Sunday, 11 December 2016

മെമ്മറീസ് ഓഫ്: കലാസ്വാദകരുടെ കപടവാദങ്ങൾ

മെമറീസ് ഓഫ് എ മെഷീൻ എന്ന ഹൃസ്വചിത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. കനി കുസൃതി എന്ന നടിയുമായി ഒരു ചിത്രം സംവിധാനം ചെയ്തതതിൽപ്പിന്നെ അവരുടെ വലിയൊരു ആരാധികയായിക്കഴിഞ്ഞിരുന്നു. ഷൈലജയുടെ ചിത്രത്തിന്റെ സ്വഭാവവും ഭാഷയുമെല്ലാം കാണാനും അതീവ ജിജ്ഞാസയായിരുന്നു. ഒടുവിൽ ചിത്രം യൂട്യൂബിൽ റിലീസ് ചെയപ്പെട്ടു. സിനിമ കണ്ടപ്പോൾ രണ്ടേ രണ്ട് വികാരങ്ങളാണ് തോന്നിയത്. കനിയുടെ അഭിനയം എന്ത് ഭംഗിയാണ് എന്നതിന്റെ സന്തോഷവും ലൈംഗിക പീഡനം, ബാല ലൈംഗിക പീഡനം എന്നിവയോട് സിനിമ പുലർത്തുന്ന സമീപനത്തോടുള്ള അമർഷവും വിയോജിപ്പും. സിനിമ:



പതിവുപോലെ, ഒരു സോഷ്യൽ മീഡിയ ചർച്ചയിൽ എന്റെ അഭിപ്രായം പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ മലയാളി ആണത്തത്തിന്റെ സഹായത്തോടെ എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി.
  • ഈ റോൾ ചെയ്തതിന് ആളുകൾ കനി കുസൃതിയെ വേട്ടയാടുന്നു. 
  • കനി കുസൃതി എന്ന നടിയുടെ സ്വന്തം കഥയാണിത് എന്ന് വാർത്ത പ്രചരിക്കുന്നു. 
  • ഈ സിനിമ യൂട്യൂബിൽ നിന്ന് എടുത്തു കളയണം എന്ന ആവശ്യം (കൂട്ടം ചേർന്നുള്ളതാണ് ഇവയെല്ലാം. മോബ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ) ഉയർന്ന് വരുന്നു. 
  • ഇതിനു പുറമെ മലയാളികൾക്ക് സുപരിചിതമായ തെറി വിളികൾ - രഞ്ജിനി ഹരിദാസ്, മറിയ ഷറപ്പോവ എന്നിവർക്കെല്ലാം ദാനം ചെയ്ത രീതിയിൽ - ഉയരുന്നു. ഇവ പ്രധാനമായും കനിക്ക് നേരെയാണ്. 
  • എല്ലാവരുടെയും വാദം ഈ സിനിമ ബാല ലൈംഗിക പീഡനത്തെ അനുകൂലിക്കുന്നു, പീഡകർക്ക് പ്രചോദനം നൽകുന്നു എന്നിവയെല്ലാമാണ്. 
ഇത്രയും മനസ്സിലായതോടെ എന്റെ കാര്യം കഷ്ടത്തിലായി. ബാല ലൈംഗിക പീഡനത്തെപ്പറ്റിയോ ലൈംഗിക പീഡനത്തെപ്പറ്റിയോ എനിക്ക് പോലും സംസാരിക്കാൻ വയ്യാതായി. പോലും എന്ന് പറയുന്നത് പലരെയും പോലെ ഞാനും ലൈംഗികപീഡനത്തിന്റെ ഇരയാണ് എന്നതുകൊണ്ടാണ്. അതായത് ഒരു വിക്റ്റിമിനു പോലും തന്റെ അഭിപ്രായം പങ്ക് വയ്ക്കാൻ കഴിയാത്ത രീതിയിലേയ്ക്ക് മോബിന്റെ ഇടപെടലും അക്രമവും വളർന്നു കഴിഞ്ഞിരുന്നു. ബാല ലൈംഗിക പീഡനത്തെ അനുകൂലിച്ച് കൊണ്ട് സംസാരിച്ച ഒരു യൂസറിനുനേരെ ഫേസ്ബുക്കിൽ അക്രമം പ്രചരിപ്പിക്കുകയായിരുന്ന ഒരു പോസ്റ്റിൽ മോബിലെ ഒരംഗം പറഞ്ഞത്, സൽമാൻ മുഹമ്മദ് എന്ന ആ യൂസർ തന്റെ നിലപാട് കാരണം ജയിലിലായില്ല എന്നതോർത്ത് സമാധാനിക്കണം എന്നാണ്. ഇത്തരം പോസ്റ്റുകളിൽ അതിവേഗം പ്രചരിക്കുകയായിരുന്ന ഹിംസ ആരും ചോദ്യം ചെയ്ക് കണ്ടില്ല. അധികം വൈകാതെ കനി കുസൃതിയുടെ ഫേസ്ബുക്ക് പേജ് മാസ് റിപ്പോർട്ട് ചെയ്യപ്പെടുകയും അത് ഫേസ്ബുക്ക് എടുത്തുകളയുകയും ചെയ്തു. എന്നാൽ മലയാളികളുടെ ആത്മരോഷം അടങ്ങിയിരുന്നില്ല.

