Tuesday, 6 November 2018

മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

ഡിയര്‍ Vishak Sankar

ഇപ്പോഴാണ് മലയാള്‍.അം തിരിച്ചുവരുന്നു എന്ന് നിങ്ങളെഴുതിയ കുറിപ്പ് കാണുന്നത്. 'മലയാളം നിലനിന്നിരുന്ന നാലുകൊല്ലം കൊണ്ട് നേടിയ ഒരു ലെഗസിയുണ്ട്. അത് ഇപ്പോഴും മങ്ങിയിട്ടില്ല എന്നാണ് ഈ വാർത്ത അറിയിച്ചുകൊണ്ട് ഫൗണ്ടർ എഡിറ്റർ ആയ സെബിൻ എഴുതിയ ആമുഖത്തിനുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.' എന്ന് എഴുതിക്കണ്ടു. ഇതില്‍ നിന്നും സെബിന്‍ അബ്രഹാം ജേക്കബ് എന്ന വ്യക്തി സൈറ്റിന്റെ ഫൗണ്ടര്‍ എഡിറ്ററാണെന്ന് മനസ്സിലാക്കുന്നു. ഇയാള്‍ എഴുതിയ ഒരു കുറിപ്പും അതിലെ 'സൗഹൃദങ്ങളുടെയും പരിചയങ്ങളുടെയും പുറത്താണ് പ്രസിദ്ധീകരണാവശ്യത്തിനുള്ള ലേഖനങ്ങളത്രയും ലഭിച്ചത്.' എന്ന വാചകവും കണ്ട് സത്യം പറഞ്ഞാല്‍ പേടിയാണ് തോന്നിയത്. 'ഇത്തവണ എഡിറ്റോറിയൽ ടീം മാറുകയാണ്. ഫൗണ്ടർ എഡിറ്റർ എന്ന് ആലങ്കാരികമായി പറയാമെങ്കിലും ഞാനിക്കുറി എഡിറ്റോറിയൽ മേശയ്ക്കു പിന്നിലില്ല. വിശാഖ് ശങ്കർ ആണ് പുതിയ എഡിറ്റർ.' എന്ന് ഇയാള്‍ പറയുന്നു. ആലങ്കാരിക ഫൗണ്ടര്‍ എഡിറ്റര്‍ എന്നൊന്നില്ലെന്നാണ് എന്റെ അറിവ്. ഇനി ആലങ്കാരികമായാണെങ്കിലും ഇയാള്‍ ആ പദവി അലങ്കരിക്കുന്നതിന് നിങ്ങളുടെ വിശദീകരണം തേടുകയാണ് ഞാന്‍. നടപടിയും.

കഴിഞ്ഞ വര്‍ഷം മി ടൂ കാലഘട്ടത്തില്‍ ഇയാളെ സംബന്ധിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1467143136739841 മലയാള്‍.അം ഇല്‍ എഴുതിയിരുന്ന സമയത്ത് സെബിന്‍ ആ സൈറ്റിന്റെ എഡിറ്ററായിരുന്നുകൊണ്ടുതന്നെ എന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയിരുന്നു എന്നാണ് ഞാന്‍ അന്ന് തുറന്നു പറഞ്ഞത്. പോസ്റ്റിട്ടതിനുശേഷം സെബിന്‍ നേരെ എന്റെ ഇന്‍ബോക്സില്‍ വന്ന് 'അത് പക്ഷെ പ്രണയമായിരുന്നു' എന്ന ഒരു വയലന്‍സ് കൂടി എന്നോട് ചെയ്തിരുന്നു.

ക്രിസ്പിന്‍ ജോസഫ് എന്നയാള്‍ മുഖാന്തരമാണ് ഞാന്‍ നിങ്ങളുടെ സൈറ്റിന് വേണ്ടി എഴുതിത്തുടങ്ങുന്നത്. ക്രിസ്പിനും എന്നോടും മറ്റ് സ്ത്രീകളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കവിയരങ്ങ് പോലുള്ള എന്തോ പരിപാടിയില്‍ ഇയാളുടെ പേര് കണ്ടപ്പോള്‍ ഞാന്‍ അധിക്കൃതരെ ഈ വിവരം അറിയിക്കുകയും അവര്‍ ഉടനെ ഇയാളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുള്ളതാണ്. ക്രിസ്പിനും ഇപ്പോഴും സൈറ്റിന്റെ ഭാഗമാണെന്ന് സെബിന്‍ ജേക്കബ് പറയുന്നു. സെബിനെ നിങ്ങള്‍ പേരെടുത്ത് പറഞ്ഞത് കണ്ടു. അതുകൊണ്ട് ഇത് മലയാളത്തില്‍ത്തന്നെ എഴുതുന്നു.

