Friday 30 January 2015

ജനുവരി 2015: ചലച്ചിത്രങ്ങള്‍

1983: അബ്രിദ് ഷൈന് അഭിവാദ്യങ്ങള്‍

അപൂര്‍വ്വമായേ മലയാളത്തില്‍ പുതുമ പരീക്ഷിച്ച് കാണാറുള്ളു. അങ്ങനെ നോക്കുമ്പോള്‍ അബ്രിദ് ഷൈന്റെ ഈ സിനിമയെ പ്രശംസിക്കാതെ വയ്യ. നര്‍മ്മം എന്ന ലക്ഷ്യത്തിനുള്ളില്‍ത്തന്നെ പതിവില്‍ നിന്നും വ്യത്യസ്തമായ ഷോട്ടെടുക്കല്‍ വിദ്യകള്‍, പ്രത്യേകിച്ചും ലോങ്ങ് ടേക്ക് പരീക്ഷിച്ചു കണ്ടപ്പോള്‍ കൌതുകം തോന്നി. കല്യാണരാത്രിയിലെ ടൈം ലാപ്സ് ഷോട്ട് ഇത്തരത്തിലുള്ള ഒരു ലോങ്ങ് ടേക്കാണ്. പാട്ട് സീനുകളിലൂടെ കല്യാണവും ആദ്യപ്രസവവുമെല്ലാം തീര്‍ത്തുകളയുക എന്ന പതിവുരീതിയില്‍ നിന്ന് വ്യതിചലിച്ച് ആദ്യരാത്രി കഴിഞ്ഞ് വാതില്‍ തുറന്ന് മുറ്റത്തെത്തുമ്പോള്‍ കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നതായി മനസ്സിലാക്കാം. പുത്തന്‍ വഴികള്‍ പരീക്ഷിക്കുമ്പോള്‍ അത് വിജയിക്കുമോ എന്ന ഭയം കമേഷ്യല്‍ സിനിമക്കാരെ വലയ്ക്കുന്നുണ്ടാകും എന്നാണ് എന്റെ വിലയിരുത്തല്‍. എന്നാലിവിടെ കമേഷ്യല്‍ സിനിമയുടെ ഉള്ളടക്കം ഉപയോഗിച്ചുകൊണ്ടുതന്നെ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ലോങ്ങ് ടേക് എന്ന അഭ്യാസം സന്നിവേശിപ്പിക്കുന്നതിന് (ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം സിനിമയിലിതുപയോഗിച്ചിട്ടുണ്ട്) സംവിധായകന്‍ പരിശ്രമിച്ചിരിക്കുന്നത് മാറ്റത്തിന്റെ ഒരു നല്ല സൂചനയാണ്.

ഗോഡ്സ് ഓണ്‍ കണ്‍ട്രി: എന്തിന്?

