക്ലിപ്സ്, സോളാര്‍ എക്ലിപ്സ് എന്നിവയുടെ വിശദീകരണം - ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മുകളില്‍ പതിക്കുന്നതായും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുന്നതായും - ഈ ഗ്രഹണങ്ങളുടെ ദൈര്‍ഘ്യം, സംഭവിക്കുന്ന തിയ്യതി, സമയം എന്നിവ പ്രവചിക്കുന്നതിനെയും സംബന്ധിച്ച്. 

*ഭൂമിക്ക് ചുറ്റും തിരിയുന്ന സൂര്യന്‍ എന്നതില്‍ നിന്ന് മാറി സൂര്യന് ചുറ്റും തിരിയുന്ന ഭൂമി - പകല്‍, രാത്രി

*ഗ്രാവിറ്റി എന്ന ശക്തിയെ അംഗീകരിക്കല്‍ - ഭൂമി കറങ്ങുമ്പോള്‍ അതിലെ സംഗതികള്‍ തെറിക്കാതിരിക്കുന്നതിന്റെ വിശദീകരണം എന്ന നിലയില്‍

* മുകളില്‍ ആകാശം താഴെ ഭൂമി എന്നുള്ള ആശയം ഒരാള്‍ ഭൂമിയില്‍ എവിടെ നിലയുറപ്പിച്ചിരിക്കുന്നു എന്നുള്ളതനുസരിച്ച് മാറും എന്ന വാദം. 

(സത്യത്തില്‍ ശാസ്ത്ര സംഭാവനകള്‍ എന്ന നിലയില്‍ മാത്രമല്ല, പാരമ്പര്യ മതപരമായ വിശ്വാസങ്ങളില്‍ നിന്നുമുള്ള വളരെ വലിയ വ്യതിചലനം എന്ന നിലയില്‍ക്കൂടി ഇവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതായത് ആര്യഭട്ട ഇക്കാര്യങ്ങള്‍ പറയുന്നത് നല്ല ധൈര്യം വേണ്ട കാര്യമായിരുന്നു. ആര്യഭട്ടയുടെ ശിഷ്യന്മാരില്‍ ചിലര്‍ക്ക് ഈ ധൈര്യം ഉണ്ടായിരുന്നില്ല. മതവിശ്വാസങ്ങളുമായി രമ്യതയില്‍ കഴിയാന്‍ ആഗ്രഹിച്ച ബ്രഹ്മഗുപ്ത, ആര്യഭട്ടയെ ചീത്ത വിളിക്കുക കൂടി ചെയ്തിരുന്നു. എന്നാല്‍ ആര്യഭട്ട പറഞ്ഞിരുന്ന വിവരങ്ങള്‍ തന്റെ ഗവേഷണങ്ങളില്‍ പിന്തുടരുകയും ചെയ്തു എന്നതാണ് വിചിത്രം.)

ഏതായാലും ഇക്കാര്യങ്ങളൊന്നും തന്നെ നമ്മുടെ പാരമ്പര്യം നമ്മളെ മറ്റുള്ളവരുടെ മുകളില്‍ പ്രതിഷ്ഠിക്കുന്നു എന്ന് പറയാനോ, നമുക്കാണ് ജനാധിപത്യം, യുക്തിചിന്ത എന്നിവയിലൊക്കെ ആധികാരികമായ അവകാശമുള്ളത് എന്ന് വാദിക്കാനോ അല്ലെന്ന് സെന്‍ അടിവരയിട്ട് പറയുന്നുണ്ട്. ഒരു തമാശ പറഞ്ഞാണ് ഈ ലേഖനം അവസാനിപ്പിക്കുന്നത്. റാം മോഹന്‍ റോയ് എന്ന ബംഗാളി കവി മരണത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കുന്നത് എല്ലാവരും സംസാരിക്കുന്നത് തുടരുകയും നിങ്ങള്‍ക്ക് മാത്രം തിരിച്ചൊന്നും പറയാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നാണ്. അതായത് സംവാദം എന്നുള്ള സാധ്യത അവസാനിക്കുന്നതാണ് ഇന്ത്യയെപ്പോലൊരു രാജ്യത്ത് മരണത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കപ്പെടുന്നത്. ഇത് തമാശയാണെങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വീക്ഷണമാണ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം.

Thursday, 5 March 2015

ഇന്റ്യാസ് ഡോട്ടർ: ഭരണകൂടെ ഭീകരതയും ബലാൽസംഗത്തിന്റെ രാഷ്ട്രീയവും

കോൽക്കത്തയിൽ ഇന്ന് ഹോളിയാണ്. ദില്ലിയിൽ നാളെയവണം. ദില്ലി ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്. അവിടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാൽസംഗങ്ങൾ രേഖപ്പെടുത്തുന്നതും. രാജ്യത്തെമ്പാടും പ്രതിഷേധക്കൊടുങ്കാറ്റിന് തുടക്കം കുറിച്ച ദില്ലി കൂട്ട ബലാൽസംഗ കേസിലെ പ്രതികളുടെ വളരെ പ്രധാനപ്പെട്ട അഭിമുഖങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് 'ഇന്ത്യാസ് ഡോട്ടർ' എന്ന ഡോക്യുമെന്ററിയുടെ പ്രത്യേകത. ഇന്ത്യൻ ഭരണകൂടത്തിന് ചലച്ചിത്രവുമായുള്ള പ്രശ്നവും അതുതന്നെ. രാജ്യത്ത് ഇത് പ്രദർശിപ്പിക്കുന്നത് ദില്ലി കോടതി തടഞ്ഞിരിക്കുന്നു. എന്നാൽ കോൽക്കത്തയുടെ ഹോളി ദിനം അതിരാവിലെ മൂന്നരമണിക്ക് ബി ബി സി ചലച്ചിത്രം പ്രക്ഷേപണം ചെയ്യുകയും പിന്നീട് അത് യൂട്യൂബിൽ റിലീസ് ചെയ്യുകയും ചെയ്തു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മാത്രം വിജയമല്ല. ഭരണകൂട ഭീകരതയ്ക്കെതിരായുള്ള ശക്തമായ പ്രസ്താവന കൂടിയാണ്.

എങ്ങനെ?
തിഹാർ ജയിലിൽ തടവിൽ കഴിയുന്ന പ്രതിയുമായി ദീർഘമായ അഭിമുഖം സംവിധായിക നടത്തിയിട്ടുണ്ട്. അധിക്കൃതരിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്. പ്രതികളുടെ വക്കീലന്മാരും സംസാരിക്കുന്നു. ഒരു വിദേശി ഇന്ത്യൻ ഭരണകൂടത്തെ തുളച്ച് അകത്ത് കടന്ന് അതിനെ വിമർശനവിധേയമാക്കി എന്നതാകുന്നു ഇവിടുത്തെ പ്രശ്നം. ഭരണകൂട ഭീകരതയുടെ കൊടുമുടിയാണ് ജയിലുകൾ. കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കേസിലെ പ്രതികളും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും സുപ്രീം കോടതിയിൽ അപ്പീലിന് പോയവരുമാണ്. ഭീകരതയ്ക്ക് ഭരണകൂടത്തിന്റെ അനുമതിയുണ്ടാകുകയും അവിടേയ്ക്ക് ജനശ്രദ്ധ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഈ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിനെ നെടുകെ പിളർന്നുകൊണ്ടാണ് 'ഇന്ത്യാസ് ഡോട്ടറും' അതിന്റെ സംവിധായിക ലെസ്ലി ഉഡ്വിനും ചലച്ചിത്ര മാധ്യമത്തെ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ ഭരണകൂടത്തിനുമേൽ ശക്തിയേറിയ പ്രഹരമേൽപ്പിച്ചിരിക്കുന്നു.

എന്നാൽ ഈ സത്യം മറച്ചുവച്ചുകൊണ്ട് സ്ത്രീ സുരക്ഷ എന്ന ആശയത്തെ ഉപയോഗിക്കുക എന്ന സർവ്വസാധാരണമായിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് രാജ്യത്ത് ഇപ്പോൾ അരങ്ങേറുന്നത്. ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ത്യ നിരോധിച്ചിരിക്കുന്നു. കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഡോക്യുമെന്ററിയിലെ പ്രസ്താവനകൾ സ്ത്രീ സുരക്ഷയെ അപമാനിക്കും വിധമാണ് എന്നതാണ്. ഇന്ത്യയെ കരിവാരിത്തേയ്ക്കാനുള്ള ഒരു അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഈ ചിത്രം എന്നാണ് ബഹുമാനപ്പെട്ട മന്ത്രി വെങ്കയ നായ്ഡു പറഞ്ഞത്. ബലാൽസംഗത്തിന് ശിക്ഷയനുഭവിക്കുന്നവർ ഇപ്പോഴും സ്ത്രീയുടെ ഭാഗത്താണ് തെറ്റ് എന്ന് വാദിക്കുന്നുണ്ട് എന്നതാണോ അന്താരാഷ്ട്ര ഗൂഢാലോചന? അതോ നീതിന്യായ വ്യവസ്ഥിതിയുടെ വക്താക്കൾ പോലും ഭാരതീയ സംസ്കാരത്തിൽ സ്ത്രീയ്ക്ക് സ്ഥാനമില്ല എന്നും അവൾ എപ്പോളും പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്നുമുള്ള വാദം മുന്നോട്ട് വയ്ക്കുന്നതോ. എന്നാലത് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കൊണ്ടുനടന്നു കാണിക്കേണ്ട സത്യം മാത്രമാണ്.

ജയിലിനുള്ളിൽ കടന്നു ചിത്രീകരണം നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്നതാണ് വേറൊരു പ്രശ്നം. ജയിലുകൾ എന്തിനാണ് കാമറയെ ഭയക്കുന്നത്. ഭരണകൂടത്തിന്റെ കാര്യക്ഷമതയുടെ ഉത്തമോദ്ദാഹരണമാണ് ജയിലുകൾ എങ്കിൽ അത് ചിത്രീകരിക്കുകയാണല്ലോ വേണ്ടത്. ഇവിടെ രണ്ട് പ്രശ്നങ്ങളാണുള്ളത്. ജയിലറകളും അതിലെ അന്തേവാസികളും ഭരണകൂടത്തിന്റെ സ്വത്താണെന്നും അതിന്റെ ചൊൽപ്പടിക്ക് നിൽക്കേണ്ടുന്നവയാണ് എന്നുമുള്ള ഹിംസാത്മകമായ ചിന്ത. രണ്ടാമത്തേത് ഇതിനെയെല്ലാം ഭേദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് ഒരു അപര സ്വത്വമാണ് എന്ന കാര്യം. അല്ലാത്തപ്പോൾ ബ്രിട്ടിഷ് വഴികൾ പിന്തുടരുന്നതിൽ അഭിരമിക്കുന്ന ഇന്ത്യക്കാർ പോലും ഈ അവസരത്തിൽ ദേശീയവാദികളാകുന്നത് കാണാം. 'പുറത്തുനിന്നൊരാൾ' കുടുംബത്തിൽ കയറി അഭിപ്രായം പറയുന്നു എന്നതാണ് തത്വം. അതായത് കുടുംബത്തിനുള്ളിൽ എന്തുമാവാം. മാതാപിതാക്കൾക്ക് കുട്ടികളെ തല്ലാം, ഭർതൃപീഡനമാകാം. ആരും അതിനെ ചോദ്യം ചെയ്തുകൂട. പെൺകുട്ടി പ്രതിരോധിക്കാൻ ശ്രമിക്കരുതായിരുന്നു എന്നും കുറ്റം അവളുടെ തന്നെയാണെന്നും പലയാവർത്തി പറയുന്ന പ്രതി ഇന്ത്യ എന്ന കുടുംബത്തിൽത്തന്നെയാണ് നിലകൊള്ളുന്നത്. ഒരു വിദേശവനിത ഈ സത്യം പുറത്തുകൊണ്ടുവന്നു എന്നതാണ് ഇവിടെ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അല്ലാതെ അത്യന്തം സ്ത്രീവിരുദ്ധമായ മേൽപറഞ്ഞ വാദമല്ല. ഇന്ത്യ ജയിലിൽ കഴിയുന്ന കുറ്റവാളിയെയല്ല സംരക്ഷിക്കുന്നത്. വധശിക്ഷ എന്ന മനുഷ്യത്വവിരുദ്ധമായ ശിക്ഷയിലൂടെ സ്വന്തം നിലപാടെന്തെന്ന് രാജ്യം പണ്ടേ വ്യക്തമാക്കിക്കഴിഞ്ഞു. ഇവിടെ പ്രതിയെപ്പോലെ ചിന്തയോട് യോജിക്കുന്ന പൊതുബോധത്തെയാണ് സംരക്ഷിക്കാൻ ശ്രമം നടത്തുന്നത്. അതാണ് ഈ ഡോക്യുമെന്ററി പുറത്തുവരുന്നത് വഴി അട്ടിമറിക്കപ്പെടുന്നതും.

ബി ബി സി യുടെ ഇന്ത്യാസ് ഡോട്ടർ
ഇന്ത്യാസ് ഡോട്ടർ ഒരു തരം താഴ്ന്ന ചലച്ചിത്രമാണ്. പറയത്തക്ക കലാമികവൊന്നും ഇതിലില്ല. അതിലുമുപരി സ്ലംഡോഗ് മില്യണേർ പോലെ ദാരിദ്ര്യത്തിന്റെയും സാമൂഹികവിരുദ്ധതയുടെയും ഈറ്റില്ലമായ ഒരു മൂന്നാംലോകരാജ്യം എന്ന കാഴ്ചപ്പാടിൽ ഊന്നി നിർമ്മിക്കപ്പെട്ട ചിത്രം തന്നെയാണിതും. പണ്ടത്തെ തന്റെ കോളനിയെ വിമർശനവിധേയമാക്കുന്നതിലുള്ള ആനന്ദവും പ്രകടമായിത്തന്നെ കാണാം. ചേരികളിൽ ജീവിക്കുന്ന ഇന്ത്യ. അന്നം നേടുന്നതിനായി പഠനം ഉപേക്ഷിക്കേണ്ടി വരുന്ന യുവത്വം, ഭർത്താവിൽ നിന്നും സുരക്ഷ മാത്രം ആവശ്യപ്പെടുന്ന ഇന്ത്യൻ സ്ത്രീ എന്നിങ്ങനെ കൃത്യമായി ഇന്ത്യയെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കപ്പെടുന്നു.

