Saturday, 17 January 2015

സ്ത്രീലൈംഗികതയും സിനിമയും: ഒരു ഭ്രൂണഹത്യയുടെ കഥ

സംഘടിത വോള്യം 9 ലക്കം 1 ല്‍ പ്രസിദ്ധീകരിച്ചത്.



കുട്ടിക്കാലത്ത് ആകാംക്ഷയോടെ വായിക്കുകയും വായിക്കുന്തോറും പേടിക്കുകയും ചെയ്ത ഒരു പുസ്തകമായിരുന്നു ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള. വീട്ടില്‍ ആരുമില്ലാതിരിക്കുമ്പോഴാണ് വായിക്കുന്നത്. ഒന്നിലോ രണ്ടിലോ ആയിരിക്കണം. അന്ന് വായിച്ച് ഓര്‍മ്മ മാത്രമേ ഉള്ളു. കാര്‍പാത്യന്‍ മലനിരകളും ജോനഥന്റെ ഡയറിയുമെല്ലാം മനസ്സില്‍ തങ്ങി നിന്നു. പിന്നീട് കപ്പോളയുടെ ഡ്രാക്കുളയും കണ്ടു. അപ്പോളാണെങ്കില്‍ പേടിയല്ല, സങ്കടമായിരുന്നു. യുവാവായി അവതരിക്കുന്ന ഡ്രാക്കുള ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നത് മാത്രം ഓര്‍മ്മയില്‍ നിന്നു. ആ രംഗം കണ്ടപ്പോള്‍ എന്തോ ഒന്ന് തൊണ്ടയില്‍ കുടുങ്ങി തങ്ങിനിന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് വീണ്ടും അതേ സിനിമ കണ്ടപ്പോള്‍ പണ്ട് കാണാന്‍ സാധിക്കാതിരുന്ന പലതും വെളിവായി. സിനിമയെ കുറച്ചെല്ലാം ഗൗരവത്തോടെ കാണാന്‍ തുടങ്ങിയതിന് ശേഷമാണ് സിനിമയിലെ സ്ത്രീയെ, അല്ല, അവളുടെ ഇല്ലായ്മയെ കാണാന്‍ തുടങ്ങുന്നത്. ആ നിലയ്ക്ക് ചിന്തിച്ചപ്പോള്‍ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള സ്ത്രീ ലൈംഗികതയെ അങ്ങേയറ്റം അപഹാസ്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസ്സിലായി. (ഒപ്പം അതിമനോഹരമായ ക്രാഫ്റ്റാണ് ചലച്ചിത്രത്തില്‍ വിനിയോഗിച്ചിരിക്കുന്നതെന്നും പറയാതെ വയ്യ). 

ഇത്തരത്തിലുള്ള കാഴ്ചപ്പാട് എന്നാലിന്ന് എനിക്ക് പുതുമയല്ല. സ്ത്രീയോടുള്ള ഹിംസാത്മകമായ സമീപനം അവളുടെ ലൈംഗികതയിലേയ്ക്കും വ്യാപിക്കുന്നത് സ്വാഭാവികമാണ്. ആണ്‍ ആഖ്യാനങ്ങളിലൂടെ മാത്രം വെളിച്ചം കാണുന്ന പെണ്‍ കഥകള്‍ക്കു പുറമെ അവളുടെ ലൈംഗികതയും കല്ലുവെച്ച നുണകളും ആണ്‍മനോരാജ്യങ്ങളുമായി (fantasy) ചുരുങ്ങന്നത് കാണാം.


