Sunday 29 April 2012

കെ പി പ്രേംകുമാറിന്റെ സൌജന്യ ഇംഗ്ലിഷ് വ്യാകരണ ക്ലാസ്സുകള്‍.


കഴിഞ്ഞ ആഴ്ചയോ മറ്റോ ഫേസ്‌ബുക്കില്‍ ഏതോ വഴി ഒരു ചിത്രം കണ്ടു. ഹൈയര്‍ സെക്കന്ററി ഇംഗ്ലിഷ് ചോദ്യപ്പേപ്പറില്‍ ഗുരുതരമായ തെറ്റുകളുണ്ട് എന്ന് പറയുന്ന ഒന്നായിരുന്നു അത്. പ്രേം കുമാര്‍ എന്ന എക്കൌണ്ടില്‍ നിന്നാണത് വന്നത്. അത് വായിച്ച് കഴിഞ്ഞപ്പോള്‍ പക്ഷെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയവര്‍ക്കല്ല മറിച്ച് മിസ്റ്റര്‍ പ്രേം കുമാറിനാണ് അത്യാവശ്യമായി ഇംഗ്ലിഷ് പരിജ്ഞാനം വേണ്ടത് എന്ന് തോന്നിപ്പോയി.
ചോദ്യപ്പേപ്പറിലെ തെറ്റുകള്‍ എടുത്തു കാണിക്കാന്‍ അദ്ദേഹമുപയോഗിച്ച ഭാഷ ചോദ്യപ്പേപ്പറിലേതിനേക്കാള്‍ മോശമായിരുന്നു. സ്വന്തം ഭാഷ മെച്ചപ്പെടുത്തണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. പക്ഷെ മറ്റുള്ളവരെ തിരുത്താന്‍ പോകുമ്പോള്‍ അതിനുള്ള യോഗ്യത സ്വയം ഒന്നാലോചിക്കേണ്ടേ. മലയാളം എഴുതുന്നത് പോലെയാണ് അധ്യാപകര്‍ ഇംഗ്ലിഷ് എഴുതുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നിട്ടോ? ആ പോസ്റ്റിലുടനീളം തനി മലയാളി ഇംഗ്ലിഷില്‍ കാര്യമില്ലാത്ത കുറെ കാര്യങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നു. ഈ പ്രേം കുമാര്‍ പിന്നെന്തിനാണ് അധ്യാപകരുടെ നെഞ്ചത്ത് കേറാന്‍ പോകുന്നത്? ആ പോസ്റ്റ് ഞാന്‍ അതിലെ വിഡ്ഢിത്തം ചൂണ്ടിക്കാണിച്ചുകൊണ്ട് ഷേര്‍ ചെയ്തു. അത് ചെയ്തതും രണ്ട് മിനുറ്റിനകം അത് പിന്‍വലിക്കപ്പെട്ടു. പക്ഷെ അത് സ്വന്തം തെറ്റ് മനസ്സിലായതുകൊണ്ടായിരുന്നില്ല എന്ന് ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് കണ്ടപ്പോള്‍ മനസ്സിലായി. കൂടുതല്‍ വിഡ്ഢിത്തങ്ങള്‍ നിറച്ച് അത് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. മിസ്റ്റര്‍ കെ.പി. പ്രേംകുമാറിന്റെ 'അപ്പോള്‍ നിങ്ങള്‍ പഠിപ്പിക്കുന്നത് മംഗ്ലീഷ് ആണ്! അല്ലേ സാര്‍?' എന്ന ലേഖനത്തില്‍ നടക്കുന്ന പരിഹാസം മുഴുവന്‍ ലേഖകന്‍ സ്വയം ഏറ്റുവാങ്ങേണ്ടതാണ്.

ലേഖനത്തിലുടനീളം കുറെ പദങ്ങള്‍ ഉപയോഗിച്ച് തനിക്ക് വലിയ ഇംഗ്ലിഷ് പരിജ്ഞാനമുണ്ട് എന്ന് കാണിക്കാന്‍ ശ്രീ കുമാര്‍ ശ്രമിക്കുന്നു. തീരെ യുക്തമല്ലാത്ത രീതിയില്‍ kerbstone english, modern usage, traditional grammar, ചോംസ്കി, ഫ്രെയര്‍, ഇല്ലിച്ച് എന്നൊക്കെ വച്ച് കാച്ചുന്നു. എന്നാല്‍ ഇതിലൊരിംഗ്ലിഷിലും പെടാത്ത പ്രേം കുമാര്‍ ഇംഗ്ലിഷില്‍ വിഡ്ഢിത്തങ്ങളായ വിഡ്ഢിത്തങ്ങള്‍ മുഴുവന്‍ പരത്തിയെഴുതുന്നു. ഏറ്റവുമവസാനം ഒരു വിനയവും. 'ആംഗലേയ വ്യാകരണത്തില്‍ അഗാധമായ അറിവുണ്ടെന്ന ഒരു തെറ്റിദ്ധാരണയും ഈ ലേഖകനില്ല' എന്ന്. അഗാധ ജ്ഞാനം പോയിട്ട് അടിസ്ഥാന പാഠങ്ങള്‍ വരെ ഇദ്ദേഹത്തിനറിവില്ല. പിന്നെയെന്തിനാണ് ഈ നാട്യം? ചില്ലറ തെറ്റുകള്‍ വരുത്തി കഞ്ഞികുടിച്ച് പോകുന്ന അധ്യാപകര്‍ക്കുനേരെ തോന്നിവാസ ആരോപണങ്ങള്‍ പടച്ചുവിട്ട് ഭാഷാജ്ഞാനിയായി ഞെളിഞ്ഞിരിക്കാന്‍ എന്തിന് ശ്രമം.

ചോദ്യപ്പേപ്പറിലെ എല്ലാ ചോദ്യത്തിനും കുമാര്‍ വക ഒന്നോ രണ്ടോ തെറ്റുണ്ടാകും. എന്നാല്‍ തെറ്റിലെ തെറ്റെന്താണെന്നോ അതിന്റെ ശരിയായ തിരുത്തെന്താണെന്നോ ഒന്നും പറയാന്‍ ലേഖകന് വയ്യ. ഇതിലപ്പടി തെറ്റാണ് കേട്ടോ എന്ന് പറഞ്ഞ് ദീര്‍ഘമായി നിശ്വസിക്കുകയും നെഞ്ചത്തടിച്ച് കരയുകയുമൊക്കെ ചെയ്യും. തെറ്റെന്താണെന്ന് ചോദിച്ചാല്‍ മറുപടിയും ഉടനെ വരും. ഇതൊക്കെ വളരെ 'സിമ്പിള'ല്ലേ. നാലാം ക്ലാസ്സ് മുതല്‍ പഠിക്കുന്ന കാര്യങ്ങള്‍ എന്ന്.

ഞാനും വളരെ സിമ്പിളായിത്തന്നെ പറയാം. ലേഖകന് a, an, the എന്ന് ഇംഗ്ലിഷില്‍ articles എന്നു വിളിക്കുന്ന സംഗതികള്‍ എങ്ങിനെ എവിടെയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രത്യേകിച്ചൊരു ധാരണയുമില്ല. ഇതിനെ സംബന്ധിച്ച് പുതിയ ചില നിയമങ്ങള്‍ നിഷ്‌പ്രയാസം പടച്ചുണ്ടാക്കി മുമ്പേലക്കങ്ങെറിഞ്ഞു തരും പണ്ഡിതശിരോമണി. ഇത് നോക്കിയാല്‍ മനസ്സിലാകും. ആറാം ചോദ്യത്തിന്റെ അവലോകനത്തില്‍ He is in the habit of writing diary. Draft the diary entry for him. ഇതില്‍ നേരത്തെ പറഞ്ഞിട്ടുള്ള he യുടെ ഡയറിയിലെ ആ പറഞ്ഞ ദിവസത്തെ എന്റ്രിയാണ് എഴുതേണ്ടത്. തീര്‍ച്ചയായും draft the diary entry തന്നെയാണ് ശരി. പക്ഷെ ശ്രീ കുമാറിനത് ബോധിക്കില്ല. 'draft a diary entry എന്നല്ലേ പാടുള്ളൂ. എന്താ ചെയ്യാ!' എന്ന് ദീര്‍ഘമായി നിശ്വസിക്കുകയാണ് അദ്ദേഹം.





പിന്നെ വാചകങ്ങള്‍ ഭംഗിയായി മാറ്റി എഴുതുക എന്ന പേരില്‍ ഗുമസ്തര്‍ക്കു പ്രിയപ്പെട്ട ചില പ്രയോഗങ്ങളില്‍ അത് വീണ്ടുമെഴുതിത്തരും ശ്രീ കുമാര്‍. ഈ യുക്തി വച്ചാണ് ഒരു കുഴപ്പവുമില്ലാതിരുന്ന The seminar is to be conducted according to the given programme chart എന്ന വാചകം 'The seminar is to be conducted as per the programme given below' എന്നിദ്ദേഹം തിരുത്തുന്നത്. ഏഴാമത്തെ ചോദ്യത്തിലെ കുമാര്‍-പിശകിലേയ്ക്ക് വരാം. 'Examine the diagram and make comparative study of the popularity enjoyed by various programmes' ഇതില്‍ ആകെയുള്ള പ്രശ്നം article വിട്ടുപോയി എന്നതാണ് make a comparative study എന്നു വേണം. ഒരു article ന്റെ കുറവുണ്ട് എന്ന് ശ്രീ കുമാറിന് മനസ്സിലായിട്ടുണ്ട്, ഭാഗ്യം. പക്ഷെ നാലാം ക്ലാസ്സ് മുതല്‍ ആ പാഠം പഠിക്കാന്‍ തുടങ്ങിയതാണെങ്കിലും ഏതാണ് ആ article എന്ന് പറയാനറിയില്ല അദ്ദേഹത്തിന്. അതൊക്കെ വളരെ ലളിതമായതുകൊണ്ടായിരിക്കണം. പക്ഷെ Compare the popularity enjoyed by various programmes എന്ന് ആ വാചകം മാറ്റി എഴുതിയാല്‍ ഭംഗിയായേനെ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. നിങ്ങള്‍ വെറുതെ compare ചെയ്തോളൂ. പക്ഷെ ചോദ്യമുണ്ടാക്കിയവര്‍ക്ക് അതല്ല വേണ്ടത് ഹേ. അവര്‍ക്ക് ഒരു താരതമ്യ പഠനമാണാവശ്യം. അതിന് നിങ്ങള് കിടന്ന് തുള്ളിയിട്ട് വല്ല കാര്യവുമുണ്ടോ.

പൊതുവായ ചില കാര്യങ്ങള്‍ ഇടയ്ക്കിടെ വിളമ്പിവയ്ക്കും. ഗോപാലകൃഷ്ണന്‍ ഡോക്ടര്‍ എന്നത് മലയാളമാണ്, ഡോ. ഗോപാലകൃഷ്ണന്‍ എന്നതാണ് ഇംഗ്ലിഷ് എന്നൊക്കെ. ഇതിനെയൊക്കെയാണ് ലേഖകന്‍ Indish എന്ന് വിളിക്കുന്നത്.



വീണ്ടുമൊരു ചോദ്യത്തില്‍ ശുദ്ധ അസംബന്ധം നാണമില്ലാതെ വിളമ്പുകയാണ് ലേഖകന്‍. traditional grammar എന്നൊക്കെ വലിയ കാര്യത്തില്‍ വച്ചടിക്കുന്നുണ്ട്. traditional grammar പ്രകാരമായിരിക്കും നേരത്തെ ആര്‍ട്ടിക്കിള്‍സ് വച്ച് കുറെ കസറത്ത് കാണിച്ചത്. 'Write the instructions he might give the officials.' എന്നു പോരാ, Write the instructions he might give to the officials എന്നു വേണമത്രേ. ആഹാ. അതെപ്പത്തൊട്ടാണ്? Modern usage ില്‍ മാത്രമാണ് give the officials എന്നത് ശരിയാകുക പോലും. ഏത് യൂസേജിലും give the officials ശരിയാണ്. ഇനി ലേഖകനായിട്ട് വേറെ വല്ല യൂസേജും ഉണ്ടാക്കിയാലേ ഉള്ളൂ.

 
അത് കുറച്ച് കടന്നുപോയില്ലേ എന്ന് തോന്നിയാല്‍ തെറ്റി. പാസിവ് വോയ്സിന്റെ അര്‍ഥം ആക്റ്റിവ് വോയ്സിന്റെ നേരെ വിപരീതമായിരിക്കും. ഓഹോ. അതുപ്രകാരം Rama killed Ravana എന്ന് ആക്റ്റിവ് വോയ്സ് Ravana was killed by Rama എന്ന പാസിവ് വോയ്സ് ആക്കിയാല്‍ ചത്തവന്‍ മാറിപ്പോകണമല്ലോ. The school has decided എന്നത്  the school has been decided എന്നെഴുതിയാലും പ്രശ്നമില്ല എന്നാണ് MA BEd SET വിഗഗ്ദ്ധരുടെ അഭിപ്രായം എന്ന് പരിഹസിക്കുന്ന ലേഖകന് പക്ഷെ ഇത്തരം രഹസ്യവിവരങ്ങള്‍ മാത്രമേ തരാനുള്ളു.  ലേഖനം മുഴുവന്‍ ഇത്തരത്തില്‍ ലഭിച്ച രഹസ്യവിവരങ്ങളില്‍ അധിഷ്ഠിതമാണ്. അതും പോട്ടെ തെറ്റ് തിരുത്താന്‍ കുട്ടികളോട് പറയുന്ന് ഈ ചോദ്യത്തില്‍ ലേഖകന്റെ വക വേറൊരു തെറ്റും കൂടെയുണ്ട്. The school is decided to... എന്നത് തിരുത്തി the school has decided എന്നാക്കുകയാണല്ലോ സാധാരണ കുട്ടികള്‍ ചെയ്യുക. എന്നാല്‍ ശ്രീ പ്രേം കുമാര്‍ സ്കൂളില്‍ പഠിച്ചവര്‍ The യെ ഹോമിക്കും. School has decided എന്നെഴുതും. ആര്‍ട്ടിക്കിള്‍സിനെപ്പറ്റിയുള്ള ലേഖകന്റെ ജ്ഞാനം അതിഭീകരമാണ് എന്ന് നേരത്തേ പറഞ്ഞല്ലോ. പക്ഷെ ശ്രീ കുമാറിനേതായാലും അങ്ങനെയെഴുതുന്നവര്‍ 'മിടുക്കന്മാരാണ്'. അവരുടെ ഈ ഭാഷാവൈദഗ്ദ്ധ്യം കണ്ട് അധ്യാപകര്‍ മേപ്പോട്ട് നോക്കുമത്രേ. അത് മിക്കവാറും നോക്കാന്‍ സാധ്യതയുണ്ട്.


പിന്നെ പ്രശ്നമായി പറയുന്ന വേറൊരു നിര്‍ദേശമുണ്ട്
When you select a question, all the sub-questions must be answered from the same question itself.
ഇതില്‍ ഒരു ശരികുറവുണ്ട്. സമ്മതിച്ചു. പക്ഷെ ലേഖകന്‍ പറയുന്നതുപോലെ തലകറക്കമൊന്നും വരുന്നില്ല. പരീക്ഷ എഴുതിയിട്ടുള്ളവര്‍ക്കും എസ് എസ് എല്‍ സി, പ്ലസ് റ്റു ചോദ്യപ്പേപ്പറുകള്‍ കണ്ടിട്ടുള്ളവര്‍ക്കും അതിന്റെ ഘടന അറിയാവുന്നവര്‍ക്കും അറിയാം മിക്കവാറും ചോദ്യങ്ങള്‍ക്ക് ഉപചോദ്യങ്ങളുണ്ടാകും എന്ന്. ഒരു ചോദ്യം എഴുതാന്‍ തീരുമാനിച്ചാല്‍ ആ ചോദ്യത്തിന്റെ തന്നെ ഉപചോദ്യങ്ങള്‍ക്കേ ഉത്തരം നല്‍കാവൂ അല്ലാതെ അപ്പുറത്തെ ചോദ്യത്തില്‍ നിന്ന് നല്‍കരുത് എന്നാണ് പറയുന്നത്. അതിന്റെ ഭാഷയ്ക്ക് അഭംഗിയുണ്ട്. When you select a question, all the sub-questions must be answered from the same എന്ന് മതി. ഇത് പറയാന്‍ ലേഖകന് പറ്റില്ല. പക്ഷെ എന്തോ മനസ്സിലാവാത്ത കാര്യം എഴുതി വച്ചിരിക്കുന്നല്ലോ, ഇനി വിദ്യാര്‍ഥികളെന്തു ചെയ്യും എന്നൊക്കെ വല്ലാതെ പേടി അഭിനയിക്കും.



