Saturday 1 September 2012

ഞാന് ചത്താലെന്താക്കണം

സ്കൂട്ടറോടിക്കാനേ അറിയൂ. കാറോടിക്കാന്‍ പഠിക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീട്ട് കാലം കൊറെയായി. പിന്നെ മടിയാണല്ലോ ജന്മസ്വഭാവം. മൂന്ന് വര്‍ഷത്തില്‍ കൂടുതലായി സ്കൂട്ടറോടിക്കാന്‍ തൊടങ്ങീട്ട്. ഇതുവരെ ലൈസന്‍സെടുത്തട്ടില്ല. മടി തന്നെ കാരണം. ഇവടെ വെറുതെ എട്ടെടുക്കലാണല്ലോ ലൈസന്‍സ്. ശരിക്കും വണ്ടിയോടിക്കാന്ള്ള ലൈസന്‍സിന് എനിക്ക് അര്‍ഹതയുണ്ടോന്നറിയില്ല. എന്നോളം absent minded ആയ ഒരു ഡ്രൈവറെ എനിക്കറിയില്ല. അതിനെക്കുറിച്ചൊക്കെ വിവരിക്കാന്‍ തൊടങ്ങിയാപ്പിന്നെ എനിക്കന്നെ പേടിയാകും. അതോണ്ട് ചെയ്യിണില്ല. രണ്ട് വര്‍ഷം മുമ്പ് മുതല്‍ ഞാന്‍ വിശ്വസിക്കാന്‍ തൊടങ്ങിയതാണ് ഞാന്‍ റോഡ് ആക്സിഡന്റിലാണ് മരിക്ക്യാന്ന്. എന്റെ വണ്ടിയോടിക്കലുംവെച്ച് നോക്കിയാല്‍ അതിനെ സ്വാഭാവികമരണം എന്നേ വിളിക്കാന്‍ പറ്റു. റോഡ് ആക്സിഡന്റില്‍ മരിക്കുന്നതുതന്നെയാണ് ഏറ്റവും നല്ലത് എന്നും തീരുമാനിച്ചു. പക്ഷെ മിനെഞ്ഞാന്നൊരനുഭവണ്ടായതോടെ എല്ലാം പോയി. 

മേല്‍പറഞ്ഞ സവിശേഷതകളുള്ളതോണ്ടന്നെ എല്ലാ വണ്ടിയോടിക്കലിലും ഞാന്‍ മരണത്തിന്റെ സാധ്യതകള്‍ തൊട്ടടുത്ത് കാണാറുണ്ട്. അത് routine ആയിക്കഴിഞ്ഞിരിക്കുണു. പക്ഷെ രണ്ട് ദിവസം മുമ്പ് ഞാന്‍ വിചാരിച്ചു ശരിക്കും മരിച്ചൂന്ന്. തമാശയെന്താണെന്ന് വെച്ചാ ഞാന്‍ വണ്ടീമ്മലായിരുന്നില്ല എന്നതാണ്. റോഡ് മുറിച്ച് കടക്കായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഇപ്പഴും അറിയേമില്ല. രണ്ട് വശത്തേയ്ക്കും നോക്കീട്ട് പ്രത്യേകിച്ച് കൊഴപ്പൊന്നൂണ്ടായിരുന്നില്ല. പക്ഷെ പകുതി വഴിയെത്തിയപ്പഴേയ്ക്കും തുടരെത്തുടരെ ഹോണടീം screeching of wheels ഉം. എന്തോ കൊഴപ്പമുണ്ടെന്ന് മനസ്സിലായി. ഞാന്‍ ചാവാന്‍ പോവാണെന്നും മനസ്സിലായി. ഇത്രേം കാലം മനസ്സില്‍ താലോലിച്ചോണ്ട് നടന്ന റോഡപകടമരണത്തെ മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ ചെയ്തതിത്രമാത്രം. കണ്ണടച്ച് രണ്ട് കൈയ്യുംകൊണ്ട് കാതും പൊത്തി അവടങ്ങനെ നിന്നു. രണ്ട് സെക്കന്റ് നേരം. കണ്ണ തൊറന്നപ്പൊ മനസ്സിലായി ചത്തില്ലാന്ന്. തെറ്റാര്‍ടെ ഭാഗത്താന്നും വ്യക്തമല്ല. ആരും ആരെയും തെറി വിളിക്കിണിണ്ടായിരുന്നില്ല. സാധാരണ ആര് തെറ്റ് ചെയ്താലും പരസ്പരം തെറി വിളിക്കുമല്ലോ. ഇതൊന്നുമില്ല. എനിക്ക് ഉപദേശോമില്ല. മോളേ സൂക്ഷിച്ച് നടക്കണ്ടേ എന്ന്. അല്ലെങ്കിലും തെറ്റാര്‍ടെയാണെങ്കിലെന്താ. ചത്താല്‍ ചത്തു. അത്രല്ലേള്ളു. 

