Saturday, 28 July 2012

ബാച്ച്‌ലര്‍ പാര്‍ട്ടി: നല്ലത് പറയാനും നാവ് വഴങ്ങണം

ഇതെഴുതണമെന്ന് വെച്ചട്ട് കൊറെ നാളായി. പറ്റാതിരുന്നത് ഒരു ഡൌണ്‍ലോഡിങ്ങ് പ്രശ്നം കൊണ്ടാണ്. ബാച്ച്ലര്‍ പാര്‍ട്ടിയെപ്പറ്റി നല്ല അഭിപ്രായമുള്ള ചുരുക്കം ചില മലയാളികളില്‍ ഒരാളാണ് ഞാന്‍. ആ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞപ്പോള്‍ ഈ സിനിമ ജോണി തോയുടെ എക്സൈല്‍ഡിന്റെ കോപിയാണെന്നും മൌലികമല്ലാത്ത സൃഷ്ടികളെ ആ വിധത്തിലേ കാണാന്‍ പാടുള്ളൂ എന്നും അഭിപ്രായം വന്നു. കോക്ക്ടെയില്‍ പോലെ ഷോട്ട് ബൈ ഷോട്ട് അടിച്ചുമാറ്റിയ ഒരു സിനിമയെ സ്നേഹിക്കുന്നതില്‍ അര്‍ഥമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അടിച്ചുമാറ്റിയതല്ലെങ്കില്‍കൂടെ ആ സിനിമ ഇഷ്ടമല്ല താനും. പക്ഷെ ബാച്ച്ലര്‍ പാര്‍ട്ടി അത്തരത്തിലൊരു മോഷണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അതുകൊണ്ട് എക്സൈല്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനിട്ട് കാത്തിരിക്കാന്‍ തുടങ്ങിയതാണ്. ഇന്നാണ് അവസാനം കാണാന്‍ സാധിച്ചത്. കാണാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഈശ്വരാ മനസ്സറിഞ്ഞ് ഒരു സിനിമ പോലും ഇഷ്ടപ്പെടാന്‍ പറ്റാതായല്ലോ എന്ന്. പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കങ്ങനെ തോന്നുന്നില്ല. കഥ അപ്പാടെയും പല രംഗങ്ങളും അതേപടി മോഷ്ടിച്ചിരിക്കുകയാണെങ്കിലും ഒരിജിനലിനേക്കാള്‍ മികച്ചതാണ് അമല്‍ നീരദിന്റെ copy എന്നാണ് എന്റെ അഭിപ്രായം. അതിന് പല കാരണങ്ങളുമുണ്ട്. അതിലേയ്ക്ക് വരുന്നതിനു മുമ്പ് സിനിമാ ആസ്വാദകരോടും നിരൂപകരോടും എനിക്ക് ചിലത് പറയാനുണ്ട്.



നല്ലത് പറയാനും നാവ് വഴങ്ങണം
സിനിമ ഇറങ്ങിക്കഴിഞ്ഞ് വളരെ ചുരുക്കം പേരാണ് ഇതിനെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞത്. നല്ലത് പറയാനുള്ള ഒരു നിരൂപണം പോലും ഞാന്‍ കണ്ടില്ല. ഇത്രയ്ക്ക് കുറ്റപ്പെടുത്താന്‍ മാത്രം ഈ സിനിമയ്ക്കെന്താണ് കുഴപ്പം? അതിലും വിചിത്രമായിത്തോന്നിയത് സ്ത്രീവിരുദ്ധത എന്നത് ആളുകള്‍ ആയുധമാക്കുന്നതാണ്. ഒരു സംഗതിയെക്കുറിച്ച് ഒന്നും പറയാനില്ലങ്കില്‍ അപ്പത്തന്നെ ഇത് സ്ത്രീവിരുദ്ധമാണ് എന്ന് പറയുക. ആണോ അല്യോന്ന് ആലോചിക്കാതെ എടുത്ത് കാച്ചാന്‍ പറ്റിയ ഒരു പ്രയോഗമായിത്തീര്‍ന്നിരിക്കുന്ന് ഇത്. സ്ത്രീവിരുദ്ധമാണെങ്കില്‍ ആണ് എന്ന് പറയുക തന്നെ വേണം. പക്ഷെ അത് ആ വാക്കിനെത്തന്നെ അപഹാസ്യമാക്കുംവിധമായിപ്പോകരുത്. കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ നടത്തിയ ഒരു ബസ് യാത്രയിലാണ് നായിക എന്ന സിനിമ കാണുന്നത്. അതില്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞ് ജയറാം കഥാപാത്രം ശാരദയോട് പറയുന്നുണ്ട് കല്യാണം കഴിഞ്ഞാല്‍ നീ അഭിനയിക്കാന്‍ പാടില്ല എന്ന്. അത് എഴുത്തുകാരിയുടെ അല്ലെങ്കില്‍ സംവിധായകന്റെ സ്ത്രീവിരുദ്ധതയാണ് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞിട്ടൊരു കാര്യവുമില്ല. പണ്ട് (ഇന്നും) താരജോഡികളുടെ (അല്ലാത്തവരുടെയും) കല്യാണത്തിനുമുമ്പ് ആണ് പെണ്ണിനോട് അങ്ങനെ നിശ്ചയമായും പറഞ്ഞിട്ടുണ്ടാകും. ആ യാഥാര്‍ഥ്യം സ്ക്രീനില്‍ കൊണ്ടുവരിക മാത്രമാണ് ചിത്രം ചെയ്യുന്നത്. (ആകെമൊത്തം ആ സിനിമ എന്താണ് എന്ന് ആലോചിക്കുന്നേയില്ല. ഒരുദാഹരണം പറഞ്ഞതാണ്) ബാച്ച്ലര്‍ പാര്‍ട്ടി ഒരു ആണ്‍ സിനിമയാണ്. ആണത്തത്തിന്റെ ആഘോഷമാണ്. (ആണത്തം എന്ന് നമ്മുടെ ആണുങ്ങള്‍ വിശ്വസിക്കുന്നതിന്റെ) ആണ്‍ സൌഹൃദത്തിന്റെ കുറെ കഥകള്‍ ഒരുമിച്ചുപറയുന്നതിലെ ആനന്ദം മാത്രമാണ് സംവിധായകന്‍ തേടുന്നത്. അതിന്റെ പൊതുസ്വഭാവം സ്ത്രീവിരുദ്ധമല്ലെങ്കില്‍പ്പിന്നെ എന്താണാവുക! യഥാര്‍ഥത്തില്‍ സ്ത്രീവിരുദ്ധത ഈ സിനിമയില്‍ ഐറ്റം ഡാന്‍സിലൂടെയോ അശ്ലീല തമാശകളിലൂടെയോ അല്ല. അതെല്ലാം പറയുന്ന കഥയുടെ യാഥാര്‍ഥ്യവും സ്വഭാവവും മാത്രമാണ്. അത് വരുന്ന വഴികള്‍ വേറെയാണ്. ഉദാഹരണത്തിന് എക്സൈല്‍ഡിലെ ആസിഫ് അലി നിത്യ മേനോന്‍ ജോഡികള്‍ താമസിക്കുന്ന വീട്ടിലെ രംഗങ്ങള്‍. മലയാളത്തിലെത്തിയപ്പോള്‍ നിത്യ മേനോന്‍ ചിക്കന്‍ കറിയുണ്ടാക്കി ഭര്‍ത്താവിന്റെ കൂട്ടുകാര്‍ക്ക് വിളമ്പുന്ന സ്ത്രീയാകുന്നു. എന്നാല്‍ എക്സൈല്‍ഡില്‍ എല്ലാവരും ഒരുമിച്ചാണ് പാചകം ചെയ്യുന്നത്. ഭര്‍ത്താവിന്റെ കള്ളുകുടി നോക്കിക്കാണുന്ന പെണ്ണല്ല വോ (എക്സൈല്‍ഡിലെ ആസിഫ് അലി) യുടെ ഭാര്യ. അവരും മദ്യപിക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്നുണ്ട്. എന്നാല്‍ അമല്‍ നീരദ് അതും ഒഴിവാക്കിയിരിക്കുന്നു. ഇതിലൂടെയൊക്കെയാണ് സംവിധായകന്റെ സ്ത്രീവിരുദ്ധത നമ്മള്‍ വായിച്ചെടുക്കുന്നത്. കാരണം ഒരു കഥ മോഷ്ടിക്കാന്‍ തീരുമാനിക്കുകയും അതിലേയ്ക്ക് തന്റേതായ സംഭവാനകള്‍ നടത്തുകയും ചെയ്യുമ്പോള്‍ മൌലികമല്ലാത്തതെല്ലാം സംവിധായകന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാണ്.
