Wednesday 16 September 2020

മന്ത്രി മാധ്യമങ്ങളോട് കള്ളം പറയുമ്പോള്‍: കെ. കെ. ഷാഹിന കെ.ടി. ജലീലുമായി നടത്തിയ 'അഭിമുഖം' തരംതാഴ്ന്ന മാധ്യമ ഇടപെടലാണ്



കെ.ടി. ജലീല്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക കെ. കെ. ഷാഹിന നടത്തിയ ഇടപെടല്‍ ഞാന്‍ എതിര്‍ക്കുന്നതിന് കാരണമുണ്ട്. 



1. നല്ല മാധ്യമങ്ങള്‍, ചീത്ത മാധ്യമങ്ങള്‍ എന്ന സൃഷ്ടി. ഇതോടൊപ്പം നല്ല മാധ്യമപ്രവര്‍ത്തകര്‍, ചീത്ത മാധ്യമപ്രവര്‍ത്തകര്‍ എന്ന സൃഷ്ടി.

2. ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ജനപ്രതിനിധികളുടെ ധാര്‍ഷ്ഠ്യത്തോടെയുള്ള മുഖം തിരിക്കല്‍.

ഇതില്‍ ആദ്യത്തേതില്‍ നല്ല/ചീത്ത മാധ്യമം/മാധ്യമപ്രവര്‍ത്തകര്‍ എന്നതിലൂടെ മാധ്യമപ്രവര്‍ത്തനം എന്ന തൊഴിലിനെയല്ല അളക്കുന്നത് എന്നിടത്താണ് പ്രശ്നം. ഒരു സംഭവത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ സ്രോതസ്സുകളില്‍ നിന്നും വിവരം തേടുക, അതു ബാധിക്കുന്ന എല്ലാവരുടെയും പ്രതികരണമെടുക്കുക, ഏതെങ്കിലും സവിശേഷമായ വശം തുറന്ന് കാണിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ വെച്ചല്ല മാര്‍ക്കിടല്‍ നടക്കുന്നത്. മറിച്ച് ഭരണപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മാധ്യമപ്രവര്‍ത്തനമാണോ എന്നാണ് നോക്കുന്നത്.

ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ. ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു എന്ന വാര്‍ത്ത വന്നതിന് ശേഷം നടന്ന കാര്യങ്ങളില്‍ പലതും ഈ നല്ല/ചീത്ത മാധ്യമപ്രവര്‍ത്തനം/പ്രവര്‍ത്തകര്‍ എന്ന ദ്വന്ദം സൃഷ്ടിക്കാനും അതിലൂടെ ഭരണപക്ഷത്തെ സഹായിക്കാനുമുള്ള നീക്കങ്ങളാണെന്നുള്ളത് ലജ്ജാകരമാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് മുതല്‍ കെ. കെ. ഷാഹിന വരെ ഇത്തരം നീക്കങ്ങളുടെ ഭാഗമാവുന്നു. സി.പി.ഐ.എം പാര്‍ട്ടി ചാനലായ കൈരളിയില്‍ 'മാധ്യമപ്രവര്‍ത്തനം' നടത്തുന്ന ബ്രിട്ടാസിന്റേത് അപ്രതീക്ഷിതമായ നീക്കമല്ല. എന്നാല്‍ ഇടതുപക്ഷാനുഭാവിയായാലും അല്ലെങ്കിലും മാധ്യമപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ യു എ പി എ കേസ് ചുമത്തിയ കെ. കെ. ഷാഹിനയെപ്പോലുള്ളവര്‍ മാധ്യമപ്രവര്‍ത്തനത്തെ ദുര്‍വിനിയോഗം ചെയ്യുന്നത് ആശാസ്യമല്ല.

ഇ.ഡി കെ.ടി.ജലീലിനെ ചോദ്യം ചെയ്തിരുന്നുവെന്ന് സൂചനയുണ്ടായിട്ടും 'ചോദ്യം ചെയ്തു എന്ന് സൂചന' എന്ന് വാര്‍ത്ത് കൊടുക്കാതെ അത് സ്ഥിരീകരിക്കാന്‍ മന്ത്രിയെ വിളിച്ച മാധ്യമപ്രവര്‍ത്തകരോടെല്ലാം തന്നെ കെ. ടി. ജലീല്‍ തന്നെ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് കള്ളം പറഞ്ഞു. അന്നേ ദിവസം വൈകുന്നേരം ഇ.ഡി. യുടെ പ്രസ്താവന വരുന്നത് വരെ. ഇ.ഡി. വാര്‍ത്ത സ്ഥിരീകരിച്ചതിന് ശേഷം പ്രതികരണത്തിനായി വിളിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പ്രതികരിച്ചില്ല. ആദ്യമായി മന്ത്രിയുടേതായി പുറത്ത് വന്ന പ്രതികരണം കെ. കെ. ഷാഹിനയുടെ (ഷാഹിന നഫീസ എന്ന ഹാന്റിലില്‍ നിന്നുള്ള) ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു. താന്‍ ജോലി ചെയ്യുന്ന The Federal എന്ന സൈറ്റില്‍ ഇത് വാര്‍ത്തയായി നല്‍കിയിട്ടുണ്ട് എന്ന് പോസ്റ്റില്‍ പറഞ്ഞ ഷാഹിന, ഒരു കൂട്ടം ചോദ്യങ്ങള്‍ മന്ത്രിയോട് ചോദിച്ചതായും അതിനെല്ലാം അയാള്‍ മറുപടി പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തു. ഇതല്ലാതെ യാതൊരു പ്രതികരണവും ആ സമയത്ത് മന്ത്രിയുടേതായി പൊതുവിടത്തിലുണ്ടായിരുന്നില്ല. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് സത്യം ജയിക്കുമെന്നോ മറ്റോ പറയുന്നുണ്ടായിരുന്നു. മന്ത്രിയുടെ ഈ പ്രവൃത്തിയെ മാധ്യമങ്ങളും പ്രതിപക്ഷവും വിമര്‍ശിച്ചു. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഷാഹിന നഫീസ എന്തെങ്കിലും ആക്രമണം നേരിട്ടതായി എനിക്കറിവില്ല. ഇടതുപക്ഷ സഹയാത്രികരെല്ലാം ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും സത്യം 'പുറത്തുകൊണ്ടുവന്നതിന്' അവരെ അഭിനന്ദിക്കുകയും ചെയ്യുന്നതായാണ് കണ്ടത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസം മറ്റ് മാധ്യമപ്രവര്‍ത്തകരെ ചീത്ത വിളിച്ചും താന്‍ കഴിഞ്ഞ രണ്ട് ദിവസമായി അനുഭവിച്ചതുമൂലമുള്ള വൈകാരിക പ്രതികരണമാണെന്ന് പറഞ്ഞും ഷാഹിനയുടെ ഒരു കുറിപ്പ് പ്രചരിച്ചു.

