Showing posts with label sexual harassment. Show all posts
Showing posts with label sexual harassment. Show all posts

Thursday, 4 August 2022

കേരളത്തിലെ സാംസ്കാരിക നായകർ: വി. ആർ സുധീഷ്, ശൈലൻ, കെ. പി. സുവീരൻ

ഇത് നിങ്ങള്‍ പ്ലാന്‍ ചെയ്ത് മനഃപ്പൂര്‍വ്വം ചെയ്ത കാര്യമാണോ? എന്ന് മാതൃഭൂമിയിലെ ഒരു വനിതാ റിപ്പോര്‍ട്ടര്‍ അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയിൽ ഞാൻ നടത്തിയ പട്ടി ഷോയോട് അനുബന്ധിച്ച് എന്നോട് ചോദിച്ചു. രഞ്ജിത്ത് എന്റെ പട്ടി ഷോയെ വികൃതി എന്ന് വിളിച്ചതിനോട് പ്രതികരിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു, അതെ, ഞാന്‍ എല്ലാം പ്ലാന്‍ ചെയ്തതാണ്. എഴുതുന്ന ഓരോ തെറിയും വാക്കും അതിന് വേണ്ടിയാണ്. ഈ ‘എല്ലാം’ എന്നതില്‍ എന്തൊക്കെ പെടും എന്ന് പതുക്കെ മനസ്സിലാവും. ഇന്ന് ഒരു കഥ പറയാം. അതാണല്ലോ എന്റെ തൊഴില്. 


ഒരുത്തനെ എറണാകുളത്തേയ്ക്ക് എടുത്തെറിഞ്ഞ് തിരിച്ച് വരുമ്പോള്‍ ഇല വീഴാ പൂഞ്ചിറ കാണാന്‍ കയറി. അപ്സരയുടെ ടിക്കറ്റ് കൗണ്ടറിന്റെ അങ്ങോട്ട് പോകുമ്പോള്‍ വി.ആര്‍.സുധീഷ് ആണെന്ന് തോന്നിക്കുന്ന ഒരാള്‍ കാലന്‍ കുടയും പിടിച്ച് തിയറ്ററിന്റെ ഉള്ളില്‍ വടി പോലെ നിക്കുന്നത് കണ്ടു. ടിക്കറ്റ് കൗണ്ടറില്‍ ചെന്നപ്പോ അഞ്ച് മിനുറ്റ് കൂടി കഴിഞ്ഞ് ഇരുപത് രൂപ കുറച്ച് കിട്ടും എന്ന് പറഞ്ഞത് കേട്ട് ഞാന്‍ ഒരു സിഗരറ്റ് വലിച്ച് തിരിച്ച് വന്നു. അപ്പൊ നേരത്തെ വടി പോലെ നിന്നിരുന്ന ആളുടെ അടുത്തേയ്ക്ക് ചിരിയുമായി നടന്നടുക്കുന്ന, എന്നിക്ക് പരിചയമുള്ള, എന്നെ പരിചയമുള്ള, ഒരാളെ കണ്ടു. ചിരിച്ച് കൊണ്ട് സംസാരിക്കുന്ന വേറൊരാളെയും. ഞാന്‍ ആ പരിചയമുള്ള ആളെ കണ്ടപ്പോള്‍ ചിരിച്ച് അങ്ങോട്ട് നടന്നു, പരിചയം പുതുക്കാന്‍. 

 


പുതുക്കി. എന്നിട്ട് ഞാന്‍ ഫുള്‍ കോഴിക്കോടിന്റെ സാംസ്കാരിക കൂട്ടായ്മകളില്‍ പടു വാഴകള്‍ ചെയ്യാറുള്ള പോലെ സൗഹൃദ സംഭാഷണം നടത്തി. സംഭാഷണം നടക്കുന്നത് ഓവര്‍ലാപ്പിങ്ങ് ഡയലോഗുകള്‍ വെച്ചാണേ. അതുകൊണ്ട് ഓര്‍ഡര്‍ കണിശമായി നോക്കണ്ട. 

***


കുഞ്ഞില മാസ്സിലാമണി: വി. ആര്‍. സുധീഷ് അല്ലേ? 

വി. ആര്‍. സുധീഷ്: അതെ. ഐ. ആം സുധീഷ് എന്നും പറയാം. 


കുഞ്ഞില, ശൈലന്‍, ഉമേഷ് എന്നിവര്‍ ചിരിക്കുന്നു. എനിക്ക് ആ ചളി ഇഷ്ടപ്പെട്ടു. എനിക്ക് ചളി ഭയങ്കര ഇഷ്ടാ. ഈ സമയം തൊട്ട് ശൈലന്റെ നോട്ടം കുഞ്ഞിലയുടെ കഴുത്തിലാണ്. 


കുഞ്ഞില: നിങ്ങളാരാ?

ശൈലന്‍: ശൈലന്‍

കുഞ്ഞില: (സണ്ണിയെ മനസ്സിലായ തിലകന്റെ മട്ടില്‍) ആആആആ. കവി. അല്ലേ. 

ഐ.ആം സുധീഷ്. നമ്മളാരാണാവോ? 

കുഞ്ഞില: കുഞ്ഞില. 

ഐ. ആം. ആ. അസംഘടിതര്‍ എടുത്ത? (കാലിഫോര്‍ണിയയിലെ...)

കുഞ്ഞില: അതെ.

ഐ.ആം: അഖിലയുടെ മോളല്ലേ? (അമ്പട കള്ളാ! സണ്ണിക്കുട്ടാ!)

കുഞ്ഞില: (മുഖത്തെ ചിരി വലുതായി വരുന്നു) അല്ല, സേതുലക്ഷ്മിയുടെ മോളാ. 


ഫ്ലാഷ് ബാക്ക്. 