ഡോക്യുമെന്ററി എന്നാൽ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്ന ചലച്ചിത്രമാണ് എന്ന കാഴ്ചപ്പാട് മാറിയിട്ടുണ്ടോ എന്നറിയില്ല. ഏതായാലും യാഥാർത്ഥ്യമോ ആത്യന്തികമായ സത്യമോ അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് ഡോക്യുമെന്ററി എന്ന് ഞാൻ കരുതുന്നില്ല. കാമറ വയ്ക്കുമ്പോൾ ലഭിക്കുന്ന ഫ്രേം മുതൽ ചിത്രസംയോജനത്തിലെ വെട്ടലുകൾ (കട്ട്) തൊട്ട് ശബ്ദലേഖനം വരെ ഒട്ടനേകം ഇല്ലായ്മകളുടെയും ഉൾപ്പെടുത്തലുകളുടെയും കഥയാണ്. ഒരു ഫ്രേമിൽ ഉള്ളതെല്ലാം ഇല്ലാത്തവയുമാണ്. ഒരു കട്ട് ഇല്ലായ്മ ചെയ്യുന്നതെല്ലാം മറ്റെന്തോ ഉൾപ്പെടുത്തുന്നുമുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ ഇന്ത്യ എന്നാൽ അപരിഷ്കൃതരും ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ചിലരും ജീവിക്കുന്ന ഒരു രാജ്യം എന്ന കാഴ്ചപ്പാട് ചിത്രത്തിലുണ്ട്. എന്നാൽ ഇക്കാരണം കൊണ്ട് അതിനെ ഏതെങ്കിലും തരത്തിൽ മാറ്റി നിർത്തുന്നത് അഭികാമ്യമല്ല. കൽപിത കഥകളും (ഫിക്ഷൻ) അല്ലാത്തവയും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ. സ്ലംഡോഗ് മില്യണേറിന്റെ രാഷ്ട്രീയത്തെ എതിർക്കുമ്പോൾ ഇന്ത്യാസ് ഡോട്ടർ ഒരു ഭീമൻ സത്യമായി നിലകൊള്ളും. ഇവിടെ അഭിനേതാക്കളില്ല. പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീലന്മാട മാധ്യമത്തിനു മുമ്പാകെയാണ് സ്വന്തം വീട്ടിലെ സ്ത്രീകൾ വിവാഹപൂർവ്വ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവരെ തീയിട്ട് കൊല്ലുമെന്ന് പറഞ്ഞത്. ചിത്രീകരണ സമയത്തും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് അയാൾ പറയുന്നു. സ്ത്രീ ഒരു പൂ പോലെയാണെന്നും മന്ദിരത്തിൽ വെച്ചാൽ പൂജിക്കപ്പെടുകയും വഴിയിലെറിഞ്ഞാൽ അത് ഞെരിക്കപ്പെടുകയും ചെയ്യുമെന്ന് മറ്റൊരാൾ. തങ്ങൾക്ക് വധശിക്ഷ ലഭിക്കുന്നതോടെ ബലാൽസംഗങ്ങൾ ഇല്ലാതാവുകയല്ല ചെയ്യുന്നതെന്ന് പ്രതി പറയുന്നു. മറിച്ച് ഇനിയും ഇത്തരം സന്ദർഭങ്ങളുണ്ടായാൽ രണ്ടാമതൊന്നാലോചിക്കാതെ പെൺകുട്ടിയെ കൊന്ന് കളയുകയാവും ഉണ്ടാവുക.

ഇതാണ് ബലാൽസംഗത്തിന്റെ പച്ചയായ രാഷ്ട്രീയം. ആണധികാരബോധം എന്താണെന്നറിയാൻ പ്രതിയുടെ വാക്കുകൾ കുറച്ച് നേരം ശ്രദ്ധിച്ചാൽ മാത്രം മതി. പെൺകുട്ടിയുടെ ആമാശയം വലിച്ചൂരിയെടുത്ത് അത് വഴിയിലെവിടെയോ കളഞ്ഞ പ്രതികളെക്കുറിച്ച് സർവ്വസാധാരണമായ പ്രവൃത്തി വിവരിക്കുന്നതുപോലെയാണ് മുകേഷ് സിങ്ങ് സംസാരിക്കുന്നത്. തന്റെ സഹോദരൻ (മറ്റൊരു പ്രതി) ജിം പരിശീലകനാണെന്നും കരുത്തുറ്റവനാണെന്നും ഹുങ്കോടെ ഇയാൾ പ്രസ്താവിക്കുന്നു. ആണത്തത്തിന്റെ ഗർവ്വ് നിഴലിക്കുന്ന വാക്കുകൾ ഭയപ്പെടുത്തുന്നില്ല. ഇന്ത്യാസ് ഡോട്ടർ എന്ന കണ്ണാടിയിലെ ആ രൂപത്തിന് അതിലെ രജതത്തിന്റെ ശീതം മാത്രം.

ഈ പ്രതിബിംബത്തിനെയാണ് ഇരുട്ട് മുറിയിലാക്കാൻ ഇന്ത്യാമഹാരാജ്യം ശ്രമിക്കുന്നത്. ഭാങ്ങിന്റെ കെട്ട് കോൽക്കത്തയിൽനിന്നും ഇറങ്ങിത്തുടങ്ങുന്നതേയുള്ളു. യൂട്യൂബ് വീഡിയോ നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇന്നത്തെ നിറങ്ങളിൽ ജ്യോതി സിങ്ങ് എന്ന പെൺകുട്ടിയുമുണ്ട് എനിക്ക്. ഒരു ശരാശരി ഇന്ത്യക്കാരൻ സ്ത്രീകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഉന്മാദത്തിനുമുകളിലും നിൽക്കുന്ന ഒരു കാർമേഘമായി പെയ്യാനായുന്നു. ഞാൻ ഇന്ത്യയുടെ പുത്രിയല്ല. ജ്യോതി സിങ്ങും അങ്ങനെയാവാൻ വഴിയില്ല. ഇന്ത്യ എന്നാൽ സത്യത്തിൽ മുകേഷ് സിങ്ങാണ്. അതിൽ നിന്നുത്ഭവിക്കുന്ന ഒന്നുമായും ചേർന്നുപോകാൻ ഒരു പെണ്ണെന്ന നിലയിലോ മനുഷ്യനെന്ന നിലയിലോ എനിക്ക് സാധ്യമല്ല. നിറങ്ങളുടെ ഉൽസവത്തിൽ ഇക്കുറി ഞാൻ ഒരു 'വിദേശ' സിനിമയോടൊപ്പമാണ്. കലാമൂല്യം ഒട്ടുമില്ലാത്ത, ഭരണകൂടത്തെ അങ്കലാപ്പിലാക്കിയ ഒരു ഗൂഢാലോചനാചിത്രത്തോടൊപ്പം.

ഹോളി 2015

Friday, 12 December 2014

മുംബൈ പോലീസ്: മറവിരോഗം ബാധിച്ച ലൈംഗികത അഥവാ Section 377ന് ഒരു പ്രേമലേഖനം

കിഷോര്‍ കുമാറിന്റെ വായന ഇപ്പോഴാണ് കാണുന്നത്. അതിനോട് വിയോജിക്കുകയാണോ ചെയ്യുന്നതെന്നറിയില്ല. എന്നാലും ഇത്രയും പറയാതിരിക്കാന്‍ വയ്യ. 


അദ്ദേഹത്തിന്റെ എഴുത്തില്‍ നിന്നാണ് തിരക്കഥാകൃത്തുക്കളിലൊരാള്‍ ഡോക്ടറാണെന്ന് മനസ്സിലാക്കുന്നത്. വിചിത്രമായി തോന്നുന്നു. അതേതായാലും വലിയ പ്രാധാന്യമുള്ള കാര്യമല്ല. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ത്തന്നെ സ്വവര്‍ഗ്ഗാനുരാഗികളോട് സിനിമ നീതി പുലര്‍ത്തിയിട്ടുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ ഏറ്റവും അരോചകമായിത്തോന്നിയത് കേന്ദ്രകഥാപാത്രത്തെ സ്വവര്‍ഗ്ഗാനുരാഗിയാക്കുകയും അയാള്‍ക്ക് ഏജന്‍സി ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ്. സിനിമയിലുടനീളം തന്റെ ലൈംഗികതയെക്കുറിച്ച് പൃഥ്വിരാജിന്റെ ടോണി ഒരക്ഷരം പറഞ്ഞിട്ടില്ല. ആകെ കാണുന്ന പ്രതികരണം സ്വന്തം കാമുകന്‍/ലൈംഗികപങ്കാളി (ഇദ്ദേഹത്തിന് ഇതര ബന്ധങ്ങളുണ്ടെന്നോ അതിന് താല്‍പര്യമുണ്ടെന്നോ സൂചനകളുണ്ട് സിനിമയില്‍. നേവല്‍ ബേസിലെ ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി രംഗങ്ങളിലും മറ്റും) സെക്ഷ്വലായി സമീപിക്കുമ്പോള്‍ അഥവാ താന്‍ സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ഉണ്ടാകുന്ന ഭയപ്പാടും അറപ്പുമാണ്. ഇതാണോ ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ അര്‍ഹിക്കുന്ന സമീപനം? തിരക്കഥയുടെ വിരുതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേനയുന്തുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഡയലോഗുകള്‍ എഴുതപ്പെടുന്നതെന്നുള്ളതും ശ്രദ്ധിക്കണമല്ലോ. നഗ്നത പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ സിനിമയില്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാത്തതുമായ പെണ്‍കഥാപാത്രങ്ങള്‍ ബോളിവുഡിലാണ് ഏറ്റവും കൂടുതല്‍ എന്നൊരു പഠനം ഈയടുത്ത് കണ്ടിരുന്നു. തോന്നിയതാണോ എന്നറിയില്ല. തെറ്റാവാന്‍ സാദ്ധ്യതയില്ല ഏതായാലും. :)

മുംബൈ പോലീസില്‍ കാണുന്ന ഈ വായ്മൂടിക്കെട്ടലിന്റെ ആദ്യ പടിയാണ് അഭൂതപൂര്‍വ്വമായ ഒരു അമ്നീഷ്യ. ആക്സിഡന്റിന് ശേഷം കഥാപാത്രത്തിന് പോലീസ് ട്രെയിനിങ്ങിന്റെ ഭാഗമായി ലഭിച്ച? സംഘട്ടനം നടത്താനറിയാം. (നമ്മുടെ പോലീസുകാര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യാനറിയുമോ എന്നാണ് എന്റെ പ്രാഥമിക സംശയം. അതുപിന്നെ മുന്‍വിധിയായി തള്ളിക്കളയാമെന്ന് വയ്ക്കാം.) തന്റെ ദിനചര്യ (ഡിസ്ചാര്‍ജായി ഒട്ടും വൈകാതെ വര്‍ക്ക് ഔട്ട് ചെയ്ത് തുടങ്ങുന്നു.) സിഗരറ്റ് വലി എന്ന അഡിക്ഷന്‍ അറിയാം. സുഡോകു സോള്‍വ് ചെയ്യാനറിയാം. എന്നാല്‍ ജനിച്ചപ്പോള്‍ വന്ന് വീണ സ്വന്തം ലൈംഗികത അദ്ദേഹത്തിനറിയില്ല. ആളുകളെ, കാമുകന്മാരെ എല്ലാം മറക്കുന്നത് മനസ്സിലാക്കാം. എന്നാലിത്തരത്തിലൊരു ഡീറ്റെയ്ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തിരക്കഥാകൃത്തുക്കളാണെന്നതില്‍ സംശയമില്ലല്ലോ. അമ്നേഷ്യ ബാധിച്ച ഒരു സ്വവര്‍ഗ്ഗാനുരാഗിയെ ലോകത്തിലൊരിടത്തും അവര്‍ക്ക് കണ്ടെത്താനായില്ല എന്നവര്‍ തന്നെ പറയുന്നു. അപ്പോള്‍ ചോദ്യം ചെയ്യേണ്ടത് അമ്നേഷ്യ ബാധിച്ചതിനുശേഷം നമ്മള്‍ കാണുന്ന കഥയെയല്ല. ആ മറവിരോഗത്തില്‍ വിസ്മരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ലൈംഗികത എന്ന വസ്തുതയെത്തന്നെയാണ്. എന്തിനായിരുന്നു ഇത്?