ആദ്യം ഷാഹിന നടത്തിയ 'അഭിമുഖം' എങ്ങനെയാണ് തരംതാണ മാധ്യമപ്രവര്‍ത്തനമാകുന്നതെന്ന് പറയാം. ഈ പട്ടിക ഒരു പ്രത്യേകം ഗൂഗിള്‍ ഡോക്കിലാക്കിയിട്ടുണ്ട് ഇവിടെ.


ഷാഹിനയുടെ ചോദ്യം കെ.ടി ജലീലിന്റെ ഉത്തരം ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍/ എന്റെ സംശയങ്ങള്‍
താങ്കളെ ഇ ഡി ചോദ്യം ചെയ്തിരുന്നോ? ചെയ്തിരുന്നു
എപ്പോഴായിരുന്നു ചോദ്യം ചെയ്യൽ. ചട്ടപ്രകാരം നോട്ടീസ് തന്നാണോ വിളിപ്പിച്ചത്? അതേ. എല്ലാം ചട്ടപ്രകാരം തന്നെയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേരെ അവർ കാണുന്നുണ്ട്. ഏത് വിഷയവുമായി ബന്ധപ്പെട്ട്?

എവിടെ വെച്ചാണ് ചോദ്യം ചെയ്തത്?

എത്ര നേരം ചോദ്യം ചെയ്തു?

എപ്പോഴായിരുന്നു ചോദ്യം ചെയ്യല്‍ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.
ഇന്നലെ എത്ര മണിക്കാണ് അവരെ കണ്ടത്? എന്റെ സംശയം: നേരത്തെ എപ്പോഴാണ് ചോദ്യം ചെയ്തത് എന്ന ചോദ്യത്തിന് മന്ത്രി മറുപടി കൊടുത്തിട്ടില്ല. പിന്നെയെങ്ങനെയാണ് ഇന്നലെ എത്ര മണിക്കാണ് കണ്ടത് എന്ന് ചോദിക്കുന്നത്?
അക്കാര്യം (തലേ ദിവസം ഇ.ഡി. ചോദ്യം ചെയ്തു എന്ന് ഇപ്പോള്‍ പറഞ്ഞ കാര്യം) മറച്ചുവച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആക്ഷേപം.. അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമെന്താണ്? ഇഡി അവരുടെ ജോലി ചെയ്യുന്നു, അവർ മാധ്യമങ്ങളോട് അത് പറയുന്നില്ലല്ലോ! മാധ്യമങ്ങള്‍ വിവരം കിട്ടി ചോദിച്ചാലും കള്ളം പറയുന്നതെന്തിനാണ്?
താങ്കളെ ചോദ്യം ചെയ്തതായി ദില്ലിയിലെ ഇഡി ഓഫീസിൽ നിന്നും കൺഫേം ചെയ്തുവെന്നാണ് റിപ്പോർട്ട്.. (ചിരി) അങ്ങനെയന്നുമില്ല. ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.അത്രയേ ഉള്ളൂ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല എന്നല്ല, പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞില്ല എന്നല്ല, ചോദ്യം ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്ന് കള്ളം പറഞ്ഞുവെന്നാണ് മാധ്യങ്ങള്‍ പറയുന്നത്.
എന്തായിരുന്നു അവരുടെ അന്വേഷണത്തിന്റെ ഫോക്കസ് ? അവർ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചോദിച്ചു. ഞാൻ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി തന്നെ മറുപടിയും പറഞ്ഞു. വളരെ സൗഹാര്ദപരമായാണ്അവർ ഇടപെട്ടത്. ഏത് വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍?
റംസാൻ കിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ചോദിച്ചത് ? സ്വർണകടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചുവോ ? സ്വർണക്കടത്തുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ എന്നോട് ചോദിച്ചില്ല .കോൺസുലേറ്റ് വഴി ഖുർ ആനും പെരുന്നാൾ കിറ്റും കൊണ്ട് വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂ ഖുര്‍ആനും പെരുന്നാള്‍ കിറ്റും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളാണ് ചോദിച്ചത്?
ഈ വിഷയത്തിൽ ധാരാളം ആക്ഷേപങ്ങൾ നിങ്ങൾക്കെതിരെ ഉയർന്നല്ലോ ? ആ സാഹചര്യത്തിൽ ചോദിക്കുകയാണ് . എന്താണ് നിങ്ങൾ ഇ ഡി ക്ക് മുൻപാകെ നൽകിയ വിശദീകരണം ? അത് തന്നെയാണോ ജനങ്ങളോടും പറയാനുള്ളത് . തീർച്ചയായും. എനിക്ക് ഒരു കാര്യവും മറച്ചു വെക്കാനില്ല . ആളുകൾക്ക് ഖുർ ആനിന്റെ കോപ്പികൾ സമ്മാനമായി കൊടുക്കുന്നത് അവരുടെ ഒരു രീതിയാണ്. റംസാൻ കിറ്റ് കൊടുക്കുന്നതും ഒരു പുതിയ കാര്യം ഒന്നുമല്ല. ജൂൺ ആദ്യവാരത്തിലാണ് ഖുർ ആൻ കോപ്പികൾ കോൺസുലേറ്റ് വഴി അയച്ചത്. ഇവിടത്തെ മത ചാരിറ്റി സംഘടനകൾക്ക് വിതരണം ചെയ്യാൻ സഹായിക്കാമോ എന്ന് ചോദിച്ചു . കഴിഞ്ഞ വര്‍ഷങ്ങളിലും ഇതുപോലെ ഇവര്‍ സമീപിച്ചിരുന്നോ?

നിങ്ങള്‍ പുറത്ത് വിട്ട ചാറ്റില്‍ നിന്ന് കോണ്‍സുല്‍ ജെനറല്‍ ആണല്ലോ സ്വപ്ന വിളിക്കും, കോര്‍ഡിനേറ്റ് ചെയ്യാന്‍ എന്ന് പറയുന്നത്. ഇതിന് മുമ്പും ഇങ്ങനെ കോണ്‍സുലേറ്റിന്റെ കാര്യങ്ങള്‍ക്ക് സ്വപ്ന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?

ഈ സംഭാഷണം നടക്കുന്ന സമയത്ത് സ്വപ്നയെ കോണ്‍സുലേറ്റില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു എന്നറിയാമായിരുന്നോ?

സ്വപ്നയെ കോണ്‍സുലേറ്റാണ് ഇതിലേയ്ക്ക് കൊണ്ടുവന്നതെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഫോണ്‍ രേഖകളില്‍ താങ്കളുടെ പേര്‍സണല്‍ സ്റ്റാഫിനെ സരിത്ത് വിളിച്ചതായും കാണുന്നുണ്ട്?

അതിൽ പക്ഷെ താങ്കളുടെ റോൾ എന്താണ് ? നോക്കൂ , ഞാൻ വഖഫിന്റെ കൂടി മന്ത്രിയല്ലേ , മതപരവും സാംസ്കാരികവുമായ കാര്യങ്ങളിൽ എന്റെ ഓഫീസിന്റെ സഹായം തേടുന്നതിൽ അസാധാരണമായി ഒന്നുമില്ലല്ലോ . ഈ വർഷം കൊറോണ മൂലം അവർക്ക് ഈ കിറ്റുകളും ഖുർ ആൻ കോപ്പികളും വിതരണം ചെയ്യാൻ കഴിഞ്ഞില്ല .അത് കൊണ്ടായിരിക്കാം അത്തരത്തിൽ സഹായം തേടിയത് . അവിടെ വന്നതിൽ അവശേഷിച്ച 32 പാക്കറ്റുകൾ സി ആപ്റ്റിന്റെ ( Centre for Advanced Printing and Training) ഓഫീസിലേക്കാണ് എത്തിച്ചത് . അവിടെ നിന്ന് ടെക്സ്റ്റ് പുസ്തകങ്ങൾ കൊണ്ട് പോകുന്ന വണ്ടിയിൽ കയറ്റി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിക്കാനുള്ള സഹായമാണ് അവർ ചോദിച്ചത്. സർക്കാരിന് ഒരൊറ്റ പൈസ അധിക ചെലവ് വരുന്ന ഒരു കാര്യമൊന്നുമല്ല. UAE ഇന്ത്യയുമായി എത്രയോ നല്ല ബന്ധത്തിൽ ഇരിക്കുന്ന ഒരു രാജ്യമാണ്. അവിടെ ഒരു ക്ഷേത്രം പണിയാൻ നമ്മുടെ പ്രധാനമന്ത്രി അനുവാദം ചോദിച്ചപ്പോൾ സസന്തോഷം സ്ഥലം കൊടുത്ത രാജ്യമല്ലേ അത്. ആ ക്ഷേത്രത്തിന്റെ പണി പൂർത്തിയാകാറായി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരത്തിൽ സൗഹൃദ രാജ്യങ്ങൾ തമ്മിൽ മതപരവും സാംസ്കാരികവുമായ കൊടുക്കൽ വാങ്ങലുകൾ സാധാരണ നടക്കുന്നതല്ലേ? ഇതിലൊക്കെ എന്താണ് നിയമ വിരുദ്ധമായി ഉള്ളത്? എത്ര ഖുര്‍ആനാണ് അവര്‍ കൊടുത്തയച്ചത്, അവശേഷിച്ച 32 പാക്കറ്റുകള്‍ എന്ന് പറയുമ്പോള്‍?

സി ആപ്റ്റിന്റെ വാഹനത്തില്‍ ഇതയയ്ക്കാനുള്ള തീരുമാനം ആരുടേതായിരുന്നു?

ഇത്തരത്തില്‍ യു എ ഇയില്‍ നിന്നു വരുന്ന സംഗതികള്‍ പണ്ടും ഇങ്ങനെ സര്‍ക്കാര്‍ വാഹനങ്ങളിലാണോ അയച്ചിട്ടുള്ളത്?

ഈ വാഹനത്തിന്റെ ജി.പി.എസ് പ്രവര്‍ത്തിച്ചില്ല എന്നൊരാക്ഷേപം വന്നിരുന്നു. അതിനെക്കുറിച്ചെന്തെങ്കിലും?

സി ആപ്റ്റിൽ വന്ന പാക്കറ്റുകൾ എന്താണ് ചെയ്തത് ? ഒരു പാക്കറ്റ് അവിടത്തെ ജീവനക്കാർ പൊട്ടിച്ചു . നല്ല ഭംഗിയായി പ്രിന്റ് ചെയ്ത ഖുർ ആനുകൾ ആണ് . അവിടത്തെ ജീവനക്കാർ ഓരോ കോപ്പി എടുത്തോട്ടെ എന്ന് ചോദിച്ചു . മുസ്ലിങ്ങൾ മാത്രമല്ല കേട്ടോ. അവിടത്തെ ഇതര മതസ്ഥരായ ജീവനക്കാരും ഓരോ കോപ്പി ചോദിച്ചു. അങ്ങനെ ഇരുപത്തിനാല് കോപ്പികൾ അവിടത്തെ ജീവനക്കാർ എടുത്തു. അവരെ സംബന്ധിച്ചിടത്തോളം ഖുർ ആന്റെ കോപ്പികൾ അങ്ങനെ വിപണിയിൽ കിട്ടുന്ന ഒന്നല്ലല്ലോ. സി ആപ്റ്റിന്റെ എം ഡി സമ്മതിക്കുകയും ചെയ്തു . ബാക്കി ഉള്ളവ രണ്ടിടത്തേക്കായി കൊടുത്തയച്ചു .ഒന്ന് എടപ്പാളിലെ അൽ ഇർഷാദ് എന്ന സ്ഥാപനം. മറ്റൊന്ന് ആലത്തിയൂരിലെ ഒരു സ്ഥാപനം. അവർ അത് ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. കൊറോണ കഴിഞ്ഞിട്ടേ വിതരണം ചെയ്യാവൂ എന്ന് ഞാൻ പറഞ്ഞിരുന്നു . അതായത് നേരത്തെ പറഞ്ഞ 32 പാക്കറ്റുകളില്‍ ഒരു പാക്കറ്റ് സിആപ്റ്റിലെ ജീവനക്കാര്‍ പൊട്ടിച്ചു?

24 കോപ്പികള്‍ ജീവനക്കാര്‍ എടുത്തു എന്ന് പറയുമ്പോള്‍ ഒരു പാക്കറ്റില്‍ ഇരുപത്തിനാല് കോപ്പികളാണുണ്ടായിരുന്നതെന്നാണോ മനസ്സിലാക്കേണ്ടത്?

അതായത് ബാക്കി വരുന്ന 31 പാക്കറ്റുകളിലായി 24*31 ഖുറാനുകളാണ് സി ആപ്റ്റില്‍ നിന്നും പുറത്തേയ്ക്ക് പോയത്?

മുമ്പ് പത്രസമ്മേളനത്തില്‍ വന്ന ഖുര്‍ആന്‍ പാക്കറ്റുകളൊന്നും തന്നെ പൊട്ടിച്ചിട്ടില്ലെന്ന് താങ്കള്‍ പറഞ്ഞിരുന്നു. സിആപ്റ്റുകാര്‍ പൊട്ടിച്ചു എന്നിപ്പോള്‍ പറഞ്ഞ പാക്കറ്റ് ഒഴിച്ച് നിര്‍ത്തിയുള്ള കാര്യമാണോ അപ്പോള്‍ അന്ന് പറഞ്ഞത്?

ഇ ഡി ഇത്തരമൊരു അന്വേഷണം നടത്താനുള്ള സാഹചര്യം എന്താണ് ? എന്താണ് അവരുടെ അന്വേഷണത്തിന്റെ terms of reference താങ്കൾക്ക് മനസ്സിലായിടത്തോളം ? കോൺഗ്രസ്സും ബിജെപിയും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും പരാതി അയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് . ഖുർ ആന്റെ കോപ്പികൾ വന്നതുമായി ബന്ധപ്പെട്ടു അവർ പരാതി കൊടുത്തു .ഇത് വിദേശ ചട്ടങ്ങളുടെ ലംഘനമാണ് എന്നായിരുന്നു പരാതി. ആ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം മാത്രമാണിത് . സ്വർണക്കടത്തുമായി ഒന്നും ഇതിന് ഒരു ബന്ധവുമില്ല പക്ഷെ വിദേശചട്ടങ്ങളുടെ ലംഘനം ഇ.ഡി.യുടെ അന്വേഷണപരിധിയില്‍ വരുന്ന ഒന്നല്ലല്ലോ. അപ്പോള്‍ അവര്‍ അതന്വേഷിക്കുന്നതില്‍ അസ്വാഭാവികത തോന്നിയില്ലേ?
മറ്റെന്തൊക്കെയാണ് അവർ ചോദിച്ചത് ? എന്റെ സ്വത്ത് വിവരങ്ങൾ ചോദിച്ചു . എല്ലാം വിശദമായി പറഞ്ഞിട്ടുണ്ട് . എനിക്ക് നാട്ടിൽ പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ് ഉള്ളത് . അതിന്റെ ആധാരം പക്ഷേ നിയമസഭയിലാണ് .വീട് പെയിന്റടിക്കാനായി ആധാരം വെച്ച് ലോൺ എടുത്തിരുന്നു. എന്റെ ഭാര്യക്കോ മക്കൾക്കോ സ്വർണമൊന്നുമില്ല .അവർ മക്കളുടെ വിവരങ്ങൾ ചോദിച്ചു . മക്കൾ മൂന്ന് പേരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ആണ് പഠിച്ചത് . മക്കളുടെ വിദ്യാഭ്യാസത്തിനും എനിക്ക് കാര്യമായി ഒരു പൈസയും ചെലവായിട്ടില്ല . മൂത്ത മകൾ എൻ ഐ ടി യിലാണ് പഠിച്ചത് .അത് കഴിഞ്ഞു ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എം എസ് കഴിഞ്ഞു .ഇപ്പോൾ സിലിക്കൺ വാലിയിൽ ഇന്റെലിൽ ജോലി ചെയ്യുന്നു .അവളുടെ ഭർത്താവും അവിടെത്തന്നെയാണ് . അയാൾ ആപ്പിളിൽ ആണ് ജോലി ചെയ്യുന്നത് .രണ്ടാമത്തെയാൾ പൂനയിൽ എൽ എൽ ബി പഠിക്കുന്നു . മൂന്നാമത്തെയാൾ പോർട്ട് ബ്ലെയറിൽ സെൻട്രൽ ഗവണ്മെന്റിന്റെ കീഴിലുള്ള മെഡിക്കൽ കോളേജിൽ എം ബിബിഎസ് ചെയ്യുന്നു .(ആൻഡമാൻ നിക്കോബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്‌ ). അപ്പോള്‍ നേരത്തെ പറഞ്ഞതുപോലെ ചട്ടലംഘനത്തെക്കുറിച്ചല്ലായിരുന്നു ചോദ്യങ്ങള്‍?

ചട്ടലംഘനത്തെക്കുറിച്ചുള്ള പരാതിയില്‍ സ്വത്ത് വിവരം ചോദിക്കുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലേ?
ഇക്കാര്യങ്ങൾ ഒക്കെ മാധ്യമങ്ങളോട് പറഞ്ഞുകൂടായിരുന്നോ ? എന്ത് കാര്യത്തിന് ? പതിനാലാംതീയതി എന്തോ സംഭവിക്കും എന്നൊക്കെയല്ലേ ചില പത്രങ്ങൾ എഴുതിയത് ? അത് നമുക്ക് നോക്കാലോ എന്താ ഇപ്പൊ സംഭവിക്കുക എന്ന്. (വീണ്ടും ചിരി ) അപ്പോള്‍ മാധ്യമപ്രവര്‍ത്തകയായ എന്നോടും The Federal നോടും സംസാരിക്കുന്നത്?

ഇതിനുമുമ്പ് നിങ്ങള്‍ സ്വപ്ന സുരേഷിനെ പല പ്രാവശ്യം ഫോണ്‍ വിളിച്ചിരുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയാണല്ലോ ഉണ്ടായത്. മാധ്യമങ്ങളെല്ലാം തന്നെ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. അന്നത്തെ മനോഭാവത്തില്‍ നിന്നും മാറ്റം വരാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണം?

ഇത്തരത്തില്‍ ചില മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും മാത്രം സംസാരിക്കുന്നത് ഒരു തീരുമാനമായി എടുത്തിരിക്കുന്നതാണോ?
നിങ്ങളെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്നു എന്ന തോന്നൽ ഉണ്ടോ ? അതിപ്പോ മാധ്യമങ്ങൾക്ക് ഓരെ മക്കാറാക്കി എന്ന തോന്നൽ ഉണ്ടാവുമായിരിക്കും . പിന്നെ മൊത്തത്തിൽ എന്താണെന്നു വെച്ചാൽ മതപരമായി ജീവിക്കുന്ന ഒരാൾക്ക് കമ്യൂണിസ്റ്റ് ആവാൻ പറ്റില്ല എന്നാണല്ലോ ഒരു പൊതു ബോധം . നിങ്ങൾക്ക് കമ്യൂണിസ്റ്റ് ആവണോ ? നിങ്ങൾ ഇമ്പിച്ചിബാവയെ പോലെയോ പാലോളിയെ പോലെയോ ഒരു മുസ്ലിം ആയിക്കോ എന്നാണ് മനോഭാവം . മാധ്യമങ്ങള്‍ക്ക് അവരെ മക്കാറാക്കി എന്ന തോന്നലിലുപരി നിങ്ങള്‍ പറയുന്നത് വിശ്വസിച്ച് വാര്‍ത്തയായി കൊടുക്കാന്‍ കഴിയാത്തതിലുള്ള പ്രതിഷേധമുണ്ട് എന്നാണ് പറയുന്നത്?




മാധ്യമപ്രവര്‍ത്തനത്തിലുള്ള ചെറിയ അനുഭവം വെച്ച് തന്നെ എനിക്ക് പറയാന്‍ കഴിയും ഒരു മാധ്യമപ്രവര്‍ത്തകയായിരിക്കെ, ഒരു മാധ്യമസ്ഥാപനത്തിലെ 'അസോസിയേറ്റ് എഡിറ്റര്‍' എന്ന പദവി വഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ ഷാഹിനയിട്ട ടെലഫോണ്‍ സംഭാഷണം പോട്ടെ, The Federal ഇല്‍ അവരുടെ ബൈലൈനില്‍ വന്ന ഇതിനെ സംബന്ധിച്ച റിപ്പോര്‍ട്ട് പോലും നേരാംവണ്ണം എഡിറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന്. ഞാന്‍ ചൂണ്ടിക്കാണിച്ച ചോദ്യങ്ങള്‍ ഷാഹിന ചോദിച്ചില്ലെങ്കില്‍പ്പോലും എഡിറ്റിങ്ങ് ടേബിളില്‍ അവ (നല്ല എഡിറ്ററാണെങ്കില്‍ അതില്‍ക്കൂടുതലും) റിപ്പോര്‍ട്ടറോട് ചോദിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടര്‍ക്ക് വീണ്ടും ബൈറ്റെടുക്കേണ്ടതായി വരും. ഇത് വളരെ സാധാരണമായ ഒരു പ്രക്രിയയാണ്. The Wire, The Quint, The Ladies Finger എന്നിവയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളപ്പോഴെല്ലാം അങ്ങനെയാണ് എൻ്റെ അനുഭവം. മാധ്യമസുഹൃത്തുക്കളെല്ലാവരും ഇങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളത്. The Wire ലെ എഡിറ്റിങ്ങ് പ്രോസസ് ആയിരുന്നു ഏറ്റവും റിഗറസ്. അത് കൊണ്ടുതന്നെയാണ് അവരുടെ റിപ്പോര്‍ട്ടുകള്‍ അത്രയും സോളിഡാവുന്നതും.

മന്ത്രി ജലീല്‍ അയോഗ്യരെന്ന് വിധിയെഴുതിയ മാധ്യമങ്ങളെല്ലാം തന്നെ ഷാഹിന ഈ വിഷയത്തില്‍ ചെയ്ത മാധ്യമപ്രവര്‍ത്തനത്തേക്കാള്‍ എത്രയോ നന്നായി അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നു. അതേ, അതുതന്നെയാണ് മാധ്യമധര്‍മ്മം. അധികാരത്തിലിരിക്കുന്നവരെ ജനങ്ങള്‍ക്ക് വേണ്ടി ചോദ്യം ചെയ്യുക എന്നത്.

ഷാഹിനയോട് മാത്രം സംസാരിച്ചതിനും മറ്റ് മാധ്യമങ്ങളോട് കള്ളം പറഞ്ഞതിനും ശേഷം വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ കെ.ടി. ജലീല്‍ ഇംഗ്ലിഷ് പത്രമായ ദി ഹിന്ദുവിനോടും സംസാരിച്ചു.

മാധ്യമപ്രവര്‍ത്തകയായ ജിഷ എലിസബത്ത് പറഞ്ഞതിനോട് യോജിച്ചുകൊണ്ട് പറയട്ടെ, മന്ത്രി ജലീലോ, മുഖ്യമന്ത്രിയോ സ്വര്‍ണ്ണം കടത്തി എന്ന് ഞാനും കരുതുന്നില്ല. ജനങ്ങള്‍ക്കിടയിലും അങ്ങനെ ഒരു സംശയമുള്ളതായി എനിക്ക് തോന്നുന്നില്ല. എല്ലാവരും ചിന്തിക്കാന്‍ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ പുറത്ത് വരുന്ന വാര്‍ത്തകളു‌ടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ന്യായമായ സംശയങ്ങളാണ് ജനങ്ങള്‍ക്ക് എല്ലാ കാര്യത്തിലും ഉള്ളത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി മന്ത്രിമാരുടെ രാജിയോ, സര്‍ക്കാരിന്റെ പതനമോ ജനങ്ങളുടെ ലക്ഷ്യമാവേണ്ടതില്ല. തങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ജനപ്രതിനിധികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കൃത്യമായ മറുപടി ലഭിക്കുക എന്നുള്ളത് പൌരാവകാശമാണ്. സുതാര്യതയില്ലാത്ത ഭരണത്തിനു കീഴിൽ ഇതിനായി ജനങ്ങള്‍ക്ക് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും ആശ്രയിക്കേണ്ടിവരും. കെ.ടി. ജലീലിന്റെ ‘നിലപാടും’ അത് റിപ്പോര്‍ട്ട് ചെയ്ത കെ. കെ. ഷാഹിനയുടെ മാധ്യമപ്രവര്‍ത്തനവും അതു കൊണ്ടുതന്നെ ജനങ്ങളോടാണ് തെറ്റ് ചെയ്യുന്നത്. ജനങ്ങളുടെ ചോദ്യങ്ങളോടാണ് മുഖം തിരിക്കുന്നത്.

ജലീലിന്റെ കാര്യത്തില്‍ കെ. കെ. ഷാഹിന നടത്തിയ മാധ്യമ ഇടപെടല്‍ (മാധ്യമപ്രവര്‍ത്തനം ആയല്ല, മാധ്യമ ഇടപെടലായാണ് - intervention ഞാന്‍ അതിനെ കാണുന്നത്.) ഏഷ്യാനെറ്റിനെ ബഹിഷ്കരിച്ച സി.പി.ഐ.എമ്മിന്റെ, പത്രസമ്മേളനത്തില്‍ ‘മറുപടി അര്‍ഹിക്കാത്ത ചോദ്യങ്ങള്‍’ എന്ന് മാര്‍ക്കിടുന്ന മുഖ്യമന്ത്രിയുടെ, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ തുടക്കം തൊട്ട് എല്ലാ ചാനലുകളിലും മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ട് എന്ന് പറയുന്ന സി.പി.ഐ.എമ്മിന്റെയും അടവുനയത്തിന്റെ തുടര്‍ച്ചയായേ കാണാന്‍ കഴിയൂ. ഇത് എതിര്‍ക്കേണ്ട പ്രവണതയാണെന്നത് അടുത്ത ദിവസങ്ങളിലെ മാധ്യമവാര്‍ത്തകള്‍ സ്ഥിരീകരിച്ചു. കാരണം അടുത്ത ദിവസം ന്യൂസ്18 ഇത് സംബന്ധിച്ച് കൊടുത്ത വാര്‍ത്ത ഇതേ പ്രവണതയുടെ തുടര്‍ച്ചയായിരുന്നു.