ചുരുക്കിപ്പറഞ്ഞാല്‍ തന്റെ ഇംഗ്ലിഷ് പരിജ്ഞാനം ബഹുകേമമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ യാതൊരു യുക്തിയുമില്ലാതെ വായിട്ടടിക്കുക മാത്രമാണ് ശ്രീ പ്രേം കുമാര്‍ ചെയ്യുന്നത്. ചോംസ്കിയെയൊന്നും വായിച്ചിട്ടില്ലെങ്കിലും അപാരജ്ഞാനമൊന്നും ഇംഗ്ലിഷില്‍ അവകാശപ്പെടാനില്ലെങ്കിലും ഈ എഴുത്തിന്റെ കാപട്യം ഒറ്റ വായനയില്‍ത്തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ ഇത് മനസ്സിലാക്കാന്‍ മാധ്യമം എഡിറ്റര്‍ക്കെന്തേ കഴിഞ്ഞില്ല? അത്രയ്ക്ക് ദാരിദ്ര്യമുണ്ടോ ഇവിടെ ലേഖനങ്ങള്‍ക്ക്? ഒന്ന് ഞാന്‍ പറയാം അഞ്ച് പുറങ്ങളിലായി ഛര്‍ദിച്ചുവച്ചിരിക്കുന്ന് ഈ പ്രേം കുമാര്‍ മാലിന്യം ഇല്ലായിരുന്നെങ്കിലും ആഴ്ചപ്പതിപ്പിന് ഒന്നും പറ്റില്ലായിരുന്നു. വായനക്കാര്‍ക്ക് അനാവശ്യമായ അബദ്ധധാരണകള്‍ ഇല്ലാതിരിക്കുകയും ചെയ്യുമായിരുന്നു. ഇതിപ്പോള്‍ കുറച്ചു പേരെങ്കിലും പ്രേം കുമാര്‍ സ്കൂളിലേയ്ക്ക് മതം മാറിയിട്ടുണ്ടാകും. അവരൊക്കെ ഭാവിയില്‍ Write the instructions he might give to the officials എന്ന് കോപ്പിയെഴുതി കൈയ്യക്ഷരം നന്നാക്കുകയും ചെയ്യും. ഏത്? മേഡേണ്‍ യൂസേജിലേ.

