പ്രശസ്തരായ വ്യക്തികള്‍ക്കെതിരെ ബലാല്‍സംഗ ആരോപണം ഉയരുമ്പോള്‍ പേട്രിയാര്‍ക്കിയുടെ ഭാഗത്ത് നില്‍ക്കുന്ന പലരും ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു വാദമാണ്, ഇത് ഒരു വ്യാജ പരാതി ആണെങ്കില്‍ അയാളുടെ ജീവിതം തകരില്ലേ എന്നത്. സാധാരണക്കാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ഈ വാദം ഉയരാറില്ല എന്നത് ശ്രദ്ധേയമാണ്. ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണം എന്ന് അലമുറയിടാനാണ് പൊതുജനത്തിന് താല്‍പര്യം. വിജയ് ബാബുവിനെ ഇരയായി കാണാനും. അധികാരം കൂടുന്നതോടെ, പുരുഷന് കൂടുതല്‍ 'അവകാശങ്ങള്‍' ഉണ്ട് എന്ന പൊതുബോധം തന്നെയാണ് ഇതിന് കാരണം. ഇത്രയും പ്രശസ്തനായ, പണവും അധികാരവുമുള്ള ഒരാള്‍ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ എല്ലാവരേയും പോലെ വിചാരണ ചെയ്യപ്പെടും എന്നുള്ളത് ആ പണവും പ്രശസ്തിയും ഒരു പരിചയായേക്കും എന്ന് പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും ഒരു ഭീഷണിയാണ് എന്നുള്ളതാണ് സത്യം. ദിലീപ്, വിജയ് ബാബു, ഹാര്‍വീ വൈന്‍സ്റ്റൈന്‍ - ഇവരെയെല്ലാം അനുകൂലിച്ച് സംസാരിക്കുന്നവരെ ഒരുമിപ്പിക്കുന്ന ഘടകം ഇതാണ്.
ഇത്തരത്തില്‍ ആരോപണ വിധേയരായവരെ അനുകൂലിച്ച് സംസാരിക്കുമ്പോള്‍ തങ്ങളുടേത് കണക്കുകകളുടെ അടിസ്ഥാനത്തിലുള്ള, ബുദ്ധിപരമായ ഒരു നിലപാടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ഉപയോഗിക്കുന്ന വാദമാണ് വ്യാജ ബലാല്‍സംഗ പരാതികളുടെ വര്‍ധനവ്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. കരുതിക്കൂട്ടിയുള്ളതാണ്. അസത്യമാണ്.
2014 ഇല്‍ ഡെല്‍ഹി വിമെന്‍സ് കമ്മിഷന്റേതായി പുറത്ത് വന്ന ഒരു റിപ്പോര്‍ട്ടാണ് ഇതിന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഏപ്രില്‍ 2014 മുതല്‍ ജൂലൈ 2014 വരെയുള്ള കാലയളവില്‍ ഫയല്‍ ചെയ്ത ബലാല്‍സംഗ കേസുകളില്‍ 53.2% വും വ്യാജമാണ് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഡാറ്റയെ എങ്ങനെയാണ് വായിക്കുന്നത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്നുമുള്ളത് ഈ കണക്ക് പറയുന്നവര്‍ അവഗണിക്കുന്നു. ഈ കണക്കില്‍ പറയുന്ന 'വ്യാജം' എന്നുള്ളത് വിചാരണ ഘട്ടത്തില്‍ എത്താത്ത കേസുകളാണ് എന്നുള്ളത് ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ഒരു കേസ് കോടതി വരെ എത്താത്തതിന്, പ്രത്യേകിച്ച് ബലാല്‍സംഗ കേസുകള്‍ വിചാരണ ചെയ്യപ്പെടാത്തതിന് കാരണം അത് വ്യാജമാണ് എന്നതല്ല. നമ്മുടെ നിയമവ്യവസ്ഥയുടെ പരിമിതി, ആരോപണ വിധേയരായവരുടെ ഭാഗത്ത് നിന്നുമുള്ള ഭീഷണി, സമ്മര്‍ദ്ദം ചെലുത്തല്‍ എന്നിവയെല്ലാം അതിന് കാരണമാണ്. കേസിന് പുറകെ നടന്ന് മടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ ജഡ്ജിമാര്‍ വരെ ബലാല്‍സംഗം ചെയ്ത ആളെ കല്യാണം കഴിക്കുക എന്നുള്ളത് ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇന്ത്യന്‍ കോണ്‍ടെക്സ്റ്റിലാകട്ടെ, മാതാപിതാക്കള്‍ക്ക് ബന്ധം ബോധിച്ചില്ല എന്ന കാരണത്താല്‍ മക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് കേസ് കൊടുപ്പിക്കുന്നവരുമുണ്ട്. സെറ്റില്‍മെന്റ് നടന്ന കേസുകളെല്ലാം വ്യാജമാണ് എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്തതാണ് എന്ന് ഇത് പറയുന്നവര്‍ക്ക് അറിയാത്തതല്ല. വാഹനാപകട കേസുകളില്‍ സ്ഥിരമായ സംഭവിക്കുന്ന കാര്യമാണിത്. എന്ന് വെച്ച് അപകടം സംഭവിച്ചില്ല എന്നോ കൈയ്യോ കാലോ ഒടിഞ്ഞിട്ടില്ല എന്നോ ആരും പറയാറില്ല.