പക്ഷെ ഞാന്‍ കാഞ്ഞ് പോയില്ല എന്നതിനേക്കാള്‍ എനിക്ക് ആ നിമിഷത്തിന്റെ നിസ്സഹായാവസ്ഥയാണ് striking ആയിത്തോന്നിയത്. ശരിക്കും 'മരണമേ, വന്നോളൂ, എന്നെ എടുത്തോളൂ' എന്ന് പറഞ്ഞ് നിക്കായിരുന്നല്ലോ ഞാന്‍.  സിനിമേല് കാണണ പോലെ നമ്മള് സ്നേഹിക്കണോരെക്കുറിച്ചോര്‍ക്കലൊന്നൂല്ല. തീര്‍ത്തും blank. അതിലെന്താണ് രസം. എന്റെ ചിന്ത പ്രവര്‍ത്തിക്കാന്‍ പോണ അവസാന നിമിഷങ്ങളായിരുന്നു അത്. അപ്പൊ അത് എനിക്കേറ്റവും ഇഷ്ടള്ള കാര്യങ്ങളെപ്പറ്റി ഓര്‍ക്കണ്ട സമയല്ലേ! അതിനുപോലും പറ്റാണ്ട് ഇങ്ങനെ ഠപ്പ്ന്ന് പറഞ്ഞ് പോണേലെന്താണര്‍ഥം. ഈ അനുഭവം കൊണ്ട് അതുകൊണ്ട് ഒരു ഗുണണ്ടായി. പഴയ സുഹൃത്തായ ആത്മഹത്യയിലേയ്ക്ക് തന്നെ തിരികെ പോകാമെന്ന് തീരുമാനമെടുത്തു. അല്ല നമ്മളാഗ്രഹിക്കണ മരണം എന്താണെന്നേ. എനിക്ക് ഞാന്‍ തന്നെ എന്നെ കൊല്ലുന്നതാണിഷ്ടമെന്ന് മനസ്സിലായി. അത് വളരെ planned ആയിരിക്കും. എന്തിനെപ്പറ്റി വേണമെങ്കിലും എത്ര നേരം വേണമെങ്കിലും ആലോചിക്കാം. എപ്പ മരിക്കണംന്ന് തീരുമാനിക്കാം. അവസാനനിമിഷങ്ങളില്‍ അല്ലെങ്കില്‍ ദിവസങ്ങളില്‍ ചെയ്യണ്ട കാര്യങ്ങള്‍ ചെയ്യാം. ഹൊ! എന്തൊരു സമാധാനായിരിക്കും. ഇതിനെക്കാളൊക്കെ എത്ര ഭേദം. എത്ര സുന്ദരം. 

ഇനിയിപ്പൊ അങ്ങനെ ചാവാന്‍ എന്നെ സാഹചര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്, അല്ല റോഡപകടൊക്കെ ഞാന്‍ ഇഷ്ടല്ലാന്ന് തീരുമാനിച്ചാല് വീണ്ടും വന്നേക്കാല്ലോ, അതിനുശേഷം ചെയ്യേണ്ട കാര്യങ്ങള്‍ ഒരു permanent രേഖയായിക്കെടക്കട്ടെ എന്നും വെച്ചു. ആയതിനാല്‍, 
ചത്തുകഴിഞ്ഞാല്‍ 

1. എന്നെ പള്ളിപ്പറമ്പിലൊന്നും കൊണ്ടോയ് കുഴിച്ചിടരുത്. ഒരു മതത്തിന്റേം ആചാരപ്രകാരമുള്ള ചടങ്ങുകള് നടത്തരുത്. ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല എന്നല്ല, ദൈവം ഇല്ല എന്നെനിക്കറിയാം. അതുകൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും എനിക്ക് മതങ്ങളിലൊന്നിലും വിശ്വാസമില്ല. വീട്ടില്‍ സ്ഥലണ്ടാവേയിരിക്കും. അവടെ കുഴിച്ചിട്ടോട്ടെ. അപ്പൊ വളം കൂടെയാവല്ലോ. 

