എഴുത്തുകാരുടെ എഴുത്ത് പ്രക്രിയ പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. വളരെ പ്രോലിഫിക് ആയ പല എഴുത്തുകാർക്കും ഉള്ള ഒരു പ്രക്രിയയായി ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്, അതിരാവിലെ എഴുന്നേറ്റ് തുടർച്ചയായി നാല് മണിക്കൂർ, കിടക്കാൻ പോകുന്നതിന് മുമ്പായി നാല് മണിക്കൂർ എഴുത്ത് എന്ന ഒരു പ്രക്രിയയാണ്. ഇത് എനിക്കൊരിക്കലും സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ പ്രോലിഫിക് അല്ലാത്തതും. എന്നാൽ എന്റെ മടിയും അലസതയും എന്നാൽ അധ്വാനവും വെച്ച് ഞാൻ ഉണ്ടാക്കിയെടുത്ത എന്റെ പ്രക്രിയ ഞാനിവിടെ പറയാം. തട്ടിയും മുട്ടിയും പോവാനെങ്കിലും ഉപകരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയിൽ ചിലർക്കെങ്കിലും ഇത് ഉപകാരപ്പെട്ടേക്കും
എന്റെ സിനിമകൾക്ക് ഞാൻ തന്നെയാണ് ഇതുവരെ കഥയും തിരക്കഥയും എഴുതിയിട്ടുള്ളത്. ചെറിയ ചിത്രങ്ങൾക്ക് കഥയെഴുതുക എന്ന ഒരു പ്രക്രിയ എനിക്കുണ്ടാവാറില്ല. നേരിട്ട് തിരക്കഥയാണ് എഴുതുന്നത്. പണ്ട് പുസ്തകത്തിലുോ പേപ്പറിലോ ആയിരുന്നു എഴുത്ത്. ഇപ്പോൾ ഗൂഗിൾ ഡോക്സിലാണ്. സ്ക്രീൻപ്ലേ ഫോർമാറ്റർ എന്ന എക്സ്റ്റെൻഷൻ ഉപയോഗിച്ചാണ് എഴുതുന്നത്. അത് ഇല്ലാതിരുന്നപ്പോൾ (പുതിയ ഡോക്സിൽ ഈ എക്സ്റ്റൻഷൻ കിട്ടുന്നില്ലെന്ന് ചിലർ പറഞ്ഞു) വേർഡിൽ എഴുതി ഫോർമാറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. യവനിക എന്ന ഒരു സോഫ്റ്റേവേർ കിട്ടി. അതും വളരെ നല്ലതാണ്. അതിൽ പക്ഷേ ഗൂഗിൾ ഡോക്കിലേയ്ക്കോ വേർഡിലേയ്ക്കോ കോപ്പി പേസ്റ്റ് ചെയ്യാനോ എക്സ്പോർട്ട് ചെയ്യാനോ പറ്റില്ല. ഞാൻ ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ചാണ് കാലങ്ങളായി മലയാളം ടൈപ് ചെയ്യുന്നത്. അതാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് വിശ്വസിക്കുന്നു.
ഈ ഫോർമാറ്റിങ്ങ് എന്നത് തിരക്കഥയെ സംബന്ധിച്ച് പ്രധാനമാണ്. അത് ഏറ്റവും ഉപകരിക്കുന്നത് സിനിമയുടെ ദൈർഘ്യം കണക്ക് കൂട്ടാനാണ്. ഫൈനൽ ഡ്രാഫ്റ്റിന്റെ ഫോർമാറ്റിൽ അഥവാ, യൂണിവേർസലി അംഗീകരിക്കപ്പെട്ട ഫോർമാറ്റിൽ തിരക്കഥ എഴുതിയാൽ അതിലെ ഒരു പേജ് സിനിമയിലെ ഒരു മിനുറ്റാണ് എന്നാണ് ഏകദേശക്കണക്ക്. അപ്പോൾ 90 പേജുള്ള ഒരു തിരക്കഥ ഏകദേശം ഒന്നര മണിക്കൂർ കാണും.
ഇത് കൂടാതെ ഫോർമാറ്റിൽ എഴുതുമ്പോൾ പല തരം സ്ക്രിപ്റ്റ് ബ്രേക്ക് ഡൌണുകൾ ചെയ്യാൻ എളുപ്പമാണ്. ഉദാഹരണത്തിന് ഷൂട്ടിന്റെ സമയത്ത് ആർട്ടുകാർക്ക് പ്രോപ്സ് ബ്രേക്ക്ഡൌൺ ഉണ്ടാക്കാനും മറ്റും. കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ, ആക്ഷനുകൾ എന്നിവ കൃത്യമായി വേർതിരിച്ചാണ് ഫോർമാറ്റിൽ എഴുതുമ്പോൾ ഉണ്ടാവുക എന്നത് ഷൂട്ടിന്റെ സമയത്തും വളരെ ഉപകാരപ്രദമാണ്.
ഇനി എന്റെ പ്രക്രിയ - ഫീച്ചർ സിനിമകൾക്ക് - ഇങ്ങനെയാണ്.
ആദ്യം ഒരു കഥയെഴുതും. ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്ന സ്ക്രിപ്റ്റിന്റെ കഥ പതിനാറ് പേജുണ്ടായിരുന്നു. അതെഴുതാൻ ഒരാഴ്ചയാണ് എടുത്തത്. എഴുത്ത് നടക്കാനായി ഞാനുപയോഗിക്കുന്ന സൂത്രം ഇതാണ്. എഴുത്ത് തുടങ്ങിക്കഴിഞ്ഞാൽ ദിവസവും ഒരു വരിയെങ്കിൽ ഒരു വരി എഴുതും എന്ന തീരുമാനം എടുക്കും. ആ തീരുമാനം നടപ്പിലാക്കും. എപ്പോഴൊക്കെ ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെ ഏഴ് ദിവസം കൊണ്ട് ഒരു കഥ ഞാൻ എഴുതിത്തീർത്തിട്ടുണ്ട്. ആയുഷ്മാൻ ഭവ എന്ന വർക്കിങ്ങ് ടൈറ്റിൽ ഉള്ള സിനിമയുടെ കഥയുടെ ആദ്യ ഭാഗം താഴെ.
