Saturday, 19 May 2012

ഡയമണ്ട് നെക്ലസ്: ഫഹദ് ഫാസിലിന്റെ മരംചുറ്റി പെണ്ണ് പിടിക്കല്‍ സംരംഭം

ഫഹദ് ഫാസില്‍ എന്ന നടനൊരൊറ്റയാള് കാരണമാണ് Diamond Necklace എന്ന ലാല്‍ ജോസ് പടം കാണാന്‍ പോയത്. എന്നാല്‍ ഫഹദിനെ നോക്കിയിരിക്കാന്‍ പോലും ഈ സിനിമയുടെ വൃത്തികേട് എന്നെ അനുവദിച്ചില്ല. അത്രയ്ക്ക് അസഹനീയമായിരുന്നു ആ അനുഭവം.


ആദ്യം തന്നെ ചില കൌതുകകരമായ വസ്തുതകള്‍ പറയാം. ഈ പടം ഇവിടെ കോഴിക്കോട് multiplex ിലും പിന്നെ Coronation ിലുമാണ് കളിക്കുന്നത്. എന്നാല്‍ മനോരമ പത്രം എടുത്തുനോക്കിയപ്പോള്‍ കോറണേഷനില്‍ കളിക്കുന്ന വിവരം കൊടുത്തിട്ടില്ലായ്കയാല്‍ മള്‍ട്ടിപ്ലെക്സില്‍ പോയി കാണുക എന്ന വന്‍ അബദ്ധത്തിലേയ്ക്ക് ഞാന്‍ ചെന്ന് വീണേനെ. സുഹൃത്തുക്കളോടൊക്കെ പടം എവിടെയാണ് കളിക്കുന്നതെന്ന് ചോദിച്ചലുടന്‍ വരുന്ന മറുപടി മള്‍ട്ടിപ്ലെക്സിലാണ് എന്നുമാണ്. 200 രൂപയൊക്കെ കൊടുത്ത് ഒരു സിനിമ കാണേണ്ട സാഹചര്യം ഇവിടെ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടും ഈ പടത്തിന് കോറണേഷില്‍ ഞാന്‍ കൊടുത്ത അറുപത് രൂപ പോലും വിലയില്ല എന്ന് ഞാന്‍ വിചാരിക്കുന്നതുകൊണ്ടും പടം കോറണേഷനില്‍ പോയി കാണുകയാകും ഉത്തമം എന്ന ഉപദേശം എല്ലാ കോഴിക്കോട്ടുകാര്‍ക്കും ഇതിനാല്‍ തരുന്നു.

ഇനി സിനിമയിലേയ്ക്ക്. എല്ലാവരും സിനിമയെ പരിഹസിക്കുന്നതായി കാണുന്നത് ഇത് ആലുക്കാസിന്റെ പരസ്യമാണോ എന്ന് ചോദിച്ചാണ്. എനിക്ക് പക്ഷെ അതില് വലിയ പ്രശ്നമൊന്നും തോന്നുന്നില്ല. കാരണം പ്രധാന സ്പോണ്‍സര്‍ക്ക് വേണ്ടിയുള്ള ഒരു covert advertising മാത്രമാണത്. അത് വളരെ സാധാരണവുമാണ്. ഈ സിനിമയില്‍ മാത്രമൊന്നുമല്ല മിക്കവാറും എല്ലാ സിനിമകളിലും ഇത് കാണാം. ഇതിനടുത്ത ദിവസം ഞാന്‍ കണ്ട ഗ്രാന്റ്മാസ്റ്റര്‍ എന്ന സിനിമയില്‍ Vodafone കംപനിക്ക് വേണ്ടിയുള്ള covert advertising ഉണ്ട്. അതുപോലെത്തന്നെ സോതുരാമയ്യര്‍ സി ബി ഐ യില്‍ ടൈഗര്‍ ബിസ്കറ്റിന് പരസ്യം ചെയ്യുന്നുണ്ട്. ഇതൊക്കെ സിനിമയുടെ ആസ്വാദ്യതയെ കളങ്കപ്പെടുത്തുന്നുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സംവിധായകരാണ്. അവര്‍ക്കാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതിനോട് യാതൊരു പ്രശ്നവും തോന്നുന്നില്ല. പിന്നെ ഈ സിനിമയില്‍ പ്രശ്നം ആലുക്കാസിന് പരസ്യം ചെയ്തു എന്നതാണെങ്കില്‍ ബാക്കി പ്രശ്നങ്ങളെ നമ്മളെന്ത് പേരില്‍ വിളിക്കും. ഇത് പ്രശ്നങ്ങളുടെ നിരയിലെ ഏറ്റവും അവസാനത്തേതാകാനേ വഴിയുള്ളൂ.

