Saturday, 28 November 2020

അമര്‍ത്യ സെന്‍ - ദി ആര്‍ഗ്യുമെന്റെറ്റിവ് ഇന്റ്യന്‍ - 1

 

ജീവിതത്തെ ഭയങ്കരമായി സ്വാധീനിക്കാന്‍ പോകുന്ന പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ത്തന്നെ നമുക്കത് അനുഭവിക്കാന്‍ പറ്റും. അംബേദ്കറുടെ Annihilation of Caste, താര്‍കോവിസ്കിയുടെ Scultpting in Time ഒക്കെ ഇക്കൂട്ടത്തിലായിരുന്നു എനിക്ക്. ഇപ്പോഴിതാ, വൈകിയാണെങ്കിലും അമര്‍ത്യ സെന്നും. മുഴുവന്‍ പുസ്തകത്തെക്കുറിച്ച് എഴുതാമെന്നു വെച്ചാല്‍ നീളം കൂടിപ്പോവും. പുസ്തകത്തിലെ ഓരോ ലേഖനവും എന്തിനെക്കുറിച്ചാണെന്ന് പറയാം. പ്രധാന പോയിന്റുകളും. 

മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങളാണ് ലേഖനങ്ങളില്‍ പറയുന്നത്. 

* സംവാദം എന്ന ആശയവുമായി ഇന്ത്യയ്ക്കുള്ള ബന്ധം. 

* ഈ ആശയത്തിന്റെ ഇപ്പോഴത്തെ പ്രസക്തി

* നിലവിലെ സാസ്കാരിക വ്യവഹാരങ്ങളില്‍ ഈ ആശയത്തെ അവഗണിക്കും വിധം

2005 ഇല്‍ പ്രസിദ്ധീകരിച്ച കളക്ഷനില്‍ അതിനും പത്ത് വര്‍ഷം മുമ്പ് തൊട്ട് എഴുതിയിട്ടുള്ള ലേഖനങ്ങളാണ്. പകുതിയോളം 2003-2002 കാലഘട്ടത്തില്‍ എഴുതിയതാണ്. ഇത് പറയാന്‍ കാരണം, പതിനഞ്ച് വര്‍ഷത്തിന് ശേഷം നോക്കുമ്പോള്‍, ഇതില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. പ്രത്യേകിച്ചും ബി.ജെ.പി അധികാരത്തിലുള്ള ഇന്ത്യയില്‍. 

ഇന്ത്യയിലെ സംവാദപാരമ്പര്യത്തിന് തെളിവായി പലതും സെന്‍ നിരത്തുന്നുണ്ട്. കൃഷ്ണനും അര്‍ജ്ജുനനും തമ്മിലുള്ള സംവാദമാണ് ഗീത. (കൃഷ്ണന്‍ അത്ര ഭദ്രമല്ലാത്ത വാദങ്ങള്‍ നിരത്തി രക്ഷപ്പെട്ടു കളഞ്ഞു എന്നാണ് സെന്നിന്റെ അഭിപ്രായം. ചെറുപ്പത്തില്‍ ഈ അഭിപ്രായം പറഞ്ഞാല്‍ വല്ല കുഴപ്പവുമുണ്ടോ എന്ന് സെന്‍ ടീച്ചറോട് ചോദിച്ചത്രെ. ടീച്ചര്‍ പറഞ്ഞത്, പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല, പക്ഷ അത്യാവശ്യം ബഹുമാനത്തോടെ വേണം പറയാന്‍ എന്നാണ്. 2000 ഇല്‍ താന്‍ ഇതിനെക്കുറിച്ച് ഒരു ലേഖനം എഴുതി എന്നും, വേണ്ടത്ര ബഹുമാനം കൊടുത്തുകൊണ്ടാണെന്ന് വിചാരിക്കുന്നു എന്നും സെന്‍ അടിക്കുറിപ്പില്‍ പറയുന്നുണ്ട്. അത് വായിച്ചാണ് എന്റെ സെന്‍ പ്രേമം തുടങ്ങിയത്.) ഇത് പക്ഷെ ഇപ്പോഴത്തെ ഹിന്ദുത്വവാദികളുടെ താല്‍പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതായത്, എന്ത് കാര്യം പറഞ്ഞാലും ഇത് പണ്ടേ രാമായണത്തിലും മഹാഭാരത്തിലുമൊക്കെ ഉണ്ടായിരുന്നു, വേദങ്ങളില്‍ ഇല്ലാത്തതായി ഒന്നുമില്ല എന്നൊക്കെ പറയുന്ന ഹിന്ദുത്വ വാദികളുടെ ഒരു പ്രധാന ശത്രുവാണ് യഥാര്‍ത്ഥത്തില്‍ അമര്‍ത്യ സെന്‍. കാരണം, വേദങ്ങളും പുരാണങ്ങളുമൊക്കെ പറയുന്നതനുസരിച്ച്, ഇവര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന പൊതുസംവാദം എന്ന ആശയത്തിന്റെ മഹത്വമാണ് കാണാന്‍ സാധിക്കുക എന്ന് സെന്‍ പറയുന്നു. 