ഇത് സമൂഹത്തിന്റെ സമീപനം തന്നെയാണ്. Heterosexuality യാണ് norm എന്നിരിക്കെ ഇതര ലൈംഗികതകളെല്ലാം അസാധാരണമാണെന്നും അതിനാല്‍ത്തന്നെ വിസ്മരിക്കപ്പെടേണ്ടതാണെന്നുമുള്ളത് heterosexual ലോകത്തിന്റെ ആവശ്യമാണ്. ഒരു സ്വവര്‍ഗ്ഗാനുരാഗി തന്റെ ലൈംഗികത വെളിപ്പെടുത്തുമ്പോള്‍ (coming out എന്നാണ് ഇംഗ്ലീഷില്‍. ഇരുട്ടുമൂടിയ ഇടങ്ങളില്‍ നിന്ന്. ക്ലോസറ്റ്, കബേര്‍ഡുകളില്‍ നിന്ന് പുറത്തുവരികയാണെന്ന് തോന്നിപ്പിക്കുന്നു) സ്വന്തം കുടുംബക്കാര്‍ അത് അസംഭവ്യമാണെന്ന് കരുതുകയും ഒരു 'സാധാരണ മനുഷ്യനാ'ക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍മാരെ സമീപിക്കുന്നതും സാധാരണമാണ്. എതിര്‍ലിംഗത്തിലുള്ള ഒരാളെ കല്യാണം കഴിച്ചതിനും വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവരുന്നവരെ സൃഷ്ടിക്കുന്നത് ഇതേ മനോഭാവമാണ്. ഇതിന് തുടര്‍ച്ചയായി എടുത്തു പറയേണ്ടതും അത്യധികം ഭീതിജനകമായി എനിക്കനുഭവപ്പെട്ടതുമായ ഒരു പ്രവണത ചിത്രത്തില്‍ കാണാന്‍ സാധിക്കും.
ജയസൂര്യയുടെ കഥാപാത്രം പൃഥ്വിരാജിന്റെ ലൈംഗികതയെക്കുറിച്ച് മനസ്സിലാക്കുന്ന രംഗത്തില്‍ അയാള്‍ പറയുന്ന വാചകം 'next time, close the door' എന്നാണ്. ശരിയായി ഓര്‍മ്മ കിട്ടുന്നില്ലെങ്കിലും Page 3 യിലോ Life in a Metro എന്ന സിനിമയിലോ കൊങ്കണ സെന്നിന്റെ കഥാപാത്രം ഇതേ വാചകം പറയുന്നുണ്ട്. ഇത് യാദൃശ്ചികമെന്ന് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കാരണം സമാനമായ ഒരു സാഹചര്യത്തിലാണ് അവരിത് പറയുന്നത്. സ്വന്തം കാമുകനെന്ന് വിചാരിച്ചിരുന്നയാള്‍/സുഹൃത്ത് സ്വവര്‍ഗ്ഗ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന് സാക്ഷ്യം വഹിച്ചതിനുശേഷം. അതെ. സെക്ഷന്‍ 377 സുപ്രീം കോടതിക്കും മുമ്പ് സിനിമകളിലൂടെ നടപ്പിലാക്കുകയായിരുന്നു നമ്മുടെ പൊതുബോധം. അടച്ചിട്ട മുറികള്‍ക്കും ഇരുട്ടുമൂലകള്‍ക്കും അവകാശപ്പെട്ട സ്വവര്‍ഗ്ഗരതിയെ അബദ്ധത്തില്‍പ്പോലും ഹെറ്ററോസെക്ഷ്വല്‍സ് എന്ന അധികാരികള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ ഇടവരുത്തരുത് എന്നാണാജ്ഞ!
തുടര്‍ന്ന് ജയസൂര്യ ഒരു ശരാശരി ഹോമോഫോബിക്കിനെപ്പോലെയാണ് സംസാരിക്കുന്നത്. അയാളുടെ ആരോപണങ്ങള്‍ അത്യുച്ചത്തില്‍ തിരക്കഥയില്‍ എടുത്തുനില്‍ക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് നിര്‍മ്മിക്കപ്പെടുന്ന സിനിമകളെല്ലാം തന്നെ പ്രേക്ഷകരുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടാണ് ഏറിയപങ്കും വിഭാവനം ചെയ്യപ്പെടുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ. സ്ത്രൈണതയുള്ള സ്വവര്‍ഗ്ഗാനുരാഗി എന്നും പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയാണ്. ലൈംഗികത വ്യക്തമാക്കിയില്ലെങ്കില്‍പ്പോലും സ്ത്രൈണതയുള്ള പുരുഷനായി എപ്പോഴും അവതരിക്കുന്ന ഫാഷന്‍ ഡിസൈനര്‍, മേക്കപ് പേര്‍സണ്‍ എന്നീ പരിചിത റോളുകള്‍ ഈ ആവശ്യത്തിന് മാത്രമായി കാണാം പല സിനിമകളിലും. ഋതുവില്‍ ആസിഫ് അലി-വിനയ് ഫോര്‍ട്ട് കൊച്ചി രംഗങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. ആ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതാണ് പൃഥ്വിരാജിന്റെ സ്വവര്‍ഗ്ഗ പ്രേമ രംഗങ്ങളും. ഇയാളുടെ ലൈംഗികപങ്കാളിയെ ചിത്രീകരിച്ചിരിക്കുന്ന രീതി ഇതിനുതകുന്നതാണ്. നായകനായ പൃഥ്വിരാജിനെ ഇത്തരത്തില്‍ രചിക്കുക സാദ്ധ്യമല്ലല്ലോ. മുഴുനീള ചിരിപ്പടമായല്ല മുംബൈ പോലീസ് മാറേണ്ടതെന്ന് തിരക്കഥാകൃത്തുക്കള്‍ക്ക് അറിയാം. കോമിക് റിലീഫായി സ്ത്രൈണതയുള്ള ഗേ കുത്തിത്തിരുകുമ്പോള്‍ 'പൌരുഷ'മുള്ള ആണായി പൃഥ്വിരാജ് നായകസ്ഥാനത്ത് പരിഹാസ്യനാകാതെ നിലനില്‍ക്കുന്നു. എന്നാല്‍ സൂചനകള്‍ക്കപ്പുറം സ്വന്തം ലൈംഗികത സ്ഥിതീകരിക്കപ്പെടുന്നതോടെ ഇതേ പൌരുഷം ജയസൂര്യ പരിഹസിക്കുന്നു. അതിന്റെ ഇല്ലായ്മയെ മറികക്കാനുള്ള തന്ത്രങ്ങളായിരുന്നു കാക്കിക്കുപ്പായവും അയാളുടെ നിഷേധവും ക്രൂരതയുമെല്ലാം എന്ന് പറഞ്ഞ് ലൈംഗികവേഴ്ചയ്ക്കായുള്ള പ്രതിഫലമായി വച്ചു നീട്ടിയ ധീരത മെഡല്‍ തനിക്കാവശ്യമില്ലെന്നും തീര്‍ത്തുപറയുന്നു. ഇത്തരത്തില്‍ ആരോപണങ്ങളുന്നയിച്ച് ക്രുദ്ധനായി ഇറങ്ങിപ്പോകുന്ന സീനിലാണ് ജയസൂര്യയെ പ്രേക്ഷകര്‍ അവസാനമായി കാണുന്നത്.
അപ്പോള്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് ജയസൂര്യ നടത്തുന്ന ക്ഷമാപണമോ? മൊബൈല്‍ സ്ക്രീനിലെ ജയസൂര്യ ഒരു രഹസ്യമായി തിരക്കഥയില്‍ ഒതുങ്ങുന്നു. സൌഹൃദം നിലനിര്‍ത്തണമെന്ന് ആഗ്രഹമുള്ള ഈ ജയസൂര്യ പ്രസംഗം പുറംലോകം കേള്‍ക്കുന്നതിനുമുമ്പുതന്നെ കൊല്ലപ്പെടുന്നു. അത് ചെയ്യുന്നതാകട്ടെ പൃഥ്വിരാജും. സമര്‍ത്ഥമെന്ന് പറയാതെ വയ്യ. സ്വവര്‍ഗ്ഗാനുരാഗിയെക്കൊണ്ടുതന്നെ ഈ കുറ്റകൃത്യം നടത്തുന്നത് പുരുഷാധിപത്യം സ്ത്രീകളെക്കൊണ്ട് സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതിനു തുല്യമാണ്. അത്രമേല്‍ ക്ലേശകരമാകുന്നു അതില്‍ നിന്നുള്ള വിടുതല്‍.
ആദ്യമായി ഒരു സ്വവര്‍ഗ്ഗാനുരാഗിയെ നായകനാക്കുമ്പോള്‍ അയാളുടെ നായകസ്ഥാനം തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്നതായി മുംബൈ പോലീസില്‍ കാണാം. നായകനായിരുന്ന പൃഥ്വിരാജ് കൊലയാളിയും ടൈറ്റിലായ 'മുംബൈ പോലീസ്' എന്ന സൌഹൃദസംഘത്തിലെ വില്ലനുമായിത്തീരുമ്പോള്‍ എല്ലാം ശുഭം. പ്രേക്ഷകര്‍ സന്തുഷ്ടരാണ്. മലയാളസിനിമയും.



Tuesday, 21 October 2014

മുന്നറിയിപ്പ് ആര്‍ക്കുള്ളത്?

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രം കണ്ടുകൊണ്ടിരിക്കെയും അതിന് ശേഷവും ശീര്‍ഷകത്തിന്റെ ഔചിത്യത്തെക്കുറിച്ചാ​ണ് ഏറിയപങ്കും ആലോചിച്ചത്. കഥയോ കഥയില്ലായ്മയോ പറയാനുള്ള സംവിധായകരുടെ വിരുതിനെ (ക്രാഫ്റ്റ്) വിലയിരുത്താന്‍മാത്രം ചിത്രം എന്തെങ്കിലും മുന്നോട്ട് വയ്ക്കുന്നു എന്ന് തോന്നിയില്ല. അതില്‍ത്തന്നെയും ഏറ്റവും അസഹ്യമായിത്തോന്നിയവ: പശ്ചാത്തല സംഗീതത്തിന്റെ അനൌചിത്യം ചെടിപ്പിക്കുന്നതായിരുന്നു. ചിത്രസംയോജനം പറയത്തക്ക പുതുമയൊന്നുമില്ലാത്തതും കഥ പറയുക എന്ന ദൌത്യം അതുപോലെ നിര്‍വഹിക്കുന്നതും മാത്രം. അതില്‍ത്തന്നെ നിന്ന് പുറത്തിറങ്ങുന്ന രാഘവനെ കാണിക്കുന്ന ഭാഗങ്ങള്‍ കാഴ്ചയുടെ ഗതിയെ അലോസരപ്പെടുത്തുന്ന രീതിയില്‍ ഡിസോള്‍വുകള്‍ കുത്തി നിറച്ചതായിത്തോന്നി. ജംപ് കട്ടുകള്‍ കച്ചവടസിനിമകളില്‍ പ്രയോഗിച്ച് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നര്‍ഥം. ചിലയിടങ്ങളിലെ അപര്‍ണ ഗോപിനാഥിന്റേതൊഴിച്ചാല്‍ അഭിനയവും കൃത്രിമത്വം നിറഞ്ഞത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പകുതി ഊര്‍ജ്ജവും രാഘവന്റെ ദാര്‍ശനികതയിലേയ്ക്കായി ചിലവഴിച്ചതിനാലാകണം ഏച്ചുകെട്ടലുകളാണ് ഭൂരിഭാഗം ഇടങ്ങളും. കെ കെ യെ പരിചയപ്പെടുത്തുന്ന പാര്‍ട്ടി രംഗം അതില്‍ മുന്നിട്ട് നില്‍ക്കും. എന്നാല്‍ ശീര്‍ഷകത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.



#SPOILER ALERT# #കഥ വെളിപ്പെടുത്തുന്നു#
'മുന്നറിയിപ്പ്' ജോലി ചെയ്ത് പണം സമ്പാദിക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. മരണം നിങ്ങളെക്കാത്തിരിക്കുന്നു.
അതെങ്ങനെയാ​ണ്? ഒരു പത്രപ്രവര്‍ത്തകയുടെ കഥ മാത്രമല്ലേ സിനിമ പറയുന്നത്. അത് പൊതുവായുള്ള ഒരു സന്ദേശമായി എങ്ങനെ കാണാന്‍ കഴിയും? ഈ പ്രതിഭാസത്തെയാണ് ലിറ്റററി ട്രോപ്പുകള്‍ എന്ന് വിളിക്കുന്നത്. അനീറ്റ സാര്‍ക്കീസിയന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ട്രോപ്പുകള്‍ എന്നുവെച്ചാല്‍ കഥകള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ പൊതുവായുള്ള ഒരു സ്വഭാവമാണ്. ഈ സ്വഭാവം വിവരം പങ്കുവയ്ക്കുന്നതായിരിക്കും. ട്രോപ്പുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ക്ലീഷെയാവുന്നു. ഇത്തരം ട്രോപ്പുകള്‍ പലപ്പോഴും സ്റ്റീരിയോടൈപ്പുകള്‍ പടച്ചുവിടുകയാണ് ചെയ്യാറ്. അച്ഛനെത്തേടിയുള്ള മകന്റെ യാത്ര ഒരു ട്രോപ്പാണ്. കുഞ്ഞായിരുന്നപ്പോള്‍ വെളിപ്പെടുത്താത്തതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അമ്മയെ ഉപേക്ഷിച്ച് പോകുന്ന അച്ഛനെ പ്രതികാരത്തിനോ, ജിജ്ഞാസയുടെ പുറത്തോ തേടിപ്പോകുന്ന മകനെ പല ചിത്രങ്ങളിലും കാണാം. ഉദാഹരണം. ഒരു യാത്രാമൊഴി, Zindagi Na Milegi Dobara (ഫര്‍ഹാന്‍അക്തറുടെ കഥാപാത്രം). ഇനി ഈ അച്ഛന്‍ കഥാപാത്രം എപ്പോഴും ഒരു ക്രിസ്ത്യാനിയാണ് എന്ന് കരുതുക. ഇവിടെ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പോകുന്ന ഒരു മനുഷ്യന്‍ എപ്പോഴും ഒരു മതവിഭാഗത്തില്‍നിന്നാണെന്നുള്ള (ഈ ഉദാഹരണത്തില്‍ ക്രിസ്ത്യാനി) സ്റ്റീരിയോടൈപ്പാണ് പ്രചരിപ്പിക്കുന്നത്.

മുന്നറിയിപ്പിലേയ്ക്ക്. അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രം ഒരു ട്രോപ്പാണ്. വീട്ടമ്മയല്ലാത്ത സ്ത്രീകളെ ചിത്രീകരിച്ച് മടുക്കുമ്പോള്‍ പുരുഷാധിപത്യത്തിന് കുറവൊട്ടുമില്ലാത്ത മലയാളം സിനിമയില്‍ പിറക്കുന്ന 'വരുമാനമാര്‍ഗമുള്ള സ്ത്രീ' എന്ന് വിളിക്കാവുന്ന ട്രോപ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് കൂടിയതോടെ സിനിമയില്‍ അത്തരം കഥാപാത്രങ്ങളും വന്നു. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് നല്ലതല്ലെന്ന കാഴ്ചപ്പാടാണ് പുരുഷാധിപത്യമുള്ള സമൂഹത്തിന്റേത് എന്നതുകൊണ്ട് അതേ കാഴ്ചപ്പാട് ഇത്തരം കഥാപാത്രങ്ങളിലേയ്ക്കും സന്നിവേശിക്കപ്പെട്ടു. ഇതാണ് ദാരുണാന്ത്യങ്ങള്‍ നേരിടുന്ന വരുമാനമാര്‍ഗമുള്ള സ്ത്രീ എന്ന സ്റ്റീരിയോടൈപ്പിന് പിന്നില്‍. മുന്നറിയിപ്പിലെ അഞ്ജലി അറയ്ക്കലിലൂടെ അപര്‍ണ്ണ ഗോപിനാഥും ഈ വാര്‍പ്പ് മാതൃകയില്‍ കുടുങ്ങിക്കിടപ്പാണ്.

അഞ്ജലി അറയ്ക്കല്‍ എന്തുകൊണ്ട് കൊല്ലപ്പെടുന്നു?
അഞ്ജലി അറയ്ക്കല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ കഥയായാണ് മുന്നറിയിപ്പ് തുടങ്ങുന്നത്. രാഘവന്‍ എന്ന ജയില്‍പ്പുള്ളിയില്‍ അവര്‍ക്ക് ജോലിപരമായി ഉണ്ടാകുന്ന താല്‍പര്യം അവരുടെ മരണത്തില്‍ കലാശിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രാഘവന്‍ ഇവരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത് തന്നെ. അവസാനമായി ഇത്തരത്തില്‍ ഒരന്ത്യം കണ്ടത് ഫാണ്ട്രി എന്ന സിനിമയിലാണ്. അവിടെയും ഒരു മുന്നറിയിപ്പാണ് നടക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍. ജാതീയത സാധാരണമായ സമൂഹം എന്നും അതുപോലെ തുടരില്ലെന്നും അതില്‍നിന്നും സ്ക്രീനിലേയ്ക്ക് അല്ലെങ്കില്‍ നിശ്ശബ്ദതയിലൂടെ അതിന് കൂട്ടുനില്‍ക്കുന്ന നമുക്ക് നേരെ കല്ലെടുത്തെറിയാന്‍, ഒരു കയ്യ് എപ്പോഴും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള മുന്നറിയിപ്പ്. പക്ഷെ മമ്മൂട്ടിയുടെ കൈയ്യിലെ കമ്പിപ്പാര സമൂഹത്തിലെ ഒരു ദുര്‍വ്യവസ്ഥിതിക്കും നേരെയല്ല ഉയരുന്നത്. തൊഴിലിടത്തിലെ പെണ്ണിനുനേരെയാണ്.

