Tuesday 31 July 2018

സമരമുഖത്തിലെ സ്ത്രീവേഷങ്ങൾ | കുഞ്ഞില



പലപ്പോഴും ഞാൻ ആലോചിച്ചിട്ടുള്ള കാര്യമാണ് താലപ്പൊലിക്ക് സ്ത്രീകളെ അണിനിരത്തുന്ന വിചിത്രമായ ആചാരം എന്തിനുള്ളതാണെന്ന്.ഒരുങ്ങുകഎന്ന വാക്കുക തന്നെ പരിഹസിക്കാനോ ദേഷ്യം പിടിക്കാനോ ആണ് ആണത്തം ഉപയോഗിക്കുന്നത്. മീറ്റിങ്ങുകൾക്ക് പോകാൻ നിൽക്കുന്ന ഭർത്താവും അതിനു വേണ്ടി ഒരിക്കലും ഒരുങ്ങിത്തീരാത്ത സ്ത്രീയും സിനിമകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു വാർപ്പുമാതൃകയാണല്ലോ. അങ്ങനെയായിരിക്കുമ്പോൾത്തന്നെ ആൺകാഴ്ചയ്ക്കുവേണ്ടി, അതിന്റെ സുഖം, സംതൃപ്തി എന്നിവയ്ക്കുവേണ്ടി സ്ത്രീകൾഒരുങ്ങുകഎന്നത് സ്വീകാര്യമാണ് താനും. ഭർത്താവിന്റെ മേലുദ്യോഗസ്ഥനുവേണ്ടി അല്ലെങ്കിൽ ഓഫീസ് പാർട്ടിക്ക് വേണ്ടിയൊക്കെ ഒരുങ്ങുന്ന സ്ത്രീകൾ ഭർത്താക്കന്മാരുടെ അഭിമാനമാണ് സിനിമകളിൽ. ഓർമ്മയില്ലേ ഒരുക്കം കഴിഞ്ഞ സ്ത്രീകളെ ഭർത്താവിനോ കാമുകനോ മുന്നിൽ അവതരിപ്പിക്കാനായി മാത്രമുള്ള, മിക്കവാറും പടിയിറങ്ങിവരുന്നതായുള്ള, ഷോട്ടുകൾ?

ഈ സാഹചര്യത്തിലാണ് വസ്ത്രധാരണത്തിലെ രാഷ്ട്രീയം അല്ലെങ്കിൽ ആരുടെ കാഴ്ചയ്ക്ക് വേണ്ടിയുള്ളതാണ് സ്ത്രീയുടെ വസ്ത്രധാരണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്ന് കരുതുന്നു.

നമുക്ക് ചർച്ച ആണുങ്ങളിലേയ്ക്ക് തിരിച്ചാലോ?

സ്ത്രീകളുടെ വസ്ത്രധാരണം, അതിലെ അവരുടെ സ്വാതന്ത്ര്യം, അതിന്റെ ഇല്ലായ്മ എന്നിവയെക്കുറിച്ച് പറയുമ്പോൾ ആദ്യം ആൺനോട്ടങ്ങളിലേയ്ക്ക് പോകാം. കാരണം പൊതു ഇടം എന്നാൽ പ്രധാനമായും ആണിടവും ആൺകാഴ്ചയുമാണ്. സ്ത്രീയുടെ എല്ലാ തീരുമാനങ്ങളിലും തനിക്ക് അവകാശമുണ്ട് എന്ന് വിചാരിക്കുന്ന ആണത്തം അത് വസ്ത്രധാരണത്തിന്റെ കാര്യത്തിലും പിന്തുടരുന്നുണ്ട്. പൊതു ഇടങ്ങളിൽ മൂന്ന് തരം ആൺകാഴ്ചകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒന്ന്, സ്വന്തം അഭിരുചിക്ക് രസിക്കാത്ത, എന്നുവെച്ചാൽ സ്ത്രീയുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ കാണിക്കാം, പാടില്ല എന്ന സ്വന്തം ധാരണയ്ക്ക് ചേരാത്ത വിധത്തിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന പുരുഷൻ. ഉദാഹരണത്തിന് ക്ലീവേജ് അഥവാ മുലയിടുക്ക് കാണുന്നു എന്നത് സ്ത്രീയ്ക്ക് യോജിച്ചതല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പുരുഷൻ അത്തരത്തിൽ വസ്ത്രം ധരിച്ച സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്നു, കമന്റ് പാസ്സാക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു. ഇവയെല്ലാം അധിക്ഷേപിക്കാനുള്ള പലതരം മാർഗ്ഗങ്ങളാണ്. ലക്ഷ്യം ഒന്നു തന്നെ. നിയമം ലംഘിച്ച ഒരുമ്പെട്ടവൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്ന ആണത്തം. ഈ ആണത്തത്തിൽ പലപ്പോഴും സ്ത്രീകളും പങ്ക് ചേരാറുണ്ട്.