Wednesday 25 April 2012

ഞാൻ ആരുടെയും പെങ്ങളല്ല



നാലാമിടത്തില്‍ ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ എന്ന പേരില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ച് കണ്ടിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് കാര്യമായ രോഷമൊന്നും തോന്നിയില്ല. അല്ലെങ്കില്‍ ഫെമിനിസ്റ് തത്വങ്ങളെ അപഹസിക്കുന്ന എഴുത്തുകള്‍ കാണുമ്പോള്‍ സാധാരണയായി തിളയ്ക്കാറുള്ള ചോര തിളച്ചില്ല. പക്ഷെ വല്ലാതെ വിഷമം വന്നു. കാരണം ഇതൊരു പെണ്ണെഴുത്താണ്. ആണുങ്ങള്‍ ആന്റി ഫെമിനിസ്റ് എഴുത്തുകള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ പ്രയാസമാണ് പെണ്ണുങ്ങള്‍ തന്നെ അങ്ങനെ ചെയ്യുമ്പോഴുണ്ടാകുക.
ഇതിനോട് ചേര്‍ന്ന് ഈയടുത്തുണ്ടായ ഒരു സംഭവം പറയട്ടെ. കഴിഞ്ഞ ആഴ്ചയാണ് അടുപ്പിച്ച് രണ്ട് ദിവസങ്ങളില്‍ വളരെ സ്ത്രീവിരുദ്ധമായ പ്രസ്താവനകളുമായി രണ്ട് മെസേജുകള്‍ എന്റെ ഫേസ്ബുക് ഇന്‍ബോക്സില്‍ വന്നത്. അത് കിട്ടിയ മുറയ്ക്ക് സ്ക്രീന്‍ ഷോട്ടാക്കി എല്ലാവരെയും അറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സിനിമാ പാരഡിസോ ക്ലബ് എന്നു പറഞ്ഞ അയ്യായിരത്തില്‍പരം അംഗങ്ങളുള്ള ഒരു ഗ്രൂപ്പില്‍ എന്റെ ആ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യപ്പെടുകയും അതിനടിയില്‍ എന്നെ (എന്നെയും എന്റെ അമ്മയെയും സുഹൃത്തുക്കളെയും കാമുകനെയും ജീവിച്ചിരിപ്പില്ലാത്ത തന്തയെയും ജനിച്ചിട്ടേ ഇല്ലാത്ത ആങ്ങളയെയും) കൂട്ടമായി തെറിവിളിക്കുകയും തുരുതുരെ ഹേറ്റ് സ്പീച്ചുകള്‍ പടച്ചുവിടുകയും ചെയ്തു, പലരും. അടുത്തതായി ഇവളിതിനെപ്പറ്റി വല്ലോടത്തും കേറി എഴുതും എന്നും ആരോ പരിഹസിച്ചിരുന്നു. ഏതായാലും അവരുടെ തെറി വിളിയെപ്പറ്റി എനിക്ക് കാര്യമായൊന്നും പറയാനില്ല. അതൊക്കെ നിയമത്തിന്റെ വഴികളില്‍ നടത്തേണ്ട സമരങ്ങള്‍. പക്ഷെ അവരുടെ പ്രധാന പ്രശ്നം ഫെമിനിസ്റ് എന്ന വാക്കിനോടും ഫെമിനിസം എന്ന പ്രത്യയശാസ്ത്രത്തോടുമാണ്. അതിനെപ്പറ്റിയും അതിന് അനുബന്ധമെന്ന രീതിയില്‍ മാത്രം ഞാന്‍ കാണുന്ന നേരത്തെ പറഞ്ഞ ലേഖനത്തെക്കുറിച്ചും ഞാന്‍ പറയും. കമന്റെന്നോ മറുകുറിപ്പെന്നോ വിളിച്ചോളൂ. ഇത് ഒരു വലിയ പ്രശ്നം തന്നെയാണ്.
ഫെമിനിസം എന്നു പറയുമ്പോള്‍ മിക്കവര്‍ക്കും ഒരു ഇന്‍സ്റന്റ് കലിപ്പ് വരാനുണ്ട്. എന്താണത്. മെയ്ല്‍ ഷോവനിസം എന്നു പറയുമ്പോഴതില്ല. (ഫെമിനിസത്തിന്റെ ഓപ്പസിറ്റ് മെയ്ല്‍ ഷോവനിസം ആണെന്നല്ല. ഫെമിനിസം എതിര്‍ക്കുന്ന ഒരു സംഗതി എന്ന നിലയ്ക്ക്). ഇപ്പൊ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്കുപോലും മറ്റേ പാര്‍ട്ടിയുടെ പേര് പറഞ്ഞാല്‍ ഈ വിദ്വേഷമില്ല. എഥീസ്റാണെന്ന് പറഞ്ഞാല്‍ ഏറ്റവും വലിയ വിശ്വാസിക്കും ഇത്തരത്തില്‍ ഹാലിളകില്ല. ഫെമിനിസത്തിന്റെ ‘ഫ’ പക്ഷെ വല്ലാത്തൊരു ‘ഫ’ ആണ്. അതിന്റെ ഭാവി ‘ഫാവി’യാണ്. അതിന്റെ വക്താക്കള്‍ കാമവെറിയത്തികളും പ്രണയബന്ധം തകര്‍ന്ന് ആണ്‍ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ സദാ ശ്രമിക്കും. എല്ലാം കണ്ടില്ലെന്ന് നടിക്കണം. അല്ലെങ്കില്‍ തെറി പറഞ്ഞോടിക്കണം. അങ്ങനെയൊക്കെയാണ് കാഴ്ചപ്പാടുകളുടെ കാടുകയറ്റം. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് സിജി സുരേന്ദ്രന്റെ കുറിപ്പ് വായിക്കുന്നത്. അവര്‍ പറയുന്ന കാര്യങ്ങള്‍ വളരെ അര്‍ഥവത്താണ്. ഫെമിനിസ്റ് എന്നു പറഞ്ഞാല്‍ സ്ലീവ്ലെസ് ബ്ലൌസിട്ട സുകുമാരിയെത്തന്നെയാണ് ഇന്നും മിക്കവര്‍ക്കും മനസ്സില്‍ വരിക.
അപ്പോള്‍ ആരാണ് ശരിക്കും ഫെമിനിസ്റ്. ആദ്യം തന്നെ ഇത് പറയാം. ഫെമിനിസം ഇന്റര്‍നെറ്റിനോ ഫേസ്ബുക്കിനോ 22 fk യ്ക്കോ മുമ്പും പിമ്പുമല്ല. അത് നമ്മുടെയൊക്കെ ജനനത്തിനും എത്രയോ മുമ്പാണ്. എലെയ്ന്‍ ഷുവോള്‍ട്ടര്‍ തന്റെ Towards Feminist Poetics എന്ന ലേഖനത്തില്‍ ഫെമിനിസത്തിന്റെ പരിണാമത്തെ മൂന്ന് ഘട്ടമായി തിരിക്കുന്നുണ്ട്.
ഇതില്‍ ആദ്യത്തേത് ഫസ്റ് വേവ് അഥവാ ഫെമിനിന്‍ ഫേസ് ആണ്. 1840-1880 ആണിത്. സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടവും അതിന്റെ വിജയവുമൊക്കെ അടങ്ങുന്ന ഘട്ടം. ഈ ഘട്ടത്തില്‍ പെണ്ണെഴുത്തുകള്‍ ആണെഴുത്തിനെ അനുകരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ ആണ്‍ പേരില്‍ എഴുതുന്നതൊക്കെ (ജോര്‍ജ് എലിയറ്റ് പോലെ) ഈ ഘട്ടത്തിലാണ്.
അടുത്തത് സെക്കന്റ് വേവ് അഥവാ ഫെമിനിസ്റ് ഫേസ്. ഇത് 1880-1920. ഈ കാലത്തില്‍ സ്ത്രീകള്‍ ആണ്‍നിര്‍മിതികള്‍ക്കെല്ലാമെതിരെ പോരടിച്ചു. ഈ കാലത്താണ് വിദ്യാഭ്യാസം, തൊഴില്‍, കുടുംബം എന്നിടങ്ങളിലെല്ലാമുള്ള സമത്വത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങുന്നത്.
അടുത്ത ഘട്ടമാണ് ഏറ്റവും പ്രധാനം. 1920 മുതലാണ് ഈ തേഡ് വേവ് ഫെമിനിസം. ഇതിനെ ഫീമെയ്ല്‍ ഫേസ് എന്ന് ഷുവോള്‍ട്ടര്‍ വിളിക്കുന്നു. ഇത് പക്ഷെ അനുകരണത്തിലോ എതിര്‍പ്പിലോ അധിഷ്ഠിതമല്ല. കാരണം ഇതിലേത് ചെയ്യുമ്പോഴും അത് ആണ്‍ കേന്ദ്രീകൃതം തന്നെയാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു. അനുകരിക്കുമ്പോള്‍ ആണുങ്ങളെ അനുകരിക്കുന്നു. എതിര്‍ക്കുമ്പോള്‍ ആണ്‍സൃഷ്ടികളെ എതിര്‍ക്കുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ സ്വയം കണ്ടെത്തലാണ്. ഇതിന്റെ ഒരു പ്രധാന ഭാഗമാണ് എഴുത്തുകാരിയായ സ്ത്രീയെ കണ്ടെത്തുക എന്നുള്ളത്. ആണ്‍രചിത സാഹിത്യ ചരിത്രത്തിലെ വിടവുകള്‍ കണ്ടുപിടിച്ച് അവിടെ ഉണ്ടാവേണ്ടിയിരുന്ന സ്ത്രീകളെ കണ്ടുപിടിക്കുകയും അവരെ വായിക്കുകയും ചെയ്യുന്നത് ഇതില്‍ പ്രധാനമാണ്.
ഇനി നമ്മളിപ്പോള്‍ ഇപ്പറഞ്ഞവയില്‍ ഏത് ഘട്ടത്തിലാണെന്ന ചോദ്യം. പാശ്ചാത്യരാജ്യങ്ങളിലാണെങ്കില്‍ കുറച്ചും കൂടെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ കഴിയുമായിരുന്നു. അത് അവിടെ വന്നിട്ടുള്ള മാറ്റങ്ങള്‍ കാരണമാണ്. തെരേസയുടെ എഴുത്തിലും പറയുന്നുണ്ടല്ലോ അതിനെപ്പറ്റി. അവിടെ എന്ത് വസ്ത്രം ധരിച്ച് നടന്നാലും ആരും തുറിച്ചുനോക്കാന്‍ പോകുന്നില്ല. ഇവിടെ പക്ഷെ എന്തിട്ടാലും കേലയൊലിപ്പിച്ച് നോക്കും. എന്തിട്ടാലും പീഡിപ്പിക്കപ്പെടും. ഈ നോട്ടത്തിന്റെ കാര്യത്തില്‍ത്തുടങ്ങി പലയിടങ്ങളിലും അവിടെ പുരുഷന്മാര്‍ മാറിയിട്ടുണ്ട്. അങ്ങിനെയല്ല, മാറിയവരുടെ എണ്ണം വളരെ കൂടുതലാണ് എന്നതാണ് ശരി. അതുകൊണ്ടുതന്നെ അവിടെ പെണ്‍പ്രശ്നങ്ങള്‍ വേറെയാണ്. അപ്പോള്‍ ഫെമിനിന്‍ ഫേസിന് സാധ്യതയേറുന്നു. സ്വന്തം വ്യക്തിത്വം കണ്ടുപിടിക്കാനും അതിനെ വളര്‍ത്താവുന്ന രീതികളിലെല്ലാം വളര്‍ത്താനും അവിടെ സാഹചര്യമുണ്ട്. അതിനുള്ള സമയമുണ്ട്.
പക്ഷെ ഇവിടെ സ്ഥിതി അതല്ല. ഇവിടെ ബസ്സില്‍ ശരീരം പകുതിയും നഷ്ടപ്പെട്ടാണ് സ്ത്രീകള്‍ ജോലി സ്ഥലങ്ങളിലേയ്ക്കെത്തുന്നതും അവിടെ ഇതിലും വലിയ മാനസിക പീഡയേല്‍ക്കുന്നതും പിന്നെ തിരിച്ച് അതേ പോലെ വീട്ടിലേയ്ക്ക് പോകുന്നതും. വീട്ടില്‍ വേറെയും ഭാരിച്ച ജോലികള്‍ (ഇത് ശമ്പളമില്ലാത്ത ഇനം). കിടപ്പറയില്‍ അവളുടെ ലൈംഗികാവയവം എന്താണെന്നറിയാത്ത പുരുഷന്‍. ഇതെല്ലാം അതിജീവിച്ചാലേ അവള്‍ക്ക് സ്വയം മനസ്സിലാക്കാനും പിന്നെ അവളെപ്പോലുള്ള മറ്റുള്ളവരെ മനസ്സിലാക്കാനും സമയമുള്ളു. എന്നിരുന്നാലും അത് നടത്തുന്നവരുമുണ്ട്. അതുകൊണ്ടാണ് ഇന്ന് പെണ്ണെഴുത്തുകള്‍ പലതും എവിടെ എങ്ങനെയൊക്കെ വിവേചനം നടക്കുന്നു എന്നും അതിന് പോംവഴിയായി എങ്ങനെ തന്റെതായ ഒരിടം ഉണ്ടാക്കിയെടുക്കാം എന്നതും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോളിവിടെ പല ആണ്‍ രചിത ടെക്സ്റുകള്‍ക്കും ഫെമിനിസ്റ് വായന ഉണ്ടാവുന്നു. ചുറ്റുമുള്ള പല ആണ്‍ വ്യവസ്ഥകള്‍ക്കെതിരെയുള്ള പ്രതികരണമുണ്ടാകുന്നു.
എന്നാലതിനോടൊപ്പം തന്നെ തന്റെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ എന്താണെന്ന് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടവിനോദത്തെക്കുറിച്ച് വാചാലയാകുന്നു. എനിക്ക് ഭംഗിയായിത്തോന്നുന്ന വസ്ത്രങ്ങളിതാ, ആഭരണങ്ങളിതാ, അല്ലെങ്കില്‍ എനിക്ക് ആഭരണങ്ങളിഷ്ടമേയല്ല, ഞാന്‍ വായിക്കുന്ന പുസ്തകമിതാ എന്നൊക്കെ വിളിച്ചുപറയുന്നു. പഴയ പല എഴുത്തുകാരികളേയും പുനര്‍വായിക്കുന്നു. ഇത് ഒരു ട്രാന്‍സിഷനാണ്. ഈ ട്രാന്‍സിഷന്‍ പുരോഗമിക്കുന്നതുകൊണ്ടാണ് ഭാവിയില്‍ നമുക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ പറ്റുന്നതും. അതുകൊണ്ട് ഫെമിനിസത്തെ നിരാകരിക്കുന്നവര്‍ നാളയെ തള്ളിപ്പറയുകയാണ്. അപ്പോഴെന്ത് സംഭവിക്കും? ദി ആര്‍ട്ടിസ്റ് എന്ന സിനിമയില്‍ കാണിക്കുന്ന പോലെ ശബ്ദമില്ലാത്ത സിനിമയില്‍നിന്ന് ശബ്ദമുള്ളതിലേയ്ക്ക് പോകുമ്പോളുണ്ടാകുന്ന പ്രശ്നങ്ങള്‍ സംഭവിക്കും. ഏത് ചെറിയ ശബ്ദവും അതികഠിനമായി കാതുകളില്‍ മുഴങ്ങും. അതിനോട് അസഹിഷ്ണുത പുലര്‍ത്തും. പക്ഷെ ഒടുവില്‍ അത് സ്വീകരിക്കാതെ നിവൃത്തിയില്ല എന്ന് കയ്പേറിയ വഴിയേ മനസ്സിലാക്കേണ്ടി വരും. അത്രതന്നെ.
ഫെമിനിസം എന്നത് ഒരു തെറിയായാണ് ഇപ്പോളുപയോഗിക്കപ്പെടുന്നത്. അതിനു കാരണം മുകളില്‍ പറഞ്ഞവയില്‍ നിന്ന് വ്യക്തമാണ്. ഫെമിനിസം മുഴുവനായും നടപ്പായാല്‍ നാളെ കേറി മെതിയ്ക്കാന്‍ പാകത്തിന് പെണ്ണുങ്ങളെ കിട്ടില്ല. ഇപ്പോള്‍ സ്വയം പ്രഖ്യാപിത ‘ലെജന്റും’ മേല്‍ ഷോവനിസ്റ്റുമായി തോന്നിയ പല ‘ത്തരങ്ങളും’ വിളമ്പി വളരെ പോപ്യുലറായി നടക്കുന്ന പലര്‍ക്കും ആരാധകരെ കിട്ടില്ല. അങ്ങിനെ പുരുഷന്മാരുടെ പ്രശ്നങ്ങളുടെ നിര നീണ്ടുനീണ്ടു പോകും. അപ്പോളവര്‍ ഫെമിനിസത്തെ തെറിവത്കരിക്കും. അതും പോരാഞ്ഞ് പെണ്‍വേഷങ്ങളിലും ഇതേ വാദങ്ങളുമായി അവതരിക്കും. അത്യന്തം സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആദ്യം പറഞ്ഞ ഗ്രൂപ്പില്‍ കണ്ട പലരും പെണ്‍ പേരുകളാണ് ഉപയോഗിക്കുന്നത്. തെരേസയുടെ എഴുത്ത് വായിച്ചപ്പോള്‍ എനിക്കുണ്ടായ വിഷമം എല്ലാവരിലും ഉണ്ടാക്കുന്നതിന്റെ സേഡിസ്റിക് പ്ലഷറാണ് ഇവര്‍ തേടുന്നത്. (കൂട്ടത്തില്‍ അല്ലാത്ത സാദാ പ്ലഷറും)
അതുകൊണ്ട് ‘ഫെമിനിസം എന്ന ബ്രാന്റും കേരള സ്ത്രീത്വത്തിന്റെ ‘ഫാവിയും’ വായിക്കുമ്പോള്‍ ഞാന്‍ അല്‍ഭുതപ്പെടുന്നു. എഴുത്തുകാരി എന്തിനെയാണ് ഭയക്കുന്നതെന്ന്. കുറെയധികം ഫെമിനിസം പറഞ്ഞ ശേഷവും ഇതുകൊണ്ടൊന്നും എന്നെ ഫെമിനിസ്റ്റെന്ന് മുദ്രകുത്തല്ലേ എന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ഒരു സ്വയം കലഹമാണ്. തന്റെ ഫെമിനിസ്റ് ഐഡന്റിറ്റിയെ വെറുക്കാനും അതുമൂലം ലജ്ജിക്കാനും പുരുഷകേന്ദ്രീകൃത വ്യവസ്ഥിതി അവരെ പ്രേരിപ്പിക്കുന്നു. ഇത് മാറി വരേണ്ട ഒരു അവസ്ഥ തന്നെയാണ്. കാരണം ഇങ്ങനെ പറയുമ്പോള്‍ പറഞ്ഞതെല്ലാം പാഴായിപ്പോവുകയാണുണ്ടാവുക. തന്നെത്തന്നെ കോണ്‍ട്രഡിക്റ്റ് ചെയ്യുന്ന സ്വഭാവം ഏറും. പുരുഷന്മാരെ ഞെട്ടിക്കാന്‍ പാകത്തിന് എഴുതിയിട്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല എന്നൊക്കെ പറയുന്നതിന്റെയര്‍ഥമെന്താണ്. തെരേസയുടെ എഴുത്ത് ഏതെങ്കിലും പുരുഷനെ ഞെട്ടിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണോ? പുരുഷന്മാര്‍ പോട്ടെ, ഇത് വൃദ്ധര്‍ക്കു മാത്രം അല്ലെങ്കില്‍ കുട്ടികള്‍ക്ക് മാത്രം സ്ത്രീകള്‍ക്ക് മാത്രം എന്നിങ്ങനെയാണോ ആരെങ്കിലും എഴുതാറ്. ഫെമിനിസ്റ് എഴുത്തുകള്‍ മറ്റെല്ലാ എഴുത്തുകളെയും പോലെത്തന്നെയാണ്. ചിലര്‍ക്ക് ഇഷ്ടപ്പെടും. ചിലര്‍ യോജിക്കും ചിലര്‍ വിയോജിക്കും. മറ്റു ചിലര്‍ ഞെട്ടും. ഞെട്ടുന്നവര്‍ ഞെട്ടുമോ ഇല്ലയോ എന്ന് എഴുതുമ്പോള്‍ ആരും ആലോചിക്കില്ല. അതിനുള്ള സമയമില്ലതന്നെ.
പല ഫെമിനിസ്റ് വിരോധികളും പറയുന്ന ഒന്നാണ് ഫെമിനിസ്റുകളുടെ ആക്റ്റിവിസം ഫേസ്ബുക് ലോഗൌട്ട് ചെയ്താല്‍ തീരുന്നതാണെന്ന്. എന്തുകൊണ്ട് നിങ്ങള്‍ പീഡിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പോകുന്നില്ല. എന്തുകൊണ്ട് നിങ്ങള്‍ ചേരികളിലേയ്ക്കിറങ്ങുന്നില്ല എന്നൊക്കെ. എപ്പോഴും വളരെ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നവയെ വിസ്മരിക്കുകയാണെല്ലാവരും. ഫെമിനിസ്റായാലും കാപിറ്റലിസ്റായാലും ഓരോരുത്തരും ഓരോ രീതിയിലാണ് അവരുടെ പ്രവര്‍ത്തനം നടത്തുന്നത്. വേറാരെയും കുറിച്ച് പറഞ്ഞ് കൊളമാക്കണ്ട എന്നുള്ളതുകൊണ്ട് എന്നെപ്പറ്റിത്തന്നെ പറയാം. പത്ത് കഴിഞ്ഞ് പ്ലസ് റ്റു കഴിഞ്ഞ് ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞു. അതുവരെ എഴുതി. ഇനി എനിക്ക് തുടര്‍ന്ന് പഠിക്കണം എന്നാണാഗ്രഹം. തുടര്‍ന്ന് പഠിക്കും. പഠിച്ചാല്‍ ജോലി വാങ്ങണം എന്നാണാഗ്രഹം. ജോലി വാങ്ങും. അപ്പോഴെല്ലാം ഞാനെഴുതും. കാരണം എഴുത്ത് എന്റെ വിദ്യാഭ്യാസ-തൊഴില്‍ജീവിതത്തിനു പുറത്തെ ജീവിതമാണ്. അതിലൂടെയാണ് ഞാന്‍ എന്റെ ഐക്യദാര്‍ഢ്യവും വിയോജിപ്പും പങ്കുവെയ്ക്കുന്നത്. എന്റെ എഴുത്തിലൂടെ ഞാന്‍ മറ്റുള്ളവരിലേയ്ക്കെത്തിക്കുന്നതിന്റെ പകുതി പോലും എനിക്ക് കിട്ടിയ ഉപദേശങ്ങള്‍ സ്വീകരിച്ചാല്‍ ചെയ്യാന്‍ സാധ്യമായിരിക്കില്ല. എത്ര പേര്‍ എഴുതുന്നു. ഒരാള്‍ തടവുകാരുടെ ജീവിതത്തെക്കുറിച്ചെഴുതിയാലുടനെ ആരെങ്കിലും രണ്ടാളെ തട്ടി ജയിലില്‍ പോയി കിടന്ന് ആത്മാര്‍ഥത തെളിയിക്കാന്‍ പറയുമോ?
ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും അനുകൂലമായി കണ്ടമാനം എഴുത്തുകളും ചര്‍ച്ചകളും നടക്കുന്നതുകൊണ്ടുതന്നെയാണ് നവമാധ്യമങ്ങളോട് ഇത്ര എതിര്‍പ്പും. ഇവ വരുന്നതിനുമുമ്പുള്ള ഫെമിനിസം മാത്രമാണ് ഫെമിനിസം എന്ന കാഴ്ചപ്പാടും അതുകൊണ്ടാണ്. വളരെ ധീരമായ ജീവിതം നയിച്ച പലരെയും പറ്റി ലേഖിക പറയുന്നുണ്ട്. പക്ഷെ അപ്പോഴും താനുംകൂടി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിനെയും കംപ്യൂട്ടറിനെയും തള്ളിപ്പറയുന്നു. ഇതൊക്കെ ഉപയോഗിക്കുന്നതിലൂടെ ആരും കഴിഞ്ഞുപോയ വിപ്ലവങ്ങളെ വിസ്മരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഈ സാധ്യതകളും കൂടി ഉപയോഗിച്ച് അവരുടെ ജീവിതം നമ്മളാല്‍ കഴിയുന്ന രീതിയില്‍ അന്വര്‍ഥമാക്കുകയാണ്. അതുകൊണ്ടാണ് വളരെ യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്ന തങ്ങളുടെ അമ്മമാരുടെയും അവരുടെ അമ്മമാരുടെയുമൊക്കെ തലമുറയിലെ ഫെമിനിസത്തെ ഇന്ന് പലരും പുന:പരിശോധിക്കുന്നത്.
ഞാന്‍ പറഞ്ഞല്ലോ സ്വന്തം ഫെമിനിസത്തോട് കലഹിക്കുമ്പോള്‍ വൈരുദ്ധ്യാത്മകത എഴുത്തില്‍ കടന്നുകൂടും. എഴുത്തുകാരി പറയുന്നത്, സ്വന്തം ജീവിതം ജീവിക്കുക എന്ന തത്വം നടപ്പിലാക്കിയാല്‍ ബഹുമാനം തന്നത്താന്‍ വരും എന്നാണ്. പക്ഷെ പിന്നെ പലപ്പോഴായി പുരുഷനു മുന്നില്‍ അബലയല്ല എന്ന് തോന്നിക്കാനുള്ള വഴികള്‍ പറയുന്നു.
പിന്നെ അവസാനമായി വേറൊരു പ്രധാന കാര്യംകൂടി. പല സ്ഥലങ്ങളിലും അമ്മ പെങ്ങന്മാര്‍ എന്ന പ്രയോഗം കണ്ടു. അത് ഇവിടെ മാത്രമല്ല. ഫെമിനിസത്തെ പുച്ഛിക്കുന്നവരുടെ ഇടയില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ്. അതിന്റെ അര്‍ഥമെന്താണ്? അമ്മയെയും പെങ്ങളെയും പൂജിക്കണം, എന്നാല്‍ അല്ലാത്തവരോട് തോന്ന്യോണം പെരുമാറണം എന്നോ. അല്ലെങ്കില്‍ത്തന്നെ ഈ സ്വന്തം സ്ത്രീകള്‍ ബാക്കി സ്ത്രീകള്‍ എന്നൊക്കെ പറയുന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്. ഒന്നുകില്‍ വീട്ടിനുള്ളില്‍ ഒരാണിന്റെ അല്ലെങ്കില്‍ അതല്ലാത്ത വേറൊരാണിന്റെ അങ്ങിനെയാണോ പെണ്ണിന്റെ ഐഡന്റിറ്റി?
എല്ലാവരും കേള്‍ക്കാന്‍ വേണ്ടി ഞാനിവിടെ സ്റ്റേറ്റ് ചെയ്യാം. ഞാന്‍ ആരുടെയും പെങ്ങളല്ല. ആരുടെയും അമ്മയുമല്ല. ഒരു പെണ്ണും അങ്ങനെ അമ്മയും പെങ്ങളുമായി ഒരു പെട്ടിക്കുള്ളിലാവേണ്ടതാണെന്ന് എനിക്ക് തോന്നുന്നുമില്ല. ഞാന്‍ മാത്രമല്ല, ഒരു പെണ്ണും ആരുടെയും പെങ്ങളോ അമ്മയോ അല്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. അവള്‍ പെണ്ണാണെന്നും പെണ്ണ് എന്നതാണ് അവളുടെ ഐഡന്റിറ്റി എന്നും. ഇത് രണ്ടും അല്ലാത്തതുകൊണ്ട് അതിന്റെയര്‍ഥം എന്റെ ശരീരം വയലേറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നല്ല. അമ്മയോടും പെങ്ങളോടും നിങ്ങള്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്ന എല്ലാം എന്നോട് ചെയ്യാന്‍ അവകാശമുണ്ട് എന്നല്ല. ആര്‍ക്കും അതിനുള്ള അവകാശമില്ല എന്നുതന്നെയാണ്.




നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചത്. പെണ്‍മ എന്ന പംക്തിയില്‍. 










പെണ്ണും പെണ്ണിന്റെ തെറിയും


എന്റെ അഭിപ്രായത്തില്‍ സ്വന്തമായി ഭാഷയുണ്ടാക്കാന്‍ വിദ്യാഭ്യാസം ഞങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്. എല്ലാവരും തെറി ഉപയോഗിക്കണമെന്നല്ല. തെറി ഉപയോഗിക്കുന്നതാണ് ഒരാളുടെ ഭാഷ എങ്കില്‍ അതാണ് എന്റെ ഭാഷ എന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ വിദ്യാഭ്യാസത്തിന് ഉത്തരവാദിത്തമുണ്ട്. ഇല്ലെങ്കില്‍ എല്ലാവരും ഒരേ ഭാഷ സംസാരിക്കുന്നവരായി മാറും. ഒരു കാര്യം ആര് പറഞ്ഞാലും ഒരുപോലെയിരിക്കും. അത് ഭയാനകമായ ഒരവസ്ഥയായാണ് എനിക്ക് തോന്നുന്നത്.