ഒരു കഥയില്‍ അല്ലെങ്കില്‍ ടെക്സ്റ്റില്‍ ഒരാളെ ചിത്രീകരിക്കുമ്പോള്‍ അയാളെപ്പറ്റി നല്‍കുന്ന വിവരങ്ങളെല്ലാം അയാളുടെ ഐഡന്റിറ്റിയുടെ ഭാഗമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ അഞ്ജലിയുടെ ഐഡന്റിറ്റി പെണ്ണ്, മാധ്യമപ്രവര്‍ത്തക എന്നുള്ളതാണ്. അതുകൊണ്ട് അഞ്ജലിക്ക് സംഭവിക്കുന്നതെല്ലാം ഇപ്പറഞ്ഞ ഐഡന്റിറ്റികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്.  ഉദാഹരണത്തിന് വിനീത് ശ്രീനിവാസന്റെ 'തിര' യില്‍ നവീന്റെ (ധ്യാന്‍ ശ്രീനിവാസന്‍) സഹോദരി സെക്സ് റാക്കറ്റിലേയ്ക്ക് തട്ടിക്കൊ​ണ്ടുപോകപ്പെടുന്നതിനും മുമ്പ് നമുക്ക് നല്‍കുന്ന വിവരങ്ങളില്‍ ഒന്ന് ആ കുട്ടി കൈയ്യില്ലാത്ത കുപ്പായമാണിട്ടിരുന്നത് എന്നാണ്. കാഴ്ചയില്‍ മാത്രമല്ല, സംഭവത്തിന് തൊട്ടുമുമ്പ് നടക്കുന്ന സഹോദരനുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ ഇക്കാരണത്തിന് പെണ്‍കുട്ടിയെ ശകാരിക്കുന്നുമുണ്ട്. അങ്ങനെ സ്ലീവ്ലെസ് കുപ്പായം ധരിച്ച ഒരു പെണ്‍കുട്ടിക്കുള്ള ശിക്ഷയാണ് സെക്സ് റാക്കറ്റില്‍ അകപ്പെടുക എന്നുള്ളത് എന്ന് ചിത്രം പറയുന്നു. ഇത് കാഴ്ചക്കാരുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടികള്‍ കൈയ്യില്ലാത്ത കുപ്പായമിടുന്നത് പ്രകോപനപരമാണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍, തല്‍ക്കാലം യേശുദാസ് എന്ന് വിളിക്കാം, (ഇഷ്ടപ്പെട്ട പേരുകള്‍ ഉദാഹരണങ്ങളിലെടുക്കുന്നത് ശീലമായതുകൊണ്ടാണ്) ചിത്രം കാണുന്നു. കുട്ടിയുടെ കുപ്പായത്തിന് കൈയ്യില്ല എന്ന കാര്യം ഇയാള്‍ കാണാതിരിക്കാന്‍ സാധ്യതയില്ല. എന്തെങ്കിലും കാരണം കൊ​ണ്ട് അങ്ങനെ സംഭവിച്ചാല്‍ത്തന്നെ ഫോണ്‍ സംഭാഷണം അതയാളെ ഓര്‍മിപ്പിക്കും. മനസ്സില്‍ അയാള്‍ ധ്യാന്‍ ശ്രീനിവാസനോട് യോജിക്കും. ഉടനെ പെണ്‍കുട്ടിയെ ഒരു കൂട്ടം മനുഷ്യര്‍ കാറില്‍ തട്ടിക്കൊണ്ടുപോകുന്നു. പെണ്‍കുട്ടിയോട് സഹതാപം തോന്നുമെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നുള്ള തോന്നല്‍ യേശുദാസിന്റെയുള്ളില്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുന്നു. ഇത്തരത്തില്‍ പത്ത് സിനിമ, നോവല്‍... ഇറങ്ങുന്നതോടെ യേശുദാസിന്റെ കാഴ്ചപ്പാടില്ലാത്തവരുടെയുള്ളിലും കൈയ്യില്ലാത്ത കുപ്പായം സമം സെക്സ് റാക്കറ്റിലകപ്പെടല്‍/ബലാല്‍സംഗം/മരണം... എന്ന സമവാക്യം പതുക്കെ രൂപം പ്രാപിക്കും.
ഇതേ രീതിയില്‍ അഞ്ജലി അറയ്ക്കലിന്റെ കൊലപാതകം ഒരു വരുമാനമാര്‍ഗമുള്ള സ്ത്രീയുടെ കൊലപാതകമാകുന്നു. ഈ ഐഡന്റിറ്റിക്ക് പുറമെ മറ്റു ചില വിവരങ്ങളും സിനിമയിലുണ്ട്.

  • അവര്‍ കാറോടിക്കുന്നുണ്ട്. (പിന്നീട് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുകയും ചെയ്യുന്നു). സത്യത്തില്‍ കാറോടിച്ചതിനുള്ള ശിക്ഷ അപ്പോള്‍ത്തന്നെ കൊടുക്കുന്നുമുണ്ട് സംവിധായകന്‍. പോലീസ് ചെക്കിങ്ങിനിടയില്‍ എസ് ഐയ്യുടെ പെരുമാറ്റത്തെക്കുറിച്ച്  'ഈ പന്നിയെന്നെ നാക്കുകൊണ്ട് റേപ് ചെയ്തില്ലെന്നേയുള്ളു' എന്നാണ് അഞ്ജലി പറയുന്നത്.  
  • കാറോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. (വീണ്ടും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനറിയില്ല എന്ന സ്റ്റീരിയോടൈപ്പില്‍ പെടുന്നു). 
  • അവര്‍ക്ക് 'ബോയ്ഫ്രന്റ്' ഉണ്ട് (തുടക്കത്തിലെ കാറോടിക്കല്‍ സീനില്‍ കൂട്ടുകാരിയോടുള്ള ഫോണ്‍ സംഭാഷണത്തില്‍ അവര്‍ വല്ല ബോയ്ഫ്രന്റിനേം കാണാന്‍ പോകുകയാണോ എന്ന സംശയത്തിന് മറുപടിയായി കാമുകന്‍സിനെ കാണാന്‍ ആരും അങ്ങോട്ട് പോകാറില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ഇങ്ങോട്ട് വന്നുകൊള്ളും എന്നും അഞ്ജലി മറുപടി പറയുന്നു)  
  • അവര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സ്ത്രീയാണ്. കെ കെ (പ്രതാപ് പോത്തന്‍) യോടൊപ്പം ലിഫ്റ്റില്‍ കയറുമ്പോള്‍ സൂക്ഷിക്കണം എന്ന് പറയുന്ന കൂട്ടുകാരിയോട് (തരുണ്‍ തേജ്പാല്‍ സംഭവത്തെ മുന്‍നിര്‍ത്തി) സൂക്ഷിക്കേണ്ടത് അയാളാണെന്നും ഇല്ലെങ്കില്‍ അയാളുടെ ലിഫ്റ്റ് പൊങ്ങാതിരിക്കുകയാണുണ്ടാവുക എന്നും അഞ്ജലി പറയുന്നു.
  • അവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 
  • അവര്‍ക്ക് ആണ്‍ സുഹൃത്തുക്കളുണ്ട്. 
  • മുടി പറ്റെ വെട്ടിയിട്ടുണ്ട്. 
  • 'ചേച്ചി' എന്ന് അഭിസംബോധന ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. 
  • പാചകം കാര്യമായിട്ടുള്ളതായി കാണുന്നില്ല. നൂഡില്‍സ് മാത്രമാണ് വീട്ടില്‍ എപ്പോഴും കഴിക്കുന്നതായി കാണുന്നത്...

അഞ്ജലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആ രംഗത്തില്‍ത്തന്നെ ഒരു താരതമ്യവും വളരെ എളുപ്പം സംവിധായകന്‍ ചെയ്യുന്നുണ്ട്. ഫോണ്‍ വിളിക്കുന്ന കൂട്ടുകാരിയോട് എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവര്‍ 'കുട്ടികളെ നോക്കി കെട്ട്യോന്റെ പുരയിലാ'ണ് എന്ന് പറയുന്നു. 'അല്ലാണ്ടേട്യാ' എന്ന വാല്‍ക്കഷ്ണത്തിലൂടെ കൂട്ടുകാരിക്ക് ജോലിയില്ല എന്നും സൂചന. മരിക്കുന്നത് അവരല്ല, കെട്ട്യോനോ കുട്ടികളോ ഇല്ലാത്ത, വീട്ടിലല്ലാതെയും പലയിടങ്ങിളിലും എത്തിച്ചേരാനുള്ള അഞ്ജലിയാണ്. 

വിലാപങ്ങളില്ലാത്ത മരണം
സിനിമയില്‍ ഒരു കഥാപാത്രത്തിനു സംഭവിക്കുന്നതിനോടെല്ലാം കാഴ്ചക്കാര്‍ക്ക് പ്രതികര​ണമുണ്ടാകും. സാധാരണഗതിയില്‍ നായകന്‍ മരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് നോവും. വില്ലന്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ കൈയ്യടിക്കും. മുന്നറിയിപ്പിലെ നായിക മരിക്കുമ്പോള്‍ പക്ഷെ ഇത്തരത്തിലുള്ള ഒരു പ്രതികരണമല്ല ഉണ്ടാവുക. ഇത് നടപ്പിലാക്കുന്നത് നായികയെ അവതരിപ്പിക്കുന്ന രീതിയിലൂടെയാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അഞ്ജലി ചെയ്യുന്നത് എന്നിരുന്നാലും ആ പ്രവര്‍ത്തികള്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നത്. കൊലപാതകം മാത്രമല്ല, കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോലീസ് പിടിക്കല്‍ സീനില്‍ത്തുടങ്ങി സിനിമയിലുടനീളം അവര്‍ നേരിട്ടിരുന്ന പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ ന്യായീകരണമുള്ളതായിത്തീരുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത്?

'സ്റ്റോറി' അഥവാ പത്രപ്രവര്‍ത്തനത്തിനുള്ള വിഷയം തേടിയുള്ള അലച്ചിലാണ് മിക്ക റിപ്പോര്‍ട്ടര്‍മാരുടേതും.വാര്‍ത്താ ചാനലിലായാലും പത്രസ്ഥാപനങ്ങളിലായാലും ഇത് അങ്ങനെത്തന്നെയാണ്. വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരവും സ്വാഭാവികമാണ്. അഞ്ജലിയും ഇതേ രീതിയില്‍ത്തന്നെ സ്റ്റോറിക്ക് വേണ്ടി അലയുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. ഇതിനുവേണ്ടിയാണ് അവര്‍ കെ കെ യുടെ പാര്‍ട്ടിയില്‍ പോകുന്നതും. അങ്ങനെ ലഭിച്ച ജോലിയുടെ ഭാഗമായി ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് രാഘവനെ അവര്‍ പരിചയപ്പെടുന്നത്. അയാളില്‍ അവര്‍ മറ്റൊരു സ്റ്റോറി കാണുന്നു. സാമിയുടെ (നെടുമുടി വേണു) കഥ തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ച് അവര്‍ രാഘവന്റെ സ്റ്റോറിയില്‍ വ്യാപൃതയാകുന്നു. ഇതൊന്നും എവിടെയും സംഭവിക്കാത്ത കാര്യങ്ങളേയല്ല. എന്നാല്‍ രാഘവനോടുള്ള പെരുമാറ്റത്തില്‍ അസ്വാഭാവികമാംവണ്ണം മനുഷ്യത്വമില്ലായ്മ കുത്തിനിറച്ചുകൊണ്ട് സംവിധായകന്‍ നായികയോട് വെറുപ്പ് വളര്‍ത്തുന്നു.മറ്റൊരു പത്രപ്രവര്‍ത്തക തന്നെ കാണാന്‍ വന്നിരുന്നു എന്ന രാഘവന്റെ 'നിഷ്കളങ്കമായ' വെളിപ്പെടുത്തലിനുശേഷമുള്ള അഞ്ജലിയുടെ പെരുമാറ്റം തൊട്ടങ്ങോട്ട് 'സ്റ്റോറി'ക്കുവേണ്ടിയായാലും അല്ലെങ്കിലും താല്‍പര്യം തോന്നുന്ന ഒരു വ്യക്തിയോട് മനുഷ്യര്‍ പെരുമാറുന്ന രീതിയില്ലല്ല അഞ്ജലിയുടെ പെരുമാറ്റം. അവര്‍ കാരണമില്ലാതെ അധികാരം പ്രയോഗിക്കുന്നു. സാമാന്യബുദ്ധിയുള്ള ഒരു മാധ്യപ്രവര്‍ത്തകാളും സ്വന്തം സബ്ജക്റ്റിനോട് ഇപ്രകാരം പെരുമാറില്ല. കാറിലിരിക്കുമ്പോള്‍ ഗ്ലാസ് താഴ്ത്തുന്ന രാഘവനോട് അഞ്ജലി ശുണ്ഠിയെടുക്കുന്നു. പിന്നീട് എഴുതാനായുള്ള നിര്‍ബന്ധം കൂടിക്കൂടിവരികയും ആ സമയമത്രയും രാഘവനെ തടവിലിടുകയും ചെയ്യുന്നു. ഇവരുടെ ആണ്‍ സുഹൃത്ത് രാഘവനെ കാണുന്ന ഒരേയൊരു സമയത്താകട്ടെ വളരെ മാന്യമായി പെരുമാറുന്നതായും കാണാം. (ഇയാള്‍ അഞ്ജലിക്ക് ഉപദേശവും കൊടുക്കുന്നുണ്ട് അതിനുശേഷം. ആണ്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തുടരെത്തുടരെ ഉപദേശം സ്വീകരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അഞ്ജലി പക്ഷെ ഒരു പെണ്‍ മാധ്യമപ്രവര്‍ത്തകയായ പ്രിയ ജോസഫിനെതിരാണ് തിരക്കഥയില്‍. ഇത് ജോലിപരമായ മത്സരബുദ്ധി കാരണമാണെങ്കില്‍ക്കൂടി സ്ത്രീയുടെ ഉപദേഷ്ടാക്കളും രക്ഷകര്‍ത്താക്കളുമാകുന്ന പുരുഷനും, എതിര്‍ഭാഗത്താകുന്ന സ്ത്രീയും പുരുഷാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയാണെന്നത്.) ഇങ്ങനെയെല്ലാം പെരുമാറുന്ന ഒരു സ്ത്രീക്ക് ആ ജോലിയോ സ്വന്തം ജീവന്‍ പോലുമോ അര്‍ഹതപ്പെട്ടതല്ലെന്ന കാഴ്ചപ്പാട് പ്രേക്ഷകരില്‍ കഥാകാരന്‍ വളര്‍ത്തിയെടുക്കുന്നു. അതുകൊണ്ടുതന്നെ അടിയേറ്റ് വീഴുന്ന അഞ്ജലിയോ വിമാനത്താവളത്തില്‍ അവരെ കാത്തുനില്‍ക്കുന്ന സൌഹൃദം/പ്രണയമോ (പൃഥ്വിരാജിന്റെ ഉദ്ദേശം ഇനിയും വ്യക്തമായിട്ടില്ലാത്ത 'അമേരിക്കയിലുള്ള ചാക്കോച്ചന്‍' കഥാപാത്രം) അവരുടെ അമ്മയോ ഒന്നും പ്രേക്ഷകരെ വേദനിപ്പിക്കാന്‍ വഴിയില്ല.

