Showing posts with label ഫെമിനിസം. Show all posts
Showing posts with label ഫെമിനിസം. Show all posts

Tuesday, 31 July 2018

സമരമുഖത്തിലെ സ്ത്രീവേഷങ്ങൾ | കുഞ്ഞില



പലപ്പോഴും ഞാൻ ആലോചിച്ചിട്ടുള്ള കാര്യമാണ് താലപ്പൊലിക്ക് സ്ത്രീകളെ അണിനിരത്തുന്ന വിചിത്രമായ ആചാരം എന്തിനുള്ളതാണെന്ന്.ഒരുങ്ങുകഎന്ന വാക്കുക തന്നെ പരിഹസിക്കാനോ ദേഷ്യം പിടിക്കാനോ ആണ് ആണത്തം ഉപയോഗിക്കുന്നത്. മീറ്റിങ്ങുകൾക്ക് പോകാൻ നിൽക്കുന്ന ഭർത്താവും അതിനു വേണ്ടി ഒരിക്കലും ഒരുങ്ങിത്തീരാത്ത സ്ത്രീയും സിനിമകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു വാർപ്പുമാതൃകയാണല്ലോ. അങ്ങനെയായിരിക്കുമ്പോൾത്തന്നെ ആൺകാഴ്ചയ്ക്കുവേണ്ടി, അതിന്റെ സുഖം, സംതൃപ്തി എന്നിവയ്ക്കുവേണ്ടി സ്ത്രീകൾഒരുങ്ങുകഎന്നത് സ്വീകാര്യമാണ് താനും. ഭർത്താവിന്റെ മേലുദ്യോഗസ്ഥനുവേണ്ടി അല്ലെങ്കിൽ ഓഫീസ് പാർട്ടിക്ക് വേണ്ടിയൊക്കെ ഒരുങ്ങുന്ന സ്ത്രീകൾ ഭർത്താക്കന്മാരുടെ അഭിമാനമാണ് സിനിമകളിൽ. ഓർമ്മയില്ലേ ഒരുക്കം കഴിഞ്ഞ സ്ത്രീകളെ ഭർത്താവിനോ കാമുകനോ മുന്നിൽ അവതരിപ്പിക്കാനായി മാത്രമുള്ള, മിക്കവാറും പടിയിറങ്ങിവരുന്നതായുള്ള, ഷോട്ടുകൾ?

ഈ സാഹചര്യത്തിലാണ് വസ്ത്രധാരണത്തിലെ രാഷ്ട്രീയം അല്ലെങ്കിൽ ആരുടെ കാഴ്ചയ്ക്ക് വേണ്ടിയുള്ളതാണ് സ്ത്രീയുടെ വസ്ത്രധാരണം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്ന് കരുതുന്നു.

നമുക്ക് ചർച്ച ആണുങ്ങളിലേയ്ക്ക് തിരിച്ചാലോ?

സ്ത്രീകളുടെ വസ്ത്രധാരണം, അതിലെ അവരുടെ സ്വാതന്ത്ര്യം, അതിന്റെ ഇല്ലായ്മ എന്നിവയെക്കുറിച്ച് പറയുമ്പോൾ ആദ്യം ആൺനോട്ടങ്ങളിലേയ്ക്ക് പോകാം. കാരണം പൊതു ഇടം എന്നാൽ പ്രധാനമായും ആണിടവും ആൺകാഴ്ചയുമാണ്. സ്ത്രീയുടെ എല്ലാ തീരുമാനങ്ങളിലും തനിക്ക് അവകാശമുണ്ട് എന്ന് വിചാരിക്കുന്ന ആണത്തം അത് വസ്ത്രധാരണത്തിന്റെ കാര്യത്തിലും പിന്തുടരുന്നുണ്ട്. പൊതു ഇടങ്ങളിൽ മൂന്ന് തരം ആൺകാഴ്ചകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒന്ന്, സ്വന്തം അഭിരുചിക്ക് രസിക്കാത്ത, എന്നുവെച്ചാൽ സ്ത്രീയുടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ കാണിക്കാം, പാടില്ല എന്ന സ്വന്തം ധാരണയ്ക്ക് ചേരാത്ത വിധത്തിൽ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന പുരുഷൻ. ഉദാഹരണത്തിന് ക്ലീവേജ് അഥവാ മുലയിടുക്ക് കാണുന്നു എന്നത് സ്ത്രീയ്ക്ക് യോജിച്ചതല്ല എന്ന് ഉറച്ച് വിശ്വസിക്കുന്ന പുരുഷൻ അത്തരത്തിൽ വസ്ത്രം ധരിച്ച സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്നു, കമന്റ് പാസ്സാക്കുന്നു, ലൈംഗികമായി ഉപദ്രവിക്കുന്നു. ഇവയെല്ലാം അധിക്ഷേപിക്കാനുള്ള പലതരം മാർഗ്ഗങ്ങളാണ്. ലക്ഷ്യം ഒന്നു തന്നെ. നിയമം ലംഘിച്ച ഒരുമ്പെട്ടവൾക്ക് തക്കതായ ശിക്ഷ കൊടുക്കുന്ന ആണത്തം. ഈ ആണത്തത്തിൽ പലപ്പോഴും സ്ത്രീകളും പങ്ക് ചേരാറുണ്ട്.

രണ്ടാമതായി കാണാൻ കഴിയുക ഒന്നാമത്തെ കൂട്ടം ആണുങ്ങൾ മേൽപറഞ്ഞ രീതിയിൽ പെരുമാറുമല്ലോ എന്ന സ്വന്തം ആവലാതി പരിഹരിക്കാൻ കഴിയാത്തതിനാൽ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ അസന്തുഷ്ടനായ ആണത്തം. ഉദാഹരണത്തിന് കുട്ടിപ്പാവടയിട്ട സ്ത്രീയെ അധിക്ഷേപിക്കും വിധത്തിൽ നോക്കുന്ന ആണുങ്ങളെ കണ്ട്, ഇത്തരത്തിൽ ആണുങ്ങൾ പെരുമാറും എന്നറിഞ്ഞിട്ടും ഇങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് എന്തിനാണ് സ്ത്രീകൾ ഇറങ്ങിനടക്കുന്നത് എന്ന് ദേഷ്യപ്പെടുന്ന ആളുകൾ.

ഇതേ ആവലാതി മൂലം സ്വന്തം മക്കളുടെ വസ്ത്രധാരണത്തിന് നിബന്ധനകൾ വയ്ക്കുന്ന മാതാപിതാക്കളുമുണ്ട്. പുരുഷാധിപത്യസമൂഹത്തിൽ സ്നേഹിക്കുന്നവരെ സംരക്ഷിക്കാൻ നടത്തുന്ന ചെറിയ അരാഷ്ട്രീയമായ യുദ്ധങ്ങളായാണ് ഞാൻ അവയെ കാണുന്നത്.  

പിന്നെയുള്ളത് ആണത്തം സ്ത്രീകൾക്കായി കൽപിച്ചു നൽകിയിട്ടുള്ള വസ്ത്രധാരണനിയമങ്ങളെ ലംഘിക്കുന്ന സ്ത്രീകളെ ആഘോഷിക്കുന്ന ആണത്തമാണ്. ഇക്കൂട്ടർക്ക് സ്ത്രീകൾ നിയമങ്ങളെ ലംഘിക്കുമ്പോൾ അതീവ സന്തോഷമാണ്. അത്തരം സ്ത്രീകളോട് ആദരവാണ്. ഇതിൽ ചിലർക്ക് സ്വന്തം ഭാര്യയോ കാമുകിയോ ഇത്തരത്തിൽ തന്റേടത്തോടെ തീരുമാനങ്ങളെടുക്കുന്നതും അവ പ്രദർശിപ്പിക്കുന്നതും വളരെ ഇഷ്ടമാണ്. അതിൽ അഹങ്കരിക്കാറുമുണ്ട്. സോഷ്യൽ മീഡിയ കാലത്ത് വളരെ എളുപ്പത്തിൽ ഇത്തരത്തിൽ കുറെ ആൺ പ്രൊഫൈലുകൾ കാണാൻ കഴിയും. പരിചയത്തിലുള്ള സ്ത്രീകൾ കുട്ടിക്കുപ്പായമിട്ട ഫോട്ടോകൾ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ആണത്തം.

ഒന്നും രണ്ടും വിഭാഗത്തിൽപ്പെട്ടവർ എത്രത്തോളം അപകടകാരികളാണോ. അത്രത്തോളം അപകടകാരികളാണ് ലിബറൽ, പുരോഗമനവാദക്കാർ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന മൂന്നാത്തെ കൂട്ടം എന്ന് ഞാൻ കരുതുന്നു.