സിനിമയില്‍ ഇഷ്ടപ്പെട്ട കാര്യം ഇപ്പൊത്തന്നെ പറയാം. പറയാന്‍ ഏറെയില്ലാത്തതുകൊണ്ട് അത് വളരെ എളുപ്പമായതുകൊണ്ടേ. സംവൃത സുനിലിന് കാന്‍സറാണ് എന്ന് നമ്മളെ അറിയിച്ചും കുറെ നേരം കഴിഞ്ഞ് ഒരു പാര്‍ട്ടിയില്‍ ഫഹദും സംവൃതയും ഡാന്‍സ് ചെയ്യുന്നു. അവിടെ ഒരു നൃത്തച്ചുവടില്‍ സംവൃതയുടെ മനോഹരമായ മുടി വിഗ് ആണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നു. അത് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നതായി എനിക്ക് തോന്നി. അവിടെ സംവൃതയുടെ അഭിനയവും നന്നായിത്തോന്നി. കലാമണ്ഡലം രാജശ്രീയായി അഭിനയിച്ച അനുശ്രീയുടെ അഭിനയവും എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു. ലാല്‍ ജോസ് കാണിക്കാനുദ്ദേശിച്ച ആ വൃത്തികെട്ട കാരക്റ്റര്‍ നന്നായി ചെയ്തു എന്നാണുദ്ദേശിച്ചത്. ആ വൃത്തികേട് ഇഷ്ടപ്പെട്ടു എന്നല്ല. 

അപ്പോള്‍ സിനിമ ചുരുക്കത്തില്‍ ഇതാണ്. ഫഹദ് ഫാസിലിന്റെ അരുണ്‍ കുമാര്‍ എന്ന ഡോക്ടര്‍ ഭയങ്കര ധൂര്‍ത്തനാണ്. വരവില്‍ കവിഞ്ഞ് അയാള് ചെലവാക്കും. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കഴിഞ്ഞ സിനിമയില്‍ ലിംഗം ഛേദിക്കപ്പെട്ടവനായി അഭിനയിച്ചതിന്റെ ക്ഷീണം മാറ്റാനെന്ന മട്ടില്‍ നാടു മുഴുവന്‍ ഓടി നടന്ന് പെണ്ണുങ്ങളെ കൂടെക്കിടത്തും. പിന്നെ ഇടയ്ക്ക് കോലോത്തെ കുട്ടിയാകും. ധൂര്‍ത്ത് കാരണം ജീവിതം ഫുള്‍ കോഞ്ഞാട്ടയായിരിക്കണ സമയത്ത് റ്റൈറ്റിലില്‍ പറയണ വജ്രമാല സംവൃത സുനിലില്‍ നിന്ന് മോഷ്ടിക്കും. പിന്നെ അത് വച്ചുള്ള കൊറെ അവിഞ്ഞ ഹിക്കുമത്തുകള് കഴിഞ്ഞ് കോലോത്തെ കുട്ടിയും ഇടയ്ക്ക് കല്യാണം കഴിച്ച വേറൊരു കോലോത്തെ വിവരമില്ലാത്ത ഭാര്യക്കുട്ടിയും സന്തുഷ്ടരാകും. സന്തുഷ്ടരാകും എന്നേ പറയാനുള്ളു. സിനിമയിലും അവര്‍ക്ക് സന്തുഷ്ടരാകാന്‍ പ്രത്യേകിച്ച് കാരണൊന്നും ഞാന്‍ കണ്ടില്ല.