പല സിനിമകളും കാണുമ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു സിനിമ എന്ന് തോന്നാറുണ്ട്. കളിയാക്കലല്ല ഉദ്ദേശം. ഈ കഥ എനിക്ക് പറയണം, എനിക്ക് മാത്രമേ ഞാന്‍ പറയുന്നതുപോലെ ഈ കഥ പറയാന്‍ സാധിക്കുകയുള്ളൂ എന്ന തോന്നലില്‍ നിന്നാണ് പലരും സിനിമകള്‍ ചെയ്യുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എനിക്ക് അത്തരത്തിലാണ് സിനിമ സംഭവിക്കാറ്. അതുകൊണ്ടാകണം ഓരോ സിനിമയും കാണുമ്പോള്‍ അങ്ങനെ സംവിധായകര്‍ക്ക് തോന്നാനുള്ള കാരണം എന്താണ് എന്ന് ആലോചിക്കുന്നത്. ആദ്യത്തെ സിനിമയായ 1983 യ്ക്ക് അത്തരത്തില്‍ ഒരു വിശദീകരണം സാദ്ധ്യമാണ്. തനിക്ക് പരീക്ഷിക്കാന്‍ കുറെ കാര്യങ്ങളുണ്ട് എന്ന തോന്നല്‍ മാത്രമല്ല, ക്രിക്കറ്റിനെ സ്നേഹിക്കുന്ന സംവിധായകന് അതിനെക്കുറിച്ച് ഇഷ്ടപ്പെടുന്ന മാധ്യമം ഉപയോഗിച്ച് ഒരു പ്രേമലേഖനം എഴുതണം എന്നും തോന്നിക്കാണണം. കലയിലൂടെ സ്വന്തം ഇഷ്ടങ്ങളോട് നീതി പുലര്‍ത്താനാണല്ലോ കലാകാര്‍ കാലങ്ങളായി ശ്രമിക്കുന്നത്. എന്നാല്‍ മിക്ക മലയാളം സിനിമകളും ഇങ്ങനെ എന്തെങ്കിലും മനസ്സില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നവയാണ് എന്നെനിക്ക് തോന്നാറില്ല. ഗോഡ്സ് ഓണ്‍ കണ്‍ട്രിയും വ്യത്യസ്തമായിരുന്നില്ല.
അടുത്തകാലത്ത് ഏറെ പരീക്ഷിച്ച് കണ്ട ഒന്നാണ് ഒരു ദിവസം കുറെ പേരുടെ ജീവിതം, അവ കൂട്ടിമുട്ടിയും പിരിഞ്ഞും മുന്നോട്ട് പോകല്‍ എന്ന രീതി. ട്രാഫിക്, നേരം എന്നിവ പെട്ടന്ന് മനസ്സില്‍ വരുന്നു. ഗോഡ്സ് ഓണ്‍ കണ്‍ട്രിയും ചെയ്യുന്നത് അതാണ്. അതിലാകട്ടെ വളരെ വിരസമായ രീതിയാണ് സ്വീകരിച്ചിരിക്കുന്നതും. തുടക്കത്തില്‍ സമയം പുറകിലേയ്ക്ക് പോകുന്നത് കാണിക്കാന്‍ ക്ലോക്കിലെ സൂചി പുറകോട്ട് പോകുന്നത് സിനിമയിലെ പല സംഭവങ്ങളുടെ ഡിസോള്‍വില്‍ കാണിച്ചിരിക്കുന്നു. ബാലിശമായ അഭ്യാസം. ഒരേ ദൃശ്യങ്ങള്‍ സംവിധായകന്‍ ആവര്‍ത്തിക്കുന്നത് എന്തിനുവേണ്ടിയാണ് എന്നും മനസ്സിലാകുന്നില്ല.
അതിലും അരോചകമായിത്തോന്നിയത് സിനിമയുടെ രാഷ്ട്രീയമാണ്. അന്യസംസ്ഥാന തൊഴിലാളികളോട്, മുസ്ലിങ്ങളോട് എല്ലാം വളരെ മോശമായി പെരുമാറുന്ന കഥാപാത്രങ്ങളെ നമുക്ക് സിനിമയില്‍ കാണാം. അവസാനിക്കുമ്പോള്‍ ഇവരുടെയെല്ലാം പെരുമാറ്റം മാറുകയും എല്ലാവരെയും സ്നേഹത്തോടെ സമീപിക്കുയും ചെയ്യുന്നു. ഇതില്‍ രണ്ട് പ്രശ്നങ്ങളാണ്. സ്വീകാര്യത എന്നത് അധികാരത്തിന്റെ ഭാഷയാണ്. അധികാരികള്‍ക്ക് സ്വീകാര്യരായിത്തീരുക എന്നതാണ് ന്യൂനപക്ഷത്തിന്റെ ലക്ഷ്യം എന്ന് വരുന്നു. രണ്ടാമത്തേത് ഇതിലും ഗുരുതരമാണ്. തമിഴനായ ലോട്ടറിക്കാരനായാലും ലാലിന്റെ മുസ്ലിം കഥാപാത്രമായാലും എല്ലാവരും ചെയ്തുകൊടുക്കുന്ന ഉപകാരങ്ങള്‍ക്കുള്ള സ്മരണയാണ് അവരോട് കാണിക്കുന്ന സ്നേഹം. ഒരു ഉപകാരവും ചെയ്യാത്തവരാണെങ്കില്‍ മുസ്ലിങ്ങള്‍ ഗുണ്ടകളും കള്ളന്മാരുമായി നിലനില്‍ക്കും എന്ന്. വേശ്യകള്‍ സത്യസന്ധത കാണിക്കുന്നിടത്തോളം അവരോട് മര്യാദയില്‍ പെരുമാറാം. മനുഷ്യത്വപരമായി സമീപിക്കുന്നതിന് എന്തിനാണ് ഉപകാരങ്ങള്‍ ചൊരിയുന്നത്.
ലോട്ടറിക്കാരനോട് പോലീസുകാരന്‍ പറയുന്ന കാര്യങ്ങള്‍ പൊതുബോധത്തിന്റെ വക്താവായിത്തന്നെയാണ്. അന്യസംസ്ഥാനത്തുനിന്നും ജോലിക്ക് വരുന്നവര്‍ മയക്കുമരുന്ന കച്ചവടക്കാരാണെന്നും മറ്റും. രക്തം വാര്‍ന്ന് വഴിയില്‍ കിടക്കുമ്പോള്‍ ഈ ലോട്ടറിക്കാരന്‍ രക്ഷിക്കുന്നതിനുശേഷം ഇയാള്‍ പറയുന്നത് ആരെയും മുന്‍വിധിയോടെ സമീപിക്കാന്‍ പാടില്ല എന്ന് ഇപ്പോള്‍ മനസ്സിലായി എന്നാണ്. ഒരു മനുഷ്യനെക്കുറിച്ച് പറഞ്ഞത് തെറ്റിപ്പോയി എന്നേ അതിനര്‍ത്ഥമുള്ളു. വെച്ചുപുലര്‍ത്തുന്ന ധാരണയ്ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വരാനില്ല.
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മലയാള സിനിമ ഇത്തവണയും മരണം കൊടുക്കും എന്നാണ് മൈഥിലിക്ക് വാഹനാപകടം (കുറഞ്ഞത് മൂന്ന് തവണയെങ്കിലും അവരെ വണ്ടിയിടിക്കുന്നുണ്ട്) സംഭവിച്ചപ്പോള്‍ കരുതിയത്. ഒരാണിന്റെ ലിംഗത്തിന് ക്ഷതമേല്‍പിക്കുകയും എഴുതിയ പുസ്തകത്തിന് അവാര്‍ഡ് വാങ്ങിക്കുകയും ചെയ്ത അവര്‍ക്ക് ഒരു വീല്‍ ചെയറേ കൊടുത്തിട്ടുള്ളു. വളരെ നല്ലത്. പുരോഗമനപരം തന്നെ.

