Monday 9 December 2013

ബുക്കറിലൂടെ 7: Disgrace; J M Coetzee



കൂറ്റ്സെയുടെ ഈ പുസ്തകം ഞാന്‍ ആദ്യമായി വായിക്കുന്നത് മൂന്നാല് വര്‍ഷം മുമ്പാണ്. എല്ലാ പുസ്തകങ്ങളെയും പോലെ ഇതിനും ചില കഥകള്‍. കല്‍കട്ടയില്‍ സിനിമാ സ്കൂളില്‍ പ്രവേശനം കിട്ടി അങ്ങോട്ട് പുറപ്പെടുമ്പോള്‍ വീട്ടില്‍ നിന്നും ഞാനെടുത്ത രണ്ടേ രണ്ട് പുസ്തകങ്ങളിലൊന്നാണിത്. മറ്റേത് ഡി ബി സി പിയറിന്റെ Ludmila's Broken English ആയിരുന്നു. ഈ കുറിപ്പെഴുതാന്‍ രണ്ടാമത് വായിക്കുന്നതിനുവേണ്ടിയായിരുന്നു അത്. വര്‍ഷമൊന്ന് കഴിഞ്ഞു. ഇപ്പോഴാണ് രണ്ടാം വായന കഴിഞ്ഞത്.
കൂറ്റ്സെയാണ് ബുക്കര്‍ രണ്ട് തവണ ലഭിക്കുന്ന ആദ്യ എഴുത്താള്‍. അദ്ദേഹത്തിനു ശേഷമാണ് മറ്റു രണ്ടു പേര്‍ക്കും ഇത് സിദ്ധിക്കുന്നത്. ഈ രണ്ടു പേരില്‍ ഒന്ന് ഒരു സ്ത്രീയാണ് (Hilary Mantel) എന്ന കാര്യം സന്തോഷമുണ്ടാക്കുന്നു. ഏതായാലും 1999ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം ആദ്യ വായനയില്‍ എനിക്കിഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി ഇപ്പഴും പ്രിയപ്പെട്ടതുതന്നെ. കാച്ചിക്കുറുക്കിയത്. എണ്ണിച്ചുട്ട അപ്പം പോലെ വാക്കുകള്‍. കുറച്ചുംകൂടെ ആ രീതിയില്‍ പോയാല്‍ ഹെമിങ്ങ്‌വേയുടെ അയലത്തെങ്ങാനെത്തും. നോവല്‍ ആദ്യ വായനയില്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. രണ്ടാം വായനയില്‍ പക്ഷെ ചില സംശയങ്ങള്‍ അവശേഷിക്കുന്നു. കറുത്തവര്‍ഗക്കാരോടും വര്‍ണവിവേചനത്തിനോടും ഫെമിനിസത്തോടുമുള്ള എഴുത്താളിന്റെ സമീപനം ചിലപ്പോഴെല്ലാം പ്രശ്നമുള്ളതായിത്തോന്നി. എന്നാലങ്ങനെ അടച്ചാക്ഷേപിക്കാനും കഴിയുന്നില്ല. അവിടെത്തന്നെയാണ് കൂറ്റ്സെയുടെ കഴിവെന്നും തോന്നുന്നു.
എഴുത്തില്‍ ഏറെയിഷ്ടപ്പെട്ട കാര്യങ്ങള്‍.
ഡേവിഡ് ലൂറി എന്ന മധ്യവയസ്കനായ പ്രൊഫസറുടെ ജീവിതത്തില്‍ നിന്നും കുറച്ച് കാലമാണ് പുസ്തകം. ഇയാള്‍ പഠിപ്പിക്കുന്ന കേപ് ടൌണ്‍ യൂണിവേസിറ്റിയിലെ തന്നെക്കാള്‍ പ്രായം നന്നെക്കുറഞ്ഞ ഒരു വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാല്‍ ലൂറിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു. ഈസ്റ്റേണ്‍ കേപില്‍ ഒരു പറമ്പില്‍ വീടുവച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്വവര്‍ഗാനുരാഗിയായ മകളുടെ അടുത്തേയ്ക്ക് പോകുന്നു. അവിടെ മൂന്ന് കറുത്തവര്‍ഗക്കാര്‍ ലൂസി എന്ന ഇയാളുടെ മകളെ ബലാല്‍സംഗം ചെയ്യുന്നു. ലൂസി ഇതിനാല്‍ പിന്നീട് ഗര്‍ഭിണിയാകുന്നു. തിരിച്ച് വരാനുള്ള ലൂറിയുടെ തുടര്‍ച്ചയായുള്ള അഭ്യര്‍ഥനകള്‍ ലൂസി നിരസിക്കുന്നു. അവള്‍ അവിടെത്തന്നെ ജീവിതം തുടരുന്നു. ഡേവിഡ് ലൂറി അവസാനം നമ്മള്‍ കാണുമ്പോള്‍ അവിടെ ബെവ് ഷാ എന്ന മകളുടെ സുഹൃത്തുമൊപ്പം ചേര്‍ന്ന് ആര്‍ക്കും വേണ്ടാത്ത നായ്ക്കളെ ദയാവധം ചെയ്യുന്നതില്‍ സഹായിക്കുന്നു. നോവല്‍ ഇവിടെ അവസാനിക്കുന്നു.
ഇദ്ദേഹത്തിന്റെ എഴുത്തിന്റെ രീതിയിലെ പുച്ഛമാണ് എനിക്കേറ്റവുമിഷ്ടമായത്. Sarcasm, cynicism എന്നിവയാണ് സര്‍വത്ര. ബോണസായിക്കിട്ടുന്ന തമാശ മുഴുവന്‍ കട്ടക്കറപ്പ്. Black humour. ഡേവിഡ് ലൂറിയുടെ കഥാപാത്രത്തിനോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുകളുണ്ടെങ്കിലും അത് അതിസമര്‍ത്ഥമായി രചിച്ചിരിക്കുന്ന ഒന്നാണ്. ഇയാള്‍ ജീവിതത്തെയും ലോകത്തെയും നോക്കിക്കാണുന്ന രീതി ഒന്ന് വേറെ തന്നെ. ഇരുത്തംവന്ന ഒരു പ്രൊഫെസര്‍. എന്നാല്‍ പലയിടത്തും പിഴച്ചുപോകുന്ന ഒരു മനുഷ്യന്‍. അതിലുമുപരി മകളുടെ മുന്നില്‍ തോറ്റുപോകുന്ന നിസ്സഹായന്‍. ഒരു പെണ്‍പിടിയന്‍, എന്നാല്‍ പെണ്ണുങ്ങളെ ഒട്ടും അറിയാത്തയാള്‍.
എഴുത്തിന്റെ ഭംഗി നോക്കുക.

It surprises him that ninety minutes a week of a woman's company are enough to make him happy, who used to think he needed a wife, a home, a marriage. His needs turn out to be quite light, after all, light and fleeting, like those of a butterfly. No emotion, or none but the deepest, the most unguessed-at: a ground bass of contentedness, like the hum of traffic that lulls the city-dweller to sleep, or like the silence of the night to countryfolk. 
 
യൂണിവേസിറ്റിയിലെ വിചാരണയ്ക്ക് ശേഷം മെലനി എന്ന പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ നടപടി ഉണ്ടാകുന്ന ഭാഗത്ത്. അവള്‍ കൊടുത്ത രേഖയുടെ താഴെ അവളുടെ ഒപ്പ് കാണുമ്പോള്‍ കൂറ്റ്സെ.

The deed is done. Two names on the page, his and hers, side by side. Two in a bed, lovers no longer but foes.

അതിനുശേഷം ലൂറി ഒരു ആശ്വാസം തേടി തന്റെ പൂര്‍വഭാര്യയുമായി ഭക്ഷണം കഴിക്കുന്നു. അവിടെ അവരെ വര്‍ണിക്കുന്നതിങ്ങനെ.

He has dinner with his ex-wife Rosalind. They have been apart for eight years; slowly, warily, they are growing to be friends again, of a sort. War veterans. It reassures him that Rosalind still lives nearby: perhaps she feels the same way about him. Someone to count on when the worst arrives: the fall in the bathroom, the blood in the stool.

പിന്നീട് ബെവ് ഷാ യെപ്പറ്റി ലൂറിയുടെ മകള്‍ ലൂസി സംസാരിക്കുമ്പോള്‍ അയാള്‍ക്ക് അരിശം വരുന്നു. ബെവ് ഷാ മൃഗങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അയാള്‍ തുടക്കത്തില്‍ ഒരു വിലയും കല്പിക്കുന്നില്ല. ഇവിടെ എനിക്ക് വിയോജിപ്പുള്ള ഒരു കാര്യം ലൂറി പറയുന്നുണ്ട്. പക്ഷെ ലൂറിയുടെ കഥാപാത്രത്തിനെ വച്ച് നോക്കുമ്പോള്‍ അത് സ്വാഭാവികമാണ്. ഇയാള്‍ ഒരു പീഡോഫൈലാണ്. ഇങ്ങനെയേ സംസാരിക്കാന്‍ പറ്റു. ബലാല്‍സംഗം ഇങ്ങനെ സാമട്ടില്‍ ഉപമിക്കാന്‍ ഇയാള്‍ക്ക് കഴിയും. എഴുതിയിരിക്കുന്നതിങ്ങനെ.

It's admirable, what you do, what she does, but to me animal-welfare people are a bit like Christians of a certain kind. Everyone is so cheerful and well-intentioned that after a while you itch to go off and do some raping and pillaging. Or to kick a cat.

കൂറ്റ്സെ അധ്യായങ്ങള്‍ അവസാനിപ്പിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്. വികാരവിക്ഷോഭമൊന്നുമില്ല. മെല്ലെ പറഞ്ഞില്ലെന്ന മട്ടില്‍ പറഞ്ഞവസാനിപ്പിക്കുന്നു. പതിനൊന്നാം അധ്യായം: ലൂസിയെ അവര്‍ ബലാല്‍സംഗം ചെയ്ത് കഴിഞ്ഞിരിക്കുന്നു.

'My child, my child!' he says, holding out his arms to her. When she does not come, he puts aside his blanket, stands up, and take her in his arms. In his embrace she is stiff as a pole, yielding nothing.

അടുത്ത അധ്യായത്തില്‍ ലൂസി തിരിച്ചുപോകാനുള്ള അച്ഛന്റെ ഉപദേശം നിരസിച്ചതിന് ശേഷം കൂറ്റ്സെ ഇങ്ങനെ അവസാനിപ്പിക്കുന്നു.