തെറി പറയുന്ന പെണ്ണ്.
ഞാന്‍ കാണുന്ന (കേള്‍ക്കുന്നതല്ല,) ആദ്യ തെറി പൂറ് എന്നതാണ്. കോഴിക്കോട് ദേശപോഷിണി വായനശാലയില്‍ നിന്ന് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങള്‍ മുറയ്ക്കെടുക്കുന്ന കാലത്ത് അതിലൊന്നിന്റെ വശങ്ങളിലെല്ലാം ആരോ ഈ വാക്ക് തുരുതുരെ കുറിച്ചിട്ടിരുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ലായിരുന്നു. അത് തെറിയാണെന്നുപോലും. ഞാന്‍ ആരോടും ചോദിക്കാനും പോയില്ല.
ഞാന്‍ പഠിച്ചത് ഒരു ഗേള്‍സ് സ്കൂളിലാണ്. എഴാം ക്ലാസ് വരെയേ ആണ്‍കുട്ടികളുള്ളൂ. അവരുള്ളപ്പഴായാലും അതിനുശേഷവും ഞങ്ങളുപയോഗിച്ചിരുന്ന തെറികള്‍ പട്ടിയും തെണ്ടിയുമൊക്കെയാണ്. അതിന്റെ തെറിഷിപ്പാകട്ടെ ഞങ്ങള്‍ തന്നെ ഉപയോഗിച്ചുയോഗിച്ചില്ലാതാക്കി.
ഇംഗ്ലിഷിലുള്ള തെറികള്‍ മിക്കതും പക്ഷെ ഞാന്‍ പ്ലസ് വണ്‍ ആയപ്പഴേയ്ക്കും പഠിച്ചുകഴിഞ്ഞിരുന്നു. വളരെ വിരളമായേ ഉപയോഗിക്കാറുള്ളു എങ്കിലും എന്താണ് ഏത് എന്നെനിക്കറിയാമായിരുന്നു. എന്നാലും മലയാളം തെറിയുടെ കാര്യത്തില്‍ ഞാന്‍ വളരെ പുറകിലായിരുന്നു. എന്നെപ്പോലെത്തന്നെയായിരുന്നു എന്റെ സഹപാഠികളും. ഇത് ഇങ്ങനെ എടുത്തുപറയുന്നത് ആണ്‍തെറിലോകവുമായി പെണ്‍തെറിലോകത്തിന് എത്രകണ്ട് വ്യത്യാസമുണ്ടെന്ന് മനസ്സിലാവാനാണ്.
ഞാന്‍ തെറികളായ തെറികള്‍ മുഴുവന്‍ പഠിക്കുന്നത് എന്റെ ആണ്‍സുഹൃത്തുക്കളുടെ അടുത്തുനിന്നാണ്. അവര്‍ അതുപയോഗിക്കുന്നതുകൊണ്ടല്ല. സ്വമേധയാ പറഞ്ഞുതന്നതുകൊണ്ട്. അത് വളരെ നന്നായി എന്നാണെനിക്കു തോന്നുന്നത്. എന്റെ തന്നെ ലൈംഗികാവയവങ്ങളെ ആണുങ്ങള്‍ എന്തെല്ലാം പേരുകളാണ് വിളിക്കുന്നതെന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. ചൊറിച്ചുമല്ലലിനെപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് ചളിപ്പായി എത്ര പ്രാവശ്യം ആരെങ്കിലും എന്നോട് 'തല മുട്ടല്ലേ' എന്ന് പറഞ്ഞിട്ടുണ്ടാവും. അപ്പഴൊക്കെ അവര്‍ ഇതാണുദ്ദേശിച്ചിരുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

സാധാരണ സംഭാഷണത്തിലും തെറി ഉപയോഗിക്കുന്ന ആണ്‍സുഹൃത്തുക്കളുണ്ടായതോടെയാണ് മലയാളം തെറി ഉപയോഗിക്കാന്‍ ഞാനും തുടങ്ങിയത്. അത് വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായിരുന്നു. സുഹൃത്തുക്കളുടെ അടുത്തുനിന്നാണ് 'പോടീ പട്ടീ' എന്ന് വിളിക്കാന്‍ ഞാന്‍ പഠിച്ചത്. അതുപോലെത്തന്നെ സുഹൃത്തുക്കളുടെ അടുത്തുനിന്നുതന്നെ 'എനിക്ക് മൈരാണ്' എന്ന് പറയാനും പഠിച്ചു. അതെല്ലാം പിന്നെ എന്റെ സംസാരത്തിന്റെ ഭാഗമായി.
ഇനി ഇങ്ങനെയല്ലാതെയും തെറി ഉപയോഗിക്കുന്നവരുണ്ട്. ആണുങ്ങളുടെ കുത്തകയെന്ന് പറയപ്പെടുന്ന പദങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതിനെതിരെയുള്ള പ്രതികരണം എന്ന രീതിയില്‍ സംഭാഷണത്തില്‍ മനഃപൂര്‍വം തെറി ഉപയോഗിക്കുന്നവരുണ്ട്. അത് വളരെ awkward ആയി തോന്നിയേക്കാം. പക്ഷെ അതിലെന്തെങ്കിലും തകരാറുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇത്രയും നാള്‍ നിങ്ങള്‍ തീരുമാനിച്ചു, എപ്പോള്‍ ഏത് തെറി ഉപയോഗിക്കണമെന്ന്; ഇനി ഞങ്ങള്‍ കുറച്ച് പണിയട്ടെ എന്ന് മാത്രമേ ഈ ഉപയോഗം പറയുന്നുള്ളു.
തെറിയിലെ ഈ ആണ്‍കോയ്മ കാരണം നേരെ ചൊവ്വേ ഒന്ന് തെറി പറയാന്‍ മടിക്കുന്നവര്‍ പലരുണ്ട്. ഞാന്‍ പറഞ്ഞ സമയം ശരിയാണോ, ഈ അവസരത്തില്‍ ഈ തെറി തന്നെയാണോ ഉപയോഗിക്കേണ്ടത് എന്നും മറ്റും ആലോചിച്ചു തല പുണ്ണാക്കുന്നവര്‍. ഇതൊരു പ്രശ്നമായി എനിക്ക് തോന്നുന്നില്ല. ഞാന്‍ എപ്പോള്‍ എന്തു പറയുന്നോ, അപ്പോളാണതിന്റെ സമയം.ബ്രിട്ടിഷുകാര്‍ നമ്മടെ 'ഫണ്ണി ഇംഗ്ലീഷ്' കൌതുകത്തോടെ നോക്കുന്നതുപോലെയാണ് ആണുങ്ങള്‍ തെറി പറയുന്ന പെണ്ണിനെ നോക്കിക്കാണുന്നത്. ഈയടുത്ത് 'വെറുതെ ഫോണിലേയ്ക്ക് വിളിച്ച് ആരോ ശല്യം ചെയ്യുന്നു നീ ഒന്ന് സംസാരിക്ക്' എന്ന് പറഞ്ഞ് അവളുടെ ഫോണ്‍ എന്റെ കയ്യില്‍ തന്നു, സുഹൃത്ത്. ആദ്യമൊക്കെ ഞങ്ങളിരു കൂട്ടരും സഭ്യമായ രീതിയില്‍ കാര്യഗൌരവമായി സംസാരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍നിന്ന് അത്ര സുഖകരമല്ലാത്ത സംസാരം. ഞാന്‍ 'നായിന്റെ മോനേ' എന്ന് വിളിച്ചേയുള്ളു. അപ്പഴേയ്ക്കും അവിടെ ആര്‍പ്പുവിളിയാണ്. 'ലൌഡ്‌സ്പീക്കറിലിടെടാ' എന്ന് ആക്രോശം. പെണ്ണ് തെറി പറയുന്നത് ആഘോഷിക്കുകയാണവര്‍.
സിഗരെറ്റ് വലിക്കുന്നവളും കള്ള് കുടിക്കുന്നവളുമെല്ലാം ശ്രമിച്ചാല്‍ ഒരു വട്ടം കൂടെ ശയിക്കും എന്ന നിലപാടുള്ളവര്‍ക്ക് അതുപോലെത്തന്നെയാണ് തെറിപറയുന്നവളും. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമായി അവര്‍ കരുതുന്നു. സ്വാതന്ത്ര്യം എന്നാല്‍ ഫ്രീ സെക്സ് ആണെന്ന് വിശ്വസിക്കുന്നവര്‍ക്കാണ് പോരുന്നോ കൂടെ എന്ന് ചോദിക്കാന്‍ തോന്നുന്നത്. അതിനി കാലമേറെക്കഴിഞ്ഞാലും മാറില്ല.
പക്ഷെ ഇടങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകളില്‍ ഒരു മാറ്റം സംഭവിച്ചുതുടങ്ങുന്നുണ്ട്. അത് നിഷേധിക്കുക സാധ്യമല്ല. അതില്‍ തെറിയും ഒരു പങ്ക് വഹിക്കുന്നുണ്ടെന്നുതന്നെ ഞാന്‍ പറയും.
തെറി അറിയുന്നത് വളരെ പ്രധാനമാണ്. ആണ്‍സദസ്സുകളില്‍ അര്‍ഥം വെച്ചുള്ള പറച്ചിലുകള്‍ മനസ്സിലാക്കിയില്ലെങ്കില്‍ പെണ്ണിന്റെ 'വിഡ്ഢിത്തം' അവര്‍ പിന്നെയും ആഘോഷിക്കും. അതിന് തെറി ഉപയോഗിക്കാനാഗ്രഹമില്ലാത്തവര്‍ പോലും തെറി പഠിച്ചിരിക്കേണ്ടത് ആവശ്യമാണ്.
'ഞാന്‍ നിങ്ങള്‍ക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു' എന്ന സമാഹാരത്തില്‍ 'തെറിവാക്കുകള്‍' എന്ന ലേഖനത്തില്‍ എസ് ശാരദക്കുട്ടി ഇങ്ങനെ എഴുതുന്നു:
'തെറിയെക്കാളെല്ലാം എത്രയോ അധഃപ്പതിച്ചുപോയതാണ് നമ്മുടെ പൊതുബോധവും സാംസ്കാരിക അടിത്തറയുമെന്നറിയാവുന്നതുകൊണ്ട് ഭരണിപ്പാട്ടും പൂരപ്പാട്ടുമൊക്കെ വളരെ സമചിത്തതയോടെ കേള്‍ക്കാന്‍കഴിയുന്ന ഒരവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹം. വാക്കുകളേക്കാള്‍ എത്രയോ ആഴത്തിലാണ് അശ്ലീലം, രാഷ്ട്രീയവും സാംസ്കാരികവുമായ അര്‍ഥതലങ്ങളില്‍ അതിന്റെ വേരുകള്‍ പടര്‍ത്തിയിരിക്കുന്നത്!... പുതിയ കാലത്തിന്റെ സ്ത്രീകളോ... സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആനന്ദമാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അവര്‍ ആത്മവിശ്വാസവും മനോബലവുമുള്ള ആണ്‍സുഹൃത്തുക്കളെ കണ്ടെത്തുകയും അവരിലെ പുരുഷസഹജമായ ഈഗോയെ നിര്‍ദയം മറികടക്കുകയും ചെയ്യുന്നു. അവരോടൊത്ത് ഒരുമിച്ച് അശ്ലീല ഫലിതങ്ങള്‍ പങ്കുവെയ്ക്കുന്നു. ചൊറിച്ചുമല്ലുന്നു. ആധിപത്യമോ അടിമത്വമോ ഇല്ലാത്ത സ്വതന്ത്ര ലോകങ്ങള്‍ സൃഷ്ടിക്കുന്നു. പുതിയ കാലത്തിന്റെ സ്ത്രീകളെയും വരും കാലത്തിന്റെ പെണ്‍കുട്ടികളെയും ഇനി നിങ്ങള്‍ക്ക് തെറി പറഞ്ഞ് കുടിയിരുത്താനാവില്ല. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തുവരുന്ന ആനന്ദമാര്‍ഗികളാണവര്‍. ലൈംഗികതയെ അവര്‍ ഭയക്കുന്നില്ല, തെറികളെയും.'
ഇതാണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തെറി ഉപയോഗിക്കുന്ന പെണ്ണ് അവള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വന്തമായി ഒരു രാഷ്ട്രീയം പേറുന്നതും ഇതുകൊണ്ടാണ്.
ഞാന്‍ മാത്രമല്ല, തെറി ഉപയോഗിക്കണം എന്ന് തോന്നുന്നവരൊക്കെ അതുപയോഗിക്കട്ടെ. ഈ ഫക്കും മൈരുമൊക്കെ ഇപ്പൊത്തന്നെ തെറിപ്പട്ടം നഷ്ടമായി പല്ലൊക്കെക്കൊഴിഞ്ഞിരിക്കുന്ന വാക്കുകളാണെന്നോര്‍ക്കുന്നതും നല്ലതാണ്. പിന്നെ രോഷം തീര്‍ക്കാന്‍ കണ്ടമാനം ഉപയോഗിക്കാം, അതിന്റെയൊരതിപ്രസരത്തില്‍ കുറച്ചാശ്വാസം കണ്ടെത്താം എന്നല്ലാണ്ട്...

ഇതിന്റെ വേറൊരു version ആദ്യം പ്രസിദ്ധീകരിച്ചത് malayal.am ഇല്‍ ആണ്.