അടുത്ത പടി ഈ എഴുതിയ കഥയെ തിരക്കഥയാക്കുക എന്നതാണ്. ഈ സ്റ്റേജിൽ ഞാൻ പലപ്പോഴും ഡയലോഗുകൾ എഴുതാറില്ല. ഇപ്രാവശ്യം കഥ എഴുതി പിറ്റേ ദിവസം തൊട്ട് ഞാൻ സംഭാഷണമില്ലാത്ത തിരക്കഥ എഴുതാൻ തുടങ്ങി. ഈ സ്റ്റേജിൽ ഇപ്പോൾ സീനുകൾ തിരിച്ചാണ് എഴുത്ത്. ഇവിടെ ദിവസം ഒരു സീൻ എങ്കിലും എഴുതും എന്നതാണ് എന്റെ നിയമം. ഇപ്രാവശ്യം ഞാൻ എന്നെത്തന്നെ ടൈം ചെയ്തും. ഒരു മണിക്കൂറിൽ ആറ് സീനുകളാണ് ഞാൻ എഴുതുന്നത് ശരാശരി. ഈ പ്രക്രിയ തുടങ്ങി ഏഴ് ദിവസത്തിനുള്ളിൽ ഞാൻ ഡയലോഗില്ലാത്ത തിരക്കഥ തീർത്തു. നേരത്തെ എഴുതിയ കഥയുടെ ഭാഗം തിരക്കഥ ആയപ്പോൾ ഇങ്ങനെയാണ് ഉള്ളത്.
SCENE 1 Annie Thomas Buys Medicines
INT. MEDICAL COLLEGE PHARMACY - DAY
കോഴിക്കോട് മെഡിക്കൽ കോളെജിലെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങാൻ നിൽക്കുന്ന ആനി തോമസ് (31). അവളുടെ പ്രിസ്ക്രിപ്ഷൻ നോക്കി മരുന്ന് എടുക്കാൻ പോയ ആൾ അവളെ നോക്കുന്നുണ്ട്. ആനിയുടെ ദേഹത്ത്, മറ്റുള്ളവർക്ക് കാണാവുന്നിടത്ത് ടാറ്റൂ ഉണ്ട്. അവൾക്ക് കലങ്ങിയ കണ്ണുകൾ, കുറെ കാത് കുത്തുകൾ എന്നിവയുണ്ട്. അവൾക്ക് അവളുടെ നേർക്ക് നോട്ടങ്ങൾ വരുന്നതായി അനുഭവപ്പെടുമ്പോൾ അവൾ തിരിച്ച് നോക്കുന്നുണ്ട്. മരുന്നുമായി മെഡിക്കൽ ഷോപ്പുകാരൻ തിരിച്ച് വരുന്നു. അയാൾ പ്രിസ്ക്രിപ്ഷന്റെ മുകളിൽ വിവരങ്ങളും മറ്റും എഴുതി ഒരു സീൽ അടിക്കുന്നു. അവൾ അതെല്ലാം നോക്കി നിൽക്കുന്നു. സീൽ അടിച്ച് ഒപ്പിട്ടതിന് ശേഷം അവൾ പ്രിസ്ക്രിപ്ഷനായി കൈ നീട്ടുന്നുണ്ടെങ്കിലും മരുന്നുകാരൻ പ്രിസ്ക്രിപ്ഷൻ എടുത്ത് അകത്തെ മുറിയിലേയ്ക്ക് പോകാൻ തുടങ്ങുന്നു. അവൾ അത് എന്തിനാണ് എന്ന് ചോദിക്കുന്നു. ഇത്തരം മരുന്നുകൾക്ക് പ്രിസ്ക്രിപ്ഷന്റെ കോപ്പി എടുത്ത് വയ്ക്കേണ്ട നിയമം ഉണ്ടെന്ന് അയാൾ പറയുന്നു. അങ്ങനെ നിയമമില്ലെന്നും അതിൽ തന്റെ പേർസണൽ വിവരങ്ങൾ ഉണ്ടെന്നും ആനി. ഇവിടെ ഒരു വഴക്ക് തുടങ്ങുകയാണ്.
ഇതിനിടയിൽ ഡോ. രാമഭദ്രൻ (31) മെഡിക്കൽ ഷോപ്പിന്റെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് അവിടെയുള്ള മറ്റൊരു ജീവനക്കാരനോട് ചിരിച്ച് പുറത്തേയ്ക്ക വരുന്നു. ഇയാൾ ആനിയുടെ വഴക്ക് കുറച്ച് നേരം ശ്രദ്ധിക്കുന്നു. മരുന്നുകൾ എന്ന് തോന്നുന്ന ഒരു കവറെടുത്ത് പോക്കറ്റിലിട്ട് പുറത്തേയ്ക്ക് പോകുന്നു. ആനി ഇപ്പോഴും വഴക്കിലാണ്. പോലീസിനെ വിളിക്കണം എന്ന് വരെ എത്തുമ്പോൾ അവൾക്ക് മരുന്ന് കൊടുത്ത് കുറച്ച് ഇൻസൾട്ടിങ്ങ് ആയ രീതിയിൽ പെരുമാറി മരുന്ന് കടക്കാരൻ അകത്തേയ്ക്ക് പോകുന്നു. അവൾ മരുന്നുകളെല്ലാം എടുത്ത് പുറത്തിറങ്ങുന്നു.
SCENE 2 Annie waits for bus home
EXT. MEDICAL COLLEGE BUS STOP - DAY
ആനി ബസ്സ് കാത്ത് നിൽക്കുന്നു. നിർത്താതെയുള്ള മഴയാണിപ്പോൾ. അവൾ ബസ്സിൽ കയറുന്നു.