അഞ്ജലിയുടെ മരണം അവരര്‍ഹിക്കുന്നതായിത്തീര്‍ക്കുന്നതോടൊപ്പം ന്യായീകരിക്കപ്പെടുന്ന മറ്റ് ഗുരുതരമായ അവസരങ്ങളില്‍ ചിലത്

  • അഞ്ജലിക്ക് ഫൈന്‍ കെട്ടിക്കൊണ്ട് എസ് ഐ 'അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് കാറിലായാലും അടുക്കളേലായാലും വര്‍ത്തമാനമൊഴിഞ്ഞൊരു നേരമില്ലല്ലോ' എന്ന് കൂട്ടിച്ചേര്‍ക്കുന്നു. അവരോട് ആ സീനിലുടനീളം അയാള്‍ വളരെ മോശമായ, അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിക്കുന്നു.  
  • 'വേറെ ഒരു പണിയുമില്ലെങ്കില്‍ ജേണലിസ്റ്റായേക്കാം എന്ന് പറഞ്ഞ് നടക്കുന്ന കുറെ പെണ്ണുങ്ങളുണ്ട്, ഇതൊക്കെ ആ വര്‍ഗ്ഗത്തില്‍പ്പെട്ടതായിരിക്കും' എന്ന് പ്രതാപ് പോത്തന്‍ അഞ്ജലിയെക്കുറിച്ച് പറയുന്നു. (കുറെ ആളുകളുണ്ട് എന്നുപോലുമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം) ‌

പ്രതാപ് പോത്തനിലൂടെ പുറത്തുവരുന്ന ഈ സ്ത്രീവിരുദ്ധത മുന്നറിയിപ്പിന്റെ സന്ദേശമായും ചേരും. ഈ ഒരു വാചകം പറയാന്‍ ഒരു സിനിമ തന്നെ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നെന്ന് മാത്രം.







Saturday, 12 October 2013

കോഴിക്കോട്ടെ ഒരു താവളം



കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് താഴെയുള്ള പഴയ പുസ്തകക്കടയാണിത്. പുതിയ പുസ്തകങ്ങളും ചിലത് കിട്ടും. ആ വഴിക്ക് നടക്കുമ്പഴൊക്കെയും പുസ്തകം വാങ്ങാനാണെങ്കിലും അല്ലെങ്കിലും ഇവിടെ കേറും ഞാന്‍. പതിനൊന്നിലൊറ്റം പഠിക്കുമ്പഴാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. അന്നുതൊട്ട് കുറെയധികം പുസ്തകങ്ങള്‍ വാങ്ങി ഇവിടുന്ന്. ആദ്യ കാല്‍വിന്‍ ആന്റ് ഹോബ്സ് വരെ ഇവിടുന്നാണ്. വായനയിലെ വഴിത്തിരിവുകള്‍ പലതുമുണ്ടായ ആ കാലഘട്ടത്തില്‍ കുട്ടികളുടെ പുസ്തകങ്ങള്‍ വായിച്ച് ഭാഷ നന്നാക്കാന്‍ ഈ പുസ്തകശാല ഒരുപാട് സഹായിച്ചിരുന്നു. സ്നേഹം മൂത്ത് അവസാനം അവിടെ ജോലി ചെയ്യാനൊരവസരം വരെ ചോദിച്ചു നടത്തിപ്പുകാരനോട്. അങ്ങേര് സ്നേഹപൂര്‍വം അറിയിക്കാമെന്ന് പറഞ്ഞ് വിട്ടു. പല സൌഹൃദങ്ങളും പ്രണയങ്ങളും ഇവിടെ വച്ചുണ്ടായിട്ടുണ്ട്. പല സമ്മാനങ്ങളും ഇവിടെനിന്ന് വാങ്ങിയവയാണ്. 
ഇന്ന് കയറിയപ്പോള്‍ എന്‍ എസ് മാധവന്റെ തിരുത്തും Winnie the Pooh വിന്റെ ഒരു illustrated പുസ്തകവും വാങ്ങി. ഇങ്ങനെയൊക്കെയാണ് കോഴിക്കോട്ട് പൈസ പോകുന്ന വിധം.


Sunday, 24 March 2013

ബുക്കറിലൂടെ 6:Life of Pi Yann Martel: പുസ്തകവും സിനിമയും




പുസ്തകം വായിച്ച് കഴിഞ്ഞ് കുറെയായി. സിനിമ ഇന്നലെ കണ്ടേയുള്ളു. അതുംകൂടെ കഴിഞ്ഞ് എഴുതാമെന്ന് വെച്ചിരുന്നതാണ്. മലയാളത്തില്‍ അതിനെ മടി എന്നും വിളിക്കും.
ഒറ്റ വാചകത്തില്‍പ്പറഞ്ഞാല്‍ എനിക്ക് പുസ്തകവും ഇഷ്ടായില്ല സിനിമേം ഇഷ്ടായില്ല. രണ്ടിനും രണ്ട് കാരണങ്ങളാണെങ്കിലും.
ലൈഫ് ഓഫ് പൈ എന്ന യാന്‍ മാര്‍ട്ടലിന്റെ നോവല്‍ ബുക്കര്‍ പ്രൈസ് മെറ്റീരിയലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പൈ എന്ന് ചുരുക്കപ്പേരുള്ള പിസീന്‍ പട്ടേല്‍ എന്ന യുവാവ് നടുക്കടലില്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന് പേരുള്ള ഒരു ബംഗാള്‍ കടുവയോടൊപ്പം അകപ്പെടുന്നതാണ് കഥ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടം എന്ന പഴയ പ്ലോട്ട്. അതിലവസാനം മനുഷ്യന്‍ ജയിക്കുന്നു. കടുവ തിന്നാതെയും കടലെടുക്കാതെയും പൈ അതിജീവിക്കുന്നു. പൈയുടെ കഥ അമാനുഷികമായതുകൊണ്ടുതന്നെ അതില്‍ ദൈവത്തിന്റെ കൈയ്യൊപ്പുണ്ടെന്നും അതിനാല്‍ അത് ദൈവം ഉണ്ട് എന്നതിന് സാക്ഷ്യം വഹിക്കുന്നുവെന്നും കഥാകാരന്‍ വിശ്വസിക്കുന്നു. ഇവിടെയാണ് എന്റെ പ്രധാന വിയോജിപ്പ്.
കഥ വായിച്ചുകഴിഞ്ഞ് വായനക്കാര്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എല്ലാ പുസ്തകങ്ങളും ഇത്തരത്തില്‍ വായനക്കാരെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിക്കുന്നവയുമാണ്. പക്ഷെ വായനക്കാര്‍ ഇതിനവസാനം എന്ത് ചെയ്യണം, എന്തായിത്തീരണം എന്ന് വിവരിക്കുന്ന ഒരു user manual ഓടുകൂടെ വരുന്ന പുസ്തകങ്ങള്‍ അവരുടെ ചിന്താസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈഫ് ഓഫ് പൈ തുടങ്ങുന്നത് നോവലെഴുതുന്നതിനുപിന്നിലുള്ള ചരിത്രം വിവരിക്കുന്ന കുറിപ്പോടെയാണ്. അത് നോവലിന്റെ തന്നെ ഭാഗമാണോ അതോ യഥാര്‍ഥത്തിലുള്ളതാണോ എന്നത് ambiguous ആയും ആ ambiguity മനപൂര്‍വമായും എനിക്ക് തോന്നി. നോവലിനുള്ള കഥയന്വേഷിച്ച് നടന്ന കഥാകാരന്‍ പോണ്ടിച്ചേരിയിലെത്തുന്നു. അവിടെവെച്ച് ഒരാള്‍ പൈയുടെ കഥയെപ്പറ്റിപ്പറയന്നു. ഈ കഥ പ്രത്യേകതയര്‍ഹിക്കുന്നത് അത് ഒരാളെ ദൈവത്തില്‍ വിശ്വാസമുള്ളവരാക്കിത്തീര്‍ക്കും എന്നുള്ളതുകൊണ്ടാണെന്നും പറയുന്നു. അക്കഥയാണ് ലൈഫ് ഓഫ് പൈ. ഇങ്ങനെ ഒരാമുഖത്തോടെ തുടങ്ങുന്നത് വളരെ amateur ആയ രീതിയായി എനിക്ക് തോന്നി. കഥ വായിച്ചുകഴിഞ്ഞേതായാലും എനിക്ക് വിശ്വാസമൊന്നും വന്നില്ലെന്ന് വേറെ പറയണ്ടല്ലോ. അല്ലെങ്കിലും നിരീശ്വരവാദികള്‍ ദൈവത്തില്‍ വിശ്വാസമില്ലാത്തവരല്ല, ദൈവമില്ല എന്നറിയാവുന്നവരാണ് എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ദൈവമില്ല എന്നറിയാവുന്ന ആളാണ്. ഉള്ള ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളല്ല.
അത് പോട്ടെ. ഇതൊക്കെക്കഴിഞ്ഞ് യാന്‍ മാര്‍ട്ടെലിന്റെ സെക്യുലറിസത്തിന്റെ കാഴ്ചപ്പാടിലേയ്ക്ക് വാരുമ്പോള്‍ ഇതിലും തമാശയാണ്. കുട്ടികളാവുമ്പൊ നമ്മളെ പഠിപ്പിക്കാറുണ്ടല്ലോ, ഒരു ദൈവമേയുള്ളു ആ ദൈവത്തിനെ പല പേരില്‍ വിളിക്കുന്നതാണ് യേശു, കൃഷ്ണന്‍ അള്ളാഹു എന്നൊക്കെ. അത്തരത്തിലാണ് എഴുത്തുകാരനും ചിന്തിച്ചുവെച്ചിരിക്കുന്നത്. ബാലിശം. പൈയെ ഒരു സെക്യുലര്‍ കുട്ടിയാക്കാന്‍ കഥാകൃത്ത് അവനെക്കൊണ്ട് ഈ മൂന്ന് ദൈവങ്ങളെയും ആരാധിപ്പിക്കുന്നു. അതിനു പുറകെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ മൂന്ന് മതാചാര്യരും തമ്മില്‍ വഴക്കിടുന്നു എന്നതാണ്. ഇവിടെ മതത്തിന്റെയും ജാതിയുടെയും പേരില്‍ കൊല നടക്കുന്ന ഒരു രാജ്യത്തിനെപ്പറ്റിയാണ് ഇത്തരത്തിലെഴുതിവെച്ചിരിക്കുന്നത്. ഇതിനെ അറിവില്ലായ്മ എന്നല്ല പറയുക. പഠനത്തിന്റെ കുറവാണ്. ഈ നാടിനെപ്പറ്റി കുറെയധികം പഠിച്ചേ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളു. നാളെ മോഡി ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ഇവിടൊരാളിത് വായിക്കുമ്പോള്‍ എന്ത് കോപ്പാണിത് എന്ന് തോന്നും. എനിക്കിപ്പഴേ തോന്നുന്നുണ്ട്.
പുസ്തകത്തിലെനിക്കിഷ്ടപ്പെട്ട കാര്യം ജന്തുക്കളെക്കുറിച്ചുള്ള അറിവുകളാണ്. (അതൊക്കെ സത്യമാണെങ്കില്‍) അത് വായിക്കുക കൌതുകകരമായിരുന്നു.
വേറൊരു രസകരമായ സംഗതി പൈ സമുദ്രമധ്യേ മാംസഭുക്കാകുന്നതാണ്. പട്ടര് കുട്ടിയായി തൈരൊക്കെക്കഴിച്ച് മാംസാഹാരത്തോട് സ്വതവേയുള്ള പുഞ്ഞത്തില്‍ നടന്ന ചെക്കന്‍ ഒന്നും തിന്നാനില്ലാതെ വന്നപ്പോളതൊക്കെക്കളഞ്ഞ് മീനൊക്കെ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നത്. ഇതിന്റെ അര്‍ഥതലങ്ങളൊന്നും ആലോചിക്കാതെയാണ് മാര്‍ട്ടലിതെഴുതിയിരിക്കുന്നത് എന്ന് തോന്നുന്നു. ബ്രാഹ്മണനെക്കൊണ്ട് മീന്‍ തീറ്റിച്ചാലിവിടെ ശിക്ഷ പലവിധമാണല്ലോ. മനുഷ്യന്‍ പ്രകൃതിയാലെ omnivorous ആണെന്നതിലാര്‍ക്കും സംശയമില്ലെന്ന് വിചാരിക്കട്ടെ. ജനിച്ചുവീണ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സസ്യാഹാരം മാത്രം തിന്നുന്ന ചിലര്‍. അല്ലെങ്കില്‍ ജന്തുക്കളെ കൊല്ലുന്നതിനോടുള്ള എതിര്‍പ്പ് കാരണം. ഇവിടെ പൊതുധാരണയ്ക്ക് വിപരീതമായി മാംസഭുക്കുകളായ മനുഷ്യരല്ല മറിച്ച് സസ്യഭുക്കുകളാണ് aberration എന്ന് മനസ്സിലാക്കണം. ഇവിടെ അതൊക്കെപ്പറഞ്ഞാലടിപൊട്ടും എന്നറിയാത്തതുകൊണ്ട് പൈ മീന്‍ തിന്നു. സിനിമയിലിത് ഒഴിവാക്കിയിട്ടുണ്ട് കേട്ടോ. പുസ്തകത്തില്‍ ആമയുടെ ചോര കുടിച്ച് കൊണ്ട് തുടങ്ങുന്ന മാംസഭുക്കിസം പിന്നെ വിവിധ മല്‍സ്യങ്ങളുടെ ഇറച്ചിയെപ്പറ്റിയുള്ള നീണ്ട വിവരണങ്ങളിലേയ്ക്ക് പോകുന്നുണ്ട്. താന്‍ കഴിച്ചിട്ടുള്ള ഒരു പായസത്തിനും ആ രുചിയെ വെല്ലാന്‍ പറ്റില്ലെന്ന് പൈ പറയുന്നുമുണ്ട്. പൈ പുസ്തകത്തിലായത് പൈയ്ക്ക് കൊള്ളാം.
രണ്ട് അവസാനങ്ങളുണ്ട് പുസ്തകത്തിന്. ഒന്ന് കഥ തന്നെ. പിന്നെ കടുവയുമായി രക്ഷപ്പെട്ട കുട്ടിയുടെ കഥ ആരും വിശ്വസിക്കാഞ്ഞപ്പോള്‍ പറയുന്ന കൂടുതല്‍ വിശ്വസനീയമായ ഒരു കൂതറ/പൊട്ടക്കഥ. അവിടെ വീണ്ടും കഥാകൃത്തിന് ആദ്യം പറഞ്ഞ ദൈവവിശ്വാസം ഉണ്ടാക്കിയെടുക്കാനുള്ള പെടാപ്പാട് കാണാം. നല്ല കഥയാണ് വായനക്കാര്‍ക്കിഷ്ടം എന്ന് വരുമ്പോള്‍ അത് ദൈവമുണ്ട് എന്ന് വിശ്വസിക്കലാകുന്നു. പൊട്ടക്കഥ ഇഷ്ടമാവുകയാണെങ്കില്‍ വിശ്വാസമില്ലാത്തവര്‍ പൊട്ടന്മാരാകുന്നു. എങ്ങനേണ്ട്.
ഇനി സിനിമ. എന്ത് സിനിമ. പുസ്തകം സിനിമയാക്കുമ്പോള്‍ അത് അതേ പടി എടുത്തുവയ്ക്കലാണോ? അതിന് സിനിമയെന്തിനാണ്? പുസ്തകം വായിക്കുമ്പോള്‍ വായന ഇഷ്ടമുള്ളവര്‍ക്കും അല്ലാത്ത ഒരുമാതിരിപ്പെട്ട എല്ലാവര്‍ക്കും അതൊക്കെ മനസ്സില്‍ കാണാന്‍ പറ്റും. സിനിമ എന്നത് വെറുതെ ചിത്രത്തിലാക്കിവയ്ക്കലല്ലല്ലോ. ഈ ഓസ്കാറ് കിട്ടാന്‍ പോകുന്ന സിനിമകള്‍ കാണുമ്പഴേ നമുക്കറിയാന്‍ പറ്റുമല്ലോ അതിന് കിട്ടും എന്ന്. അതുതന്നെ. ( ഈ കേസില്‍ പുസ്തകം സിനിമയാക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പഴേ അറിയാമായിരുന്നു കിട്ടുമെന്ന്. ഒരു ഓസ്കാര്‍ നീക്കം) അത്രമാത്രമേ സിനിമയുമുള്ളു. ഒരു ഓസ്കാര്‍ ചിത്രം. ഛായാഗ്രഹണത്തിന് ഈ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടിയതിനെപ്പറ്റി Christopher Doyle പറയുന്നത് ഇവിടെ വായിക്കാം. അതൊക്കെത്തന്ന്യേ എനിക്ക് സിനിമയെപ്പറ്റി പൊതുവെ പറയാനുള്ളു.
യാന്‍ മാര്‍ട്ടലിന്റെ വേറെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. വായിക്കാനിനി ആഗ്രഹവുമില്ല.
ഏതായാലും ബുക്കര്‍ പട്ടികയില്‍പ്പെടുത്താതെ വായിച്ചു തള്ളാനെന്ന നിലയ്ക്ക് ഇതൊരു നല്ല പുസ്തകമാണ്. സത്യത്തില്‍ അതിലും കൂടുതല്‍. വല്യ പ്രയാസമൊന്നുമില്ലാത്ത ഭാഷ. ഒഴുക്കുമുണ്ട്. അത്യാവശ്യത്തിന് നര്‍മവും. ഇത് മാത്രം കൊണ്ടായില്ല. അത്രേ ഉള്ളു. 