ഷോട്ട് കൊമേഷ്യല്‍ ബ്രേക്‍

ടി വി കാണാനിരുന്നാ പൊതുവേ മുഷിപ്പാണ്. പുതിയ ചാനല്‍ വന്നു, സംഭവം ആണ്, അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് അവസാനം കാണാന്‍ ചെന്നപ്പൊ ശര്‍ദിക്കാന്‍ (sic) വന്നു. എന്താണാ സീരിയലുകളുടെയും പരിപാടികളുടെയുമൊക്കെ ഒരു ഇത്. ചെല പേരുകളന്നെ കേട്ടാല്‍ ചിരിക്കാന്‍ വരും. ഏതോ ഒന്നില് ഷമ്മി തിലകന്റെ വൃത്തികെട്ട വിഗ് കണ്ടാത്തന്നെ ഓഫ് ചെയ്ത് പോകാന്‍ തോന്നും. ആണുങ്ങള്‍ പെണ്ണുങ്ങള്‍ടെ മുഖത്തടിക്കണ സീനും പെണ്ണുങ്ങള്‍ അടിക്കാനോങ്ങുമ്പൊ തടയണ ആണിന്റെ കയ്യും അങ്ങനെ സ്ഥിരം കാഴ്ചകള്‍ തന്നെ; ചാനല്‍ പുതിയതായാലും പഴയതായാലും. സീരിയലുകളൊക്കെപ്പിന്നെ കാലാകാലമായി ഇങ്ങനെത്തന്നെയാണല്ലോ, വല്യ മാറ്റൊന്നും ഇനി ണ്ടാവാന്‍ പോണില്ലല്ലോ എന്നൊക്കെ വിചാരിക്കാം. ചാനലുകളെത്ര പുതീത്ണ്ടായി വന്നാലും അങ്ങനെത്തന്നെ. പക്ഷെ റിമോട്ടെടുത്ത് വലിച്ചെറിയാനും ടി വി തന്നെ തല്ലിപ്പൊട്ടിക്കാനും എനിക്ക് തോന്നാറ് സീരിയലും സിനിമേം കാണുമ്പഴല്ല.
പരസ്യം.
ഹെന്റമ്മ! അത് ശെരിക്കും എന്താ സാധനം? പരസ്യം ശെരിക്കും സാധനങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ മാത്രൊന്നല്ല ഉപയോഗിക്കണേന്ന് പണ്ടേ മനസ്സിലായതാണ്. ഉണ്ടാക്കണവര്‍ടെ ഉള്ളില്ള്ള മുഴുവന്‍ വെഷോം പരസ്യം നോക്കിയാ കാണാം. ഈയടുത്ത് ഏറ്റവും തമാശ തോന്നിയത് പുട്ടുപൊടി, സാമ്പാര്‍ പൊടി അങ്ങനെയുള്ള പൊടിക്കൈകള്‍ക്കൊക്കെക്കൂടെ 'ബ്രാമിണ്‍സ്' എന്ന് പേരിട്ടതാണ്.
അതിന്റെ ജി വേണുഗോപാല്‍ അഭിനയിക്കണ പരസ്യത്തില് നടക്കണ കാര്യങ്ങളേകദേശം ഇങ്ങനെയാണ്.
ഒരു ഭാര്യ കഥാപാത്രമുണ്ട്. പക്ഷെ അവരുടെ മുഖം കാണാന്‍ പറ്റില്ല. അല്ലെങ്കിലും അവര്‍ടെ മുഖം കാണണ്ട കാര്യമില്ലല്ലോ. വേണുഗോപാലിന്റെ സര്‍ഗാത്മകതയ്ക്ക് വെച്ചുവിളമ്പണ അവര്‍ടെ കൈകളിലാണ് കാര്യം മുവുവന്‍. അങ്ങനെ ഈ ഭാര്യക്കൈകകള്‍ ഇഡ്ഡലി ഒരു പാത്രത്തിലേയ്ക്ക് ഡും ഡും ന്ന് ഇട്ടോണ്ട് പറയും (മുഖമില്ല, വോയ്സ് ഓവര്‍ മാത്രട്ടാ. സംഗതി ഭയങ്കര ഡീസന്റാണ്) “അതേ, സാമ്പാറ് തീര്‍ക്കല്ലേ, ഇഡ്ഡലി വരുന്നുണ്ട്" എന്ന്. (ഭാര്യയ്ക്ക് അത് പറയുമ്പൊ ശബ്ദത്തില് അമിതാവേശവും സന്തോഷൊക്ക്യാണ്. ഇഡ്ഡലീം സാമ്പാറും ണ്ടാക്കീട്ടും ണ്ടാക്കീട്ടും മതി വരാഞ്ഞിട്ടാവും)
അപ്പൊ സാമ്പാറ് കൈയ്യോണ്ട് വാരിക്കുടിച്ച് തീര്‍ക്കാന്‍ പോവായിരുന്ന വേണുഗോപാല് സാമ്പാര്‍ കുടി നിര്‍ത്തി നമ്മടട്ത്ത് പറയും,
"സാമ്പാറിനാ ട്രെഡീഈഈഈഷണല്‍ (ഇത്രേം നീട്ടണ്ട് ട്രെഡിഷനും ട്രെഡിഷണലിനും ബോറത്തരത്തിനും) രുചി എനിക്ക് നിര്‍ബന്ധാ. അതുകൊണ്ടന്നെ ബ്രാമിണ്‍സും.”
പിന്നെ ആണ്‍ ശബ്ദം: ബ്രാമിണ്‍സ്: ട്രെഡിഷനല്‍ വെജിറ്റേറിയന്‍ സ്വാദിന്.
പിന്നെ തിരിച്ച് വേണുഗോപാല്‍ പറയും "ഒന്ന് രുചിച്ച് നോക്കൂ. നിങ്ങളും ബ്രാമിണ്‍സ് രുചിയുടെ ഫാനാകും. എന്നെപ്പോലെ"
എപ്പ ആയീന്ന് ചോദിച്ചാ മതി. എന്റെ പൊന്നെ! എന്നാപ്പിന്നെ അവര്‍ക്ക് ട്രെഡിഷനല്‍, വെജിറ്റേറിയന്‍ എന്നൊക്കെ പറയാണ്ട് ഞങ്ങള്‍ ബ്രാമണന്‍മാര്‍ടെ രുചീടെ ഫാനാകും എന്ന് പറഞ്ഞാപ്പോരേ! അല്ല പിന്നെ.
ജാതി, മതം, എന്നിവയൊക്കെ എല്ലാടത്തും കാണാം. ഇത്ര തെളിഞ്ഞല്ലെങ്കില്‍ കുറെക്കൂടെ ഒളിഞ്ഞ്. അതിന്റെയൊക്കെ തമാശ എന്താണ്ന്ന് വെച്ചാ, ജാതിപ്രശ്നോ മതപ്രശ്നോ ഒന്നുമില്ലാത്തവരാണെങ്കിത്തന്നെ അവര്‍ക്കെല്ലാവര്‍ക്കും പെണ്ണ്ങ്ങള് നന്നായിക്കണ്ടാല്‍ അപ്പൊ കണ്ണ്കടിയാണ്. അങ്ങനെ വരുമ്പൊ എല്ലാ പരസ്യത്തിലും ജാതി- സ്ത്രീവിരുദ്ധത, ജാതി- മതം- സ്ത്രീവിരുദ്ധത, മതം- സ്ത്രീവിരുദ്ധത, സ്ത്രീവിരുദ്ധത എന്നിങ്ങനെയാണ് പെര്‍മ്യൂട്ടേഷന്‍ കോമ്പിനേഷന്‍ കണക്കെന്നര്‍ത്ഥം.
പെണ്ണായാല്‍ പൊന്നുവേണം...
പെണ്ണുങ്ങളെ മുഴുവന്‍ പണം, ആഭരണം, ധന പ്രേമികളായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയാണ് ജ്വെല്ലറി പരസ്യങ്ങള്‍. എന്താണ് അവര്‍ ഉദ്ദേശിക്കുന്നത്? ആഭരണമിട്ടാലേ ആണുങ്ങള്‍പ്രേമിക്കൂ, കല്യാണം കഴിക്കൂ എന്നോ?
അതിലും വൃത്തികെട്ട മാനങ്ങളുമുണ്ട് ഈ പരസ്യങ്ങള്‍ക്ക്. ജോസ്കോയുടെ വിക്രമിനെ കാസ്റ്റ് ചെയ്തട്ട്ള്ള ഈ പരസ്യം നോക്കിയാല്‍ കാണാം എല്ലാ വൃത്തികേടും. വേശ്യാവൃത്തിയില്‍ കുറഞ്ഞ ഒന്നുമല്ല ആ പരസ്യത്തിലെ നായിക ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. ചിരിച്ചും ഉല്ലസിച്ചും നടക്കുന്ന പെണ്ണിനെ ആര്‍ക്കും യഥേഷ്ടം ഫോട്ടോ എടുക്കാം. അവള്‍ക്കതിനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതൊക്കെ ഡയമണ്ടോ സ്വര്‍ണമോ കൊടുത്താല്‍ തീരും. പെണ്ണ് അതില്‍ വീഴും. എന്തൊക്കെയായാലും പുരുഷന്റെ സ്നേഹത്തിനേക്കാളും അവള്‍ക്ക് വലുത് ഡയമണ്ടന്നെയാണ്. (അവസാനം സ്ത്രീയുടെ കൈകള്‍ മാലയിലേയ്ക്ക് നീങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നത് നോക്കുക) ജിംഗിളിലെ ഒരു വരി, she is missing something deep inside എന്നാണ്. അവള്‍ മിസ് ചെയ്യുന്ന ആ സാധനമാണ് ജോസ്കോ ഡയമണ്ട്സ്. അത് അവള്‍ക്ക് കൊടുക്കാന്‍ കഴിവുള്ള ഒരേയൊരാള്‍ അവളുടെ അനുവാദമില്ലാതെ അവളുടെ ഫോട്ടോ എടുത്തു നടക്കുന്ന പുരുഷനും.
ജോസ്കോയുടെ ഏറ്റവും പുതിയ വിക്രം പരസ്യത്തിലും ഭയങ്കര തമാശയാണ്. അതിലേതായാലും ഫോട്ടോ എടുപ്പ് സ്റ്റേജൊക്കെക്കഴിഞ്ഞ് ആണും പെണ്ണും ഒരു ഡേറ്റ്/കാപ്പികുടി ചടങ്ങിലെത്തിയിട്ടുണ്ട്. അവിടെ സ്വന്തം ഇഷ്ടങ്ങള്‍ പങ്ക് വെയ്ക്കുകയാണ് ഇരുവരും.
അതില്‍ ആണിനും പെണ്ണിനും എല്ലാം ഒരേ ഇഷ്ടങ്ങള്‍. ഒരേ വാക്കുകള്‍. Stylish, classy, sophisticated. വിക്രമിന്റെ കാര്യത്തില്‍ ഇതൊക്കെ ഗോള്‍ഫ് കളിക്കുന്നതും, ബ്രാന്റട് വോച്ച്, പറഞ്ഞ് തയ്പിച്ച് വസ്ത്രങ്ങള്‍ ധരിക്കുന്നതിലും മറ്റുമാണ്. എന്നാല്‍ സ്ത്രീയിലേയ്ക്ക് വരുമ്പോള്‍ ഈ വാക്കുകള്‍ക്കെല്ലാംതന്നെ അവള്‍ക്ക് ഒരു മാനമേയുള്ളു. സ്വര്‍ണം. അവിടെയെത്തിയപ്പോള്‍ സ്റ്റൈലിഷ്, ക്ലാസി എന്ന വാക്കുകള്‍ അതുപോലെത്തന്നെയുണ്ടെങ്കിലും സോഫിസ്റ്റികേറ്റട് എന്നതില്ല എന്നും കാണാം. അതായത് പെണ്‍ജീവിതം മുഴുവനായും സ്വര്‍ണത്തിന്റെ ഭാഷയില്‍ എഴുതാം. അതിലും കൂടുതലൊന്നുമില്ല. സങ്കീര്‍ണതകളേതുമില്ലാത്ത സ്വത്വം മാത്രമാണ് അവള്‍ക്കുള്ളത്.
ഭീമയുടെ പരസ്യത്തില്‍ കാതുകുത്താതെ ബബിള്‍ഗം ചവച്ച് ബൈക്കോടിച്ചോണ്ട് നടന്നിരുന്ന പെണ്ണിനെ കാതുക്കുത്തിപ്പിച്ച് ചുരിദാറും സാരിയും ഇടീപ്പിച്ച് കല്യാണം കഴിപ്പിച്ച് മെരുക്കിയെടുക്കുന്നത് കാണാം. ആണ് വരച്ച വരയില്‍ പെണ്ണിനെ നിര്‍ത്തുക എന്നതാണ് കല്യാണമെന്നും അതിന് സ്വര്‍ണം മാത്രം മതി എന്നുമാണ് പറയുന്നത്. മോള്‍ക്ക് അമ്മൂമ്മ സമ്മാനിക്കണ പതിനായിരം വര്‍ഷെങ്ങാണ്ട് പഴക്കള്ള മാല കാലാകാലമായി പെണ്ണുങ്ങളുടെ മോളില്‍ കെട്ടിവെയ്ക്കപ്പെടുന്ന ആണ്‍വിഴുപ്പുകള്‍ മാത്രമാണ്.
അല്ല അറിയാഞ്ഞിട്ട് ചോദിക്ക്യാ. ഈ പുരുഷന്മാര്‍ക്കെന്താ സ്വര്‍ണമൊന്നും വേണ്ടേ? എല്ലാരും നന്നായിപ്പോയോ. അല്ലെങ്കില്‍ പവന്റെ കണക്കും തൂക്കവും എല്ലാം പറഞ്ഞ് മുറവിളി കൂട്ടാറുള്ള കല്യാണബിസിനസ്സുകാരൊക്കെ സംന്യാസത്തിനുപോയോ? അല്ല പരസ്യം കണ്ടട്ടായാലും അല്ലെങ്കിലും സ്വര്‍ണം വാങ്ങാന്‍ പോകുന്ന പെണ്‍വീട്ടുകാരില്‍ ഭൂരിഭാഗവും സ്ത്രീധനക്കണക്കൊപ്പിക്കാന്‍ വേണ്ടിത്തന്നെയാണല്ലോ പോവാറ്. എന്നിട്ടെന്തേ പരസ്യങ്ങള്‍ക്ക് അത് പറയാനൊരു മടി?
പ്രിപേര്‍ ടു ഗെറ്റ് എസോള്‍ട്ടട്
ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെത്തന്നെയും പരസ്യങ്ങളുടെ സ്ഥിതി ഏകദേശം ഇങ്ങനെത്തന്നെയാണ്. പുരുഷന്മാരുടെ ബോഡി സ്പ്രേകളുടെയെല്ലാം ഏക ഉദ്ദേശം സ്ത്രീകളെ ആകര്‍ഷിക്കുക എന്നതാണ്. ലൈംഗികമായിത്തന്നെ. അത് പറയുന്നതില്‍ മാത്രം ഒരു സെന്‍സറിങ്ങും ഇല്ല. ഡിയോഡറന്റോ പെര്‍ഫ്യൂമോ അടിച്ചുകഴിഞ്ഞാലുടന്‍ സ്ത്രീകളായ സ്ത്രീകള്‍ മുഴുവന്‍ (അവര്‍ മിക്കവാറും സെക്സിയായിരിക്കും, അല്പവസ്ത്രധാരികളായിരിക്കും) ആണിന്റെ പുറകെ പോകും എന്നാണ് ആ പരസ്യങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് തിരിച്ച് പറയുന്ന പരസ്യങ്ങള്‍ വളരെ കുറവാണ്. ആണിന്റെ സെക്സിനെസ് മാത്രമാണ് യഥാര്‍ത്ഥ സെക്സിനെസ് എന്നൊക്കെ തോന്നും ആ പരസ്യങ്ങള്‍ കണ്ടാല്‍.
ഈ പരസ്യത്തില്‍ ബ്രായും ഷഡ്ഡിയും മാത്രമിട്ട പെണ്ണുങ്ങള്‍ മുഴുവന്‍ മത്സരിച്ചോടുന്നത് ഒരൊറ്റ ആണിനുവേണ്ടിയാണ്. അതായത്, ഒരു പെര്‍ഫ്യൂം മാത്രം മതി, പെണ്ണിനെ ആകര്‍ഷിക്കാന്‍. അവളുടെ ലൈംഗികത എന്നൊക്കെപ്പറഞ്ഞാല്‍ അത്രയേ ഉള്ളൂ. ആണിനുവേണ്ടി പോരടിക്കുന്ന തരത്തിലാണ് അവളുടെ കാര്യം.
പെര്‍ഫ്യൂം അടിച്ചുകഴിഞ്ഞ ആണിനെത്തേടി സ്വര്‍ഗത്തില്‍ നിന്ന് മാലാഖമാര്‍ വരെ വരുന്നു. അവര്‍ എല്ലാവരും ഒരുമിച്ച് പ്രകാശവലയം പൊട്ടിച്ചെറിഞ്ഞ് അവനെ ഭോഗിക്കാന്‍ പോകുന്നു, ഭോഗിക്കുന്നു? (പക്ഷെ പറയാതിരിക്കാന്‍ വയ്യ. ഈ മാലാഖപ്പരസ്യത്തിന്റെ ചിത്രീകരണം അതിമനോഹരമായി ചെയ്തിരിക്കുന്നു എന്നെനിക്ക് തോന്നി. ചിത്രീകരണം. ചിത്രീകരണം.)
