Sunday 9 October 2022

രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും - കിഷോർ കുമാർ


    

സങ്കല്പലോകത്തിൽനിന്നുള്ള ഊർജ്ജം യാഥാർത്ഥ്യലോകത്തിലും യാഥാർത്ഥ്യലോകത്തിൽനിന്നുള്ള ഊർജ്ജം സങ്കല്പലോകത്തിലും ഉപയോഗിക്കാമെന്ന് മാധവിക്കുട്ടി എഴുതിയിരുന്നു. ആധുനികകാലത്തെ സങ്കല്പലോകത്തിനും യാഥാർത്ഥ്യലോകത്തിനും ഇടയ്ക്കുള്ള ഒരു  മൂന്നാം ലോകമായി കരുതാം. സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമുമ്പ് പരീക്ഷിച്ചുനോക്കാനുള്ള ഒരിടമായി ഓൺലൈൻ ലോകം ഉപയോഗിക്കാം. നെറ്റിന്റെ ഈ സവിശേഷതയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒന്നായിരുന്നു എന്റെ സാമൂഹികമായ വെളിപ്പെടുത്തൽ പ്രക്രിയ. ഇന്റർനെറ്റെന്നെ ആഗോള ശൃംഖലയുടെ അടിസ്ഥാന യൂണിറ്റായ കമ്പ്യൂട്ടറിന്റെ ഗണിത മാതൃക ആദ്യമായി തയ്യാറാക്കിയ, കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്ന അലൻ ടൂറിങ് ഒരു സ്വവർഗാനുരാഗി ആയിരുന്നു എന്നുള്ളത് കാലത്തിന്റെ കാവ്യനീതിയാകാം. 

***

...അടിച്ചമർത്തപ്പെട്ട സ്വവർഗാനുരാഗത്താൽ ഉളവാകുന്ന മാനസികരോഗങ്ങൾക്കുള്ള ചികിത്സ അനുരാഗം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ഉണ്ടാക്കുക എന്നത് മാത്രമാണ്...

***

...ഒരു പുരുഷൻ തന്റെ സ്വവർഗലൈംഗികത പ്രണയംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം അംഗീകരിച്ചാൽപോലും പുരുഷനെ പ്രണയിക്കുന്നു എന്ന് പുറത്ത് പറഞ്ഞാൽ സമൂഹത്തിലെ തന്റെ സ്ഥാനം സ്ത്രീയുടേതിനു തുല്യമായി വീക്ഷിക്കപ്പെടും എന്ന് അവൻ ഭയപ്പെടുന്നു. ഒരു സ്ത്രീ തന്റെ സ്വവർഗലൈംഗികത പ്രണയംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം അംഗീകരിച്ചാൽപോലും പുരുഷനെ പ്രണയിക്കുന്നില്ല എന്ന് പുറത്തുപറഞ്ഞാൽ ആൺമേൽക്കോയ്മയുള്ള സമൂഹം അത് പുരുഷന്മാരോടുള്ള ധിക്കാരമായി വീക്ഷിക്കും എന്ന് അവൾ ഭയക്കുന്നു. സ്ത്രീകൾ കുടുംബപരമായും സാമൂഹികമായും സാമ്പത്തികമായും വളരെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിൽ ഈ ഭയങ്ങൾ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമാണ്. അതിനാൽതന്നെ സ്വവർഗപ്രണയികളുടെ (പുരുഷന്റെയും സ്ത്രീയുടെയും) വിമോചനം സമൂഹത്തിലെ സ്ത്രീപുരുഷസമത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഭാരതത്തിലെ പുരുഷസ്വവർഗപ്രണയികൾ പലർക്കും അവരുടെ സ്വത്വം തുറന്നുപറയാൻ സാധിക്കാത്തതിൽ അന്തർവത്കരിച്ച സ്വവർഗഭീതിക്കൊപ്പം അവരുടെ മനസ്സിലുള്ള സ്ത്രീവിരുദ്ധതയും ഒരു പങ്ക് വഹിക്കുന്നുണ്ട്. സ്വവർഗപ്രണയികൾ സ്ത്രീ സ്വാതന്ത്ര്യത്തിനായി ശബ്ദമുയർത്തേണ്ടത് തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായി കരുതണം. 

***

    ഉന്നതവിദ്യാഭ്യാസം നേടിയവർക്കു മാത്രം സാധിക്കുന്ന പാശ്ചാത്യ പ്രവാസം ഇന്ത്യയിലെ ലൈംഗികന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമേ അല്ല. കുടുംബത്തിന്റെ കടുംപിടുത്തങ്ങളിൽനിന്നും ഇന്ത്യൻ നിയമവ്യവസ്ഥയിൽനിന്നും രക്ഷപ്പെടാൻ പ്രവാസം സഹായിക്കുന്നുവെങ്കിലും വിദേശങ്ങളിലെ വംശീയ വേർതിരിവുകളും സാംസ്കാരികമായ ഒറ്റപ്പെടലും പ്രതിവിധികളില്ലാത്ത കൂടുതൽ പ്രശ്നങ്ങളിലേയ്ക്കാണ് നയിക്കുന്നത്. 

***

...ഇന്ത്യൻ സമൂഹത്തിൽ ജാതി നിലനിന്നു പോകുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങളാണ്. അറേഞ്ച്ഡ് വിവാഹങ്ങൾക്ക് പകരം വ്യക്തികൾ സ്വയം തീരുമാനിക്കുന്ന പ്രണയവിവാഹങ്ങൾക്ക് മാത്രമേ ജാതിമത വേലിക്കെട്ടുകൾ തകർക്കാൻ കഴിയൂ. പ്രണയസ്വാതന്ത്ര്യം സ്ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നില്ക്കുന്നതിനാൽ ജാതിഉന്മൂലനത്തിന് ഫെമിനിസവുമായി അഭേദ്യമായ ബന്ധമുണ്ട്...കേരളത്തിലെ ലൈംഗികന്യൂനപക്ഷമനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ ഫെമിനിസ്റ്റ് ഗ്രൂപ്പുകളോടൊപ്പം രേഖാ രാജിനെപ്പോലുള്ള ദലിത് ആക്റ്റിവിസ്റ്റുകളും വലിയ പങ്ക് വഹിക്കുന്നുണ്ട്. 

***

'രണ്ട് പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു' ഒക്ടാവിയോ പാസിന്റെ പ്രസിദ്ധമായ വരികളാണ് ഇത്. മനുഷ്യജീവിതത്തെ അർത്ഥവത്താക്കിത്തീർക്കുന്നതിൽ പ്രണയത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന ഒന്നാണ് ഈ വരികൾ. കമിതാവായ ഒരാൾക്ക് ഇണയോട് തോന്നുന്ന ആർദ്രതയ്ക്കു പുറമെ ആ പ്രണയം അയാളോടെ ലോകത്തോടുള്ള ഇടപെടലുകളെക്കൂടി വിമലീകരിക്കുന്നു. സ്വവർഗപ്രണയ്തതിന്റെ പരിപ്രേക്ഷ്യത്തിൽക്കൂടി നോക്കുമ്പോൾ 'രണ്ട് പുരുഷന്മാർ ചുമബിക്കുമ്പോൾ യുദ്ധം വഴിമാറിപ്പോകുന്നു' എന്ന് ഈ വരികളെ പുനർവായന നടത്താമെന്നു തോന്നുന്നു.



No comments:

Post a Comment