പത്ത്+/- കൊല്ലം മുമ്പ് മഹാറാണി അല്ലെങ്കില്‍ അളകാപുരി ഇതില്‍ ഏതിന്റെയോ ബാറില്‍ അഖില ഹെന്‍റിയും (<20 Female, Kozhikode) സുവീരനും (43) കൊല്ലം മുമ്പ് ഇരുന്ന് സുവീരന്‍ കള്ള് കുടിക്കുന്നു. ഹെന്‍റിയും. കുറച്ച് മുമ്പ് ഹോട്ടല്‍ മുറിയില്‍ വെച്ച് നടന്ന സുവീരന്റെ തല്ല് കൊണ്ട് ഫീമേലിന്റെ എന്തൊക്കെയോ എവിടെയൊക്കെയോ വേദനിക്കുന്നുണ്ട്. ഫീമേലിന്റെ മനസ്സില്‍ കുറെ സംശയങ്ങളുണ്ട്. ഇയാള്‍ എന്നെ എന്തിനാണ് ഇങ്ങനെ തല്ലുന്നത്? ഇയാളെ ഞാന്‍ സ്നേഹിക്കുകയല്ലേ ചെയ്യുന്നത്. ഇയാള് എന്നെ സ്നേഹിക്കുന്നു എന്നാണല്ലോ എന്നോട് പറഞ്ഞത്? സ്നേഹിക്കുന്ന ആള്‍ക്കാരെ തല്ലുമോ? തെറി പറയുമോ? കരയിപ്പിക്കുമോ? ഇയാടെ തലച്ചോറ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ ഒരുപക്ഷേ ഇതിനൊക്കെ ഉത്തരം കിട്ടുമായിരിക്കും. പെട്ടന്ന് 


സുവീരന്‍: (കുടിച്ചോണ്ടിരുന്ന സംഗതി ഒക്കെ ഇട്ടെറിഞ്ഞ്) ഡോ. സണ്ണിയെ തിരിച്ചറിഞ്ഞ തിലകനെ പോലെ ഓടിച്ചാടി ഒരു ടേബിളിലേയ്ക്ക് പോകുന്നു. മാസ്കില്ലാത്ത ഐ.ആം സുധീഷാണ് അത്. ഇവര് വന്‍ സംസാരം കളി ചിരി. സുവീരന്‍ തിരിച്ച് ടേബിളില്‍ ഇരുന്ന് കഴിഞ്ഞ് ഫീമേല്‍ ഇയാളോട്, 


ഫീമേല്‍: അതാരാ? 

സുവീരന്‍: അയ്യേ വി.ആര്‍. സുധീഷിനെ അറിയില്ല? സാംസ്കാരിക കേരളത്തെക്കുറിച്ച് വല്യ പിടിയില്ലാന്ന് തോന്നണു (തിലകന്‍ നെടുമുടി വേണുവിനോട് മോഡ്). മോശം മോശം മോശം മോശം മോശം (ഫഹദ് ഫാസില്‍)

ഫ്ലാഷ്ബാക്ക് എന്റ്സ്. 


CUT TO


കുഞ്ഞില: (ഐയാം സുധീഷിനോട്, ചിരിച്ച് കൊണ്ട്) നിങ്ങൾക്കെതിരെ ഈയടുത്ത് ഒരു മി ടൂ വന്നിരുന്നു അല്ലേ? 

സുധീഷ്: (ചിരിച്ച്) അതെ അതെ. ശൈലനും ചിരിക്കുന്നു. 

കുഞ്ഞില: (ശൈലനോട്) നിങ്ങളെന്താ ഇങ്ങനെ ചിരിക്കുന്നത്? 

ശൈലൻ എന്റെ സ്വഭാവം അങ്ങനെയാണ്. എല്ലാ കാര്യങ്ങളും ചിരിച്ച് സംസാരിക്കുന്ന ആളാണ്. 

കുഞ്ഞില. ഓ.ആണല്ലേ. അത് ശരി. (സുധീഷിനോട്) ഞാനിവിടെ നിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ? നിന്ന് നിങ്ങളോട് സംസാരിക്കുന്നത് കൊണ്ട്?

ശൈലൻ. എന്ത് പ്രശ്നം? നിങ്ങളല്ലേ വെറുതെ ഇറിറ്റേഷൻ ആക്കുന്ന കാര്യങ്ങൾ ചോദിച്ചത്? 

കുഞ്ഞില. അതെന്ത് കാര്യം? 

ശൈലൻ. എന്തിനാ ചിരിക്കുന്നത് തുടങ്ങിയ

കുഞ്ഞില. അത് ഇറിറ്റേറ്റ് ചെയ്യാൻ ചോദിച്ചതല്ല. ന്യായമായും സംശയം തോന്നിയതാണ്. 


അവർ അവരുടെ സംസാരങ്ങളിലേയ്ക്ക് തിരിയുന്നു. 


കുഞ്ഞില. (ശൈലനോട്) നിങ്ങളെന്തിനാണ് എൻ്റെ കഴുത്തിലേയ്ക്ക് നോക്കുന്നത്? 

ശൈലൻ. അവിടെ ഉഗ്രനൊരു കടി കിടക്കുന്നു. 

കുഞ്ഞില. അത് കടിയല്ല. ലവ് ബൈറ്റാണ്. 

സുധീഷ്. സൂക്ഷിക്കണേ, ഇതൊക്കെ ഇനി മിടൂ പോസ്റ്റായി വരും. 

കുഞ്ഞില (ചിരിച്ച്) ഞാൻ മി ടൂ പോസ്റ്റ് ഇടാനൊന്നും പോണില്ല. പക്ഷേ ഇത് അങ്ങനെ പോസ്റ്റ് ഇടാവുന്ന കാര്യം തന്നെയാണ്. 

സുധീഷ്. ഏ? 

കുഞ്ഞില. അതായത് ശൈലന്റെ ഇക്കാര്യം പറഞ്ഞ് മി ടൂ പോസ്റ്റിട്ടാ അതില് വലിയ തെറ്റൊന്നുമില്ല. 

സുധീഷ്. ആ. 

കുഞ്ഞില. (ഉമേഷിനോട്) ഞാൻ ഇങ്ങോട്ട് വന്ന് സംസാരിച്ചത് നിങ്ങളെ ഇക്കൂട്ടത്തിൽ പ്രതീക്ഷിച്ചില്ലായിരുന്നു ഞാൻ. അതുകൊണ്ടാണ്. അത് പറയാനാണ്. 


കുഞ്ഞില അവിടെ നിന്നും പോകുന്നു. തിയറ്ററിന്റെ പടിയിൽ ഇരിക്കുന്നു. 


***


(ഈ എഴുതിയതിൽ ഞാൻ ഒഴിവാക്കിയ കാര്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാൻ ഐ.ആം. സുധീഷിനെയും ശൈലനെയും ക്ഷണിക്കുന്നു. ഇറിറ്റേഷൻ എന്നതിന് പകരം വേറെ എന്തോ വാക്കാണ് ഉപയോഗിച്ചതെന്നൊരു തോന്നൽ.) 


