Friday, 22 April 2022

പൈങ്കിളി ഫെമിനിസം എനിക്കിഷ്ടമല്ല


 

സിന്‍സി അനില്‍ എഴുതിയ, മഞ്ജു വാര്യരെ കുറിച്ചുള്ള ഒരു കുറിപ്പ് കാണാനിടയായി. പറയണോ വേണ്ടയോ എന്ന് കുറെ ആലോചിച്ചു. തെറി കേക്കുന്നത് ഒരു ശീലമായെങ്കിലും ഇടയ്ക്കൊക്കെ, പ്രത്യേകിച്ച് ജീവിതം കോഞ്ഞാട്ടയായി ഇരിക്കുന്ന അവസ്ഥയില്‍ നമുക്കും കാണില്ലേ ചില ആഗ്രഹങ്ങള്‍ - സമാധാനമായി ഇരിക്കാന്‍. എന്നെക്കൊണ്ട് പറ്റുന്നില്ല പക്ഷേ. അതുകൊണ്ട്,

ആ കുറിപ്പ് അത്യാവശ്യം നല്ല ബോറായി എനിക്ക് തോന്നി. വളരെ പ്രധാനമായ, ലിംഗനീതിയുടെ ഒരു വിഷയം എടുത്തിട്ട് അതില്‍ കാല്‍പനികത കുത്തി നിറച്ച്, ഈ കേസും അതിലൂടെ പുറത്ത് വന്ന വിവരങ്ങളും വഴി എന്തൊക്കെ മാറ്റങ്ങള്‍ ആണോ ഉണ്ടാവണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നത്, അതിനൊക്കെ വിപരീതമായ ചില ആശയങ്ങള്‍ അന്തരീക്ഷത്തിലേയ്ക്ക് അഴിച്ചുവിടാന്‍ മാത്രം ഉപകരിക്കുന്ന ഒന്ന്. 
 
അത് ചെയ്തവള്‍, ഇത് ചെയ്തവള്‍, അതിന് ശേഷം മറ്റേത് ചെയ്തവള്‍, താലി പൊട്ടിച്ചെറിയല്‍, മറ്റൊരു പെണ്ണിന്റെ ഔദാര്യമാണ് തന്റെ വിവാഹം എന്ന് തിരിച്ചറിയല്‍, (സീരിയലുകള്‍ തോല്‍ക്കുമല്ലോ 🙄) അവള്‍ക്ക് കാലം കാത്ത് വെച്ച നീതി - അതൊന്നുമല്ല ഇവിടെ വിഷയം. മനുഷ്യര്‍ക്ക് - വളരെ വയലന്റായ, സ്ത്രീവിരുദ്ധമായ, കുടുംബം, കല്യാണം എന്ന സ്ട്രക്ചറുകളെ ചോദ്യം ചെയ്യണം എന്നൊന്നും വലിയ ആഗ്രഹമില്ലാത്ത, എന്നാല്‍ പ്രശസ്തയായ ഒരു സ്ത്രീയുടെ കൂടെ നിന്നു, കേരളം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തില്‍ ഞാനും സ്ത്രീപക്ഷത്താണ് എന്നുള്ളതിന്റെ ആനന്ദം ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് - വായിച്ചാല്‍ നല്ലവണ്ണം ബോധിക്കുന്ന ഒരെഴുത്തും ആഖ്യാനവും ആണത്. 
 
ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം ആഖ്യാനങ്ങള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് സ്ത്രീപക്ഷ ചിന്തകളെ പുറകോട്ട് കൊണ്ടുപോകാന്‍ മാത്രമേ ഉപകരിക്കൂ. മഞ്ജു വാര്യര്‍ എന്ന സ്ത്രീ ഒരിക്കലും ദിലീപിന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, ആലിമണി ആവശ്യപ്പെട്ടില്ല എന്നതൊക്കെ ഒരു വര്‍ച്യൂ ആയി കാണുന്ന വായനകളൊന്നും എടുക്കാന്‍ എനിക്ക് മനസ്സില്ല.
 