അടുത്തത്: J M Coetzee, Disgrace 

Tuesday, 19 March 2013

SRFTI: റാഗിംഗ്;സംഭവിച്ചതെന്തെന്നാല്‍

സംഭവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞെങ്കിലും എഴുതേണ്ട സംഗതികള്‍ എഴുതപ്പെടാതെ പോകരുതല്ലോ. മാത്രവുമല്ല മൂന്ന് മാസം മുന്നെ നടന്ന കാര്യങ്ങള്‍ കാരണം ഇപ്പഴും ചിലര്‍ (ചിലര്‍ എന്ന് പറയുമ്പോള്‍, ഞാന്‍) അനുഭവിക്കുന്നുമുണ്ടല്ലോ. അതിനാല്‍ നടന്ന കാര്യങ്ങള്‍ എന്ത് എന്നും എന്തുകൊണ്ട് എങ്ങനെ ഞാന്‍ സത്യജിത് റേ ചലച്ചിത്രക്കളരിയിലെ കറത്ത കുഞ്ഞാടായി എന്നും ഇവിടെ കുറിക്കുന്നു.
26 November 2012 നാണ് ക്ലാസ് തുടങ്ങുന്നത്. അന്ന് രാത്രി ഒരു സ്വാഗത പരിപാടിയും തുടര്‍ന്ന് രാത്രിഭക്ഷണവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കൈ കഴുകി തിരിച്ച് നടക്കുമ്പോള്‍ ആരോ എന്നെ വിളിച്ചു. ശബ്ദത്തിന്റെ ഉറവിടസ്ഥാനമായ ഇരുട്ട് Open Air Theatre ആണെന്ന് പിന്നീട് മനസ്സിലായി. ഏതായാലും അവിടെ കുറെ സീനിയേസ് കള്ളും കഞ്ചാവുമായിരിക്കുന്നുണ്ടായിരുന്നു. ഇവിടെ ചെന്നതും പൊതുവെ റാഗിംഗ് എന്നറിയപ്പെടുന്ന കടുത്ത മനുഷ്യാവകാശലംഘനമെന്ന് ഞാന്‍ വിശ്വസിക്കുന്നതുമായ പരിപാടി തുടങ്ങി. റാഗിംഗ് പരിചയമുള്ളവര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന രീതിയിലൊക്കെത്തന്നെ അത് പുരോഗമിച്ചു. പരിചയമില്ലാത്തവര്‍ക്കായി, ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുക, അഭ്യാസങ്ങള്‍ ചെയ്യിപ്പിക്കുക, ഇടതടവില്ലാതെ തെറി വിളിച്ചുകൊണ്ടിരിക്കുക, തല്ലും, കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുക എന്നിവ. അപ്പോള്‍ ഞാന്‍ അമ്മയുടെ കൂടെ ഗസ്റ്റ് ഹൌസിലാണ് താമസിച്ചിരുന്നത് എന്നതുകൊണ്ട് ഒരു മണിക്കൂറിനുശേഷം അവര്‍ 'ഹോസ്റ്റലിലേയ്ക്ക് നടക്കൂ' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ ഗസ്റ്റ് ഹൌസില്‍ പോയി കിടന്നുറങ്ങി. ഞാന്‍ കരുതിയത് ഹോസ്റ്റലെന്നാല്‍ എവിടെയാണോ താമസിക്കുന്നത്, അവിടം എന്നാണെന്നാണ്. പക്ഷെ പിന്നീട് മനസ്സിലായി ഹോസ്റ്റലിന്റെ ടെറസ്സിലാണ് വിശ്വവിഖ്യാതമായ റാഗിംഗ് പരിപാടി നേരം പുലരുവോളം നടക്കുന്നതെന്ന്.

പിറ്റേ ദിവസം ഞങ്ങളുടെ മുറിയില്‍ (അപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരാണ് അവിടെ താമസിച്ചിരുന്നത്. ആറ് പേര്‍ക്കുള്ള മുറിയാണത്.) രണ്ട് ഡേ സ്കോളേസും താമസിക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ റാഗിംഗില്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞതുകൊണ്ട് അവിടെ നില്‍ക്കുന്നതാണെന്ന് പറഞ്ഞു. എനിക്കിതെല്ലാം വളരെ വിചിത്രമായിത്തോന്നി. നിര്‍ഭാഗ്യവശാല്‍ എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നുണ്ടായിരുന്നത്. ഏതായാലും ഞാനന്നും പോയില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ മലയാളികളായ രണ്ട് ബാച്ച്മേറ്റുകള്‍ വന്ന് പറഞ്ഞു അവരെന്നെ വിളിക്കുന്നുണ്ട്, ചെല്ലണമെന്ന്. പോകാനുദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവരിലൊരാളുടെ മട്ട് മാറി. 'ഞങ്ങള്‍ക്കൊക്കെ പോകാമെങ്കില്‍ നിനക്കെന്താണ്? എല്ലാവരും ചെല്ലുന്നതുവരെ അവരിത് തുടരും എന്നാണ് പറയുന്നത്, അതുകൊണ്ട് 'നീ കാരണം ഞങ്ങളനുഭവിക്കുകയാണ്' എന്നെല്ലാം പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത്രയ്ക്കും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെട്ടുകൂടേ? അപ്പോള്‍ തനിക്ക് അവിടെ തുടര്‍ന്നും പഠിക്കേണ്ടതാണെന്നും പരാതിപ്പെട്ടാല്‍ സീനിയേസ് അതിന് സമ്മതിക്കില്ലെന്നും പഠനം മാത്രമല്ല തുടര്‍ന്നുള്ള ജീവിതവും ദുര്‍ഘടമാക്കാനവര്‍ക്ക് കഴിയുമെന്നും ആ കുട്ടി പറഞ്ഞു. അവസാനം അഞ്ച് മിനുറ്റ് മുഖം കാണിച്ച് പോയാ മതി എന്ന് പറഞ്ഞ് അവരെന്നെയും കൂട്ടിക്കൊണ്ട് പോയി.

തണുപ്പാണ്. ചൂടിനേക്കാള്‍ തണുപ്പ് സഹിക്കുക എനിക്ക് പ്രയാസമാണ് എന്നതിനാലും അത്രയും തണുപ്പ് പരിചയമില്ലാത്തതിനാലും എനിക്കത് വല്ലാത്ത പ്രശ്നമായിരുന്നു. ഒരു ഘട്ടത്തില്‍ റാഗിംഗിനോടുള്ള എതിര്‍പ്പിനേക്കാള്‍ പണ്ടാരം ഈ തണുപ്പത്തന്നെ ഇവര്‍ക്കിത് ചെയ്യണോ എന്നായിരുന്നു ഞാനാലോചിച്ചിരുന്നത്. മട്ടുപ്പാവിലും തലേന്നത്തെ നടപടിക്രമം പുരോഗമിക്കുകയായിരുന്നു. അന്നേതായാലും എനിക്ക് ക്ഷമ നഷ്ടപ്പെട്ടു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയും മെസേജയക്കുകയും ചെയ്യുകയായിരുന്ന എന്നോട് ഫോണുപയോഗിക്കാന്‍ പാടില്ലെന്നും അത് സ്വിച് ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ അവരിലൊരാള്‍ എന്റടുത്ത് നിന്ന് ഒരടിയില്‍ക്കുറവ് അകലത്തില്‍ നിന്ന് എന്താണ് ചെയ്താലെന്ന് ആക്രോശിച്ചു. അതിനുംശേഷം ആരൊക്കെയോ വന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആവര്‍ത്തിച്ചുള്ള തെറിവിളിയും ഇതുമെല്ലാം കൂടെക്കുഴഞ്ഞ് എനിക്കൊന്നും കേള്‍ക്കാതാവുകയുംകൂടെയായി. അപ്പോഴേയ്ക്കും നല്ല തണുപ്പായിരുന്നു. സ്വെറ്ററൊക്കെയിട്ടിട്ടുണ്ടായിരുന്നെങ്കിലും പല്ല് കൂട്ടിയിടിച്ച് എനിക്ക് സംസാരിക്കാന്‍ വരെ പറ്റുന്നുണ്ടായിരുന്നില്ല.
ഞാനവിടെനിന്ന് ഇറങ്ങിപ്പോയി. പ്രശ്നങ്ങള്‍ തുടങ്ങി.

തിരിച്ച് റൂമിലെത്തിയതും ബാച്ച്മേറ്റുകള്‍ കൂട്ടമായും ഒറ്റയായും എന്നെ തിരിച്ച് വിളിക്കാന്‍ പ്രവഹിക്കാന്‍ തുടങ്ങി. ഞാന്‍ തിരിച്ചുവരാതെ അവരെയൊന്നും അവിടെനിന്ന് വിടാന്‍ പോകുന്നില്ലെന്ന് അറിയിച്ചതായി അവരെല്ലാം പറഞ്ഞു. ഉറങ്ങാമെന്ന് കരുതിയതായിരുന്നെങ്കിലും അഞ്ച് മിനുറ്റ് കൂടുമ്പോള്‍ ആളുകള്‍ വിളിക്കാന്‍ വരുന്നതിനാല്‍ അതിനു പറ്റുമായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ഗതികെട്ട് ഞാന്‍ സുഹൃത്തിന്റെ സഹായത്തോടെ റെജിസ്റ്റ്രാറുടെ നമ്പര്‍ വാങ്ങി അങ്ങേരെ വിളിച്ച് പരാതിപ്പെട്ടു. Campus ില്‍ തന്നെ താമസിക്കുന്ന ഒരു പ്രൊഫസറെയും വിളിച്ച് സഹായിക്കാനഭ്യര്‍ഥിച്ചു. ഈ പ്രൊഫസര്‍ റാഗിംഗ് നടക്കുന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് റെജിസ്റ്റ്രാര്‍ പറഞ്ഞു. (അങ്ങിനെയൊന്നും നടന്നിട്ടില്ലെന്ന് പിന്നീട് മനസ്സിലായി). അന്ന് പുലര്‍ച്ച ഏഴ് മണിയോടടുത്താണ് റാഗിംഗ് അവസാനിച്ചതും എല്ലാവരും മുറിയില്‍ തിരിച്ചെത്തിയതും. ക്ലാസ്സില്‍ പോകണമെന്നുള്ളവര്‍ ഏഴേഴരയ്ക്ക് കിടന്നുറങ്ങി പത്ത് മണിക്കുള്ള ക്ലാസ്സിലെത്തിയാല്‍ മതി.

പിറ്റേന്നും ഞാന്‍ പോയില്ല. അന്ന് കുറച്ച് അധ്യാപകര്‍ എന്നോട് സംസാരിക്കുകയും എന്താണ് പ്രശ്നമെന്ന് ചോദിക്കുകയും ചെയ്തു. മദ്യപിച്ച് സംസാരിക്കുന്നതും തെറിവിളിയും മറ്റും അത് ചെയ്യുന്നത് സ്ഥാപനത്തിലെ സീനിയേസ് ആയതുകൊണ്ട് മാത്രം സഹിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഞാനറിയിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ അധ്യാപകരുടെ ഒരു കൂട്ടം രെജിസ്റ്റ്രാറോടൊപ്പം വരികയും ആര്‍ക്കൊക്കെ പ്രശ്നമുണ്ടെന്നാരായുകയും ചെയ്തു. അപ്പോള്‍ ക്ലാസ്സില്‍ ഭൂരിഭാഗവും അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അന്ന് സ്ഥാപനത്തിന്റെ രെജിസ്റ്റ്രര്‍ ഞങ്ങള്‍ക്ക് തരികയും അതില്‍ റാഗിംഗ് ചെയ്തവരുടെ പേര് വിവരം കുറിച്ചെടുക്കേണ്ടവര്‍ക്ക് അത് ചെയ്യാമെന്ന് പറയുകയും ചെയ്തു. ഫോട്ടോയില്‍ നിന്ന് എനിക്കറിയാമായിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. അഞ്ച് പേരുടെ പേരുകള്‍ ഞാന്‍ കുറിച്ചെടുക്കുകയും അവര്‍ തന്ന email id യിലേയ്ക്ക് അനൌപചാരികമായ ഒരു പരാതിയായി അയയ്ക്കുകയും ചെയ്തു.