രണ്ടാമതായി കാണാൻ കഴിയുക ഒന്നാമത്തെ കൂട്ടം ആണുങ്ങൾ മേൽപറഞ്ഞ രീതിയിൽ പെരുമാറുമല്ലോ എന്ന സ്വന്തം ആവലാതി പരിഹരിക്കാൻ കഴിയാത്തതിനാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ അസന്തുഷ്ടനായ ആണത്തം. ഉദാഹരണത്തിന് കുട്ടിപ്പാവടയിട്ട സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്ന ആണുങ്ങളെ കണ്ട്, ഇത്തരത്തിൽ ആണുങ്ങൾ പെരുമാറും എന്നറിഞ്ഞിട്ടും ഇങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് എന്തിനാണ് സ്ത്രീകൾ ഇറങ്ങിനടക്കുന്നത് എന്ന് ദേഷ്യപ്പെടുന്ന ആളുകൾ.

ഇതേ ആവലാതി മൂലം സ്വന്തം മക്കളുടെ വസ്ത്രധാരണത്തിന് നിബന്ധനകൾ വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ നടത്തുന്ന ചെറിയ അരാഷ്ട്രീയമായ യുദ്ധങ്ങളായാണ് ഞാൻ അവയെ കാണുന്നത്.  

പിന്നെയുള്ളത് ആണത്തം സ്ത്രീകൾക്കായി കൽപിച്ചു നൽകിയിട്ടുള്ള വസ്ത്രധാരണനിയമങ്ങളെ ലംഘിക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന ആണത്തമാണ്. ഇക്കൂട്ടർക്ക് സ്ത്രീകൾ നിയമങ്ങളെ ലംഘിക്കുമ്പോൾ അതീവ സന്തോഷമാണ്. അത്തരം സ്ത്രീകളോട് ആദരവാണ്. ഇതിൽ ചിലർക്ക് സ്വന്തം ഭാര്യയോ കാമുകിയോ ഇത്തരത്തിൽ തന്റേടത്തോടെ തീരുമാനങ്ങളെടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും വളരെ ഇഷ്ടമാണ്. അതിൽ അഹങ്കരിക്കാറുമുണ്ട്. സോഷ്യൽ മീഡിയ കാലത്ത് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കുറെ ആൺ പ്രൊഫൈലുകൾ കാണാൻ കഴിയും. പരിചയത്തിലുള്ള സ്ത്രീകൾ കുട്ടിക്കുപ്പായമിട്ട ഫോട്ടോകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ആണത്തം.

ഒന്നും രണ്ടും വിഭാഗത്തിൽപ്പെട്ടവർ എത്രത്തോളം അപകടകാരികളാണോ. അത്രത്തോളം അപകടകാരികളാണ് ലിബറൽ, പുരോഗമനവാദക്കാർ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മൂന്നാത്തെ കൂട്ടം എന്ന് ഞാൻ കരുതുന്നു.

ഈ മനോഭാവത്തെ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും തുറന്നു കാണിക്കുകയും ചെയ്യേണ്ടത് ഒരു സ്ത്രീപക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പല തരം പ്രതിഷേധപരിപാടികളും നടക്കുന്ന, വളരെ ചെറിയ പ്രായത്തിൽത്തന്നെ ആക്ടിവിസത്തിലേയ്ക്ക് കടക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്.