മഞ്ജു വാര്യരോടുള്ള ബഹുമാനം എവിടെനിന്നാണ് വരുന്നത് എന്നുള്ളതും എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ദിലീപിനെ കുറിച്ച് മോശമായി ഒന്നും തന്നെ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ എന്ന നിലയിലാണോ നിങ്ങള്‍ക്ക് അവരോടുള്ള ബഹുമാനം? അവര്‍ സഹിച്ച കാര്യങ്ങള്‍ ഓര്‍ത്താണോ ബഹുമാനം? അത് അസ്ഥാനത്താണ് എന്ന് തന്നെ ഞാന്‍ പറയും. അബ്യൂസിലെ സഹനശക്തിയല്ല ഒരു പെണ്ണിന്റെ വിജയം. അബ്യൂസിനോടുള്ള കലഹമാണ്. ആദ്യത്തേത് ഗതികേടാണ്. 
 
മഞ്ജു വാര്യര്‍ എന്ന സ്ത്രീയ്ക്ക്, ഇപ്പോഴുള്ള സ്വീകാര്യതയും, സാമ്പത്തിക സ്വാതന്ത്ര്യവും എല്ലാം വെച്ച് കൊണ്ട് പോലും തന്റെ ദാമ്പത്യത്തില്‍ നടന്ന നീതിനിഷേധത്തെപ്പറ്റി, ദിലീപ് റേപ് ചെയ്യാന്‍ കൊട്ടേഷന്‍ കൊടുത്തതിനെ പറ്റി സമൂഹത്തോട് സംവദിക്കണം എന്ന തീരുമാനം എടുക്കാന്‍ പറ്റാത്തത്, അല്ലെങ്കില്‍ ആ തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യമില്ല എന്ന തോന്നലില്‍ നില്‍ക്കുന്നത് - അതിന്റെ സാമൂഹിക കാരണങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ ആലോചിക്കേണ്ടത് എന്ന് തോന്നുന്നു. ഇത് സെലിബ്രിറ്റികളും അല്ലാത്തവരുമായ, ഡിവോര്‍സ് ചെയ്യുന്ന പല സ്ത്രീകളും ചെയ്യാറുള്ള കാര്യമാണ്. അത് ഒരു പെര്‍സണല്‍ ഡിസിഷന്‍ ആണെങ്കിലും ഒരു പെര്‍സണല്‍ ഡിസിഷന്‍ മാത്രമല്ല. സരിതയുടെ റിയാക്ഷന്‍ മോശവും മേതില്‍ ദേവികയുടെ റിയാക്ഷന്‍ നല്ലതും ആവുന്ന പൊതുബോധത്തിനെ അഭിസംബോധന ചെയ്യാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. 
 
മഞ്ജു വാര്യരോടുള്ള എന്റെ ബഹുമാനം, അവര്‍ കേരളത്തിലെ പരിപാവനമായ കുടുംബം എന്ന സംഗതിയെ ചോദ്യം ചെയ്യുകയും ആ തീരുമാനത്തില്‍ അചഞ്ചലയായി നിലകൊള്ളുകയും ചെയ്തു എന്നിടത്താണ്. അതും അതിശക്തനായ, മലയാളികളുടെ കണ്ണിലുണ്ണിയായ ഒരു ആണിനെതിരെ. ഇതൊന്നും പലപ്പോഴും പല സ്ത്രീകളും ഈ ഫലം ഉണ്ടാവും എന്ന് വിചാരിച്ച് ചെയ്യുന്നതല്ല. പക്ഷേ എന്നെങ്കിലും ഇതെല്ലാം തിരിച്ചറിയുകയും അതിനെ പറ്റി സംഭാഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതാണ് നമ്മളെ മുമ്പോട്ട് കൊണ്ട് പോകാന്‍ പോകുന്നത്. 
 
എന്നെങ്കിലുമൊരിക്കല്‍ മഞ്ജു വാര്യര്‍ ജെന്ററിനെ കുറിച്ച് തന്റെ വിവാഹത്തെയും മുന്‍ ഭര്‍ത്താവിനെയും മുന്‍ നിര്‍ത്തി സംസാരിക്കുമെന്നും അത് ഞാനുള്‍പ്പെടെയുള്ള കുറെ സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ആണ്‍കോയ്മ ഡോക്യുമെന്റ് ചെയ്യപ്പെടുക എന്ന പ്രക്രിയയില്‍ ഇത്തരത്തിലുള്ള പല സെലിബ്രിറ്റി ടെസ്റ്റിമോണിയല്‍സും ഒരു പ്രധാന പങ്ക് വഹിക്കും എന്നും.
 

 

 

No comments:

Post a Comment