Sunday, 24 March 2013

ബുക്കറിലൂടെ 6:Life of Pi Yann Martel: പുസ്തകവും സിനിമയും




പുസ്തകം വായിച്ച് കഴിഞ്ഞ് കുറെയായി. സിനിമ ഇന്നലെ കണ്ടേയുള്ളു. അതുംകൂടെ കഴിഞ്ഞ് എഴുതാമെന്ന് വെച്ചിരുന്നതാണ്. മലയാളത്തില്‍ അതിനെ മടി എന്നും വിളിക്കും.
ഒറ്റ വാചകത്തില്‍പ്പറഞ്ഞാല്‍ എനിക്ക് പുസ്തകവും ഇഷ്ടായില്ല സിനിമേം ഇഷ്ടായില്ല. രണ്ടിനും രണ്ട് കാരണങ്ങളാണെങ്കിലും.
ലൈഫ് ഓഫ് പൈ എന്ന യാന്‍ മാര്‍ട്ടലിന്റെ നോവല്‍ ബുക്കര്‍ പ്രൈസ് മെറ്റീരിയലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പൈ എന്ന് ചുരുക്കപ്പേരുള്ള പിസീന്‍ പട്ടേല്‍ എന്ന യുവാവ് നടുക്കടലില്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന് പേരുള്ള ഒരു ബംഗാള്‍ കടുവയോടൊപ്പം അകപ്പെടുന്നതാണ് കഥ. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടം എന്ന പഴയ പ്ലോട്ട്. അതിലവസാനം മനുഷ്യന്‍ ജയിക്കുന്നു. കടുവ തിന്നാതെയും കടലെടുക്കാതെയും പൈ അതിജീവിക്കുന്നു. പൈയുടെ കഥ അമാനുഷികമായതുകൊണ്ടുതന്നെ അതില്‍ ദൈവത്തിന്റെ കൈയ്യൊപ്പുണ്ടെന്നും അതിനാല്‍ അത് ദൈവം ഉണ്ട് എന്നതിന് സാക്ഷ്യം വഹിക്കുന്നുവെന്നും കഥാകാരന്‍ വിശ്വസിക്കുന്നു. ഇവിടെയാണ് എന്റെ പ്രധാന വിയോജിപ്പ്.
കഥ വായിച്ചുകഴിഞ്ഞ് വായനക്കാര്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എല്ലാ പുസ്തകങ്ങളും ഇത്തരത്തില്‍ വായനക്കാരെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിപ്പിക്കുന്നവയുമാണ്. പക്ഷെ വായനക്കാര്‍ ഇതിനവസാനം എന്ത് ചെയ്യണം, എന്തായിത്തീരണം എന്ന് വിവരിക്കുന്ന ഒരു user manual ഓടുകൂടെ വരുന്ന പുസ്തകങ്ങള്‍ അവരുടെ ചിന്താസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈഫ് ഓഫ് പൈ തുടങ്ങുന്നത് നോവലെഴുതുന്നതിനുപിന്നിലുള്ള ചരിത്രം വിവരിക്കുന്ന കുറിപ്പോടെയാണ്. അത് നോവലിന്റെ തന്നെ ഭാഗമാണോ അതോ യഥാര്‍ഥത്തിലുള്ളതാണോ എന്നത് ambiguous ആയും ആ ambiguity മനപൂര്‍വമായും എനിക്ക് തോന്നി. നോവലിനുള്ള കഥയന്വേഷിച്ച് നടന്ന കഥാകാരന്‍ പോണ്ടിച്ചേരിയിലെത്തുന്നു. അവിടെവെച്ച് ഒരാള്‍ പൈയുടെ കഥയെപ്പറ്റിപ്പറയന്നു. ഈ കഥ പ്രത്യേകതയര്‍ഹിക്കുന്നത് അത് ഒരാളെ ദൈവത്തില്‍ വിശ്വാസമുള്ളവരാക്കിത്തീര്‍ക്കും എന്നുള്ളതുകൊണ്ടാണെന്നും പറയുന്നു. അക്കഥയാണ് ലൈഫ് ഓഫ് പൈ. ഇങ്ങനെ ഒരാമുഖത്തോടെ തുടങ്ങുന്നത് വളരെ amateur ആയ രീതിയായി എനിക്ക് തോന്നി. കഥ വായിച്ചുകഴിഞ്ഞേതായാലും എനിക്ക് വിശ്വാസമൊന്നും വന്നില്ലെന്ന് വേറെ പറയണ്ടല്ലോ. അല്ലെങ്കിലും നിരീശ്വരവാദികള്‍ ദൈവത്തില്‍ വിശ്വാസമില്ലാത്തവരല്ല, ദൈവമില്ല എന്നറിയാവുന്നവരാണ് എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ദൈവമില്ല എന്നറിയാവുന്ന ആളാണ്. ഉള്ള ദൈവത്തില്‍ വിശ്വാസമില്ലാത്ത ആളല്ല.