ഈ മനോഭാവത്തെ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും തുറന്നു കാണിക്കുകയും ചെയ്യേണ്ടത് ഒരു സ്ത്രീപക്ഷ ആവശ്യമാണ്. പ്രത്യേകിച്ച് പല തരം പ്രതിഷേധപരിപാടികളും നടക്കുന്ന, വളരെ ചെറിയ പ്രായത്തിൽത്തന്നെ ആക്ടിവിസത്തിലേയ്ക്ക് കടക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്.

ചുംബനസമരം

ചരിത്രപ്രാധാന്യമർഹിക്കുന്ന ഈ സമരം വിജയിച്ചത് ഇതിലെ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആണുങ്ങൾ പ്രതിഷേധകസൂചകമായി പരസ്പരം ഉമ്മവെച്ചാൽ വരാതിരിക്കുന്ന എന്ത് വിപ്ലവമാണ് സ്ത്രീകൾ ഉമ്മവയ്ക്കാൻ വന്നതോടെ ഉണ്ടായത് എന്ന് അതുകൊണ്ടാണ് ആലോചിക്കേണ്ടതായി വരുന്നത്.

കോഴിക്കോട്ടെ ചുംബനസമരത്തിൽ അറസ്റ്റിലായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്നത് ഇവിടെ വെളിപ്പെടുത്തണം എന്ന് കരുതുന്നു. ഞാൻ ഒരു സ്ത്രീയെയാണ് ചുംബിച്ചത്. കോഴിക്കോട് പുതിയബസ്റ്റാന്റ് വെച്ച് നടന്ന ഈ ചുംബനം ചുറ്റും കൂടിയ ആണുങ്ങൾ ആർപ്പ് വിളിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകൾ തമ്മിലുള്ള ചുംബനവും ലൈംഗികക്രീഡകളും ആണുങ്ങൾക്ക് ഇപ്പോഴും ഫാന്റസിയാണ് എന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം ഇവിടെ കാണാതെപോകരുത്. ചുംബനത്തെ ലൈംഗികതയുമായി കൂട്ടിക്കെട്ടിയവർ തന്നെയാണ് അന്നും ഇന്നും കേരളത്തിലെ ചുംബനസമര കാഴ്ചക്കാർ എന്നും ഓർക്കണം.

തീർച്ചയായും സ്ത്രീകൾ സ്വകാര്യതയിൽ ചെയ്തിരുന്ന, അവരുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു കാര്യം പരസ്യമായും ചെയ്യുന്നു എന്ന വിശ്വാസമാണ് ആ സമരത്തിന്റെ വിജയത്തിനും അതുയർത്തിയ പ്രതിഷേധങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും അടച്ചമുറിക്കുള്ളിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുനിരത്തിൽ ചെയ്യരുത് എന്നാണല്ലോ സമരത്തെക്കുറിച്ച് വിപ്ലവപ്പാർട്ടിയുടെ പിണറായി വിജയനും പറഞ്ഞത്. പറഞ്ഞു വന്നത് ചുംബനസമരത്തിൽ നിന്ന് ഈയിടെ ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയയിൽ ചെയ്തുകണ്ട മാറ് തുറക്കൽ സമരം വരെ സ്ത്രീകളുടെ പങ്കാളിത്തം മാത്രം ആശ്രയിച്ച് നിലകൊണ്ടവയാണ്.

സത്യത്തിൽ സ്ത്രീകളുടെ പങ്കാളിത്തമുള്ളതുകൊണ്ട് മാത്രമാണ് ഈ സമരങ്ങളിലെല്ലാം തന്നെ ലൈംഗികത കടന്നുവരുന്നത്. കാരണം സ്ത്രീശരീരത്തെ ലൈംഗികമായല്ലാതെ സമീപിക്കാൻ സമൂഹം നാളിത്രയായിട്ടും പഠിച്ചിട്ടല്ല എന്നതുതന്നെ.

നഗ്നമുലകൾ ആരുടേത്

ഇവിടെയാണ്  നേരത്തെ പറഞ്ഞ മൂന്നാമത്തെ ഗണത്തിൽപ്പെടുന്ന ആണത്തം കടന്നുവരുന്നത്. ഈ ആണത്തത്തിന്റെ സംതൃപ്തിക്ക് (അതിന് ആഗ്രഹിച്ചില്ലെങ്കിൽപ്പോലും) കാരണമാകുന്നുവെന്നതുകൊണ്ടാണ് മാറ് തുറക്കൽ എന്ന സമരമുറയാകട്ടെ, സോഷ്യൽ മീഡിയയിൽ വളരെ ചെറിയ പ്രായത്തിൽത്തന്നെ (പ്രത്യേകിച്ച് 18-25 വയസ്സ് ) ലൈംഗികതയെക്കുറിച്ചെഴുതുന്നവരാകട്ടെ, ലൈംഗികതയുമായി ബന്ധപ്പെട്ട സ്വന്തം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നവരാകട്ടെ, ഇവരെ അഭിനന്ദിക്കാനും ആഘോഷിക്കാനും ഒരു കൂട്ടം ആണുങ്ങൾ ഏത് സമയത്തും തയ്യാറായി നിൽക്കുന്നത്.

ശ്രദ്ധിക്കണം പെണ്ണുങ്ങൾ ഇവയെല്ലാം ചെയ്യുന്നത് എന്ത് ലക്ഷ്യം വെച്ചാണെന്നുള്ളതുമായി ഇക്കൂട്ടരുടെ ഐക്യദാർഢ്യവുമായി യാതൊരു ബന്ധവുമില്ല. ഉദാഹരണത്തിന് പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടി കുട്ടിപ്പാവാടയിട്ട് ഫോട്ടോ പരസ്യപ്പെടുത്തി എന്ന് വയ്ക്കുക. സ്വന്തം ക്ലാസ്സിൽ കുട്ടിപ്പാവാടകളിടുന്ന സ്ത്രീകൾ ആരുടെകൂടെയും കിടക്കുന്നവരാണെന്ന് ഒരു അധ്യാപകൻ പറഞ്ഞതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് അത് ചെയ്തതെന്ന് വയ്ക്കുക. ഈ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ട് പ്രസംഗം നടത്തുന്ന ആണത്തത്തിൽ ഭൂരിഭാഗം പേരും സ്ത്രീശരീരത്തിന്റെ വസ്തുവത്കരണത്തെ അനുകൂലിച്ച് കൊണ്ടാണ് അത് ചെയ്യുന്നത് എന്നുള്ളതാണ് സത്യം. അത് പ്രത്യയശാസ്ത്രമല്ല, ഇനി ആണെങ്കിൽത്തന്നെ അത് പുരുഷമേധാവിത്വം എന്ന പ്രത്യയശാസ്ത്രം മാത്രംമാണ് മുന്നോട്ട് വയ്ക്കുന്നത്. എങ്ങനെയന്നല്ലേ.

വസ്ത്രം ഉപേക്ഷിച്ച് മാറിടം തുറന്നുകാണിച്ച് സ്ത്രീകളായാലും, കാമുകനോടൊപ്പമുള്ളതോ അല്ലാത്തതോ ആയ അർദ്ധനഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുന്നവരായാലും ആണത്തം എപ്പോഴും പിന്താങ്ങുന്നത് യുവതികളെയാണ്. സുന്ദരികളെയാണ്. സ്വന്തം ഭാര്യമാരെയോ കാമുകിമാരെയോ ഇത്തരത്തിൽ പിന്താങ്ങുന്ന ആണത്തവും വ്യത്യസ്തമല്ല. ഭാര്യമാരും യുവതികളാണ്. ചിലപ്പോൾ മോഡലുകളാണ്. സത്യത്തിൽ ഈ സമരമുറകൾ രൂപകൽപന ചെയ്തിരിക്കുന്നതുതന്നെ ഇതേ ആണത്തത്തിലൂന്നിയാണ്.