ഇനി മൌലികത എന്ന factor. മലയാളം സിനിമയില്‍ മൌലികം പ്രതീക്ഷിക്കാന്‍ ഇനിയും സമയമായിട്ടില്ല എന്ന് എല്ലാവര്‍ക്കും അറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം വന്നട്ടില്ലെങ്കില്‍ ഇവിടെ നോക്കുക. എന്നിട്ട് ഓരോന്നോരോന്നായി വെരിഫൈ ചെയ്യുക വിശ്വാസം താനേ വരും. എന്നാല്‍ മോഷ്ടിക്കുമ്പോള്‍ പോലും തനി മലയാളി ചേരുവകള്‍ ചേര്‍ത്ത് ആവുന്നത്ര വൃത്തികേടാക്കാന്‍ നമ്മുടെ സംവിധായകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഉദാഹരണത്തിന് Life is Beautiful എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ അധ്യാപക ജീവിതം മുഴുവന്‍ Dead Poet's Society യുടെ കോപിയാണ്. എന്നാല്‍ മലയാളത്തിലായതുകൊണ്ട് അതിലേയ്ക്ക് അവിഹിതവും പശ്ചാത്താപവും ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ പവിത്രതയുമൊക്കെ ചേര്‍ത്ത് ആകുന്നത്ര കൊളമാക്കിയിരിക്കുന്നു. ഇതൊക്കെ നടക്കുന്ന ഒരു അരങ്ങിലേയ്ക്കാണ് ബാച്ച്ലര്‍ പാര്‍ട്ടിയുമായി ഒരാള്‍ കടന്നുവരുന്നത്. അങ്ങേരെ മാത്രം നമ്മളെന്തിന് പഴിക്കണം? അങ്ങനെയാണെങ്കില്‍ ആദ്യം നമ്മള്‍ പ്രിയദര്‍ശന് വിലക്ക് കല്‍പിക്കണ്ടേ? അത് ചെയ്യുന്നില്ലല്ലോ. പിന്നെന്തിന് അമല്‍ നീരദിനെ വിധിക്കുന്നു. ഒരുപക്ഷേ നല്ലത് പറയാന്‍ നിരൂപക നാവുകള്‍ വഴങ്ങാത്ത അവസ്ഥയിലെത്തിയതുകൊണ്ടായിരിക്കാം. സാധാരണ നല്ലതെന്തെങ്കിലും പറയാനുള്ള സിനിമകള്‍ ഉണ്ടാവാറില്ലല്ലോ. ശീലങ്ങള്‍ മാറ്റാനുള്ള ബുദ്ധിമുട്ടാകാം invariably bad reviews ന് കാരണം എന്ന് കരുതാം.



എന്തുകൊണ്ട് എക്സൈല്‍ഡിനേക്കാള്‍ ബാച്ച്ലര്‍ പാര്‍ട്ടി.