ഞാൻ അവിടെ ഇരിക്കുന്ന സമയത്ത് സുധീഷിനോടും ശൈലനോടുമുള്ള സംസാരം കഴിഞ്ഞ് ഉമേഷ് അവിടെ എത്തി. ഞങ്ങൾ തമ്മിൽ പലതും സംസാരിച്ചു. അപ്പോഴാണ്, ഞാൻ എടുത്ത സിനിമാ ടിക്കറ്റ് ഞാനറിയാതെ ബസ് ടിക്കറ്റ് ഞെരിക്കുന്നത് പോലെ ഞെരിച്ച് ആകെ ചുളിഞ്ഞ കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. 


ഉമേഷിനെ അവിടെ പ്രതീക്ഷിച്ചില്ല എന്നത് കൊണ്ട് ഞാൻ അർത്ഥമാക്കിയത് അദ്ദേഹം സുധീഷിനോടും ശൈലനോടും സംസാരിക്കുന്നത് പൊളിറ്റിക്കലി ഇൻകറക്ടാണ് എന്ന് ഞാൻ കരുതുന്നു എന്നല്ല. പക്ഷേ നേരത്തെ എഴുതിയ സംഭാഷണത്തിന്റെ ഇടയിൽ ഒരിക്കൽ പോലും അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല എന്നതാണ്. 


ഞാൻ സിനിമ കാണാൻ കയറി. ആ തിയറ്ററിലാണ് പണ്ട് സുവീരനുമായി ഏതോ സിനിമ - കാണാൻ പോയതും അയാക്ക് ഉണ്ടിരിക്കുന്ന തെണ്ടിയെപ്പോലെ രതിസുഖം വേണം എന്ന് തോന്നിയതിനാൽ എന്റെ കൈ എടുത്ത് അയാൾക്ക് ഞാൻ രതിസുഖം കൊടുത്തതും അടുത്തിരിക്കുന്ന ആൾക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന് അയാൾ എന്നെ പഠിപ്പിക്കുകയും ചെയ്തത് എന്ന് ഓർമ്മ വന്നു. ഇന്റർവെല്ലിന്റെ സമയത്ത് അയാൾ കാപ്പി വിൽക്കുന്ന സ്ഥലത്തിന്റെ ഓപ്പസിറ്റ് നിന്ന് സിഗരറ്റ് വലിക്കുകയും ആളുകളെല്ലാം ഞങ്ങളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും.


സിനിമ കണ്ട് കഴിഞ്ഞ് അതിന്റെ മാസ്മരികതയിൽ മയങ്ങി, ഞാൻ വാച്ചിന്റെ സ്ട്രാപ് മാറ്റാൻ മിഠായിത്തെരുവിലെ ഒരു കടയിൽ കയറി. എന്നാൽ വാച്ച് എടുക്കാൻ മറന്നതിനാൽ മാറ്റാൻ പറ്റിയില്ല. തിരിച്ച് വീട്ടിലെത്തി നോക്കുമ്പോ ജീൻസിന്റെ പോക്കറ്റിൽ വാച്ച്. പക്ഷേ നേരത്തെ തപ്പിയപ്പോ…അത് താക്കോലാണെന്ന് കരുതിയിരുന്നു. ഹ്മ്. ഇനിമുതൽ താക്കോൽ ഇടുന്ന പോക്കറ്റിൽ നന്നാക്കനുള്ള വാച്ച് ഇടാൻ പാടില്ല. ഈ ദൃഢപ്രതിജ്ഞയെടുത്ത് ഞാൻ പോയി ഇല വീഴാ പൂഞ്ചിറയ്ക്ക് ഫേസ്ബുക്കിൽ ഒരു റിവ്യൂ എഴുതി ഇട്ടു.  


കഥ തുടരുന്നു…



Sunday, 11 November 2018

malayal.am Sexual Harassment - മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

#metoo
Vishak Sankar ഇടതുപക്ഷ സഹയാത്രികരില്‍നിന്നുള്ള ലൈംഗിക അതിക്രമ കേസുകള്‍ നിങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും മനസ്സിലായത്. മലയാള്‍.അം എഡിറ്റര്‍ സെബിന്‍ അബ്രഹാം ജേക്കബ് എന്നോട് കാണിച്ച വയലന്‍സ് തെളിവ് സഹിതം കാണിച്ച് തന്നിട്ടും മൗനമാണ് മറുപടി എന്ന് കാണുന്നു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മൗനം വെച്ച് ഒരു സമരം ഇല്ലാതാക്കാം എന്ന് കരുതരുത്. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. ജോലിസ്ഥലത്ത് എഴുത്തുകാരികള്‍ ആക്രമിക്കപ്പെടുന്നു - ഇടതുപക്ഷ ജോലിയിടങ്ങളില്‍ പ്രത്യേകിച്ചും - എന്ന് വരുന്നത് നിങ്ങള്‍ക്ക് ഒരു പ്രശ്നമായിത്തോന്നുന്നില്ലെങ്കില്‍ സൈറ്റെന്നല്ല എഴുതുന്ന ഒരു വാക്കിന് പോലും നിലനില്‍പിന് പോലുമുള്ള യോഗ്യതയില്ല എന്ന് തന്നെ പറയേണ്ടി വരും. നിങ്ങളെ ഓര്‍മ്മിപ്പിക്കുകയല്ലാതെ എനിക്ക് വേറെ സമരമാര്‍ഗ്ഗങ്ങളൊന്നുമില്ല. https://www.facebook.com/photo.php?fbid=1901092856678198&set=a.100616923392476&type=3 ഇംഗ്ലിഷില്‍ പോസ്റ്റിട്ടതിനശേഷം സെബിന്‍ ജേക്കബ് ഇന്‍ബോക്സില്‍ വന്ന് കാണിച്ച വയലന്‍സ് ഇവിടെ. നിങ്ങള്‍ക്ക് ഇതിനെ സംബന്ധിച്ച് ഞാനെഴുതിയ ആദ്യത്തെ കുറിപ്പ് ഇവിടെ https://www.facebook.com/kunjilaamani/posts/1899367593517391 ഇംഗ്ലിഷില്‍ കഴഇഞ്ഞ വര്‍ഷം എഴുതിയ പോസ്റ്റ് ഇവിടെ. https://www.facebook.com/kunjilaamani/posts/1467143136739841
ഉറക്കം നടിക്കുന്നത് നിര്‍ത്തുമെന്നും ഇത്തരം വയലേറ്റേഴ്സിനെതിരെ കര്‍ശനമായ നടപടിയെടുക്കും എന്നും കരുതട്ടെ.
കുഞ്ഞില

Wednesday, 7 November 2018

malayal.am Sexual Harassment - മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