ചുംബനസമരം

ചരിത്രപ്രാധാന്യമർഹിക്കുന്ന ഈ സമരം വിജയിച്ചത് ഇതിലെ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആണുങ്ങൾ പ്രതിഷേധകസൂചകമായി പരസ്പരം ഉമ്മവെച്ചാൽ വരാതിരിക്കുന്ന എന്ത് വിപ്ലവമാണ് സ്ത്രീകൾ ഉമ്മവയ്ക്കാൻ വന്നതോടെ ഉണ്ടായത് എന്ന് അതുകൊണ്ടാണ് ആലോചിക്കേണ്ടതായി വരുന്നത്.

കോഴിക്കോട്ടെ ചുംബനസമരത്തിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ഇവിടെ വെളിപ്പെടുത്തണം എന്ന് കരുതുന്നു. ഞാൻ ഒരു സ്ത്രീയെയാണ് ചുംബിച്ചത്. കോഴിക്കോട് പുതിയബസ്റ്റാന്റ് വെച്ച് നടന്ന ഈ ചുംബനം ചുറ്റും കൂടിയ ആണുങ്ങൾ ആർപ്പ് വിളിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകൾ തമ്മിലുള്ള ചുംബനവും ലൈംഗികക്രീഡകളും ആണുങ്ങൾക്ക് ഇപ്പോഴും ഫാന്റസിയാണ് എന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം ഇവിടെ കാണാതെപോകരുത്. ചുംബനത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടിയവർ തന്നെയാണ് അന്നും ഇന്നും കേരളത്തിലെ ചുംബനസമര കാഴ്ചക്കാർ എന്നും ഓർക്കണം.

തീർച്ചയായും സ്ത്രീകൾ സ്വകാര്യതയിൽ ചെയ്തിരുന്ന, അവരുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു കാര്യം പരസ്യമായും ചെയ്യുന്നു എന്ന വിശ്വാസമാണ് ആ സമരത്തിന്റെ വിജയത്തിനും അതുയർത്തിയ പ്രതിഷേധങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും അടച്ചമുറിക്കുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുനിരത്തിൽ ചെയ്യരുത് എന്നാണല്ലോ സമരത്തെക്കുറിച്ച് വിപ്ലവപ്പാർട്ടിയുടെ പിണറായി വിജയനും പറഞ്ഞത്. പറഞ്ഞു വന്നത് ചുംബനസമരത്തിൽ നിന്ന് ഈയിടെ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയയിൽ ചെയ്തുകണ്ട മാറ് തുറക്കൽ സമരം വരെ സ്ത്രീകളുടെ പങ്കാളിത്തം മാത്രം ആശ്രയിച്ച് നിലകൊണ്ടവയാണ്.

സത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തമുള്ളതുകൊണ്ട് മാത്രമാണ് ഈ സമരങ്ങളിലെല്ലാം തന്നെ ലൈംഗികത കടന്നുവരുന്നത്. കാരണം സ്ത്രീശരീരത്തെ ലൈംഗികമായല്ലാതെ സമീപിക്കാൻ സമൂഹം നാളിത്രയായിട്ടും പഠിച്ചിട്ടല്ല എന്നതുതന്നെ.

നഗ്നമുലകൾ ആരുടേത്

ഇവിടെയാണ്  നേരത്തെ പറഞ്ഞ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന ആണത്തം കടന്നുവരുന്നത്. ഈ ആണത്തത്തിന്റെ സംതൃപ്തിക്ക് (അതിന് ആഗ്രഹിച്ചില്ലെങ്കിൽപ്പോലും) കാരണമാകുന്നുവെന്നതുകൊണ്ടാണ് മാറ് തുറക്കൽ എന്ന സമരമുറയാകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ ചെറിയ പ്രായത്തിൽത്തന്നെ (പ്രത്യേകിച്ച് 18-25 വയസ്സ് ) ലൈംഗികതയെക്കുറിച്ചെഴുതുന്നവരാകട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ട സ്വന്തം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നവരാകട്ടെ, ഇവരെ അഭിനന്ദിക്കാനും ആഘോഷിക്കാനും ഒരു കൂട്ടം ആണുങ്ങൾ ഏത് സമയത്തും തയ്യാറായി നിൽക്കുന്നത്.