Sitting up in her borrowed nightdress, she confronts him, neck stiff, eyes glittering. Not her father's little girl, not any longer.

പിന്നെയും ലൂറി ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ അടുത്ത അധ്യായം ഇങ്ങനെ അവസാനിക്കുന്നു

He wants to respond, but she cuts him short. 'David, we agreed. I don't want to go on with this conversation.'
Never yet have they been so far and so bitterly apart. He is shaken.

ചില സംഗതികള്‍ വിവരിച്ചിരിക്കുന്ന രീതി കൂറ്റ്സെയുടെ മുഖമുദ്രയാണെന്ന് തോന്നിച്ചു, അദ്ദേഹത്തിന്റെ വേറെയൊന്നും വായിച്ചിട്ടില്ലെങ്കിലും. ഏതായാലും നോവലിലുടനീളം ഈ രീതിയിലാണ് വിവരണങ്ങള്‍.

ബലാല്‍സംഗത്തിന് ശേഷമുള്ള ഭീകരാവസ്ഥയില്‍ ലൂസിക്കൊപ്പം അവളുടെ അച്ഛനായി ലൂറി. 

What is he doing? He is watching over his little girl, guarding her from him, warding him off the bad spirits. After a long while he feels her begin to relax. A soft pop as her lips separate, and the gentlest of snores.

അവിടുത്തെ പോലീസുദ്യോഗസ്ഥര്‍ കുറ്റമന്വേഷിക്കാനും തെളിവെടുക്കാനും ലൂസിയുടെ വീട്ടില്‍ വരുന്നു. ഈ അന്വേഷണം കാരണം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന സൂചനകള്‍ നമുക്ക് നേരത്തെ കിട്ടിയിട്ടുണ്ട്. ലൂസി ബലാല്‍സംഗത്തിനെതിരെ പരാതി കൊടുക്കാന്‍ നേരത്തെ വിസമ്മതിച്ചിരുന്നു. എന്നാലെല്ലാവര്‍ക്കും അത് സംഭവിച്ചിരിക്കുന്നു എന്നറിയുകയും ചെയ്യാം. അതിനിടയില്‍ കൂറ്റ്സെ

In Lucy's room the double bed is stripped bare. The scene of the crime, he thinks to himsel; and, as if reading the thought the policemen avert their eyes, pass on.
A quiet house on a winter morning, no more, no less. 

ബലാല്‍‍സംഗത്തിനല്ല മോഷണത്തിന് മാത്രമാണ് അവരെ തിരയുന്നതെന്ന് പ്രതികള്‍ മനസ്സിലാക്കുമ്പോള്‍ ലൂറി ചിന്തിക്കുന്നതായി കൂറ്റ്സെ പറയുന്നു:

It will dawn on them that over the body of the woman silence is being drawn like a blanket. Too ashamed, they will say to each other, too ashamed to tell, and they will chuckle luxuriously, recollecting their exploit.

English ഭാഷ സൌത് ആഫ്രിക്കക്കാര്‍ക്ക് അന്യമാണ്. വെള്ളക്കാരോടും അവരുടെ ഭാഷയോടും പൊതുവായൊരു സമീപനമാണ് അവിടുത്തുകാര്‍ക്ക്, കൂറ്റ്സെ പറയുന്നു,

More and more he is convinced that English is an unfit medium for the truth of South Africa. Stretches of English code whole sentences long have thickened, lost their articulations, their articulateness, their articulatedness. Like a dinosaur expiring and settling in the mud, the language has stiffened.

ലൂറി കമ്യൂണിക്കേഷന്‍ പഠിപ്പിച്ചിരുന്നയാളായതുകൊണ്ട് ഭാഷയുമായി ബന്ധപ്പെട്ട കളികള്‍ പുസ്തകത്തിലുടനീളമുണ്ട്. തനിക്ക് എന്താണ് സംഭവിച്ചത് എന്നതിന്റെ ഒരു ചുരുക്കം ലൂസി പറഞ്ഞതിനുശേഷം ബലാല്‍സംഗകരെക്കുറിച്ച് ലൂറി ആലോചിക്കുന്ന ഭാഗം.

He thinks of the three visitors driving away in the not too old Toyota, the back seat piled with household goods, their penises, their weapons, tucked warm and satisfied between their legs- purring is the word that comes to him. 

ബൈറന്റെ കാമപ്രേമ സാഹസങ്ങളെക്കുറിച്ച് ലൂറി എഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കൃതിയില്‍. തെരേസ എന്ന ബൈറന്റെ വെപ്പാട്ടിയെക്കുറിച്ചാകുന്നു എഴുത്ത് അവസാനം. 

My love, sings Teresa, swelling out the fat English monosyllable she learned in the poet's bed.

പിന്നീട് മെലനിയുടെ അച്ഛനെ കാണാന്‍ ലൂറി പോകുന്നു. അയാള്‍ക്ക് പതുക്കെ ജീവിതം കൈവിട്ട് പോകുകയാണ്. അതുമായി പൊരുത്തപ്പെടാന്‍ ചെയ്യുന്ന കുറെ കാര്യങ്ങളിലൊന്നാണിത്. അതിശയിപ്പിക്കുംവിധം മെലനിയുടെ അച്ഛന്‍ അയാളെ വീട്ടില്‍ അത്താഴത്തിന് ക്ഷണിക്കുന്നു. അരോചകമായ പല സംഭാഷണങ്ങളും അവിടെ നടക്കുന്നു. ആ അധ്യായം വളരെ ശക്തമായ ഒന്നാണ്. നാടകീയം, എന്നാല്‍ കൂറ്റ്സെയുടെ രീതിയില്‍. ഈ ഭാഗം മെലനിയുയെ അച്ഛനെ അയാള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ ലൂററി പോയി കാണുന്നിടത്താണ്. താനും അയാളുടെ മകളുമായി നടന്നതെന്തെന്ന് പറയാന്‍ വിഫലമായി ശ്രമിക്കുന്ന ലൂറി.

A sudden little adventure. Men of a certain kind. Does the man behind the desk have adventures? the more he sees of him the more he doubts it. He would not be surprised if Isaacs were something in the church, a deacon or a server, whatever a server is.

പിന്നീട് അവരുടെ വീട്ടില്‍ മെലനിയുടെ അമ്മയെയും അനിയത്തിയെയും നേരിടേണ്ടതായി വരുന്നു ലൂറിക്ക്. മിസ്സിസ് ഐസക്സിനെപ്പറ്റി.

Her features remain stiff, she avoids his eye, but she does give the slightest of nods. Obedient; a good wife and helpmeet. And ye shall be as one flesh. Will the daughters take after her? 

തിരിച്ച് വീട്ടില്‍ പോയതിനുശേഷം ലൂറി വീണ്ടും പൂര്‍വഭാര്യയായ റോസലിന്റിനെ കാണുന്നു. അവിടെ എന്നത്തെയും പോലെ അസുഖകരമായ ഒരു സംഭാഷണം നടക്കുന്നു.

'Lucy and I still get on well,' he replies. 'But not well enough to live together.'
'The story of your life.'
'The story of your life.'
'Yes.'
There is silence while they contemplate, from their respective angles, the story of his life.

അവസാന ഭാഗത്ത് ലൂറി ഒരു പട്ടിയെ സ്നേഹിക്കാന്‍ തുടങ്ങുന്നു. അതിനെ അവസാനം ബെവ് ഷാ കൊല്ലും എന്നറിയാമെങ്കിലും അത് അയാള്‍ ചെയ്യുന്നു. അത് ഒരു മുടന്തന്‍ പട്ടിയാണ്. അതിന്റെ ദയാവധത്തിലാണ് നോവല്‍ അവസാനിക്കുന്നതും. ആ പട്ടിയെപ്പറ്റി ലൂറി ആലോചിക്കുകയാണ്.

What the dog will not be able to work out (
not in a month of Sundays! he thinks), what his nose will not tell him, is how one can enter what seems to be an ordinary room and never come out again.

ഒരു മെലിഞ്ഞ പുസ്തകത്തിനുള്ളില്‍ കൂറ്റ്സെ പറഞ്ഞുവെച്ചിരിക്കുന്ന കാര്യങ്ങള്‍ കുറെയാണ്. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. അല്‍ഭുതപ്പെട്ടുപോയി ഞാന്‍. പുസ്തകത്തോട് എനിക്കുള്ള പ്രധാന പ്രശ്നം അതിന്റെ കഥാതന്തുവാണ്. ഡേവിഡ് ലൂറിയിലൂടെയാണ് കഥ പറയുന്നത്. കഥാകാരന്റെ കഴിവു കാരണം നോവലിസ്റ്റിന്റെ ഇടപെടല്‍ ഇതില്‍ തെല്ലുമില്ലെന്ന് വായനക്കാര്‍ക്ക് തോന്നുന്നു. എന്നാല്‍ അത് ഒരു കാരണവശാലും ശരിയല്ല. ഈ കഥ പറയുന്നതിലൂടെ, ഈ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിലരൂടെ ലൂറിയിലൂടെ കൂറ്റ്സെയും വായനക്കാര്‍ക്ക് വെളിവാകുന്നു. അങ്ങനെയിരിക്കെ എഴുത്തുകാരന് കറുത്തവര്‍ഗക്കാരോടും ബലാല്‍സംഗത്തോടും സ്വവര്‍ഗാനുരാഗത്തോടുമൊക്കെയുള്ള കാഴ്ചപ്പാടുകള്‍ പ്രശ്നമുള്ളതാണെന്ന് എനിക്ക് തോന്നി. 
ആദ്യം തന്നെ മെലനി ഐസക്സിന് സംഭവിക്കുന്നത്. ഇത് പണ്ട് മുതലുള്ള ഒരു വാദമാണ്, ലൈംഗികതൃഷ്ണ ഒരു പാപമല്ല, അതിനാല്‍ ഇരുകൂട്ടര്‍ക്കും സമ്മതമുള്ള ലൈംഗികതയെ പെണ്ണിന്റെ പ്രായം മാത്രം കണക്കാക്കി കുറ്റകരമായി കാണേണ്ടതില്ല എന്ന്. ഈ വാദത്തോട് ഞാന്‍ യോജിക്കുന്നില്ല. ഇതിനെപ്പറ്റിയുള്ള എഴുത്തുകളില്‍ എനിക്കേറ്റവും അര്‍ഥവത്തായിത്തോന്നിയ ഒന്ന് ഇവിടെ. അതിന്റെ കാമ്പും എന്റെ കാഴ്ചപ്പാടും ഇതാണ്.  