#metoo
Vishak Sankar
സെബിന്‍ അബ്രഹാം ജേക്കബില്‍ നിന്നു നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് നിങ്ങള്‍ക്കെഴുതിയ കുറിപ്പ് അവഗണിച്ചിരിക്കുന്നു എന്ന് കാണുന്നു. ഇതോടെ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന സ്ത്രീ സമത്വത്തിന്റെ കാര്യം ഏതാണ്ട് മനസ്സിലായി. ഒന്ന് പറയട്ടെ നിങ്ങള്‍ എത്ര അവഗണിച്ചാലും കണ്ണടച്ച് ഇരുട്ടാക്കിയാലും ഞാന്‍ നിങ്ങളെയും പൊതുജനത്തെയും ഓര്‍മപ്പെടുത്തുന്നത് നിര്‍ത്തുകയില്ല. മലയാള്‍.അം വീണ്ടും തുടങ്ങുന്നു എന്ന് പറയുമ്പോള്‍ ആദ്യം ഞാന്‍ ആലോചിക്കുന്നത് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടേക്കാവുന്ന യുവ എഴുത്തുകാരികളെക്കുറിച്ചാണ്. സെബിന്‍ അബ്രഹാം ജേക്കബ് മാപ്പ് പറയുകയും - അത് ഈ സ്ക്രീന്‍ഷോട്ടില്‍ കാണുന്നപോലെ പക്ഷെ എനിക്ക് പ്രേമമയിരുന്നു എന്ന വയലന്‍സും കൊണ്ടല്ല - തെറ്റ് സമ്മതിച്ച് മാപ്പ് പറയുകയും മലയാള്‍.അം പരസ്യ പ്രസ്താവന ഇറക്കുകയും ചെയ്യാതെ ഞാന്‍ നിര്‍ത്താനുദ്ദേശിച്ചിട്ടില്ല. ഒരാള്‍ മാത്രമേ സമരം ചെയ്യുന്നുള്ളു എന്ന് വെച്ച് സമരമല്ലാതാകുന്നില്ലല്ലോ. നിങ്ങളോട് നടപടി എടുക്കാന്‍ പറഞ്ഞ് ഞാന്‍ ആദ്യം എഴുതിയ പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1899367593517391ഇയാളില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് ആദ്യമായി സംസാരിച്ച ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1467143136739841
സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇട്ട് കഴിഞ്ഞയുടന്‍ ഇന്‍ബോക്സില്‍ വന്ന സെബിന്‍ ജേക്കബിന്റെ മറുപടിയാണ്. അതിനു മുകളില്‍ പകുതി കാണുന്നത് ഞാന്‍ ഏതോ പോസ്റ്റ് ഇട്ടപ്പോള്‍ രതിമൂര്‍ച്ഛയെ ബാധിക്കുന്ന മരുന്നുകളപ്പറ്റി ആവശ്യപ്പെടാതെ ക്സാസ്സെടുക്കാന്‍ വന്ന ജേക്കബാണ്. ഒരു സ്ത്രീയെക്കൊണ്ട് ദിവസവും ഇത്തരം അനുഭവത്തെക്കുറിച്ച് സംസാരിപ്പിക്കുക എന്ന ഹരാസ്മെന്റ് കൂടിയാണ് നിങ്ങള്‍ പരസ്യമായി ചെയ്തുകൊണ്ടിരിക്കുന്നത്.
കുഞ്ഞില

Tuesday, 6 November 2018

മലയാള്‍.അം ലൈംഗിക അതിക്രമം തിരുത്തുമോ?

ഡിയര്‍ Vishak Sankar

ഇപ്പോഴാണ് മലയാള്‍.അം തിരിച്ചുവരുന്നു എന്ന് നിങ്ങളെഴുതിയ കുറിപ്പ് കാണുന്നത്. 'മലയാളം നിലനിന്നിരുന്ന നാലുകൊല്ലം കൊണ്ട് നേടിയ ഒരു ലെഗസിയുണ്ട്. അത് ഇപ്പോഴും മങ്ങിയിട്ടില്ല എന്നാണ് ഈ വാർത്ത അറിയിച്ചുകൊണ്ട് ഫൗണ്ടർ എഡിറ്റർ ആയ സെബിൻ എഴുതിയ ആമുഖത്തിനുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.' എന്ന് എഴുതിക്കണ്ടു. ഇതില്‍ നിന്നും സെബിന്‍ അബ്രഹാം ജേക്കബ് എന്ന വ്യക്തി സൈറ്റിന്റെ ഫൗണ്ടര്‍ എഡിറ്ററാണെന്ന് മനസ്സിലാക്കുന്നു. ഇയാള്‍ എഴുതിയ ഒരു കുറിപ്പും അതിലെ 'സൗഹൃദങ്ങളുടെയും പരിചയങ്ങളുടെയും പുറത്താണ് പ്രസിദ്ധീകരണാവശ്യത്തിനുള്ള ലേഖനങ്ങളത്രയും ലഭിച്ചത്.' എന്ന വാചകവും കണ്ട് സത്യം പറഞ്ഞാല്‍ പേടിയാണ് തോന്നിയത്. 'ഇത്തവണ എഡിറ്റോറിയൽ ടീം മാറുകയാണ്. ഫൗണ്ടർ എഡിറ്റർ എന്ന് ആലങ്കാരികമായി പറയാമെങ്കിലും ഞാനിക്കുറി എഡിറ്റോറിയൽ മേശയ്ക്കു പിന്നിലില്ല. വിശാഖ് ശങ്കർ ആണ് പുതിയ എഡിറ്റർ.' എന്ന് ഇയാള്‍ പറയുന്നു. ആലങ്കാരിക ഫൗണ്ടര്‍ എഡിറ്റര്‍ എന്നൊന്നില്ലെന്നാണ് എന്റെ അറിവ്. ഇനി ആലങ്കാരികമായാണെങ്കിലും ഇയാള്‍ ആ പദവി അലങ്കരിക്കുന്നതിന് നിങ്ങളുടെ വിശദീകരണം തേടുകയാണ് ഞാന്‍. നടപടിയും.

കഴിഞ്ഞ വര്‍ഷം മി ടൂ കാലഘട്ടത്തില്‍ ഇയാളെ സംബന്ധിച്ച് ഞാന്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. ഇംഗ്ലിഷിലുള്ള പോസ്റ്റ് ഇവിടെ https://www.facebook.com/kunjilaamani/posts/1467143136739841 മലയാള്‍.അം ഇല്‍ എഴുതിയിരുന്ന സമയത്ത് സെബിന്‍ ആ സൈറ്റിന്റെ എഡിറ്ററായിരുന്നുകൊണ്ടുതന്നെ എന്നെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയിരുന്നു എന്നാണ് ഞാന്‍ അന്ന് തുറന്നു പറഞ്ഞത്. പോസ്റ്റിട്ടതിനുശേഷം സെബിന്‍ നേരെ എന്റെ ഇന്‍ബോക്സില്‍ വന്ന് 'അത് പക്ഷെ പ്രണയമായിരുന്നു' എന്ന ഒരു വയലന്‍സ് കൂടി എന്നോട് ചെയ്തിരുന്നു.