ചുക്കിച്ചുളിഞ്ഞ ശരീരമുള്ള സ്വന്തം അമ്മമാരുടെ അർദ്ധനഗ്നമോ നഗ്നമോ ആയ ഫോട്ടോകൾ ആണുങ്ങൾ പ്രോൽസാഹിപ്പിച്ച് ഞാനിതുവരെ കണ്ടിട്ടില്ല. അമ്മ ബിക്കിനിയിട്ടു. ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ ഫോട്ടോകൾ ആൺമക്കളുടെ ടൈംലൈനുകളിൽ തെളിയാറില്ല. എന്തിന് പല രാജ്യങ്ങളിലും നടന്നിട്ടുള്ളതായ, സ്ട്രെച്ച് മാർക്കുകളുള്ള നഗ്ന സ്ത്രീശരീരങ്ങൾ അല്ലെങ്കിൽ തീയേറ്റ് പൊള്ളിയതിനാൽ വിരൂപംഎന്ന് ഇതേ ആണത്തം കരുതുന്ന ശരീരങ്ങൾ, വാർദ്ധക്യത്തിലെ നഗ്നത എന്നിവയൊന്നും മലയാളി ആണത്തം സ്വന്തം വീടുകളിലോ ആക്ടിവിസത്തിലോ എഴുന്നള്ളിച്ച് കണ്ടിട്ടില്ല. നേരത്തെ പറഞ്ഞ ഉമ്മസമരത്തിൽത്തന്നെ യുവതികളുള്ള ചുംബന ഫോട്ടോകളാണ് മാധ്യമങ്ങളും സോഷ്യൽ മാധ്യമങ്ങളും ആഘോഷിച്ചത്. മധ്യവയസ്കരായുള്ളവരും പങ്കെടുത്തിരുന്നുവെങ്കിലും അവരുടേത് ആഘോഷിക്കപ്പെട്ട ചുംബനങ്ങളായിരുന്നില്ല. വൃദ്ധർ പങ്കെടുത്തതായി അറിവുമില്ല.

സോഷ്യൽ മീഡിയയിൽത്തന്നെ കുട്ടിക്കുപ്പായമിടുമ്പോൾ തെറി വിളി കേൾക്കേണ്ടതായി വരുന്ന സ്ത്രീകളുമുണ്ട്. തടിച്ച ശരീരമുള്ളവർ, കറുത്തവർ എന്നിവർ ദിവസേന അവഹേളിക്കപ്പെടുന്നു. നമ്മുടെ സിനിമകളിലെ ഇത്തരം പ്രവണതകൾ മീമുകളായി വരുന്നത് സോഷ്യൽ മീഡിയയിൽത്തന്നെയാണല്ലോ. (ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.)

ചിത്രം 1. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ രൂപം മൂലം അധിക്ഷേപിക്കപ്പെടുന്ന ഒരു സ്ത്രീ കഥാപാത്രം. ഇവർ പിന്നീട് ഓൺലൈനിൽ മീമുകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.


നഗ്നത എന്നത് ആൺ നോട്ടത്തെ അലോസരപ്പെടുത്താത്തതായിരിക്കുമ്പോൾ മാത്രമേ പിന്തുണയ്ക്കപ്പെടുന്നുള്ളു എന്നർത്ഥം. അലോസരപ്പെടുത്താതിരുന്നാൽ മാത്രം പോര, സുഖിപ്പിക്കുകയും വേണം എന്നിടത്താണ് അതിലെ ഹിംസ സുവ്യക്തമാകുന്നത്.

ആഘോഷിക്കപ്പെടുന്ന വസ്ത്രങ്ങൾ

എപ്പോഴും കൂടുതൽ നഗ്നത കാണിക്കുന്ന വസ്ത്രങ്ങൾ ആണത്തം ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീകളുടെ നോട്ടവും ആൺ നോട്ടവും വേർതിരിച്ച് തന്നെ കാണേണ്ടതായി വരും. ചെറിയ നിക്കറി (ഷോർട്ട്സ്) ട്ടു എന്ന കാരണത്താൽ ഒരു സ്ത്രീ അധിക്ഷേപിക്കപ്പെട്ടു എന്ന സാഹചര്യത്തിൽ മറ്റൊരു സ്ത്രീ പ്രതിഷേധസൂചകമായി ചെറിയ നിക്കറിട്ട് നിരത്തിലിറങ്ങാം എന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നു എന്ന് കരുതുക. ഇതിനെ സ്ത്രീകൾ പിന്തുണയ്ക്കുന്നതും ആണത്തം പിന്തുണയ്ക്കുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ഒരു സ്ത്രീ ഈ പ്രതിഷേധ പരിപാടിയെ പിന്തുണയ്ക്കുന്നു. എന്നാൽ അവർ സ്വയം ഷോർട്ട്സ് ധരിച്ച് നിരത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ല. അതിനുംകൂടിയുള്ള സ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് ആൺകൂട്ടങ്ങൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവരുടെ ഫെമിനിസം പലപ്പോഴും എത്രത്തോളം ചെറിയ നിക്കറിട്ട സ്ത്രീശരീരങ്ങളെ നിരത്തിലിറക്കാം എന്നതുമാത്രമാണ്. കാരണം വീട്ടിലിരുന്നോ ജോലിക്കിടയിലോ സ്ത്രീശരീരത്തിന്റെ മുകളിൽ ആണധികാരം കാണിക്കുന്ന ഹിംസയെക്കുറിച്ച് ലേഖനം എഴുതുന്ന സ്ത്രീയേക്കാൾ, ഹിജാബ് ധരിച്ച് സ്ത്രീകളുടെ അവകാശത്തെപ്പറ്റി സംസാരിക്കുന്ന സ്ത്രീയേക്കാൾ, ഓട്ടോറിക്ഷയോടിക്കാനുള്ള തന്റെ അവകാശത്തിനുവേണ്ടി പൊരുതുന്ന സ്ത്രീയേക്കാൾ എന്തുകൊണ്ടും അവർക്ക്  പ്രിയം, കാണാവുന്ന, തൊട്ടടുത്ത വീട്ടിലെയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കുന്നതാണ്. ആ ബിക്കിനികളും നിക്കറുകളും തുറന്ന മുലകളുമാണ് വിറ്റ് പോകുന്നത്’.

ശരീരം പ്രദർശിപ്പിക്കാതെയുള്ള ഫെമിനിസം ഫെമിനിസമല്ല എന്ന അപകടകരവും അത്യന്തം സ്ത്രീവിരുദ്ധവുമായ ആശയം പോലും ഈ ആൺപിന്തുണ മുന്നോട്ട് വയ്ക്കുകയാണ് ചെയ്യുന്നത്. ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത, ശരീരം മുഴുവൻ പാടുകളുള്ള, പൊള്ളിയ ഒരു സ്ത്രീയ്ക്ക് പിന്തുണ ലഭിക്കാത്ത, എന്തിന് നിക്കറോ ബിക്കിനിയോ ഇടാൻ താത്പര്യപ്പെടാത്ത സ്ത്രീകൾക്ക് പിന്തുണ ലഭിക്കാത്ത സമരങ്ങൾ സ്ത്രീപക്ഷമാകുന്നതെങ്ങനെ?

അപ്പോൾ സമരമുഖത്തിലെ സ്ത്രീകൾ പിരിഞ്ഞ് പോകണമെന്നാണോ? ഇഷ്ടമുള്ള രീതിയിൽ പ്രതിഷേധിക്കാൻ പാടില്ലെന്നാണോ? ഇപ്പറഞ്ഞതനുസരിച്ച് ഒരു സ്ത്രീ ഇഷ്ടമുള്ള വസ്ത്രമിട്ട് നടക്കാനിറങ്ങിയാലും അത് ശരീരം പ്രദർശിപ്പിക്കുന്നതാണെങ്കിൽ അത് ആൺ നോട്ടങ്ങൾക്കുവേണ്ടി മാത്രമുള്ളതായിത്തീരുകയാണ് എന്നാണോ?

അല്ല. മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ച് വസ്ത്രധാരണത്തിന്റെ രാഷ്ട്രീയവും മാറുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണരീതി അവർ തീരുമാനിക്കുന്നതെന്തായാലും, അതിന് അതിന്റേതായ നിലനിൽപാണുള്ളത്. അവിടെ അതിനുള്ള രാഷ്ട്രീയവും സ്വന്തമായാണ് നിലനിൽക്കുന്നത്. എന്നാൽ ഈ വസ്ത്രധാരണരീതികൾ ആൺനോട്ടങ്ങളിലൂടെ സ്ത്രീവാദവുമായി ബന്ധിപ്പിക്കുമ്പോഴാണ് പ്രശ്നം.

സെറ്റ് സാരിയുടുത്താൽ തിരുവാതിരക്കളിയും താലപ്പൊലിയുമാണ് ചേരുക എന്നത് ആൺവായനയാണ്. അതുടുത്തുകൊണ്ട് തെങ്ങ് കയറുകയാണ് പെണ്ണുങ്ങൾക്കിഷ്ടമെങ്കിൽ അങ്ങനെയായിരിക്കണം. സെറ്റ് സാരിയുടുക്കേണ്ട ദിവസം പർദ്ദയിട്ടുകൊണ്ട് വരരുത് എന്ന് ഉത്തരവിറങ്ങിയാൽ ബിക്കിനിയിട്ടുകൊണ്ടല്ല, പർദ്ദയിട്ടുകൊണ്ടാണ് നിരത്തിലിറങ്ങേണ്ടത്. അതേസമയം പർദ്ദയിടാൻ മനസ്സില്ല എന്ന് പറയുന്ന പെണ്ണിനോട് എന്നാൽ ബിക്കിനിയിട്ട് സമരം ചെയ്യൂ എന്ന് പറയുന്ന ആണത്തത്തെ ചെറുക്കേണ്ടതുണ്ട്.

ബിക്കിനിയിട്ട സ്ത്രീയെ ആക്രമിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിരത്തിലിറങ്ങുമ്പോൾ ബിക്കിനി ഇട്ടുകൊണ്ടാകണം എന്നത് സ്ത്രീവാദമല്ല, അത് പുരുഷാധിപത്യമാണ്. വിനായകൻ എന്ന ദളിത് യുവാവിനെ മുടി നീട്ടി വളർത്തി എന്ന് പറഞ്ഞ പോലീസിനെതിരെ ശബ്ദമുയർത്താൻ ആണുങ്ങളെല്ലാം മുടിനീട്ടണം എന്നല്ല സമരങ്ങൾ പറഞ്ഞത്. ദളിത് വിരുദ്ധതയാണ് വിനായകനെ കൊന്നത് എന്നും അതിനെതിരെയാണ് സമരം എന്നും നമുക്കറിയാം. സ്ത്രീയുടെ ശരീരത്തിനുനേരെയുണ്ടാകുന്ന ആക്രമണം സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും മൂലമാണ്. ഒരു സ്ത്രീയുടെ വസ്ത്രം പോലും അതിനോടാണ് മല്ലിടുന്നത് എന്നതാണ് സത്യം.

ഈ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് സംഘടിത മാസികയിലാണ്.

Wednesday, 25 April 2012

ഞാൻ ആരുടെയും പെങ്ങളല്ല



നാലാമിടത്തില്‍ ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ച് കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് കാര്യമായ രോഷമൊന്നും തോന്നിയില്ല. അല്ലെങ്കില്‍ ഫെമിനിസ്റ് തത്വങ്ങളെ അപഹസിക്കുന്ന എഴുത്തുകള്‍ കാണുമ്പോള്‍ സാധാരണയായി തിളയ്ക്കാറുള്ള ചോര തിളച്ചില്ല. പക്ഷെ വല്ലാതെ വിഷമം വന്നു. കാരണം ഇതൊരു പെണ്ണെഴുത്താണ്. ആണുങ്ങള്‍ ആന്റി ഫെമിനിസ്റ് എഴുത്തുകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് പെണ്ണുങ്ങള്‍ തന്നെ അങ്ങനെ ചെയ്യുമ്പോഴുണ്ടാകുക.
ഇതിനോട് ചേര്‍ന്ന് ഈയടുത്തുണ്ടായ ഒരു സംഭവം പറയട്ടെ. കഴിഞ്ഞ ആഴ്ചയാണ് അടുപ്പിച്ച് രണ്ട് ദിവസങ്ങളില്‍ വളരെ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രണ്ട് മെസേജുകള്‍ എന്റെ ഫേസ്ബുക് ഇന്‍ബോക്സില്‍ വന്നത്. അത് കിട്ടിയ മുറയ്ക്ക് സ്ക്രീന്‍ ഷോട്ടാക്കി എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സിനിമാ പാരഡിസോ ക്ലബ് എന്നു പറഞ്ഞ അയ്യായിരത്തില്‍പരം അംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ എന്റെ ആ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യപ്പെടുകയും അതിനടിയില്‍ എന്നെ (എന്നെയും എന്റെ അമ്മയെയും സുഹൃത്തുക്കളെയും കാമുകനെയും ജീവിച്ചിരിപ്പില്ലാത്ത തന്തയെയും ജനിച്ചിട്ടേ ഇല്ലാത്ത ആങ്ങളയെയും) കൂട്ടമായി തെറിവിളിക്കുകയും തുരുതുരെ ഹേറ്റ് സ്പീച്ചുകള്‍ പടച്ചുവിടുകയും ചെയ്തു, പലരും. അടുത്തതായി ഇവളിതിനെപ്പറ്റി വല്ലോടത്തും കേറി എഴുതും എന്നും ആരോ പരിഹസിച്ചിരുന്നു. ഏതായാലും അവരുടെ തെറി വിളിയെപ്പറ്റി എനിക്ക് കാര്യമായൊന്നും പറയാനില്ല. അതൊക്കെ നിയമത്തിന്റെ വഴികളില്‍ നടത്തേണ്ട സമരങ്ങള്‍. പക്ഷെ അവരുടെ പ്രധാന പ്രശ്നം ഫെമിനിസ്റ് എന്ന വാക്കിനോടും ഫെമിനിസം എന്ന പ്രത്യയശാസ്ത്രത്തോടുമാണ്. അതിനെപ്പറ്റിയും അതിന് അനുബന്ധമെന്ന രീതിയില്‍ മാത്രം ഞാന്‍ കാണുന്ന നേരത്തെ പറഞ്ഞ ലേഖനത്തെക്കുറിച്ചും ഞാന്‍ പറയും. കമന്റെന്നോ മറുകുറിപ്പെന്നോ വിളിച്ചോളൂ. ഇത് ഒരു വലിയ പ്രശ്നം തന്നെയാണ്.
ഫെമിനിസം എന്നു പറയുമ്പോള്‍ മിക്കവര്‍ക്കും ഒരു ഇന്‍സ്റന്റ് കലിപ്പ് വരാനുണ്ട്. എന്താണത്. മെയ്ല്‍ ഷോവനിസം എന്നു പറയുമ്പോഴതില്ല. (ഫെമിനിസത്തിന്റെ ഓപ്പസിറ്റ് മെയ്ല്‍ ഷോവനിസം ആണെന്നല്ല. ഫെമിനിസം എതിര്‍ക്കുന്ന ഒരു സംഗതി എന്ന നിലയ്ക്ക്). ഇപ്പൊ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്കുപോലും മറ്റേ പാര്‍ട്ടിയുടെ പേര് പറഞ്ഞാല്‍ ഈ വിദ്വേഷമില്ല. എഥീസ്റാണെന്ന് പറഞ്ഞാല്‍ ഏറ്റവും വലിയ വിശ്വാസിക്കും ഇത്തരത്തില്‍ ഹാലിളകില്ല. ഫെമിനിസത്തിന്റെ ‘ഫ’ പക്ഷെ വല്ലാത്തൊരു ‘ഫ’ ആണ്. അതിന്റെ ഭാവി ‘ഫാവി’യാണ്. അതിന്റെ വക്താക്കള്‍ കാമവെറിയത്തികളും പ്രണയബന്ധം തകര്‍ന്ന് ആണ്‍ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സദാ ശ്രമിക്കും. എല്ലാം കണ്ടില്ലെന്ന് നടിക്കണം. അല്ലെങ്കില്‍ തെറി പറഞ്ഞോടിക്കണം. അങ്ങനെയൊക്കെയാണ് കാഴ്ചപ്പാടുകളുടെ കാടുകയറ്റം. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സിജി സുരേന്ദ്രന്റെ കുറിപ്പ് വായിക്കുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ വളരെ അര്‍ഥവത്താണ്. ഫെമിനിസ്റ് എന്നു പറഞ്ഞാല്‍ സ്ലീവ്ലെസ് ബ്ലൌസിട്ട സുകുമാരിയെത്തന്നെയാണ് ഇന്നും മിക്കവര്‍ക്കും മനസ്സില്‍ വരിക.
അപ്പോള്‍ ആരാണ് ശരിക്കും ഫെമിനിസ്റ്. ആദ്യം തന്നെ ഇത് പറയാം. ഫെമിനിസം ഇന്റര്‍നെറ്റിനോ ഫേസ്ബുക്കിനോ 22 fk യ്ക്കോ മുമ്പും പിമ്പുമല്ല. അത് നമ്മുടെയൊക്കെ ജനനത്തിനും എത്രയോ മുമ്പാണ്. എലെയ്ന്‍ ഷുവോള്‍ട്ടര്‍ തന്റെ Towards Feminist Poetics എന്ന ലേഖനത്തില്‍ ഫെമിനിസത്തിന്റെ പരിണാമത്തെ മൂന്ന് ഘട്ടമായി തിരിക്കുന്നുണ്ട്.
ഇതില്‍ ആദ്യത്തേത് ഫസ്റ് വേവ് അഥവാ ഫെമിനിന്‍ ഫേസ് ആണ്. 1840-1880 ആണിത്. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടവും അതിന്റെ വിജയവുമൊക്കെ അടങ്ങുന്ന ഘട്ടം. ഈ ഘട്ടത്തില്‍ പെണ്ണെഴുത്തുകള്‍ ആണെഴുത്തിനെ അനുകരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ ആണ്‍ പേരില്‍ എഴുതുന്നതൊക്കെ (ജോര്‍ജ് എലിയറ്റ് പോലെ) ഈ ഘട്ടത്തിലാണ്.
അടുത്തത് സെക്കന്റ് വേവ് അഥവാ ഫെമിനിസ്റ് ഫേസ്. ഇത് 1880-1920. ഈ കാലത്തില്‍ സ്ത്രീകള്‍ ആണ്‍നിര്‍മിതികള്‍ക്കെല്ലാമെതിരെ പോരടിച്ചു. ഈ കാലത്താണ് വിദ്യാഭ്യാസം, തൊഴില്‍, കുടുംബം എന്നിടങ്ങളിലെല്ലാമുള്ള സമത്വത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങുന്നത്.
അടുത്ത ഘട്ടമാണ് ഏറ്റവും പ്രധാനം. 1920 മുതലാണ് ഈ തേഡ് വേവ് ഫെമിനിസം. ഇതിനെ ഫീമെയ്ല്‍ ഫേസ് എന്ന് ഷുവോള്‍ട്ടര്‍ വിളിക്കുന്നു. ഇത് പക്ഷെ അനുകരണത്തിലോ എതിര്‍പ്പിലോ അധിഷ്ഠിതമല്ല. കാരണം ഇതിലേത് ചെയ്യുമ്പോഴും അത് ആണ്‍ കേന്ദ്രീകൃതം തന്നെയാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു. അനുകരിക്കുമ്പോള്‍ ആണുങ്ങളെ അനുകരിക്കുന്നു. എതിര്‍ക്കുമ്പോള്‍ ആണ്‍സൃഷ്ടികളെ എതിര്‍ക്കുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ സ്വയം കണ്ടെത്തലാണ്. ഇതിന്റെ ഒരു പ്രധാന ഭാഗമാണ് എഴുത്തുകാരിയായ സ്ത്രീയെ കണ്ടെത്തുക എന്നുള്ളത്. ആണ്‍രചിത സാഹിത്യ ചരിത്രത്തിലെ വിടവുകള്‍ കണ്ടുപിടിച്ച് അവിടെ ഉണ്ടാവേണ്ടിയിരുന്ന സ്ത്രീകളെ കണ്ടുപിടിക്കുകയും അവരെ വായിക്കുകയും ചെയ്യുന്നത് ഇതില്‍ പ്രധാനമാണ്.
ഇനി നമ്മളിപ്പോള്‍ ഇപ്പറഞ്ഞവയില്‍ ഏത് ഘട്ടത്തിലാണെന്ന ചോദ്യം. പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ കുറച്ചും കൂടെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ കഴിയുമായിരുന്നു. അത് അവിടെ വന്നിട്ടുള്ള മാറ്റങ്ങള്‍ കാരണമാണ്. തെരേസയുടെ എഴുത്തിലും പറയുന്നുണ്ടല്ലോ അതിനെപ്പറ്റി. അവിടെ എന്ത് വസ്ത്രം ധരിച്ച് നടന്നാലും ആരും തുറിച്ചുനോക്കാന്‍ പോകുന്നില്ല. ഇവിടെ പക്ഷെ എന്തിട്ടാലും കേലയൊലിപ്പിച്ച് നോക്കും. എന്തിട്ടാലും പീഡിപ്പിക്കപ്പെടും. ഈ നോട്ടത്തിന്റെ കാര്യത്തില്‍ത്തുടങ്ങി പലയിടങ്ങളിലും അവിടെ പുരുഷന്മാര്‍ മാറിയിട്ടുണ്ട്. അങ്ങിനെയല്ല, മാറിയവരുടെ എണ്ണം വളരെ കൂടുതലാണ് എന്നതാണ് ശരി. അതുകൊണ്ടുതന്നെ അവിടെ പെണ്‍പ്രശ്നങ്ങള്‍ വേറെയാണ്. അപ്പോള്‍ ഫെമിനിന്‍ ഫേസിന് സാധ്യതയേറുന്നു. സ്വന്തം വ്യക്തിത്വം കണ്ടുപിടിക്കാനും അതിനെ വളര്‍ത്താവുന്ന രീതികളിലെല്ലാം വളര്‍ത്താനും അവിടെ സാഹചര്യമുണ്ട്. അതിനുള്ള സമയമുണ്ട്.
പക്ഷെ ഇവിടെ സ്ഥിതി അതല്ല. ഇവിടെ ബസ്സില്‍ ശരീരം പകുതിയും നഷ്ടപ്പെട്ടാണ് സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലേയ്ക്കെത്തുന്നതും അവിടെ ഇതിലും വലിയ മാനസിക പീഡയേല്‍ക്കുന്നതും പിന്നെ തിരിച്ച് അതേ പോലെ വീട്ടിലേയ്ക്ക് പോകുന്നതും. വീട്ടില്‍ വേറെയും ഭാരിച്ച ജോലികള്‍ (ഇത് ശമ്പളമില്ലാത്ത ഇനം). കിടപ്പറയില്‍ അവളുടെ ലൈംഗികാവയവം എന്താണെന്നറിയാത്ത പുരുഷന്‍. ഇതെല്ലാം അതിജീവിച്ചാലേ അവള്‍ക്ക് സ്വയം മനസ്സിലാക്കാനും പിന്നെ അവളെപ്പോലുള്ള മറ്റുള്ളവരെ മനസ്സിലാക്കാനും സമയമുള്ളു. എന്നിരുന്നാലും അത് നടത്തുന്നവരുമുണ്ട്. അതുകൊണ്ടാണ് ഇന്ന് പെണ്ണെഴുത്തുകള്‍ പലതും എവിടെ എങ്ങനെയൊക്കെ വിവേചനം നടക്കുന്നു എന്നും അതിന് പോംവഴിയായി എങ്ങനെ തന്റെതായ ഒരിടം ഉണ്ടാക്കിയെടുക്കാം എന്നതും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോളിവിടെ പല ആണ്‍ രചിത ടെക്സ്റുകള്‍ക്കും ഫെമിനിസ്റ് വായന ഉണ്ടാവുന്നു. ചുറ്റുമുള്ള പല ആണ്‍ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രതികരണമുണ്ടാകുന്നു.