വളരെ പ്രായം ചെന്ന മനുഷ്യരുമായി ലൈംഗികവേഴ്ചയ്ക്ക് സമ്മതം മൂളാന്‍ എല്ലാ കൌമാരക്കാരികള്‍ക്കും സാധ്യമാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും അതിനുള്ള മാനസികമോ വൈകാരികമോ ആയ പക്വത ഇല്ല. വളരെ വൈകിയാണ് അവരെല്ലാം ബാലപീഡകരാണെന്ന് ഈ പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നത്. തങ്ങള്‍ തന്നെ ശ്രദ്ധ ക്ഷണിച്ചതിനാല്‍ നടക്കുന്നതായതുകൊണ്ട് അതിന് പൂര്‍ണ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കുന്നു. ഒരു കൌമാരക്കാരിയും തനിക്ക് സമ്മതത്തിനുള്ള പക്വതയില്ലെന്ന് കരുതുന്നില്ല. അവര്‍ മുതിര്‍ന്നവരാണെന്നവര്‍ വിചാരിക്കുന്നു. എന്നാല്‍ സത്യത്തില്‍ അവര്‍ കുട്ടികളും കുട്ടികള്‍ മാത്രവുമാണ്. 

 അതുകൊണ്ടുതന്നെ മെലനി ഐസക്സ് സംഭവം ലൂറിയുടെ ലൈംഗികവാഞ്ഛയുടെ സ്വാഭാവികമായ പൂര്‍ത്തീകരണമായി എനിക്ക് കാണാന്‍ കഴിയില്ല. 

മെലനിയുടെ കൂടെക്കിടക്കാന്‍ ലൂറി പറയുന്ന കാര്യങ്ങള്‍ നോക്കുക. 

'You're very lovely,' he says, 'I'm going to invite you to do something reckless.; He touches her again. 'Stay. Spend the night with me.'
Across the rim of the cup she regards him steadily. 'Why?'
'Because you ought to.'
'Why ought I to?'
'Why? Because a woman's beauty doesn not belong to her alone. It is part of the bounty she brings into the world. She has a duty to share it.'

ഇവിടെയൊക്കെയാണ് എനിക്ക് പ്രശ്നം. പക്ഷെ എഴുത്ത് വിദഗ്ദ്ധമാണെന്ന് സമ്മതിക്കാതിരിക്കാന്‍ വയ്യ.

PS പുസ്തകം സിനിമയുമായിട്ടുണ്ട്. കണ്ടിട്ടില്ല. കാണാനുദ്ദേശിക്കുന്നില്ല. എന്നെങ്കിലും കാണുകയാണെങ്കില്‍ ഇവിടെ സിനിമാവിശേഷം അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. 

അടുത്തത്: Life and Times of Michael K, J M Coetzee

Saturday 12 October 2013

കോഴിക്കോട്ടെ ഒരു താവളം



കോഴിക്കോട് പബ്ലിക് ലൈബ്രറിക്ക് താഴെയുള്ള പഴയ പുസ്തകക്കടയാണിത്. പുതിയ പുസ്തകങ്ങളും ചിലത് കിട്ടും. ആ വഴിക്ക് നടക്കുമ്പഴൊക്കെയും പുസ്തകം വാങ്ങാനാണെങ്കിലും അല്ലെങ്കിലും ഇവിടെ കേറും ഞാന്‍. പതിനൊന്നിലൊറ്റം പഠിക്കുമ്പഴാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. അന്നുതൊട്ട് കുറെയധികം പുസ്തകങ്ങള്‍ വാങ്ങി ഇവിടുന്ന്. ആദ്യ കാല്‍വിന്‍ ആന്റ് ഹോബ്സ് വരെ ഇവിടുന്നാണ്. വായനയിലെ വഴിത്തിരിവുകള്‍ പലതുമുണ്ടായ ആ കാലഘട്ടത്തില്‍ കുട്ടികളുടെ പുസ്തകങ്ങള്‍ വായിച്ച് ഭാഷ നന്നാക്കാന്‍ ഈ പുസ്തകശാല ഒരുപാട് സഹായിച്ചിരുന്നു. സ്നേഹം മൂത്ത് അവസാനം അവിടെ ജോലി ചെയ്യാനൊരവസരം വരെ ചോദിച്ചു നടത്തിപ്പുകാരനോട്. അങ്ങേര് സ്നേഹപൂര്‍വം അറിയിക്കാമെന്ന് പറഞ്ഞ് വിട്ടു. പല സൌഹൃദങ്ങളും പ്രണയങ്ങളും ഇവിടെ വച്ചുണ്ടായിട്ടുണ്ട്. പല സമ്മാനങ്ങളും ഇവിടെനിന്ന് വാങ്ങിയവയാണ്. 
ഇന്ന് കയറിയപ്പോള്‍ എന്‍ എസ് മാധവന്റെ തിരുത്തും Winnie the Pooh വിന്റെ ഒരു illustrated പുസ്തകവും വാങ്ങി. ഇങ്ങനെയൊക്കെയാണ് കോഴിക്കോട്ട് പൈസ പോകുന്ന വിധം.


Sunday 24 March 2013

ബുക്കറിലൂടെ 6:Life of Pi Yann Martel: പുസ്തകവും സിനിമയും




പുസ്തകം വായിച്ച് കഴിഞ്ഞ് കുറെയായി. സിനിമ ഇന്നലെ കണ്ടേയുള്ളു. അതുംകൂടെ കഴിഞ്ഞ് എഴുതാമെന്ന് വെച്ചിരുന്നതാണ്. മലയാളത്തില്‍ അതിനെ മടി എന്നും വിളിക്കും.
ഒറ്റ വാചകത്തില്‍പ്പറഞ്ഞാല്‍ എനിക്ക് പുസ്തകവും ഇഷ്ടായില്ല സിനിമേം ഇഷ്ടായില്ല. രണ്ടിനും രണ്ട് കാരണങ്ങളാണെങ്കിലും.
ലൈഫ് ഓഫ് പൈ എന്ന യാന്‍ മാര്‍ട്ടലിന്റെ നോവല്‍ ബുക്കര്‍ പ്രൈസ് മെറ്റീരിയലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പൈ എന്ന് ചുരുക്കപ്പേരുള്ള പിസീന്‍ പട്ടേല്‍ എന്ന യുവാവ് നടുക്കടലില്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന് പേരുള്ള ഒരു ബംഗാള്‍ കടുവയോടൊപ്പം അകപ്പെടുന്നതാണ് കഥ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടം എന്ന പഴയ പ്ലോട്ട്. അതിലവസാനം മനുഷ്യന്‍ ജയിക്കുന്നു. കടുവ തിന്നാതെയും കടലെടുക്കാതെയും പൈ അതിജീവിക്കുന്നു. പൈയുടെ കഥ അമാനുഷികമായതുകൊണ്ടുതന്നെ അതില്‍ ദൈവത്തിന്റെ കൈയ്യൊപ്പുണ്ടെന്നും അതിനാല്‍ അത് ദൈവം ഉണ്ട് എന്നതിന് സാക്ഷ്യം വഹിക്കുന്നുവെന്നും കഥാകാരന്‍ വിശ്വസിക്കുന്നു. ഇവിടെയാണ് എന്റെ പ്രധാന വിയോജിപ്പ്.
കഥ വായിച്ചുകഴിഞ്ഞ് വായനക്കാര്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എല്ലാ പുസ്തകങ്ങളും ഇത്തരത്തില്‍ വായനക്കാരെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിക്കുന്നവയുമാണ്. പക്ഷെ വായനക്കാര്‍ ഇതിനവസാനം എന്ത് ചെയ്യണം, എന്തായിത്തീരണം എന്ന് വിവരിക്കുന്ന ഒരു user manual ഓടുകൂടെ വരുന്ന പുസ്തകങ്ങള്‍ അവരുടെ ചിന്താസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈഫ് ഓഫ് പൈ തുടങ്ങുന്നത് നോവലെഴുതുന്നതിനുപിന്നിലുള്ള ചരിത്രം വിവരിക്കുന്ന കുറിപ്പോടെയാണ്. അത് നോവലിന്റെ തന്നെ ഭാഗമാണോ അതോ യഥാര്‍ഥത്തിലുള്ളതാണോ എന്നത് ambiguous ആയും ആ ambiguity മനപൂര്‍വമായും എനിക്ക് തോന്നി. നോവലിനുള്ള കഥയന്വേഷിച്ച് നടന്ന കഥാകാരന്‍ പോണ്ടിച്ചേരിയിലെത്തുന്നു. അവിടെവെച്ച് ഒരാള്‍ പൈയുടെ കഥയെപ്പറ്റിപ്പറയന്നു. ഈ കഥ പ്രത്യേകതയര്‍ഹിക്കുന്നത് അത് ഒരാളെ ദൈവത്തില്‍ വിശ്വാസമുള്ളവരാക്കിത്തീര്‍ക്കും എന്നുള്ളതുകൊണ്ടാണെന്നും പറയുന്നു. അക്കഥയാണ് ലൈഫ് ഓഫ് പൈ. ഇങ്ങനെ ഒരാമുഖത്തോടെ തുടങ്ങുന്നത് വളരെ amateur ആയ രീതിയായി എനിക്ക് തോന്നി. കഥ വായിച്ചുകഴിഞ്ഞേതായാലും എനിക്ക് വിശ്വാസമൊന്നും വന്നില്ലെന്ന് വേറെ പറയണ്ടല്ലോ. അല്ലെങ്കിലും നിരീശ്വരവാദികള്‍ ദൈവത്തില്‍ വിശ്വാസമില്ലാത്തവരല്ല, ദൈവമില്ല എന്നറിയാവുന്നവരാണ് എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ദൈവമില്ല എന്നറിയാവുന്ന ആളാണ്. ഉള്ള ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളല്ല.
അത് പോട്ടെ. ഇതൊക്കെക്കഴിഞ്ഞ് യാന്‍ മാര്‍ട്ടെലിന്റെ സെക്യുലറിസത്തിന്റെ കാഴ്ചപ്പാടിലേയ്ക്ക് വാരുമ്പോള്‍ ഇതിലും തമാശയാണ്. കുട്ടികളാവുമ്പൊ നമ്മളെ പഠിപ്പിക്കാറുണ്ടല്ലോ, ഒരു ദൈവമേയുള്ളു ആ ദൈവത്തിനെ പല പേരില്‍ വിളിക്കുന്നതാണ് യേശു, കൃഷ്ണന്‍ അള്ളാഹു എന്നൊക്കെ. അത്തരത്തിലാണ് എഴുത്തുകാരനും ചിന്തിച്ചുവെച്ചിരിക്കുന്നത്. ബാലിശം. പൈയെ ഒരു സെക്യുലര്‍ കുട്ടിയാക്കാന്‍ കഥാകൃത്ത് അവനെക്കൊണ്ട് ഈ മൂന്ന് ദൈവങ്ങളെയും ആരാധിപ്പിക്കുന്നു. അതിനു പുറകെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ മൂന്ന് മതാചാര്യരും തമ്മില്‍ വഴക്കിടുന്നു എന്നതാണ്. ഇവിടെ മതത്തിന്റെയും ജാതിയുടെയും പേരില്‍ കൊല നടക്കുന്ന ഒരു രാജ്യത്തിനെപ്പറ്റിയാണ് ഇത്തരത്തിലെഴുതിവെച്ചിരിക്കുന്നത്. ഇതിനെ അറിവില്ലായ്മ എന്നല്ല പറയുക. പഠനത്തിന്റെ കുറവാണ്. ഈ നാടിനെപ്പറ്റി കുറെയധികം പഠിച്ചേ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളു. നാളെ മോഡി ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ഇവിടൊരാളിത് വായിക്കുമ്പോള്‍ എന്ത് കോപ്പാണിത് എന്ന് തോന്നും. എനിക്കിപ്പഴേ തോന്നുന്നുണ്ട്.
പുസ്തകത്തിലെനിക്കിഷ്ടപ്പെട്ട കാര്യം ജന്തുക്കളെക്കുറിച്ചുള്ള അറിവുകളാണ്. (അതൊക്കെ സത്യമാണെങ്കില്‍) അത് വായിക്കുക കൌതുകകരമായിരുന്നു.
വേറൊരു രസകരമായ സംഗതി പൈ സമുദ്രമധ്യേ മാംസഭുക്കാകുന്നതാണ്. പട്ടര് കുട്ടിയായി തൈരൊക്കെക്കഴിച്ച് മാംസാഹാരത്തോട് സ്വതവേയുള്ള പുഞ്ഞത്തില്‍ നടന്ന ചെക്കന്‍ ഒന്നും തിന്നാനില്ലാതെ വന്നപ്പോളതൊക്കെക്കളഞ്ഞ് മീനൊക്കെ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നത്. ഇതിന്റെ അര്‍ഥതലങ്ങളൊന്നും ആലോചിക്കാതെയാണ് മാര്‍ട്ടലിതെഴുതിയിരിക്കുന്നത് എന്ന് തോന്നുന്നു. ബ്രാഹ്മണനെക്കൊണ്ട് മീന്‍ തീറ്റിച്ചാലിവിടെ ശിക്ഷ പലവിധമാണല്ലോ. മനുഷ്യന്‍ പ്രകൃതിയാലെ omnivorous ആണെന്നതിലാര്‍ക്കും സംശയമില്ലെന്ന് വിചാരിക്കട്ടെ. ജനിച്ചുവീണ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സസ്യാഹാരം മാത്രം തിന്നുന്ന ചിലര്‍. അല്ലെങ്കില്‍ ജന്തുക്കളെ കൊല്ലുന്നതിനോടുള്ള എതിര്‍പ്പ് കാരണം. ഇവിടെ പൊതുധാരണയ്ക്ക് വിപരീതമായി മാംസഭുക്കുകളായ മനുഷ്യരല്ല മറിച്ച് സസ്യഭുക്കുകളാണ് aberration എന്ന് മനസ്സിലാക്കണം. ഇവിടെ അതൊക്കെപ്പറഞ്ഞാലടിപൊട്ടും എന്നറിയാത്തതുകൊണ്ട് പൈ മീന്‍ തിന്നു. സിനിമയിലിത് ഒഴിവാക്കിയിട്ടുണ്ട് കേട്ടോ. പുസ്തകത്തില്‍ ആമയുടെ ചോര കുടിച്ച് കൊണ്ട് തുടങ്ങുന്ന മാംസഭുക്കിസം പിന്നെ വിവിധ മല്‍സ്യങ്ങളുടെ ഇറച്ചിയെപ്പറ്റിയുള്ള നീണ്ട വിവരണങ്ങളിലേയ്ക്ക് പോകുന്നുണ്ട്. താന്‍ കഴിച്ചിട്ടുള്ള ഒരു പായസത്തിനും ആ രുചിയെ വെല്ലാന്‍ പറ്റില്ലെന്ന് പൈ പറയുന്നുമുണ്ട്. പൈ പുസ്തകത്തിലായത് പൈയ്ക്ക് കൊള്ളാം.
രണ്ട് അവസാനങ്ങളുണ്ട് പുസ്തകത്തിന്. ഒന്ന് കഥ തന്നെ. പിന്നെ കടുവയുമായി രക്ഷപ്പെട്ട കുട്ടിയുടെ കഥ ആരും വിശ്വസിക്കാഞ്ഞപ്പോള്‍ പറയുന്ന കൂടുതല്‍ വിശ്വസനീയമായ ഒരു കൂതറ/പൊട്ടക്കഥ. അവിടെ വീണ്ടും കഥാകൃത്തിന് ആദ്യം പറഞ്ഞ ദൈവവിശ്വാസം ഉണ്ടാക്കിയെടുക്കാനുള്ള പെടാപ്പാട് കാണാം. നല്ല കഥയാണ് വായനക്കാര്‍ക്കിഷ്ടം എന്ന് വരുമ്പോള്‍ അത് ദൈവമുണ്ട് എന്ന് വിശ്വസിക്കലാകുന്നു. പൊട്ടക്കഥ ഇഷ്ടമാവുകയാണെങ്കില്‍ വിശ്വാസമില്ലാത്തവര്‍ പൊട്ടന്മാരാകുന്നു. എങ്ങനേണ്ട്.
ഇനി സിനിമ. എന്ത് സിനിമ. പുസ്തകം സിനിമയാക്കുമ്പോള്‍ അത് അതേ പടി എടുത്തുവയ്ക്കലാണോ? അതിന് സിനിമയെന്തിനാണ്? പുസ്തകം വായിക്കുമ്പോള്‍ വായന ഇഷ്ടമുള്ളവര്‍ക്കും അല്ലാത്ത ഒരുമാതിരിപ്പെട്ട എല്ലാവര്‍ക്കും അതൊക്കെ മനസ്സില്‍ കാണാന്‍ പറ്റും. സിനിമ എന്നത് വെറുതെ ചിത്രത്തിലാക്കിവയ്ക്കലല്ലല്ലോ. ഈ ഓസ്കാറ് കിട്ടാന്‍ പോകുന്ന സിനിമകള്‍ കാണുമ്പഴേ നമുക്കറിയാന്‍ പറ്റുമല്ലോ അതിന് കിട്ടും എന്ന്. അതുതന്നെ. ( ഈ കേസില്‍ പുസ്തകം സിനിമയാക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പഴേ അറിയാമായിരുന്നു കിട്ടുമെന്ന്. ഒരു ഓസ്കാര്‍ നീക്കം) അത്രമാത്രമേ സിനിമയുമുള്ളു. ഒരു ഓസ്കാര്‍ ചിത്രം. ഛായാഗ്രഹണത്തിന് ഈ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടിയതിനെപ്പറ്റി Christopher Doyle പറയുന്നത് ഇവിടെ വായിക്കാം. അതൊക്കെത്തന്ന്യേ എനിക്ക് സിനിമയെപ്പറ്റി പൊതുവെ പറയാനുള്ളു.
യാന്‍ മാര്‍ട്ടലിന്റെ വേറെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. വായിക്കാനിനി ആഗ്രഹവുമില്ല.
ഏതായാലും ബുക്കര്‍ പട്ടികയില്‍പ്പെടുത്താതെ വായിച്ചു തള്ളാനെന്ന നിലയ്ക്ക് ഇതൊരു നല്ല പുസ്തകമാണ്. സത്യത്തില്‍ അതിലും കൂടുതല്‍. വല്യ പ്രയാസമൊന്നുമില്ലാത്ത ഭാഷ. ഒഴുക്കുമുണ്ട്. അത്യാവശ്യത്തിന് നര്‍മവും. ഇത് മാത്രം കൊണ്ടായില്ല. അത്രേ ഉള്ളു