ക്രിസ്പിന്‍ ജോസഫ് എന്നയാള്‍ മുഖാന്തരമാണ് ഞാന്‍ നിങ്ങളുടെ സൈറ്റിന് വേണ്ടി എഴുതിത്തുടങ്ങുന്നത്. ക്രിസ്പിനും എന്നോടും മറ്റ് സ്ത്രീകളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ട്. കവിയരങ്ങ് പോലുള്ള എന്തോ പരിപാടിയില്‍ ഇയാളുടെ പേര് കണ്ടപ്പോള്‍ ഞാന്‍ അധിക്കൃതരെ ഈ വിവരം അറിയിക്കുകയും അവര്‍ ഉടനെ ഇയാളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുള്ളതാണ്. ക്രിസ്പിനും ഇപ്പോഴും സൈറ്റിന്റെ ഭാഗമാണെന്ന് സെബിന്‍ ജേക്കബ് പറയുന്നു. സെബിനെ നിങ്ങള്‍ പേരെടുത്ത് പറഞ്ഞത് കണ്ടു. അതുകൊണ്ട് ഇത് മലയാളത്തില്‍ത്തന്നെ എഴുതുന്നു.

ഞാന്‍ ചെറുപ്പമായിരുന്നു പതിനെട്ട് പത്തൊമ്പത് വയസ്സോ മറ്റോ. ഇന്റര്‍നെറ്റ് ലോകത്ത് ആരെയും അറിയില്ല. പക്ഷെ എനിക്ക് എഴുതണം എന്ന് മാത്രമറിയാം. ക്രിസ്പിന്‍ ജോസഫിനുശേഷം സെബിന്‍ അബ്രഹാം ജേക്കബ് എന്നോട് സൈറ്റിന് വേണ്ടി സംസാരിച്ചു. എന്റെ എഴുത്ത് ഇഷ്ടമാണെന്നും പബ്ലിഷ് ചെയ്യാം എന്നും പറഞ്ഞു. അതിനുശേഷം ഞാന്‍ ആദ്യം എഴുതിയ ആര്‍ട്ടിക്കിള്‍ ഭയങ്കര ഹിറ്റായിരുന്നു. എനിക്ക് പക്ഷെ ഹിറ്റെന്താ ഏതാ എന്നൊന്നും അറിയുക കൂടിയില്ല. ഒരിക്കലും അതിനെപ്പറ്റി ആലോചിച്ചിട്ടും ഇല്ല. സെബിന്‍ ജേക്കബ് പറഞ്ഞാണ് ഹിറ്റാണ് എന്ന് മനസ്സിലാവുന്നത് തന്നെ. എനിക്ക് എഴുതായില്‍ മാത്രം മതി എന്നായിരുന്നു. ഇപ്പോഴും ആണ്.

ഞാന്‍ വേറെ സൈറ്റുകള്‍ക്ക് എഴുതാന്‍ തുടങ്ങിയപ്പോള്‍ സെബിന്‍ ജേക്കബ് തന്റെ എതിര്‍പ്പ് വളരെ വ്യക്തമാക്കിയിരുന്നു എന്നോട്. ആ സൈറ്റുകളെയും അത്രയും നാള്‍ വളരെ നല്ലതെന്ന് പറഞ്ഞുകൊണ്ടിരുന്ന എന്റെ എഴുത്തിനെയും പറ്റി മോശം പറയുമായിരുന്നു. ആ സമയത്ത് പേര്‍സണല്‍ ചാറ്റില്‍ ഇയാളോട് മാത്രമാണ് ഞാന്‍ ഇത്രയും സംസാരിച്ചിരുന്നത്. അങ്ങനെ ഒരു ദിവസമാണ് ഇയാള്‍ എന്നോട് പ്രേമമാണെന്ന് പറയുന്നത്. സെക്ഷ്വല്‍ ഹരാസ്മെന്റിന്റെ സുപരിചിതമായ ആദ്യ സ്റ്റെപ്. ഞാനൊരു ടീനേജറായിരുന്നു പക്ഷെ എന്റെ ഫേസ്ബുക്ക് പോസ്റ്റികളില്‍ രതിയെക്കുറിച്ച് എഴുതാറുണ്ടായിരുന്നു. ഞാന്‍ സെക്ഷ്വലി ആക്റ്റിവ് ആണെന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പല ഹരാസേര്‍സിനെപ്പോലെ ഇയാള്‍ എന്നോട് സെക്സ് സംസാരിക്കുന്നതിന് ഒരു കുഴപ്പവുമില്ല എന്നങ്ങ് തീരുമാനിച്ചത്. തുടങ്ങിയത് തന്നെ കഴിഞ്ഞ ദിവസം അയാക്ക് രതിമൂര്‍ഛയുണ്ടായപ്പോള്‍ ഭാര്യയുടെ പേരിന് പകരം എന്റെ പേര് പറയുന്നതിന്റെ വക്കത്തെത്തി എന്ന് പറഞ്ഞാണ്. ഞാനിത് നോര്‍മലൈസ് ചെയ്തു. പാവം! ഭാര്യയോടും എന്നോടുമുള്ള പ്രണയത്തില്‍ വലയുന്ന മനുഷ്യന്‍ എന്ന് എന്നോട് തന്നെ പറഞ്ഞു. വലഞ്ഞ് വലഞ്ഞ് അടുത്ത നടപടി ഞാനുമായി ഓറല്‍ സെക്സ് ചെയ്യുന്നത് വര്‍ണിക്കുക എന്നായിരുന്നു. 'പൂച്ച പാല്‍ക്കിണ്ണം നക്കിത്തുടയ്ക്കുന്നത് പോലെ' എന്ന് അയാള്‍ പറഞ്ഞത് ഇക്കാലമത്രയും കഴിഞ്ഞും ഓര്‍മയില്‍നില്‍ക്കുന്നത് അതൊക്കെ സഹിക്കേണ്ടി വന്ന എന്നോട് എനിക്ക് തന്നെ സഹതാപം തോന്നിയിട്ടാണ്. ക്രിസ്പിന് എന്റെ മുലകളായിരുന്നു ഇഷ്ടം എന്നാണോര്‍മ്മ. ക്രിസ്പിനുമായി ഒരു ലേഖനത്തില്‍ക്കൂടുതല്‍ സംസാരിക്കേണ്ടി വന്നിട്ടില്ല എന്നതുകൊണ്ടായിരിക്കാം വയലന്‍സ് പെട്ടന്ന് അവസാനിച്ചു.