സിനിമയില്‍ പ്രത്യേകിച്ച് കഥയൊന്നും കണ്ടില്ല. ശരിയപ്പ. കഥയൊന്നും വേണ്ട. എന്തെങ്കിലും വേണ്ടേ. സിനിമയിലെ humour ഏറെക്കുറെ, മുഴുവന്‍ എന്നുതന്നെ വേണമെങ്കില്‍ പറയാം, ഫഹദ് ഫാസിലിന്റെ ഭാര്യയായ കലാമ​ണ്ഡലം രാജശ്രീ എന്ന അനുശ്രീ കഥാപാത്രത്തില്‍ അധിഷ്ഠിതമാണ്. ഗ്രാമീണ പെണ്‍കൊടിയുടെ വിവരമില്ലായ്മയാണ് ഈ സിനിമ യഥാര്‍ഥത്തില്‍ ആഘോഷിക്കുന്നത്. സത്യം പറഞ്ഞാല്‍ ഫഹദ് ഫാസിലിന് പണം കൈകാര്യം ചെയ്യാനറിയില്ല എന്നതോ അയാള്‍ ആ പ്രശ്നം എങ്ങനെ പരിഹരിക്കുന്നു (പരിഹരിക്കുന്നതായേ സിനിമ പറയുന്നില്ല) എന്നതോ ലാല്‍ ജോസിന് വിഷയമല്ല. സ്ത്രീയ്ക്ക് വിവരമില്ല എന്നതാണ് ലാല്‍ ജോസിന്റെ കണ്ടുപിടുത്തം. അത് സിനിമയിലുടനീളം കാണിക്കുന്നു. അത്രതന്നെ.

മൂന്ന് പെണ്ണുങ്ങളും ഒരു നായിന്റെ മോനും.




ആദ്യത്തെ പെണ്ണിനെപ്പറ്റി പറഞ്ഞുതുടങ്ങുന്നതുതന്നെ അവള്‍ക്ക് ഇംഗ്ലിഷ് അറിയില്ല എന്നിടത്താണ്. ആണും പെണ്ണും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള interaction നടക്കുകയാണെങ്കില്‍ സിനിമ പ്രകാരം അപ്പത്തന്നെ അത് പ്രേമത്തിലും രതിയിലും കലാശിക്കും. ഇംഗ്ലിഷ് പഠിച്ചും പഠിപ്പിച്ചും രണ്ട് പേരും കിടപ്പറയിലെത്തുന്നു. ഭാഗ്യത്തിന് ഗര്‍ഭമൊന്നും ഉണ്ടാകുന്നില്ല. (നോട്ട്‌ബുക് സിനിമ പ്രകാരം ഒരേയൊരു പ്രാവശ്യം തന്നെ രതിയിലേര്‍പ്പെട്ടാലുടനെ ഗര്‍ഭമുണ്ടാകുഅല്ലോ. അതോണ്ട് പറഞ്ഞതാ.) പെണ്ണിന് വിദ്യാഭ്യാസമുണ്ട്. പക്ഷെ അവള്‍ക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള കഴിവില്ല. അവള്‍ക്ക് സ്വന്തം നാട്ടില്‍ ഒരു ഹോസ്പിറ്റല്‍ പണി കഴിക്കണമെന്നുണ്ട്. അതിനുവേണ്ടിയാണ് അവള്‍ സമ്പാദിക്കുന്നതും. എന്നാല്‍ ആ ഹോസ്പിറ്റല്‍ പണി കഴിക്കാനും ഒടുവില്‍ അവള്‍ക്ക് ധൂര്‍ത്തനായ ഫഹദിന്റെ സഹായം വേണം. ഫഹദ് കാരണം ജോലിയും പോയി അവസാനം അയാളുടെ തന്നെ ഔദാര്യത്തിനുമുന്നില്‍ അവള്‍ വാലാട്ടി നിക്കണം എന്നര്‍ഥം.

രണ്ടാമത്തെ പെണ്ണ് ഫഹദിന്റെ ഭാര്യയും സിനിമയിലെ കൊമേഡിയനുമാണ്. പെണ്ണു കാണല്‍ ചടങ്ങിനുമുമ്പ് അവരുടെ ഫോട്ടോ കാണുമ്പൊ മുതല്‍ തിയറ്റര്‍ ചിരിക്കാന്‍ തുടങ്ങുന്നുണ്ട്. അവര് ചെയ്ത തമാശ കലാമണ്ഡലത്തില്‍ പഠിച്ചു എന്നതും നൃത്തം ചെയ്യാന്‍ കഴിവുണ്ട് എന്നതും സ്ത്രീധനം കൊടുക്കാന്‍ കഴിവില്ല എന്നതുമാണ്. അവര് സാധാരണ ധരിക്കാറുള്ള സാരി എന്ന വസ്ത്രം മാറി ജീന്‍സും ടോപ്പുമിട്ടാല്‍ അത് തമാശയാണ്. അവര് ഇംഗ്ലിഷിലെന്തെങ്കിലും പറഞ്ഞാല്‍ (അരുണേട്ടാ, ഐ മിസ് യു) അതും തമാശയാണ്. തമാശയല്ലാതെ അവര് ചെയ്യുന്ന ഒരേയൊരു കാര്യം അവസാനം വജ്രമാല വലിച്ചൂരിയെറിഞ്ഞ് ഫഹദിനെ കെട്ടിപ്പിടിക്കുന്നതാണ്. കയ്യില്‍ അഞ്ചിന്റെ പൈസയില്ലാത്ത ഫഹദിന് പക്ഷെ തന്റെ ഭാര്യയുടെ കുടുംബത്തിന് സ്ത്രീധനം തരാന്‍ അധികമൊന്നും ഇല്ല എന്നതൊക്കെ വലിയ അപരാധമായാണ് തോന്നുന്നത്. എന്ത് ധൈര്യത്തിലാണ് ലാല്‍ ജോസ് സ്ത്രീധനം എന്ന നിയമവിരുദ്ധമായ സംഗതിയെ ഉളുപ്പില്ലാതെ ന്യായീകരിക്കുന്നത്!

ഇനി അവസാനത്തെ (ഒടുക്കത്തെ എന്നും വായിക്കാം. ഒടുങ്ങുന്ന പെണ്ണാരോ അവള്‍.) പെണ്ണിനെയാണ് ലാല്‍ ജോസിന് കണ്ണിനു നേരെ കണ്ടൂടാത്തത്. വെറുതെയൊന്നുമല്ല കേട്ടോ. വന്‍ അപരാധങ്ങളാണ് അവള്‍ ചെയ്തിരിക്കുന്നത്. മായ എന്ന സംവൃത സുനില്‍ കഥാപാത്രം പുറത്തൊക്കെ പോയി പഠിച്ച് ആരുടെയും സഹായമില്ലാതെ ദുബായില്‍ ഒരു fashion boutique തുടങ്ങാന്‍ തീരുമാനിച്ചു. സ്വന്തമായി കുറെ സമ്പാദിച്ചു. സമ്പാദിച്ചത് വിവേകപൂര്‍വം ഉപയോഗിച്ചു. തന്റെ ഫ്ലാറ്റില്‍ ഒരന്യപുരുഷന് താമസിക്കാന്‍ ഇടം കൊടുത്തു. അതിനാല്‍ അവള്‍ക്ക് കാന്‍സറും വന്നു ഏകദേശം പണ്ടാരടങ്ങേം ചെയ്തു. ഒരു വീട്ടില്‍ കുറച്ച് കാലം ഒരുമിച്ച് താമസിച്ചാലും ലാല്‍ ജോസിന്റെ ആണും പെണ്ണും രതിയിലേര്‍പ്പെടും കേട്ടോ. നേരത്തെ പറഞ്ഞ അപരാധങ്ങള്‍ കാരണം കാന്‍സറില്‍ നിന്ന് ഏറെക്കുറെ മോചിതയായ സംവൃത സുനില്‍ വീണ്ടും കിടപ്പിലാവുകയും ചികില്‍സയൊന്നും പൂര്‍ത്തിയാക്കാന്‍ നിക്കാതെ മണാലിയിലേയ്ക്ക് പോയി മദാമ്മച്ചിയുമായി സല്ലപിച്ച് തന്നെ ഊമ്പിച്ച് അതേ നായിന്റെ മോനെ ഉദ്ധരിക്കുകയും ചെയ്യുന്നു. (today tomorrow yesterday എന്നൊക്കെ പറയുന്ന എന്തോ ഒരു പേട്ട് ഡയലോഗ്)