ശ്രദ്ധിക്കണം പെണ്ണുങ്ങൾ ഇവയെല്ലാം ചെയ്യുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്നുള്ളതുമായി ഇക്കൂട്ടരുടെ ഐക്യദാർഢ്യവുമായി യാതൊരു ബന്ധവുമില്ല. ഉദാഹരണത്തിന് പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി കുട്ടിപ്പാവാടയിട്ട് ഫോട്ടോ പരസ്യപ്പെടുത്തി എന്ന് വയ്ക്കുക. സ്വന്തം ക്ലാസ്സിൽ കുട്ടിപ്പാവാടകളിടുന്ന സ്ത്രീകൾ ആരുടെകൂടെയും കിടക്കുന്നവരാണെന്ന് ഒരു അധ്യാപകൻ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് അത് ചെയ്തതെന്ന് വയ്ക്കുക. ഈ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് പ്രസംഗം നടത്തുന്ന ആണത്തത്തിൽ ഭൂരിഭാഗം പേരും സ്ത്രീശരീരത്തിന്റെ വസ്തുവത്കരണത്തെ അനുകൂലിച്ച് കൊണ്ടാണ് അത് ചെയ്യുന്നത് എന്നുള്ളതാണ് സത്യം. അത് പ്രത്യയശാസ്ത്രമല്ല, ഇനി ആണെങ്കിൽത്തന്നെ അത് പുരുഷമേധാവിത്വം എന്ന പ്രത്യയശാസ്ത്രം മാത്രംമാണ് മുന്നോട്ട് വയ്ക്കുന്നത്. എങ്ങനെയന്നല്ലേ.

വസ്ത്രം ഉപേക്ഷിച്ച് മാറിടം തുറന്നുകാണിച്ച് സ്ത്രീകളായാലും, കാമുകനോടൊപ്പമുള്ളതോ അല്ലാത്തതോ ആയ അർദ്ധനഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുന്നവരായാലും ആണത്തം എപ്പോഴും പിന്താങ്ങുന്നത് യുവതികളെയാണ്. സുന്ദരികളെയാണ്. സ്വന്തം ഭാര്യമാരെയോ കാമുകിമാരെയോ ഇത്തരത്തിൽ പിന്താങ്ങുന്ന ആണത്തവും വ്യത്യസ്തമല്ല. ഭാര്യമാരും യുവതികളാണ്. ചിലപ്പോൾ മോഡലുകളാണ്. സത്യത്തിൽ ഈ സമരമുറകൾ രൂപകൽപന ചെയ്തിരിക്കുന്നതുതന്നെ ഇതേ ആണത്തത്തിലൂന്നിയാണ്.

ചുക്കിച്ചുളിഞ്ഞ ശരീരമുള്ള സ്വന്തം അമ്മമാരുടെ അർദ്ധനഗ്നമോ നഗ്നമോ ആയ ഫോട്ടോകൾ ആണുങ്ങൾ പ്രോൽസാഹിപ്പിച്ച് ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ ബിക്കിനിയിട്ടു. ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ ഫോട്ടോകൾ ആൺമക്കളുടെ ടൈംലൈനുകളിൽ തെളിയാറില്ല. എന്തിന് പല രാജ്യങ്ങളിലും നടന്നിട്ടുള്ളതായ, സ്ട്രെച്ച് മാർക്കുകളുള്ള നഗ്ന സ്ത്രീശരീരങ്ങൾ അല്ലെങ്കിൽ തീയേറ്റ് പൊള്ളിയതിനാൽ വിരൂപംഎന്ന് ഇതേ ആണത്തം കരുതുന്ന ശരീരങ്ങൾ, വാർദ്ധക്യത്തിലെ നഗ്നത എന്നിവയൊന്നും മലയാളി ആണത്തം സ്വന്തം വീടുകളിലോ ആക്ടിവിസത്തിലോ എഴുന്നള്ളിച്ച് കണ്ടിട്ടില്ല. നേരത്തെ പറഞ്ഞ ഉമ്മസമരത്തിൽത്തന്നെ യുവതികളുള്ള ചുംബന ഫോട്ടോകളാണ് മാധ്യമങ്ങളും സോഷ്യൽ മാധ്യമങ്ങളും ആഘോഷിച്ചത്. മധ്യവയസ്കരായുള്ളവരും പങ്കെടുത്തിരുന്നുവെങ്കിലും അവരുടേത് ആഘോഷിക്കപ്പെട്ട ചുംബനങ്ങളായിരുന്നില്ല. വൃദ്ധർ പങ്കെടുത്തതായി അറിവുമില്ല.