പിറ്റേ ദിവസം എട്ട് പേരെ താല്‍ക്കാലികമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി അറിയച്ച് കൊണ്ട് നോട്ടിസ് വന്നു. അതോടെ എന്റെ കാര്യത്തിലേകദേശമൊരു തീരുമാനമായി. എന്റെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമീപിക്കാത്തവരായിപ്പിന്നെയാരുമില്ല. ക്ലാസ്സിലെ കുട്ടികള്‍ (നേരത്തെ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നവരും പെടും), നാട്ടിലുള്ള മലയാളികള്‍, അതുമല്ലാത്ത സീനിയേസ് തുടങ്ങി മുക്കാല്‍ കാംപസും പ്രത്യക്ഷമായും പരോക്ഷമായും എന്നോട് പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. രണ്ട് സീനിയേസ് ഒരു ദിവസം പുലര്‍ച്ച നാല് മണി വരെയിരുന്ന് എനിക്ക് കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി ഒരു പ്രഭാഷണം തന്നു. Administration കുട്ടികള്‍ക്കെതിരാണെന്നും എന്നെയുപയോഗിച്ചുകൊണ്ട് അവര്‍ക്ക് നേരത്തെ സീനിയേസിനോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും ഞാനതിന് നിന്നുകൊടുക്കരുതെന്നും അവര്‍ ഉപദേശിച്ചു. അപ്പോഴേയ്ക്കും ക്ലാസ്സിലെ കുട്ടികളെല്ലാം റാഗിംഗേ നടന്നിട്ടില്ലെന്ന് പറഞ്ഞ് ഒപ്പിട്ടൊരു കടലാസ് കൊടുത്തിരുന്നു. അതില്‍ ഞാനും ഒപ്പിടാത്ത പക്ഷം പണ്ട് പഠിച്ചിറങ്ങിയവരും അവിടുള്ളവരുമെല്ലാവരും കൂടെച്ചേര്‍ന്ന് സമരത്തിനിറങ്ങുമെന്നും അങ്ങനെയുണ്ടായാല്‍ പഠനം സ്തംഭിക്കുമെന്നും അതുമൂലം ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷം നഷ്ടപ്പെടുമെന്നും അതിനൊക്കെ കാരണം ഞാനൊരൊറ്റയാളായിരിക്കുമെന്നും അവര്‍ അറിയിച്ചു. ഞാന്‍ ശരി എന്നു പറഞ്ഞു. അവര്‍ വേറൊന്ന് പറഞ്ഞത് Times of India യിലേയ്ക്ക് ഞാന്‍ വിളിച്ച് പറഞ്ഞ് ഒരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും നാളെ അത് വരുന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാവുമെന്നുമാണ്. എന്റെ ചേച്ചി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്നവര്‍ക്കറിയാം എന്നും സൂചിപ്പിച്ചു. (അത്തരത്തിലൊരു കാര്യവും ഞാനോ എന്റെ ചേച്ചിയോ ചെയ്തിരുന്നില്ല. ഹൈദരബാദിലിരുന്ന് കല്‍ക്കത്തയിലെ Times edition നിയന്ത്രിക്കാനുള്ള കഴിവ് ചേച്ചിക്കുള്ളതായി ഞാന്‍ സത്യമായും വിശ്വസിക്കുന്നുമില്ല).

പിറ്റേ ദിവസം അവര്‍ പറഞ്ഞപോലെ Times ില്‍ വാര്‍ത്ത വന്നു. അതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് കുറച്ച് കുഴപ്പം പിടിച്ച രീതിയിലാണെങ്കിലും (ലലിത പ്രസാദിനെ she എന്ന് വിളിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ തമാശ. നേരിട്ട് അന്വേഷിച്ചറിയാതെയുള്ള റിപ്പോര്‍ട്ടാണെന്ന് വ്യക്തം. കാരണം ലലിത പ്രസാദ് കല്ലൂരി ആണാണ്. :) )കാര്യം പുറംലോകമറിഞ്ഞു. തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഒരു Enquiry Committee യെ നിയോഗിച്ചതും അവര്‍ തെളിവെടുത്തതുമാണ്. തെളിവെടുപ്പിലും ഞാനെന്റെ നിലപാടിലുറച്ചുനിന്നു. അതിനൊടുവില്‍ രണ്ടുപേരൊഴികെ പുറത്താക്കിയവരെയെല്ലാവരെയും തിരിച്ചെടുത്തുകൊണ്ടുള്ള നടപടിയുണ്ടായി. ഇതോടെ ഞാനവിടുത്തെ കറുത്ത കഞ്ഞാടാവുകയും ഞങ്ങളുടെ ബാച്ച് ഞാനതിലുണ്ട് എന്ന കാരണം കാരണമായിരിക്കണം, അവിടെ ബഹിഷ്കൃതരുമായി. ക്രിസ്മസ് പാര്‍ട്ടിക്കുള്ള ക്ഷണത്തില്‍ 8-10th ബാച്ചുകളെ ക്ഷണിക്കുകയും 11th batch ആയ ഞങ്ങളെ പരാമര്‍ശിക്കാതെ വിടുകയും ചെയ്തതായിരുന്നു ഏറ്റവും പ്രത്യക്ഷമായ നടപടി. മൂന്നു മാസത്തില്‍ ഇതൊക്കെ ഏറെക്കുറെ അയഞ്ഞു. ബാച്ചിനോടുള്ള ദേഷ്യം നന്നെ കുറഞ്ഞു. വിരലിലെണ്ണാവുന്ന സീനിയേസിന് എന്നോടും ദേഷ്യമില്ലാതെയായി. ബാക്കിയുള്ളവര്‍ ഇപ്പോഴും മുഖത്തുനോക്കാതെയും ചിരിക്കാതെയും നടക്കുന്നു.
ഇതൊക്കെയാണ് സംഭവിച്ചത്. ബാക്കിയുള്ളവര്‍ എന്നോടെങ്ങനെ പെരുമാറുന്നു എന്നതോ എന്നെപ്പറ്റി എന്ത് വിചാരിക്കുന്നുവെന്നോ പറയുന്നുവെന്നോ ഉള്ളത് എന്നെ ബാധിക്കാറില്ല എന്നതുകൊണ്ട് എന്റെ ജീവിതത്തിന് ഭ്രാന്ത് എന്ന പണ്ടേയുള്ള പ്രശ്നമൊഴിച്ചാല്‍ വേറെ കുഴപ്പങ്ങളൊന്നുമില്ല. പക്ഷെ കുഴപ്പങ്ങളുണ്ട് എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു

1.റാഗിംഗ് ഒരു punishable offence ആണ് എന്ന കാര്യം അവിടെ നിക്കട്ടെ. എന്തുകൊണ്ടാണ് ഇതിന് ഇത്രയും അനുഭാവികള്‍ film school ുകളില്‍ ഉള്ളത് എന്നത് ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ച് നാളത്തെ സിനിമാക്കാരാകാന്‍ പോകുന്നവരെന്ന ലേബലുള്ള, പുരോഗമനവാദികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൂട്ടത്തിനിടയില്‍ ഈ substandard activity എങ്ങനെയാണ് ഇത്രയേറെക്കാലം ഒരു ritual പോലെ തുടര്‍ന്നുപോരുന്നത്? റാഗിംഗിന്റെ വക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട വാദം ജുനിയേസിനെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ് എന്നതാണ്. അതൊരു sadistic വാദമാണ്. കസറത്ത് കാണിപ്പിച്ചും തെറി വിളിച്ചും ഉറക്കം കെടുത്തിയുമാണ് അടുത്തറിയുന്നതെങ്കില്‍ ജൂനിയര്‍ സീനിയര്‍ ബന്ധം സര്‍ക്കസ് മുതലാളി, സര്‍ക്കസ് ജീവികള്‍ എന്നതുപോലെയാകണം. എന്നാലതല്ലല്ലോ. അങ്ങനെയാകാന്‍ പാടില്ലല്ലോ. ഒരു കൂട്ടം ആളുകള്‍ മറ്റുള്ളവരേക്കാള്‍ ഒരു വര്‍ഷമോ കൂടുതലോ മുമ്പ് ആ സ്ഥലത്ത് വന്നു എന്നതുകൊണ്ടുമാത്രം അത് ആധികാരികത നല്‍കുന്നില്ല.

2. Dr Jeckyll and Mr Hyde രീതി റാഗിംഗിന്റെ മുഖമുദ്രയാണെന്നും അതുകൊണ്ട് തന്നെ ഇത് നിരുപദ്രവകാരിയായ ഒരേര്‍പ്പാടാണെന്നുമുള്ള വാദം. അതായത് റാഗിംഗ് നടക്കുമ്പോള്‍ മാത്രമേ സീനിയേസ് അങ്ങനെ പെരുമാറുകയുള്ളു, കഴിഞ്ഞാല്‍ ചായ വാങ്ങിത്തരികയും മറ്റും ചെയ്യും. ഇത് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍മിപ്പിക്കുന്നു. ഭര്‍തൃപീഡനമനുഭവിക്കുന്ന പല സ്ത്രീകളും പറയുന്ന ഒരു കാര്യമാണ്, 'അല്ലാത്തപ്പൊ അങ്ങേര്‍ക്ക് ഭയങ്കര സ്നേഹാ'ണ്ന്ന്. ഈ 'അല്ലാത്തപ്പ' ള്ള സ്നേഹം സ്നേഹമാണോ? എന്റെ സഹമുറിയത്തിയുടെയടുത്ത് Gangs of Wasseypur സിനിമയിലെ കുറച്ച് തെറി പറയാനാണ് ആവശ്യപ്പെട്ടത് ചിലര്‍. ഇതൊരു verbal sexual assault ില്‍ കുറഞ്ഞ ഒന്നുമായി എനിക്ക് തോന്നുന്നില്ല. തെറി പറയുന്നതില്‍ തെറ്റുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ തെറി പറയാറുമുണ്ട്. പക്ഷെ നിര്‍ബന്ധപൂര്‍വം ആളുകളെ വിളിച്ചിരുത്തി തെറി പറയുകയോ പറയാനാവശ്യപ്പെടുകയോ ചെയ്യാറില്ല. കിടപ്പറയിലൊക്കെയേ ഇത് നടക്കാറുള്ളതായി ഞാന്‍ കേട്ടിട്ടുള്ളു. അല്ലെങ്കില്‍ porn ില്‍. സിനിമ പഠിക്കാന്‍ തെറി അറിഞ്ഞിരിക്കണമെന്നുണ്ടോ? സഹമുറിയത്തി കരയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത്രെ സിനിമയില്‍ explicit scenes edit ചെയ്യാനുള്ളപ്പോഴത്തേയ്ക്കുള്ള തയ്യാറെടുപ്പാണിതെന്ന്. അങ്ങനെയാണെങ്കില്‍ അതിനുള്ള പരിശീലനമായി എന്നെയൊന്ന് ഭോഗിച്ച് പരിശീലിക്കൂ എന്ന് പറഞ്ഞാല്‍പ്പോരേ.

3. റാഗിംഗിലെ അഭ്യാസങ്ങള്‍ പിന്നീട് ഉപകരകിക്കുന്നവയാണ്. തൂപ്പുവടി boom rod ആയും fire extinguisher കാമറയായും പിടിച്ച് ഒരു മണിക്കൂറൊക്കെ നില്‍ക്കുന്നതിനെപ്പറ്റിയാണിത്. ഇത്തരത്തില്‍ സിനിമാപിടുത്തം പഠിക്കാനാണോ entrance എഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞ് ആയിരക്കണക്കിനാളുകളെ പിന്തള്ളി പത്ത് പേരിലൊരാളായിത്തീര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ കുട്ടികള്‍ ചെല്ലുന്നത്? ഏത് കുട്ടിക്ക് എന്ത് ശാരീരികാസ്വാസ്ഥ്യമാണുള്ളതെന്ന് റാഗിംഗ് നടത്തുന്നവര്‍ അന്വേഷിച്ചിട്ടുള്ളതായി എനിക്കറിവില്ല. ആര്‍ക്കെങ്കിലും ഇത് ചെയ്യുന്നതിന് പ്രശ്നമുണ്ടെങ്കിലോ? എന്തെങ്കിലും അപകടം പിണഞ്ഞാലോ? കുട്ടിയുടെ സിനിമാപഠിത്തം തുടരുമോ? അപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്രയും നേരം boom rod പിടിക്കേണ്ട സന്ദര്‍ഭത്തിലെന്ത് ചെയ്യുമെന്നാണ് മറുചോദ്യം. പറ്റാവുന്ന പണിയേ പൈസ കൊടുത്ത് ചെയ്യാന്‍ പഠിക്കുന്നുള്ളു ആരും. അത് പക്ഷെ ആര്‍ക്കെങ്കിലും പാതിരാത്രിക്ക് കള്ളിന്‍പുറത്ത് boom rod/camera exercise ചെയ്യിപ്പിച്ച് കളയാം എന്ന തോന്നലില്‍ ചെയ്യാനല്ലെന്ന് മാത്രം.

4. റാഗിംഗുമായി സഹകരിച്ചില്ലെങ്കില്‍ 'industry' യില്‍ പാടുപെടും. ഈ മലയാളസിനിമയിലെ ഡയലോഗുണ്ടല്ലോ. 'നോക്കീം കണ്ടുമൊക്കെ നിന്നാല്‍ നിനക്ക് കൊള്ളാം.' ആ സംഗതി. ഈ വാദത്തിലാണ് പ്രശ്നമുള്ള പലരും വീഴുന്നത്. നമ്മളൊക്കെ ഒരേ സ്ഥലത്ത് പഠിക്കുന്നവരാണ്. പ്രോജക്റ്റുകള്‍ വരുമ്പോള്‍ നമ്മള്‍ തമ്മില്‍ സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ സഹകരിച്ചാല്‍ പിന്നീട് നിങ്ങളുടെ പ്രോജക്റ്റുകള്‍ വരുമ്പോള്‍ ഞങ്ങളുണ്ടാകും എന്നൊക്കെ. ഈ ഇന്റസ്റ്റ്രി ഇന്റസ്റ്റ്രി എന്ന് പറയുമ്പോള്‍ മുംബൈ സിനിമാ ഇന്റസ്റ്റ്രിയെ ആയിരിക്കണം ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഠിച്ചിറങ്ങുന്നതിനുമുമ്പേ അവിടെ ആരൊക്കെ വാഴും വാഴില്ല എന്ന് തീരുമാനിക്കാന്‍ കഴിവുള്ള പ്രതിഭകള്‍ക്കിടയില്‍ പഠിക്കാന്‍ കഴിയുന്നത് തന്നെ എന്റെ ഭാഗ്യമായി കണക്കാക്കി ഞാന്‍ സമാധാനിച്ചു. മലയാളിയായ ഒരു ഗായികയും അവിടുത്തെ എന്റെ സീനിയറുമായ ഒരു കുട്ടി കേരളത്തിലിരുന്ന് പറഞ്ഞതായി അറിഞ്ഞത് 'അവളെ തുടര്‍ന്നുള്ള എല്ലാ ആക്റ്റിവിറ്റീസിലും ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്നാണ്. സത്യം പറയണമല്ലോ ആക്റ്റിവിസം പറയുകയും പിന്നെ അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എനിക്കറപ്പുളവാക്കുന്ന കാര്യമാണ്. അതെത്രതന്നെ ഒരാളുടെ സ്വാതന്ത്ര്യമായാലും. അങ്ങനെയുള്ളവരുടെ സഹകരണമോ സൌഹൃദമോ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തുന്നവരുടെ പരിതാപകരമായ അവസ്ഥയാലോചിച്ച് എനിക്ക് പലപ്പഴും ചിരിയാണ് വരാറുള്ളത്. ഇത്രയും ബാലിശമാകാന്‍ കഴിയുമോ ബുദ്ധിജീവികള്‍ക്ക്!