മാത്രമല്ല, നമ്മുടെ പരമ്പരാഗതവാദങ്ങളെ ചോദ്യം ചെയ്യുന്ന പാരമ്പര്യം ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഉണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ പലപ്പോഴും ഇന്ത്യയെ മതവും ആദ്ധ്യാത്മികതയും മറ്റുമായി മാത്രം ബന്ധപ്പെടുത്താറുണ്ട്. ഹാര്‍വാര്‍ഡില്‍ ചെന്നപ്പോള്‍ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങളെല്ലാം 'Religion' എന്ന സെക്ഷനിലായിരുന്നു എന്ന് സെന്‍ ഒന്നില്‍ കൂടുതല്‍ തവണ ഓര്‍ക്കുന്നുണ്ട്. പക്ഷെ ഇപ്പറഞ്ഞ ആദ്ധ്യാത്മികതയും ഭക്തിയുമെല്ലാം ചോദ്യം ചെയ്യുന്ന പാരമ്പര്യവും ഇന്ത്യയില്‍ ശക്തമായിരുന്നു, രേഖകളുടെ അടിസ്ഥാനത്തില്‍. നിരീശ്വരവാദികളും, അഗ്നോസ്റ്റിക്കുകളുമൊക്കെ അണിനിരക്കുന്ന സംവാദങ്ങള്‍ ഉപനിഷദുകളില്‍, രാമായണം, മഹാഭാരതം, വേദങ്ങള്‍ എന്നിവയില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട് സെന്‍. സംസ്കൃതം മതത്തെക്കുറിച്ച് പറയാനുപയോഗിച്ചിരുന്ന ഭാഷ എന്ന നിലയില്‍ മാത്രം കാണുന്നത് തന്നെ ശരിയല്ല. ലോകായത തത്വചിന്ത, ചര്‍വാക സ്കൂള്‍ ഒക്കെ ദൈവം ഇല്ല എന്ന് വാദിച്ചത് സംസ്കൃതത്തിലാണ്. എന്നാല്‍ ഈ ചിന്താധാരകളോടുള്ള അവഗണനയെല്ലാം പാശ്ചാത്യലോകം കാമസൂത്രയ്ക്ക് കൊടുക്കുന്ന പ്രാധാന്യത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് സെന്‍ കളിയാക്കുന്നു. 