ഒരു gangster സിനിമയാണ് ജോണി തോയും അതിനാല്‍ അമല്‍ നീരദും പറയുന്നത്. എക്സൈല്‍ഡില്‍ കാണുന്ന ആണ്‍ സൌഹൃദങ്ങള്‍, തമാശകള്‍, പ്രയാസങ്ങള്‍ എന്നിവയെല്ലാം കണ്ട് ബോധിച്ച് അത് മോഷ്ടിക്കാന്‍ തീരുമാനിച്ച സംവിധായകന്‍ ഇപ്പറഞ്ഞ വികാരങ്ങളെയെല്ലാം തന്നെ അതിന്റെ രണ്ടിരട്ടി മനോഹാരിതയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കള്ളുകുടിയും പുകവലിയും അശ്ലീല തമാശകളുമെല്ലാം തന്നെ ആണ്‍ സൌഹൃദങ്ങളുടെ പ്രധാന ചേരുവകളാണ്. ഇന്ദ്രജിത്തും റഹ്മാനും വണ്ടിയിലിരുന്ന് കള്ളുകുടിക്കുന്ന രീതി കണ്ട് (തണ്ണിമത്തങ്ങയില്‍ മുക്കിയടിക്കുന്നത്) ഇത് പരീക്ഷിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍ എന്നാണ് എന്റെ ഒരു ആണ്‍സുഹൃത്ത് പറഞ്ഞത്. കൃത്യമായും അതാണ് സിനിമയുടെ വികാരം. അത് ഫലിക്കുന്നുണ്ടെന്നതില്‍ സംശയമുണ്ടോ. ഇതൊരുദാഹരണം മാത്രമാണ്. ഇനിയങ്ങോട്ട് പറയുന്നതെല്ലാം തന്നെ ഈ male camaraderie യുടെ ആഘോഷമാണ്. പണ്ടേ നിലവിലുള്ള അശ്ലീല തമാശകള്‍ സ്വന്തം കൂട്ടുകാരന്റെയും ഭാര്യയുടെയും പേരില്‍ അടിച്ചിറക്കുന്നത് (തത്തക്കഥ), സ്ത്രീകളുടെ മുമ്പിലെത്തുമ്പോള്‍ കള്ളുകുടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്, പോട്ടയില്‍ പോയി വരുന്ന വരവില്‍ അടിച്ചു കിണ്ടിയാകുന്നത് (എത്രയെത്ര പോട്ടക്കഥകള്‍ നമ്മുടെ ആണുങ്ങള്‍ക്ക്!), ഏത് കഥയിലും തുണ്ട് കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്നത് (ബിറ്റുണ്ടെങ്കില്‍ പറ), സിനിമകളിലെല്ലാം underworld dons ഉപയോഗിക്കുന്ന ആ കള്ളുകുപ്പി ബ്ലെന്റര്‍? ില്‍ സാദാ മദ്യമൊഴിച്ച് കഴിക്കുന്നത്, രാത്രിമുഴുവന്‍ കള്ളുകുടിച്ചും കഥ പറഞ്ഞും അറിയാതെ എപ്പഴോ ഉറങ്ങിപ്പോയി അങ്ങനെയും ഇങ്ങനെയും കിടന്നെഴുന്നേല്‍ക്കുന്നത്, പണക്കാരികളായ പെണ്ണുങ്ങള്‍ ചരക്കാണോ എന്ന ചോദ്യം, ആ സമയത്തെ ഒരു ഹോട്ട് നടിയുമായുള്ള ഫാന്റസി (വിദ്യ ബാലന്‍)... ഇനിയുമുണ്ടേറെ, എഴുതാന്‍ മടി. :D Gangster സിനിമകളിലെ മുഖമുദ്രയായ സംഘട്ടന രംഗങ്ങളും അതിലെ വെടിവെയ്പ്പും എന്ത് സ്നേഹത്തോടെയാണ് സംവിധായകന്‍ സമീപിച്ചിരിക്കുന്നത്. എക്സൈല്‍ഡിനേക്കാളും എത്രയോ മികച്ചതാണ് അവയെല്ലാം. എക്സൈല്‍ഡില്‍ ഒരു വെടിവെപ്പ് സീന്‍ നടക്കുന്നത് ഒരു ഹോട്ടലിലാണ്. അത് അമല്‍ നീരദ് ഒരു സിനിമാ തിയറ്ററാക്കിയിട്ടുണ്ട്. രണ്ടും അടുപ്പിച്ച് കണ്ടാലറിയാം എന്തൊരു ബുദ്ധിപൂര്‍വമായ മാറ്റമാണതെന്ന്. എന്തിരന്‍ എന്ന അതിമാനുഷന്‍ നടത്തുന്ന വിക്രിയകള്‍ കണ്ട് അയാളെ ദൈവമായി ആരാധിക്കുന്ന ആളുകളെ സാക്ഷ്യം നിര്‍ത്തിയാണ് എത്ര വെടിവെച്ചാലും അമാനുഷികമാംവിധം ചാവാത്ത മനുഷ്യരെ അവതരിപ്പിക്കുന്നത്. അതേ പോലെ മുറിവ് തുന്നിക്കെട്ടുന്ന ഡോക്ടറുടെ കഥാപാത്രവും മലയാളത്തിലാണ് മികച്ചുനില്‍ക്കുന്നത്. ചൈനീസ് പടത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥരെ നിരന്തരം കാണിക്കുന്നുണ്ട്. എന്നാല്‍ മലയാളത്തില്‍ അത് ഒഴിവാക്കിയിട്ടുണ്ട്. അതും സാമര്‍ഥ്യം തന്നെ. ഇത്രയധികം വെടിവെപ്പും കൊലപാതകങ്ങളും നടന്നിട്ടും പോലീസിന്റെ തരി പോലും എവിടെയും കാണിക്കാതെ രണ്ടു കാര്യങ്ങള്‍ പറയുന്നുണ്ട് സിനിമ. ഒന്നുകില്‍ ഇതെല്ലാം അവരുടെ അറിവോടെയാണ് നടക്കുന്നത്. അല്ലെങ്കില്‍ (എനിക്ക് വിശ്വസിക്കാന്‍ താല്‍പര്യം ഇതാണ്) ഇതൊക്കെ നമ്മുടെ റിയാലിറ്റിയില്‍ നിന്നകന്ന് സംഭവിക്കുന്ന കഥകളാണ്. അധോലോകത്തെ നമ്മള്‍ ഭയക്കുന്നതോടൊപ്പം ചില രീതിയില്‍ സ്നേഹിക്കുന്നുമുണ്ട് എന്നും അതുകൊണ്ടുതന്നെ അതിന് നമ്മുടെയൊക്കെ മനസ്സില്‍ ഒരു മാന്ത്രിക പരിവേഷമാണുമുള്ളത് എന്നും സിനിമ പറയാതെ പറയുന്നു.

മോഷ്ടിക്കലിലെ ചില രസങ്ങളുമുണ്ട്. എക്സൈല്‍ഡില്‍ Boss Fay എന്ന കഥാപാത്രമാണ് മലയാളത്തില്‍ കമ്മത്താകുന്നത്. ഇവരെ അവതരിപ്പിച്ചിരിക്കുന്ന നടന്മാര്‍ തമ്മില്‍ രൂപത്തിലും ഭാവത്തിലും നല്ല സാദൃശ്യമുണ്ട്. അതേ പോലെതന്നെയാണ് വോ യെ അവതരിപ്പിച്ചിരിക്കുന്ന നടനും ആസിഫ് അലിയും തമ്മിലുള്ള രൂപസാദൃശ്യം. പക്ഷെ എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. ഐ എം വിജയന്റെ കഥാപാത്രം ശരിക്കും സിനിമയില്‍ എങ്ങനെ വന്നതാണ് എന്ന്. എക്സൈല്‍ഡില്‍ അങ്ങനെയൊരാളില്ല എന്നതും പോട്ടെ. ഒരാളെ കൂട്ടിച്ചേര്‍ക്കാന്‍ ഇത്രയും നിര്‍ബന്ധമുണ്ടായിട്ടും ആ മനുഷ്യനെ വെറുതെ ഒരു റ്റാ റ്റ കാണിക്കാന്‍ അവടെ എന്തിന് കുത്തിനിര്‍ത്തി. ഷൂട്ടിങ്ങ് നടക്കണ സമയത്ത് വെറുതെ ആ വഴി പോയ വിജയനെപ്പിടിച്ച് ഒരോളത്തിനങ്ങഭിനയിപ്പിച്ചതാണെന്നാണെന്റെ ബലമായ സംശയം. :)

കല്ലുകടികള്‍