സോഷ്യൽ മീഡിയയിൽത്തന്നെ കുട്ടിക്കുപ്പായമിടുമ്പോൾ തെറി വിളി കേൾക്കേണ്ടതായി വരുന്ന സ്ത്രീകളുമുണ്ട്. തടിച്ച ശരീരമുള്ളവർ, കറുത്തവർ എന്നിവർ ദിവസേന അവഹേളിക്കപ്പെടുന്നു. നമ്മുടെ സിനിമകളിലെ ഇത്തരം പ്രവണതകൾ മീമുകളായി വരുന്നത് സോഷ്യൽ മീഡിയയിൽത്തന്നെയാണല്ലോ. (ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.)

ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.


നഗ്നത എന്നത് ആൺ നോട്ടത്തെ അലോസരപ്പെടുത്താത്തതായിരിക്കുമ്പോൾ മാത്രമേ പിന്തുണയ്ക്കപ്പെടുന്നുള്ളു എന്നർത്ഥം. അലോസരപ്പെടുത്താതിരുന്നാൽ മാത്രം പോര, സുഖിപ്പിക്കുകയും വേണം എന്നിടത്താണ് അതിലെ ഹിംസ സുവ്യക്തമാകുന്നത്.

ആഘോഷിക്കപ്പെടുന്ന വസ്ത്രങ്ങൾ

എപ്പോഴും കൂടുതൽ നഗ്നത കാണിക്കുന്ന വസ്ത്രങ്ങൾ ആണത്തം ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീകളുടെ നോട്ടവും ആൺ നോട്ടവും വേർതിരിച്ച് തന്നെ കാണേണ്ടതായി വരും. ചെറിയ നിക്കറി (ഷോർട്ട്സ്) ട്ടു എന്ന കാരണത്താൽ ഒരു സ്ത്രീ അധിക്ഷേപിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ മറ്റൊരു സ്ത്രീ പ്രതിഷേധസൂചകമായി ചെറിയ നിക്കറിട്ട് നിരത്തിലിറങ്ങാം എന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നു എന്ന് കരുതുക. ഇതിനെ സ്ത്രീകൾ പിന്തുണയ്ക്കുന്നതും ആണത്തം പിന്തുണയ്ക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ഒരു സ്ത്രീ ഈ പ്രതിഷേധ പരിപാടിയെ പിന്തുണയ്ക്കുന്നു. എന്നാൽ അവർ സ്വയം ഷോർട്ട്സ് ധരിച്ച് നിരത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനുംകൂടിയുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് ആൺകൂട്ടങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഫെമിനിസം പലപ്പോഴും എത്രത്തോളം ചെറിയ നിക്കറിട്ട സ്ത്രീശരീരങ്ങളെ നിരത്തിലിറക്കാം എന്നതുമാത്രമാണ്. കാരണം വീട്ടിലിരുന്നോ ജോലിക്കിടയിലോ സ്ത്രീശരീരത്തിന്റെ മുകളിൽ ആണധികാരം കാണിക്കുന്ന ഹിംസയെക്കുറിച്ച് ലേഖനം എഴുതുന്ന സ്ത്രീയേക്കാൾ, ഹിജാബ് ധരിച്ച് സ്ത്രീകളുടെ അവകാശത്തെപ്പറ്റി സംസാരിക്കുന്ന സ്ത്രീയേക്കാൾ, ഓട്ടോറിക്ഷയോടിക്കാനുള്ള തന്റെ അവകാശത്തിനുവേണ്ടി പൊരുതുന്ന സ്ത്രീയേക്കാൾ എന്തുകൊണ്ടും അവർക്ക്  പ്രിയം, കാണാവുന്ന, തൊട്ടടുത്ത വീട്ടിലെയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കുന്നതാണ്. ആ ബിക്കിനികളും നിക്കറുകളും തുറന്ന മുലകളുമാണ് വിറ്റ് പോകുന്നത്’.