പൊതുസംവാദം എന്ന ആശയം ജനാധിപത്യവുമായി വളരെ അടുത്ത് നില്‍ക്കുന്ന ഒന്നാണെന്നാണ് സെന്നിന്റെ വാദം. ചരിത്രപരമായും ഇത് ശരിയാണെന്ന് സെന്‍ പറയുന്നു. ജനാധിപത്യത്തിന്റെ തുടക്കം എപ്പോഴും ഇത്തരത്തില്‍ സംവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഇടങ്ങളിലാണ്. (ഏഥന്‍സ് ഓര്‍ക്കുക) ഇന്ത്യയ്ക്ക് അത്തരത്തില്‍ ഒരു പാരമ്പര്യം നേരത്തേ ഉള്ളതുകൊണ്ടാണ് ഗ്രേറ്റ് ബ്രിട്ടണ്‍, അമേരിക്ക, യൂറേപ് മോഡലുകളെപ്പോലെ ശക്തമായ ജനാധിപത്യ ഭരണഘടന പിന്തുടരാന്‍ തീരുമാനിക്കുന്ന നോണ്‍ വെസ്റ്റേണ്‍ ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞത് എന്നും സെന്‍ പറയുന്നു. 

ജനാധിപത്യം പിന്തുടരാന്‍ തീരുമാനിക്കുന്നതില്‍ മാത്രമല്ല, ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിലും ഇന്ത്യ മിടുക്ക് കാണിച്ചു. മറ്റ് പല രാജ്യങ്ങളെയും പോലെ, ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന ഒരു അഥിതി അല്ല, ഇന്ത്യയില്‍ ജനാധിപത്യം. ജനാധിപത്യവിരുദ്ധമായ എന്തെങ്കിലും കണ്ടുകഴിഞ്ഞാല്‍  അതിനെ അപ്പാടെ തള്ളിക്കളയാന്‍ ഇന്ത്യന്‍ ജനത പ്രവര്‍ത്തിക്കാറുണ്ട്. അടിയന്തരാവസ്ഥ എന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ പദ്ധതി നടപ്പിലാക്കിയ സര്‍ക്കാരിനെ 1977 ലെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമായി സെന്‍ പറയുന്നത്. 

എന്നാല്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാശ്ചാത്യ ലോകത്തിന്റെ ഒരു ദാനമാണ് ഇന്ത്യയുടെ ജനാധിപത്യം എന്നുള്ള ധാരണ തെറ്റാണ് എന്ന് മനസ്സിലാക്കണം. അതേ സമയം, ഇന്ത്യയുടെ പാരമ്പര്യത്തിന് മാത്രം സ്വന്തമായ എന്തെങ്കിലും കാര്യം കാരണം ജനാധിപത്യം ഇന്ത്യയ്ക്ക് പ്രത്യേകമായും ചേരും എന്നുള്ള ധാരണയും തെറ്റാണ്. മറിച്ച് പൊതുസംവാദത്തിന് ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കാനും പരിരക്ഷിക്കാനും പ്രത്യേക കഴിവുണ്ട് എന്നുള്ളതാണ് സത്യം. 

പൊതു സംവാദം എന്നതുകൊണ്ട് എന്താണ് താന്‍ അര്‍ത്ഥമാക്കുന്നതെന്ന് ജോണ്‍ റാഉള്‍സിനെ ഉദ്ധരിച്ചുകൊണ്ട് സെന്‍ വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ക്ക് രാഷ്ട്രീയ സംവാദങ്ങളില്‍ പങ്ക് ചേരാനും പൊതുജനത്തെ സംബന്ധിച്ച തീരുമാനങ്ങളെ സ്വാധീനിക്കാനുമുള്ള അവസരമാണ് പൊതു സംവാദം. പൊതു തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ഇതിന്റെ ഒരു ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പക്ഷെ പൊതുസംവാദത്തിന് ആളുകള്‍ക്ക് ലഭിക്കുന്ന അവസരത്തെ അനുസരിച്ചിരിക്കും എന്ന് സെന്‍ പറയുന്നു. 

ഇന്ത്യയിലെ പൊതുസംവാദ പാരമ്പര്യത്തെ വളരെയധികം സഹായിക്കുന്നതില്‍ ബുദ്ധിസത്തിന് വലിയ പങ്കുണ്ട് എന്ന് സെന്‍ ചൂണ്ടിക്കാണിക്കുന്നു. (ഇതും ഹിന്ദുത്വവാദികള്‍ക്ക് രസിക്കില്ലല്ലോ) അശോക ചക്രവര്‍ത്തിയുടെ സംരംഭങ്ങള്‍ ഇതില്‍ വളരെ പ്രധാനമാണ്. അശോകയുടെ സംവാദത്തോടുള്ള സ്നേഹം, അതിന് നിയമാവലി ഉണ്ടാക്കാനുള്ള ശ്രമം, എന്നിവയുടെ അനുരണനം പിന്നീടുള്ള ഇന്ത്യന്‍ ചരിത്രത്തില്‍ കാണാം. പ്രത്യേകിച്ചും മുഗള്‍ രാജാവ് അക്ബറിന്റെ കാര്യത്തില്‍. അക്ബറിന്റെ അഭിപ്രായത്തില്‍ പാരമ്പര്യവാദത്തേക്കാള്‍ യുക്തിഭദ്രമായ സംവാദങ്ങളാണ് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യമായിരുന്നത്.

ജനാധിപത്യത്തെ മാത്രമല്ല, സെക്യുലറിസത്തെയും ശക്തിപ്പെടുത്താന്‍ യാഥാസ്ഥിതികതയില്‍ നിന്ന് വ്യതിചലിച്ചുള്ള സംവാദങ്ങള്‍ ഇന്ത്യെ സഹായിച്ചിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ സെക്യുലറിസത്തില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് ഇന്ത്യയില്‍ സെക്യുലറിസം പ്രവര്‍ത്തിക്കുന്നതെന്നും അതിന് ഈ സംവാദ പാരമ്പര്യം സഹായിച്ചിട്ടുണ്ട് എന്നും സെന്‍ പറയുന്നു. ഉദാഹരണത്തിന്, ഫ്രാന്‍സിലെ സെക്യുലറിസം ഏത് തരത്തിലുള്ള മതപരമായ ചിഹ്നങ്ങളെയും പൊതു ഇടങ്ങള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍ എന്നിവിടങ്ങളില്‍ വിലക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സെക്യുലറിസം ഇങ്ങനെയല്ല. രണ്ട് തരത്തിലാണ് സെക്യുലറിസം നടപ്പിലാക്കാന്‍ പറ്റുന്നത്. ഒന്നാമത്തേതില്‍ സ്റ്റേറ്റ് എല്ലാ മതങ്ങളില്‍ നിന്നും തുല്യമായ അകലം പാലിക്കുന്നു. രണ്ടാമത്തേതില്‍ സ്റ്റേറ്റ് ഏത് മതവുമായും ഇടപെടുന്നത് തന്നെ വിലക്കുന്നു. ഫ്രാന്‍സില്‍ രണ്ടാമത്തേതും ഇന്ത്യയില്‍ ഒന്നാമത്തേതുമാണ് സെക്യുലറിസത്തിന്റെ ഉടുപ്പ്. ഇത് നേരത്തെ പറഞ്ഞ അശോകയും അക്ബറും പരിപാലിച്ച നയങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് അനുഭവപ്പെടുന്നത്. അക്ബറിന്റെ സംവാദസസ്സുകളില്‍ എല്ലാ മതത്തിലെയും പ്രതിനിധികളുണ്ടായിരുന്നു. നിരീശ്വരവാദികളും, സ്കെപ്ററിക്കുകളും ആഗ്നോസ്റ്റിക്കുകളുമുണ്ടായിരുന്നു. 

