Tuesday 21 October 2014

മുന്നറിയിപ്പ് ആര്‍ക്കുള്ളത്?

പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന ചിത്രം കണ്ടുകൊണ്ടിരിക്കെയും അതിന് ശേഷവും ശീര്‍ഷകത്തിന്റെ ഔചിത്യത്തെക്കുറിച്ചാ​ണ് ഏറിയപങ്കും ആലോചിച്ചത്. കഥയോ കഥയില്ലായ്മയോ പറയാനുള്ള സംവിധായകരുടെ വിരുതിനെ (ക്രാഫ്റ്റ്) വിലയിരുത്താന്‍മാത്രം ചിത്രം എന്തെങ്കിലും മുന്നോട്ട് വയ്ക്കുന്നു എന്ന് തോന്നിയില്ല. അതില്‍ത്തന്നെയും ഏറ്റവും അസഹ്യമായിത്തോന്നിയവ: പശ്ചാത്തല സംഗീതത്തിന്റെ അനൌചിത്യം ചെടിപ്പിക്കുന്നതായിരുന്നു. ചിത്രസംയോജനം പറയത്തക്ക പുതുമയൊന്നുമില്ലാത്തതും കഥ പറയുക എന്ന ദൌത്യം അതുപോലെ നിര്‍വഹിക്കുന്നതും മാത്രം. അതില്‍ത്തന്നെ നിന്ന് പുറത്തിറങ്ങുന്ന രാഘവനെ കാണിക്കുന്ന ഭാഗങ്ങള്‍ കാഴ്ചയുടെ ഗതിയെ അലോസരപ്പെടുത്തുന്ന രീതിയില്‍ ഡിസോള്‍വുകള്‍ കുത്തി നിറച്ചതായിത്തോന്നി. ജംപ് കട്ടുകള്‍ കച്ചവടസിനിമകളില്‍ പ്രയോഗിച്ച് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നര്‍ഥം. ചിലയിടങ്ങളിലെ അപര്‍ണ ഗോപിനാഥിന്റേതൊഴിച്ചാല്‍ അഭിനയവും കൃത്രിമത്വം നിറഞ്ഞത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ പകുതി ഊര്‍ജ്ജവും രാഘവന്റെ ദാര്‍ശനികതയിലേയ്ക്കായി ചിലവഴിച്ചതിനാലാകണം ഏച്ചുകെട്ടലുകളാണ് ഭൂരിഭാഗം ഇടങ്ങളും. കെ കെ യെ പരിചയപ്പെടുത്തുന്ന പാര്‍ട്ടി രംഗം അതില്‍ മുന്നിട്ട് നില്‍ക്കും. എന്നാല്‍ ശീര്‍ഷകത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.