മോഷ്ടിച്ചതാണെങ്കിലും വലിയ ആത്മാര്‍ഥതയോടെ തന്നെ സംവിധായകന്‍ സിനിമയ്ക്കുവേണ്ടി പണിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാണ്. സാധാരണ മലയാളം സിനിമകളില്‍ നിന്നും അതിലെ തന്നെ അടിയിടിപ്പടങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കണം എന്ന് നീരദിന് നിര്‍ബന്ധമുണ്ടായിരുന്നെന്ന് വ്യക്തം. സത്യം പറഞ്ഞാല്‍ ഒരു ഹോളിവുഡ് സിനിമ കോപിയടിക്കുക എന്ന രീതിയില്‍ നിന്ന് മാറി മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത ഒരു ഭാഷാചിത്രത്തില്‍ നിന്ന് മോഷ്ടിക്കാന്‍ തീരുമാനിക്കുന്നതില്‍നിന്ന് തന്നെ അത് വ്യക്തമാണ്. എന്നാലും ചിലയിടത്തൊക്കെ മലയാളസിനിമാസംസ്കാരത്തിന്റെ പ്രേതം സംവിധായകനെ പിടികൂടിയിട്ടുണ്ട്. ഒരു പാട്ടില്‍ത്തന്നെ പ്രണയവും രതിയും ഗര്‍ഭവും കുട്ടിയുടെ ജനനവുമെല്ലാം കാണിക്കുന്ന രീതി ഇതിലും സ്വീകരിച്ചിരിക്കുന്നു. ആവുന്നത്ര വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ പ്രണയകഥയിലുടനീളം പൈങ്കിളി പാടുന്നു. മകളെ രക്ഷിക്കണം എന്ന് അവളുടെ കാമുകനോട് അപേക്ഷിക്കുന്ന നിസ്സഹായയായ അമ്മയും കമിതാക്കളുടെ ഒളിച്ചോട്ടത്തിന് സഹായിക്കാനെത്തുന്ന ആണിന്റെ ചങ്ങാതിക്കൂട്ടവുമെല്ലാം എന്നാണൊന്നവസാനിക്കുക! റഹ്മാനും കലാഭവന്‍ മണിയുമെല്ലാം മലയാളി ഇന്നേവരെ അവരെക്കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളില്‍ മികച്ചുനില്‍ക്കുന്നു. പക്ഷെ അതിനുംവേണ്ടി ആസിഫ് അലി പറ്റാവുന്നത്ര ബോറാക്കിയിട്ടുണ്ട്. ആ അഞ്ച് കൂട്ടുകാരുടെയും ഒരു പൊതുസ്വഭാവത്തിനു വഴങ്ങാത്ത രീതിയില്‍ വല്ലാതെ മുഴച്ചുനില്‍ക്കുന്നു ആസിഫ് അലി.



കഥയില്ലായ്മയും മറ്റും.

മിക്കവരും സിനിമയെപ്പറ്റിയും സംവിധായകനെപ്പറ്റിയും പറഞ്ഞുകേട്ട ആക്ഷേപമാണ് കഥയില്ല കഥയില്ല എന്ന്. കഥയില്ല എന്ന് എനിക്ക് തോന്നിയില്ല എന്നാദ്യമേ പറയട്ടെ. എന്നാലും എന്താണീ കഥ എന്നാലോചിച്ച് പോകുകയാണ്. നമ്മളിപ്പഴും ആ അരിസ്റ്റോട്ട്ലിയന്‍ തിയറിയില്‍ കടിച്ചുതൂങ്ങുന്നതുകൊണ്ടല്ലേ കഥയില്ല എന്ന് പറയുന്നത്. അത് പ്രകാരം കഥ എന്നാല്‍ ആദ്യമൊരു പ്രശ്നമുണ്ടാകുക, പ്രധാന കഥാപാത്രം അതിനെയെല്ലാം പല വഴികളിലൂടെ തരണം ചെയ്യുക അങ്ങിനെയൊക്കെയാണല്ലോ. അവസാനം എല്ലാം മംഗളമായവസാനിക്കുന്നതിന്റെ ഒരു ഗ്രൂപ് ഫോട്ടോയുംകൂടിയായാല്‍ ഭേഷ്. ആയ്ക്കോട്ടപ്പ. അങ്ങനെ വേണ്ടവരങ്ങനെ ചെയ്യട്ടെ. അങ്ങനെ വേണ്ട എന്ന് ചിന്തിക്കാനേ പാടില്ല എന്നുണ്ടോ. കുറെ സംഭവങ്ങളടുക്കിവെച്ചും നോവലുകളുണ്ടായിട്ടുണ്ട്. ഒരു crisis ുമില്ലാതെ ഒരു dénouement ുമില്ലാതെ ഒരു സിനിമ വരുമ്പോള്‍ പണ്ടുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ട് മാത്രം അതിനെ പുച്ഛിക്കുന്നതെന്തിന്. രണ്ട് വട്ടം കണ്ടിരുന്നു സിനിമ. (അത്രയ്ക്കിഷ്ടായതോണ്ടല്ല. രണ്ടാമത് കാണാന്‍ കൂട്ടുപോയതാണ്.) രണ്ടാമത് പോയപ്പോള്‍ സിനിമ കണ്ടിറങ്ങിയ ഒരു സുഹൃത്തിനെ കണ്ടു. വളരെ മോശമഭിപ്രായമാണ് കേട്ടിരുന്നതെന്നും എന്നാല്‍ കണ്ടപ്പോളിഷ്ടപ്പെട്ടു എന്നും പറഞ്ഞു അവന്‍. എന്നിട്ട് കൂട്ടിച്ചേര്‍ത്തു. 'എനിക്ക് തോന്നുന്നത് ഇതിലെല്ലാവരും മരിച്ചതാണ് പ്രശ്നായിപ്പോയതെന്നാണ്. നമക്ക് പിന്നെ നായകന്‍ ചാവാന്‍ പാടില്ലല്ലോ.' ശരിയല്ലേ. നായകന്‍ ചത്താല് നമക്ക് വല്യ പ്രശ്നമാണ്. അയാളെ കൊല്ലണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് വിലപിക്കും. നിരാശപ്പെടും. ഞാന്‍ പറയട്ടെ. ഏതായാലും എല്ലാവരും ചാവും. അപ്പൊ ഫുള്‍ ടൈം വെടിവെയ്ക്കല് നടക്കണ ഒരു സിനിമേല് എല്ലാവരും ചത്തില്ലെങ്കിലല്ലേ അല്‍ഭുതം. (ആ വെച്ചുകൂട്ടിയ വെടിക്ക് തിയറ്ററിലിരുന്ന നമ്മളും ചാവാത്തതാണല്‍ഭുതം.)
കഥയില്ലായ്മ എന്നതിനെപ്പറ്റി ആകുലപ്പെടുന്നതിനുപകരം നമ്മള്‍ ശരിക്കും ആശയമില്ലായ്മ എന്നതിനെപ്പറ്റിയാണ് ആകുലപ്പെടേണ്ടത്. കാരണം ഇത്ര കഴിവുണ്ടായിട്ടും അമല്‍ നീരദിന് വേറെ സിനിമയെ ആശ്രയിക്കേണ്ടി വരുന്നു ആശയത്തിന്. ഇത്രേം ആശയദാരിദ്ര്യം അനുഭവിക്കുന്ന വേറൊരു സിനിമ ഇന്റസ്റ്റ്രിയും നിലവിലുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പിന്നെ വേറൊന്നുംകൂടെ ഏകദേശം ആ സമയത്തുതന്നെ ഇറങ്ങിയ ഉസ്താദ് ഹോട്ടലിനെക്കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. സിനിമ നല്ലതല്ലെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒരുപാട് നന്മ കണ്ട് ഇറങ്ങിയപ്പോളല്‍പം തേട്ടി വന്നു എനിക്ക്. ജീവിതത്തില്‍ നന്മ മാത്രമൊന്നുമല്ലല്ലോ ഉള്ളത്. അത്യാവശ്യം നല്ല രീതിയില്‍ ബോറാണ് ലോകവും ജീവിതവും. അപ്പൊ കുറച്ച് ഇരുട്ടും രക്തവും അശ്ലീലവുമൊക്കെയാവാം സിനിമയിലും. എന്താ?

No comments:

Post a Comment