SCENE 3 Annie in the bus
EXT. BUS - DAY
അവൾ നിരന്തരം ഷൂട്ട് ചെയ്യുകയും വോയ്സ് നോട്ടുകൾ അയയ്ക്കുകയും ചെയ്യുന്നുണ്ട്. മെസേജിങ്ങും ഉണ്ട്. ഒരു നിമിഷം പോലും അവൾ വെറുതെ ഇരിക്കുന്നില്ല. കണ്ട്ക്ടർ വന്ന് ടിക്കറ്റ് എടുക്കാൻ അവളെ വിളിക്കുമ്പോൾ അവൾ വല്ലാതെ ഞെട്ടുന്നു. കണ്ടക്ടറും ഞെട്ടുന്നു. അവൾ സോറി പറയുന്നു. അവളുടെ പ്രശ്നമാണെന്ന് പറയുന്നു. ടിക്കറ്റ് എടുക്കുന്നു. ടിക്കറ്റ് എടുത്ത ഉടനെ അവൾ അതിന്റെ ഫോട്ടോ എടുക്കുന്നു. ഒരു പാട്ട് ഇവിടെ തുടങ്ങുകയാണ്. പാട്ട് ബാക്ക്ഗ്രൌണ്ടിലാണ്. അവളുടെ എല്ലാ കോൺവർസേഷൻസും നമുക്ക് കേൾക്കാം. രണ്ട് പാക്കറ്റ് പാല് വാങ്ങി വയ്ക്കാമോ എന്ന് അവൾ ഒരാൾക്ക് വോയ്സ് നോട്ട് അയയ്ക്കുന്നു. താൻ താക്കോൽ വീടിന്റെ മുന്നിലെ ഒരു കൂടിലാണ് വയ്ക്കുക എന്നും രാത്രി ഏഴ് മണിയായാലും താൻ തിരിച്ചെത്തിയില്ലെങ്കിൽ വാതിൽ തുറന്ന് പൂച്ചയ്ക്ക് പാല് കൊടുക്കണമെന്നും പറയുന്നു.
ബസ്സിലുള്ള ചിലർ അവളെ വിചിത്രമായ എന്തോ കണ്ട് രീതിയിൽ നോക്കുന്നുണ്ട്. അവൾ സ്റ്റോപ്പെത്തുന്നത് അറിയുന്നില്ല. കണ്ടക്ടർ വന്ന് ഇന്ന സ്റ്റോപ്പല്ലേ എന്ന് പറുമ്പോഴാണ് അവൾ ധൃതി പിടിച്ച് ഇറങ്ങുന്നത്.
SCENE 4 Annie walks home from busstop
EXT. ROAD HOME FROM BUS STOP - DAY
നടക്കുമ്പോൾ അവൾ സ്വന്തം സേഫ്റ്റി വക വയ്ക്കാതെ ടെക്സ്റ്റ് ചെയ്ത് കൊണ്ടും മറ്റുമാണ് നടക്കുന്നത്. അവൾ വീട് കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയി പിന്നെ പരിസരം ഓർമ്മ വന്ന് തിരിച്ച് നടന്ന് വീട് തുറന്ന് അകത്ത് കയറുന്നു. പൂച്ച ഓടി വരുന്നുണ്ട്.
SCENE 5 Annie home before protest
INT. ANNIE’S HOME - DAY
ആനി പൂച്ചയ്ക്ക് മുട്ട പുഴുങ്ങാൻ വയ്ക്കുന്നു. അവൾ വളരെ ധൃതിയിലാണ്. അവൾ ഒരു ഫോൺ കോൾ ചെയ്യുന്നു. പ്രൊഫസറോടാണ് സംസാരിക്കുന്നത്. തന്റെ റിസർച്ച് ഗൈഡിനെ മാറ്റാനുള്ള കാര്യ കാരണങ്ങൾ സൂചിപ്പിച്ച് താൻ മെയിൽ അയച്ചിട്ട് ഒരാഴ്ചയിൽ കൂടുതലായി എന്നും ഇന്ന് പരിപാടിക്ക് വരുമ്പോൾ തന്റെ റിസർച്ച് ഗൈഡിനെ മാറ്റിയ സർക്കുലർ അവിടെ ഉണ്ടായിരിക്കണമെന്നും അത് വാങ്ങിയതിന് ശേഷം താൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വേദിയിൽ പ്രസംഗിക്കുമെന്നും അവൾ പറുയുന്നു. ഇതേ കാര്യം പറഞ്ഞ് താൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടും എന്നും മീഡിയിയിൽ ഇതിനെ പറ്റി സംസാരിക്കും എന്നും പറയുന്നു. തുടർന്ന് അവൾ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു. അതിന് ശേഷം അവൾക്ക് കോളുകൾ വരാൻ തുടങ്ങുന്നു. അവൾ അതിന് ഉത്തരം പറയുന്നുണ്ട്. വീട്ടിലേയ്ക്ക് വരാൻ പറയുന്നുണ്ട്. അവൾ പിന്നെയും സംഭാഷണങ്ങൾ നടത്തുന്നു. ഇനി വരാൻ പോകുന്ന ഇന്റർവ്യൂകൾ ഡൌൺലോഡ് ചെയ്ത് വയ്ക്കുകയും ഷേർ ചെയ്യുകയും വേണമെന്ന് അവൾ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളിൽ പറയുന്നു. താൻ ഷൂട്ട് ചെയ്ത് അയയ്ക്കുന്ന വീഡിയോകളും സേവ് ചെയ്ത് സൂക്ഷിക്കണമെന്ന് അവൾ പറയുന്നു. അവൾ വീട്ടിലേയ്ക്ക എങ്ങനെ വരണം എന്ന ഡയറക്ഷൻസ് മീഡിയയ്ക്ക് ഇടയ്ക്ക് ഫോണെടുത്ത് കൊടുക്കുന്നു. അപ്പോഴാണ് മുട്ട പുഴുങ്ങാൻ വെച്ച കാര്യം അവൾക്ക് ഓർമ്മ വരുന്നത്. അവൾ ഓടി ഗാസ് ഓഫ് ചെയ്യുന്നു. മുട്ടയുടെ വെള്ളം ഏകദേശം വറ്റിയിട്ടുണ്ട്. അവൾ മുട്ട തൊണ്ട് കളഞ്ഞ് പൂച്ചയ്ക്ക് കൊടുക്കുന്നു.
