Friday, 8 June 2012

എഴുത്തുകുത്ത്, അല്ലാത്ത കുത്ത്.

ഇന്നാണ് (6th June) മഹാശ്വേതാദേവിയുടെ എഴുത്തും അതിന് പിണറായ് വിജയനെഴുതിയ മറുപടിയും ആ മറുപടിക്ക് ദേവി എഴുതിയ മറുപടിയും വായിക്കുന്നത്. ദേവി പറയുന്ന കാര്യങ്ങളോട് വിജയനുള്ള വിയോജിപ്പും ആ വിയോജിപ്പിനോട് ദേവിക്കുള്ള വിയോജിപ്പും കണ്ടു, മനസ്സിലാക്കി. പക്ഷെ കത്തിലെ ഭാഷ എന്നെ കുഴക്കുന്നു. ആരാണത് തര്‍ജമ ചെയ്തതെന്നറിയില്ല. എന്നാലും അതില്‍ കുറച്ച് പ്രശ്നങ്ങളുള്ളതായിത്തോന്നി. ദേവിയുടെ കത്തിന്റെ മലയാളവും അവരുടെ കൈപ്പടയിലുള്ള ഇംഗ്ലിഷ് കത്തും വിജയന്റെ മറുപടിയും കാണിച്ചു തന്നതിന് ഡൂള്‍ ന്യൂസിന് നന്ദി.

ആദ്യം തന്നെ എം എം മണിയുടെ പ്രസംഗത്തിലെ ഒരു വാക്കിന്റെ പരിഭാഷ. മഹാശ്വേത ദേവിക്ക് എന്തിന്റെ കഴപ്പാണെന്നറിയില്ല എന്നാണല്ലോ മണി പറഞ്ഞത്. കഴപ്പ്, കടി എന്നീ വാക്കുകള്‍ക്ക് എന്താണ് ഇംഗ്ലിഷ് എന്ന് ആലോചിക്കുകയായിരുന്നു. sexual frustration െയാണല്ലോ കഴപ്പ് എന്ന് വിളിക്കുന്നത്. അതിന് ദേവി ഉപയോഗിച്ച് കാണുന്ന വാക്ക് lust എന്നാണ്. ലസ്റ്റ് എന്നാല്‍ കാമം എന്നല്ലേ. കഴപ്പിനെ വേണമെങ്കില്‍ കാമഭ്രാന്ത് എന്ന് വിളിക്കാം എന്നല്ലാതെ. 