മന്ത്രി ജലീലിന് ഇ.ഡി.യുടെ ക്ലീന്‍ ചിറ്റ്, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലല്ല ചോദ്യം ചെയ്തത്, ഇനി ചോദ്യം ചെയ്യില്ല എന്നായിരുന്നു ന്യൂസ്18 (റിലയന്‍സ് നെറ്റ്വര്‍ക്കിന്റെ ഭാഗം) ബ്രേക് ചെയ്ത വാര്‍ത്ത. സിപിഎം അനുഭാവിയായ ലല്ലു എന്ന മാധ്യമ പ്രവര്‍ത്തകനാണ് ഇത് സോഷ്യല്‍ മീഡിയയില്‍ ബ്രേക്കിങ്ങ് എന്ന തലക്കെട്ടില്‍ ഷെയര്‍ ചെയ്തത്. സിപിഎം സൈബര്‍ പ്രൊഫൈലുകളോരോന്നും വാര്‍ത്തയുടെ സ്ക്രീന്‍ഷോട് വ്യാപകമായി പ്രചരിപ്പിച്ചു. ന്യൂസ്18 ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സി.പി.ഐ.(എം.) പാര്‍ട്ടി ചാനലായ കൈരളിയല്ലാതെ വേറൊരു മാധ്യമവും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതേ സമയം ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി എന്നീ ചാനലുകള്‍ മറ്റൊരു വാര്‍ത്ത ബ്രേക് ചെയ്തിരുന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ചോദ്യം ചെയ്യല്‍ കൂടാതെ ഒരു ദിവസം കൂടി കെ.ടി ജലീലിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു എന്നാണത്. ‌സ്വര്‍ണ്ണക്കള്ളക്കടത്തുമായി മന്ത്രിയെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇ.ഡി.യ്ക്ക് ലഭിച്ചില്ല എന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വാര്‍ത്തകളും ഒരേ സമയം കണ്ടപ്പോള്‍ മറ്റു ചാനലുകളും ഈ വാര്‍ത്ത കൊടുക്കുമെന്നു കരുതി. അതുണ്ടായില്ല. സമയമേറെ കഴിഞ്ഞിട്ടും ന്യൂസ്18 മാത്രം ക്ലീന്‍ ചിറ്റ്, സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലല്ല ചോദ്യം ചെയ്തത്, ഇനി ചോദ്യം ചെയ്യില്ല എന്നിങ്ങനെ കാണിച്ച് കൊണ്ടിരുന്നു. സി.പി.ഐ.(എം.) അനുഭാവികളു‌ടെ ആഹ്ലാദപ്രകടനങ്ങള്‍ക്ക് നടുവില്‍ കെ. കെ. ഷാഹിനയുടെ വിധിയും വന്നു. ‘അപ്പൊ അത് കഴിഞ്ഞു. കെ ടി ജലീൽ. അയാൾക്കെതിരെ ഒരു തെളിവും ഇല്ലെന്ന് ഇ ഡി.’ എന്നായിരുന്നു അത്.

തുടര്‍ന്ന് നല്ല മാധ്യമപ്രവര്‍ത്തനം, ചീത്ത മാധ്യമപ്രവര്‍ത്തനം എന്ന് വകതിരിച്ച വിവരണം. തന്റെ മാധ്യമ ഇടപെടലിനെ വിമര്‍ശിച്ച മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കെല്ലാം ‘അസഹിഷ്ണുത കാരണം കണ്ണ് കാണാതെയായി’ എന്നഭിപ്രായപ്പെട്ടു. എന്നാല്‍ ഷാഹിന പറയുന്നത് പോലെ അവര്‍ക്ക് അഹങ്കാരമാണെന്നോ, മന്ത്രിയുടെ പ്രതികരണം തേടിയത് മോശമാണെന്നോ അല്ല ഒരു മാധ്യമപ്രവര്‍കരും അഭിപ്രായപ്പെട്ടത്. മറിച്ച്, ഷാഹിനയുടെ ചോദ്യങ്ങില്‍ മാധ്യമധര്‍മ്മത്തിന്റെ അഭാവമുണ്ടെന്നും, തനിക്ക് താല്‍പര്യമുള്ളവരോട് മാത്രം പ്രതികരിക്കുന്ന മന്ത്രിയുടെ നിലപാടില്‍ പ്രശ്നമുണ്ടെന്നുമാണ്. മന്ത്രിയുടെ പ്രതികരണം അറിയാനായി വിളിച്ച മാധ്യമങ്ങളോട് കള്ളം പറയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ്.

‘നരേന്ദ്രമോഡി, അയാളോട് വിധേയത്വം ഉള്ളവരോട് മാത്രം സംസാരിക്കുന്നതുപോലെയാണ് മന്ത്രി ജലീൽ എന്നോട്‌ സംസാരിച്ചത് എന്ന് ഒരു അവതാരക പറഞ്ഞതായി കേട്ടു.’ എന്ന് കുറിപ്പില്‍ പറയുന്നുണ്ട്. ഇത് പറഞ്ഞതാരാണെന്നറിയില്ല. ജലീലിന്റെ കാര്യത്തില്‍ അങ്ങനെയൊരഭിപ്രായം എനിക്കില്ല. ഷാഹിന ചോദിച്ച ചോദ്യങ്ങള്‍ക്ക് അയാള്‍ മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ നരേന്ദ്രമോദിയുടെ കണ്ണിലുണ്ണിയായ മാധ്യമപ്രവര്‍ത്തകരുടെ രീതിയുടെ കേരള വെര്‍ഷനാണ് കെ. കെ. ഷാഹിനയുടെ അഭിമുഖത്തിനുണ്ടായിരുന്നത് എന്ന് തന്നെ ഞാന്‍ കരുതുന്നു. ഇല്ലെങ്കില്‍ ഫോളോഅപ്പായെങ്കിലും കേരളത്തിലെ ജനങ്ങള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവര്‍ ചോദിക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങള്‍ ഷാഹിന ചോദിക്കുമായിരുന്നു. പ്രത്യേകിച്ച് അവരോടൊന്നും മന്ത്രി സംസാരിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നതായറിയുമ്പോള്‍.