അവൾ രണ്ട് മീഡിയയ്ക്ക് ഇന്റർവ്യൂ കൊടുക്കുന്നു. മഴയത്ത് കുട പിടിച്ചാണ് ഇന്റർവ്യൂ എടുക്കുന്നത്.
ഇന്റർവ്യൂ ഫൂട്ടേജ്. ഇതിൽ എം.എൽ.എ എതിർ കക്ഷിയിലെ സ്ത്രീ എം.എൽ.എ യെ അധിക്ഷേപിച്ച് സംസാരിച്ചതും തന്റെ പേപ്പർ അവതരിപ്പിക്കാൻ അവസരം നിഷേധിച്ച്, ഗൈഡിനെ മാറ്റാൻ സമ്മതിക്കാതെ തന്റെ ഡോക്ടറേറ്റ് തടഞ്ഞ് വയ്ക്കുന്നതും ഒരു പ്രശ്നത്തിന്റെ രണ്ട് വശങ്ങളാണെന്ന് ഇവൾ വികാരാധീനയായി പറയുന്നു.
SCENE 6 Annie starts from home
EXT. WAY TO BUS STOP - DAY
ആനി ഫോൺ, തന്റെ ഐ.ഡി കാർഡ് എന്നിവ എടുത്ത് വീടിന്റെ താക്കോൽ ചുമരിലെ പൊത്തിൽ വെച്ച് ഇറങ്ങുന്നു. അവൾ മെസേജുകൾ അയയ്കുകയും റോഡിന്റെയും മറ്റും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നുണ്ട്. മഴയായത് കാരണം ഓട്ടോകളൊന്നും നിർത്തുന്നില്ല. അവസാനം പുതിയ സ്റ്റാന്റിലേയ്ക്ക് ഒരു ഓട്ടോയിൽ കയറി അവൾ അവിടെ ചെന്നിറങ്ങുന്നു.
SCENE 7 Annie in the bus
EXT. INSIDE BUS - DAY
പ്രൈവറ്റ് ബസ്സിൽ കയറി സർവ്വകലാശാലയിലേയ്ക്ക് പോകുന്ന ആനി. അവൾ സർവകലാശാലയുടെ മുമ്പിൽ ഇറങ്ങുന്നു.
SCENE 8 Annie’s protest
EXT. CALICUT UNIVERSITY - DAY
സെക്യൂരിറ്റിക്കാരന് ഐ.ഡി കാർഡ് കാണിച്ച് ഷൂട്ട് ചെയ്ത് കൊണ്ട് തന്നെ അകത്ത് കയറുന്ന ആനി. പുറത്ത് മന്ത്രിമാരുടെ കാറുകൾ മുതലായവ ഉണ്ട്. (ഇടയ്ക്ക് അവളുടെ ഫൂട്ടേജിലേയ്ക്ക് കട്ടുകളുണ്ട്). അവൾ കയറുന്നതിന് മുമ്പ് ജൂനിയറായ ഒരു കുട്ടിയോട് താൻ ഇനി ചെയ്യാൻ പോകുന്നതെല്ലാം ഷൂട്ട് ചെയ്യുകയും, തന്നെ അവിടെ നിന്നും കൊണ്ട് പോയാൽ ഈ നമ്പറിലേയ്ക്ക് വോട്ട്സാപ്പ് ചെയ്യുകയും ചെയ്യണം എന്ന് പറയുന്നു. അവൾ തന്റെ നമ്പർ ആ യുവാവിന് കൊടുക്കുന്നു. പേരെന്താണ് എന്ന് ചോദിക്കുന്നുണ്ട് അവൾ. അവൻ പേര് പറയുന്നുമുണ്ട്. അവൾ അകത്ത് കയറി പരിപാടി നടക്കുന്നിടത്തേയ്ക്ക് ചെന്ന് സ്റ്റേജിൽ കയറി മുഖ്യമന്ത്രിക്കായി ഒഴിച്ചിട്ടിരിക്കുന്ന കസേരയിൽ കയറി ചമ്രം പണിഞ്ഞിരിക്കുന്നു. അവൾ ചുറ്റും നടക്കുന്നത് ഷൂട്ട് ചെയ്യുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. പതുക്കെ ചുറ്റുമുള്ളവർ കുശുകുശുക്കുന്നതും എന്തൊക്കെയോ നടക്കുന്നതും കാണാം. കുറച്ച് മുമ്പ് അവളെ ഷൂട്ട് ചെയ്യാൻ വീട്ടിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അവിടെയും ഷൂട്ട് ചെയ്യാനുണ്ട്. ഷൂട്ട് ചെയ്യാൻ ഏൽപിച്ച യുവാവും അക്കൂട്ടത്തിലുണ്ട്. പതുക്കെ അവളുടെ അടുത്തേയ്ക്ക് പോലീസ് വരികയും അവളോട് അവിടെ നിന്ന് ഇറങ്ങാൻ പറയുകയും ചെയ്യുന്നു. അവൾ വിസ്സമ്മതിക്കുന്നു. അവളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് അവിടെ നിന്നും അവളെ കൊണ്ട് പോകുന്നു. അവൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നു. ഇതിൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ താനാണ് കൂടുതൽ യോഗ്യ, പി.കെ. പ്രഭ സിന്ദാബാദ്, കെ. പി. പ്രദീപ്കുമാറിനെ കെ.പി.എം കൊന്നു. മുഖ്യമന്ത്രി കള്ളം പറയുന്നു എന്നിവയുണ്ട്.
ഇതിപ്പോൾ എട്ട് സീൻ ആയി മാറിയിരിക്കുന്നു. ഫൂട്ടേജ് കൂടി കൂട്ടിയാൽ ഒമ്പത് ഉണ്ട്. വേഗം എഴുതുമ്പോൾ പലപ്പോഴും സീനുകൾ തിരിക്കാൻ മറന്ന് പോകും. തിരക്കഥയുടെ ഓരോ ഡ്രാഫ്റ്റും കഴിയുന്നതോടെയാണ് ഇത്തരം തെറ്റുകൾ തിരുത്തിപോകുന്നത്.