സ്ലോ മോഷനില്‍ എല്ലാവരും നടന്നടുക്കുന്നതുവരെയേ എല്ലാ പരസ്യത്തിലും കാണിക്കുന്നുള്ളൂ എങ്കിലും എല്ലാത്തിന്റെയും അര്‍ത്ഥം ഏകദേശം ഒന്നു തന്നെ. ആണിന് രതി സുഖത്തിന് എത്ര സ്ത്രീകള്‍ വേണമെങ്കിലും ആവാം എന്നും അതൊന്നും അവന്‍ ആവശ്യപ്പെട്ട് നടക്കുന്നതല്ല, മറിച്ച് അവനെ സമീപിക്കുന്നതോ, പ്രലോഭിപ്പിക്കുന്നതുപോലുമോ ആണ് എന്നാണ് അവയെല്ലാം പറയുന്നത്. സ്ത്രീകളുടെ വസ്ത്രധാരണം മൂലമാണ് അവള്‍ ആക്രമിക്കപ്പെടുന്നത് എന്ന് പറയുന്നതും, ഇതും ഏകദേശം ഒരുപോലെയാണ്. (പുരുഷന്റെ സ്പ്രേ അടിപ്പീര് കാരണം അവന്‍ പീഡിപ്പിക്കപ്പെടുന്നു എന്നല്ല.) സ്ത്രീകള്‍ അവരെത്തന്നെ പുരുഷനുമുന്നില്‍ കാഴ്ചവെയ്ക്കുന്നതുമൂലമാണ് ഇവ ഉണ്ടാകുന്നത് എന്ന്. മാലാഖമാര്‍ അവരിരിക്കണ്ട സ്വര്‍ഗത്തില്‍ത്തന്നെയിരുന്നാല്‍ ഈ പ്രശ്നമില്ല (പെണ്ണുങ്ങള്‍ അവര്‍ യാത്ര ചെയ്യണ്ട പകല്‍ സമയത്ത് മാത്രം യാത്ര ചെയ്താല്‍ പ്രശ്നമില്ല) പ്രകാശവലയം മാലഖമാര്‍ പൊട്ടിച്ചെറിഞ്ഞു. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ... (അവര് ഷോളും ഇടാണ്ട് ജീന്‍സുമിട്ട് മുന്നില് വന്നിരുന്നു. അല്ലെങ്കി ഞാനുണ്ടോ വല്ലതും...)
ഫൊര്‍ മെന്‍ ഓഫ് ആക്ഷന്‍ സാറ്റിസ്‌ഫാക്ഷന്‍
പല കള്‍ട്ടുകളും ഉണ്ടാക്കപ്പെടുന്നത് പരസ്യങ്ങളിലൂടെയാണ്. സിഗരെറ്റ് വലി ആണത്തത്തിന്റെ പര്യായമാവുന്നതെങ്ങനെയാണ്? പെണ്ണുങ്ങളെ ഇംപ്രെസ് ചെയ്യിക്കാന്‍ കോളെജ് കുമാരന്മാര്‍ സിഗരെറ്റ് കൊളുത്തി പുകയൂതി വിടുന്നതെന്തിന്? സിസേഴ്സിന്റെയോ മറ്റോ പരസ്യവാചകം 'for men of action, satisfaction' എന്നാണ്. ഇതില്‍ നിന്നും പല പല കാര്യങ്ങളും ആദ്യമേ പറഞ്ഞുവെയ്ക്കുകയാണ്. ഒന്നാമതായി, ഇത് പെണ്ണുങ്ങള്‍ക്കുള്ളതല്ല. (ഈ വാചകം ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും ഉണ്ടായിരുന്ന കാലത്തും പുരുഷന്മാര്‍ മാത്രമൊന്നുമല്ല വലിച്ചിരുന്നത് എന്നും നമുക്കറിയാം. കാഞ്ച ഇലൈയ്യ പറയുന്നത് പുതു ബ്രാമണിക്കല്‍ ലിബറല്‍ സ്ത്രീകളുടെ വലി തുടങ്ങുന്നതിനും പതിറ്റാണ്ടുകള്‍ മുമ്പ് അദ്ദേഹത്തിന്റെ ഗ്രാമത്തിലെ തലമൂത്ത സ്ത്രീകള്‍ വലിച്ചിരുന്നു എന്നാണ്).
അപ്പോള്‍ അത് ആണുങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ അത് കേവലം ആണുങ്ങള്‍ക്കുള്ളതല്ല. അത് men of action ന് ഉള്ളതാണ്. എന്താണ് മെന്‍ ഓഫ് ആക്ഷന്‍? പണ്ടത്തെ പരസ്യം എനിക്കോര്‍മയുള്ളത്, ആ ചിത്രത്തില്‍ ഒരു ജീപ്പിന്റെയോ മറ്റോ മുന്നില്‍ നില്‍ക്കുന്ന പുരുഷനും അയാളുടെ പെണ്‍സുഹൃത്തുമാണ്. ആ നിപ്പ് കാണുന്നത്ര നിഷ്കളങ്കമല്ല. ആക്ഷന്‍ വാചകത്തില്‍ ക്രിയയല്ല. Noun തന്നെ. പക്ഷെ അത് ക്രിയ തന്നെയും ക്രിയ മാത്രവുമാണ് എന്ന് വളരെ വ്യക്തമാണ്. കാരണം മെന്‍ ഓഫ് ആക്ഷന്റെ കാര്യം പറയുമ്പൊ അവിടെ പെണ്ണ് വരണ്ട കാര്യമില്ല. അപ്പൊ പറഞ്ഞുവരുന്നത് പെണ്ണുംകൂടെ ഉള്‍പ്പെട്ടിട്ടുള്ള ആക്ഷന്‍ തന്നെയാണ്. അതായത്, ഒരു സിഗരെറ്റ് കമ്പനി ഒരുളുപ്പുമില്ലാതെ ഒരല്പം മാത്രം വളച്ചുകെട്ടി പറയുകയാണ്, <quote> അനങ്ങേണ്ടതൊക്കെ അനങ്ങുന്നവന് </unquote> (ബ്യൂട്ടിഫുള്‍ എന്ന പടത്തില്‍ നിന്ന് കിട്ടിയ വെളിപാടാണ്) മാത്രമേ ഇതുപയോഗിക്കാന്‍ പറ്റൂ എന്ന്. സിഗരെറ്റ് വലിക്കാത്ത പുരുഷന്മാരെല്ലാവരും ഷണ്ഡന്മാരെന്ന്.
മറ്റൊരു സിഗരെറ്റ് പരസ്യവാചകം made for each other ആണ്. അതിലും കാണാം ആണിനെയും പെണ്ണിനെയും. അതില്‍ സന്തുഷ്ടരായിരുന്ന് പച്ചക്കറിയരിയുകയും മറ്റും ചെയ്യുന്ന ഇണക്കിളികളാണെങ്കില്‍ത്തന്നെയും അര്‍ത്ഥതലങ്ങളൊക്കെ ഒന്നുതന്നെ.
ഡെഫിനിറ്റ്‌ലി മേല്‍
ആണ്‍, പെണ്‍ എന്ന ഇടങ്ങള്‍ കൃത്യമായി വേര്‍തിരിക്കാന്‍ പരസ്യങ്ങള്‍ മനപൂര്‍വമായ ശ്രമം നടത്തുന്നുണ്ടെന്ന് വ്യക്തം. പള്‍സറിന്റെ പരസ്യവാചകം definitely male എന്നാണ്. ബൈക്കിന്റെ ലിംഗം നിര്‍വചിക്കുകയാണ് ഈ പരസ്യം ചെയ്യുന്നത്. അതായത്, പുരുഷന്മാരല്ലാത്ത ബൈക്കുകളൊന്നും ബൈക്കുകളല്ല, അതുകൊണ്ട് ഈ ബൈക് വാങ്ങണം. അതാണീ പരസ്യത്തിന്റെ കാച്ച്. ഇനി ബൈക്ക് പുരുഷനാണോ അല്യോന്നെങ്ങനെ മനസ്സിലാക്കും? ഷഡ്ഡിയൂരിച്ചുനോക്കാന്‍ പറ്റില്ലല്ലോ. ബൈക്കായതോണ്ടേ. ഈ ബൈക്കുകള്‍ പുരുഷന്മാരാകുന്നത് വഴിയെ നടക്കുന്ന പെണ്ണുങ്ങളെ വായിന്നോക്കിയും അവരുടെ ഷോള്‍ സ്വന്തം ശരീരത്തില്‍ ഉടക്കിയുമൊക്കെയാണ്. അതായത് ബൈക്ക് ആണാണ്. ആണാണ് എന്നതിന്റെ തെളിവ് അതിന് സ്ത്രീകളെ ആകര്‍ഷിക്കാനും സ്ത്രീകളാല്‍ ആകൃഷ്ടനാകാനും സാധിക്കുന്നതുകൊണ്ടാണ്. സ്ത്രീകളെ ആകര്‍ഷിക്കുന്നത് അവളുടെ ഷോള്‍ കടന്നുപിടിച്ചാണെന്നു മാത്രം. ഇതിന് പരസ്യത്തില്‍ കാണുന്നതുപോലെ പൈങ്കിളി തലം മാത്രമാണോ?
സ്ത്രീയുടെ ശരീരത്തില്‍ അവളുടെ ഇഷ്ടത്തിന് അവള്‍ ധരിച്ചിരിക്കുന്ന ഒരു വസ്ത്രം പുരുഷനായ ബൈക്ക് കൈക്കലാക്കുകയാണ്. സ്തരീശരീരത്തിന്മേലും വസ്ത്രത്തിന്മേലും പുരുഷന് ആധിപത്യമുണ്ട് എന്ന് വരച്ചുകാട്ടുകയാണ് പരസ്യം.
ബൈക്കുകള്‍ ആണുങ്ങളുടെ മാത്രം കുത്തകയാണ് എന്നുള്ള കോണ്‍സെപ്റ്റ് നമ്മുടെ സിനിമകളും മറ്റും പണ്ടേ പ്രചരിപ്പിച്ചുകഴിഞ്ഞതാണ്. (പ്രേമം തുടങ്ങിയാലപ്പൊത്തൊടങ്ങില്ലേ ബൈക്കിന്റെ പൊറകിലിരുന്ന് പെണ്ണിന്റെയും പാമ്പ് ഇഴയണ പോലെ ഓടിച്ചോണ്ട് ആണിന്റെയും ആര്‍മാദം. യുവത്വത്തിന്റെ മാത്രമല്ല, എല്ലാ പ്രായത്തിലെയും പ്രണയത്തിന്റെ ഏറ്റവും റൊമാന്റിക് ആയ സങ്കല്പം ബൈക്കിലെ ഈ കറക്കമാണ്, സിനിമകളെ വെച്ച് നോക്കിയാല്‍. 'പ്രണയ'ത്തില്‍ ഫ്ലാഷ്ബാക്കില് മോഹന്‍ലാല് ബൈക്കിന്റെ പൊറകില്‍ ജയപ്രദേനേമിരുത്തി കടാപ്പറത്ത് പാടിപ്പാടി നടക്കണ സീനെത്തിയപ്പൊ തീയെറ്ററിലെമ്മാരി കയ്യടീം ആര്‍പ്പുവിളിയുമായിരുന്നു!)
പെണ്ണുങ്ങള്‍ക്കോടിക്കാന്‍ പറ്റുന്ന വാഹനങ്ങള്‍ എന്ന പേരില്‍ ഇറക്കുന്ന വണ്ടികളാകട്ടെ വളരെ കനം കുറഞ്ഞ ബില്‍ഡുകളില്‍ പിങ്ക് പച്ച മഞ്ഞ തുടങ്ങി ഗേളിഷ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിറങ്ങളിലിറങ്ങി.
ഇനി കാറുകളുടെ പരസ്യമായാലും അതിലെല്ലാം വ്യക്തമായ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടുണ്ടാകും. ഒന്നാമതായി കാര്‍ ഓടിക്കുന്നത് മിക്കവാറും പുരുഷനായിരിക്കും. കാര്‍ വാങ്ങാന്‍ പോകുന്നത് പുരുഷനായിരിക്കും. തന്റെ കുട്ടികള്‍ക്ക് സന്തോഷത്തിന്റെ താക്കോലും മറ്റും കൊടുക്കുന്നത് ഗൃഹനാഥനായ അച്ഛന്‍ തന്നെ. പെണ്ണിന് വരുമാനമാര്‍ഗമില്ലാതിരിക്കുക എന്ന അവസ്ഥയാണ് ഇവിടെ സാധാരണ സംഭവമായി അവതരിപ്പിക്കപ്പെടുന്നത്. അവള്‍ക്ക് വരുമാനമില്ലാത്തതുകൊണ്ടുതന്നെ ഒരിക്കലും വാഹനം വാങ്ങുന്നതോ സമ്മാനിക്കുന്നതോ ഒന്നും അവളായിരിക്കില്ല. ഓടിക്കുന്ന കാര്യവും അങ്ങനെതന്നെ. പെണ്ണുങ്ങള്‍ വണ്ടി ഓടിക്കാന്‍ അറിയാത്തവരാണ് എന്നും ധ്വനി. ഈ പരസ്യം ശ്രദ്ധിക്കുക.
ഇതില്‍ പുരുഷന്‍ മെത്തപ്പായയില്‍ നിന്നെഴുന്നേല്‍ക്കുന്നതുതന്നെ ചായ എന്നു പറഞ്ഞുകൊണ്ടാണ്. എന്നാല്‍ സ്ത്രീ അവന് ചായ കൊടുക്കുന്നില്ല. പരസ്യത്തില്‍ നിന്ന് വ്യക്തമാകുന്ന രണ്ടു കാര്യങ്ങളുണ്ട്. പതിവായി അയാള്‍ ചായ എന്നു പറഞ്ഞാണ് എണീക്കുന്നത്. പതിവായി അവള്‍ അയാള്‍ക്ക് ചൂട് ചായ കൊടുക്കാറുണ്ട്. പതിവില്ലാത്തവിധം ചായ കൊടുക്കാതിരിക്കുന്നത് അയാള്‍ക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. സോറി. മൂന്ന് കാര്യങ്ങളുണ്ടായിരുന്നു. :D പിന്നീടങ്ങോട്ട് ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു ചെറിയ യാത്രയ്ക്ക് പോകുന്നതിനെ എതിര്‍ക്കുന്ന ഭര്‍ത്താവിനെ അനുനയിപ്പിക്കാനുള്ള ശ്രമവും അതിന്റെ വിജയവുമാണ്. അതായത് ഭാര്യാഭര്‍തൃബന്ധത്തില്‍ ഭര്‍ത്താവിന്റെ സന്തോഷം അതിപ്രധാനമാണ്. അതിനെന്തെങ്കിലും തരത്തിലുള്ള തടസ്സം ഭാര്യ മുഖാന്തരം ഉണ്ടായാല്‍, ചായ കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍, അത് തീരും വരെ സിനിമ ശുഭപര്യവസാനിയാകുകയില്ല. ഭര്‍ത്താവ് സന്തുഷ്ടനാവുമോ ഇല്യോ എന്ന്ള്ളതാണ് ഈ സിനിമയുടെ ക്ലൈമാക്സ് എന്നര്‍ത്ഥം.
ഹാപ്പി വെഡ്ഡിംഗ് വിത് കല്യാണ്‍ സില്‍ക്ക്സ്
ദാമ്പത്യത്തില്‍ സ്ത്രീകളുടെ സ്ഥാനം എന്താണെന്ന് ഒരു വാശിയോടെ സ്ഥാപിച്ചെടുക്കാന്‍, അല്ലെങ്കില്‍ ഇങ്ങനെയൊക്കെയായിരുന്നു ഇതുവരെ, ഇനിയും അങ്ങനെത്തന്നെയായിരിക്കണം എന്ന് ശാസനയുടെയോ അധികാരത്തിന്റെയൊ സ്വരത്തില്‍ പറയാന്‍ പരസ്യങ്ങള്‍ ധൈര്യം കാണിക്കുന്നു. വളരെ സട്ടിലായി നടക്കുന്ന ഒരു മോറല്‍ പൊലീസിങ്.
[blurb:1:right] കല്യാണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെടുക്കുകയാണെങ്കില്‍, കല്യാണവസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ചിലപ്പോള്‍ ഇന്‍ഷ്വറന്‍സ്, ഇതിന്റെയൊക്കെ പരസ്യത്തില്‍ സ്വന്തം വീട് വിട്ട് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്ന ഭാര്യയെ കാണാം. പണ്ടുതൊട്ട് തുടര്‍ന്നുവരുന്ന ഈ സമ്പ്രദായത്തെ ഊട്ടിയുറപ്പിക്കുകയാണ് ഈ പരസ്യങ്ങള്‍ ചെയ്യുന്നത്. കല്യാണവുമായി ബന്ധമുള്ള എല്ലാ പരസ്യങ്ങളിലും ഈ രംഗം മിക്കവാറും എപ്പോഴും എല്ലാ പ്രോഡക്റ്റുകളും ഉള്‍പ്പെടുത്തുന്നതില്‍ ചില താല്‍പര്യങ്ങളില്ലേ. പെണ്ണ് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്നത് കാണിച്ചില്ലെങ്കില്‍ എന്താണ്?