ഞാന്‍ ചെറുപ്പമായിരുന്നു പതിനെട്ട് പത്തൊമ്പത് വയസ്സോ മറ്റോ. ഇന്റര്‍നെറ്റ് ലോകത്ത് ആരെയും അറിയില്ല. പക്ഷെ എനിക്ക് എഴുതണം എന്ന് മാത്രമറിയാം. ക്രിസ്പിന്‍ ജോസഫിനുശേഷം സെബിന്‍ അബ്രഹാം ജേക്കബ് എന്നോട് സൈറ്റിന് വേണ്ടി സംസാരിച്ചു. എന്റെ എഴുത്ത് ഇഷ്ടമാണെന്നും പബ്ലിഷ് ചെയ്യാം എന്നും പറഞ്ഞു. അതിനുശേഷം ഞാന്‍ ആദ്യം എഴുതിയ ആര്‍ട്ടിക്കിള്‍ ഭയങ്കര ഹിറ്റായിരുന്നു. എനിക്ക് പക്ഷെ ഹിറ്റെന്താ ഏതാ എന്നൊന്നും അറിയുക കൂടിയില്ല. ഒരിക്കലും അതിനെപ്പറ്റി ആലോചിച്ചിട്ടും ഇല്ല. സെബിന്‍ ജേക്കബ് പറഞ്ഞാണ് ഹിറ്റാണ് എന്ന് മനസ്സിലാവുന്നത് തന്നെ. എനിക്ക് എഴുതായില്‍ മാത്രം മതി എന്നായിരുന്നു. ഇപ്പോഴും ആണ്.

ഞാന്‍ വേറെ സൈറ്റുകള്‍ക്ക് എഴുതാന്‍ തുടങ്ങിയപ്പോള്‍ സെബിന്‍ ജേക്കബ് തന്റെ എതിര്‍പ്പ് വളരെ വ്യക്തമാക്കിയിരുന്നു എന്നോട്. ആ സൈറ്റുകളെയും അത്രയും നാള്‍ വളരെ നല്ലതെന്ന് പറഞ്ഞുകൊണ്ടിരുന്ന എന്റെ എഴുത്തിനെയും പറ്റി മോശം പറയുമായിരുന്നു. ആ സമയത്ത് പേര്‍സണല്‍ ചാറ്റില്‍ ഇയാളോട് മാത്രമാണ് ഞാന്‍ ഇത്രയും സംസാരിച്ചിരുന്നത്. അങ്ങനെ ഒരു ദിവസമാണ് ഇയാള്‍ എന്നോട് പ്രേമമാണെന്ന് പറയുന്നത്. സെക്ഷ്വല്‍ ഹരാസ്മെന്റിന്റെ സുപരിചിതമായ ആദ്യ സ്റ്റെപ്. ഞാനൊരു ടീനേജറായിരുന്നു പക്ഷെ എന്റെ ഫേസ്ബുക്ക് പോസ്റ്റികളില്‍ രതിയെക്കുറിച്ച് എഴുതാറുണ്ടായിരുന്നു. ഞാന്‍ സെക്ഷ്വലി ആക്റ്റിവ് ആണെന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പല ഹരാസേര്‍സിനെപ്പോലെ ഇയാള്‍ എന്നോട് സെക്സ് സംസാരിക്കുന്നതിന് ഒരു കുഴപ്പവുമില്ല എന്നങ്ങ് തീരുമാനിച്ചത്. തുടങ്ങിയത് തന്നെ കഴിഞ്ഞ ദിവസം അയാക്ക് രതിമൂര്‍ഛയുണ്ടായപ്പോള്‍ ഭാര്യയുടെ പേരിന് പകരം എന്റെ പേര് പറയുന്നതിന്റെ വക്കത്തെത്തി എന്ന് പറഞ്ഞാണ്. ഞാനിത് നോര്‍മലൈസ് ചെയ്തു. പാവം! ഭാര്യയോടും എന്നോടുമുള്ള പ്രണയത്തില്‍ വലയുന്ന മനുഷ്യന്‍ എന്ന് എന്നോട് തന്നെ പറഞ്ഞു. വലഞ്ഞ് വലഞ്ഞ് അടുത്ത നടപടി ഞാനുമായി ഓറല്‍ സെക്സ് ചെയ്യുന്നത് വര്‍ണിക്കുക എന്നായിരുന്നു. 'പൂച്ച പാല്‍ക്കിണ്ണം നക്കിത്തുടയ്ക്കുന്നത് പോലെ' എന്ന് അയാള്‍ പറഞ്ഞത് ഇക്കാലമത്രയും കഴിഞ്ഞും ഓര്‍മയില്‍നില്‍ക്കുന്നത് അതൊക്കെ സഹിക്കേണ്ടി വന്ന എന്നോട് എനിക്ക് തന്നെ സഹതാപം തോന്നിയിട്ടാണ്. ക്രിസ്പിന് എന്റെ മുലകളായിരുന്നു ഇഷ്ടം എന്നാണോര്‍മ്മ. ക്രിസ്പിനുമായി ഒരു ലേഖനത്തില്‍ക്കൂടുതല്‍ സംസാരിക്കേണ്ടി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം വയലന്‍സ് പെട്ടന്ന് അവസാനിച്ചു.

എഴുതുന്ന ലേഖനങ്ങള്‍ക്ക് പ്രതിഫലം ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് സെബിന്റെ പീഡനം അവസാനിച്ചത് എന്ന് വേണം കരുതാന്‍. അര്‍ദ്ധനഗ്നരായ സ്ത്രീകളുടെ ഫോട്ടോ മലയാള്‍.അം ഇല്‍ ഇട്ടിരിക്കുന്നത് പൈസയ്ക്ക് വേണ്ടിയാണെന്നും എന്നിട്ടും ഒരു പൈസയും കിട്ടുന്നില്ലെന്നും ഇയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ പ്രതിഫലം വേണം എന്നതില്‍ ഉറച്ചുനിന്നു. ഒരിക്കല്‍ കോഴിക്കോട് (അന്ന് ഞാന്‍ ജീവിച്ചിരുന്ന സ്ഥലം) വന്ന് ഇയാള്‍ എനിക്ക് മുന്നൂറ് രൂപ തന്നു. അപ്പോഴേയ്ക്കും സൈറ്റിലേയ്ക്ക് വേണ്ടി എറ്റ് ലീസ്റ്റ് അ‍ഞ്ചാറ് ലേഖനം ‍ഞാന്‍ എഴുതിക്കാണും. പൈസ കിട്ടിയത് തന്നെ വലിയ കാര്യം എന്ന് വിചാരിച്ചതുകൊണ്ട് ഈ തുച്ഛമായ തുക ഏത് ലേഖനത്തിനാണ് അതോ ഇനി എല്ലാറ്റിനും കൂടെയുള്ളതാണോ എന്നൊന്നും ചോദിച്ചില്ല. ഇയാളെ റഹ്മത്ത് ഹോട്ടലില്‍ കൊണ്ട് പോയി ഞാന്‍ ബീഫ് ബിരിയാണി വാങ്ങിക്കൊടുത്തു. (ഞാന്‍ ഇങ്ങനെയാണ് ആളുകളെ ഗ്രീറ്റ് ചെയ്യാറ്. സെക്സ് സംസാരിച്ചല്ല)

സെബിന്‍ അബ്രഹാം ജേക്കബ് ഫൗണ്ടര്‍ എഡിറ്ററായുള്ള സൈറ്റ് നിങ്ങള്‍ പറയുന്നതുപോലെ സാംസ്കാരിക ഇടതുപക്ഷത്തിന്റെ വക്താവും 'സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ യാഥാസ്ഥിതിക നിലപാടുകളെ ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ത്തി പിടിക്കുന്ന, സ്ത്രീ വിരുദ്ധവും ദളിത്‌വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരെ ഉയരുന്ന ചെറുത്തുനില്‍പ്പുകളുടെ ആകെത്തുകയും' ആവുക സാധ്യമല്ല. 'ഇതില്‍ ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചുകൊണ്ട് ഒരു സാംസ്കാരിക ഇടതുപക്ഷമില്ല' എന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍ ജേക്കബ് ഫൗണ്ടര്‍ എഡിറ്ററാകുന്ന സാഹചര്യത്തില്‍ നിങ്ങള്‍ സാംസ്കാരിക ഇടതുപക്ഷമല്ല എന്നും സ്ത്രീവിരുദ്ധമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരല്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.
എഡിറ്റര്‍ എന്ന നിലയില്‍ ഇത് നിങ്ങള്‍ ഉത്തരാവാദിത്തത്തോടെ ചെയ്യും എന്ന് കരുതട്ടെ.
നന്ദി,
കുഞ്ഞില
#metoo

No comments:

Post a Comment