പിന്നെ വേറെ കുറെ സ്ത്രീകളെ കാണാം സിനിമയില്‍. കലാമണ്ഡലം രാജശ്രീയുടെ ബന്ധുക്കളായി വരുന്ന സ്ത്രീകള്‍ മുഴുവന്‍ ഇപ്പോഴും കുറെ പഴക്കമുള്ള സ്റ്റീരിയോറ്റൈപ്പായ ക്ലബ് ലേഡീസാണ്. അവരെ ഗെറ്റ് ഔട്ടടിക്കുമ്പോഴാണ് ലാല്‍ ജോസിന് ശ്വാസം നേരെ വീഴുന്നത്. അവരുടെ കുറ്റം കല്യാണത്തിനുശേഷം ഭാര്യയ്ക്ക് നൃത്തം ചവിട്ടാന്‍ ഇടം തേടിപ്പിടിച്ചുകൊടുത്തു എന്നതാണ്. (അല്ലാതെ അതിന് ചിലവാക്കാന്‍ ധൂര്‍ത്തപുത്രന്റെ കൈയ്യില്‍ കാശില്ല എന്നതല്ല) അങ്ങിനെയൊക്കെ മനസ്സിലുള്ള സ്ത്രീവിദ്വേഷം മുഴുവന്‍ സിനിമയില്‍ ഛര്‍ദിച്ച് വച്ച് നിര്‍വൃതി പൂകുന്ന സംവിധായകനെ പിന്നെയും പ്രെജുഡിസുകള്‍ വലയ്ക്കുകയാണ്.

പണത്തിനുമീതെ അപ്പിയിടുന്ന പരുന്ത്.