ഇതിന്റെ പിന്നില്‍ ഭയം മാത്രമാണ്. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്, അത് സ്നേഹമോ, ശാരിരികമോ ആകട്ടെ, കല്യാണമെന്നോ കുടുംബമെന്നോ ഉള്ള ചട്ടക്കൂടുകള്‍ ആവശ്യമില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് ഇന്ന് പലരും. പലരും ഒരുമിച്ച് ഒരു വീട്ടില്‍ വെഡ്‌ലോക്കിനു പുറമേ ജീവിക്കുന്നു. ഇത് ഒരു ന്യൂനപക്ഷം തന്നെയാണ്. ഇത്തരത്തിലുള്ള ഒരു അഴിച്ചുപണി നടക്കുക നമ്മുടെ സദാചാരത്തിന് ചേര്‍ന്നതല്ല എന്ന ആശയം ഉള്ളില്‍ വെയ്ക്കുന്ന ഭൂരിപക്ഷത്തിന്റെ പേടിയാണ് ഈ പരസ്യങ്ങളിലൂടെ പുറത്തുവരുന്നത്.
പെണ്ണിന്റെ ആണ്‍വീട്ടില്‍പ്പോക്കിന്റെ ആവര്‍ത്തനം മാത്രമല്ല, കല്യാണം എന്നാല്‍ ഇങ്ങനെ മതാചാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാകണമെന്നും (അങ്ങനെയാവണമെങ്കില്‍ അത് തീര്‍ച്ചയായും രണ്ട് മതങ്ങളോ ജാതികളോ തമ്മിലുള്ളതല്ല) കല്യാണം തന്നെ വേണമെന്നും നിഷ്കര്‍ഷിക്കുന്നവയാണ് പരസ്യങ്ങള്‍. നമ്മുടെ സീരിയലുകളിലൊന്നില്‍ പോലും കല്യാണം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്ന സ്ത്രീയെയോ പുരുഷനെയോ, സ്വവര്‍ഗാനുരാഗികളെയോ കാണാത്തതുപോലെ, പരസ്യങ്ങളിലും അതുണ്ടാവില്ല, ഒരിക്കലും.
ഇതൊക്കെ കാണുമ്പോള്‍ വേറെതന്നെ ഒരു പരസ്യം ഓര്‍മ വരുന്നു. സൈക്കിള്‍ ശുദ്ധ അഗര്‍ബത്തികള്‍ എന്നു കേള്‍ക്കുമ്പോഴേ നമ്മള്‍ ' പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ' എന്ന് പറയും. അത്രയ്ക്ക് പ്രചാരം ലഭിച്ച പരസ്യവാചകമാണത്. അതിപ്പോള്‍ മാറിവന്നിരിക്കുന്ന കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല. ഇപ്പോള്‍ അത് 'ദൈവം ഉണ്ട് ' എന്നാണ്. പണ്ടത്തേതും പുതിയതും തമ്മിലുള്ള വ്യത്യാസം വലുത് മാത്രമല്ല, പേടിപ്പെടുത്തുന്നതുംകൂടിയാണ്.
ആദ്യത്തേതില്‍ പ്രാര്‍ത്ഥന എന്ന വാക്ക് എന്തിനെ വേണമെങ്കിലും സൂചിപ്പിക്കാവുന്ന ഒന്നാണ്. ചന്ദനത്തിരി പ്രാര്‍ത്ഥനയ്ക്ക് മാത്രമല്ല, എന്റെ വീട്ടില്‍ എലി ചത്താലും ഉപയോഗിക്കാറുണ്ട് എന്നിവടെ പറയേണ്ടി വരും. എന്നാലും പ്രാര്‍ത്ഥന എന്നത് ഏറെക്കുറെ നിരുപദ്രവകാരിയായ ഒരു പദമാണ്. പരസ്യത്തില്‍ എല്ലാവരും ഈശ്വരാ എന്ന് വിളിച്ചോ ചിത്രങ്ങള്‍ക്കുമുമ്പില്‍ നിന്നോ ആണ് പ്രാര്‍ത്ഥിക്കുന്നത് എങ്കില്‍പോലും, പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് എന്ന് പറയുന്നതിലൂടെ അതിന് കുറെക്കൂടെ വിശാലമായ ഒരര്‍ത്ഥം വന്നുചേരുന്നുണ്ട്.
തന്റെ നമ്പര്‍ വണ്‍ ശത്രു വണ്ടിയിടിച്ച് കാലൊടിഞ്ഞ് കെടക്കണേയെന്ന് വേണമെങ്കില്‍ പ്രാര്‍ത്ഥിക്കാം. ഇതിലും വൃത്തികെട്ടതോ, നികൃഷ്ടമോ ആയ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അങ്ങിനെയങ്ങനെ. എന്നാല്‍ ദൈവം ഉണ്ട് എന്ന് പറയുന്നതിലൂടെ പല വസ്തുതകളും സൌകര്യപൂര്‍വം ഒളിച്ചുവെയ്ക്കുന്നു എന്നു മാത്രമല്ല (ശാസ്ത്രത്തിന്റെ എക്സിസ്റ്റെന്‍സ് തന്നെ) ഥീയിസം എന്ന മതം തന്നെ നമ്മുടെ മോളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നത്. നേരത്തേയുണ്ടായിരുന്ന അവ്യക്തത എന്തുകൊണ്ടും അരാജകത്വമാണ് എന്ന് കണ്ട് അത് പുതുക്കി, തേങ്ങയില്‍ വെള്ളം നിറയ്ക്കാനും മറ്റും സാധ്യമാവുന്നത് ദൈവമുള്ളതുകൊണ്ടാണ് എന്നും, അങ്ങനെ ഇല്ല എന്നോ മറ്റോ ആരെങ്കിലും പറഞ്ഞാല്‍ പരസ്യം നോക്കുക, ദൈവം ഉണ്ട് എന്ന് ബോധ്യപ്പെടും എന്നുമാണ് പരസ്യം പറയുന്നത്. എന്ത് ഫാസിസമാണത്!
പറഞ്ഞുവരുന്നത്, കല്യാണങ്ങള്‍ തുടരെത്തുടരെ കാണിക്കുന്നതിലൂടെയും, കല്യാണമില്ലായ്മ കാണിക്കാതിരിക്കുന്നതിലൂടെയും നേരത്തെ പറഞ്ഞ പരസ്യങ്ങളും ചെയ്യുന്നത് ഇതുതന്നെ. ഹാവ് എ ഹാപ്പി വെഡിങ്ങ് വിത് കല്യാണ്‍ സില്‍ക്ക്സ് എന്ന് പൃഥ്വിരാജ് പറയുമ്പോള്‍ ശെരിക്കും നമ്മുടെ തലച്ചോറുകള്‍ കാണുക 'ദൈവം ഉണ്ട് ' എന്ന് പറയുന്നതുപോലെത്തന്നെ 'കല്യാണം ആവശ്യമാണ്' എന്നാണ്.
കൊള്ളാം കൊള്ളാം. ഒരു രണ്ട് കിലോ പോരട്ടെ...
എന്റെ സുഹൃത്ത് ചൂണ്ടിക്കാണിച്ചപ്പോളാണ് പുതീതായി വന്ന വേറൊരു പരസ്യത്തിന്റെ വൈകൃതം ഞാന്‍ ശ്രദ്ധിക്കുന്നത്. ഇന്‍ഡിഗോ പെയിന്റ്സിന്റെ പരസ്യമാണത്. നഗരത്തില്‍ ഇതിന്റെ ഹോര്‍ഡിങ്ങ് കാണാം. പല മാസികകളിലും. കേരള സാരിയുടുത്ത് നില്‍ക്കുന്ന ഒരു സ്ത്രീ. അവരുടെ മുടി ഇലെക്ട്രിക് ഷോക് അടിച്ച പോലെയാണ്. പരസ്യവാചകം ഇങ്ങനെയാണ്. 'എല്ലാം നല്ലത്, പക്ഷെ മുടി കണ്ടില്ലേ'.
വീടൊക്കെ കൊള്ളാം, പക്ഷേ, പെയിന്റ് നല്ലതല്ലാത്തോണ്ട് ഒക്കെ പോയി. എല്ലാം തിരിച്ച് കിട്ടണെങ്കി ഈ പെയിന്റ് തന്നെ ഉപയോഗിക്കണം എന്നാണുദ്ദേശിക്കുന്നത്. പക്ഷെ പെണ്ണിന്റെ മുടിയും പെയിന്റും തമ്മിലെന്ത്? ഒരു സ്ത്രീയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദങ്ങളും ശൈലിയുമെന്താണങ്ങനെ? എല്ലാം കൊള്ളാമെന്നു പറയുമ്പൊ എന്തൊക്കെ കൊള്ളാം?
ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തി ഒരു മുഴുവന്‍ ശരീര സ്കാന്‍ അങ്ങ് നടത്തുകയാണ്. കാല്‍വിരലുകള്‍ തൊട്ടായിരിക്കാം തുടങ്ങിയിരിക്കുക. അപ്പൊ അവിടം തൊട്ട് തുടങ്ങി അവളുടെ സ്വകാര്യതകളോരോന്നും സ്കാന്‍ ചെയ്ത് മാര്‍ക്കിടുന്നു. ആര്? അവരെ അവടെ അങ്ങനെ നിര്‍ത്തിയവരാരോ അവര്‍. (ബഹുവ്രീഹി സമാസം. ആഹ. ആ വാക്ക് ഹൈസ്കൂള്‍ കഴിഞ്ഞിപ്പഴാണുപയോഗിക്കണത്. :D )
[blurb:2:left] അപ്പോള്‍ ഇതൊരുതരം കച്ചവടസ്വഭാവമുള്ള ചിത്രമാണ്. പെണ്ണാണ് കച്ചവടസാമഗ്രി. ചരക്ക് എന്നും പറയാം. ആണുങ്ങള്‍ പെണ്ണുങ്ങളെ ചരക്ക് എന്ന് സ്നേഹപൂര്‍വം വിളിക്കുന്നതെപ്പോഴാണെന്ന് സസ്നേഹം ഓര്‍ക്കുന്നു. സുപ്രണാമം. ഇതും ആ അര്‍ത്ഥത്തിലേയ്ക്ക് തന്ന്യാണ് വരണത്. പെണ്ണ് എന്ന ചരക്കിനെ കച്ചവടത്തിന് കൊണ്ടുവന്നു വെച്ചിരിക്കുകയാണ്. പക്ഷെ കച്ചവടം നടക്കണെങ്കില്‍ ചരക്കിന് കേടുപാടുകളൊന്നും പാടില്ലല്ലോ. ഏത്. വല്ല തട്ടലോ മുട്ടലോ പറ്റി ഇടിവോ ചതവോ അങ്ങനെ വല്ലതും. (കല്യാണത്തിന് മുമ്പ് പെണ്ണിന് പണ്ട് പ്രേമബന്ധങ്ങളെന്തെങ്കിലുമുണ്ടായിരുന്നോ എന്നന്വേഷിക്കുക എന്ന തൊഴിലുകൊണ്ട് അന്നത്തിനുള്ള വക കണ്ടുപിടിക്കുന്ന ഡിറ്റെക്റ്റിവുകളെ ഓര്‍ത്തുപോകുന്നു). അപ്പോള്‍ നമ്മുടെ മുമ്പില്‍ ചരക്കായി കൊണ്ടുവെച്ചിരിക്കുന്ന പെണ്ണിനെ സൌന്ദര്യത്തിന്റെ അളവുകോല്‍ കൊണ്ട് അളക്കുകയാണ്.
ഇവിടെ വാചകം വെച്ച് നോക്കുമ്പോള്‍ സൌന്ദര്യം മാത്രമല്ല അളക്കുന്നത് എന്ന പ്രതീതി ഉണ്ടാകുന്നുണ്ട്. (എല്ലാം കൊള്ളാം) ഇനി അളക്കുന്നതെന്തായാലും ഷോക്കടിച്ചപോലെയുള്ള മുടി, അത് നന്നല്ല. അതുകൊണ്ട് ആ ചരക്ക് എടുക്കാന്‍ സാദ്ധ്യമല്ല. കേടുപാടുകളുള്ള പെണ്ണിനെ - കല്യാണവ്യവസായത്തില്‍ ഇത് കന്യകാത്വം എന്ന കോണ്‍സെപ്റ്റിലാണ് -  വാങ്ങുക സാദ്ധ്യമല്ല. അതുപോലെ പെയിന്റ് നല്ലതല്ലാത്ത വീടും കൊള്ളില്ല.
പെണ്ണുങ്ങളുടെ തടിയും തൂക്കവും വര്‍ദ്ധിപ്പിക്കാനുള്ള ലേഹ്യോ അങ്ങനെന്തോ സാധനോ പ്രചരിപ്പിക്കാനുള്ള പരസ്യത്തില്‍ അമ്മ പറയുന്നത് അത് കഴിച്ച് മോള്‍ക്ക് തടീം തൂക്കോം വര്‍ദ്ധിച്ചു. അതുകൊണ്ടിപ്പൊ കല്യാണാലോചനകള്‍ടെ തെരക്കാണ് എന്നാണ്. അവിടെയും കാണാം ഒരു ചരക്ക്‌വത്കരണം. ഇത്രം നാളും ചെലവില്ലാണ്ടിരുന്ന എന്തോ സംഗതി കൊറച്ച് പുഷ്ടിപ്പെടുത്തിയെടുത്തപ്പോള്‍ വാങ്ങാന്‍ ആള്‍ക്കാരുണ്ടേ എന്ന് പറയുന്ന രീതിയില്‍.
ഇതുപോലെത്തന്നെ സ്ത്രീകളുടെ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെ പരസ്യവും ഈ നിലയില്‍ത്തന്നെയാണ് പ്രമോട്ട് ചെയ്യപ്പെടുന്നത്. അവിടെ വിവാഹം മാത്രമല്ല, സിനിമാതാരമാവാനും, ഇന്റര്‍വ്യൂവില്‍ തിളങ്ങാനും, എല്ലാം എല്ലാം വെളുത്ത നിറവും ക്രീമും മാത്രം മതി.
ചുരുക്കിപ്പറഞ്ഞാല്‍ പരസ്യങ്ങളിലൂടെ നമ്മുടെ തലച്ചോറിലേയ്ക്ക് പ്രവഹിക്കുന്ന കാര്യങ്ങള്‍ വളരെ വൃത്തികെട്ട ഐഡിയോളജികളാണ്. പരസ്യങ്ങളിലെല്ലാവരും ഒരേ തരത്തിലുള്ള അച്ചടി മലയാളം പറയുകയും, എന്നാല്‍ അത് മുസ്ലീങ്ങളാവുമ്പൊ നിര്‍ബന്ധമായും മലപ്പുറം ഭാഷ പറയുകയും ചെയ്യുന്നതും (ആ ധാത്രി കള്ളപ്പരസ്യങ്ങളില്‍ മുസ്ലീം കുടുംബത്തില്‍ ചെല്ലുമ്പൊ സ്ത്രീ 'മുടി തൊയിച്ചില്‍' എന്നു പറഞ്ഞ് തുടങ്ങുന്നത് നോക്കിയാ മതി. ബാക്കി സ്ത്രീകളൊക്കെ ഒരേതരത്തില്‍ സംസാരിക്കും. ഇവടെയെത്തുമ്പൊ മാത്രം ഭാഷ മാറും) തൊഴിലാളികള്‍ എപ്പോഴും അബദ്ധങ്ങള്‍ പറ്റുന്ന വിഡ്ഢികളാകുന്നതും, എല്ലാം ഇതിന്റെ ഭാഗമാണ്.
അതുകൊണ്ട് തന്നെ, ടെലിവിഷന്‍, മീഡിയയുടെ മുമ്പിലിരുന്നാല്‍ നമ്മള്‍ കണ്ണും കാതും എല്ലാം കൂര്‍പ്പിച്ച് വെയ്ക്കണം. അപ്പൊ എനിക്ക് തോന്നിയപോലെള്ള അരിശം എല്ലാര്‍ക്കും തോന്നും. അപ്പഴാണ് റിമോട്ട് തല്ലിപ്പൊട്ടിക്കാന്‍ തോന്ന. റിമോട്ടും ഫോണും അരിശമുള്ള കൈകളില്‍ വാഴാത്തതുപോലെ, പരസ്യങ്ങളുടെ വൃത്തികെട്ട വിഷം നമ്മുടെ ഉള്ളിലും കടന്നുകൂടാതിരിക്കും. ഏതായാലും ഒരു പരസ്യത്തിനെക്കൂടെ കോഞ്ഞാട്ടയാക്കീട്ടവസാനിപ്പിക്കാം. എന്നാലേ എന്റെ റിമോട്ടിന്റെ പണി തീരാണ്ടിരിക്കൂ. കീ ബോര്‍ഡ് ഏകദേശം ഒരു വഴിയായി. :D