#SPOILER ALERT# #കഥ വെളിപ്പെടുത്തുന്നു#
'മുന്നറിയിപ്പ്' ജോലി ചെയ്ത് പണം സമ്പാദിക്കുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള ഒരു മുന്നറിയിപ്പാണ്. മരണം നിങ്ങളെക്കാത്തിരിക്കുന്നു.
അതെങ്ങനെയാ​ണ്? ഒരു പത്രപ്രവര്‍ത്തകയുടെ കഥ മാത്രമല്ലേ സിനിമ പറയുന്നത്. അത് പൊതുവായുള്ള ഒരു സന്ദേശമായി എങ്ങനെ കാണാന്‍ കഴിയും? ഈ പ്രതിഭാസത്തെയാണ് ലിറ്റററി ട്രോപ്പുകള്‍ എന്ന് വിളിക്കുന്നത്. അനീറ്റ സാര്‍ക്കീസിയന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ട്രോപ്പുകള്‍ എന്നുവെച്ചാല്‍ കഥകള്‍ക്കോ കഥാപാത്രങ്ങള്‍ക്കോ പൊതുവായുള്ള ഒരു സ്വഭാവമാണ്. ഈ സ്വഭാവം വിവരം പങ്കുവയ്ക്കുന്നതായിരിക്കും. ട്രോപ്പുകള്‍ ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ക്ലീഷെയാവുന്നു. ഇത്തരം ട്രോപ്പുകള്‍ പലപ്പോഴും സ്റ്റീരിയോടൈപ്പുകള്‍ പടച്ചുവിടുകയാണ് ചെയ്യാറ്. അച്ഛനെത്തേടിയുള്ള മകന്റെ യാത്ര ഒരു ട്രോപ്പാണ്. കുഞ്ഞായിരുന്നപ്പോള്‍ വെളിപ്പെടുത്താത്തതോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ അമ്മയെ ഉപേക്ഷിച്ച് പോകുന്ന അച്ഛനെ പ്രതികാരത്തിനോ, ജിജ്ഞാസയുടെ പുറത്തോ തേടിപ്പോകുന്ന മകനെ പല ചിത്രങ്ങളിലും കാണാം. ഉദാഹരണം. ഒരു യാത്രാമൊഴി, Zindagi Na Milegi Dobara (ഫര്‍ഹാന്‍അക്തറുടെ കഥാപാത്രം). ഇനി ഈ അച്ഛന്‍ കഥാപാത്രം എപ്പോഴും ഒരു ക്രിസ്ത്യാനിയാണ് എന്ന് കരുതുക. ഇവിടെ ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പോകുന്ന ഒരു മനുഷ്യന്‍ എപ്പോഴും ഒരു മതവിഭാഗത്തില്‍നിന്നാണെന്നുള്ള (ഈ ഉദാഹരണത്തില്‍ ക്രിസ്ത്യാനി) സ്റ്റീരിയോടൈപ്പാണ് പ്രചരിപ്പിക്കുന്നത്.

മുന്നറിയിപ്പിലേയ്ക്ക്. അഞ്ജലി അറയ്ക്കല്‍ എന്ന കഥാപാത്രം ഒരു ട്രോപ്പാണ്. വീട്ടമ്മയല്ലാത്ത സ്ത്രീകളെ ചിത്രീകരിച്ച് മടുക്കുമ്പോള്‍ പുരുഷാധിപത്യത്തിന് കുറവൊട്ടുമില്ലാത്ത മലയാളം സിനിമയില്‍ പിറക്കുന്ന 'വരുമാനമാര്‍ഗമുള്ള സ്ത്രീ' എന്ന് വിളിക്കാവുന്ന ട്രോപ്. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് കൂടിയതോടെ സിനിമയില്‍ അത്തരം കഥാപാത്രങ്ങളും വന്നു. സ്ത്രീകള്‍ ജോലിക്ക് പോകുന്നത് നല്ലതല്ലെന്ന കാഴ്ചപ്പാടാണ് പുരുഷാധിപത്യമുള്ള സമൂഹത്തിന്റേത് എന്നതുകൊണ്ട് അതേ കാഴ്ചപ്പാട് ഇത്തരം കഥാപാത്രങ്ങളിലേയ്ക്കും സന്നിവേശിക്കപ്പെട്ടു. ഇതാണ് ദാരുണാന്ത്യങ്ങള്‍ നേരിടുന്ന വരുമാനമാര്‍ഗമുള്ള സ്ത്രീ എന്ന സ്റ്റീരിയോടൈപ്പിന് പിന്നില്‍. മുന്നറിയിപ്പിലെ അഞ്ജലി അറയ്ക്കലിലൂടെ അപര്‍ണ്ണ ഗോപിനാഥും ഈ വാര്‍പ്പ് മാതൃകയില്‍ കുടുങ്ങിക്കിടപ്പാണ്.

അഞ്ജലി അറയ്ക്കല്‍ എന്തുകൊണ്ട് കൊല്ലപ്പെടുന്നു?
അഞ്ജലി അറയ്ക്കല്‍ എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ കഥയായാണ് മുന്നറിയിപ്പ് തുടങ്ങുന്നത്. രാഘവന്‍ എന്ന ജയില്‍പ്പുള്ളിയില്‍ അവര്‍ക്ക് ജോലിപരമായി ഉണ്ടാകുന്ന താല്‍പര്യം അവരുടെ മരണത്തില്‍ കലാശിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. രാഘവന്‍ ഇവരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത് തന്നെ. അവസാനമായി ഇത്തരത്തില്‍ ഒരന്ത്യം കണ്ടത് ഫാണ്ട്രി എന്ന സിനിമയിലാണ്. അവിടെയും ഒരു മുന്നറിയിപ്പാണ് നടക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍. ജാതീയത സാധാരണമായ സമൂഹം എന്നും അതുപോലെ തുടരില്ലെന്നും അതില്‍നിന്നും സ്ക്രീനിലേയ്ക്ക് അല്ലെങ്കില്‍ നിശ്ശബ്ദതയിലൂടെ അതിന് കൂട്ടുനില്‍ക്കുന്ന നമുക്ക് നേരെ കല്ലെടുത്തെറിയാന്‍, ഒരു കയ്യ് എപ്പോഴും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള മുന്നറിയിപ്പ്. പക്ഷെ മമ്മൂട്ടിയുടെ കൈയ്യിലെ കമ്പിപ്പാര സമൂഹത്തിലെ ഒരു ദുര്‍വ്യവസ്ഥിതിക്കും നേരെയല്ല ഉയരുന്നത്. തൊഴിലിടത്തിലെ പെണ്ണിനുനേരെയാണ്.

ഒരു കഥയില്‍ അല്ലെങ്കില്‍ ടെക്സ്റ്റില്‍ ഒരാളെ ചിത്രീകരിക്കുമ്പോള്‍ അയാളെപ്പറ്റി നല്‍കുന്ന വിവരങ്ങളെല്ലാം അയാളുടെ ഐഡന്റിറ്റിയുടെ ഭാഗമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ അഞ്ജലിയുടെ ഐഡന്റിറ്റി പെണ്ണ്, മാധ്യമപ്രവര്‍ത്തക എന്നുള്ളതാണ്. അതുകൊണ്ട് അഞ്ജലിക്ക് സംഭവിക്കുന്നതെല്ലാം ഇപ്പറഞ്ഞ ഐഡന്റിറ്റികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ്.  ഉദാഹരണത്തിന് വിനീത് ശ്രീനിവാസന്റെ 'തിര' യില്‍ നവീന്റെ (ധ്യാന്‍ ശ്രീനിവാസന്‍) സഹോദരി സെക്സ് റാക്കറ്റിലേയ്ക്ക് തട്ടിക്കൊ​ണ്ടുപോകപ്പെടുന്നതിനും മുമ്പ് നമുക്ക് നല്‍കുന്ന വിവരങ്ങളില്‍ ഒന്ന് ആ കുട്ടി കൈയ്യില്ലാത്ത കുപ്പായമാണിട്ടിരുന്നത് എന്നാണ്. കാഴ്ചയില്‍ മാത്രമല്ല, സംഭവത്തിന് തൊട്ടുമുമ്പ് നടക്കുന്ന സഹോദരനുമായുള്ള സംഭാഷണത്തില്‍ ഇയാള്‍ ഇക്കാരണത്തിന് പെണ്‍കുട്ടിയെ ശകാരിക്കുന്നുമുണ്ട്. അങ്ങനെ സ്ലീവ്ലെസ് കുപ്പായം ധരിച്ച ഒരു പെണ്‍കുട്ടിക്കുള്ള ശിക്ഷയാണ് സെക്സ് റാക്കറ്റില്‍ അകപ്പെടുക എന്നുള്ളത് എന്ന് ചിത്രം പറയുന്നു. ഇത് കാഴ്ചക്കാരുടെ മനസ്സില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. പെണ്‍കുട്ടികള്‍ കൈയ്യില്ലാത്ത കുപ്പായമിടുന്നത് പ്രകോപനപരമാണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍, തല്‍ക്കാലം യേശുദാസ് എന്ന് വിളിക്കാം, (ഇഷ്ടപ്പെട്ട പേരുകള്‍ ഉദാഹരണങ്ങളിലെടുക്കുന്നത് ശീലമായതുകൊണ്ടാണ്) ചിത്രം കാണുന്നു. കുട്ടിയുടെ കുപ്പായത്തിന് കൈയ്യില്ല എന്ന കാര്യം ഇയാള്‍ കാണാതിരിക്കാന്‍ സാധ്യതയില്ല. എന്തെങ്കിലും കാരണം കൊ​ണ്ട് അങ്ങനെ സംഭവിച്ചാല്‍ത്തന്നെ ഫോണ്‍ സംഭാഷണം അതയാളെ ഓര്‍മിപ്പിക്കും. മനസ്സില്‍ അയാള്‍ ധ്യാന്‍ ശ്രീനിവാസനോട് യോജിക്കും. ഉടനെ പെണ്‍കുട്ടിയെ ഒരു കൂട്ടം മനുഷ്യര്‍ കാറില്‍ തട്ടിക്കൊണ്ടുപോകുന്നു. പെണ്‍കുട്ടിയോട് സഹതാപം തോന്നുമെങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്നുള്ള തോന്നല്‍ യേശുദാസിന്റെയുള്ളില്‍ പൂര്‍വാധികം ശക്തിയാര്‍ജിക്കുന്നു. ഇത്തരത്തില്‍ പത്ത് സിനിമ, നോവല്‍... ഇറങ്ങുന്നതോടെ യേശുദാസിന്റെ കാഴ്ചപ്പാടില്ലാത്തവരുടെയുള്ളിലും കൈയ്യില്ലാത്ത കുപ്പായം സമം സെക്സ് റാക്കറ്റിലകപ്പെടല്‍/ബലാല്‍സംഗം/മരണം... എന്ന സമവാക്യം പതുക്കെ രൂപം പ്രാപിക്കും.
ഇതേ രീതിയില്‍ അഞ്ജലി അറയ്ക്കലിന്റെ കൊലപാതകം ഒരു വരുമാനമാര്‍ഗമുള്ള സ്ത്രീയുടെ കൊലപാതകമാകുന്നു. ഈ ഐഡന്റിറ്റിക്ക് പുറമെ മറ്റു ചില വിവരങ്ങളും സിനിമയിലുണ്ട്.