ഇത് എഴുതിക്കഴിഞ്ഞ അടുത്ത് ദിവസം തന്നെ ഞാൻ ഡയലോഗുകളോട് കൂടിയ തിരക്കഥ എഴുതാൻ തുടങ്ങി. അതിന് ദിവസം ഒരു മണിക്കൂറെങ്കിലും എഴുതുക എന്നതാണ് നിയമം. ഒരു മണിക്കൂറിൽ ഞാൻ ആറ് സീനുകളാണ് എഴുതുന്നത്. പല പല ജോലികൾക്കിടയിലാണ് എഴുതുന്നത് എന്നുള്ളത് കൊണ്ട് ഞാൻ ദിവസം ആറ് സീനെങ്കിലും എഴുതും എന്ന നിയമം വയ്ക്കുകയും ചെയ്യാറുണ്ട്. ഒറ്റയടിക്ക് എഴുതാൻ പറ്റാത്ത ദിവസങ്ങളിൽ. അങ്ങനെ എഴുതിയ സംഗതിയുടെ ഒരു ഭാഗം താഴെ. നേരത്തെ എഴുതിയത് മുഴുവൻ ഇടുന്നില്ല. അത് കുറെയധികമുണ്ട്. ഈ ഡയലോഗുകൾ പല ഡ്രാഫ്റ്റുകളിലായി മാറി മാറി വരും. എന്നാലും അർത്ഥം ഇത് തന്നെയായിരിക്കും.
SCENE 1 Annie Thomas Buys Medicines
1.INT. MEDICAL COLLEGE PHARMACY - DAY
കോഴിക്കോട് മെഡിക്കൽ കോളെജിലെ ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങാൻ നിൽക്കുന്ന ആനി തോമസ് (31). അവളുടെ പ്രിസ്ക്രിപ്ഷൻ നോക്കി കടക്കാരൻ ഒന്ന് കടക്കാരൻ രണ്ടിനോടായി വിളിച്ച് പറയുന്നു,
കടക്കാരൻ 1
Lithosun 400!
ആനി ഇതിൽ അൽപം അസ്വസ്ഥയാണ്. തുടർന്ന് അകത്തേയ്ക്ക് പോയ ആൾ ലിഥോസൺ 400 ലിഥോസൺ 400 എന്ന് കുറെ പ്രാവശ്യം പറയുന്നത് കേൾക്കാം. അവിടെ ഒരാളോട് ചിരിച്ച് സംസാരിച്ച് നിൽക്കുകയായ രാമഭദ്രൻ (31) ലിഥോസൺ എന്ന് പറയുന്നത് കേൾക്കുമ്പോൾ അവളെ നോക്കുന്നു. എന്നാൽ അപ്പോൾ തന്നെ തിരിച്ച് സുഹൃത്തിനോട് ചിരിച്ച് സംസാരിക്കുന്നു.
മരുന്ന് എടുക്കാൻ പോയ കടക്കാരൻ 2 (40) തിരിച്ച് വരുമ്പോൾ അവളെ നോക്കുന്നുണ്ട്. ആനിയുടെ ദേഹത്ത്, മറ്റുള്ളവർക്ക് കാണാവുന്നിടത്ത് ടാറ്റൂ ഉണ്ട്. അവൾക്ക് കലങ്ങിയ കണ്ണുകൾ, കുറെ കാത് കുത്തുകൾ എന്നിവയുണ്ട്. അവൾക്ക് അവളുടെ നേർക്ക് നോട്ടങ്ങൾ വരുന്നതായി അനുഭവപ്പെടുമ്പോൾ അവൾ തിരിച്ച് നോക്കുന്നുണ്ട്. കടക്കാരൻ 2 പ്രിസ്ക്രിപ്ഷന്റെ മുകളിൽ വിവരങ്ങളും മറ്റും എഴുതി ഒരു സീൽ അടിക്കുന്നു. അവൾ അതെല്ലാം നോക്കി നിൽക്കുന്നു. സീൽ അടിച്ച് ഒപ്പിട്ടതിന് ശേഷം അവൾ പ്രിസ്ക്രിപ്ഷനായി കൈ നീട്ടുന്നുണ്ടെങ്കിലും മരുന്നുകാരൻ പ്രിസ്ക്രിപ്ഷൻ എടുത്ത് അകത്തെ മുറിയിലേയ്ക്ക് പോകാൻ തുടങ്ങുന്നു.
കടക്കാരൻ 2
(ബില്ല് അടിച്ച്)
മുന്നൂറ്റി മുപ്പത്താറ്
ആനി ഗൂഗിൾ പേയിൽ പേയ്മെന്റ് നടത്തുന്നു.
ആനി
എന്ത് പറ്റി?
കടക്കാരൻ 2
എന്താ?
ആനി
എന്തിനാ പ്രിസ്ക്രിപ്ഷൻ കൊണ്ട് പോകുന്നത്?
കടക്കാരൻ 2
അത് ഞങ്ങൾക്ക് പോളിസി ഉണ്ട് മാഡം. ഇങ്ങനെയുള്ള മരുന്നുകൾ വാങ്ങുമ്പോൾ പ്രിസ്ക്രിപ്ഷന്റെ കോപ്പി എടുത്ത് വയ്ക്കണം.
ആനി
നിങ്ങൾ വിവരങ്ങള് ഓൾറെഡി നോട്ട് ചെയ്തതല്ലേ. പിന്നെന്തിനാണ് പ്രിസ്ക്രിപ്ഷന്റെ കോപ്പി?
കടക്കാരൻ 2
പോളിസിയാണ് മാഡം. എല്ലാ കടകളിലും ഇങ്ങനെ ആണ്. റൂൾ ആണ്.
ആനി
അങ്ങനെ ഒരു റൂൾ ഇല്ലല്ലോ. എല്ലാ കടകളിലും ഇത് ചെയ്യാറുമില്ല. ഞാൻ എത്രയോ വർഷമായി വാങ്ങുന്നതല്ലേ ഈ മരുന്ന്.