ഒരു ഇന്ത്യന്‍ പ്രണയകഥ:പ്രണയത്തിലും ദേശീയത

ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്ന് ജോലി  ചെയ്ത് ജീവിക്കുന്ന കുറെ സ്ത്രീകളെ കാണാന്‍ കഴിഞ്ഞു എന്നതാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി അവരാരും കൊല്ലപ്പെടുന്നുമില്ല. അമല പോളിന്റെ കഥാപാത്രത്തിന് ജോലിയുള്ളതായി പറയുന്നില്ലെങ്കിലും കാനഡയിലേയ്ക്ക് തിരിച്ച് പോകേണ്ടത് ആവശ്യമായി വരുന്നുണ്ട്. പ്രണയത്തിനുവേണ്ടി അത് ഉപേക്ഷിക്കുന്നില്ല. ബാംഗ്ലൂര്‍ ഡേയ്സില്‍ ഉപരിപഠനസാദ്ധ്യതകള്‍ ഉപേക്ഷിക്കുന്ന പാര്‍വതിയെ പോലെയല്ല. ലക്ഷ്മി ഗോപാലസ്വാമിയാകട്ടെ സ്വന്തമായി ജോലിയുള്ള സ്ത്രീ മാത്രമല്ല, ഭര്‍ത്താവല്ലാത്ത ഒരു പ്രണയം അവരുടെ ജീവിതത്തില്‍ ഉണ്ടാകുകയും അതില്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ള ആളാണ്. മലയാളം സിനിമകളില്‍ ഇത് ഭാര്യാഭര്‍തൃബന്ധത്തിന്റെ പവിത്രതയെ ചോദ്യം ചെയ്യുന്നതാണ്. അഴകിയ രാവണണിലെയെല്ലാം നാടകീയമായ വെളിപ്പെടുത്തല്‍ ഓര്‍ക്കാം. എന്നാലിവിടെ അത്തരത്തിലൊരു സ്ത്രീയ്ക്ക് ജീവിതത്തില്‍ ഒരു കുറവും ഇല്ല. കാഴ്ചയില്‍ത്തന്നെ പെണ്ണുങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ സിനിമകളില്‍ നടക്കാറുണ്ട്. ബോര്‍ഡ് മീറ്റിങ്ങുകളില്‍ പേരിനൊരു സ്ത്രീ, എക്സ്ട്രാസില്‍ സ്ത്രീകളുടെ അസാന്നിധ്യം, ഇതെല്ലാം സ്ത്രീയുടെ ഇല്ലായ്മ എന്ന ഒരു ദൃശ്യസംസ്കാരം സൃഷ്ടിക്കുന്നതിനുള്ള പടികളാണ്. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ ഈ ചിത്രത്തില്‍ അങ്ങനെയല്ല. നിരത്തിലായാലും അയല്‍പ്പക്കത്തായാലും സ്ത്രീസാന്നിധ്യം വലുതാണ് ഇവിടെ. അച്ഛനമ്മമാരുടെ സ്നേഹം കൊതിക്കുന്ന അമലയെ കാണിക്കുന്ന രംഗങ്ങളില്‍ ബാറ്റ് വാങ്ങിക്കൊടുക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു കുട്ടിയെ കാണാം. ഓഫീസില്‍ നിന്ന് വരുമ്പോള്‍ ബാറ്റ് ഉറപ്പായും വാങ്ങാം എന്ന് കുട്ടിയുടെ അമ്മ പറയുമ്പോഴാണ് ചോറുണ്ണാന്‍ സമ്മതിക്കുന്നത്. സ്വന്തം പൈസ കൊണ്ട് കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു സ്ത്രീ! ഇതെല്ലാം പരാമര്‍ശമര്‍ഹിക്കുന്നത് സ്ത്രീകളോട് ഈ സമീപനം ഒട്ടുമില്ലാതിരുന്ന മലയാള സിനിമയുടെ ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ്. ഇതേ അമ്മ പിന്നീട് കുട്ടിയുമായി ക്രിക്കറ്റ് ബാറ്റ് വാങ്ങിപ്പോകുന്നത് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയാകട്ടെ വണ്ടിയോടിച്ച് കുട്ടിയെ സ്കൂളില്‍ കൊണ്ടാക്കുന്നു.