സിനിമയിലെ പ്രധാന പ്രതിസന്ധിയായി അവതരിപ്പിക്കപ്പെടുന്നത് (പെണ്ണുങ്ങള്‍ക്ക് വിവരമില്ല എന്ന വിളിച്ചുകൂവലിന് താഴെയേ ഇതും വരൂ) ഫഹദിന്റെ ധൂര്‍ത്താണ്. അയാള്‍ക്ക് ശരിക്കും പണത്തിന് പഞ്ഞമൊന്നുമില്ല. ഡോക്ടറാണ്. അപ്പൊ നല്ല കാശും സമ്പാദിക്കേണ്ടതാണ്. എന്നാല്‍ വല്യ വല്യ കാറൊക്കെ വാങ്ങാനും മറ്റുമായി അയാള്‍ കൊറെ ലോണെടുക്കുന്നു. ലോണെടുത്ത് ലോണെടുത്ത് അവസാനം പണി കിട്ടുന്നു. എന്നാലും അവിടെപ്പോലും അധ്വാനിച്ച് പണമുണ്ടാക്കി കടം വീട്ടുക എന്ന പ്രശ്നമുദിക്കുന്നില്ല. ആരുടെയോ സ്വത്ത് വച്ച് പ്രശ്നപരിഹാരമുണ്ടാക്കുക എന്നതാണ് ലാല്‍ ജോസ് രീതി. സംവൃത സുനില്‍ അധ്വാനിച്ച് സമ്പാദിച്ച കാശ് വച്ച് വാങ്ങിയ വജ്രമാലയാണ് ഫഹദിന്റെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി അവതരിപ്പിക്കപ്പെടുന്നത്. അതവസാനം എത്തിച്ചേരുന്നത് നല്ല രീതിയില്‍ പണിയെടുത്ത് സ്വപ്നമായ ആശുപത്രി പണികഴിപ്പിക്കുകയായിരുന്ന പെണ്ണിന്റടുക്കല്‍. മുതലാളി അരുണ്‍ പക്ഷം എല്ലാവരും കൂപ്പുകൈയ്യോടെ നിക്കണമെന്നര്‍ഥം. ഈ മുതലാളിയും അവന്റെ കൂട്ടുകാരും inherit ചെയ്യപ്പെടുന്ന സ്വത്തിന്റെ ഉടമകളാണ്. അയാള്‍ താമസിക്കുന്നത് അയാളുടെ സുഹൃത്തിന് സ്ത്രീധനമായി കിട്ടിയ ഒരു ഫ്ലാറ്റിലാണ്. (അതും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ മുറി തന്നെ. ഇതാണ് സ്ത്രീധനത്തിന്റെ മാനദണ്‍ം. അതുവച്ചളക്കുമ്പോഴാണ് ഫഹദിന് തനിക്ക് കിട്ടുന്ന സ്ത്രീധനം പോരായെന്ന് തോന്നുന്നത്. ഹമ്മ. ഭീകരം തന്നെ!) ഈ ഫ്ലാറ്റിലാണ് ഫഹദും താമസം. അത് കാണാന്‍ വരുന്ന മുതലാളികളല്ലാത്തവരെ ഫഹദ് ആട്ടിപ്പായിക്കും. ശ്രീനിവാസനേയും സംഘത്തെയും. അവരുടെയും കുറ്റം അവര്‍ സ്വന്തം ജോലിയില്‍ നിന്ന് സമ്പാദിക്കുന്നു എന്നതാണ്. അതുകൊണ്ട് അവര് അയാള്‍ മുറിയില്‍ വരുമ്പോള്‍ നിലത്ത് കിടന്നോളും. അയാള്‍ക്ക് പൂമെത്ത വിരിച്ച് കൊടുത്തോളും. അയാളുടെ കടവും (ആദ്യ instalment) വീട്ടിക്കോളും. ലാല്‍ ജോസിന് പ്രശ്നം പണമുള്ളവരോടല്ല. സ്വന്തം ജോലിയില്‍ നിന്ന് പണമുണ്ടാക്കുന്നവരോടാണ്. വെറുതെ കിട്ടുന്ന പണത്തിനുമീതെ പരുന്ത് പറക്കില്ല. മറ്റേ പണം ഒരുമാതിരി മറ്റേ പണമാണ്. അതുകൊണ്ടാണ് ഫഹദ് ഫാസില്‍ നാട് മുഴുവന്‍ ഓടി നടന്ന് പെണ്ണ് പിടിച്ചട്ടും അവസാനം സ്വന്തമായി വരുമാനമൊന്നുമില്ലാത്ത പെണ്ണിനെ കല്യാണം കഴിക്കുന്നത്. അതില്‍ മാത്രമേ അയാള്‍ക്ക് സമാധാനം കണ്ടെത്താന്‍ കഴിയുള്ളൂ.

വിഷ്വലി പോലും എന്തെങ്കിലും ഒരു ഭംഗി എനിക്ക് തോന്നിയില്ല. ചില രംഗങ്ങളൊക്കെ കണ്ടപ്പൊ അറപ്പ് തോന്നി. സംവൃത സുനിലും ഫഹദും തമ്മിലുള്ള ആദ്യ സമാഗമ വേള കഴിഞ്ഞ് അവര് രണ്ടുപേരും മെത്തപ്പുറത്ത് കിടക്കുന്ന സ്ഥലത്ത് കൂവാന്‍ വരെ തോന്നി എനിക്ക്. അത്രയക്ക് വൃത്തികെട്ട ഒരു ഷോട്ട്! പിന്നെ നിലാമലരേ പാട്ട് എല്ലാര്‍ക്കും ഇഷ്ടായീന്ന് തോന്നുണു. എനിക്കതും വലിയ ഇഷ്ടൊന്നുമായില്ല. ആകെമൊത്തം ടോടല്‍ ഒരു കക്കൂതറ സിനിമ. അതന്നെ.


No comments:

Post a Comment