ശരീരം പ്രദർശിപ്പിക്കാതെയുള്ള ഫെമിനിസം ഫെമിനിസമല്ല എന്ന അപകടകരവും അത്യന്തം സ്ത്രീവിരുദ്ധവുമായ ആശയം പോലും ഈ ആൺപിന്തുണ മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത, ശരീരം മുഴുവൻ പാടുകളുള്ള, പൊള്ളിയ ഒരു സ്ത്രീയ്ക്ക് പിന്തുണ ലഭിക്കാത്ത, എന്തിന് നിക്കറോ ബിക്കിനിയോ ഇടാൻ താത്പര്യപ്പെടാത്ത സ്ത്രീകൾക്ക് പിന്തുണ ലഭിക്കാത്ത സമരങ്ങൾ സ്ത്രീപക്ഷമാകുന്നതെങ്ങനെ?

അപ്പോൾ സമരമുഖത്തിലെ സ്ത്രീകൾ പിരിഞ്ഞ് പോകണമെന്നാണോ? ഇഷ്ടമുള്ള രീതിയിൽ പ്രതിഷേധിക്കാൻ പാടില്ലെന്നാണോ? ഇപ്പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ ഇഷ്ടമുള്ള വസ്ത്രമിട്ട് നടക്കാനിറങ്ങിയാലും അത് ശരീരം പ്രദർശിപ്പിക്കുന്നതാണെങ്കിൽ അത് ആൺ നോട്ടങ്ങൾക്കുവേണ്ടി മാത്രമുള്ളതായിത്തീരുകയാണ് എന്നാണോ?

അല്ല. മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ച് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയവും മാറുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി അവർ തീരുമാനിക്കുന്നതെന്തായാലും, അതിന് അതിന്റേതായ നിലനിൽപാണുള്ളത്. അവിടെ അതിനുള്ള രാഷ്ട്രീയവും സ്വന്തമായാണ് നിലനിൽക്കുന്നത്. എന്നാൽ ഈ വസ്ത്രധാരണരീതികൾ ആൺനോട്ടങ്ങളിലൂടെ സ്ത്രീവാദവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നം.

സെറ്റ് സാരിയുടുത്താൽ തിരുവാതിരക്കളിയും താലപ്പൊലിയുമാണ് ചേരുക എന്നത് ആൺവായനയാണ്. അതുടുത്തുകൊണ്ട് തെങ്ങ് കയറുകയാണ് പെണ്ണുങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെയായിരിക്കണം. സെറ്റ് സാരിയുടുക്കേണ്ട ദിവസം പർദ്ദയിട്ടുകൊണ്ട് വരരുത് എന്ന് ഉത്തരവിറങ്ങിയാൽ ബിക്കിനിയിട്ടുകൊണ്ടല്ല, പർദ്ദയിട്ടുകൊണ്ടാണ് നിരത്തിലിറങ്ങേണ്ടത്. അതേസമയം പർദ്ദയിടാൻ മനസ്സില്ല എന്ന് പറയുന്ന പെണ്ണിനോട് എന്നാൽ ബിക്കിനിയിട്ട് സമരം ചെയ്യൂ എന്ന് പറയുന്ന ആണത്തത്തെ ചെറുക്കേണ്ടതുണ്ട്.

ബിക്കിനിയിട്ട സ്ത്രീയെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിരത്തിലിറങ്ങുമ്പോൾ ബിക്കിനി ഇട്ടുകൊണ്ടാകണം എന്നത് സ്ത്രീവാദമല്ല, അത് പുരുഷാധിപത്യമാണ്. വിനായകൻ എന്ന ദളിത് യുവാവിനെ മുടി നീട്ടി വളർത്തി എന്ന് പറഞ്ഞ പോലീസിനെതിരെ ശബ്ദമുയർത്താൻ ആണുങ്ങളെല്ലാം മുടിനീട്ടണം എന്നല്ല സമരങ്ങൾ പറഞ്ഞത്. ദളിത് വിരുദ്ധതയാണ് വിനായകനെ കൊന്നത് എന്നും അതിനെതിരെയാണ് സമരം എന്നും നമുക്കറിയാം. സ്ത്രീയുടെ ശരീരത്തിനുനേരെയുണ്ടാകുന്ന ആക്രമണം സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും മൂലമാണ്. ഒരു സ്ത്രീയുടെ വസ്ത്രം പോലും അതിനോടാണ് മല്ലിടുന്നത് എന്നതാണ് സത്യം.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് സംഘടിത മാസികയിലാണ്.

No comments:

Post a Comment