എന്നാലതിനോടൊപ്പം തന്നെ തന്റെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടവിനോദത്തെക്കുറിച്ച് വാചാലയാകുന്നു. എനിക്ക് ഭംഗിയായിത്തോന്നുന്ന വസ്ത്രങ്ങളിതാ, ആഭരണങ്ങളിതാ, അല്ലെങ്കില്‍ എനിക്ക് ആഭരണങ്ങളിഷ്ടമേയല്ല, ഞാന്‍ വായിക്കുന്ന പുസ്തകമിതാ എന്നൊക്കെ വിളിച്ചുപറയുന്നു. പഴയ പല എഴുത്തുകാരികളേയും പുനര്‍വായിക്കുന്നു. ഇത് ഒരു ട്രാന്‍സിഷനാണ്. ഈ ട്രാന്‍സിഷന്‍ പുരോഗമിക്കുന്നതുകൊണ്ടാണ് ഭാവിയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റുന്നതും. അതുകൊണ്ട് ഫെമിനിസത്തെ നിരാകരിക്കുന്നവര്‍ നാളയെ തള്ളിപ്പറയുകയാണ്. അപ്പോഴെന്ത് സംഭവിക്കും? ദി ആര്‍ട്ടിസ്റ് എന്ന സിനിമയില്‍ കാണിക്കുന്ന പോലെ ശബ്ദമില്ലാത്ത സിനിമയില്‍നിന്ന് ശബ്ദമുള്ളതിലേയ്ക്ക് പോകുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ സംഭവിക്കും. ഏത് ചെറിയ ശബ്ദവും അതികഠിനമായി കാതുകളില്‍ മുഴങ്ങും. അതിനോട് അസഹിഷ്ണുത പുലര്‍ത്തും. പക്ഷെ ഒടുവില്‍ അത് സ്വീകരിക്കാതെ നിവൃത്തിയില്ല എന്ന് കയ്പേറിയ വഴിയേ മനസ്സിലാക്കേണ്ടി വരും. അത്രതന്നെ.
ഫെമിനിസം എന്നത് ഒരു തെറിയായാണ് ഇപ്പോളുപയോഗിക്കപ്പെടുന്നത്. അതിനു കാരണം മുകളില്‍ പറഞ്ഞവയില്‍ നിന്ന് വ്യക്തമാണ്. ഫെമിനിസം മുഴുവനായും നടപ്പായാല്‍ നാളെ കേറി മെതിയ്ക്കാന്‍ പാകത്തിന് പെണ്ണുങ്ങളെ കിട്ടില്ല. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ‘ലെജന്റും’ മേല്‍ ഷോവനിസ്റ്റുമായി തോന്നിയ പല ‘ത്തരങ്ങളും’ വിളമ്പി വളരെ പോപ്യുലറായി നടക്കുന്ന പലര്‍ക്കും ആരാധകരെ കിട്ടില്ല. അങ്ങിനെ പുരുഷന്മാരുടെ പ്രശ്നങ്ങളുടെ നിര നീണ്ടുനീണ്ടു പോകും. അപ്പോളവര്‍ ഫെമിനിസത്തെ തെറിവത്കരിക്കും. അതും പോരാഞ്ഞ് പെണ്‍വേഷങ്ങളിലും ഇതേ വാദങ്ങളുമായി അവതരിക്കും. അത്യന്തം സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആദ്യം പറഞ്ഞ ഗ്രൂപ്പില്‍ കണ്ട പലരും പെണ്‍ പേരുകളാണ് ഉപയോഗിക്കുന്നത്. തെരേസയുടെ എഴുത്ത് വായിച്ചപ്പോള്‍ എനിക്കുണ്ടായ വിഷമം എല്ലാവരിലും ഉണ്ടാക്കുന്നതിന്റെ സേഡിസ്റിക് പ്ലഷറാണ് ഇവര്‍ തേടുന്നത്. (കൂട്ടത്തില്‍ അല്ലാത്ത സാദാ പ്ലഷറും)
അതുകൊണ്ട് ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ വായിക്കുമ്പോള്‍ ഞാന്‍ അല്‍ഭുതപ്പെടുന്നു. എഴുത്തുകാരി എന്തിനെയാണ് ഭയക്കുന്നതെന്ന്. കുറെയധികം ഫെമിനിസം പറഞ്ഞ ശേഷവും ഇതുകൊണ്ടൊന്നും എന്നെ ഫെമിനിസ്റ്റെന്ന് മുദ്രകുത്തല്ലേ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ഒരു സ്വയം കലഹമാണ്. തന്റെ ഫെമിനിസ്റ് ഐഡന്റിറ്റിയെ വെറുക്കാനും അതുമൂലം ലജ്ജിക്കാനും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി അവരെ പ്രേരിപ്പിക്കുന്നു. ഇത് മാറി വരേണ്ട ഒരു അവസ്ഥ തന്നെയാണ്. കാരണം ഇങ്ങനെ പറയുമ്പോള്‍ പറഞ്ഞതെല്ലാം പാഴായിപ്പോവുകയാണുണ്ടാവുക. തന്നെത്തന്നെ കോണ്‍ട്രഡിക്റ്റ് ചെയ്യുന്ന സ്വഭാവം ഏറും. പുരുഷന്മാരെ ഞെട്ടിക്കാന്‍ പാകത്തിന് എഴുതിയിട്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല എന്നൊക്കെ പറയുന്നതിന്റെയര്‍ഥമെന്താണ്. തെരേസയുടെ എഴുത്ത് ഏതെങ്കിലും പുരുഷനെ ഞെട്ടിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണോ? പുരുഷന്മാര്‍ പോട്ടെ, ഇത് വൃദ്ധര്‍ക്കു മാത്രം അല്ലെങ്കില്‍ കുട്ടികള്‍ക്ക് മാത്രം സ്ത്രീകള്‍ക്ക് മാത്രം എന്നിങ്ങനെയാണോ ആരെങ്കിലും എഴുതാറ്. ഫെമിനിസ്റ് എഴുത്തുകള്‍ മറ്റെല്ലാ എഴുത്തുകളെയും പോലെത്തന്നെയാണ്. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ യോജിക്കും ചിലര്‍ വിയോജിക്കും. മറ്റു ചിലര്‍ ഞെട്ടും. ഞെട്ടുന്നവര്‍ ഞെട്ടുമോ ഇല്ലയോ എന്ന് എഴുതുമ്പോള്‍ ആരും ആലോചിക്കില്ല. അതിനുള്ള സമയമില്ലതന്നെ.
പല ഫെമിനിസ്റ് വിരോധികളും പറയുന്ന ഒന്നാണ് ഫെമിനിസ്റുകളുടെ ആക്റ്റിവിസം ഫേസ്ബുക് ലോഗൌട്ട് ചെയ്താല്‍ തീരുന്നതാണെന്ന്. എന്തുകൊണ്ട് നിങ്ങള്‍ പീഡിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പോകുന്നില്ല. എന്തുകൊണ്ട് നിങ്ങള്‍ ചേരികളിലേയ്ക്കിറങ്ങുന്നില്ല എന്നൊക്കെ. എപ്പോഴും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നവയെ വിസ്മരിക്കുകയാണെല്ലാവരും. ഫെമിനിസ്റായാലും കാപിറ്റലിസ്റായാലും ഓരോരുത്തരും ഓരോ രീതിയിലാണ് അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. വേറാരെയും കുറിച്ച് പറഞ്ഞ് കൊളമാക്കണ്ട എന്നുള്ളതുകൊണ്ട് എന്നെപ്പറ്റിത്തന്നെ പറയാം. പത്ത് കഴിഞ്ഞ് പ്ലസ് റ്റു കഴിഞ്ഞ് ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞു. അതുവരെ എഴുതി. ഇനി എനിക്ക് തുടര്‍ന്ന് പഠിക്കണം എന്നാണാഗ്രഹം. തുടര്‍ന്ന് പഠിക്കും. പഠിച്ചാല്‍ ജോലി വാങ്ങണം എന്നാണാഗ്രഹം. ജോലി വാങ്ങും. അപ്പോഴെല്ലാം ഞാനെഴുതും. കാരണം എഴുത്ത് എന്റെ വിദ്യാഭ്യാസ-തൊഴില്‍ജീവിതത്തിനു പുറത്തെ ജീവിതമാണ്. അതിലൂടെയാണ് ഞാന്‍ എന്റെ ഐക്യദാര്‍ഢ്യവും വിയോജിപ്പും പങ്കുവെയ്ക്കുന്നത്. എന്റെ എഴുത്തിലൂടെ ഞാന്‍ മറ്റുള്ളവരിലേയ്ക്കെത്തിക്കുന്നതിന്റെ പകുതി പോലും എനിക്ക് കിട്ടിയ ഉപദേശങ്ങള്‍ സ്വീകരിച്ചാല്‍ ചെയ്യാന്‍ സാധ്യമായിരിക്കില്ല. എത്ര പേര്‍ എഴുതുന്നു. ഒരാള്‍ തടവുകാരുടെ ജീവിതത്തെക്കുറിച്ചെഴുതിയാലുടനെ ആരെങ്കിലും രണ്ടാളെ തട്ടി ജയിലില്‍ പോയി കിടന്ന് ആത്മാര്‍ഥത തെളിയിക്കാന്‍ പറയുമോ?
ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും അനുകൂലമായി കണ്ടമാനം എഴുത്തുകളും ചര്‍ച്ചകളും നടക്കുന്നതുകൊണ്ടുതന്നെയാണ് നവമാധ്യമങ്ങളോട് ഇത്ര എതിര്‍പ്പും. ഇവ വരുന്നതിനുമുമ്പുള്ള ഫെമിനിസം മാത്രമാണ് ഫെമിനിസം എന്ന കാഴ്ചപ്പാടും അതുകൊണ്ടാണ്. വളരെ ധീരമായ ജീവിതം നയിച്ച പലരെയും പറ്റി ലേഖിക പറയുന്നുണ്ട്. പക്ഷെ അപ്പോഴും താനുംകൂടി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിനെയും കംപ്യൂട്ടറിനെയും തള്ളിപ്പറയുന്നു. ഇതൊക്കെ ഉപയോഗിക്കുന്നതിലൂടെ ആരും കഴിഞ്ഞുപോയ വിപ്ലവങ്ങളെ വിസ്മരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഈ സാധ്യതകളും കൂടി ഉപയോഗിച്ച് അവരുടെ ജീവിതം നമ്മളാല്‍ കഴിയുന്ന രീതിയില്‍ അന്വര്‍ഥമാക്കുകയാണ്. അതുകൊണ്ടാണ് വളരെ യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന തങ്ങളുടെ അമ്മമാരുടെയും അവരുടെ അമ്മമാരുടെയുമൊക്കെ തലമുറയിലെ ഫെമിനിസത്തെ ഇന്ന് പലരും പുന:പരിശോധിക്കുന്നത്.
ഞാന്‍ പറഞ്ഞല്ലോ സ്വന്തം ഫെമിനിസത്തോട് കലഹിക്കുമ്പോള്‍ വൈരുദ്ധ്യാത്മകത എഴുത്തില്‍ കടന്നുകൂടും. എഴുത്തുകാരി പറയുന്നത്, സ്വന്തം ജീവിതം ജീവിക്കുക എന്ന തത്വം നടപ്പിലാക്കിയാല്‍ ബഹുമാനം തന്നത്താന്‍ വരും എന്നാണ്. പക്ഷെ പിന്നെ പലപ്പോഴായി പുരുഷനു മുന്നില്‍ അബലയല്ല എന്ന് തോന്നിക്കാനുള്ള വഴികള്‍ പറയുന്നു.
പിന്നെ അവസാനമായി വേറൊരു പ്രധാന കാര്യംകൂടി. പല സ്ഥലങ്ങളിലും അമ്മ പെങ്ങന്മാര്‍ എന്ന പ്രയോഗം കണ്ടു. അത് ഇവിടെ മാത്രമല്ല. ഫെമിനിസത്തെ പുച്ഛിക്കുന്നവരുടെ ഇടയില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ്. അതിന്റെ അര്‍ഥമെന്താണ്? അമ്മയെയും പെങ്ങളെയും പൂജിക്കണം, എന്നാല്‍ അല്ലാത്തവരോട് തോന്ന്യോണം പെരുമാറണം എന്നോ. അല്ലെങ്കില്‍ത്തന്നെ ഈ സ്വന്തം സ്ത്രീകള്‍ ബാക്കി സ്ത്രീകള്‍ എന്നൊക്കെ പറയുന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്. ഒന്നുകില്‍ വീട്ടിനുള്ളില്‍ ഒരാണിന്റെ അല്ലെങ്കില്‍ അതല്ലാത്ത വേറൊരാണിന്റെ അങ്ങിനെയാണോ പെണ്ണിന്റെ ഐഡന്റിറ്റി?
എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്.




നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചത്. പെണ്‍മ എന്ന പംക്തിയില്‍. 










പെണ്ണും പെണ്ണിന്റെ തെറിയും


എന്റെ അഭിപ്രായത്തില്‍ സ്വന്തമായി ഭാഷയുണ്ടാക്കാന്‍ വിദ്യാഭ്യാസം ഞങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. എല്ലാവരും തെറി ഉപയോഗിക്കണമെന്നല്ല. തെറി ഉപയോഗിക്കുന്നതാണ് ഒരാളുടെ ഭാഷ എങ്കില്‍ അതാണ് എന്റെ ഭാഷ എന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ വിദ്യാഭ്യാസത്തിന് ഉത്തരവാദിത്തമുണ്ട്. ഇല്ലെങ്കില്‍ എല്ലാവരും ഒരേ ഭാഷ സംസാരിക്കുന്നവരായി മാറും. ഒരു കാര്യം ആര് പറഞ്ഞാലും ഒരുപോലെയിരിക്കും. അത് ഭയാനകമായ ഒരവസ്ഥയായാണ് എനിക്ക് തോന്നുന്നത്.

തെറി പറയുന്ന പെണ്ണ്.
ഞാന്‍ കാണുന്ന (കേള്‍ക്കുന്നതല്ല,) ആദ്യ തെറി പൂറ് എന്നതാണ്. കോഴിക്കോട് ദേശപോഷിണി വായനശാലയില്‍ നിന്ന് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങള്‍ മുറയ്ക്കെടുക്കുന്ന കാലത്ത് അതിലൊന്നിന്റെ വശങ്ങളിലെല്ലാം ആരോ ഈ വാക്ക് തുരുതുരെ കുറിച്ചിട്ടിരുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ലായിരുന്നു. അത് തെറിയാണെന്നുപോലും. ഞാന്‍ ആരോടും ചോദിക്കാനും പോയില്ല.
ഞാന്‍ പഠിച്ചത് ഒരു ഗേള്‍സ് സ്കൂളിലാണ്. എഴാം ക്ലാസ് വരെയേ ആണ്‍കുട്ടികളുള്ളൂ. അവരുള്ളപ്പഴായാലും അതിനുശേഷവും ഞങ്ങളുപയോഗിച്ചിരുന്ന തെറികള്‍ പട്ടിയും തെണ്ടിയുമൊക്കെയാണ്. അതിന്റെ തെറിഷിപ്പാകട്ടെ ഞങ്ങള്‍ തന്നെ ഉപയോഗിച്ചുയോഗിച്ചില്ലാതാക്കി.
ഇംഗ്ലിഷിലുള്ള തെറികള്‍ മിക്കതും പക്ഷെ ഞാന്‍ പ്ലസ് വണ്‍ ആയപ്പഴേയ്ക്കും പഠിച്ചുകഴിഞ്ഞിരുന്നു. വളരെ വിരളമായേ ഉപയോഗിക്കാറുള്ളു എങ്കിലും എന്താണ് ഏത് എന്നെനിക്കറിയാമായിരുന്നു. എന്നാലും മലയാളം തെറിയുടെ കാര്യത്തില്‍ ഞാന്‍ വളരെ പുറകിലായിരുന്നു. എന്നെപ്പോലെത്തന്നെയായിരുന്നു എന്റെ സഹപാഠികളും. ഇത് ഇങ്ങനെ എടുത്തുപറയുന്നത് ആണ്‍തെറിലോകവുമായി പെണ്‍തെറിലോകത്തിന് എത്രകണ്ട് വ്യത്യാസമുണ്ടെന്ന് മനസ്സിലാവാനാണ്.
ഞാന്‍ തെറികളായ തെറികള്‍ മുഴുവന്‍ പഠിക്കുന്നത് എന്റെ ആണ്‍സുഹൃത്തുക്കളുടെ അടുത്തുനിന്നാണ്. അവര്‍ അതുപയോഗിക്കുന്നതുകൊണ്ടല്ല. സ്വമേധയാ പറഞ്ഞുതന്നതുകൊണ്ട്. അത് വളരെ നന്നായി എന്നാണെനിക്കു തോന്നുന്നത്. എന്റെ തന്നെ ലൈംഗികാവയവങ്ങളെ ആണുങ്ങള്‍ എന്തെല്ലാം പേരുകളാണ് വിളിക്കുന്നതെന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. ചൊറിച്ചുമല്ലലിനെപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് ചളിപ്പായി എത്ര പ്രാവശ്യം ആരെങ്കിലും എന്നോട് 'തല മുട്ടല്ലേ' എന്ന് പറഞ്ഞിട്ടുണ്ടാവും. അപ്പഴൊക്കെ അവര്‍ ഇതാണുദ്ദേശിച്ചിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

സാധാരണ സംഭാഷണത്തിലും തെറി ഉപയോഗിക്കുന്ന ആണ്‍സുഹൃത്തുക്കളുണ്ടായതോടെയാണ് മലയാളം തെറി ഉപയോഗിക്കാന്‍ ഞാനും തുടങ്ങിയത്. അത് വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. സുഹൃത്തുക്കളുടെ അടുത്തുനിന്നാണ് 'പോടീ പട്ടീ' എന്ന് വിളിക്കാന്‍ ഞാന്‍ പഠിച്ചത്. അതുപോലെത്തന്നെ സുഹൃത്തുക്കളുടെ അടുത്തുനിന്നുതന്നെ 'എനിക്ക് മൈരാണ്' എന്ന് പറയാനും പഠിച്ചു. അതെല്ലാം പിന്നെ എന്റെ സംസാരത്തിന്റെ ഭാഗമായി.
ഇനി ഇങ്ങനെയല്ലാതെയും തെറി ഉപയോഗിക്കുന്നവരുണ്ട്. ആണുങ്ങളുടെ കുത്തകയെന്ന് പറയപ്പെടുന്ന പദങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതിനെതിരെയുള്ള പ്രതികരണം എന്ന രീതിയില്‍ സംഭാഷണത്തില്‍ മനഃപൂര്‍വം തെറി ഉപയോഗിക്കുന്നവരുണ്ട്. അത് വളരെ awkward ആയി തോന്നിയേക്കാം. പക്ഷെ അതിലെന്തെങ്കിലും തകരാറുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇത്രയും നാള്‍ നിങ്ങള്‍ തീരുമാനിച്ചു, എപ്പോള്‍ ഏത് തെറി ഉപയോഗിക്കണമെന്ന്; ഇനി ഞങ്ങള്‍ കുറച്ച് പണിയട്ടെ എന്ന് മാത്രമേ ഈ ഉപയോഗം പറയുന്നുള്ളു.
തെറിയിലെ ഈ ആണ്‍കോയ്മ കാരണം നേരെ ചൊവ്വേ ഒന്ന് തെറി പറയാന്‍ മടിക്കുന്നവര്‍ പലരുണ്ട്. ഞാന്‍ പറഞ്ഞ സമയം ശരിയാണോ, ഈ അവസരത്തില്‍ ഈ തെറി തന്നെയാണോ ഉപയോഗിക്കേണ്ടത് എന്നും മറ്റും ആലോചിച്ചു തല പുണ്ണാക്കുന്നവര്‍. ഇതൊരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ഞാന്‍ എപ്പോള്‍ എന്തു പറയുന്നോ, അപ്പോളാണതിന്റെ സമയം.ബ്രിട്ടിഷുകാര്‍ നമ്മടെ 'ഫണ്ണി ഇംഗ്ലീഷ്' കൌതുകത്തോടെ നോക്കുന്നതുപോലെയാണ് ആണുങ്ങള്‍ തെറി പറയുന്ന പെണ്ണിനെ നോക്കിക്കാണുന്നത്. ഈയടുത്ത് 'വെറുതെ ഫോണിലേയ്ക്ക് വിളിച്ച് ആരോ ശല്യം ചെയ്യുന്നു നീ ഒന്ന് സംസാരിക്ക്' എന്ന് പറഞ്ഞ് അവളുടെ ഫോണ്‍ എന്റെ കയ്യില്‍ തന്നു, സുഹൃത്ത്. ആദ്യമൊക്കെ ഞങ്ങളിരു കൂട്ടരും സഭ്യമായ രീതിയില്‍ കാര്യഗൌരവമായി സംസാരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍നിന്ന് അത്ര സുഖകരമല്ലാത്ത സംസാരം. ഞാന്‍ 'നായിന്റെ മോനേ' എന്ന് വിളിച്ചേയുള്ളു. അപ്പഴേയ്ക്കും അവിടെ ആര്‍പ്പുവിളിയാണ്. 'ലൌഡ്‌സ്പീക്കറിലിടെടാ' എന്ന് ആക്രോശം. പെണ്ണ് തെറി പറയുന്നത് ആഘോഷിക്കുകയാണവര്‍.
സിഗരെറ്റ് വലിക്കുന്നവളും കള്ള് കുടിക്കുന്നവളുമെല്ലാം ശ്രമിച്ചാല്‍ ഒരു വട്ടം കൂടെ ശയിക്കും എന്ന നിലപാടുള്ളവര്‍ക്ക് അതുപോലെത്തന്നെയാണ് തെറിപറയുന്നവളും. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായി അവര്‍ കരുതുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഫ്രീ സെക്സ് ആണെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് പോരുന്നോ കൂടെ എന്ന് ചോദിക്കാന്‍ തോന്നുന്നത്. അതിനി കാലമേറെക്കഴിഞ്ഞാലും മാറില്ല.
പക്ഷെ ഇടങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകളില്‍ ഒരു മാറ്റം സംഭവിച്ചുതുടങ്ങുന്നുണ്ട്. അത് നിഷേധിക്കുക സാധ്യമല്ല. അതില്‍ തെറിയും ഒരു പങ്ക് വഹിക്കുന്നുണ്ടെന്നുതന്നെ ഞാന്‍ പറയും.
തെറി അറിയുന്നത് വളരെ പ്രധാനമാണ്. ആണ്‍സദസ്സുകളില്‍ അര്‍ഥം വെച്ചുള്ള പറച്ചിലുകള്‍ മനസ്സിലാക്കിയില്ലെങ്കില്‍ പെണ്ണിന്റെ 'വിഡ്ഢിത്തം' അവര്‍ പിന്നെയും ആഘോഷിക്കും. അതിന് തെറി ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്‍ പോലും തെറി പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്.
'ഞാന്‍ നിങ്ങള്‍ക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു' എന്ന സമാഹാരത്തില്‍ 'തെറിവാക്കുകള്‍' എന്ന ലേഖനത്തില്‍ എസ് ശാരദക്കുട്ടി ഇങ്ങനെ എഴുതുന്നു:
'തെറിയെക്കാളെല്ലാം എത്രയോ അധഃപ്പതിച്ചുപോയതാണ് നമ്മുടെ പൊതുബോധവും സാംസ്കാരിക അടിത്തറയുമെന്നറിയാവുന്നതുകൊണ്ട് ഭരണിപ്പാട്ടും പൂരപ്പാട്ടുമൊക്കെ വളരെ സമചിത്തതയോടെ കേള്‍ക്കാന്‍കഴിയുന്ന ഒരവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹം. വാക്കുകളേക്കാള്‍ എത്രയോ ആഴത്തിലാണ് അശ്ലീലം, രാഷ്ട്രീയവും സാംസ്കാരികവുമായ അര്‍ഥതലങ്ങളില്‍ അതിന്റെ വേരുകള്‍ പടര്‍ത്തിയിരിക്കുന്നത്!... പുതിയ കാലത്തിന്റെ സ്ത്രീകളോ... സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദമാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ആത്മവിശ്വാസവും മനോബലവുമുള്ള ആണ്‍സുഹൃത്തുക്കളെ കണ്ടെത്തുകയും അവരിലെ പുരുഷസഹജമായ ഈഗോയെ നിര്‍ദയം മറികടക്കുകയും ചെയ്യുന്നു. അവരോടൊത്ത് ഒരുമിച്ച് അശ്ലീല ഫലിതങ്ങള്‍ പങ്കുവെയ്ക്കുന്നു. ചൊറിച്ചുമല്ലുന്നു. ആധിപത്യമോ അടിമത്വമോ ഇല്ലാത്ത സ്വതന്ത്ര ലോകങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ കാലത്തിന്റെ സ്ത്രീകളെയും വരും കാലത്തിന്റെ പെണ്‍കുട്ടികളെയും ഇനി നിങ്ങള്‍ക്ക് തെറി പറഞ്ഞ് കുടിയിരുത്താനാവില്ല. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തുവരുന്ന ആനന്ദമാര്‍ഗികളാണവര്‍. ലൈംഗികതയെ അവര്‍ ഭയക്കുന്നില്ല, തെറികളെയും.'
ഇതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെറി ഉപയോഗിക്കുന്ന പെണ്ണ് അവള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വന്തമായി ഒരു രാഷ്ട്രീയം പേറുന്നതും ഇതുകൊണ്ടാണ്.
ഞാന്‍ മാത്രമല്ല, തെറി ഉപയോഗിക്കണം എന്ന് തോന്നുന്നവരൊക്കെ അതുപയോഗിക്കട്ടെ. ഈ ഫക്കും മൈരുമൊക്കെ ഇപ്പൊത്തന്നെ തെറിപ്പട്ടം നഷ്ടമായി പല്ലൊക്കെക്കൊഴിഞ്ഞിരിക്കുന്ന വാക്കുകളാണെന്നോര്‍ക്കുന്നതും നല്ലതാണ്. പിന്നെ രോഷം തീര്‍ക്കാന്‍ കണ്ടമാനം ഉപയോഗിക്കാം, അതിന്റെയൊരതിപ്രസരത്തില്‍ കുറച്ചാശ്വാസം കണ്ടെത്താം എന്നല്ലാണ്ട്...

ഇതിന്റെ വേറൊരു version ആദ്യം പ്രസിദ്ധീകരിച്ചത് malayal.am ഇല്‍ ആണ്.