അടുത്തത്: J M Coetzee, Disgrace 

Tuesday 19 March 2013

SRFTI: റാഗിംഗ്;സംഭവിച്ചതെന്തെന്നാല്‍

സംഭവം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞെങ്കിലും എഴുതേണ്ട സംഗതികള്‍ എഴുതപ്പെടാതെ പോകരുതല്ലോ. മാത്രവുമല്ല മൂന്ന് മാസം മുന്നെ നടന്ന കാര്യങ്ങള്‍ കാരണം ഇപ്പഴും ചിലര്‍ (ചിലര്‍ എന്ന് പറയുമ്പോള്‍, ഞാന്‍) അനുഭവിക്കുന്നുമുണ്ടല്ലോ. അതിനാല്‍ നടന്ന കാര്യങ്ങള്‍ എന്ത് എന്നും എന്തുകൊണ്ട് എങ്ങനെ ഞാന്‍ സത്യജിത് റേ ചലച്ചിത്രക്കളരിയിലെ കറത്ത കുഞ്ഞാടായി എന്നും ഇവിടെ കുറിക്കുന്നു.
26 November 2012 നാണ് ക്ലാസ് തുടങ്ങുന്നത്. അന്ന് രാത്രി ഒരു സ്വാഗത പരിപാടിയും തുടര്‍ന്ന് രാത്രിഭക്ഷണവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കൈ കഴുകി തിരിച്ച് നടക്കുമ്പോള്‍ ആരോ എന്നെ വിളിച്ചു. ശബ്ദത്തിന്റെ ഉറവിടസ്ഥാനമായ ഇരുട്ട് Open Air Theatre ആണെന്ന് പിന്നീട് മനസ്സിലായി. ഏതായാലും അവിടെ കുറെ സീനിയേസ് കള്ളും കഞ്ചാവുമായിരിക്കുന്നുണ്ടായിരുന്നു. ഇവിടെ ചെന്നതും പൊതുവെ റാഗിംഗ് എന്നറിയപ്പെടുന്ന കടുത്ത മനുഷ്യാവകാശലംഘനമെന്ന് ഞാന്‍ വിശ്വസിക്കുന്നതുമായ പരിപാടി തുടങ്ങി. റാഗിംഗ് പരിചയമുള്ളവര്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന രീതിയിലൊക്കെത്തന്നെ അത് പുരോഗമിച്ചു. പരിചയമില്ലാത്തവര്‍ക്കായി, ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുക, അഭ്യാസങ്ങള്‍ ചെയ്യിപ്പിക്കുക, ഇടതടവില്ലാതെ തെറി വിളിച്ചുകൊണ്ടിരിക്കുക, തല്ലും, കൊല്ലും എന്നൊക്കെ ഭീഷണിപ്പെടുത്തുക എന്നിവ. അപ്പോള്‍ ഞാന്‍ അമ്മയുടെ കൂടെ ഗസ്റ്റ് ഹൌസിലാണ് താമസിച്ചിരുന്നത് എന്നതുകൊണ്ട് ഒരു മണിക്കൂറിനുശേഷം അവര്‍ 'ഹോസ്റ്റലിലേയ്ക്ക് നടക്കൂ' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ ഗസ്റ്റ് ഹൌസില്‍ പോയി കിടന്നുറങ്ങി. ഞാന്‍ കരുതിയത് ഹോസ്റ്റലെന്നാല്‍ എവിടെയാണോ താമസിക്കുന്നത്, അവിടം എന്നാണെന്നാണ്. പക്ഷെ പിന്നീട് മനസ്സിലായി ഹോസ്റ്റലിന്റെ ടെറസ്സിലാണ് വിശ്വവിഖ്യാതമായ റാഗിംഗ് പരിപാടി നേരം പുലരുവോളം നടക്കുന്നതെന്ന്.

പിറ്റേ ദിവസം ഞങ്ങളുടെ മുറിയില്‍ (അപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരാണ് അവിടെ താമസിച്ചിരുന്നത്. ആറ് പേര്‍ക്കുള്ള മുറിയാണത്.) രണ്ട് ഡേ സ്കോളേസും താമസിക്കുന്നുണ്ടായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ റാഗിംഗില്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്ന് പറഞ്ഞതുകൊണ്ട് അവിടെ നില്‍ക്കുന്നതാണെന്ന് പറഞ്ഞു. എനിക്കിതെല്ലാം വളരെ വിചിത്രമായിത്തോന്നി. നിര്‍ഭാഗ്യവശാല്‍ എനിക്ക് മാത്രമാണ് അങ്ങനെ തോന്നുന്നുണ്ടായിരുന്നത്. ഏതായാലും ഞാനന്നും പോയില്ല. കുറെ നേരം കഴിഞ്ഞപ്പോള്‍ മലയാളികളായ രണ്ട് ബാച്ച്മേറ്റുകള്‍ വന്ന് പറഞ്ഞു അവരെന്നെ വിളിക്കുന്നുണ്ട്, ചെല്ലണമെന്ന്. പോകാനുദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ അവരിലൊരാളുടെ മട്ട് മാറി. 'ഞങ്ങള്‍ക്കൊക്കെ പോകാമെങ്കില്‍ നിനക്കെന്താണ്? എല്ലാവരും ചെല്ലുന്നതുവരെ അവരിത് തുടരും എന്നാണ് പറയുന്നത്, അതുകൊണ്ട് 'നീ കാരണം ഞങ്ങളനുഭവിക്കുകയാണ്' എന്നെല്ലാം പറഞ്ഞു. ഞാന്‍ പറഞ്ഞു, ഇത്രയ്ക്കും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെട്ടുകൂടേ? അപ്പോള്‍ തനിക്ക് അവിടെ തുടര്‍ന്നും പഠിക്കേണ്ടതാണെന്നും പരാതിപ്പെട്ടാല്‍ സീനിയേസ് അതിന് സമ്മതിക്കില്ലെന്നും പഠനം മാത്രമല്ല തുടര്‍ന്നുള്ള ജീവിതവും ദുര്‍ഘടമാക്കാനവര്‍ക്ക് കഴിയുമെന്നും ആ കുട്ടി പറഞ്ഞു. അവസാനം അഞ്ച് മിനുറ്റ് മുഖം കാണിച്ച് പോയാ മതി എന്ന് പറഞ്ഞ് അവരെന്നെയും കൂട്ടിക്കൊണ്ട് പോയി.

തണുപ്പാണ്. ചൂടിനേക്കാള്‍ തണുപ്പ് സഹിക്കുക എനിക്ക് പ്രയാസമാണ് എന്നതിനാലും അത്രയും തണുപ്പ് പരിചയമില്ലാത്തതിനാലും എനിക്കത് വല്ലാത്ത പ്രശ്നമായിരുന്നു. ഒരു ഘട്ടത്തില്‍ റാഗിംഗിനോടുള്ള എതിര്‍പ്പിനേക്കാള്‍ പണ്ടാരം ഈ തണുപ്പത്തന്നെ ഇവര്‍ക്കിത് ചെയ്യണോ എന്നായിരുന്നു ഞാനാലോചിച്ചിരുന്നത്. മട്ടുപ്പാവിലും തലേന്നത്തെ നടപടിക്രമം പുരോഗമിക്കുകയായിരുന്നു. അന്നേതായാലും എനിക്ക് ക്ഷമ നഷ്ടപ്പെട്ടു. സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയും മെസേജയക്കുകയും ചെയ്യുകയായിരുന്ന എന്നോട് ഫോണുപയോഗിക്കാന്‍ പാടില്ലെന്നും അത് സ്വിച് ഓഫ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ അവരിലൊരാള്‍ എന്റടുത്ത് നിന്ന് ഒരടിയില്‍ക്കുറവ് അകലത്തില്‍ നിന്ന് എന്താണ് ചെയ്താലെന്ന് ആക്രോശിച്ചു. അതിനുംശേഷം ആരൊക്കെയോ വന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ആവര്‍ത്തിച്ചുള്ള തെറിവിളിയും ഇതുമെല്ലാം കൂടെക്കുഴഞ്ഞ് എനിക്കൊന്നും കേള്‍ക്കാതാവുകയുംകൂടെയായി. അപ്പോഴേയ്ക്കും നല്ല തണുപ്പായിരുന്നു. സ്വെറ്ററൊക്കെയിട്ടിട്ടുണ്ടായിരുന്നെങ്കിലും പല്ല് കൂട്ടിയിടിച്ച് എനിക്ക് സംസാരിക്കാന്‍ വരെ പറ്റുന്നുണ്ടായിരുന്നില്ല.
ഞാനവിടെനിന്ന് ഇറങ്ങിപ്പോയി. പ്രശ്നങ്ങള്‍ തുടങ്ങി.

തിരിച്ച് റൂമിലെത്തിയതും ബാച്ച്മേറ്റുകള്‍ കൂട്ടമായും ഒറ്റയായും എന്നെ തിരിച്ച് വിളിക്കാന്‍ പ്രവഹിക്കാന്‍ തുടങ്ങി. ഞാന്‍ തിരിച്ചുവരാതെ അവരെയൊന്നും അവിടെനിന്ന് വിടാന്‍ പോകുന്നില്ലെന്ന് അറിയിച്ചതായി അവരെല്ലാം പറഞ്ഞു. ഉറങ്ങാമെന്ന് കരുതിയതായിരുന്നെങ്കിലും അഞ്ച് മിനുറ്റ് കൂടുമ്പോള്‍ ആളുകള്‍ വിളിക്കാന്‍ വരുന്നതിനാല്‍ അതിനു പറ്റുമായിരുന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ ഗതികെട്ട് ഞാന്‍ സുഹൃത്തിന്റെ സഹായത്തോടെ റെജിസ്റ്റ്രാറുടെ നമ്പര്‍ വാങ്ങി അങ്ങേരെ വിളിച്ച് പരാതിപ്പെട്ടു. Campus ില്‍ തന്നെ താമസിക്കുന്ന ഒരു പ്രൊഫസറെയും വിളിച്ച് സഹായിക്കാനഭ്യര്‍ഥിച്ചു. ഈ പ്രൊഫസര്‍ റാഗിംഗ് നടക്കുന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് റെജിസ്റ്റ്രാര്‍ പറഞ്ഞു. (അങ്ങിനെയൊന്നും നടന്നിട്ടില്ലെന്ന് പിന്നീട് മനസ്സിലായി). അന്ന് പുലര്‍ച്ച ഏഴ് മണിയോടടുത്താണ് റാഗിംഗ് അവസാനിച്ചതും എല്ലാവരും മുറിയില്‍ തിരിച്ചെത്തിയതും. ക്ലാസ്സില്‍ പോകണമെന്നുള്ളവര്‍ ഏഴേഴരയ്ക്ക് കിടന്നുറങ്ങി പത്ത് മണിക്കുള്ള ക്ലാസ്സിലെത്തിയാല്‍ മതി.

പിറ്റേന്നും ഞാന്‍ പോയില്ല. അന്ന് കുറച്ച് അധ്യാപകര്‍ എന്നോട് സംസാരിക്കുകയും എന്താണ് പ്രശ്നമെന്ന് ചോദിക്കുകയും ചെയ്തു. മദ്യപിച്ച് സംസാരിക്കുന്നതും തെറിവിളിയും മറ്റും അത് ചെയ്യുന്നത് സ്ഥാപനത്തിലെ സീനിയേസ് ആയതുകൊണ്ട് മാത്രം സഹിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് ഞാനറിയിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ അധ്യാപകരുടെ ഒരു കൂട്ടം രെജിസ്റ്റ്രാറോടൊപ്പം വരികയും ആര്‍ക്കൊക്കെ പ്രശ്നമുണ്ടെന്നാരായുകയും ചെയ്തു. അപ്പോള്‍ ക്ലാസ്സില്‍ ഭൂരിഭാഗവും അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞു. അന്ന് സ്ഥാപനത്തിന്റെ രെജിസ്റ്റ്രര്‍ ഞങ്ങള്‍ക്ക് തരികയും അതില്‍ റാഗിംഗ് ചെയ്തവരുടെ പേര് വിവരം കുറിച്ചെടുക്കേണ്ടവര്‍ക്ക് അത് ചെയ്യാമെന്ന് പറയുകയും ചെയ്തു. ഫോട്ടോയില്‍ നിന്ന് എനിക്കറിയാമായിരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. അഞ്ച് പേരുടെ പേരുകള്‍ ഞാന്‍ കുറിച്ചെടുക്കുകയും അവര്‍ തന്ന email id യിലേയ്ക്ക് അനൌപചാരികമായ ഒരു പരാതിയായി അയയ്ക്കുകയും ചെയ്തു.