അത് പോട്ടെ. ഇതൊക്കെക്കഴിഞ്ഞ് യാന്‍ മാര്‍ട്ടെലിന്റെ സെക്യുലറിസത്തിന്റെ കാഴ്ചപ്പാടിലേയ്ക്ക് വാരുമ്പോള്‍ ഇതിലും തമാശയാണ്. കുട്ടികളാവുമ്പൊ നമ്മളെ പഠിപ്പിക്കാറുണ്ടല്ലോ, ഒരു ദൈവമേയുള്ളു ആ ദൈവത്തിനെ പല പേരില്‍ വിളിക്കുന്നതാണ് യേശു, കൃഷ്ണന്‍ അള്ളാഹു എന്നൊക്കെ. അത്തരത്തിലാണ് എഴുത്തുകാരനും ചിന്തിച്ചുവെച്ചിരിക്കുന്നത്. ബാലിശം. പൈയെ ഒരു സെക്യുലര്‍ കുട്ടിയാക്കാന്‍ കഥാകൃത്ത് അവനെക്കൊണ്ട് ഈ മൂന്ന് ദൈവങ്ങളെയും ആരാധിപ്പിക്കുന്നു. അതിനു പുറകെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഈ മൂന്ന് മതാചാര്യരും തമ്മില്‍ വഴക്കിടുന്നു എന്നതാണ്. ഇവിടെ മതത്തിന്റെയും ജാതിയുടെയും പേരില്‍ കൊല നടക്കുന്ന ഒരു രാജ്യത്തിനെപ്പറ്റിയാണ് ഇത്തരത്തിലെഴുതിവെച്ചിരിക്കുന്നത്. ഇതിനെ അറിവില്ലായ്മ എന്നല്ല പറയുക. പഠനത്തിന്റെ കുറവാണ്. ഈ നാടിനെപ്പറ്റി കുറെയധികം പഠിച്ചേ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളു. നാളെ മോഡി ഭരിക്കുന്ന ഇന്ത്യയിലിരുന്ന് ഇവിടൊരാളിത് വായിക്കുമ്പോള്‍ എന്ത് കോപ്പാണിത് എന്ന് തോന്നും. എനിക്കിപ്പഴേ തോന്നുന്നുണ്ട്.
പുസ്തകത്തിലെനിക്കിഷ്ടപ്പെട്ട കാര്യം ജന്തുക്കളെക്കുറിച്ചുള്ള അറിവുകളാണ്. (അതൊക്കെ സത്യമാണെങ്കില്‍) അത് വായിക്കുക കൌതുകകരമായിരുന്നു.
വേറൊരു രസകരമായ സംഗതി പൈ സമുദ്രമധ്യേ മാംസഭുക്കാകുന്നതാണ്. പട്ടര് കുട്ടിയായി തൈരൊക്കെക്കഴിച്ച് മാംസാഹാരത്തോട് സ്വതവേയുള്ള പുഞ്ഞത്തില്‍ നടന്ന ചെക്കന്‍ ഒന്നും തിന്നാനില്ലാതെ വന്നപ്പോളതൊക്കെക്കളഞ്ഞ് മീനൊക്കെ ആര്‍ത്തിയോടെ വെട്ടിവിഴുങ്ങുന്നത്. ഇതിന്റെ അര്‍ഥതലങ്ങളൊന്നും ആലോചിക്കാതെയാണ് മാര്‍ട്ടലിതെഴുതിയിരിക്കുന്നത് എന്ന് തോന്നുന്നു. ബ്രാഹ്മണനെക്കൊണ്ട് മീന്‍ തീറ്റിച്ചാലിവിടെ ശിക്ഷ പലവിധമാണല്ലോ. മനുഷ്യന്‍ പ്രകൃതിയാലെ omnivorous ആണെന്നതിലാര്‍ക്കും സംശയമില്ലെന്ന് വിചാരിക്കട്ടെ. ജനിച്ചുവീണ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ സസ്യാഹാരം മാത്രം തിന്നുന്ന ചിലര്‍. അല്ലെങ്കില്‍ ജന്തുക്കളെ കൊല്ലുന്നതിനോടുള്ള എതിര്‍പ്പ് കാരണം. ഇവിടെ പൊതുധാരണയ്ക്ക് വിപരീതമായി മാംസഭുക്കുകളായ മനുഷ്യരല്ല മറിച്ച് സസ്യഭുക്കുകളാണ് aberration എന്ന് മനസ്സിലാക്കണം. ഇവിടെ അതൊക്കെപ്പറഞ്ഞാലടിപൊട്ടും എന്നറിയാത്തതുകൊണ്ട് പൈ മീന്‍ തിന്നു. സിനിമയിലിത് ഒഴിവാക്കിയിട്ടുണ്ട് കേട്ടോ. പുസ്തകത്തില്‍ ആമയുടെ ചോര കുടിച്ച് കൊണ്ട് തുടങ്ങുന്ന മാംസഭുക്കിസം പിന്നെ വിവിധ മല്‍സ്യങ്ങളുടെ ഇറച്ചിയെപ്പറ്റിയുള്ള നീണ്ട വിവരണങ്ങളിലേയ്ക്ക് പോകുന്നുണ്ട്. താന്‍ കഴിച്ചിട്ടുള്ള ഒരു പായസത്തിനും ആ രുചിയെ വെല്ലാന്‍ പറ്റില്ലെന്ന് പൈ പറയുന്നുമുണ്ട്. പൈ പുസ്തകത്തിലായത് പൈയ്ക്ക് കൊള്ളാം.
രണ്ട് അവസാനങ്ങളുണ്ട് പുസ്തകത്തിന്. ഒന്ന് കഥ തന്നെ. പിന്നെ കടുവയുമായി രക്ഷപ്പെട്ട കുട്ടിയുടെ കഥ ആരും വിശ്വസിക്കാഞ്ഞപ്പോള്‍ പറയുന്ന കൂടുതല്‍ വിശ്വസനീയമായ ഒരു കൂതറ/പൊട്ടക്കഥ. അവിടെ വീണ്ടും കഥാകൃത്തിന് ആദ്യം പറഞ്ഞ ദൈവവിശ്വാസം ഉണ്ടാക്കിയെടുക്കാനുള്ള പെടാപ്പാട് കാണാം. നല്ല കഥയാണ് വായനക്കാര്‍ക്കിഷ്ടം എന്ന് വരുമ്പോള്‍ അത് ദൈവമുണ്ട് എന്ന് വിശ്വസിക്കലാകുന്നു. പൊട്ടക്കഥ ഇഷ്ടമാവുകയാണെങ്കില്‍ വിശ്വാസമില്ലാത്തവര്‍ പൊട്ടന്മാരാകുന്നു. എങ്ങനേണ്ട്.
ഇനി സിനിമ. എന്ത് സിനിമ. പുസ്തകം സിനിമയാക്കുമ്പോള്‍ അത് അതേ പടി എടുത്തുവയ്ക്കലാണോ? അതിന് സിനിമയെന്തിനാണ്? പുസ്തകം വായിക്കുമ്പോള്‍ വായന ഇഷ്ടമുള്ളവര്‍ക്കും അല്ലാത്ത ഒരുമാതിരിപ്പെട്ട എല്ലാവര്‍ക്കും അതൊക്കെ മനസ്സില്‍ കാണാന്‍ പറ്റും. സിനിമ എന്നത് വെറുതെ ചിത്രത്തിലാക്കിവയ്ക്കലല്ലല്ലോ. ഈ ഓസ്കാറ് കിട്ടാന്‍ പോകുന്ന സിനിമകള്‍ കാണുമ്പഴേ നമുക്കറിയാന്‍ പറ്റുമല്ലോ അതിന് കിട്ടും എന്ന്. അതുതന്നെ. ( ഈ കേസില്‍ പുസ്തകം സിനിമയാക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പഴേ അറിയാമായിരുന്നു കിട്ടുമെന്ന്. ഒരു ഓസ്കാര്‍ നീക്കം) അത്രമാത്രമേ സിനിമയുമുള്ളു. ഒരു ഓസ്കാര്‍ ചിത്രം. ഛായാഗ്രഹണത്തിന് ഈ സിനിമയ്ക്ക് ഓസ്കാര്‍ കിട്ടിയതിനെപ്പറ്റി Christopher Doyle പറയുന്നത് ഇവിടെ വായിക്കാം. അതൊക്കെത്തന്ന്യേ എനിക്ക് സിനിമയെപ്പറ്റി പൊതുവെ പറയാനുള്ളു.
യാന്‍ മാര്‍ട്ടലിന്റെ വേറെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. വായിക്കാനിനി ആഗ്രഹവുമില്ല.
ഏതായാലും ബുക്കര്‍ പട്ടികയില്‍പ്പെടുത്താതെ വായിച്ചു തള്ളാനെന്ന നിലയ്ക്ക് ഇതൊരു നല്ല പുസ്തകമാണ്. സത്യത്തില്‍ അതിലും കൂടുതല്‍. വല്യ പ്രയാസമൊന്നുമില്ലാത്ത ഭാഷ. ഒഴുക്കുമുണ്ട്. അത്യാവശ്യത്തിന് നര്‍മവും. ഇത് മാത്രം കൊണ്ടായില്ല. അത്രേ ഉള്ളു