എഴുതുന്ന ലേഖനങ്ങള്‍ക്ക് പ്രതിഫലം ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് സെബിന്റെ പീഡനം അവസാനിച്ചത് എന്ന് വേണം കരുതാന്‍. അര്‍ദ്ധനഗ്നരായ സ്ത്രീകളുടെ ഫോട്ടോ മലയാള്‍.അം ഇല്‍ ഇട്ടിരിക്കുന്നത് പൈസയ്ക്ക് വേണ്ടിയാണെന്നും എന്നിട്ടും ഒരു പൈസയും കിട്ടുന്നില്ലെന്നും ഇയാള്‍ എന്നോട് പറഞ്ഞു. ഞാന്‍ പ്രതിഫലം വേണം എന്നതില്‍ ഉറച്ചുനിന്നു. ഒരിക്കല്‍ കോഴിക്കോട് (അന്ന് ഞാന്‍ ജീവിച്ചിരുന്ന സ്ഥലം) വന്ന് ഇയാള്‍ എനിക്ക് മുന്നൂറ് രൂപ തന്നു. അപ്പോഴേയ്ക്കും സൈറ്റിലേയ്ക്ക് വേണ്ടി എറ്റ് ലീസ്റ്റ് അ‍ഞ്ചാറ് ലേഖനം ‍ഞാന്‍ എഴുതിക്കാണും. പൈസ കിട്ടിയത് തന്നെ വലിയ കാര്യം എന്ന് വിചാരിച്ചതുകൊണ്ട് ഈ തുച്ഛമായ തുക ഏത് ലേഖനത്തിനാണ് അതോ ഇനി എല്ലാറ്റിനും കൂടെയുള്ളതാണോ എന്നൊന്നും ചോദിച്ചില്ല. ഇയാളെ റഹ്മത്ത് ഹോട്ടലില്‍ കൊണ്ട് പോയി ഞാന്‍ ബീഫ് ബിരിയാണി വാങ്ങിക്കൊടുത്തു. (ഞാന്‍ ഇങ്ങനെയാണ് ആളുകളെ ഗ്രീറ്റ് ചെയ്യാറ്. സെക്സ് സംസാരിച്ചല്ല)

സെബിന്‍ അബ്രഹാം ജേക്കബ് ഫൗണ്ടര്‍ എഡിറ്ററായുള്ള സൈറ്റ് നിങ്ങള്‍ പറയുന്നതുപോലെ സാംസ്കാരിക ഇടതുപക്ഷത്തിന്റെ വക്താവും 'സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ യാഥാസ്ഥിതിക നിലപാടുകളെ ഒളിഞ്ഞും തെളിഞ്ഞും ഉയര്‍ത്തി പിടിക്കുന്ന, സ്ത്രീ വിരുദ്ധവും ദളിത്‌വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരെ ഉയരുന്ന ചെറുത്തുനില്‍പ്പുകളുടെ ആകെത്തുകയും' ആവുക സാധ്യമല്ല. 'ഇതില്‍ ഏതെങ്കിലും ഒന്നിനെ ഉപേക്ഷിച്ചുകൊണ്ട് ഒരു സാംസ്കാരിക ഇടതുപക്ഷമില്ല' എന്ന് നിങ്ങള്‍ തന്നെ പറയുമ്പോള്‍ ജേക്കബ് ഫൗണ്ടര്‍ എഡിറ്ററാകുന്ന സാഹചര്യത്തില്‍ നിങ്ങള്‍ സാംസ്കാരിക ഇടതുപക്ഷമല്ല എന്നും സ്ത്രീവിരുദ്ധമായ അധികാരസ്ഥാപനങ്ങള്‍ക്ക് എതിരല്ല എന്നും വ്യക്തമാക്കേണ്ടതുണ്ട്.
എഡിറ്റര്‍ എന്ന നിലയില്‍ ഇത് നിങ്ങള്‍ ഉത്തരാവാദിത്തത്തോടെ ചെയ്യും എന്ന് കരുതട്ടെ.
നന്ദി,
കുഞ്ഞില
#metoo

Tuesday, 15 November 2016

പള്ളിവികാരിയുടെ ലൈംഗിക അതിക്രമത്തിനെതിരെ സ്ത്രീയുടെ പരാതി

കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് പള്ളി വികാരിക്കെതിരെ സഭാംഗമായ സ്ത്രീയുടെ ലൈംഗിക അതിക്രമ പരാതി. 2016 ആഗസ്റ്റ് മാസം മുതൽ അശ്ലീലം കലർന്ന മെസേജുകളിലൂടെ തന്നെ ശല്യം ചെയ്യുകയായിരുന്ന അച്ചനെതിരെ നിരവധി തവണ മെത്രാനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടാവാഞ്ഞതിനെ തുടർന്നാണ് പോലീസ് പരാതി. എഫ് ഐ ആർ റെജിസ്റ്റർ ചെയ്തിരിക്കുന്നു.

മകളുടെ പിറന്നാളിന് പ്രാർത്ഥിക്കാനായി എല്ലാ കൊല്ലത്തെയും പോലെ വികാരിയെ സമീപിച്ചതിനുശേഷമാണ് ഇയാൾ ഫോണിലേയ്ക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങിയത്. സ്ത്രീ കോൽക്കത്തയിലായിരുന്ന സമയത്ത് നിയമിതനായ ഈ വികാരിയുമായി ആദ്യമായി ഈ ആവശ്യത്തിനുവേണ്ടിയാണ് ഇവർ ബന്ധപ്പെട്ടത്. തുടർന്ന് ഫോണിലേയ്ക്ക് നിരന്തരമായി മെസേജുകളയയ്ക്കുകയായിരുന്നു വികാരി. പള്ളി എന്ന സ്ഥാപനത്തിലെ ഉന്നത അധികാരത്തിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായപ്പോൾ ആദ്യം ഞെട്ടിപ്പോയെങ്കിലും ഈ തെളിവു കാണിച്ചാൽ ഇയാൾക്കെതിരെ നടപടി ഉണ്ടാവുമല്ലോ എന്നാലോചിച്ച് ഇവർ സഭയെ സമീപിച്ചു. വർഷങ്ങളായി സഭാംഗമായ തനിക്കെതിെരെ ഈ അളവിൽ അനീതി നടക്കുന്നത് തീർച്ചയായും ശിക്ഷ അർഹിക്കുന്ന പ്രവൃത്തിയാണെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടായിരുന്നു ഇത്. മലബാര്‍ ഇടവക മെത്രാൻ റോയ്‌സ് മനോജ് വിക്ടറിനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞും നടപടിയൊന്നും കാണാഞ്ഞതിനാൽ വീണ്ടും ബിഷപ്പിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടി എ  ജെയിൻ എന്ന കുറ്റാരോപിതനായ വികാരി ആരോപണങ്ങളെല്ലാം നിരസിച്ചിരുന്നു എന്നാണ് ബിഷപ് മറുപടി നൽകിയത്.