കനിയുടെ പ്രൊഫൈൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിനെഴുതുകയും മണിക്കൂറുകൾക്കുള്ളിൽ അവർ വിലക്കെടുത്തുമാറ്റുകയും ചെയ്തു. ഇതിനുശേഷവും മലയാളി ആണത്തം തെളിവെടുക്കലിൽ വാപൃതരായിരുന്നു. കനി സ്വയം പ്രൊഫൈൽ ഡീആക്റ്റിവേറ്റ് ചെയ്തതല്ല എന്നുറപ്പിക്കാൻ തെളിവായി സ്ക്രീൻഷോട്ടുകൾ വേണം എന്നുപോലും അവർ ആവശ്യപ്പെട്ടു. ബലാൽസംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവ് ചോദിച്ച് മടുത്തതുകൊണ്ടാണോ എന്നറിയില്ല ഇത്തവണ സൈബർ ഹരാസ്മെന്റിലേയ്ക്ക് ആളുകൾ തിരിഞ്ഞത്. ഇത്രയും ആയതോടെ ഒരു സിനിമാസംവിധായിക എന്ന നിലയിൽ എനിക്ക് വിമ്മിട്ടം തുടങ്ങി. ഒരു സിനിമ പിടിച്ചതിന്റെ പേരിൽ കലാകാർ ഇത്രയും വേട്ടയാടപ്പെടുന്നു എന്നുണ്ടെങ്കിൽ അതിന് മറുപടിയും സിനിമയിൽക്കൂടെയാവണം എന്നെനിക്ക് തോന്നി. അങ്ങനെയാണ് മെമറീസ് ഓഫ് എ മെഷീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ചിത്രം നിർമിക്കാൻ തുനിഞ്ഞത്. 2012 ലെ കോൽക്കത്ത വിന്ററിലാണ് ഞാൻ സിനിമ 'പഠിക്കണം' എന്ന ആഗ്രഹവുമായി സിനിമ സ്കൂളിൽ ചേരുന്നത്. എന്നാൽ എത്രയോ ക്ലാസ്സുകൾക്കും സിനിമകൾക്കുമെല്ലാം ശേഷം ഇപ്പോഴാണ് സിനിമ എന്ന അതി ശക്തമായ ഭാഷയെ ഉപയോഗിച്ച് ഞാൻ ഒരു പരീക്ഷണത്തിന് തുനിഞ്ഞത്. മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സീക്വൽ അങ്ങനെയാണ് ജനിക്കുന്നത്.
സിനിമ:




സംവിധായിക എന്ന നിലയിൽ ഷൈലജയുടെ ഭാഷയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാലും സീക്വൽ എന്ന് പറയുമ്പോൾ അതേ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് എന്റെ നിലപാടുകളെ തിരുത്താനൊട്ടു തോന്നിയുമില്ല. അതിന്റെ ഫലമാണ് മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സിനിമയും അതിലൂടെ പുറത്ത് വന്ന പല സത്യങ്ങളും. എങ്ങനെയാണ് എന്റെ ചിത്രം ഷൈലജയുടേതിന് സീക്വലാകുന്നത് എന്നാദ്യം പറയാം.