അടുത്തത്: J M Coetzee, Disgrace 

2 comments:

  1. എല്ലാ ബുക്കർ പോസ്റ്റുകളും ഒന്നിച്ച് വായിച്ചുതീർത്തു.

    മനോഹരമായ ഒരു ശ്രമം. പക്ഷെ വായനയുടെ ഡെപ്ത് എഴുത്തിൽ പ്രകടം ആകുന്നില്ല എന്നൊരു വിഷമം തോന്നുന്നു. ഡെപ്ത് എന്ന് വച്ചാൽ എങ്ങനെ ഇത് നമ്മെ തൊടും എന്ന് വ്യക്തമാക്കുന്നില്ല.
    പ്രത്യേകിച്ച് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്‌ ഒക്കെ നിരൂപിക്കുമ്പോൾ. അതിലെ വായിച്ച് കുളിര് വന്ന ഭാഗങ്ങള്ക്ക് പകരം ഈയെമ്മെസിനെ ചൊടിപ്പിച്ച ഭാഗം മാത്രം പറഞ്ഞു വയ്ക്കുന്നതൊക്കെ ഒരുതരം പെസിമിസ്റ്റിക് എഴുത്തല്ലേ ?
    ഇഷ്ടമില്ലായ്കകൾ എഴുതുന്നതിനോടാണ് കൂടുതൽ താല്പര്യം എന്ന് തോന്നുന്നു? റാഗിംഗ് കഥകൾ..തെറി പെണ്ണിന് അന്യമാകുന്നത്...വജൈന മുറുക്കാൻ ആവശ്യപ്പെടുന്നത്..അങ്ങനെ..
    :)

    "ഇംഗ്ലീഷ് പുസ്തകങ്ങൾ ഇംഗ്ലീഷിൽ വായിക്കുക" എന്നത് മനസിലാക്കാം.
    "ഇംഗ്ലിഷ് പരിഭാഷയുണ്ടെങ്കില്‍ അത് വായിക്കുക. " എന്നതിനോട് യോജിക്കാൻ കുറച്ച് ബുദ്ധിമുട്ട്. ആരോഗ്യനികേതനവും, സരമാഗോ കൃതികളും , നാലപ്പാടിന്റെ പാവങ്ങളും, ഏകാന്തതയുടെ 100 വര്ഷങ്ങളും ഒക്കെ മലയാളം പരിഭാഷകൾ എന്തുകൊണ്ടും ഇംഗ്ലീഷ്നേക്കാൾ മികവ് പുലർത്തിയതായി തോന്നിയിട്ടുണ്ട്. ചിലപ്പോൾ മലയാളം വായന എനിക്ക് അനായാസം ആയത് കൊണ്ടുള്ള തോന്നൽ ആവാനും മതി.

    പിന്നെ വൈറ്റ് ടൈഗർ, പൈ ഒക്കെ പോലെയുള്ള ബൂക്കറിലെ അബദ്ധങ്ങൾ പരിചയപ്പെടുത്തുന്നതിലും നന്ന് ബുക്കർ ലഭിക്കാതെ പോയ മ്യുരിയേൽ സ്പാര്ക്കിന്റെ ഡ്രൈവേഴ്സ് സീറ്റ്, കൂട്സിയുടെ സമ്മർറ്റൈം, അറ്റ്‌വുടിന്റെ ക്യാറ്റ്സ് ഐ ഒക്കെ പരിചയപ്പെടുത്തുന്നതാവും.

    "യുദ്ധത്തിന് മുമ്പോ പിമ്പോ എന്നടിസ്ഥാനത്തിലോ അപ്പോഴുണ്ടായിരുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലോ ഒന്നും ഒന്നിനെപ്പറ്റിയും ഒരിക്കലും സംസാരിക്കാത്ത ഒരു തലമുറയായിരിക്കണം എന്റേത്. ചരിത്രമെല്ലാം ഞങ്ങളില്‍ അവസാനിക്കുന്നതായി എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട്."

