Saturday 4 January 2020

നമ്മക്ക് കാണാം - ഫൈസ് അഹ്മദ് ഫൈസ് - ഹം ദേഖേംഗെ

നമ്മക്ക് കാണാം.
എന്ത് വന്നാലും നമ്മക്കും കാണാല്ലോ.
നമ്മക്ക് കാണാന്നേ
നമ്മക്ക് വാക്ക് തന്നിട്ടുള്ള ആ ദിവസം
നമ്മക്ക് കാണാം
അന്തമില്ലായ്മയില്‍ കോറിയിട്ടിട്ടുള്ള ആ ദിവസം
നമ്മക്ക് കാണാം.
എന്ത് വന്നാലും നമ്മക്കും കാണാല്ലോ.
നമ്മക്ക് കാണാന്നേ
സങ്കടത്തിന്റെ ഈ വന്‍മലകള്‍
അപ്പൂപ്പന്‍താടി പോലെ പറന്നുപോകും
പൗരന്മാരായ നമ്മുടെ കാല്‍ച്ചുവട്ടില്‍
ഈ ഭൂമി പടപടാ എന്നിടിക്കും
അപ്പൊ ഈ ഭരിക്കുന്നവരുടെ ഉച്ചിയില്‍‍
ഇടിയും മിന്നലും വെട്ടി വിറയ്ക്കുമ്പൊ
നമ്മക്ക് കാണാം.
എന്ത് വന്നാലും നമ്മക്കും കാണാല്ലോ.
നമ്മക്ക് കാണാന്നേ.
ദൈവത്തിന്റെ സ്വന്തം വീട്ടീന്ന്
കള്ള ദൈവങ്ങളെ പുറത്താക്കുമ്പൊ
വീട്ടീന്നിറക്കിവിട്ട നമ്മളെ
വീരാളിപ്പട്ട് വിരിച്ച ഇരിപ്പിടങ്ങളില്‍‍‍ വിളിച്ചിരുത്തും
കിരീടങ്ങളൊക്കെ തട്ടിത്തെറിപ്പിക്കും
സിംഹാസനങ്ങള്‍ തള്ളിമറിച്ചിടും
അപ്പൊ
നമ്മക്ക് കാണാം.
എന്ത് വന്നാലും നമ്മക്കും കാണാല്ലോ.
നമ്മക്ക് കാണാന്നേ
കാണാനും പറ്റുന്ന, കാണാനും പറ്റാത്ത,
കണ്ണും കാഴ്ചയുമായ
അള്ളാന്റെ പേര് മാത്രം ബാക്കിയാകും
ഞാനാണ് സത്യം എന്ന മുദ്രാവാക്യം ഉയരും
ആ സത്യമില്ലേ അത് ഞാനുമാണ് നീയുമാണ്
ദൈവത്തിന്റെ പൈതലുകളുടെ രാജ്യം വരും
അതെന്റേം ആണ് നിന്റേം ആണ്
നമ്മക്ക് കാണാം.
എന്ത് വന്നാലും നമ്മക്കും കാണാല്ലോ.
നമ്മക്ക് കാണാന്നേ

ഫൈസ് അഹ്മദ് ഫൈസിന്റെ 'ഹം ദേഖേംഗെ'യുടെ സ്വതന്ത്രം. കമന്റില്‍ റെഫറന്‍സ്