  • അവര്‍ കാറോടിക്കുന്നുണ്ട്. (പിന്നീട് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുകയും ചെയ്യുന്നു). സത്യത്തില്‍ കാറോടിച്ചതിനുള്ള ശിക്ഷ അപ്പോള്‍ത്തന്നെ കൊടുക്കുന്നുമുണ്ട് സംവിധായകന്‍. പോലീസ് ചെക്കിങ്ങിനിടയില്‍ എസ് ഐയ്യുടെ പെരുമാറ്റത്തെക്കുറിച്ച്  'ഈ പന്നിയെന്നെ നാക്കുകൊണ്ട് റേപ് ചെയ്തില്ലെന്നേയുള്ളു' എന്നാണ് അഞ്ജലി പറയുന്നത്.  
  • കാറോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. (വീണ്ടും സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനറിയില്ല എന്ന സ്റ്റീരിയോടൈപ്പില്‍ പെടുന്നു). 
  • അവര്‍ക്ക് 'ബോയ്ഫ്രന്റ്' ഉണ്ട് (തുടക്കത്തിലെ കാറോടിക്കല്‍ സീനില്‍ കൂട്ടുകാരിയോടുള്ള ഫോണ്‍ സംഭാഷണത്തില്‍ അവര്‍ വല്ല ബോയ്ഫ്രന്റിനേം കാണാന്‍ പോകുകയാണോ എന്ന സംശയത്തിന് മറുപടിയായി കാമുകന്‍സിനെ കാണാന്‍ ആരും അങ്ങോട്ട് പോകാറില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ഇങ്ങോട്ട് വന്നുകൊള്ളും എന്നും അഞ്ജലി മറുപടി പറയുന്നു)  
  • അവര്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന സ്ത്രീയാണ്. കെ കെ (പ്രതാപ് പോത്തന്‍) യോടൊപ്പം ലിഫ്റ്റില്‍ കയറുമ്പോള്‍ സൂക്ഷിക്കണം എന്ന് പറയുന്ന കൂട്ടുകാരിയോട് (തരുണ്‍ തേജ്പാല്‍ സംഭവത്തെ മുന്‍നിര്‍ത്തി) സൂക്ഷിക്കേണ്ടത് അയാളാണെന്നും ഇല്ലെങ്കില്‍ അയാളുടെ ലിഫ്റ്റ് പൊങ്ങാതിരിക്കുകയാണുണ്ടാവുക എന്നും അഞ്ജലി പറയുന്നു.
  • അവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 
  • അവര്‍ക്ക് ആണ്‍ സുഹൃത്തുക്കളുണ്ട്. 
  • മുടി പറ്റെ വെട്ടിയിട്ടുണ്ട്. 
  • 'ചേച്ചി' എന്ന് അഭിസംബോധന ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടാത്ത ആളാണ്. 
  • പാചകം കാര്യമായിട്ടുള്ളതായി കാണുന്നില്ല. നൂഡില്‍സ് മാത്രമാണ് വീട്ടില്‍ എപ്പോഴും കഴിക്കുന്നതായി കാണുന്നത്...

അഞ്ജലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ആ രംഗത്തില്‍ത്തന്നെ ഒരു താരതമ്യവും വളരെ എളുപ്പം സംവിധായകന്‍ ചെയ്യുന്നുണ്ട്. ഫോണ്‍ വിളിക്കുന്ന കൂട്ടുകാരിയോട് എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവര്‍ 'കുട്ടികളെ നോക്കി കെട്ട്യോന്റെ പുരയിലാ'ണ് എന്ന് പറയുന്നു. 'അല്ലാണ്ടേട്യാ' എന്ന വാല്‍ക്കഷ്ണത്തിലൂടെ കൂട്ടുകാരിക്ക് ജോലിയില്ല എന്നും സൂചന. മരിക്കുന്നത് അവരല്ല, കെട്ട്യോനോ കുട്ടികളോ ഇല്ലാത്ത, വീട്ടിലല്ലാതെയും പലയിടങ്ങിളിലും എത്തിച്ചേരാനുള്ള അഞ്ജലിയാണ്. 

വിലാപങ്ങളില്ലാത്ത മരണം
സിനിമയില്‍ ഒരു കഥാപാത്രത്തിനു സംഭവിക്കുന്നതിനോടെല്ലാം കാഴ്ചക്കാര്‍ക്ക് പ്രതികര​ണമുണ്ടാകും. സാധാരണഗതിയില്‍ നായകന്‍ മരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് നോവും. വില്ലന്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ കൈയ്യടിക്കും. മുന്നറിയിപ്പിലെ നായിക മരിക്കുമ്പോള്‍ പക്ഷെ ഇത്തരത്തിലുള്ള ഒരു പ്രതികരണമല്ല ഉണ്ടാവുക. ഇത് നടപ്പിലാക്കുന്നത് നായികയെ അവതരിപ്പിക്കുന്ന രീതിയിലൂടെയാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് അഞ്ജലി ചെയ്യുന്നത് എന്നിരുന്നാലും ആ പ്രവര്‍ത്തികള്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നത്. കൊലപാതകം മാത്രമല്ല, കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോലീസ് പിടിക്കല്‍ സീനില്‍ത്തുടങ്ങി സിനിമയിലുടനീളം അവര്‍ നേരിട്ടിരുന്ന പ്രശ്നങ്ങളെല്ലാം ഇത്തരത്തില്‍ ന്യായീകരണമുള്ളതായിത്തീരുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നത്?

'സ്റ്റോറി' അഥവാ പത്രപ്രവര്‍ത്തനത്തിനുള്ള വിഷയം തേടിയുള്ള അലച്ചിലാണ് മിക്ക റിപ്പോര്‍ട്ടര്‍മാരുടേതും.വാര്‍ത്താ ചാനലിലായാലും പത്രസ്ഥാപനങ്ങളിലായാലും ഇത് അങ്ങനെത്തന്നെയാണ്. വിവിധ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ മത്സരവും സ്വാഭാവികമാണ്. അഞ്ജലിയും ഇതേ രീതിയില്‍ത്തന്നെ സ്റ്റോറിക്ക് വേണ്ടി അലയുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. ഇതിനുവേണ്ടിയാണ് അവര്‍ കെ കെ യുടെ പാര്‍ട്ടിയില്‍ പോകുന്നതും. അങ്ങനെ ലഭിച്ച ജോലിയുടെ ഭാഗമായി ജയില്‍ സന്ദര്‍ശിക്കുമ്പോഴാണ് രാഘവനെ അവര്‍ പരിചയപ്പെടുന്നത്. അയാളില്‍ അവര്‍ മറ്റൊരു സ്റ്റോറി കാണുന്നു. സാമിയുടെ (നെടുമുടി വേണു) കഥ തല്‍ക്കാലത്തേയ്ക്ക് മാറ്റിവച്ച് അവര്‍ രാഘവന്റെ സ്റ്റോറിയില്‍ വ്യാപൃതയാകുന്നു. ഇതൊന്നും എവിടെയും സംഭവിക്കാത്ത കാര്യങ്ങളേയല്ല. എന്നാല്‍ രാഘവനോടുള്ള പെരുമാറ്റത്തില്‍ അസ്വാഭാവികമാംവണ്ണം മനുഷ്യത്വമില്ലായ്മ കുത്തിനിറച്ചുകൊണ്ട് സംവിധായകന്‍ നായികയോട് വെറുപ്പ് വളര്‍ത്തുന്നു.മറ്റൊരു പത്രപ്രവര്‍ത്തക തന്നെ കാണാന്‍ വന്നിരുന്നു എന്ന രാഘവന്റെ 'നിഷ്കളങ്കമായ' വെളിപ്പെടുത്തലിനുശേഷമുള്ള അഞ്ജലിയുടെ പെരുമാറ്റം തൊട്ടങ്ങോട്ട് 'സ്റ്റോറി'ക്കുവേണ്ടിയായാലും അല്ലെങ്കിലും താല്‍പര്യം തോന്നുന്ന ഒരു വ്യക്തിയോട് മനുഷ്യര്‍ പെരുമാറുന്ന രീതിയില്ലല്ല അഞ്ജലിയുടെ പെരുമാറ്റം. അവര്‍ കാരണമില്ലാതെ അധികാരം പ്രയോഗിക്കുന്നു. സാമാന്യബുദ്ധിയുള്ള ഒരു മാധ്യപ്രവര്‍ത്തകാളും സ്വന്തം സബ്ജക്റ്റിനോട് ഇപ്രകാരം പെരുമാറില്ല. കാറിലിരിക്കുമ്പോള്‍ ഗ്ലാസ് താഴ്ത്തുന്ന രാഘവനോട് അഞ്ജലി ശുണ്ഠിയെടുക്കുന്നു. പിന്നീട് എഴുതാനായുള്ള നിര്‍ബന്ധം കൂടിക്കൂടിവരികയും ആ സമയമത്രയും രാഘവനെ തടവിലിടുകയും ചെയ്യുന്നു. ഇവരുടെ ആണ്‍ സുഹൃത്ത് രാഘവനെ കാണുന്ന ഒരേയൊരു സമയത്താകട്ടെ വളരെ മാന്യമായി പെരുമാറുന്നതായും കാണാം. (ഇയാള്‍ അഞ്ജലിക്ക് ഉപദേശവും കൊടുക്കുന്നുണ്ട് അതിനുശേഷം. ആണ്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും തുടരെത്തുടരെ ഉപദേശം സ്വീകരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്ന അഞ്ജലി പക്ഷെ ഒരു പെണ്‍ മാധ്യമപ്രവര്‍ത്തകയായ പ്രിയ ജോസഫിനെതിരാണ് തിരക്കഥയില്‍. ഇത് ജോലിപരമായ മത്സരബുദ്ധി കാരണമാണെങ്കില്‍ക്കൂടി സ്ത്രീയുടെ ഉപദേഷ്ടാക്കളും രക്ഷകര്‍ത്താക്കളുമാകുന്ന പുരുഷനും, എതിര്‍ഭാഗത്താകുന്ന സ്ത്രീയും പുരുഷാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയാണെന്നത്.) ഇങ്ങനെയെല്ലാം പെരുമാറുന്ന ഒരു സ്ത്രീക്ക് ആ ജോലിയോ സ്വന്തം ജീവന്‍ പോലുമോ അര്‍ഹതപ്പെട്ടതല്ലെന്ന കാഴ്ചപ്പാട് പ്രേക്ഷകരില്‍ കഥാകാരന്‍ വളര്‍ത്തിയെടുക്കുന്നു. അതുകൊണ്ടുതന്നെ അടിയേറ്റ് വീഴുന്ന അഞ്ജലിയോ വിമാനത്താവളത്തില്‍ അവരെ കാത്തുനില്‍ക്കുന്ന സൌഹൃദം/പ്രണയമോ (പൃഥ്വിരാജിന്റെ ഉദ്ദേശം ഇനിയും വ്യക്തമായിട്ടില്ലാത്ത 'അമേരിക്കയിലുള്ള ചാക്കോച്ചന്‍' കഥാപാത്രം) അവരുടെ അമ്മയോ ഒന്നും പ്രേക്ഷകരെ വേദനിപ്പിക്കാന്‍ വഴിയില്ല.