  • ആദ്യം തന്നെ ഷൈലജയുടെ മെമറീസ് എന്ന ചിത്രം കാരണം ഉത്ഭവിച്ച മോബ് മെന്റാലിറ്റിക്ക് ഒരു മറുപടിയായും അതിനെ പരീക്ഷിക്കാനുമാണ് ഞാൻ ഈ പടം പിടിക്കുന്നത്. ആദ്യത്തേതില്ലാതെ രണ്ടാമത്തേതിന് നിലനിൽപില്ല. 
  • മനഃപ്പൂർവം വരുത്തിയ സമാനതകൾ: സെറ്റിങ്ങ്. ഒരു കിടക്കമേൽ നടക്കുന്ന സംഭാഷണം. കനി ധരിച്ചിരുന്ന വസ്ത്രം. ലാർസ് വോണ ട്രയറുടെ വാചകം പോലെ തുടക്കത്തിൽ ടോണി മോറിസന്റെ വാക്യങ്ങൾ. നിംഫോമാനിയാക്കിന്റെ ഡി വി ഡി കാണിക്കുംപോലെ 'ദി ട്രൂത്ത് എബൌട്ട് മി' എന്ന പുസ്തകം. ലോങ്ങ് ടേക്. 
  • മനഃപ്പൂർവം വരുത്തിയ വ്യത്യാസങ്ങൾ: ആദ്യത്തെ ഷോട്ട്. ഈ ഷോട്ട് ഒഴിച്ചു നിർത്തിയാൽ രണ്ട് സിനിമകളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. എന്റെ പരീക്ഷണം ആദ്യത്തെ ഷോട്ടിന്റെ കൂട്ടിച്ചേർക്കൽ തന്നെയാണ്.
    പീഡകൻ ഒരു അപരിചിതൻ/പുറത്തുള്ള ആൾ അല്ല. അത് കുടുംത്തിനുള്ളിലുള്ള വ്യക്തിയാണ്.
    കാമറ ഒരു പുരുഷന്റെ പോയിന്റ് ഓഫ് വ്യൂ അല്ല. അത് ഡയറക്ടറുടെ പോയിന്റ് ഓഫ് വ്യൂ ആണ്. അതുകൊണ്ടുതന്നെ കഥ കേൾക്കുന്ന കാമുകൻ/ഭർത്താവ് എന്നയാളുടെ ശരീരം സ്ക്രീനിൽ കാണാം.
    ബ്ലാക്ക് ആന്റ് വൈറ്റ്. ചില കഥകൾ പറയുമ്പോൾ സ്വാഭാവികമായും വന്നുചേരുന്ന തീരുമാനങ്ങളിലൊന്ന്.പരീക്ഷണവുമായി യാതൊരു ബന്ധവുമില്ല.
  • അറിയാതെ പറ്റിപ്പോയ അബദ്ധങ്ങൾ. കനിയുടെ അഭിനയത്തോട് പരമാവധി അടുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ആ കലയിൽ പ്രാവീണ്യമില്ലാത്തതുകൊണ്ട് സാധിച്ചില്ല. 
ഇനി ഈ പരീക്ഷണത്തിന്റെ ഫലം എന്താണെന്ന് നോക്കാം.

വിരലിലെണ്ണാവുന്ന തന്തയ്ക്ക് വിളികൾ ഒഴിച്ചാൽ ഞാൻ പ്രതീക്ഷിച്ചതുപോലെത്തന്നെ സംവിധാനം ചെയ്ത ആളെന്ന നിലയിലോ അഭിനയിച്ച ആളെന്ന് നിലയിലോ എനിക്കെതിരെ യാതൊരു എതിർപ്പും ഉണ്ടായില്ല. ഇത് അഭിനേത്രിയുടെ സ്വന്തം അനുഭവമാണെന്ന് ആരും അനുമാനിച്ചില്ല. ഇത് കണ്ട് പല അച്ഛന്മാരും സ്വന്തം പെൺകുട്ടികളെ ബലാൽസംഗം ചെയ്യും എന്ന് ആശങ്കപ്പെട്ടില്ല. എന്നെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആരും ആഹ്വാനം ചെയ്തില്ല. ഒരേയൊരു ഷോട്ട് കൊണ്ട് ആളുകളുടെ അഭിപ്രായം എത്ര പെട്ടന്ന് മാറി!

ഒരു പരീക്ഷണമാവുമ്പോൾ അതിന്റെ ഫലം കൃത്യമായി രേഖപ്പെടുത്തണം എന്നുള്ളതുകൊണ്ട്, എന്താണ്, എവിടെയാണ് മെർമെയ്ഡിനെ ആളുകൾ സ്വീകരിക്കുകയും, മെഷീനെതിരെ അതേ ആളുകൾ അക്രമാസക്തരാകുകയും ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഞാൻ (മെർമെയ്ഡിൽ അഭിനയിച്ച ഞാൻ) ഒരു അറിയപ്പെടുന്ന നടി അല്ല. അറിയപ്പെടുന്ന നടികളെല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രതിഭാസമാണ്, 'നമ്മുടെ കുട്ടി' സിന്റ്രോം. ബോളിവുഡിൽ ഇതുള്ളതായി എനിക്കറിവില്ല. എന്നാൽ മലയാളികൾക്ക് സ്വന്തമായി വരുമാനമുള്ള, ജോലിയുള്ള, അഭിപ്രായം പറയാൻ ഇടമുള്ള എല്ലാ സ്ത്രീകളെയും 'നമ്മുടെ' എന്ന ആഭാസത്തിൽ തളച്ചിടാൻ വലിയ ശുഷ്കാന്തിയാണ്. പല അഭിമുഖളങ്ങളിലും മലയാളികളായ നടികൾ നേരിടുന്ന ഒരു ചോദ്യമാണ്, നമ്മുടെ മലയാളത്തെ മറന്ന് തമിഴിലോ തെലുങ്കിലോ അഭിനയിക്കുന്നതെന്തിനാണ് എന്ന്. മിക്കവരും അവിടെ പ്രതിഫലം കൂടുതലാണ് എന്ന് പറയുന്നതിനോടൊപ്പം 'എന്നാലും വീട് പോലെ തോന്നുന്നത്' അല്ലെങ്കിൽ 'കുടുംബം പോലെ തോന്നുന്നത്' മലയാളത്തിലാണ് എന്ന് പല്ലവി പാടാറുമുണ്ട്.

അതേ സമയം നടന്മാർ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണ്. നമ്മുടെ കുടുംബമഹിമയും പാരമ്പര്യവും പുറംലോകത്തെത്തിക്കുക അവരുടെ കടമയത്രേ. മഞ്ജു വാര്യർ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നത് ആഘോഷിച്ച മലയാളികളിൽ പലരും കുടുംബത്തെ കുട്ടിയുടെ മടക്കമായാണ് അതിനെ കണ്ടത്. അല്ലാതെ സ്വതന്ത്രമായി എടുത്ത ഒരു പെൺ തീരുമാനം എന്ന നിലയിലല്ല. അതുകൊണ്ടുതന്നെയാണ് അവർ വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം വേണ്ടെന്ന് തീരുമാനിച്ചപ്പോൾ മലയാളികൾ അതൊരു ഉദാത്ത ഉത്തമഭാര്യ ഉദാഹരണമായി കൊണ്ടാടിയതും. നേരെ മറിച്ച് പെണ്ണുങ്ങൾ വഴക്കടിച്ച് വായിട്ടലച്ച് നേടിയെടുത്ത ആ അവകാശം അവർ ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ പണമില്ലാതെ എങ്ങനെ മുന്നോട്ട് പോകും എന്നാലോചിച്ച് മാത്രം വിവാഹമോചനം നേടാതിരിക്കുന്ന എത്രയോ സ്ത്രീകൾക്ക് പ്രചോദനമാകുമായിരുന്നു. ആ ഒരു തീരുമാനം ഏതെങ്കിലും നടി പരസ്യമായി പ്രഖ്യാപിച്ചെടുത്താൽ നമ്മുടെ ഈ സിനിമാ കുടുംബവും അതിലെ കാർന്നോമ്മാരും എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ വളരെ താൽപര്യമുണ്ട്. ഈ കുടുംബം എന്ന ഇടത്തിലാണ് കനി കുസൃതി എന്ന നടി തന്റെ ആദ്യ ലൈംഗികാനുഭവം പങ്ക് വയ്ക്കുന്നത് എന്ന് പറയുമ്പോൾ കാര്യം തെളിഞ്ഞ് വരുന്നില്ലേ. ഇല്ലത്തെ കുട്ടി രതിസുഖത്തെക്കുറിച്ച് സംസാരിക്കുകയോ? ശിവ ശിവ!

ഇനി ഈ അക്രമം അഴിച്ചുവിട്ടവരിൽ പലരും പറഞ്ഞിരുന്ന ന്യായം മെഷീൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുന്നു എന്നതാണ്. ചുരുക്കം ചില അഭിപ്രായപ്രകടനങ്ങളൊഴിച്ചാൽ ഈ വാദം പൊള്ളയാണ്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നു എന്ന വ്യാജേന സ്ത്രീവിദ്വേഷവും വല്യേട്ടൻ കളിയും വ്യാപിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ഇത് എങ്ങനെ പറയാൻ കഴിയും? ഒരാളുടെ അഭിപ്രായപ്രകടനം ആത്മാർത്ഥമാണെന്ന് തീരുമാനിക്കുകയും മറ്റൊരാളുടേത് പൊള്ളയാണ് എന്ന് പറയാൻ എനിക്കെന്തവകാശം, എന്നല്ലേ. പറയാം.
സത്യത്തിൽ ഇത് മനസ്സിലാക്കുക വളരെ എളുപ്പമാണ്. എന്റെ പരീക്ഷണം കാരണം ആദ്യം തന്നെ ഞാൻ സ്ഥാപിച്ചത് ഇത്തരം 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന' വാദങ്ങളുടെ പൊള്ളത്തരമാണ് എന്ന വസ്തുതയാണ്.
മെഷീനിൽ ബാലലൈംഗിക പീഡനത്തെ സ്തുതിക്കുന്നതുപോലെത്തന്നെയാണ് മെർമെയ്ഡിനെയും ആദ്യത്തെ കട്ടിനുശേഷം ഞാൻ ബലാൽസംഗത്തെ ന്യായീകരിക്കുന്നത്. കനി എന്ന നടി പറഞ്ഞ അതേ കാര്യങ്ങളാണ് ഞാൻ എന്ന നടിയും രണ്ടാം പകുതിയിൽ പറയുന്നത്. എന്നാൽ ആകെയുള്ള വ്യത്യാസം അതിനു മുന്നോടിയായി 'ഇത് സിനിമയാണ്' എന്ന് ഞാൻ സിനിമയ്ക്കുള്ളിൽത്തന്നെ പറഞ്ഞു എന്നുള്ളതാണ്. നടി കാമറയിൽ നോക്കി ഡയറക്ടറോട് അഭിപ്രായം ചോദിക്കുന്നതോടെ സിനിമ എന്ന മാധ്യമമാണ് തങ്ങൾ കാണുന്നത് എന്ന് ആളുകൾക്ക് മനസ്സിലാകുന്നു. പിന്നെ എന്ത് പറഞ്ഞാലും ആർക്കും ഒരു കുഴപ്പവുമില്ല. അച്ഛൻ തന്നെ ബലാൽസംഗം ചെയ്തപ്പോൾ സുഖം ലഭിച്ചു എന്ന് പറയുന്ന നായികയെ ആരും തെറി വിളിക്കുന്നില്ല. എവിടെപ്പോയി 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന?' പൊള്ളത്തരത്തിൽ പൂണ്ട് പോയി. അത്രതന്നെ.

അതേ സമയം കൌതുകകരമായ വേറൊരു കാര്യവും ഉണ്ട്. ഇതേ കാര്യം ആദ്യത്തെ ഷോട്ടിലും ഞാൻ പറയുന്നുണ്ട്. അച്ഛന്റെ സ്പർശം കൊണ്ട് അവൾക്ക് കാലുകൾക്കിടയിൽ സെൻസേഷൻ ഉണ്ടായി എന്ന് പറയുന്ന ഞാനും ആ ചേട്ടന് എങ്ങനെയാണ് എന്നെ തൊടണ്ടത് എന്നറിയാമായിരുന്നു എന്ന് പറയുന്ന കനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പക്ഷെ എന്റെ കഥാപാത്രം കരയുന്നുണ്ട്. ആ കരച്ചിൽ ഒരു അംഗീകൃത വിക്റ്റിം കരച്ചിലാണ്. എന്നാൽ കനിയുടെ കഥാപാത്രം വിക്റ്റിമാണെങ്കിലും കരയുന്നില്ല എന്നു മാത്രമല്ല, ചിരിക്കുകയും ചെയ്യുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ ഇരകൾ കരയുക മാത്രമേ പാടുള്ളു (അല്ലെങ്കിൽ ചാവണം) എന്ന നിലപാടിൽ അറിഞ്ഞോ അറിയാതെയോ നിലയുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ് എന്റെ സുഖം ആളുകൾക്ക് ബോധിക്കുകയും കനിയുടേതിനെ അതേ ആളുകൾ തെറി വിളിക്കുകയും ചെയ്യുന്നത്. ഇതേ കാരണം കൊണ്ടാണ് രണ്ടാമത്തെ ഷോട്ടിൽ ഞാൻ കാമറയിൽ നോക്കാതിരിക്കുകയും കരയുന്ന ഷോട്ടിൽത്തന്നെ നോക്കുകയും ചെയ്യുന്നത്. ആളുകൾക്ക് ബോധിക്കുന്ന കരച്ചിലും ഒരു നടിയുടെ ജോലി മാത്രമാണ്. കരയുന്നതിന് കുഴപ്പമില്ലെങ്കിൽ ചിരിക്കുന്നതിനെന്ത് കുഴപ്പം? കരഞ്ഞ് പറഞ്ഞാൽ പിഞ്ചുകുഞ്ഞുങ്ങളുടെ വേദനയ്ക്ക് ശമനം വരും. ചിരിച്ച് പറഞ്ഞാൽ ഇല്ല. ഇതെവിടുത്തെ ആത്മാർത്ഥതയാണ് സാർ?

പൊള്ളത്തരങ്ങളുടെ ഒരു വശം മാത്രമാണിത്. ഭീകരമായ മറ്റൊരു വശമുണ്ട്. നമ്മുടെ വിഷ്വൽ കൾച്ചർ മുഴുവൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന വിധത്തിലാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മോഡലുകൾ, അഭിനേത്രികൾ എന്നിവരെല്ലാം തന്നെ പിന്നെയും പിന്നെയും ചെറിയ കുട്ടികളുടെ ആകാരത്തിലേയ്ക്ക് വരുന്നതാണ് അംഗീകൃത നിയമം. സൂപ്പർസ്റ്റാറുകളും അവരുടെ നായികമാരും തമ്മിൽ നടക്കുന്നതായി നമ്മുടെ സിനിമകൾ കാണിക്കുന്നത് ബാലലൈംഗിക പീഡനം തന്നെയാണ്. പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾത്തന്നെ നായികമാരാകുന്ന കുട്ടികളെ അഭിമുഖങ്ങളിൽ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ പോലും ആരും നിലവിളി ശബ്ദമിടുന്നത് കണ്ടിട്ടില്ല. കുട്ടി ആർട്ടിസ്റ്റുകൾ വലുതാവുമ്പോൾ അവരുടെ കുട്ടിക്കാല ഫോട്ടോയോടൊപ്പം ഇപ്പോഴത്തെ പടം കൊടുക്കുന്നതും ബാലപീഡനം തന്നെയാണ്. അത് യൂട്യൂബിൽ കിടക്കുന്നതിനോട് ആർക്കും വിയോജിപ്പില്ല. ഉദാഹരണത്തിന് ഈ വീഡിയോയിൽ അനു ഇമ്മാനുവേലിനെപ്പറ്റി പറയുന്നത് നോക്കുക. അവരുടെ വളർച്ചയിൽ ഇത്ര ഞെട്ടാനെന്തിരിക്കുന്നു. വളർച്ചയിലുള്ള ഞെട്ടൽ അവിടെ നിക്കട്ടെ. ചെറിയ പെൺകുട്ടികളെ കാസ്റ്റ് ചെയ്യുമ്പോൾ എപ്പോഴും കേൾക്കാറുണ്ട്, പതിനഞ്ച് വയസ്സാണെങ്കിലും ഇരുപത്തഞ്ചൊക്കെ അഭിനയിക്കാൻ വേണ്ട എല്ലാം കുട്ടിയുടെ ശരീരത്തിലുണ്ട് എന്നത്. ഇത് ലൈംഗിക പീഡനമല്ലേ. മെമറീസ് ഓഫ് എ മെഷീനിൽ ഇതിനപ്പുറം എന്താണുള്ളത്.

അപ്പോൾ ഇത്രയും കാലം തുടർന്ന് പോന്നിരുന്ന ബാലലൈംഗികപീഡനം സാഹിത്യത്തിലോ സിനിമയിലോ ആയാലും പ്രോൽസാഹനം മാത്രം ഏറ്റുവാങ്ങുകയായിരുന്നു. കലയിലെ സ്ത്രീവിരുദ്ധത പോലെ, ദളിത് വിരുദ്ധത പോലെ, മുസ്ലിം വിരുദ്ധത പോലെ എല്ലാം ആഴങ്ങളിൽ പതിഞ്ഞ് കിടക്കുന്ന ചിത്രപ്പണികളാണ്. മായ്ക്കുക എളുപ്പമല്ല. ഫിലിപ് ആന്റ് ദി മങ്കിപെൻ സിനിമയിൽ മോഹൻലാലിന്റെ തൊഴിക്കാൻ വേണ്ട പെണ്ണ് എന്ന ഡയലോഗിന്റെ ഒരു പാരഡി ഉണ്ടല്ലോ. പറയുന്നത് കുട്ടികളും. മോഹൻലാലിന്റെ ഡയലോഗിലെ സ്ത്രീവിരുദ്ധത അറിഞ്ഞുകൊണ്ടാണോ ആ കുട്ടി നടന്മാർ ആ വരികൾ പറഞ്ഞത്. പല പരസ്യങ്ങളിലും സ്ത്രീകളെ നോക്കി അവരുടെ ശരീരത്തെപ്പറ്റി അഭിപ്രായം പറയുകയോ അതിനെ വിലയിരുത്തുന്ന രീതിയിൽ നോക്കുകയോ ചെയ്യുന്ന കുട്ടികളെ കാണിക്കുന്നു. ഇതൊന്നും ആർക്കും ഒരു അവകാശലംഘനമായി തോന്നിക്കണ്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം ഉയർന്നു വരുന്ന എതിർപ്പുകൾ കാമ്പില്ലാത്തതും മറ്റ് കാരണങ്ങൾ കൊണ്ടുള്ളതുമാണ്.

ലൈംഗികത എന്താണ് എന്ന് അറിയാൻ പാടില്ലാത്ത പ്രായത്തിൽ അറിഞ്ഞു എന്ന് പറയുന്നു എന്നതാണ് മെഷീനിൽ ചിലർ കണ്ടെത്തിയ കുഴപ്പം. സത്യത്തിൽ ഇവരെല്ലാം ഏത് ലോകത്തിലാണ് ജീവിക്കുന്നത്? ലൈംഗികത എന്താണെന്ന് അറിയാത്ത പ്രായം എന്നൊന്നുണ്ടോ. സുഖം എന്താണെന്ന് അറിയാത്ത പ്രായം ഉണ്ടോ. സ്വന്തം ലൈംഗിക അവയവങ്ങളെക്കുറിച്ച് ജിജ്ഞാസയുള്ളവരും അതിനെ അറിയാൻ ശ്രമിക്കുന്നതുമായ എത്രയോ കുട്ടികളുണ്ട്. കുട്ടികൾ തമ്മിൽ ലിംഗഭേദമെന്യേ എന്തൊക്കെത്തരം കളികൾ കളിക്കുന്നു. ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ട കളികൾ കളിക്കുന്ന എത്രയോ കുട്ടികളുണ്ട്. കൌമാരക്കാരുടെയിടയിൽ ലൈംഗികതയെക്കിറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ടുള്ള പലതരം ബന്ധങ്ങൾ നടക്കാറുണ്ട്. ഇനി ഇതൊന്നും ആർക്കും അറിയാത്ത കാര്യമാണ് എന്ന് കള്ളം പറയാനാണെങ്കിൽ കനിയുടെ കഥാപാത്രം അനുഭവിച്ചതും ഇത്തരത്തിലുള്ളൊരു 'അറിയാത്ത കാര്യമാ'യി കണക്കാക്കിയാൽ പോരേ. ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിക്കണോ. സച്ചിൻ തെന്റുൽക്കറെ അറിയില്ല എന്ന കുറ്റത്തിനായിരുന്നല്ലോ നമ്മുടെ മല്ലു റഷ്യൻ യുദ്ധം.

ഈ പരീക്ഷണം കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം സംഭവിച്ചു. ഒരു കാണി സിഗരറ്റ് തപ്പുന്ന ഷോട്ട് ഗ്ലിസറിൻ തേയ്ക്കാനാണോ ഉപയോഗിച്ചത് എന്ന് ചോദിച്ചു. അതേ സമയം കരച്ചിൽ നാച്വറലായി എന്ന് മറ്റൊരാൾ പറഞ്ഞു. ഇത്രയൊക്കെയേ അഭിനയം എന്നു വെച്ചാലുള്ളു. സിനിമ എന്ന് പറയുന്നത് തന്നെ പറ്റിക്കലാണ്. അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുകൊണ്ട് ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമയിൽ ഒരു മലയാളി നടി കുട്ടിക്കാലത്ത് രതിസുഖം അനുഭവിച്ചിരുന്നു എന്ന് പറയുന്നാണ് പ്രശ്നമെങ്കിൽ അത് അങ്ങനെത്തന്നെ പറയേണ്ടി വരും. ബാലലൈംഗിക പീഡനത്തെക്കുറിച്ച് സംസാരിക്കാനായിരുന്നെങ്കൽ മെമറീസ് ഓഫ് എ മെഷീൻ വരെ കാത്തിരിക്കേണ്ട കാര്യമൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കാൻ ഗവേഷണം വേണ്ട. അഭിപ്രായപ്രകടനങ്ങളുടെ ഭാഷയിൽത്തന്നെ എല്ലാം അടങ്ങിയിരിക്കും. നോക്കിയാൽ കാണാം. ഇക്കാരണങ്ങൾ കൊണ്ട് മെർമെയ്ഡ് പോലുള്ള സീക്വലുകൾ സ്ത്രീ സംവിധായകരുടെ ഭാഗത്തുനിന്നും ഇനിയും വരേണ്ടതുണ്ട്. പുരുഷന്മാരുടെ അനുഭവങ്ങൾ, മറ്റ് ലൈംഗിക സ്വത്വങ്ങളുടെ അനുഭവങ്ങൾ എന്നിവയെല്ലാം പല രീതിയിലും ഭാഷയിലും ഇനിയും ഒരുപാട് നാൾ പറഞ്ഞുകൊണ്ടേയിരിക്കണം. കാരണം ലൈംഗിക പീഡനത്തെക്കാളുപരി ലൈംഗികതയിലെ വൈവിധ്യത്തെപ്പറ്റിയും വിഷമതകളെപ്പറ്റിയുമുള്ള ചർച്ചയും അത് സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പറയുമ്പോഴുള്ള എതിർപ്പും എന്ന് വിഷയത്തിലേയ്ക്കാണ് മെമറീസ് ഓഫ് എ മെഷീൻ വിരൽ ചൂണ്ടുന്നത്. ഒരുപാട് ഓർമ്മകളുണ്ടാകട്ടെ.