ലൈംഗിക അതിക്രമ പരാതികളുടെ കാര്യത്തിൽ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് സഭ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതായി കാണാൻ കഴിയുന്നത്. പരാതി ലഭിച്ചതിനുശേഷം അന്വേഷണമൊന്നും നടത്തിയതായി കാണാൻ കഴിയുന്നില്ല. പരാതിക്കാരിയുടെ വിശദാംശങ്ങൾ പള്ളിയിൽ പ്രചരിക്കുകയും അതിനെത്തുടർന്ന് ഒറ്റപ്പെടുത്തൽ നേരിടേണ്ടി വന്നതായും സ്ത്രീ പറയുന്നു.

സി എസ് ഐ സിഡ് ഡെപ്യൂട്ടി മോഡറേറ്ററായ തോമസ് കെ ഉമ്മനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 'എപ്പോഴും എന്നെ വിളിച്ചുകൊണ്ടിരുന്നാൽ എനിക്ക് സമയമില്ല' എന്ന് പറയുകയും മറ്റ് പള്ളിപ്പരിപാടികളുമായി താൻ തിരക്കിലാണെന്ന് പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു. താനാണ് പള്ളിവികാരിയെ പ്രകോപിപിച്ചത് എന്നർത്ഥം വരുന്ന രീതിയിലുള്ള സംസാരങ്ങൾ തന്നോട് പല സഭാംഗങ്ങളും പറഞ്ഞതായി സ്ത്രീ പറയുന്നു. മൂന്ന് വർഷത്തേയ്ക്ക് തന്നെ സഭയിൽ നിന്ന് ബഹിഷ്കരിച്ചതായി വിവരം കിട്ടിയെന്നറിഞ്ഞു എന്നാണ് മറ്റൊരംഗം പറഞ്ഞത്. [ഇത്തരത്തിലൊന്നും നടന്നതായി വിവരം ലഭിച്ചിട്ടില്ല]. പരാതിയിന്മേൽ സഭ നടപടിയൊന്നും എടുക്കാഞ്ഞതുകൊണ്ടുകൂടിയാണ് പള്ളിയിലെ മറ്റംഗളിൽപ്പലരും തന്നെ ഒറ്റപ്പെടുത്തിയതെന്നും ഇവർ പറയുന്നു.

പള്ളിവികാരിയെ ഇതിനിടയിൽ ഒരിക്കൽ നിലമ്പൂരിലേയ്ക്ക് സ്ഥലം മാറ്റിയെങ്കിലും അവിടുത്തെ സഭാംഗങ്ങളുടെ എതിർപ്പു കാരണം പിന്നെയും കോഴിക്കോട് പള്ളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒരിക്കൽ കാര്യം പുറത്തറിയും എന്ന് തോന്നിയപ്പോൾ മാത്രമാണ് മെത്രാൻ തനിക്ക് മെയിലിൽ നടപടി ഉറപ്പ് നൽകിയത് എന്ന് സ്ത്രീ പറയുന്നു. ഒരുപാട് വേദനിച്ചെങ്കിലും തനിക്കെതിരെ മാത്രമല്ല, കൊച്ചു കുട്ടികളുൾപ്പെടെ പള്ളിയിൽ പോകുന്നവർക്കുംകൂടിയാണ് ഇത് ചെയ്യുന്നത് എന്ന ബോധ്യമാണ് തനിക്ക് ധൈര്യം നൽകിയതെന്ന് ഇവർ കൂട്ടിച്ചേർത്തു.

നവംബറിൽ ജോലിസ്ഥലമായ കോൽക്കത്തയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഈ പരാതിയിന്മേൽ നടപടി പ്രതീക്ഷിച്ചാണ് പോയത്. എന്നാൽ തന്നെ ശല്യം ചെയ്ത വികാരി തന്നെയാണ് ഇപ്പോഴും ശുശ്രൂഷ നടത്തുന്നതെന്ന് മനസ്സിലായപ്പോൾ ഇവർ 'അന്വേഷി' എന്ന സംഘടനയെ സമീപിക്കുകയും അവർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സഭാംഗങ്ങളിൽ പലരും ഒത്തുതീർപ്പ് ചർച്ചയ്ക്ക് സ്ത്രീയെ ക്ഷണിച്ചെങ്കിലും വികാരിക്ക് മാപ്പ് കൊടുക്കാനായിരുന്നു ഇതെന്ന് മനസ്സിലായപ്പോൾ തന്നെ ദ്രോഹിച്ച വ്യക്തിയുമായി ഒരുതരത്തിലുമുള്ള സമ്പർക്കം വേണ്ടെന്ന തീരുമാനത്തിൽ ഇവർ ഉറച്ച് നിൽക്കുകയും പോലീസിൽ പരാതികൊടുക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് പള്ളിയുടെ ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലും പീഡനവും കൂടുകയായിരുന്നു. ട്രഷറർ സ്റ്റാൻലി ജോൺസ് തന്നെ മാനസികമായി പീഡിപ്പിച്ചതായി സ്ത്രീ പറയുന്നു. പള്ളിക്കുടിശ്ശിക അടച്ചതിന്റെ രസീറ്റ് നൽകാൻ ഇയാൾ വിസ്സമ്മതിച്ചു. 'ഇവർ പരാതി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് രസീറ്റ് കൊടുക്കരുതെന്ന് ഉത്തരവുണ്ടെ'ന്നാണ് ഇയാൾ പറഞ്ഞത്. ഉടനെ സ്ത്രീ മെത്രാനെ വിളിച്ച് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ 'രസീറ്റ് കൊടുത്താലെന്താ?' എന്ന് മെത്രാൻ ചോദിച്ചു. ഇതിനെത്തുടർന്ന് സ്റ്റാൻലി ജോൺസ് മെത്രാനോട് സ്ത്രീയുടെ മുമ്പിൽ വെച്ച് വസ്തുതാവിരുദ്ധമായി സംസാരിക്കുകയും ഇവരെ അവഹേളിക്കുകയും ചെയ്തു. ഇവരുടെ ഫോണിലെ മെസേജുകൾ നോക്കിയ ശേഷം എസ് ഐ അതിൽ യാതൊരു 'വൾഗറുമി'ല്ലെന്ന് പറഞ്ഞിരിക്കുന്നതായും അത് കൂടാതെ സ്ത്രീയെ വൈകാതെ 'പൊക്കും' എന്നുമാണ് ഇയാൾ മെത്രാനെ ധരിപ്പിച്ചത്.