അഞ്ജലിയുടെ മരണം അവരര്‍ഹിക്കുന്നതായിത്തീര്‍ക്കുന്നതോടൊപ്പം ന്യായീകരിക്കപ്പെടുന്ന മറ്റ് ഗുരുതരമായ അവസരങ്ങളില്‍ ചിലത്

  • അഞ്ജലിക്ക് ഫൈന്‍ കെട്ടിക്കൊണ്ട് എസ് ഐ 'അല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് കാറിലായാലും അടുക്കളേലായാലും വര്‍ത്തമാനമൊഴിഞ്ഞൊരു നേരമില്ലല്ലോ' എന്ന് കൂട്ടിച്ചേര്‍ക്കുന്നു. അവരോട് ആ സീനിലുടനീളം അയാള്‍ വളരെ മോശമായ, അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിക്കുന്നു.  
  • 'വേറെ ഒരു പണിയുമില്ലെങ്കില്‍ ജേണലിസ്റ്റായേക്കാം എന്ന് പറഞ്ഞ് നടക്കുന്ന കുറെ പെണ്ണുങ്ങളുണ്ട്, ഇതൊക്കെ ആ വര്‍ഗ്ഗത്തില്‍പ്പെട്ടതായിരിക്കും' എന്ന് പ്രതാപ് പോത്തന്‍ അഞ്ജലിയെക്കുറിച്ച് പറയുന്നു. (കുറെ ആളുകളുണ്ട് എന്നുപോലുമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം) ‌

പ്രതാപ് പോത്തനിലൂടെ പുറത്തുവരുന്ന ഈ സ്ത്രീവിരുദ്ധത മുന്നറിയിപ്പിന്റെ സന്ദേശമായും ചേരും. ഈ ഒരു വാചകം പറയാന്‍ ഒരു സിനിമ തന്നെ ഉണ്ടാക്കേണ്ട കാര്യമില്ലായിരുന്നെന്ന് മാത്രം.