പിറ്റേ ദിവസം എട്ട് പേരെ താല്‍ക്കാലികമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി അറിയച്ച് കൊണ്ട് നോട്ടിസ് വന്നു. അതോടെ എന്റെ കാര്യത്തിലേകദേശമൊരു തീരുമാനമായി. എന്റെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമീപിക്കാത്തവരായിപ്പിന്നെയാരുമില്ല. ക്ലാസ്സിലെ കുട്ടികള്‍ (നേരത്തെ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നവരും പെടും), നാട്ടിലുള്ള മലയാളികള്‍, അതുമല്ലാത്ത സീനിയേസ് തുടങ്ങി മുക്കാല്‍ കാംപസും പ്രത്യക്ഷമായും പരോക്ഷമായും എന്നോട് പരാതി പിന്‍വലിക്കാനാവശ്യപ്പെട്ടു. രണ്ട് സീനിയേസ് ഒരു ദിവസം പുലര്‍ച്ച നാല് മണി വരെയിരുന്ന് എനിക്ക് കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി ഒരു പ്രഭാഷണം തന്നു. Administration കുട്ടികള്‍ക്കെതിരാണെന്നും എന്നെയുപയോഗിച്ചുകൊണ്ട് അവര്‍ക്ക് നേരത്തെ സീനിയേസിനോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും ഞാനതിന് നിന്നുകൊടുക്കരുതെന്നും അവര്‍ ഉപദേശിച്ചു. അപ്പോഴേയ്ക്കും ക്ലാസ്സിലെ കുട്ടികളെല്ലാം റാഗിംഗേ നടന്നിട്ടില്ലെന്ന് പറഞ്ഞ് ഒപ്പിട്ടൊരു കടലാസ് കൊടുത്തിരുന്നു. അതില്‍ ഞാനും ഒപ്പിടാത്ത പക്ഷം പണ്ട് പഠിച്ചിറങ്ങിയവരും അവിടുള്ളവരുമെല്ലാവരും കൂടെച്ചേര്‍ന്ന് സമരത്തിനിറങ്ങുമെന്നും അങ്ങനെയുണ്ടായാല്‍ പഠനം സ്തംഭിക്കുമെന്നും അതുമൂലം ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷം നഷ്ടപ്പെടുമെന്നും അതിനൊക്കെ കാരണം ഞാനൊരൊറ്റയാളായിരിക്കുമെന്നും അവര്‍ അറിയിച്ചു. ഞാന്‍ ശരി എന്നു പറഞ്ഞു. അവര്‍ വേറൊന്ന് പറഞ്ഞത് Times of India യിലേയ്ക്ക് ഞാന്‍ വിളിച്ച് പറഞ്ഞ് ഒരു റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നും നാളെ അത് വരുന്നതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലാവുമെന്നുമാണ്. എന്റെ ചേച്ചി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് എന്നവര്‍ക്കറിയാം എന്നും സൂചിപ്പിച്ചു. (അത്തരത്തിലൊരു കാര്യവും ഞാനോ എന്റെ ചേച്ചിയോ ചെയ്തിരുന്നില്ല. ഹൈദരബാദിലിരുന്ന് കല്‍ക്കത്തയിലെ Times edition നിയന്ത്രിക്കാനുള്ള കഴിവ് ചേച്ചിക്കുള്ളതായി ഞാന്‍ സത്യമായും വിശ്വസിക്കുന്നുമില്ല).

പിറ്റേ ദിവസം അവര്‍ പറഞ്ഞപോലെ Times ില്‍ വാര്‍ത്ത വന്നു. അതില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത് കുറച്ച് കുഴപ്പം പിടിച്ച രീതിയിലാണെങ്കിലും (ലലിത പ്രസാദിനെ she എന്ന് വിളിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ തമാശ. നേരിട്ട് അന്വേഷിച്ചറിയാതെയുള്ള റിപ്പോര്‍ട്ടാണെന്ന് വ്യക്തം. കാരണം ലലിത പ്രസാദ് കല്ലൂരി ആണാണ്. :) )കാര്യം പുറംലോകമറിഞ്ഞു. തുടര്‍ന്നുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഒരു Enquiry Committee യെ നിയോഗിച്ചതും അവര്‍ തെളിവെടുത്തതുമാണ്. തെളിവെടുപ്പിലും ഞാനെന്റെ നിലപാടിലുറച്ചുനിന്നു. അതിനൊടുവില്‍ രണ്ടുപേരൊഴികെ പുറത്താക്കിയവരെയെല്ലാവരെയും തിരിച്ചെടുത്തുകൊണ്ടുള്ള നടപടിയുണ്ടായി. ഇതോടെ ഞാനവിടുത്തെ കറുത്ത കഞ്ഞാടാവുകയും ഞങ്ങളുടെ ബാച്ച് ഞാനതിലുണ്ട് എന്ന കാരണം കാരണമായിരിക്കണം, അവിടെ ബഹിഷ്കൃതരുമായി. ക്രിസ്മസ് പാര്‍ട്ടിക്കുള്ള ക്ഷണത്തില്‍ 8-10th ബാച്ചുകളെ ക്ഷണിക്കുകയും 11th batch ആയ ഞങ്ങളെ പരാമര്‍ശിക്കാതെ വിടുകയും ചെയ്തതായിരുന്നു ഏറ്റവും പ്രത്യക്ഷമായ നടപടി. മൂന്നു മാസത്തില്‍ ഇതൊക്കെ ഏറെക്കുറെ അയഞ്ഞു. ബാച്ചിനോടുള്ള ദേഷ്യം നന്നെ കുറഞ്ഞു. വിരലിലെണ്ണാവുന്ന സീനിയേസിന് എന്നോടും ദേഷ്യമില്ലാതെയായി. ബാക്കിയുള്ളവര്‍ ഇപ്പോഴും മുഖത്തുനോക്കാതെയും ചിരിക്കാതെയും നടക്കുന്നു.
ഇതൊക്കെയാണ് സംഭവിച്ചത്. ബാക്കിയുള്ളവര്‍ എന്നോടെങ്ങനെ പെരുമാറുന്നു എന്നതോ എന്നെപ്പറ്റി എന്ത് വിചാരിക്കുന്നുവെന്നോ പറയുന്നുവെന്നോ ഉള്ളത് എന്നെ ബാധിക്കാറില്ല എന്നതുകൊണ്ട് എന്റെ ജീവിതത്തിന് ഭ്രാന്ത് എന്ന പണ്ടേയുള്ള പ്രശ്നമൊഴിച്ചാല്‍ വേറെ കുഴപ്പങ്ങളൊന്നുമില്ല. പക്ഷെ കുഴപ്പങ്ങളുണ്ട് എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു

1.റാഗിംഗ് ഒരു punishable offence ആണ് എന്ന കാര്യം അവിടെ നിക്കട്ടെ. എന്തുകൊണ്ടാണ് ഇതിന് ഇത്രയും അനുഭാവികള്‍ film school ുകളില്‍ ഉള്ളത് എന്നത് ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ച് നാളത്തെ സിനിമാക്കാരാകാന്‍ പോകുന്നവരെന്ന ലേബലുള്ള, പുരോഗമനവാദികള്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കൂട്ടത്തിനിടയില്‍ ഈ substandard activity എങ്ങനെയാണ് ഇത്രയേറെക്കാലം ഒരു ritual പോലെ തുടര്‍ന്നുപോരുന്നത്? റാഗിംഗിന്റെ വക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട വാദം ജുനിയേസിനെ അടുത്തറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ് എന്നതാണ്. അതൊരു sadistic വാദമാണ്. കസറത്ത് കാണിപ്പിച്ചും തെറി വിളിച്ചും ഉറക്കം കെടുത്തിയുമാണ് അടുത്തറിയുന്നതെങ്കില്‍ ജൂനിയര്‍ സീനിയര്‍ ബന്ധം സര്‍ക്കസ് മുതലാളി, സര്‍ക്കസ് ജീവികള്‍ എന്നതുപോലെയാകണം. എന്നാലതല്ലല്ലോ. അങ്ങനെയാകാന്‍ പാടില്ലല്ലോ. ഒരു കൂട്ടം ആളുകള്‍ മറ്റുള്ളവരേക്കാള്‍ ഒരു വര്‍ഷമോ കൂടുതലോ മുമ്പ് ആ സ്ഥലത്ത് വന്നു എന്നതുകൊണ്ടുമാത്രം അത് ആധികാരികത നല്‍കുന്നില്ല.

2. Dr Jeckyll and Mr Hyde രീതി റാഗിംഗിന്റെ മുഖമുദ്രയാണെന്നും അതുകൊണ്ട് തന്നെ ഇത് നിരുപദ്രവകാരിയായ ഒരേര്‍പ്പാടാണെന്നുമുള്ള വാദം. അതായത് റാഗിംഗ് നടക്കുമ്പോള്‍ മാത്രമേ സീനിയേസ് അങ്ങനെ പെരുമാറുകയുള്ളു, കഴിഞ്ഞാല്‍ ചായ വാങ്ങിത്തരികയും മറ്റും ചെയ്യും. ഇത് എന്റെ ഒരു സുഹൃത്ത് പറഞ്ഞതോര്‍മിപ്പിക്കുന്നു. ഭര്‍തൃപീഡനമനുഭവിക്കുന്ന പല സ്ത്രീകളും പറയുന്ന ഒരു കാര്യമാണ്, 'അല്ലാത്തപ്പൊ അങ്ങേര്‍ക്ക് ഭയങ്കര സ്നേഹാ'ണ്ന്ന്. ഈ 'അല്ലാത്തപ്പ' ള്ള സ്നേഹം സ്നേഹമാണോ? എന്റെ സഹമുറിയത്തിയുടെയടുത്ത് Gangs of Wasseypur സിനിമയിലെ കുറച്ച് തെറി പറയാനാണ് ആവശ്യപ്പെട്ടത് ചിലര്‍. ഇതൊരു verbal sexual assault ില്‍ കുറഞ്ഞ ഒന്നുമായി എനിക്ക് തോന്നുന്നില്ല. തെറി പറയുന്നതില്‍ തെറ്റുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ തെറി പറയാറുമുണ്ട്. പക്ഷെ നിര്‍ബന്ധപൂര്‍വം ആളുകളെ വിളിച്ചിരുത്തി തെറി പറയുകയോ പറയാനാവശ്യപ്പെടുകയോ ചെയ്യാറില്ല. കിടപ്പറയിലൊക്കെയേ ഇത് നടക്കാറുള്ളതായി ഞാന്‍ കേട്ടിട്ടുള്ളു. അല്ലെങ്കില്‍ porn ില്‍. സിനിമ പഠിക്കാന്‍ തെറി അറിഞ്ഞിരിക്കണമെന്നുണ്ടോ? സഹമുറിയത്തി കരയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞത്രെ സിനിമയില്‍ explicit scenes edit ചെയ്യാനുള്ളപ്പോഴത്തേയ്ക്കുള്ള തയ്യാറെടുപ്പാണിതെന്ന്. അങ്ങനെയാണെങ്കില്‍ അതിനുള്ള പരിശീലനമായി എന്നെയൊന്ന് ഭോഗിച്ച് പരിശീലിക്കൂ എന്ന് പറഞ്ഞാല്‍പ്പോരേ.