ഇനി ദേവിയുടെ കത്തിന്റെ പരിഭാഷയിലേയ്ക്ക്. വാക്കുകള്‍ പലതും വിഴുങ്ങിയിരിക്കുന്നതായി കാണുന്നുണ്ട്.
One Mr. Mani, a leader of CPI(M) from Kerala, I was told, justified the political killings, including T P Chandrasekharan's brutal killing 
എന്നാണ് ദേവി എഴുതിയിരിക്കുന്നത്. അത് മലയാളത്തിലായപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നത് വിഴുങ്ങിയിട്ടുണ്ട്.
'കേരളത്തിലെ സി.പി.ഐ.എം നേതാവായ മണി ടി.പി ചന്ദ്രശേഖരന്റേതടക്കമുള്ള അതിനിഷ്ഠൂരമായ കൊലപാതകങ്ങളെ ന്യായീകരിച്ചതായി അദ്ദേഹം പറഞ്ഞു.' 
ഇങ്ങനെ. അതിനടുത്ത വരിയില്‍ ദേവി ഒരു is വിട്ടുപോയിട്ടുണ്ട്. (Majeendran a grass root level fishermen leader) അതിനടുത്ത വാചകത്തിന്റെ പരിഭാഷയും ഇംഗ്ലിഷിലെ തന്നെ ആ വാചകവും തന്നെ കുഴപ്പിക്കുന്നതാണ്. ഇംഗ്ലിഷില്‍
Majeendran, I deciphered was more agitated by the obscene remarks by this CPI(M) leader, of all the people in the the world, on me. 
ഇതില്‍ of all the people in the world ആരെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നതെന്ന വ്യക്തമല്ല. ലോകത്തിലെ എല്ലാ ആള്‍ക്കാരെയും വച്ച് മണി എന്ന സി പി ഐ എം ലീഡറുടെ റിമാര്‍ക്കുകള്‍ എന്നാണോ ലോകത്തിലെ എല്ലാ ആള്‍ക്കാരെയും വച്ച് എന്നെപ്പറ്റിയുള്ള മണിയുടെ റിമാര്‍ക്കുകള്‍ എന്നാണോ എന്ന് വ്യക്തമല്ല എന്ന്. Deciphered എന്ന വാക്കുകപയോഗിച്ചതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് മജീന്ദ്രന്‍ പറഞ്ഞത് മനസ്സിലാക്കാന്‍ പണിപ്പെടേണ്ടി വന്നു എന്നാണ്. ഭാഷയുടെയോ ആക്സന്റിന്റെയോ പ്രശ്നമാവാം ഇത്. ഏതായാലും തര്‍ജമയില്‍ ഈ കാര്യങ്ങളൊന്നും നോക്കാതെ
'മജീന്ദ്രന്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മത്സ്യത്തൊഴിലാളി നേതാവാണ്. മാത്രവുമല്ല മണി എനിക്കെതിരെ നടത്തിയ അശ്ലീലമായ പരാമര്‍ശങ്ങളോട് വളരെയധികം ദേഷ്യത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.' 
എന്ന് വച്ച് കാച്ചിയിട്ടുണ്ട്. ഇതില്‍ 'മാത്രവുമല്ല' എന്ന വാക്ക് എവിടെനിന്ന് വന്നതാണെന്ന് മനസ്സിലാകുന്നില്ല. മത്സ്യത്തൊഴിലാളി നേതാവാണ്, മാത്രവുമല്ല, എന്നെ ചീത്തപറഞ്ഞതില്‍ വിഷമവുമുണ്ട് എന്നോ. എന്താണതിന്റെ അര്‍ഥം? Agitated ദേഷ്യപ്പെട്ടു എന്നാകുന്നു. അപ്പോള്‍ got angry എന്നതിനെന്തുപറയും?
Techno-savvy എന്നാണ് ദേവി ഉപയോഗിച്ച് കാണുന്നത്. tech-savvy ആണ് ശരി എന്നാണ് എന്റെ അറിവ്. Uncouth മലയാളത്തില്‍ അധാര്‍മികമാകുന്നുണ്ട്. അത് ശരിയല്ലല്ലോ. അണ്‍കൂഥ് സംസ്കാരശൂന്യം അല്ലേ. പിന്നെ watching him was great fun എന്നത് 'അയാളോടെനിക്ക് തമാശയാണ് തോന്നുന്നത്' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കണ്ട് വടക്കുള്ള ആരോ ആണ് അത് ചെയ്തിരിക്കുന്നതെന്ന് തോന്നി. ഈ 'ഓട്' പ്രയോഗം ഇവിടെയാണ് കണ്ടട്ടുള്ളത്. അതില്‍ തെറ്റുണ്ടെന്നല്ല, 'അദ്ദേഹത്തെ കണ്ടിരിക്കുക രസമായിരുന്നു' എന്നാണ് കുറച്ചുംകൂടെ ശരി എന്നാണ് എന്റെ അഭിപ്രായം. അടുത്ത വരിയില്‍ 'strange' 'വ്യത്യസ്ത'മാകുന്നു. Lust of life എന്ന് ദേവി ഉപയോഗിച്ചിട്ടുണ്ട് അത് famously, lust for life ആണ്.
ഉപയോഗിച്ചിരിക്കുന്ന tense ും പരിഭാഷയില്‍ നഷ്ടമായിട്ടുണ്ട് ഭാഷായ് തുഡു എന്ന ദേവിയുടെ രചന പരിഭാഷപ്പെടുത്തണമെന്ന് അവര്‍ കൂടെയുണ്ടായിരുന്ന സഖാക്കളോട് പറയുന്നത് ടി പി യുടെ ഭാര്യ രമയെ കാണാന്‍ പോകവെയാണ്. അല്ലാതെ
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദര്‍ശിക്കാനായി അവരുടെ വീട്ടില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കളായ സഖാക്കളോട് 
ഇങ്ങനെയല്ല.അതിനുശേഷം പലതരം ആളുകള്‍ എന്നെ വന്ന് കണ്ടു, സംസാരിച്ചു എന്നാണവര്‍ പറയുന്നത്. അല്ലാതെ
എല്ലാതരത്തിലുള്ള ആളുകള്‍ എന്നെകാണാറുണ്ട്, സംസാരിക്കാറുണ്ട്.
എന്നല്ല. horror എന്നത് ഭയമാകുന്നു. shoots up എന്നത് തളം കെട്ടുന്നു എന്നും. തളം കെട്ടലും shoots up ും എവിടെവിടെക്കിടക്കുന്നു. ഒന്ന് അനങ്ങാതെ കിടക്കുന്നു ഒന്ന് കുതിച്ചുയര്‍ന്നുകൊണ്ട് കിടക്കുന്നു. 
പിണറായി വിജയന്‍ എഴുതിയ മറുപടിയില്‍ മണിയുടെ രൂപത്തെ പ്രാകൃതമെന്ന് പറയാന്‍ പാടുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. രൂപത്തെയല്ല സ്വഭാവത്തെയാണ് അങ്ങനെ വിളിച്ചതെന്ന് അതിന് തൊട്ടു മുമ്പത്തെ വരിയില്‍ വിജയന്‍ തന്നെ പറയുന്നുണ്ട്. ഏത് തര്‍ജമയിലാണ് രൂപം കടന്നുകൂടിയതെന്ന് ആലോചിക്കേണ്ടി വരും.
വിജയന്റെ കത്തിനു ദേവിയുടെ മറുപടിയിലും ഏകദേശം ഇതുതന്നെയായിരിക്കണം അവസ്ഥ. അത് വിശകലനം ചെയ്യുന്നില്ല.


ഏതായാലും ഈ എഴുത്തുകുത്തുകളും പ്രസംഗങ്ങളും പരിഭാഷപ്പെടുത്തിയവര്‍ തന്നെ ദേവിയുടെ 'ഭാഷായ് തുഡു' പരിഭാഷപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആര്‍ക്കെങ്കിലും അവരെ വിളിച്ച് പറയാവുന്നതാണ്. :)

1 comment:

  1. "ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടതുമുതല്‍ സി.പി.ഐ (എം) നെതിരായ അപകീര്‍ത്തിപ്പെടുത്തല്‍ വിരുദ്ധ രാഷ്ട്രീയക്കാരും മാധ്യമങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്"..
    പിണറായി വിജയന്‍ ഇപ്പോഴും പരാതിപ്പെടുന്ന ഒരേ ഒരു കാര്യം ഇതാണ് .ഇവിടെ ഉയരുന്ന ഒരു ചോദ്യം ഒരുകൂട്ടം പത്രക്കാര്‍ എഴുതുമ്പോള്‍ തീരുന്ന ആയുസുള്ള പാര്‍ട്ടി ആണോ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി????

    ReplyDelete