ഇനി നമുക്ക് വേറെ കുറച്ച് കണക്കുകള്‍ നോക്കാം. ഭര്‍ത്താവില്‍ നിന്ന് നേരിടുന്ന റേപ് കൂടി കൂട്ടിയാല്‍ സംഭവിക്കുന്നവയില്‍ 99.1% റേപ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയാണ് എന്നാണ് ഡാറ്റ പറയുന്നത്. ഇനി ഇത് കൂട്ടിയില്ല എന്ന് വിചാരിക്കൂ. എത്ര ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നറിയാമോ? 15. അതായത് നൂറ് റേപ് നടന്നാല്‍ അതില്‍ പതിനഞ്ചെണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ക്രൈം റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഫീമേല്‍ ലിറ്ററസിയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഉദാഹരണത്തിന് പെണ്‍ സാക്ഷരത കുറവായ സംസ്ഥാനങ്ങളായ, ബിഹാര്‍, യു.പി എന്നിവയില്‍ .5% ലൈംഗിക അതിക്രമം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2015-2016 വര്‍ഷത്തിലെ കണക്കാണിത്. ഇതിന് വേറെയും കാരണങ്ങളുണ്ട്. പോലീസിലും നീതിന്യായ വ്യവസ്ഥയിലും ഉള്ള വിശ്വാസമില്ലായ്മ അതില്‍ പ്രധാനപ്പെട്ടതാണ്.
റേപ് കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് എത്രയാണെന്നറിയാമോ? 27.2% എന്ന ദയനീയമായ ഫിഗറാണ് അത്. റേപ് കേസുകളില്‍ പോലീസ് അന്വേഷണത്തിലെ പോരായ്മകള്‍, വേഗത്തിലുള്ള കോടതി പ്രൊസീഡിങ്ങ്സ് എന്നിവയുടെ അഭാവം ഇതിന് വലിയ കാരണമാണ്. ഇവിടെയാണ് മി ടൂ പോലുള്ള മൂവ്മെന്റുകളുടെ പ്രസക്തിയും. 2018 ഇല്‍ 1.56 ലക്ഷം റേപ് കേസുകള്‍ വിചാരണ ചെയ്യപ്പെട്ടു. ഇവയില്‍ 2875 കേസുകളാണ് വ്യാജമാണ് എന്ന് പോലീസ് പറയുന്നത്. അതായത് 2018 ലെ പോലീസിന്റെ കണക്ക് പ്രകാരം തന്നെ വ്യാജ റേപ് കേസുകള്‍ 1.84% മാത്രമാണ്.
Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html
Read more at: https://www.deccanherald.com/national/conviction-rate-for-rape-cases-is-only-272-792820.html
വ്യാജമായ റേപ് പരാതികള്‍ ഉണ്ട്. അത് എല്ലാ തരം കേസുകളിലും ഉണ്ട് പക്ഷേ അത് വളരെ കുറവാണ് എന്നതാണ് സത്യം. ചര്‍ച്ചകളില്‍ വ്യാജ പരാതികള്‍ കൂടുന്നത് കാരണമാണ് റേപ് അക്യൂസ്ഡ് ആയ ആളെ അനുകൂലിച്ച് സംസാരിക്കുന്നത് എന്ന വാദം അതുകൊണ്ടുതന്നെ തെറ്റാണ്.
ദിവ്യ ആല്‍മിത്രയുടെ ആശയം, അര്‍ച്ചന രവിയുടെ വര. ഊളബാബു സീരീസില്‍ നിന്നും.