ന്യൂസ്18 വാര്‍ത്തയെത്തുടര്‍ന്നെഴുതിയ കുറിപ്പില്‍ ഷാഹിന മാധ്യമപ്രവർത്തകർക്ക് ഒരുപദേശവും നല്കി. ഒരു സ്റ്റോറിക്ക് 24 മണിക്കൂറെങ്കിലും ആയുസ്സുണ്ടാകണമെന്ന്. സി.പി.ഐ.(എം.) മുഖപത്രമായ ദേശാഭിമാനി ഈ തലക്കെട്ടോടെ ഷാഹിനയുടെ കുറിപ്പ് പ്രസിദ്ധീകരിക്കുയും ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ന്യൂസ്18 നേരത്തേ കൊടുത്ത വാര്‍ത്ത അവാസ്തവമെന്ന് വ്യക്തമാക്കുന്ന ഇ.ഡിയുടെ പ്രസ്താവന മറ്റ് മാധ്യമങ്ങളില്‍ വന്നു. ന്യൂസ്18 തന്നെ നേരത്തെ കൊടുത്ത വാര്‍ത്തയ്ക്ക് വിരുദ്ധമായി ഇ.ഡി. കെ. ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വാര്‍ത്ത കൊടുത്തു. നേരത്തെ പറഞ്ഞതില്‍ നിന്നും വിഭിന്നമായി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലാണ് ചോദ്യം ചെയ്യുകയെന്നും ന്യൂസ്18 വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ കെ. കെ ഷാഹിനയില്‍ നിന്നോ, ബ്രേക്കിങ്ങായി നേരത്തെ വാര്‍ത്ത കൊടുത്ത ലല്ലുവില്‍ നിന്നോ തിരുത്ത് വന്നില്ല. മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ള ഒരു സ്റ്റോറിയുടെ ബലത്തില്‍ ഒരു സ്റ്റോറിക്ക് 24 മണിക്കൂറെങ്കിലും ആയുസ്സുണ്ടാകണം എന്നുപദേശിച്ചതിൽ അറംപറ്റിയത് ഒരു തമാശയായിക്കാണാം. പക്ഷെ ന്യൂസ്18ന്റെയും ഷാഹിനയുടെയും വിശദീകരണമില്ലാതെയുള്ള വാര്‍ത്താനിര്‍മ്മാണം പഠനാര്‍ഹമാണ്.

സ്വര്‍ണ്ണക്കള്ളക്ക‌ടത്ത് കേസില്‍ ഇതിന് മുമ്പ് ഇത്തരത്തിലൊരു കാര്യം നടന്നത് പ്രതിയായ സന്ദീപ് നായരുടെ അമ്മ മകന്‍ സി.പി.ഐ.(എം.) മെമ്പറാണെന്ന് പറഞ്ഞു എന്ന വാര്‍ത്തയിലാണ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമങ്ങളായ മനോരമയും ഏഷ്യാനെറ്റും വാര്‍ത്ത തിരുത്തി. എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടായിരുന്നു അത്. നായരുടെ അമ്മ സ്വന്തം കാര്യമാണ് പറഞ്ഞതെന്നും മകനെക്കുറിച്ചല്ല എന്നും വ്യക്തമാക്കിയതിനാലാണ് വാര്‍ത്ത തിരുത്തുന്നത് എന്നാണ് നല്‍കിയ വിശദീകരണം. എന്നാല്‍ ജലീലിനെ സംബന്ധിച്ച് കൊടുത്ത വാര്‍ത്തയില്‍ ന്യൂസ്18 ന്റെ വിശദീകരണങ്ങളൊന്നും വന്നില്ല. ആകെയുണ്ടായിരുന്ന വ്യത്യാസം എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ എന്നതിന് പകരം ഇ.ഡി. മേധാവി എസ്. കെ. മിശ്ര എന്ന് സ്രോതസ്സിന്റെ പേരെടുത്ത് പറഞ്ഞു എന്നതാണ്.

2008 ബോംബ് സ്ഫോടനക്കേസില്‍ അബ്ദുല്‍ നാസര്‍ മഅദ്നിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തെളിവ് കെട്ടിച്ചമയ്ക്കുകയായിരുന്നു എന്ന് തെഹല്‍ക്കയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തതിനാണ് കര്‍ണാടക പോലീസ് കെ. കെ. ഷാഹിനയ്ക്കെതിരെ യു.എ.പി.എ ചുമത്തിയത്. ഭരണകൂടത്തിനെ ചോദ്യം ചെയ്യുന്നതിലെ അപകടം കൃത്യമായി അറിയാവുന്ന മാധ്യമപ്രവര്‍ത്തകയാണ് ഷാഹിന. എന്നാല്‍ ഹാദിയ കേസ് മുതല്‍ കെ. ടി. ജലീല്‍ വരെ എത്തിനില്‍ക്കുമ്പോള്‍ ഭരണകൂടത്തെ പിന്തുണയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തനമെന്ന് വെളിപാടുണ്ടാവാൻ കെ. കെ. ഷാഹിനയ്ക്ക് പ്രേരണയെന്താണ്? ഷാഹിന പ്രകീര്‍ത്തിച്ച മാധ്യമപ്രവര്‍ത്തക നേഹ ദീക്ഷിത്തിന്റെ കുറിപ്പ് തന്നെയാണ് എനിക്കും ഓര്‍മ്മ വരുന്നത്.

A dangerous trend in Indian media is that the need to do ground reporting or in-depth analysis is being rendered redundant. Social media posts from the top of the journalist's head with an opinion are enough. A spot pic of the reporter is sufficient to indicate the report is complete.

Alternate to low standard television journalism is not Twitter & Instagram journalism where facts, complexities, ground realities & comprehensive pictures have been substituted by binary opinions & celebrity journalism.

Those who gave up on 'tv news' indicating disdain for it & moved to online platforms for news, pls demand comprehensive reports from everyone including reporters you like. Don't promote half baked, impulsive, populist, binary opinions. Unless you want to uphold a post-truth world.

എത്ര കൃത്യം!