കടക്കാരൻ 2
റൂൾ ഉണ്ട്. ഞാൻ ഒരു ഫാർമസിസ്റ്റ് ആണ്. ഞങ്ങൾക്ക് വ്യക്തമായ ഗൈഡ്ലൈൻസ് ഉണ്ട്. ഈ ഗൈഡ്ലൈൻസ് പ്രകരാമേ ഞങ്ങൾക്ക് മരുന്ന വിൽക്കാൻ പറ്റുള്ളൂ.
ആനി
സുഹൃത്തേ അങ്ങനെ ഒരു ഗൈഡ്ലൈൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ബോംബെ, കൽക്കട്ട, എറണാകുളം,കോഴിക്കോട്, ഇവിടെയൊക്കെയുള്ള മരുന്ന് ഷോപ്പുകൾ ഫോട്ടോസ്റ്റാറ്റ് എടുക്കാതെ എനിക്ക് മരുന്ന് തരില്ലായിരുന്നു. നിങ്ങള് എന്റെ പ്രിസ്ക്രിപ്ഷന്റെ മോളിൽ എനിക്ക് മരുന്ന് തന്നു എന്ന് പറഞ്ഞ് സീൽ ഇട്ടു. ഇനി എനിക്ക് വേറൊരു കടയിൽ നിന്നും മരുന്ന് കിട്ടില്ല. എന്നിട്ടാണ് നിങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുക്കണം എന്ന ഇല്ലാത്ത റൂൾ പറയുന്നത്.
കടക്കാരൻ 2
മാഡം എനിക്ക് നിയമം അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുള്ളൂ. നിങ്ങളുടെ വിവരങ്ങൾ ഈ മരുന്ന് വാങ്ങുന്നത് കൊണ്ട് എടുത്ത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. (അടുത്തിരിക്കുന്ന ഒരു കെട്ട് പേപ്പറുകൾ എടുത്ത് കാണിച്ച്) ഇതെല്ലാം അങ്ങനെ എടുത്ത ഫോട്ടോസ്റ്റാറ്റുകളാണ്. അവർക്കൊന്നും ഒരു പ്രശ്നവുമില്ലായിരുന്നു.
കടക്കാരൻ ഇത് പറയുമ്പോൾ ആനി ഫോണിൽ തപ്പുകയാണ്.
ആനി
ഇത് നോക്ക് നിങ്ങൾ പറഞ്ഞത് തെറ്റാണ്. ഞാൻ ആക്ട് എടുത്ത് നോക്കി. ഇതിൽ പറയുന്നത് എന്റെ വിവരങ്ങൾ, ഡോക്ടറുടെ വിവരങ്ങൾ എന്നിവ ഒരു നോട്ട്ബുക്കിൽ എഴുതി വയ്ക്കണം എന്നാണ്. അത് നിങ്ങൾ ചെയ്യുന്നത് ഞാൻ കണ്ടതാണ്. പ്രിസ്ക്രിപ്ഷന്റെ ഫോട്ടോക്കോപ്പി എടുക്കണം എന്ന് എവിടെയും പറയുന്നില്ല. ഇവരുടെ ഒക്കെ കോപ്പി നിങ്ങളെടുത്തിട്ടുണ്ട് എങ്കിൽ അത് ഇല്ലീഗലായി എടുത്തതാണ്. എന്റെ പേർസണൽ ഇൻഫർമേഷനുള്ള പ്രിസ്ക്രിപ്ഷന്റെ ഫോട്ടോക്കോപ്പി എടുത്ത് എന്റെ ഡാറ്റ നിങ്ങൾക്ക് തരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളെന്റെ പ്രിസ്ക്രിപ്ഷനിൽ മരുന്ന തന്നു എന്ന് പറഞ്ഞ് സീൽ വെച്ചിട്ടുണ്ട്. അതുകൊണ്ട് ഫോട്ടോക്കോപ്പി എടുക്കാതെ നിങ്ങളെനിക്ക് മരുന്ന് തരണം.
കടക്കാരൻ 2
സോറി മാഡം. പറ്റില്ല.
ആനി
പറ്റില്ലെന്ന് പറഞ്ഞാലെങ്ങനെയാണ്. എനിക്ക് ഈ മരുന്ന് വേണ്ടതാണ്. ഈ കടലാസ് പ്രകരാം നിങ്ങളെനിക്ക് ഒരു മാസത്തെ മരുന്ന് തന്ന് കഴിഞ്ഞു. എന്നിട്ട് മരുന്ന് തരാതിരിക്കാൻ നിങ്ങൾക്കെങ്ങനെ പറ്റും? മരുന്ന് തരൂ.
കടക്കാരൻ 2
ഫോട്ടോക്കോപ്പി എടുക്കാതെ മരുന്ന് തരാൻ പറ്റില്ല.
ആനി
നിങ്ങൾക്ക് ഫോട്ടോക്കോപ്പി എടുക്കാൻ അധികാരമില്ല. നിങ്ങൾ ചെയ്യുന്നത് ഇല്ലീഗൽ ആക്ടിവിറ്റിയാണ്. എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും.
കടക്കാരൻ 2
വിളിച്ചോളൂ
ആനി ഫോണിൽ പോലീസിനെ ഡയൽ ചെയ്യുന്നു.
ആനി
ഇത് കോഴിക്കോട് മെഡിക്കൽ കോളെജ് ഫാർമസിയിൽ നിന്നാണ് വിളിക്കുന്നത്. ഞാൻ മരുന്ന് വാങ്ങാൻ വന്നതാണ്. ഇവിടെ ഇല്ലീഗലായി ഇവർ പ്രിസ്ക്രിപ്ഷന്റെ കോപ്പി എടുത്ത് വയ്ക്കുകയയാണ്.
അതേ. അതേ. ഞാൻ മരുന്ന് വാങ്ങാൻ വന്നതാണ്.
അതേ. ശരി.