പള്ളി വികാരി സ്ത്രീയ്ക്കയച്ച മെസേജുകളിൽ ചിലത്

പരാതിക്കാരിയെ പിന്തുണച്ച സഭാംഗങ്ങളെയും ഒറ്റപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു. രസീത് കൊടുക്കണമെന്ന് ട്രെഷററോട് ആവശ്യപ്പെട്ട സെക്രട്ടറി സുമേഷ് ജോണിനോട് കഴുത്ത് പോയാലും കൊടുക്കില്ലെന്നും ഇത് തന്റെ നിയമമാണെന്നും പറഞ്ഞതിനുശേഷം സ്വന്തം പള്ളിവികാരിയെ 'കുടുക്കി' എന്നും ട്രഷറർ ആരോപിച്ചു. വികാരിയെ സ്ഥലം മാറ്റിയപ്പോൾ തിരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞ് ഒരു സ്ത്രീ അടക്കം ചിലർ ഒപ്പിട്ടുകൊടുത്തപ്പോൾ സെക്രട്ടറി ഒപ്പ് വയ്ക്കാഞ്ഞത് കാര്യങ്ങൾ വഷളാക്കി.

മൂന്ന് ദിവസം മുമ്പ് ഈ ബ്ലോഗർ അന്വേഷണോദ്യോഗസ്ഥനായ എസ് ഐ പ്രകാശനെ ബന്ധപ്പെട്ടപ്പോൾ സ്ത്രീയുടെ കൈവശമുള്ള തെളിവുകൾ സൈബർ സെല്ലിന് കൈമാറുന്ന തിരക്കിലായിരുന്നു. അറസ്റ്റ് വൈകുന്നതെന്താണെന്ന് ചോദിച്ചപ്പോൾ തെളിവുകളെല്ലാം വെരിഫൈ ചെയ്തതതിനുശേഷം മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് എസ്. ഐ പറഞ്ഞത്. മാത്രമല്ല, പരാതിയുടെ സ്വഭാവം ശാരീരികമല്ലെന്നും വാക്കാൽ മാത്രമുള്ള ലൈംഗിക അതിക്രമമാണെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ആൾ സാധാരണക്കാരനല്ലെന്നും സമൂഹത്തിൽ സ്ഥാനമുള്ള ഒരു പള്ളിവികാരിയാണെന്നും അറസ്റ്റിനെത്തുടർന്ന് ആരുടെയും വികാരം വ്രണപ്പെടാതിരിക്കണമെന്ന് ആശിക്കുന്നുവെന്നും എസ് ഐ കൂട്ടിച്ചേർത്തു. നവംബർ പതിന്നാലിന് പരാതിക്കാരി പത്രസമ്മേളനം നടത്തി വിവരം പൊതുലോകത്തെ അറിയിച്ചു.

നടപടി എടുക്കാൻ വിസ്സമ്മതിച്ച മെത്രാൻ റോയ്‌സ് മനോജ് വിക്ടറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. കുറ്റാരോപിതനായ വികാരിയെ ഫോണിൽ നവംബർ പതിനഞ്ചാം തിയ്യതി ബന്ധപ്പെട്ടപ്പോൾ 
ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞു. പോലീസിനും ഇക്കാര്യം അറിയാമെന്നും അതുകൊണ്ടാണ് തനിക്കെതിരെ നടപടിയൊന്നും ഇതുവരെ ഉണ്ടാവാത്തതെന്നും വികാരി പറഞ്ഞു. കഴിഞ്ഞ ആഴ്ച പോലീസ് തന്റെ മൊഴി എടുത്തിരുന്നുവെന്ന് പറഞ്ഞതിനുശേഷം കഴിഞ്ഞ ഒന്നര മാസമായി ഈ സ്ത്രീയുടെ ആരോപണം കാരണം താൻ വലിയ മാനസികവിഷമത്തിലാണെന്നും ഈ സ്ത്രീയും ഇവരുടെ കൂടെ നിൽക്കുന്ന ചിലരും തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും കൊന്നിട്ട് പിന്നെയും കൊല്ലുന്നതിന് തുല്യമാണ് ഇതെന്നും വികാരി ജെയിൻ പറഞ്ഞു.

എന്നാൽ ഇതേ ദിവസം എസ് ഐ പ്രകാശൻ വികാരിയുടെ അവകാശവാദം നിരസിച്ചു. ഇതുവരെ ആരോപിതനായ വികാരിയെ കണ്ടിട്ടുകൂടിയില്ലെന്നും മെത്രാനെ തലേദിവസം മുമ്പ് കണ്ട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും മൊഴി എടുത്തുവെന്നും പറഞ്ഞു. 'സഭേന്റെ അധികാരിയാണല്ലോ വികാരി. അയാളെ അറസ്റ്റ് ചെയ്യുന്നേരം ആവശ്യമായ തെളിവുകൾ എനിക്ക് കയ്യീക്കിട്ടണം. അതെല്ലാം കിട്ടിക്കഴിഞ്ഞിരിക്കുന്നു. അയാളുടെ ഫോണിന്റെ ഡാറ്റ റെക്കാഡ് എടുത്തിട്ടുണ്ട്. ഇയാള് എത്ര മണിക്ക് ഏത് സമയത്ത് എത്ര സെക്കന്റിൽ ഇവരെ വിളിച്ചു എന്നുള്ളത് ഇപ്പെനിക്കറിയാം.' എസ് ഐ പറഞ്ഞു. ഇനി വികാരിയുടെ ഫോൺ സീസ് ചെയ്തതിന് ശേഷം അത് തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കുകയും ഡിലീറ്റ് ചെയ്തതോ അല്ലാത്തവയോ ആയ വിവരങ്ങൾ വീണ്ടെടുക്കുകയുമാണ് വേണ്ടത്.  ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഇപ്പോൾ ഇത് തന്റെ കർത്തവ്യമായി തോന്നുന്നുവെന്നും പരാതിക്കാരി പറഞ്ഞു.