ഈ വസ്തുതകള്‍ അവഗണിച്ചുകൊണ്ട് ഇന്ത്യയെ നോക്കിക്കാണുമ്പോഴാണ് എല്ലാം മതപരമാണ് എന്ന വ്യാഖ്യാനത്തിലെത്തുന്നത്. സത്യത്തില്‍ ഇന്ത്യയുടെ യുക്തിവാദ, ശാസ്ത്ര പാരമ്പര്യത്തെ പാശ്ചാത്യ ലോകം അവഗണിക്കുകയും മതത്തില്‍ ഇന്ത്യയെ തളച്ചിടുകയുമാണ് ചെയ്തിട്ടുള്ളത്.  ഇത് വസ്തുതാവിരുദ്ധമാണ്. 

പാരമ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന ഏത് സംസ്കാരത്തിലും ശാസ്ത്രപുരോഗതി കൂടുതലാവാനുള്ള സാധ്യത കൂടുതലാണ്. കാരണം ശാസ്ത്രം എപ്പോഴും നിലവിലുള്ള ചിന്തയെ അട്ടിമറിക്കുന്ന വാദങ്ങളാണല്ലോ നിരത്താറുള്ളത്. ഇന്ത്യയുടെ ഈ സംസ്കാരം ഗുപ്ത പീര്യഡ് മുതലുള്ള നമ്മുടെ ശാസ്ത്ര പുരോഗതിയെ സഹായിച്ചിട്ടുണ്ട്. (ആര്യഭട്ട - 5th century CE, വരാഹമിഹിര 6th, ഭ്രഹ്മഗുപ്ത - 7th). അതേസമയം, മറ്റിടങ്ങളിലെ ശാസ്ത്രീയ പുരോഗതി ഉപയോഗപ്പെടുത്തുന്നതും നമ്മെ സഹായിച്ചിട്ടുണ്ട്. ബാബിലോണ്‍, ഗ്രീസ്, റോം എന്നിവിടെങ്ങളിലെ അറിവുകള്‍ വ്യാപകമായി നമ്മള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നത്തെ ഹിന്ദുത്വവാദികള്‍ പറയുന്നത് പോലെ 'സ്വയംപര്യാപ്തം' ആയിരുന്നില്ല, ഒരിക്കലും നമ്മുടെ ശാസ്ത്രം. സത്യത്തില്‍ ഇത് ശാസ്ത്രത്തിന് തന്നെ എതിരാണെന്ന് അമര്‍ത്യ സെന്‍ പറയുന്നു. ശാസ്ത്രത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുന്നത് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അല്ല എന്ന് മനസ്സിലാക്കാത്തവരാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്. നമ്മുടെ കണ്ടുപിടുത്തങ്ങള്‍ മറ്റുള്ളവരേയും - പ്രത്യേകിച്ച് അറബ്, ചൈനീസ് സംസ്കാരങ്ങളെ - മറ്റുള്ളവരുടേത് നമ്മളെയും നന്നായി സ്വാധീനിച്ചിരുന്നു. ആര്യഭട്ടയുടെ കണക്കിലെ സംഭാവനകള്‍ അറബ് പരിഭാഷയിലൂടെ അവിടെ ചര്‍ച്ചയായിരുന്നു. അതുപോലെ ആസ്ട്രോണമിയിലും സംഭാവനകളുണ്ടായിരുന്നു. 

ഇതില്‍ താഴെപ്പറയുന്നവ പെടും. 

* ലൂണാര്‍ എക്ലിപ്സ്, സോളാര്‍ എക്ലിപ്സ് എന്നിവയുടെ വിശദീകരണം - ഭൂമിയുടെ നിഴല്‍ ചന്ദ്രന്റെ മുകളില്‍ പതിക്കുന്നതായും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുന്നതായും - ഈ ഗ്രഹണങ്ങളുടെ ദൈര്‍ഘ്യം, സംഭവിക്കുന്ന തിയ്യതി, സമയം എന്നിവ പ്രവചിക്കുന്നതിനെയും സംബന്ധിച്ച്. 