കടക്കാരൻ രണ്ട് ഇതേ സമയം മുതലാളിയെ വിളിക്കുന്നു. രാമഭദ്രനോട് സംസാരിച്ച് നിക്കുകയായിരുന്ന മുതലാളി വരുന്നു. രാമഭദ്രൻ പോകുന്നു.
മുതലാളി
എന്താണ് മാഡം പ്രശ്നം?
ആനി
നിങ്ങളിവിടെ ചെയ്ത് കൊണ്ടിരിക്കുന്നത് ഇല്ലീഗലായ പ്രവൃത്തിയാണ്. പ്രിസ്ക്രിപ്ഷന്റെ കോപ്പി എടുത്ത് വയ്ക്കാൻ നിങ്ങൾക്ക് അധികാരമില്ല.
മുതലാളി (കടക്കാരൻ 2 നോട്)
എന്താണ് കാര്യം? ഇവരെന്താണ് പറയുന്നത്?
കടക്കാരൻ 2
സർ ഇവിടെ ഫാർമസിയുടെ റൂൾ അനുസരിച്ച് സൈക്കയാട്രിക് മെഡിസിൻ വാങ്ങുമ്പോൾ മരുന്നുകളുടെ ഫോട്ടോക്കോപ്പി എടുത്ത് വയ്ക്കണം എന്നുണ്ട്. അത് ഇവർ സമ്മതിക്കുന്നില്ല.
ആനി
നിങ്ങൾക്ക് ഞാൻ റൂൾ കാണിച്ച് തന്നതല്ലേ. അതിൽ അങ്ങനെ എഴുതിയിട്ടുണ്ടോ? ഏ? കള്ളം പറയുന്നതനെന്തിനാണ്? നിങ്ങള് ഫാർമക്കോളജി പഠിച്ചിട്ട് ഒരു രോഗിയുടെ മരുന്ന് എന്താണെന്ന് ഇത്രയും ആള് കൂടി നിൽക്കുന്നിടത്ത് ഉറക്കെ പറയുന്നതാണോ പഠിച്ചത്? പേഷ്യന്റിന്റെ പ്രൈവസി എന്ന് പറഞ്ഞ ഒന്നുള്ള കാര്യം നിങ്ങക്കറിയില്ലേ?
മുതലാളി
നോക്ക് മാഡം ഞങ്ങളെല്ലാവരും ഇവിടെ വളരെ മാന്യമായിട്ടാണല്ലോ സംസാരിക്കുന്നത്. നിങ്ങളെന്തിനാണ് ഒച്ച ഉയർത്തുന്നത്?
ആനി
ഞാൻ ഒച്ച ഉയർത്തുന്നത് എനിക്ക് ദേഷ്യം വന്നിട്ട്. ഇങ്ങേര് പച്ചക്കള്ളം പറയുന്നു. ഞാൻ എന്ത് മരുന്നാണ് കഴിക്കുന്നതെന്ന് അനൌൺസ് ചെയ്യുന്നു.
സൈഡിൽ മരുന്ന് വാങ്ങാനായി വന്ന ഒരാൾ എന്താണ് പ്രശ്നം എന്ന് അന്വേഷിച്ച് തുടങ്ങുന്നുണ്ട്. ഇയാൾക്ക് വല്ലാത്ത ക്യൂരിയോസിറ്റിയാണ്. പോലീസ് വന്നിട്ടുണ്ട്. ആനിക്ക് കോൾ വരുന്നു. അത് എടുക്കാതെ അവിടെ വന്നെത്തിയിരിക്കുന്ന ഒരു പെൺ പോലീസ്, ഒരു ആൺ പോലീസ് എന്നിവർക്ക് നേരെ തിരിഞ്ഞ് ആനി
ആനി
ഇവിടെ ഇല്ലീഗലായി പ്രിസ്ക്രിപ്ഷന്റെ കോപ്പി എടുത്ത് സൂക്ഷിക്കുകയാണ് പേഷ്യന്റ്സിന്റെ.
മുതലാളി
അങ്ങനെയല്ല സർ. ഇവർ വാങ്ങുന്നത് പോലെയുള്ള മരുന്ന് വാങ്ങുമ്പോൾ പ്രിസ്ക്രിപ്ഷന്റെ കോപ്പി എടുത്ത് സൂക്ഷിക്കണം എന്ന് നിയമമുണ്ട്. ഞങ്ങൾക്ക്-
ആനി
അങ്ങനെയൊരു നിയമമില്ല. നിയമമുണ്ടെങ്കിൽ നിങ്ങൾ കാണിച്ച് തരൂ. (പോലീസിനോട്) ഫോണിൽ കാണിച്ച് ഇത് നോക്കൂ. ഇതിൽ കൃത്യമായി പറയുന്നുണ്ട് എന്റെ പോലത്തെ മരുന്ന് വാങ്ങുമ്പോൾ എന്റെ പേര് വിവരം, ഡോക്ടറുടെ പേര് വിവരം എന്നിവ എഴുതി സൂക്ഷിക്കുകയാണ് വേണ്ടത്.
ആൺ പോലീസ്
എന്നാലത് ചെയ്യട്ടെ അവര്.
ആനി
അത് അവര് ഓൾറെഡി ചെയ്തു. എന്നിട്ട് എനിക്ക് മരുന്ന് തന്നു എന്നും പറഞ്ഞ് എന്റെ പ്രിസ്ക്രിപ്ഷനിൽ സീല് വെച്ചു. ഇനി വേറൊരു കടയിൽ നിന്നും എനിക്ക് മരുന്ന് കിട്ടുകയുമില്ല.
ആൺ പോലീസ് ഇപ്പോൾ ആനിയുടെ ഫോണിൽ നിയമം വായിച്ച് നോക്കുകയാണ്. അത് ഇടയ്ക്ക് വെച്ച് ഓഫാകുമ്പോൾ അത് കോഡ് ഉപയോഗിച്ച് ഓൺ ആക്കിക്കൊടുക്കാൻ പറയുന്നു. ആനി സംസാരിക്കുന്നതിന്റെ ഇടയിൽ പെട്ടന്ന് തന്നെ അത് ചെയ്ത് കൊടുക്കുന്നു.