2. കൊടുക്കാന്‍ പറ്റണ അവയവങ്ങളൊക്കെ ആര്‍ക്കാന്ന് വെച്ചാ കൊടുക്കാം. അത് ഇങ്ങനെ പറഞ്ഞാ valid ആയിരിക്ക്യോ? അല്ലെങ്കില്‍ valid ആക്കാന്‍ എന്താണ് ചെയ്യണ്ടത്? അറിവുള്ളോര് പറഞ്ഞ് തരൂ. 


ആ ഇപ്പത്തല്‍ക്കാലം ഇത്രേള്ളു. സ്വത്തൊന്നും ഇല്ലാത്തോണ്ട് പിന്നെ ആ പ്രശ്നം ഇല്ല. ഇള്ള സമയത്താണെങ്കിലും അതൊക്കെ legal ആയ കാര്യങ്ങളല്ലേല്ലേ. വേറെ ആലോചിക്കേണ്ട കാര്യങ്ങളെന്താ? ഇത്രയൊക്കെയല്ലേള്ളു? 

റോഡപടകടങ്ങളെക്കുറിച്ച് പറഞ്ഞ് തൊടങ്ങ്യതോണ്ട് വേറൊരു കാര്യം കൂടെ. നമ്മടെ നിയവ്യവസ്ഥേടെ ഓരോ തമാശകളേ. ഒരിക്കല്‍ കോടതിയില്‍ പോയ സമയത്താണ് ഇത് മനസ്സിലാക്കണത്. അവടെ മിക്കവാറും പേരും ഇങ്ങനെ മരിച്ചവര്‍ടെ ബന്ധുക്കളാണ്. നഷ്ടപരിഹാരത്തിന് കേസ് നടത്തണോര്. ഈ ഒത്തുതീര്‍പ്പ് ഒത്തുതീര്‍പ്പ് എന്ന് വെച്ചാലെന്താണെന്ന് അന്നാണ് മനസ്സിലായത്. കേസ് നടത്തി പൈസ വാങ്ങാന്‍ വിധി വരാണെങ്കിത്തന്നെ അത് വരുമ്പഴേയ്ക്കും പൈസയ്ക്കാവശ്യള്ളോരൊക്കെ മരിച്ചട്ട്ണ്ടാവും. അത്രയ്ക്ക് വേഗം കാര്യങ്ങള് നടക്കണോണ്ടേ. അപ്പൊ സ്വാഭാവികായും ഒത്തുതീര്‍പ്പ് എന്ന പരിപാടി ചെയ്യും. അന്ന് എന്റെ കേസിലും ഒത്തുതീര്‍പ്പന്ന്യാണ് ചെയ്തത്. എങ്ങനെയാണ് സംഭവംന്നറിയോ. എനിക്കതൊരു പുതിയ അനുഭവായിരുന്നു. വാദി പറയണം, എനിക്ക് പ്രതിയെ തിരിച്ചറിയാന്‍ പറ്റിണില്ലാന്ന്. അതായത് അഭിഭാഷകര്‍ ചോദിക്കും ഇന്നയാളാണോ നിങ്ങടെ ബന്ധുവിനെ ഇടിച്ചിട്ടത്? അപ്പൊ നമ്മള് പറയണം, അന്ന് വ്യക്തമായി കാണാന്‍ പറ്റ്ണ്ടായിരുന്നില്ല, അല്ലെങ്കെ വെളിച്ചണ്ടായിരുന്നില്ല അതോണ്ട് എനിക്കറിയില്ല എന്ന്. നഷ്ടപരിഹാരം കോടതിക്ക് പൊറത്ത് വിലപേശി ഒറപ്പിക്ക്യായിരിക്കും. ഞാനും അതന്നെ പറഞ്ഞു. എന്നെ കമന്റടിച്ച ഇവടടുത്തുള്ള ഒരു ചെക്കനെതിരെയായിരുന്നു കേസ്. (വെറും കമന്റടിയായിരുന്നില്ല, കൊറച്ച് ഭീഷണിയൊക്കെയായിരുന്നു) അപ്പൊ ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു, എവടെ വെച്ച് കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ പറ്റണ ആ കുട്ടിയെ എനിക്ക് കണ്ടട്ട് അതുതാനല്ലയോ ഇത് എന്ന് മനസ്സിലാവിണില്ലാന്ന്. പകരം ഇനി അങ്ങനെ ചെയ്യില്ലാന്ന് ഒറപ്പ്. ഹയ്യോ. കോമ‍ഡിയെന്നൊക്കെപ്പറഞ്ഞാല്. നീതിയും ന്യായവും നടപ്പിലാക്കേണ്ട വക്കീലൊരാള് എനിക്ക് ഒരു rehearsal ഉം തന്നിരുന്നു. നൊണ പറഞ്ഞ് പഠിപ്പിക്ക്യലൊക്കെ സുഹൃത്തുക്കള് തമ്മിലേ ചെയ്തട്ട്ള്ളായിരുന്നു. ഇതേതായലും പുതിയൊരനുഭവായി. 