    എത്രത്തോളം ശരിയാണ് എന്ന് കാലം തെളിയിക്കേണ്ടതാണ്. ഗുജറാത്തും മസ്ജിദും ഒന്നും നമുക്ക് ഇപ്പോഴും ചരിത്രങ്ങൾ ആയിട്ടില്ലല്ലോ.
    ഇംഗ്ലീഷ് പേഷ്യന്റ് എഴുതിയത് മഹായുധത്തിനും അമ്പതു വര്ഷങ്ങള്ക്ക് ശേഷം, യുദ്ധം അനുഭവിക്കാഞ്ഞ ഒണ്ടാഞ്ഞേ ആണെന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ.

    പിന്നെ ഇംഗ്ലീഷ് പേഷ്യന്റ് സിനിമയുടെ സിനിമയുടെ കാര്യം. ഇത് ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല. ഗാറ്റ്സ്ബി സിനിമ ആയപ്പോൾ അമേരിക്കൻ സ്വപ്നത്തിന്റെ പതനവും ആ സാമൂഹിക മാനങ്ങളും മഷിയിട്ടാൽ കൂടി വായിച്ചെടുക്കാൻ പറ്റില്ല. കാശ് ഇറക്കുന്ന മുതലാളിക്ക് ആ രാഷ്ട്രീയം പറയാൻ താല്പര്യം ഇല്ലെങ്കിൽ സിനിമ ഏച്ച്കെട്ടാവും.

    അടുത്ത എഴുത്തുകൾക്കായി നോക്കി ഇരിക്കുന്നു.

    ReplyDelete
    Replies
    1. വായനേടെ ആഴം എഴുത്തിലിലില്ല എന്നത് സത്യമാണ്. ശരിക്കും നിരൂപണം എന്നൊന്നും ഞാനുദ്ദേശിച്ചിട്ടില്ലായിരുന്നു. ബുക്കര്‍ നോവലുകള്‍ എനിക്കെങ്ങനെ അനുഭവപ്പെട്ടു എന്ന രീതിയില്‍ ചെറിയ കുറിപ്പുകള്‍ മാത്രമായിരുന്നു ലക്ഷ്യം. ഇഷ്ടമായ പുസ്തകങ്ങളില്‍ ഇഷ്ടപ്പെട്ട ഏതെങ്കിലുമൊരു ഭാഗം എടുത്തിടാറുണ്ട്. ഇഷ്ടപ്പെടാത്തവയില്‍ എന്താണിഷ്ടപ്പെടാത്തതെന്ന് പറയും. God of Small Things നെക്കുറിച്ച് ഞാനൊരിക്കലും എഴുതില്ല. I mean വായനാനുഭവം എന്ന നിലയില്‍. എന്നെ ഇത്രത്തോളം സ്വാധീനിച്ച ഒരു പുസ്തകമില്ല. എല്ലാ ദിവസവും ഒന്നുകില്‍ അതില്‍ നിന്ന് quote ചെയ്യുന്നു. അല്ലെങ്കില്‍ അതിലെ വാചകങ്ങള്‍ മനസ്സിലേയ്ക്ക് കടന്നുവരുന്നു. അതിനെക്കുറിച്ച് എഴുതി ഫലിപ്പിക്കാനെനിക്ക് കഴിയില്ല. അതുകൊണ്ട് കൌതുകകരമായിത്തോന്നിയ ഒരു കാര്യം പറഞ്ഞു.
      ഇംഗ്ലിഷ് പരിഭാഷയെക്കുറിച്ച് പറഞ്ഞത് ശരിയാവാന്‍ വഴിയുണ്ട്. പാവങ്ങള്‍ (നാലപ്പാട്ടിന്റെ) ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വായിച്ചതിന്റെ നേരിയ ഓര്‍മകള്‍ ഇപ്പോഴുമുണ്ട്. പക്ഷെ വായിച്ച് പുസ്തകങ്ങളുടെ തന്നെ വളരെ മോശം ചില പരിഭാഷകള്‍ പിന്നീട് കണ്ടപ്പോള്‍ എന്തബദ്ധമാണിതെന്ന് തോന്നി. അത്രേ ഉള്ളു.
      യുദ്ധം അനുഭവിക്കാത്തവര്‍ എന്ന ഗണത്തില്‍പ്പെടുത്തിയായിരുന്നില്ല അത് പറഞ്ഞത്. എന്റെ അച്ഛന്റെയും അമ്മയുടെയും തലമുറ, അവര്‍ക്ക് മുമ്പുള്ള തലമുറ എന്നിവരെ വെച്ച് നോക്കുമ്പോള്‍ എന്റെ തലമുറ ചരിത്രത്തെ അവഗണിക്കുന്ന ഒന്നാണെന്ന് തോന്നി.

      Delete