പെൺ പോലീസ്
മോൾടെ വീടെവടെയാ?
ആനി
ചേവായൂര്
ആൺ പോലീസ്
ഇതിലിപ്പോ നിങ്ങള് പറഞ്ഞ പോലെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ നിയമം കാണുന്നില്ല. നിങ്ങൾക്കിപ്പോ എന്താണ് വേണ്ടത്? ഇവിട പറഞ്ഞ് ശരിയായില്ലെങ്കിൽ സ്റ്റേഷനിൽ ചെന്ന് പരാതി എഴുതണം.
ആനി
എനിക്ക് ഇവര് സീലടിച്ച് എനിക്ക് തന്നു എന്ന് പറഞ്ഞ എന്റെ മരുന്ന് വേണം.
കടക്കാരൻ 2
(മുതലാളിയോട്)
ഫോട്ടോക്കോപ്പി എടുക്കാതെ എങ്ങനെയാ കൊടുക്കുക?
ആനി
നിങ്ങൾക്ക് പറഞ്ഞാ മനസ്സിലാവില്ലേ? ഫോട്ടോക്കോപ്പി എടുക്കണം എന്ന് പറഞ്ഞ് റൂളില്ല. റൂളുണ്ടെന്ന് കള്ളം പറഞ്ഞ് നിങ്ങള് നിയമവിരുദ്ധമായി എടുത്ത് വെച്ചിരിക്കുന്ന ഫോട്ടോക്കോപ്പികളാണ് അത് മുഴുവൻ.
മുതലാളി
ഏതാ ഇവരുടെ മരുന്ന്?
കടക്കാരൻ 2 മരുന്നിന്റെ സ്ട്രിപ്സ് എടുത്ത് കൊടുക്കുന്നു. മുതലാളി അത് ആനിക്ക് കൊടുക്കുന്നു. ആനി അത് വാങ്ങി ബാഗിലിടുന്നു.
ആനി
(ആൺ പോലീസിനോട്)
താങ്ക്യൂ. ഇവര് ഇല്ലീഗലായി ആണ് ഇത് ചെയ്യുന്നത്.
ആൺ പോലീസ്
ആ. ആ. ചെല്ല് ചെല്ല്
മുതലാളി
സർ അങ്ങനെയല്ല.
എന്ന് പറഞ്ഞ് ആൺ പോലീസിനോട് സംസാരിക്കാൻ തുടങ്ങുന്നു. ആനി പുറത്തിറങ്ങി നടക്കുന്നു. നടക്കുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകാൻ തുടങ്ങുന്നു.
SCENE 2 Annie waits for bus home
2. EXT. MEDICAL COLLEGE BUS STOP - DAY
ആനി ബസ്സ് കാത്ത് നിൽക്കുന്നു. അവളുടെ കണ്ണീര് ഇപ്പോൾ തോർന്ന് വരുന്നതേയുള്ളൂ. അവൾ ഫോണെടുത്ത് മെസേജുകൾ അയയ്ക്കുന്നു. സോഷ്യൽ മീഡിയ അപ്ഡേറ്റുകൾ നോക്കുന്നു. നിർത്താതെയുള്ള മഴയാണിപ്പോൾ. അവളുടെ ബസ്സ് വന്ന് നിൽക്കുന്നു. അവൾ ഫോണിൽ ടൈപ് ചെയ്യുന്നത് നിർത്തി ബസ്സിൽ കയറുന്നു.
ഇത് ഫോർമാറ്റിലാണ് ഞാൻ എഴുതിയിരിക്കുന്നത്. ഇത്രയും വരെ എട്ട് പേജായിരിക്കുന്നു. അതായത് എട്ട് മിനുറ്റ് സിനിമയിൽ ഏകേദേശം. ആറ് സീൻ എഴുതിക്കഴിഞ്ഞപ്പോൾ പതിനാറ് പേജായതായി കണ്ടു. ആറ് സീൻ പതിനാറ് മിനുറ്റെങ്കിൽ നൂറ്റി ഇരുപത് മിനുറ്റിൽ നാൽപത്തി അഞ്ച് സീൻ. അതായത് ദിവസം ആറ് സീൻ വെച്ച് എഴുതിയാൽ എട്ട് ദിവസം അല്ലെങ്കിൽ ഒരാഴ്ച കൊണ്ട് ഒരു സിനിമയുടെ തിരക്കഥ എഴുതി തീർക്കാം.
എല്ലാ ദിവസവും ക്വോട്ട തികയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഇപ്രാവശ്യം പന്ത്രണ്ട് ദിവസം എടുത്തു തിരക്കഥ എഴുതിത്തീർക്കാൻ. എന്റെ തന്നെ റെക്കോർഡാണ് ഞാൻ തകർത്തത്. ഇതിന് മുമ്പ് കണക്ക് വയ്ക്കാതെ എഴുതിയപ്പോൾ ഒരു മാസമാണ് ഞാൻ തിരക്കഥ എഴുതിത്തീർക്കാൻ എടുത്തത്.46 സീനുകളാണ് നിലവിൽ ഉള്ളത്. വരും ഡ്രാഫ്റ്റുകളിൽ ഇത് കൂടും.
ഇതിനേക്കാൾ വേഗത്തിൽ എഴുതിത്തീർക്കുന്നവർ ഉണ്ടാകാം. അവരുടെ മെത്തേഡുകൾ അറിയാൻ ആകാംക്ഷയുണ്ട്. പങ്ക് വെച്ചാൽ നന്നാവും.
🙌🏿 👍🏿
ReplyDeleteഈ രീതി പരീക്ഷിച്ച് നോക്കിയിട്ട് പറയാം ... ഞാൻ ചുമ്മാ ഫോണിലുള്ള എഴുത്തെ ഉള്ളു. ഒരു ദിവസം ചിലപ്പോൾ കുറെ എഴുതാൻ പറ്റും , Gboard ആണ് ഉപയോഗിക്കുന്നത് , മടിയാണ് വില്ലൻ എന്ന് വിശ്വസിക്കുന്നു
ReplyDelete