3. റാഗിംഗിലെ അഭ്യാസങ്ങള്‍ പിന്നീട് ഉപകരകിക്കുന്നവയാണ്. തൂപ്പുവടി boom rod ആയും fire extinguisher കാമറയായും പിടിച്ച് ഒരു മണിക്കൂറൊക്കെ നില്‍ക്കുന്നതിനെപ്പറ്റിയാണിത്. ഇത്തരത്തില്‍ സിനിമാപിടുത്തം പഠിക്കാനാണോ entrance എഴുതി ഇന്റര്‍വ്യൂവും കഴിഞ്ഞ് ആയിരക്കണക്കിനാളുകളെ പിന്തള്ളി പത്ത് പേരിലൊരാളായിത്തീര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തില്‍ പഠിക്കാന്‍ കുട്ടികള്‍ ചെല്ലുന്നത്? ഏത് കുട്ടിക്ക് എന്ത് ശാരീരികാസ്വാസ്ഥ്യമാണുള്ളതെന്ന് റാഗിംഗ് നടത്തുന്നവര്‍ അന്വേഷിച്ചിട്ടുള്ളതായി എനിക്കറിവില്ല. ആര്‍ക്കെങ്കിലും ഇത് ചെയ്യുന്നതിന് പ്രശ്നമുണ്ടെങ്കിലോ? എന്തെങ്കിലും അപകടം പിണഞ്ഞാലോ? കുട്ടിയുടെ സിനിമാപഠിത്തം തുടരുമോ? അപ്പോള്‍ യഥാര്‍ഥത്തില്‍ ഇത്രയും നേരം boom rod പിടിക്കേണ്ട സന്ദര്‍ഭത്തിലെന്ത് ചെയ്യുമെന്നാണ് മറുചോദ്യം. പറ്റാവുന്ന പണിയേ പൈസ കൊടുത്ത് ചെയ്യാന്‍ പഠിക്കുന്നുള്ളു ആരും. അത് പക്ഷെ ആര്‍ക്കെങ്കിലും പാതിരാത്രിക്ക് കള്ളിന്‍പുറത്ത് boom rod/camera exercise ചെയ്യിപ്പിച്ച് കളയാം എന്ന തോന്നലില്‍ ചെയ്യാനല്ലെന്ന് മാത്രം.

4. റാഗിംഗുമായി സഹകരിച്ചില്ലെങ്കില്‍ 'industry' യില്‍ പാടുപെടും. ഈ മലയാളസിനിമയിലെ ഡയലോഗുണ്ടല്ലോ. 'നോക്കീം കണ്ടുമൊക്കെ നിന്നാല്‍ നിനക്ക് കൊള്ളാം.' ആ സംഗതി. ഈ വാദത്തിലാണ് പ്രശ്നമുള്ള പലരും വീഴുന്നത്. നമ്മളൊക്കെ ഒരേ സ്ഥലത്ത് പഠിക്കുന്നവരാണ്. പ്രോജക്റ്റുകള്‍ വരുമ്പോള്‍ നമ്മള്‍ തമ്മില്‍ സഹകരിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോള്‍ സഹകരിച്ചാല്‍ പിന്നീട് നിങ്ങളുടെ പ്രോജക്റ്റുകള്‍ വരുമ്പോള്‍ ഞങ്ങളുണ്ടാകും എന്നൊക്കെ. ഈ ഇന്റസ്റ്റ്രി ഇന്റസ്റ്റ്രി എന്ന് പറയുമ്പോള്‍ മുംബൈ സിനിമാ ഇന്റസ്റ്റ്രിയെ ആയിരിക്കണം ഉദ്ദേശിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പഠിച്ചിറങ്ങുന്നതിനുമുമ്പേ അവിടെ ആരൊക്കെ വാഴും വാഴില്ല എന്ന് തീരുമാനിക്കാന്‍ കഴിവുള്ള പ്രതിഭകള്‍ക്കിടയില്‍ പഠിക്കാന്‍ കഴിയുന്നത് തന്നെ എന്റെ ഭാഗ്യമായി കണക്കാക്കി ഞാന്‍ സമാധാനിച്ചു. മലയാളിയായ ഒരു ഗായികയും അവിടുത്തെ എന്റെ സീനിയറുമായ ഒരു കുട്ടി കേരളത്തിലിരുന്ന് പറഞ്ഞതായി അറിഞ്ഞത് 'അവളെ തുടര്‍ന്നുള്ള എല്ലാ ആക്റ്റിവിറ്റീസിലും ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്നാണ്. സത്യം പറയണമല്ലോ ആക്റ്റിവിസം പറയുകയും പിന്നെ അതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എനിക്കറപ്പുളവാക്കുന്ന കാര്യമാണ്. അതെത്രതന്നെ ഒരാളുടെ സ്വാതന്ത്ര്യമായാലും. അങ്ങനെയുള്ളവരുടെ സഹകരണമോ സൌഹൃദമോ ഞാനാഗ്രഹിക്കുന്നില്ല. ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തുന്നവരുടെ പരിതാപകരമായ അവസ്ഥയാലോചിച്ച് എനിക്ക് പലപ്പഴും ചിരിയാണ് വരാറുള്ളത്. ഇത്രയും ബാലിശമാകാന്‍ കഴിയുമോ ബുദ്ധിജീവികള്‍ക്ക്!

5. അധ്യാപകരുടെയും മറ്റും പിന്തുണ. ലിബറല്‍ എന്ന് പൊതുവെ വിളിക്കാറുള്ള സ്വഭാവമുള്ളതുകൊണ്ട് അധ്യാപരില്‍ പലരും കുട്ടികള്‍ക്കൊപ്പം മദ്യപിക്കുകയും ദീര്‍ഘനേരം ചിലവിടുകയും ചെയ്യുന്നവരാണ്. അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം. അവര്‍ക്ക് റാഗിംഗിനോട് എതിര്‍പ്പില്ല എന്നതിലും ഞാന്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല. ചിലര്‍ക്ക് കൊലപാതകത്തിനോടെതിര്‍പ്പുണ്ടാവില്ല. ചിലര്‍ക്ക് ബലാല്‍സംഗത്തിനോട്. പക്ഷെ അവസാനം നിലപാടെടുക്കേണ്ട ഘട്ടം വരുമ്പോള്‍ അനീതിയുടെ പക്ഷത്ത് നിന്ന് അതിനെതിരെ സംസാരിക്കുന്നവരോട് വൈരാഗ്യം വെച്ചുപുലര്‍ത്തുന്നത് അധ്യാപകര്‍ക്കെന്നല്ല ഒരു മനുഷ്യനും ചേര്‍ന്ന രീതിയാണെന്ന് ഞാന്‍ കരുതുന്നില്ല. തെറ്റ് തെറ്റ് തന്നെയാണ്. ഇഷ്ടമുള്ള തെറ്റാണെങ്കിലും അല്ലെങ്കിലും. കഞ്ചാവ് വലിക്കുന്ന ഒരാള്‍ക്ക് അത് വളരെ പ്രിയപ്പെട്ടതായിരിക്കും. കഞ്ചാവ് legalise ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുമുണ്ട്. എന്നുവെച്ച് നാളെ ഞാന്‍ അതുമായി പിടിക്കപ്പെട്ടാല്‍ ഇതനീതിയാണെന്ന് പറഞ്ഞ് മുറവിളി കൂട്ടാന്‍ ഞാന്‍ പോകുന്നില്ല. അതുകൊണ്ട് പ്രയോജനമില്ലെന്നുമാത്രമല്ല അത് ബുദ്ധിശൂന്യമാണെന്ന് ഞാന്‍ കരുതുകയും ചെയ്യുന്നു. റാഗിംഗിനെപ്പറ്റി നടന്ന ഒരു സംഭാഷണത്തില്‍ ഹോസ്റ്റല്‍ caretaker ഞങ്ങളോടോതിയ കാര്യങ്ങള്‍ വളരെ രസകരമാണ്. ഞങ്ങള്‍ക്ക് (അതായത് എനിക്ക്) റാഗിംഗ് കൈകാര്യം ചെയ്യാനറിയില്ല. പാതിരാത്രിക്ക് സീനിയേസ് സിഗരെറ്റ് വാങ്ങാനയയ്ക്കും എന്നുറപ്പായതുകൊണ്ട് നേരത്തെ സിഗരെറ്റ് വാങ്ങിവയ്ക്കുകയാണ് വേണ്ടത്. എന്നട്ട് അവര്‍ വാങ്ങാന്‍ പറഞ്ഞയയ്ക്കുമ്പോള്‍ മുറിയില്‍ സ്വസ്ഥമായി കുറച്ച് നേരമിരുന്ന് നേരത്തെ വാങ്ങിവെച്ച സിഗരറ്റ് കൊണ്ട് കൊടുക്കുക. പാതിരാത്രിക്ക് സിഗരെറ്റ് വാങ്ങാനയയ്ക്കുന്നതിനല്ല പ്രശ്നം. അത് തന്ത്രപൂര്‍വം കൈകാര്യം ചെയ്യാനുള്ള 'ബുദ്ധി' ഇല്ലാത്തതിനാണ്.