പെണ്‍ ലൈംഗികത എന്നാലെന്ത് എന്ന് ആണധികാരം നിര്‍വചിച്ച് വെച്ചിരിക്കുകയാണെന്ന് പറഞ്ഞല്ലോ. ഇതിനു പുറത്തുള്ള എന്തും അവിശ്വാസ്യം എന്ന് പറഞ്ഞ് തള്ളിക്കളയുക കൂടി ചെയ്യുന്നുണ്ടത്. രതിക്കിടയില്‍ ഒരു സ്ത്രീ പെരുമാറുന്നതെങ്ങനെ എന്നതിന് കൃത്യമായ രൂപരേഖയുണ്ട് സിനിമയില്‍. ചുണ്ട് കടിച്ചും കണ്ണുകള്‍ മുകളിലേയ്ക്ക് പായിച്ചും കാല് കോച്ചിയുമെല്ലാമാണ് ഇന്നുവരെ സ്ത്രീകള്‍ കിടപ്പറയിലായിരുന്നിട്ടുള്ളത്. യഥാര്‍ത്ഥ അശ്ലീലം ഇവിടെയാണ്. എല്ലാ സ്ത്രീകളും ഇങ്ങനെ പെരുമാറുന്ന ദൃശ്യാനുഭവത്തില്‍ നിന്ന് ഒരു പൊതുബോധം രൂപപ്പെടുകയാണ്. അങ്ങനെ ലൈംഗികതയിലെ വൈവിധ്യം എന്ന സത്യം തന്നെ ഇല്ലാതാകുന്നു. കിടപ്പറയിലെ ആണ് പല മുഖങ്ങളുള്ളവനാണ്. 'സാത് ഖൂന് മാഫ്' എന്ന സിനിമയില് സൂസന്നയുടെ ഏഴ് ഭര്‍ത്താക്കന്മാരും ഏഴ് രീതിയിലാണ് രതിയിലേര്‍പ്പെടുന്നത്. മലയാളത്തിലായാലും ഹോളിവുഡിലായാലും കേവലവിനോദോപാധിയായും (entertainment) കലാമൂല്യമുള്ളവയായും വേര്‍തിരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലെല്ലാം തന്നെ ആണ്‍ രതിക്ക് പല മുഖങ്ങളും പെണ്ണിന് ഒരു വാര്‍പ്പ് മാതൃകയും മാത്രമാകുന്നത് കാണാം. ഇതില് നിന്ന് വ്യത്യസ്തമായി പെരുമാറുന്ന ഒരു പെണ്ണിനെ സംശയദൃഷ്ടിയോടും അസംതൃപ്തിയോടും കൂടി മാത്രമേ ആണ്‍ബോധത്തിന് കാണാന്‍ സാധിക്കുന്നുള്ളു. സംശയം എന്നത് കൌതുകത്തോട് ചേര്ത്തുവെച്ച് അവഗണിക്കാവുന്നതാണ്. എന്നാല് ഇതിലെ അവിശ്വാസം അപടകാരിയായ വില്ലനാണ്. ഫെമിനിസമായാലും സ്ത്രീലൈംഗികതയായാലും ആധികാരികമായി തോന്നണമെങ്കില്‍ അത് ആണ്‍ വീക്ഷണകോണില്‍നിന്നുതന്നെ പറയേണ്ടിവരും എന്ന നിര്‍ബന്ധബുദ്ധി മാത്രമാണത്. 


സിനിമകളില്‍ അദൃശ്യമാക്കപ്പെടുന്ന സ്ത്രീലൈംഗികത നമ്മളെ പഠിപ്പിക്കുന്ന പലതുണ്ട്. ഹെറ്ററോസെക്ഷ്വാലിറ്റിയാണ് ശരിയെന്ന് പണ്ടേ പഠിപ്പിച്ച പാഠം പലയാവര്‍ത്തി ഉരുവിട്ട് അത് തെറ്റിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു. ഒപ്പം സ്വയംഭോഗം, പെനിട്രേഷനില്‍ കൂടിയല്ലാത്ത രതിമൂര്‍ച്ഛ എന്നിവ നിലനില്ക്കുന്നില്ല എന്നും പറയുന്നു. ഇതാണ് പെണ്‍ ലൈംഗികതയോടുള്ള ആണ്‍ പേടിക്കുളള മൂലകാരണം എന്നു പറയുന്നതില്‍ തെറ്റില്ല. പുരുഷന്റെ ലൈംഗികത അവന്റെ ലിംഗത്തെ ചുറ്റിപ്പറ്റിയുള്ളതാണെന്ന് പുരുഷാധിപത്യം (patriarchy) പഠിപ്പിക്കുന്നു. ഇത് ആന്തരീകരിച്ചവരും(internalize) ഇതിന്റെ വക്താക്കളുമായവര്‍ ലിംഗം (penis) ഉള്‍പ്പെട്ടിട്ടില്ലാത്ത രതിസുഖത്തെ ഭയക്കുന്നു. അത് ആണ്‍ സ്വത്വത്തെ ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമാണ് എന്ന വിശ്വാസത്തിലൂന്നിയുള്ളതാണ് ഈ ഭയം. സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വയംഭോഗത്തെയും വദനസുരതത്തെയും ഭയന്നൊളിക്കുന്ന പുരുഷന്‍ പിന്നീട് തിരിച്ച് വരുന്നത് പെനിട്രേഷന്റെ അതിപ്രസരമുള്ള ദൃശ്യങ്ങളുമായാണ്. എല്‍വിസ് പ്രെസ്ലി മുതല്‍ നമ്മള്‍ ആഘോഷിക്കുന്ന ഈ ഊരയഭ്യാസം (pelvic thrust) ഇല്ലാത്ത ഒരു പാട്ട് സീന് പോലും ഇന്ന് കാണാന് പ്രയാസമാണ്. അധികമാരും ശ്രദ്ധിക്കാത്തവിധം സ്ത്രീലൈംഗികതയെ നിരാകരിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റത്തിന് വട്ടം കൂട്ടുകയാണ് നമ്മുടെ ദൃശ്യസംസ്കാരം. എത്ര ഭീകരമാണത്!

ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ പെണ്‍ ആഖ്യാനങ്ങളിലൂടെയുള്ള ലൈംഗികത പ്രസിദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അവിടെയും അത്യധികം ജാഗരൂകരാകേണ്ടതുണ്ട് നമ്മള്‍. ഇതുവരെയുണ്ടായിരുന്നതുപോലെ പെണ്‍ കര്ത്തൃത്വത്തെ (agency) അവഗണിക്കാതിരിക്കാനും നാളുകളായി നമ്മുടെ ബോധത്തെയും അതിന്റെ അടിത്തട്ടുകളെ വരെയും ആവരണം ചെയ്യുകയായിരുന്ന ആണധികാരബോധത്തെ മറികടക്കാനും കഠിനപ്രയത്നം ചെയ്യേണ്ടതാവശ്യമാണ്. ‘സഞ്ചാര’ത്തിനു മുമ്പും പിമ്പും ഒരു പെണ്‍ സ്വവര്‍ഗ്ഗാനുരാഗ ചിത്രം മലയാളത്തിലുണ്ടായിട്ടുണ്ടോ എന്നുറപ്പില്ല. ‘ദേശാടനക്കിളി കരയാറില്ല’ യ്ക്ക് സ്വവര്‍ഗ്ഗാനുരാഗ വായന കൊടുക്കുമ്പോള്‍ പോലും കമിതാക്കളുടെ മരണത്തിലാണത് കലാശിക്കുന്നത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. അപര/ഇതര ലൈംഗികതള്‍ക്കെല്ലാംതന്നെ മുഖ്യധാര സിനിമ കണ്ടുവച്ചിരിക്കുന്നത് മരണമോ ജയിലോ ആണ്. അതായത് സാധാരണമല്ലാത്ത ഇത്തരം ജീവിതരീതികളെ ദൈവം എന്ന അധികാരത്തിനോ (മരണം എന്നാല് അവിടുന്ന് കല്പിച്ച് കൊടുക്കുന്ന ശിക്ഷയായാണ് കണക്കാക്കപ്പെടുന്നത്) അതല്ലെങ്കില്‍ ഭരണകൂട ഭീകരതയ്ക്കോ വിധേയമാക്കുക. മലയാളത്തിലെ ആദ്യ സ്വവര്‍ഗ്ഗാനുരാഗിയായ നായകനെ ചിത്രീകരിച്ച 'മുംബൈ പോലീസി'ല് പോലും സ്വവര്‍ഗ്ഗ രതിയോട് നമ്മുടെ പൊതുബോധം ‘next time, close the  door’എന്ന് പറയുന്നു. ഇതാണ് തകര്‍ക്കപ്പെടേണ്ടത്. ലൈംഗികത എന്നാല് അടച്ച മുറികള്ക്കുള്ളില് തളച്ചിടാനുള്ള ഒന്നല്ല. വിവിധ ഭാഷകളില്‍നിന്നും അരികുവത്കരിക്കപ്പെട്ട സ്വത്വബോധങ്ങളില്‍ നിന്നുകൊണ്ടും അതിനെക്കുറിച്ച് സംസാരവും വിവരണവും ഉണ്ടാകേണ്ടതുണ്ട്.   
 
ഗാര്‍ഗ്ഗി ഹരിതകത്തിന്റെ ഒരു കവിതയില്‍ ശംഖുപുഷ്പങ്ങളെ രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ട നമ്മുടെ അമ്മമാരോട് ഉപമിക്കുന്നുണ്ട്. രതിമൂര്‍ച്ഛ അനുഭവിക്കാതെ മരണപ്പെട്ടുകൊണ്ടിരിക്കുന്ന സ്ത്രീലൈംഗികതയ്ക്ക് സ്വരം കൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തുറന്നെഴുത്തുകളിലേയ്ക്കും പെണ്‍ വീക്ഷണകോണില്‍നിന്നുള്ള രതിക്കാഴ്ച്ചകളിലേയ്ക്കും സിനിമ ചലിക്കാത്തപക്ഷം അതിന്  കാലഹരണപ്പെട്ട ഒരു വിനോദോപാധിയായി മാത്രമേ നിലനില്‍പ്പുള്ളു.

1 comment:

  1. നല്ല ഒരു ലേഖനം..നമ്മുടെയെല്ലാം മനസ്സിൽ സ്ത്രീ ലൈംഗികത എന്നത് പുരുഷന്മാരുടെ വീക്ഷണങ്ങളിൽ നിന്ന് എഴുതപ്പെട്ടതും ചിത്രീകരിക്കപ്പെട്ടതുമായ കാര്യങ്ങളിൽ ഒതുങ്ങിയതിൽ ആരെയാണ് നമ്മൾ കുറ്റപ്പെടുത്തേണ്ടത് ??'മലയാളത്തിലായാലും ഹോളിവുഡിലായാലും കേവലവിനോദോപാധിയായും (entertainment) കലാമൂല്യമുള്ളവയായും വേര്‍തിരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങളിലെല്ലാം തന്നെ ആണ്‍ രതിക്ക് പല മുഖങ്ങളും പെണ്ണിന് ഒരു വാര്‍പ്പ് മാതൃകയും മാത്രമാകുന്നത് കാണാം' എന്ന് കുഞ്ഞില പറയുമ്പോൾ തന്നെ ആ വാർപ്പ് മാതൃകയായി സ്ത്രീകള് സ്വയം അവരോധിക്കപ്പെടുന്നതായി തോന്നാറുണ്ട് ..സ്ത്രീകൾക്കായി എഴുതി എന്നവകാശപ്പെടുന്ന കെ ആർ ഇന്ദിരയുടെ 'സ്ത്രൈണ കാമ സൂത്രം' എന്ന കൃതിയിൽ തന്നെ പുരാതന കാമ സൂത്രം എന്ത് മാത്രം സ്ത്രീ വിരുദ്ധമാണ് എന്നതാണ് പ്രധാനമായും പറയുന്നത്‌. അല്ലാതെ സ്ത്രീയുടെ ലൈംഗികതയെപ്പറ്റിയുള്ള ചിന്തകൾ വളരെ കുറവാണ് ..പ്രോതിമാ ബെദിയുടെ ആത്മകഥയായ 'ടൈംപാസ് ' മറിച്ചു തോന്നിപ്പിച്ചു ..പിന്നെ ഇന്ത്യൻ സിനിമയിൽ മീരാ നായരോക്കെ തന്നെ ഈ പറയുന്ന വിഷയങ്ങളിൽ തൊട്ടു പോയെന്നെ പറയാനാകൂ ..കുറച്ചെങ്കിലും മാറ്റി പറയാൻ തോന്നിച്ച സിനിമ ഈ അടുത്ത് കണ്ട ഫ്രഞ്ച് ഫിലിം 'Blue is the warmest colour' ആണ് ..അതൊരു ആണ്‍ വീക്ഷണകോണില്‍നിന്നുള്ള ഫിലിം മാത്രം ആണെന്നു തോന്നിയില്ല..
    'തുറന്നെഴുത്തുകളിലേയ്ക്കും പെണ്‍ വീക്ഷണകോണില്‍നിന്നുള്ള രതിക്കാഴ്ച്ചകളിലേയ്ക്കും സിനിമ ചലിക്കാത്തപക്ഷം അതിന് കാലഹരണപ്പെട്ട ഒരു വിനോദോപാധിയായി മാത്രമേ നിലനില്‍പ്പുള്ളു' എന്ന അഭിപ്രായത്തോട് ഒരു വലിയ കയ്യടിയോടെ യോജിക്കുന്നു..

    ReplyDelete