*ഭൂമിക്ക് ചുറ്റും തിരിയുന്ന സൂര്യന്‍ എന്നതില്‍ നിന്ന് മാറി സൂര്യന് ചുറ്റും തിരിയുന്ന ഭൂമി - പകല്‍, രാത്രി

*ഗ്രാവിറ്റി എന്ന ശക്തിയെ അംഗീകരിക്കല്‍ - ഭൂമി കറങ്ങുമ്പോള്‍ അതിലെ സംഗതികള്‍ തെറിക്കാതിരിക്കുന്നതിന്റെ വിശദീകരണം എന്ന നിലയില്‍

* മുകളില്‍ ആകാശം താഴെ ഭൂമി എന്നുള്ള ആശയം ഒരാള്‍ ഭൂമിയില്‍ എവിടെ നിലയുറപ്പിച്ചിരിക്കുന്നു എന്നുള്ളതനുസരിച്ച് മാറും എന്ന വാദം. 

(സത്യത്തില്‍ ശാസ്ത്ര സംഭാവനകള്‍ എന്ന നിലയില്‍ മാത്രമല്ല, പാരമ്പര്യ മതപരമായ വിശ്വാസങ്ങളില്‍ നിന്നുമുള്ള വളരെ വലിയ വ്യതിചലനം എന്ന നിലയില്‍ക്കൂടി ഇവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതായത് ആര്യഭട്ട ഇക്കാര്യങ്ങള്‍ പറയുന്നത് നല്ല ധൈര്യം വേണ്ട കാര്യമായിരുന്നു. ആര്യഭട്ടയുടെ ശിഷ്യന്മാരില്‍ ചിലര്‍ക്ക് ഈ ധൈര്യം ഉണ്ടായിരുന്നില്ല. മതവിശ്വാസങ്ങളുമായി രമ്യതയില്‍ കഴിയാന്‍ ആഗ്രഹിച്ച ബ്രഹ്മഗുപ്ത, ആര്യഭട്ടയെ ചീത്ത വിളിക്കുക കൂടി ചെയ്തിരുന്നു. എന്നാല്‍ ആര്യഭട്ട പറഞ്ഞിരുന്ന വിവരങ്ങള്‍ തന്റെ ഗവേഷണങ്ങളില്‍ പിന്തുടരുകയും ചെയ്തു എന്നതാണ് വിചിത്രം.)

ഏതായാലും ഇക്കാര്യങ്ങളൊന്നും തന്നെ നമ്മുടെ പാരമ്പര്യം നമ്മളെ മറ്റുള്ളവരുടെ മുകളില്‍ പ്രതിഷ്ഠിക്കുന്നു എന്ന് പറയാനോ, നമുക്കാണ് ജനാധിപത്യം, യുക്തിചിന്ത എന്നിവയിലൊക്കെ ആധികാരികമായ അവകാശമുള്ളത് എന്ന് വാദിക്കാനോ അല്ലെന്ന് സെന്‍ അടിവരയിട്ട് പറയുന്നുണ്ട്. ഒരു തമാശ പറഞ്ഞാണ് ഈ ലേഖനം അവസാനിപ്പിക്കുന്നത്. റാം മോഹന്‍ റോയ് എന്ന ബംഗാളി കവി മരണത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കുന്നത് എല്ലാവരും സംസാരിക്കുന്നത് തുടരുകയും നിങ്ങള്‍ക്ക് മാത്രം തിരിച്ചൊന്നും പറയാന്‍ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എന്നാണ്. അതായത് സംവാദം എന്നുള്ള സാധ്യത അവസാനിക്കുന്നതാണ് ഇന്ത്യയെപ്പോലൊരു രാജ്യത്ത് മരണത്തിന്റെ ഏറ്റവും വലിയ പ്രശ്നമായി കണക്കാക്കപ്പെടുന്നത്. ഇത് തമാശയാണെങ്കിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വീക്ഷണമാണ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം.

No comments:

Post a Comment