അധ്യാപകരുടെയും admnistration ന്റെയും ഭാഗത്ത് നിന്ന് പരോക്ഷമായി റാഗിംഗിനെ അനുകൂലിച്ച് കേട്ട വേറൊരു വാദം 'physical' ആയുള്ള ഉപദ്രവങ്ങളൊന്നും ഇല്ലാത്തിടത്തോളം അത് കുഴപ്പമില്ല എന്നാണ്. ശാരീരികമായുള്ള ഉപദ്രവം എന്ന് പറയുമ്പോള്‍ തല്ലിച്ചതയ്ക്കല്‍ എന്നാണുദ്ദേശിക്കുന്നത്. അതിനുകാരണം ഇപ്പറയുന്ന അധ്യാപകരുടെ FTII വിദ്യാര്‍ഥി കാലഘട്ടത്തില്‍ റാഗിംഗില്‍ അതും ഒരു പതിവായിരുന്നു എന്നാണ്. അന്ന് നിയമം പോലും അവര്‍ക്കനുകൂലമായിരുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്നതൊന്നും ഒന്നുമല്ല. തല്ലിച്ചതച്ചാലേ കുഴപ്പമുള്ളൂ എന്നത് പലയിടത്തും കേട്ടുമറന്ന പല വാദങ്ങളെയാണോര്‍മിപ്പിക്കുന്നത്. റേപൊന്നും ചെയ്തില്ലല്ലോ. തൊട്ടല്ലേയുള്ളു. മുലയിലൊന്ന് നുള്ളിയല്ലേയുള്ളു. അതെ. അത്രയൊക്കെത്തന്ന്യേ ഉള്ളു. പണ്ട് ഭര്‍ത്താവ് ചത്താല്‍ ഭാര്യയും തീയില്‍ ചാടിച്ചാവണമായിരുന്നു. ഇന്നിപ്പൊ അത് വേണ്ട. വീണ്ടും കല്യാണം കഴിച്ചാല്‍ തേവിടിച്ചിയെന്ന വിളി കേട്ടാല്‍ 'മാത്രം' മതി. അത്രയേ ഉള്ളു.
(റാഗിംഗിനെ മനസ്സിലനുകൂലിക്കുന്ന അധ്യാപകരുടെ വെറുപ്പും കൊട്ടക്കണക്കിന് ഞാന്‍ വാങ്ങിവച്ചു. അതിനിപ്പൊ തെളിവൊന്നുമില്ലാത്തതുകൊണ്ട് ആ കാര്യം pursue ചെയ്യാന്‍ പോയില്ല.) 

7. ഏറ്റവും തമാശയായിത്തോന്നിയ വാദം ഒരു മലയാളിയാണ് പറഞ്ഞത്. എന്റെ ബാച്ച്മേറ്റ്. ആദ്യത്തെ ദിവസം റാഗിംഗില്‍ ആ കുട്ടി 'തകര്‍ന്നു പോയെ'ങ്കിലും അതിഷ്ടപ്പെട്ടുവത്രെ. കാരണം ബീന പോള്‍ ജോണ്‍ അബ്രഹാം അവരെ റാഗ് ചെയ്തതിന്റെ കഥയും റസൂല്‍ പൂക്കുട്ടിയുടെ റാഗിംഗ് അനുഭവങ്ങളുമൊക്കെക്കേട്ട് അതെന്താണെന്നൊന്ന് അനുഭവിച്ചറിയണം എന്നുണ്ടായിരുന്നത്രെ.

അത് കേട്ടപ്പോള്‍ ചിരി വന്നെങ്കിലും കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാനാലോചിച്ചു. ആ കുട്ടിയെയും കുറ്റം പറയാന്‍ പറ്റില്ല. FTII ഭൂരിഭാഗം ഇന്ത്യന്‍ സിനിമാമോഹികളുടെയും സ്വപ്നമാണ്. മലയാളികളുടെ കാര്യം പിന്നെ പറയണ്ട. ഈ film school കള്‍ച്ചറിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് റാഗിംഗ് എന്ന രീതിയിലുള്ള വമ്പിച്ച പ്രചരണം വര്‍ഷങ്ങളായി നടക്കുന്നുണ്ട്. അതിപ്പോള്‍ അവിടങ്ങളില്‍ മാത്രമല്ല. എന്‍ എസ് ഡിയിലായാലും പൊതുവെ ഏത് കലാലയത്തിലായാലും റാഗിംഗ് ഒരു ചടങ്ങാണ്. കോളെജ് ജീവിതത്തിന്റെ രസം എന്നൊക്കെപ്പറഞ്ഞ് കുറിപ്പെഴുതുമ്പോള്‍ ഫ്രെഷേസ് ഡേ, കാന്റീന്‍ നൊസ്റ്റാല്‍ജിയയ്ക്കൊപ്പം പറയാവുന്ന ഒന്ന്. ഈ മഹത്വവല്‍ക്കരണമാണ് യഥാര്‍ഥത്തില്‍ റാഗിംഗിനെ സംരക്ഷിക്കുന്നത്. ഇത്തരത്തില്‍ മഹത്വവല്‍ക്കരിക്കേണ്ട ഒന്നല്ല റാഗിംഗ്. അത് പലര്‍ക്കും യോജിപ്പുള്ള ഒരു പീഡനമുറയാണ്. അതിനോട് യോജിക്കുന്ന ഒരു കൂട്ടമുണ്ടെന്ന് കരുതി അത് ശരിയാവണമെന്നില്ല. കാരണമില്ലാതെ മനുഷ്യര്‍ മനുഷ്യരുടെ മുകളില്‍ അധികാരം exercise ചെയ്യുന്നത് ചൂഷണമാണ്.

മറ്റൊന്ന് കൂടെയുണ്ട്. പത്ത് പതിനേഴ് വര്‍ഷമായി തുടര്‍ന്നുകൊണ്ട് പോരുന്ന ഒരു സമ്പ്രദായത്തിനെതിരെ സംസാരിക്കുമ്പോള്‍ ആ voice ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍. അത് അത്യന്തം അരോചകമായാണ് എനിക്കനുഭവപ്പെട്ടത്. ഇതിന് മുമ്പും പല രീതിയില്‍ എനിക്കിത്തരം അനുഭവങ്ങളുണ്ടായിട്ടുള്ളതുകൊണ്ടും അവിടെച്ചെന്നതില്‍പ്പിന്നെ പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നാത്ത അവസ്ഥയിലേയ്ക്ക് എന്തുകൊണ്ടോ ഞാന്‍ മാറിയിരുന്നതുകൊണ്ടും എനിക്കത് അത്ര പ്രശ്നമായി തോന്നിയില്ല. പക്ഷെ രണ്ട് രണ്ടരയാഴ്ച നിരന്തരമായി എന്തുകൊണ്ട് ഞാന്‍ ചെയ്തത് ഒരു മോശം കാര്യമാണെന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കാനുള്ള ആളുകളുടെ തത്രപ്പാട് സഹിക്കേണ്ടി വന്നു. എന്നത്തെയും പോലെ കൂടെ നില്‍ക്കാന്‍ വേറാരുമില്ല. ഈ ഒറ്റപ്പെടല്‍ ഒട്ടുമുക്കാലും എന്നെ ബാധിച്ചില്ലെങ്കിലും ചിലയവസരങ്ങളില്‍ അതെന്നെ വിഷമിപ്പിച്ചിരുന്നു. കൂടെ നിന്നത് എന്റെ ചേച്ചിയും നാട്ടിലെ രണ്ട് സുഹൃത്തുക്കളും മാത്രം. അപ്പോഴൊക്കെ ഞാനാലോചിച്ചിരുന്നത് ഈ അവസ്ഥയില്‍ വേറാരെങ്കിലുമായിരുന്നെങ്കിലെന്താവുമായിരുന്നു എന്നാണ്. സത്യം പറഞ്ഞാല്‍ വേറാരുടെയൊക്കെയോ പരാതികളും എന്റേതായി കണക്കാക്കപ്പെടുന്നുണ്ട്. അഞ്ച് പേരുകളേ ഞാന്‍ കൊടുത്തിരുന്നുള്ളുവെങ്കിലും എട്ടു പേരെ പുറത്താക്കിയിരുന്നു ആദ്യം. അതായത് ഞാനല്ലാതെ വേറാരൊക്കെയോ പരാതി കൊടുത്തിരുന്നു എന്നര്‍ഥം. ഒരര്‍ഥത്തില്‍ എനിക്കത് നന്നായിത്തോന്നി. ലോകത്തിന്റെ ഭാരം ഏറ്റെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതുകൊണ്ടല്ല. Anonymous ആയാണെങ്കിലും ആരെങ്കിലുമൊക്കെ സ്വന്തം അഭിപ്രായം പറയുന്നുണ്ടല്ലോ എന്നോര്‍ത്ത്. കാരണം ഞാന്‍ മനസ്സിലാക്കുന്നത് ഇത്തരം സ്പേസുകളില്‍ സ്വന്തം അഭിപ്രായം കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രയാസമാണ്. തുടക്കത്തില്‍ റാഗിംഗില്‍ കരയുന്നവര്‍ തന്നെ അടുത്ത കൊല്ലം മട്ടുപ്പാവില്‍ റാഗ് ചെയ്യുന്നു. സിനിമയോടുള്ള ഇഷ്ടം പതുക്കെ കലാലയത്തിലെ അരാചകത്വത്തോടുള്ള ഇഷ്ടമാകുന്നു. മൂന്ന് വര്‍ഷത്തെ കോഴ്സ് ആരെയൊക്കെയോ പഴി പറഞ്ഞ് ആറര വര്‍ഷമെടുത്ത് തീര്‍ക്കുന്നു.

സിനിമ പഠിക്കാന്‍ പോയി സിനിമ പഠിച്ചെന്നു വരുത്തി പുറത്തിറങ്ങാന്‍ കഴിയണേ എന്ന് മാത്രമാണ് സത്യത്തിലിപ്പോളെന്റെ ഏക ആഗ്രഹം. ഒരു കാര്യം മാത്രമാണ് നിശ്ചയം. അടുത്ത കൊല്ലം ഏതെങ്കിലുമൊരു കുട്ടി സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാത്രം ഇതുപോലൊരു പ്രതികരണത്തിന് വിധേയരായാല്‍ വേറാരുമില്ലെങ്കിലും ഞാനുണ്ടാകും കൂടെ. അത്രതന്നെ.