5. അധ്യാപകരുടെയും മറ്റും പിന്തുണ. ലിബറല്‍ എന്ന് പൊതുവെ വിളിക്കാറുള്ള സ്വഭാവമുള്ളതുകൊണ്ട് അധ്യാപരില്‍ പലരും കുട്ടികള്‍ക്കൊപ്പം മദ്യപിക്കുകയും ദീര്‍ഘനേരം ചിലവിടുകയും ചെയ്യുന്നവരാണ്. അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് റാഗിംഗിനോട് എതിര്‍പ്പില്ല എന്നതിലും ഞാന്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ചിലര്‍ക്ക് കൊലപാതകത്തിനോടെതിര്‍പ്പുണ്ടാവില്ല. ചിലര്‍ക്ക് ബലാല്‍സംഗത്തിനോട്. പക്ഷെ അവസാനം നിലപാടെടുക്കേണ്ട ഘട്ടം വരുമ്പോള്‍ അനീതിയുടെ പക്ഷത്ത് നിന്ന് അതിനെതിരെ സംസാരിക്കുന്നവരോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്നത് അധ്യാപകര്‍ക്കെന്നല്ല ഒരു മനുഷ്യനും ചേര്‍ന്ന രീതിയാണെന്ന് ഞാന്‍ കരുതുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഇഷ്ടമുള്ള തെറ്റാണെങ്കിലും അല്ലെങ്കിലും. കഞ്ചാവ് വലിക്കുന്ന ഒരാള്‍ക്ക് അത് വളരെ പ്രിയപ്പെട്ടതായിരിക്കും. കഞ്ചാവ് legalise ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുമുണ്ട്. എന്നുവെച്ച് നാളെ ഞാന്‍ അതുമായി പിടിക്കപ്പെട്ടാല്‍ ഇതനീതിയാണെന്ന് പറഞ്ഞ് മുറവിളി കൂട്ടാന്‍ ഞാന്‍ പോകുന്നില്ല. അതുകൊണ്ട് പ്രയോജനമില്ലെന്നുമാത്രമല്ല അത് ബുദ്ധിശൂന്യമാണെന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു. റാഗിംഗിനെപ്പറ്റി നടന്ന ഒരു സംഭാഷണത്തില്‍ ഹോസ്റ്റല്‍ caretaker ഞങ്ങളോടോതിയ കാര്യങ്ങള്‍ വളരെ രസകരമാണ്. ഞങ്ങള്‍ക്ക് (അതായത് എനിക്ക്) റാഗിംഗ് കൈകാര്യം ചെയ്യാനറിയില്ല. പാതിരാത്രിക്ക് സീനിയേസ് സിഗരെറ്റ് വാങ്ങാനയയ്ക്കും എന്നുറപ്പായതുകൊണ്ട് നേരത്തെ സിഗരെറ്റ് വാങ്ങിവയ്ക്കുകയാണ് വേണ്ടത്. എന്നട്ട് അവര്‍ വാങ്ങാന്‍ പറഞ്ഞയയ്ക്കുമ്പോള്‍ മുറിയില്‍ സ്വസ്ഥമായി കുറച്ച് നേരമിരുന്ന് നേരത്തെ വാങ്ങിവെച്ച സിഗരറ്റ് കൊണ്ട് കൊടുക്കുക. പാതിരാത്രിക്ക് സിഗരെറ്റ് വാങ്ങാനയയ്ക്കുന്നതിനല്ല പ്രശ്നം. അത് തന്ത്രപൂര്‍വം കൈകാര്യം ചെയ്യാനുള്ള 'ബുദ്ധി' ഇല്ലാത്തതിനാണ്.

അധ്യാപകരുടെയും admnistration ന്റെയും ഭാഗത്ത് നിന്ന് പരോക്ഷമായി റാഗിംഗിനെ അനുകൂലിച്ച് കേട്ട വേറൊരു വാദം 'physical' ആയുള്ള ഉപദ്രവങ്ങളൊന്നും ഇല്ലാത്തിടത്തോളം അത് കുഴപ്പമില്ല എന്നാണ്. ശാരീരികമായുള്ള ഉപദ്രവം എന്ന് പറയുമ്പോള്‍ തല്ലിച്ചതയ്ക്കല്‍ എന്നാണുദ്ദേശിക്കുന്നത്. അതിനുകാരണം ഇപ്പറയുന്ന അധ്യാപകരുടെ FTII വിദ്യാര്‍ഥി കാലഘട്ടത്തില്‍ റാഗിംഗില്‍ അതും ഒരു പതിവായിരുന്നു എന്നാണ്. അന്ന് നിയമം പോലും അവര്‍ക്കനുകൂലമായിരുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നതൊന്നും ഒന്നുമല്ല. തല്ലിച്ചതച്ചാലേ കുഴപ്പമുള്ളൂ എന്നത് പലയിടത്തും കേട്ടുമറന്ന പല വാദങ്ങളെയാണോര്‍മിപ്പിക്കുന്നത്. റേപൊന്നും ചെയ്തില്ലല്ലോ. തൊട്ടല്ലേയുള്ളു. മുലയിലൊന്ന് നുള്ളിയല്ലേയുള്ളു. അതെ. അത്രയൊക്കെത്തന്ന്യേ ഉള്ളു. പണ്ട് ഭര്‍ത്താവ് ചത്താല്‍ ഭാര്യയും തീയില്‍ ചാടിച്ചാവണമായിരുന്നു. ഇന്നിപ്പൊ അത് വേണ്ട. വീണ്ടും കല്യാണം കഴിച്ചാല്‍ തേവിടിച്ചിയെന്ന വിളി കേട്ടാല്‍ 'മാത്രം' മതി. അത്രയേ ഉള്ളു.
(റാഗിംഗിനെ മനസ്സിലനുകൂലിക്കുന്ന അധ്യാപകരുടെ വെറുപ്പും കൊട്ടക്കണക്കിന് ഞാന്‍ വാങ്ങിവച്ചു. അതിനിപ്പൊ തെളിവൊന്നുമില്ലാത്തതുകൊണ്ട് ആ കാര്യം pursue ചെയ്യാന്‍ പോയില്ല.) 

7. ഏറ്റവും തമാശയായിത്തോന്നിയ വാദം ഒരു മലയാളിയാണ് പറഞ്ഞത്. എന്റെ ബാച്ച്മേറ്റ്. ആദ്യത്തെ ദിവസം റാഗിംഗില്‍ ആ കുട്ടി 'തകര്‍ന്നു പോയെ'ങ്കിലും അതിഷ്ടപ്പെട്ടുവത്രെ. കാരണം ബീന പോള്‍ ജോണ്‍ അബ്രഹാം അവരെ റാഗ് ചെയ്തതിന്റെ കഥയും റസൂല്‍ പൂക്കുട്ടിയുടെ റാഗിംഗ് അനുഭവങ്ങളുമൊക്കെക്കേട്ട് അതെന്താണെന്നൊന്ന് അനുഭവിച്ചറിയണം എന്നുണ്ടായിരുന്നത്രെ.

അത് കേട്ടപ്പോള്‍ ചിരി വന്നെങ്കിലും കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാനാലോചിച്ചു. ആ കുട്ടിയെയും കുറ്റം പറയാന്‍ പറ്റില്ല. FTII ഭൂരിഭാഗം ഇന്ത്യന്‍ സിനിമാമോഹികളുടെയും സ്വപ്നമാണ്. മലയാളികളുടെ കാര്യം പിന്നെ പറയണ്ട. ഈ film school കള്‍ച്ചറിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് റാഗിംഗ് എന്ന രീതിയിലുള്ള വമ്പിച്ച പ്രചരണം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. അതിപ്പോള്‍ അവിടങ്ങളില്‍ മാത്രമല്ല. എന്‍ എസ് ഡിയിലായാലും പൊതുവെ ഏത് കലാലയത്തിലായാലും റാഗിംഗ് ഒരു ചടങ്ങാണ്. കോളെജ് ജീവിതത്തിന്റെ രസം എന്നൊക്കെപ്പറഞ്ഞ് കുറിപ്പെഴുതുമ്പോള്‍ ഫ്രെഷേസ് ഡേ, കാന്റീന്‍ നൊസ്റ്റാല്‍ജിയയ്ക്കൊപ്പം പറയാവുന്ന ഒന്ന്. ഈ മഹത്വവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ റാഗിംഗിനെ സംരക്ഷിക്കുന്നത്. ഇത്തരത്തില്‍ മഹത്വവല്‍ക്കരിക്കേണ്ട ഒന്നല്ല റാഗിംഗ്. അത് പലര്‍ക്കും യോജിപ്പുള്ള ഒരു പീഡനമുറയാണ്. അതിനോട് യോജിക്കുന്ന ഒരു കൂട്ടമുണ്ടെന്ന് കരുതി അത് ശരിയാവണമെന്നില്ല. കാരണമില്ലാതെ മനുഷ്യര്‍ മനുഷ്യരുടെ മുകളില്‍ അധികാരം exercise ചെയ്യുന്നത് ചൂഷണമാണ്.

മറ്റൊന്ന് കൂടെയുണ്ട്. പത്ത് പതിനേഴ് വര്‍ഷമായി തുടര്‍ന്നുകൊണ്ട് പോരുന്ന ഒരു സമ്പ്രദായത്തിനെതിരെ സംസാരിക്കുമ്പോള്‍ ആ voice ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍. അത് അത്യന്തം അരോചകമായാണ് എനിക്കനുഭവപ്പെട്ടത്. ഇതിന് മുമ്പും പല രീതിയില്‍ എനിക്കിത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളതുകൊണ്ടും അവിടെച്ചെന്നതില്‍പ്പിന്നെ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നാത്ത അവസ്ഥയിലേയ്ക്ക് എന്തുകൊണ്ടോ ഞാന്‍ മാറിയിരുന്നതുകൊണ്ടും എനിക്കത് അത്ര പ്രശ്നമായി തോന്നിയില്ല. പക്ഷെ രണ്ട് രണ്ടരയാഴ്ച നിരന്തരമായി എന്തുകൊണ്ട് ഞാന്‍ ചെയ്തത് ഒരു മോശം കാര്യമാണെന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കാനുള്ള ആളുകളുടെ തത്രപ്പാട് സഹിക്കേണ്ടി വന്നു. എന്നത്തെയും പോലെ കൂടെ നില്‍ക്കാന്‍ വേറാരുമില്ല. ഈ ഒറ്റപ്പെടല്‍ ഒട്ടുമുക്കാലും എന്നെ ബാധിച്ചില്ലെങ്കിലും ചിലയവസരങ്ങളില്‍ അതെന്നെ വിഷമിപ്പിച്ചിരുന്നു. കൂടെ നിന്നത് എന്റെ ചേച്ചിയും നാട്ടിലെ രണ്ട് സുഹൃത്തുക്കളും മാത്രം. അപ്പോഴൊക്കെ ഞാനാലോചിച്ചിരുന്നത് ഈ അവസ്ഥയില്‍ വേറാരെങ്കിലുമായിരുന്നെങ്കിലെന്താവുമായിരുന്നു എന്നാണ്. സത്യം പറഞ്ഞാല്‍ വേറാരുടെയൊക്കെയോ പരാതികളും എന്റേതായി കണക്കാക്കപ്പെടുന്നുണ്ട്. അഞ്ച് പേരുകളേ ഞാന്‍ കൊടുത്തിരുന്നുള്ളുവെങ്കിലും എട്ടു പേരെ പുറത്താക്കിയിരുന്നു ആദ്യം. അതായത് ഞാനല്ലാതെ വേറാരൊക്കെയോ പരാതി കൊടുത്തിരുന്നു എന്നര്‍ഥം. ഒരര്‍ഥത്തില്‍ എനിക്കത് നന്നായിത്തോന്നി. ലോകത്തിന്റെ ഭാരം ഏറ്റെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതുകൊണ്ടല്ല. Anonymous ആയാണെങ്കിലും ആരെങ്കിലുമൊക്കെ സ്വന്തം അഭിപ്രായം പറയുന്നുണ്ടല്ലോ എന്നോര്‍ത്ത്. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ഇത്തരം സ്പേസുകളില്‍ സ്വന്തം അഭിപ്രായം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രയാസമാണ്. തുടക്കത്തില്‍ റാഗിംഗില്‍ കരയുന്നവര്‍ തന്നെ അടുത്ത കൊല്ലം മട്ടുപ്പാവില്‍ റാഗ് ചെയ്യുന്നു. സിനിമയോടുള്ള ഇഷ്ടം പതുക്കെ കലാലയത്തിലെ അരാചകത്വത്തോടുള്ള ഇഷ്ടമാകുന്നു. മൂന്ന് വര്‍ഷത്തെ കോഴ്സ് ആരെയൊക്കെയോ പഴി പറഞ്ഞ് ആറര വര്‍ഷമെടുത്ത് തീര്‍ക്കുന്നു.

സിനിമ പഠിക്കാന്‍ പോയി സിനിമ പഠിച്ചെന്നു വരുത്തി പുറത്തിറങ്ങാന്‍ കഴിയണേ എന്ന് മാത്രമാണ് സത്യത്തിലിപ്പോളെന്റെ ഏക ആഗ്രഹം. ഒരു കാര്യം മാത്രമാണ് നിശ്ചയം. അടുത്ത കൊല്ലം ഏതെങ്കിലുമൊരു കുട്ടി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാത്രം ഇതുപോലൊരു പ്രതികരണത്തിന് വിധേയരായാല്‍ വേറാരുമില്ലെങ്കിലും ഞാനുണ്ടാകും കൂടെ. അത്രതന്നെ.