ഈയടുത്ത് എനിക്ക് കണ്ടട്ടേറ്റവും ദേഷ്യം വന്ന പരസ്യം ഈസ്റ്റേണ്‍ കറി പൌഡറിന്റെ പുതിയ ജിംഗിളും അതിന്റെ വീഡിയോയുമാണ്. അവസാനം റെയ്ഡും നടത്തി ആപ്പീസ് പൂട്ടാറായീന്ന് മനസ്സിലായപ്പൊ എനിക്ക് കൊറച്ചധികം സന്തോഷണ്ടാവാന്‍ കാരണോം ഈ പരസ്യത്തിന്റെ വൃത്തികേടുംകൂടെയാണ്. ഹൊ!
ഇതിനെ ഷോട്ട് ഷോട്ടായി നോക്കിയാല്‍ നല്ല തമാശയാണ്. ജിംഗിളിന്റെ വരികള്‍ അതിലപ്പറം.
ഡിസ്‌ക്ലേമര്‍: എനിക്ക് തിരക്കഥ എഴുതലിന്റെ അടിസ്ഥാനപാഠങ്ങളൊന്നും അറിയില്ല. കട്ട് ചെയ്യുമ്പൊ ഉപയോഗിക്കണ വാക്കുകളും വല്യ വശമില്ല. ഒരു ആന്തോളനത്തില്‍ എഴുതും. കാര്യം മനസ്സിലായാല്‍ മതിയല്ലോ.
ഈസ്റ്റേണ്‍ തോട്ടങ്ങളിലെ സ്ത്രീകളുടെ ഒഴുകിയാടുന്ന കൈകള്‍. അവര്‍ക്കെതിരെ ഓടിച്ചോണ്ട് വരുന്ന ഒരു മഞ്ഞക്കളറ് വാന്‍. വീട്ടില്‍ കടേന്ന് പച്ചക്കറീം സാധനങ്ങളും വാങ്ങി അടുക്കളേല് കൊണ്ട് വെയ്ക്കണ നായിക. അടുത്തെത്തിയ ഈസ്റ്റേണ്‍ മഞ്ഞ വാനിനെ കൈ ആട്ടിയാട്ടി വിടുന്ന ജോലിക്കാര്‍ സ്ത്രീകള്‍.
(ആ നാട്ടില്‍ തോട്ടം ജോലിക്കാര്‍ കള്ളിമുണ്ടും ഡിസൈനര്‍ ചുരിദാറിന്റെ ഷോളുമാണ് ജോലിക്ക് പോകുമ്പൊ ഇടാറ്)
തനന്ന നാനാ നന തനന്ന നാനാ നന.
(ജിംഗിള്‍ നേര്‍ത്തേ എല്ലാ വീട്ടമ്മമാര്‍ക്കും അറിയാവുന്നതോണ്ട്) ഈസ്റ്റേണ്‍ ജിംഗിളിന്റെ താളത്തില്‍ ഡാന്‍സ് കളിച്ച് പാചകം ചെയ്യുന്ന നായിക. അവരുടെ മുടി കാറ്റത്തിങ്ങനെ ആടും.
വരു വരു എല്ലാവരും വരു, തരു തരും ഞങ്ങളാനന്ദം
വീണ്ടും ഇതേ താളത്തില്‍ കൈകളാട്ടി തോട്ടം പണിക്കാരായ സ്ത്രീകള്‍
തുരുതുരെ ഞങ്ങള്‍ നുള്ളിവിതറുമ്പോള്‍
വാന്‍ തിരിച്ചുപോകുന്നു. നായിക ഉണ്ടാക്കിയ സാമ്പാര്‍(?) ഒരു മൈലകലെ പിടിച്ച് മണപ്പിച്ച് നോക്കുന്നു. മുടിയിപ്പോളും കാറ്റത്താടുന്നുണ്ട്. അവര്‍ അത് രുചിച്ച് നോക്കില്ല. ഭര്‍ത്താവിന് കൊടുക്കുന്നത് എച്ചിലാണെന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക്ണ്ടാവാന്‍ പാടില്ലല്ലോ.
കുടു കുടെ വീഴുമാനന്ദം.
(ഏതോ ഹൈയര്‍ സെക്കന്ററി സ്കൂളിന്റെ) ലാബില്‍ ബ്യൂറെറ്റും പിപ്പെറ്റും വെച്ച് അഭ്യാസം കാണിക്കുന്ന യുവ ശാസ്ത്രജ്ഞന്‍ . അടുത്ത നിമിഷം ഇയാളും കൂട്ടുകാരും വെള്ളേം ചുകപ്പും യൂണിഫോമില്‍ നിരന്നു നിന്ന് വന്‍ ഐറ്റം നമ്പറ് ഡാന്‍സ്. ലാബില്‍ നിന്നും മഞ്ഞ വാന്‍ തിരിച്ചുപോകുന്നു. ഇപ്പോള്‍ പെട്ടന്ന് അവ വാനുകള്‍ ആയിട്ടുണ്ട്.
പല തലങ്ങളില്‍ മാറ്റുനോക്കുമ്പോള്‍ കിലുകിലാ പോലെ ആനന്ദം.
നായിക സാമ്പാര്‍ പാത്രം അവസാനം സ്റ്റവിന്റെ മോളീന്നെറക്കി വെയ്ക്കുന്നു. സ്റ്റിയറിങ്ങ് തിരിക്കുന്ന വാന്‍ ഡ്രൈവന്റെ രോമാവൃതമായ ബലിഷ്ഠമായ കൈകള്‍ . പിന്നെ ഡ്രൈവന്റെ പാട്ടു പാടുന്ന തല, വരി വരിയായി പോകുന്ന കുറച്ചുമുമ്പ് ഉണ്ടായ മറ്റു മഞ്ഞ വാനുകള്‍, പാട്ടുപാടി ആസ്വദിച്ചോടിക്കുന്ന ഡ്രൈവനും കിളിയും. വാന്‍ അവസാനം എവടെയോ ചവിട്ടി നിര്‍ത്തുന്നു. ഡ്രൈവന്‍ വന്ന് വാനിന്റെ പുറകിലത്തെ വാതില്‍ തുറക്കുന്നു.
പട പടാ ഞങ്ങള്‍ ഈസ്റ്റേണ്‍ ഏറ്റുമ്പൊള്‍
ഇടവിടാന്‍ തൊടും ആനന്ദം??!
വീട്ടില്‍ കുറെ പാചകപ്പൊടിക്കുപ്പികളില്‍ നിന്ന് ഒരെണ്ണമെടുക്കുന്ന നായിക. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഈസ്റ്റേണ്‍ പൊടി വാങ്ങുന്ന നായികയേക്കാള്‍ പ്രായമുള്ള വേറൊരു സ്ത്രീ. കാഷ് കൌണ്ടറിനുമേല്‍ ഈസ്റ്റേണ്‍ പൊടി. (എല്ലാവരും കടേല്‍ ചെന്നാല്‍ ഇതു മാത്രമേ വാങ്ങാറുള്ളു എന്നര്‍ത്ഥം)
ഈസ്റ്റേണ്‍ ആനന്ദം കൂടിലാകുമ്പോള്‍ വാങ്ങും നിങ്ങളുമാനന്ദം
വീട്ടില്‍ ഈസ്റ്റേണ്‍ പൌഡര്‍ കവര്‍ എടുക്കുന്ന നായിക. ആടിപ്പാടി അത് കറിയിലിടുന്നു. വീണ്ടും മണപ്പിച്ചുനോക്കുന്നു. എന്നിട്ട് ചിരി തൂകി ചിന്താമഗ്നയാകുന്നു. ഫേഡ് എവേ.
വരു വരു ഞാന്‍ പാകം ചെയ്യുമീവീട്ടിലെ സര്‍വാനന്ദം
തീന്‍മേശയ്ക്കുമുകളില്‍ വേറെ കൊറെ കറികളുടെ കൂട്ടത്തില്‍ അവസാനത്തെ കറിയും കൊണ്ടുവെയ്ക്കുന്ന നായികാകൈകള്‍ . ഗൌരവത്തില്‍ ഭാര്യയെ നോക്കുന്ന ഭര്‍ത്താവായ നായകന്‍ . പേടിച്ചുവിറച്ചപ്പറത്തിരിക്കുന്ന നായിക. (എന്തേ ഇരുന്നേ? ഭവ്യതയില്‍ നിക്കുകയല്ലേ വേണ്ടിയിരുന്നത്?!) ഭര്‍ത്താവ് കഴിക്കാന്‍ തുടങ്ങുമ്പോള്‍ പേടി കൂടുന്നു (ഏത്, കറി നന്നായില്ലെങ്കിലോ എന്നേ)
ക്ലൈമാക്സ് : ഭര്‍ത്താവ് ബോധിച്ച മട്ടില്‍ തലകുലുക്കി വക്രിച്ച ചിരി ചിരിക്കുന്നു. വ്രീളാവിവശയായി തലകുനിച്ച് പുഞ്ചിരി തൂകുന്ന നായിക. ജിംഗിളിന്റെ അവസാന തനന്ന നാനാ നന പാടിക്കൊണ്ട് മേശപ്പുറത്തിരുന്ന ഏതോ ഒരു പാത്രം ഒരാവശ്യവുമില്ലാതെ അവിടെ നിന്നെടുത്ത് വേറെവിടേയ്ക്കോ വെയ്ക്കുന്ന നായിക.
ആണ്‍ശബ്ദം: ചേരൂ, ഈസ്റ്റേണ്‍ ആനന്ദശ്രേണിയില്‍.
പിന്നെ സ്ക്രീനില്‍ ഒരെഴുത്തും.
"കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി കേരളത്തിലെ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ ഈസ്റ്റേണ്‍ ആനന്ദത്തില്‍ വളരുന്നു.”
ഒക്കെ സമ്മതിച്ചു. വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് സ്ത്രീകള്‍ മാത്രമാണ്, ഭര്‍ത്താവിന് രുചി പിടിച്ചോ ഇല്യോ എന്നതാണ് എല്ലാ സ്ത്രീകളുടെയും ജീവിതപ്രശ്നം, അവരാകട്ടെ അവരന്നെ ണ്ടാക്കണ ഭക്ഷണത്തീന്ന് ഇച്ചിരീംകൂടെ കഴിക്കില്ല.
ആനന്ദം ഉണ്ടാക്കി വിറ്റ് വിറ്റ് കുടു കുടാന്നും പട പടാന്നും കാശ്ണ്ടാക്കണ ഈസ്റ്റേണിന്, അധികൊന്നും വേണ്ട, പക്ഷെ കൊറച്ച്, ഒരു ടീസ്പൂണ്‍, നാണം വേണ്ടേ?
ഏതായാലും എന്റെ കണ്ടെത്തല്‍ ഇതിന്റെ ജിംഗിളും വീഡിയോയും ഭയങ്കരമായ ഒരമളി പിണഞ്ഞതാണെന്നാണ്. ആനന്ദം പട പടാ, ചട ചടാന്നൊക്കെ പറയണ ജിംഗിളും കാറ്റത്ത് മുടി പറത്തി പാചകം ചെയ്യണ നായികേം തമ്മില്‍ വല്യ ബന്ധമൊന്നുമില്ല. ശെരിക്കും ഇത് മുസ്ലി പവര്‍ എക്സ്ട്രായ്ക്ക് വേണ്ടി എഴുതപ്പെട്ട ജിംഗിളാണ്. അങ്ങനെയാവുകയേ തരമുള്ളു. അതിന്റെ സ്ക്രിപ്റ്റ് ഇങ്ങനെയായിരുന്നിരിക്കണം.
ലബോറട്ടറിയില്‍നിന്ന് കുട്ടികളുണ്ടാവാത്തതിന്റെ കാരണം കയ്യില്‍ക്കിട്ടി റിസള്‍ട്ടുമായി പുറത്തേയ്ക്ക് വിഷണ്ണരായി വരുന്ന ദമ്പതികള്‍ . ഭാര്യ ഭര്‍ത്താവിനെ ഒരു വല്ലാത്ത നോട്ടം നോക്കുന്നു. ഭര്‍ത്താവ് അനന്തതയിലേയ്ക്ക് നോക്കുന്നു. അനന്തതയില്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ ഹോര്‍ഡിങ്ങ്
തനന്ന നാ നാ നന. തനന്ന നാ നാ നന.
മനസ്സില്‍ ലഡ്ഡു പൊട്ടിയ ഭാവവുമായി ഭര്‍ത്താവ്. (ആ പരസ്യങ്ങളിലും ഫുള്‍ കൊഴപ്പമാണ്- cadbury dairy milk shots. പക്ഷെ വാചകം ഏതായാലും നിത്യജീവിത സംഭാഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു :) )
ഇരുവരും ആടിപ്പാടി വീട്ടിലേയ്ക്ക് പോകുന്നു.
കട്ട് ടു
(വീട്ടിനുള്ളില്‍ നടന്നതെന്താണെന്ന് ടി വീല് കാണിക്കാന്‍ പാടില്ലാത്തതാകുന്നു. അല്ലെങ്കിപ്പിന്നെ തെയ്യത്തിന്റെ ക്ലിപ്പുകളിലേയ്ക്ക് കട്ട് എവേ ചെയ്യണം)
മുസ്ലി പവര്‍ എക്സ്ട്രായുടെ മുതലാളി തന്നെ വന്ന് ഡാന്‍സ് കളിക്കുന്നു. പിന്നാലെ മുതലാളിയുടെ മക്കളും ഭാര്യമാരും അവരുടെ കുട്ടികളും, അവരുടെയും കുട്ടികളും ഒക്കെ വന്ന ഡാന്‍സ് കളിക്കുന്നു. അവര്‍ പാടുന്നു,
വരു വരു എല്ലാവരും വരു, തരു തരും ഞങ്ങളാനന്ദം
തുരുതുരെ ഞങ്ങള്‍ നുള്ളിവിതറുമ്പോള്‍ കുടു കുടെ വീഴുമാനന്ദം
പല തലങ്ങളില്‍ മാറ്റുനോക്കുമ്പോള്‍ കിലുകിലാ പോലെ ആനന്ദം.
പട പടാ ഞങ്ങള്‍ മുസ്ലി ഏറ്റുമ്പൊള്‍ ഇടവിടാതെ വന്‍ ആനന്ദം
മദ്ധ്യവയസ്കനായ വേറെ തന്നെ ഒരു കാമുകന്‍/ഭര്‍ത്താവ് മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് മുസ്ലി പവറും കൊറെ ഗുളികകളും വാങ്ങുന്നു. അതൊക്കെക്കൂടെ ഒരു കവറിലാക്കി കാഷ് കൌണ്ടറില്‍ വെയ്ക്കുന്നു (ക്ലോസ് അപ്. കൈകള്‍ മാത്രേ ഉള്ളൂ)
മുസ്ലി ആനന്ദം കൂടിലാകുമ്പോള്‍ വാങ്ങും നിങ്ങളുമാനന്ദം
വരു വരു ഞാന്‍ വാങ്ങിക്കൂട്ടുമീവീട്ടിലെ സര്‍വാനന്ദം
ഫേഡ് എവേ.
ഇനി ക്ലൈമാക്സ്.
ടെന്‍ഷന്‍ അടിച്ച് ലബോറട്ടറി റിസള്‍ട്ട് കാത്ത് നിന്ന് ഉലാത്തുന്ന ഭര്‍ത്താവ്. ഭീഷണി നോട്ടം നോക്കുന്ന ഭാര്യ. റിസള്‍ട്ടിന്റെ കവറ് കൌണ്ടറില്‍ (ഇതും ക്ലോസ് അപ്). പേടിച്ചുവിറച്ച് അത് തുറക്കുന്ന ഭര്‍ത്താവ്. ശുഭവാര്‍ത്ത (അതെന്തായാലും) തരുന്ന റിസള്‍ട്ടാണെന്ന് കണ്ട് സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടുന്ന ഭര്‍ത്താവ്. വൈകാതെ തുള്ളിച്ചാടലില്‍ പങ്ക് ചേരുന്ന ഭാര്യ.
തനന്ന നാ നാ നന
വോയ്സ് ഓവര്‍
ചേരൂ മുസ്ലി ആനന്ദശ്രേണിയില്‍
സ്ക്രീനില്‍ എഴുത്ത്
ആദം ഹവ്വാ മുതല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മുസ്ലി ആനന്ദശ്രേണിയെ ആശ്രയിക്കുന്നു.
നന്ദി നമസ്കാരം.
ഇത് വലിയ ടൊയിങ്ങ് ആണല്ലോ! :D :D

first published in malayal.am








ഇല്ലായ്മ ക്രിയേഷന്‍സ് അവതരിപ്പിക്കുന്നു

ഇതെഴുതാന്‍ കൊറെ പ്രാവശ്യമിരുന്നു. പിന്നെ വേണ്ടാന്ന് വെയ്ക്കും. എന്നെപ്പറ്റിയെഴുതുമ്പൊ, എന്നെ ഇഷ്ടപ്പെടുന്ന പലരെപ്പറ്റീംകൂടിയായിപ്പോവും. പിന്നെ അവര്‍ക്ക് വെഷമാവോന്ന്ള്ള പേടി, അതിന്റെ കുഞ്ഞി നീറ്റല്.
നീറ്റല് മാറ്റാന്‍ ഞാന്‍ കൊറെ ചിരിച്ച ഒരു തമാശ വെച്ച് തൊടങ്ങാം. എനിക്ക് തോന്നുണു, പലയിടത്തും സ്ഥലോം സന്ദര്‍ഭോം കