Friday, 12 December 2014

മുംബൈ പോലീസ്: മറവിരോഗം ബാധിച്ച ലൈംഗികത അഥവാ Section 377ന് ഒരു പ്രേമലേഖനം

കിഷോര്‍ കുമാറിന്റെ വായന ഇപ്പോഴാണ് കാണുന്നത്. അതിനോട് വിയോജിക്കുകയാണോ ചെയ്യുന്നതെന്നറിയില്ല. എന്നാലും ഇത്രയും പറയാതിരിക്കാന്‍ വയ്യ. 


അദ്ദേഹത്തിന്റെ എഴുത്തില്‍ നിന്നാണ് തിരക്കഥാകൃത്തുക്കളിലൊരാള്‍ ഡോക്ടറാണെന്ന് മനസ്സിലാക്കുന്നത്. വിചിത്രമായി തോന്നുന്നു. അതേതായാലും വലിയ പ്രാധാന്യമുള്ള കാര്യമല്ല. തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ത്തന്നെ സ്വവര്‍ഗ്ഗാനുരാഗികളോട് സിനിമ നീതി പുലര്‍ത്തിയിട്ടുള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. സിനിമയില്‍ ഏറ്റവും അരോചകമായിത്തോന്നിയത് കേന്ദ്രകഥാപാത്രത്തെ സ്വവര്‍ഗ്ഗാനുരാഗിയാക്കുകയും അയാള്‍ക്ക് ഏജന്‍സി ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണ്. സിനിമയിലുടനീളം തന്റെ ലൈംഗികതയെക്കുറിച്ച് പൃഥ്വിരാജിന്റെ ടോണി ഒരക്ഷരം പറഞ്ഞിട്ടില്ല. ആകെ കാണുന്ന പ്രതികരണം സ്വന്തം കാമുകന്‍/ലൈംഗികപങ്കാളി (ഇദ്ദേഹത്തിന് ഇതര ബന്ധങ്ങളുണ്ടെന്നോ അതിന് താല്‍പര്യമുണ്ടെന്നോ സൂചനകളുണ്ട് സിനിമയില്‍. നേവല്‍ ബേസിലെ ആളുകള്‍ പങ്കെടുത്ത പാര്‍ട്ടി രംഗങ്ങളിലും മറ്റും) സെക്ഷ്വലായി സമീപിക്കുമ്പോള്‍ അഥവാ താന്‍ സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ നിമിഷം ഉണ്ടാകുന്ന ഭയപ്പാടും അറപ്പുമാണ്. ഇതാണോ ഒരു സ്വവര്‍ഗ്ഗാനുരാഗിയുടെ കഥ അര്‍ഹിക്കുന്ന സമീപനം? തിരക്കഥയുടെ വിരുതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പേനയുന്തുമ്പോള്‍ ആര്‍ക്കുവേണ്ടിയാണ് ഡയലോഗുകള്‍ എഴുതപ്പെടുന്നതെന്നുള്ളതും ശ്രദ്ധിക്കണമല്ലോ. നഗ്നത പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ സിനിമയില്‍ പ്രത്യേകിച്ച് റോളൊന്നുമില്ലാത്തതുമായ പെണ്‍കഥാപാത്രങ്ങള്‍ ബോളിവുഡിലാണ് ഏറ്റവും കൂടുതല്‍ എന്നൊരു പഠനം ഈയടുത്ത് കണ്ടിരുന്നു. തോന്നിയതാണോ എന്നറിയില്ല. തെറ്റാവാന്‍ സാദ്ധ്യതയില്ല ഏതായാലും. :)

മുംബൈ പോലീസില്‍ കാണുന്ന ഈ വായ്മൂടിക്കെട്ടലിന്റെ ആദ്യ പടിയാണ് അഭൂതപൂര്‍വ്വമായ ഒരു അമ്നീഷ്യ. ആക്സിഡന്റിന് ശേഷം കഥാപാത്രത്തിന് പോലീസ് ട്രെയിനിങ്ങിന്റെ ഭാഗമായി ലഭിച്ച? സംഘട്ടനം നടത്താനറിയാം. (നമ്മുടെ പോലീസുകാര്‍ക്ക് ഇങ്ങനെയെല്ലാം ചെയ്യാനറിയുമോ എന്നാണ് എന്റെ പ്രാഥമിക സംശയം. അതുപിന്നെ മുന്‍വിധിയായി തള്ളിക്കളയാമെന്ന് വയ്ക്കാം.) തന്റെ ദിനചര്യ (ഡിസ്ചാര്‍ജായി ഒട്ടും വൈകാതെ വര്‍ക്ക് ഔട്ട് ചെയ്ത് തുടങ്ങുന്നു.) സിഗരറ്റ് വലി എന്ന അഡിക്ഷന്‍ അറിയാം. സുഡോകു സോള്‍വ് ചെയ്യാനറിയാം. എന്നാല്‍ ജനിച്ചപ്പോള്‍ വന്ന് വീണ സ്വന്തം ലൈംഗികത അദ്ദേഹത്തിനറിയില്ല. ആളുകളെ, കാമുകന്മാരെ എല്ലാം മറക്കുന്നത് മനസ്സിലാക്കാം. എന്നാലിത്തരത്തിലൊരു ഡീറ്റെയ്ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് തിരക്കഥാകൃത്തുക്കളാണെന്നതില്‍ സംശയമില്ലല്ലോ. അമ്നേഷ്യ ബാധിച്ച ഒരു സ്വവര്‍ഗ്ഗാനുരാഗിയെ ലോകത്തിലൊരിടത്തും അവര്‍ക്ക് കണ്ടെത്താനായില്ല എന്നവര്‍ തന്നെ പറയുന്നു. അപ്പോള്‍ ചോദ്യം ചെയ്യേണ്ടത് അമ്നേഷ്യ ബാധിച്ചതിനുശേഷം നമ്മള്‍ കാണുന്ന കഥയെയല്ല. ആ മറവിരോഗത്തില്‍ വിസ്മരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ലൈംഗികത എന്ന വസ്തുതയെത്തന്നെയാണ്. എന്തിനായിരുന്നു ഇത്?

ഇത് സമൂഹത്തിന്റെ സമീപനം തന്നെയാണ്. Heterosexuality യാണ് norm എന്നിരിക്കെ ഇതര ലൈംഗികതകളെല്ലാം അസാധാരണമാണെന്നും അതിനാല്‍ത്തന്നെ വിസ്മരിക്കപ്പെടേണ്ടതാണെന്നുമുള്ളത് heterosexual ലോകത്തിന്റെ ആവശ്യമാണ്. ഒരു സ്വവര്‍ഗ്ഗാനുരാഗി തന്റെ ലൈംഗികത വെളിപ്പെടുത്തുമ്പോള്‍ (coming out എന്നാണ് ഇംഗ്ലീഷില്‍. ഇരുട്ടുമൂടിയ ഇടങ്ങളില്‍ നിന്ന്. ക്ലോസറ്റ്, കബേര്‍ഡുകളില്‍ നിന്ന് പുറത്തുവരികയാണെന്ന് തോന്നിപ്പിക്കുന്നു) സ്വന്തം കുടുംബക്കാര്‍ അത് അസംഭവ്യമാണെന്ന് കരുതുകയും ഒരു 'സാധാരണ മനുഷ്യനാ'ക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍മാരെ സമീപിക്കുന്നതും സാധാരണമാണ്. എതിര്‍ലിംഗത്തിലുള്ള ഒരാളെ കല്യാണം കഴിച്ചതിനും വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരത്തില്‍ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവരുന്നവരെ സൃഷ്ടിക്കുന്നത് ഇതേ മനോഭാവമാണ്. ഇതിന് തുടര്‍ച്ചയായി എടുത്തു പറയേണ്ടതും അത്യധികം ഭീതിജനകമായി എനിക്കനുഭവപ്പെട്ടതുമായ ഒരു പ്രവണത ചിത്രത്തില്‍ കാണാന്‍ സാധിക്കും.
ജയസൂര്യയുടെ കഥാപാത്രം പൃഥ്വിരാജിന്റെ ലൈംഗികതയെക്കുറിച്ച് മനസ്സിലാക്കുന്ന രംഗത്തില്‍ അയാള്‍ പറയുന്ന വാചകം 'next time, close the door' എന്നാണ്. ശരിയായി ഓര്‍മ്മ കിട്ടുന്നില്ലെങ്കിലും Page 3 യിലോ Life in a Metro എന്ന സിനിമയിലോ കൊങ്കണ സെന്നിന്റെ കഥാപാത്രം ഇതേ വാചകം പറയുന്നുണ്ട്. ഇത് യാദൃശ്ചികമെന്ന് തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. കാരണം സമാനമായ ഒരു സാഹചര്യത്തിലാണ് അവരിത് പറയുന്നത്. സ്വന്തം കാമുകനെന്ന് വിചാരിച്ചിരുന്നയാള്‍/സുഹൃത്ത് സ്വവര്‍ഗ്ഗ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതിന് സാക്ഷ്യം വഹിച്ചതിനുശേഷം. അതെ. സെക്ഷന്‍ 377 സുപ്രീം കോടതിക്കും മുമ്പ് സിനിമകളിലൂടെ നടപ്പിലാക്കുകയായിരുന്നു നമ്മുടെ പൊതുബോധം. അടച്ചിട്ട മുറികള്‍ക്കും ഇരുട്ടുമൂലകള്‍ക്കും അവകാശപ്പെട്ട സ്വവര്‍ഗ്ഗരതിയെ അബദ്ധത്തില്‍പ്പോലും ഹെറ്ററോസെക്ഷ്വല്‍സ് എന്ന അധികാരികള്‍ക്കുമുമ്പില്‍ തുറന്നുകാണിക്കാന്‍ ഇടവരുത്തരുത് എന്നാണാജ്ഞ!
തുടര്‍ന്ന് ജയസൂര്യ ഒരു ശരാശരി ഹോമോഫോബിക്കിനെപ്പോലെയാണ് സംസാരിക്കുന്നത്. അയാളുടെ ആരോപണങ്ങള്‍ അത്യുച്ചത്തില്‍ തിരക്കഥയില്‍ എടുത്തുനില്‍ക്കുന്നു. തിയറ്ററില്‍ റിലീസ് ചെയ്യാനുദ്ദേശിച്ച് നിര്‍മ്മിക്കപ്പെടുന്ന സിനിമകളെല്ലാം തന്നെ പ്രേക്ഷകരുടെ വികാരങ്ങളെയും മാനിച്ചുകൊണ്ടാണ് ഏറിയപങ്കും വിഭാവനം ചെയ്യപ്പെടുന്നതെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ. സ്ത്രൈണതയുള്ള സ്വവര്‍ഗ്ഗാനുരാഗി എന്നും പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയാണ്. ലൈംഗികത വ്യക്തമാക്കിയില്ലെങ്കില്‍പ്പോലും സ്ത്രൈണതയുള്ള പുരുഷനായി എപ്പോഴും അവതരിക്കുന്ന ഫാഷന്‍ ഡിസൈനര്‍, മേക്കപ് പേര്‍സണ്‍ എന്നീ പരിചിത റോളുകള്‍ ഈ ആവശ്യത്തിന് മാത്രമായി കാണാം പല സിനിമകളിലും. ഋതുവില്‍ ആസിഫ് അലി-വിനയ് ഫോര്‍ട്ട് കൊച്ചി രംഗങ്ങളും ഇത്തരത്തിലുള്ളതായിരുന്നു. ആ നിലയ്ക്ക് പ്രവര്‍ത്തിക്കുന്നതാണ് പൃഥ്വിരാജിന്റെ സ്വവര്‍ഗ്ഗ പ്രേമ രംഗങ്ങളും. ഇയാളുടെ ലൈംഗികപങ്കാളിയെ ചിത്രീകരിച്ചിരിക്കുന്ന രീതി ഇതിനുതകുന്നതാണ്. നായകനായ പൃഥ്വിരാജിനെ ഇത്തരത്തില്‍ രചിക്കുക സാദ്ധ്യമല്ലല്ലോ. മുഴുനീള ചിരിപ്പടമായല്ല മുംബൈ പോലീസ് മാറേണ്ടതെന്ന് തിരക്കഥാകൃത്തുക്കള്‍ക്ക് അറിയാം. കോമിക് റിലീഫായി സ്ത്രൈണതയുള്ള ഗേ കുത്തിത്തിരുകുമ്പോള്‍ 'പൌരുഷ'മുള്ള ആണായി പൃഥ്വിരാജ് നായകസ്ഥാനത്ത് പരിഹാസ്യനാകാതെ നിലനില്‍ക്കുന്നു. എന്നാല്‍ സൂചനകള്‍ക്കപ്പുറം സ്വന്തം ലൈംഗികത സ്ഥിതീകരിക്കപ്പെടുന്നതോടെ ഇതേ പൌരുഷം ജയസൂര്യ പരിഹസിക്കുന്നു. അതിന്റെ ഇല്ലായ്മയെ മറികക്കാനുള്ള തന്ത്രങ്ങളായിരുന്നു കാക്കിക്കുപ്പായവും അയാളുടെ നിഷേധവും ക്രൂരതയുമെല്ലാം എന്ന് പറഞ്ഞ് ലൈംഗികവേഴ്ചയ്ക്കായുള്ള പ്രതിഫലമായി വച്ചു നീട്ടിയ ധീരത മെഡല്‍ തനിക്കാവശ്യമില്ലെന്നും തീര്‍ത്തുപറയുന്നു. ഇത്തരത്തില്‍ ആരോപണങ്ങളുന്നയിച്ച് ക്രുദ്ധനായി ഇറങ്ങിപ്പോകുന്ന സീനിലാണ് ജയസൂര്യയെ പ്രേക്ഷകര്‍ അവസാനമായി കാണുന്നത്.
അപ്പോള്‍ തന്റെ തെറ്റ് തിരിച്ചറിഞ്ഞ് ജയസൂര്യ നടത്തുന്ന ക്ഷമാപണമോ? മൊബൈല്‍ സ്ക്രീനിലെ ജയസൂര്യ ഒരു രഹസ്യമായി തിരക്കഥയില്‍ ഒതുങ്ങുന്നു. സൌഹൃദം നിലനിര്‍ത്തണമെന്ന് ആഗ്രഹമുള്ള ഈ ജയസൂര്യ പ്രസംഗം പുറംലോകം കേള്‍ക്കുന്നതിനുമുമ്പുതന്നെ കൊല്ലപ്പെടുന്നു. അത് ചെയ്യുന്നതാകട്ടെ പൃഥ്വിരാജും. സമര്‍ത്ഥമെന്ന് പറയാതെ വയ്യ. സ്വവര്‍ഗ്ഗാനുരാഗിയെക്കൊണ്ടുതന്നെ ഈ കുറ്റകൃത്യം നടത്തുന്നത് പുരുഷാധിപത്യം സ്ത്രീകളെക്കൊണ്ട് സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നതിനു തുല്യമാണ്. അത്രമേല്‍ ക്ലേശകരമാകുന്നു അതില്‍ നിന്നുള്ള വിടുതല്‍.
ആദ്യമായി ഒരു സ്വവര്‍ഗ്ഗാനുരാഗിയെ നായകനാക്കുമ്പോള്‍ അയാളുടെ നായകസ്ഥാനം തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്നതായി മുംബൈ പോലീസില്‍ കാണാം. നായകനായിരുന്ന പൃഥ്വിരാജ് കൊലയാളിയും ടൈറ്റിലായ 'മുംബൈ പോലീസ്' എന്ന സൌഹൃദസംഘത്തിലെ വില്ലനുമായിത്തീരുമ്പോള്‍ എല്ലാം ശുഭം. പ്രേക്ഷകര്‍ സന്തുഷ്ടരാണ്. മലയാളസിനിമയും.