ഒരു പ്രണയബന്ധത്തില്‍ ഒരാള്‍ മൂലം മറ്റയാള്‍ മാറുന്നത് സ്വാഭാവികമാണ്. ഇവിടെ രസകരമായ രീതിയില്‍ ബന്ധത്തിലെ സ്ത്രീ കാരണം പുരുഷന്‍ മാറുന്നത് കാണാം. വായനാശീലം ഉണ്ടാക്കിയെടുക്കാന്‍ ഫഹദ് ഫാസിലിനെ സഹായിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഇയാളുടെ കാഴ്ചപ്പാട് മാറ്റി മറിക്കുന്നതും അമല പോളാണ്. ആ അര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ പ്രണയകഥ ഒരു കമിങ്ങ് ഓഫ് ഏജ് ചിത്രം കൂടിയാണ്. 
ഗോഡ്സ് ഓണ്‍ കണ്‍ട്രിയില്‍ സി പി എമ്മിന്റെ പ്രചരണം സൗജന്യമായി നടത്തുന്നുണ്ടെങ്കില്‍ സത്യന്‍ അന്തിക്കാട് ഒരു നല്ല കോണ്‍ഗ്രസ്സുകാരനാകാന്‍ ശ്രമിക്കുകയാണെന്ന് തോന്നുന്നു. ഗാന്ധിയെ തിരിച്ച് കൊണ്ടുവന്നും മറ്റും നടത്തുന്ന പ്രഭാഷണം വളരെ നിസ്സാരമായിത്തോന്നി. ഇത്തരത്തില്‍ അരാഷ്ട്രീയപരമായി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സിനിമാക്കാര്‍ക്കേ കഴിയൂ എന്ന് തോന്നുന്നു. 
ഏതായാലും ചിത്രത്തിന്റെ പേരും അതിന്റെ ടൈറ്റില്‍ ഡിസൈനും മുമ്പോട്ട് വയ്ക്കുന്ന രാഷ്ട്രീയം പ്രതിലോമകരമാണ്. സ്നേഹത്തിന് ദേശീയത കൊടുക്കുകയും ത്രിവര്‍ണ്ണപതാകയുടെ നിറങ്ങള്‍ അടിച്ച് മിനുക്കുകയും ചെയ്യുന്നത് അതിന് മതവും ജാതിയും കൊടുക്കുന്നതിന് തുല്യമാണ്. ഇവിടെ തീര്‍ത്തും ഇന്ത്യന്‍ അല്ലാത്ത ഒരു പ്രണയത്തെ ഇന്ത്യന്‍ വത്കരിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും ഒരു എന്‍ ആര്‍ ഐ യെ ക്കൊണ്ടത് ചെയ്യിപ്പിക്കുമ്പോള്‍ പുറത്തുനിനിന്നും അകത്തു കടക്കണമെങ്കില്‍ ഇന്ത്യ എന്ന ഒരു ആശയത്തിന്റെ ഭാഗമാകണം എന്ന് പറയുന്നു ചിത്രം. എന്നാലും അവിടെയും സാധാരണ കാണാറുള്ള പെണ്ണിനെ ഇന്ത്യന്‍ രൂപത്തിലാക്കി മാറ്റുക എന്ന ചടങ്ങ് ഒഴിവാക്കി കണ്ടതില്‍ സന്തോഷം. ഐറീന്‍ ഗാര്‍ഡനര്‍ വന്നപ്പോള്‍ മുതലുള്ള കുപ്പായങ്ങളെല്ലാം തന്നെയാണ് അവസാനം വരേയ്ക്കും ധരിക്കുന്നത്. പെട്ടന്നൊരു ദിവസം കേരള സാരി ചുറ്റുകയോ മുല്ലപ്പൂ ചൂടുകയോ ചെയ്യുന്നില്ല. ഫഹദ് തന്റെ ഖദറും ഉപേക്ഷിക്കുന്നില്ല. സര്‍വ്വം ശുഭം.

No comments:

Post a Comment