നമ്മടെ കോടതികളെക്കാളും വലിയ മോറല്‍ പോലീസുമാര് ഇല്ലാന്നും മനസ്സിലായി. കോടതീല് കേറണെങ്കെ കഴുത്തുവരെ കേറ്റി buttons ഇടണം. ആണുങ്ങളും പെണ്ണുങ്ങളും. എന്റെ ഉടുപ്പിന് അവടം വരെ ബട്ടന്‍സില്ലായിരുന്നു. ഞാന്‍ വിചാരിച്ചു ക്ലീവേജ് കാണണേനായിരിക്കും പ്രശ്നന്ന്. പക്ഷെ അല്ലല്ലോ,ക്ലീവേജ് കാണണ ഉടുപ്പായിരുന്നില്ല, മാത്രല്ല ആണുങ്ങള്‍ക്ക് അതില്ലല്ലോ. ജഡ്ജി നമ്മളോട് നേരിട്ടൊന്നും പറയൊന്നൂല്ല. വക്കീലിന്റടുത്ത് പറഞ്ഞു, കുട്ടീടട്ത്ത് ബട്ടന്‍സിടാന്‍ പറയൂന്ന്. വക്കീല് പറഞ്ഞപ്പൊ ഞാന്‍ പറഞ്ഞു. അത്ര ബട്ടന്‍സേയുള്ളൂന്ന്. അപ്പൊ ജ‍ഡ്ജി 'കാലം പോയ പോക്കേ' എന്ന മട്ടില്‍ തലയാട്ടി. ഇങ്ങനേള്ള കോടതികളില് 'ആ കുട്ടി ആവശ്യത്തിന് ബട്ടനിടാതെ ഉടുപ്പിട്ടോണ്ടാണ് ഞാനവളെ ബലാല്‍സംഗം ചെയ്തത്' എന്ന് ഒരു പ്രതി പറഞ്ഞാല്‍ എന്ത് തരം വിധിയായിരിക്കും എന്ത് വാദമായിരിക്കും അവടെ നടക്കാന്ന് ആലോചിക്ക്യാണ്. പ്രതി പറയോ വക്കീലേ വക്കീലേ കുട്ടീടെ ബട്ടന്‍സാണ് കാരണംന്ന്? അപ്പൊ ജ‍‍ഡ്ജി വീണ്ടും കുട്ടിയെ ബട്ടന്‍സിടാന്‍ ഓര്‍മിപ്പിക്ക്യോ? പഴേ പോലെ തല കുലുക്കോ? വിധി പറഞ്ഞ് കഴിഞ്ഞ് പ്രതീന്റട്ത്ത് ചെന്ന്, 'I totally understand you bro' എന്ന് പറഞ്ഞ് തോളത്ത് തട്ടി കെട്ടിപ്പിടിക്ക്യോ? നമിച്ചെന്റപ്പ!  

അപ്പോള്‍ ഞാന്‍ റോഡപകടത്തില്‍ ഒന്നുമേതുമോര്‍ക്കാതെ ചാവില്ല എന്ന് വിചാരിക്കാം. എല്ലാരേം ഓര്‍ത്ത് എല്ലാം ആയി എന്ന് തോന്നുമ്പോള്‍ ചാവാന്‍ സാധിക്കട്ടെ എനിക്ക് :)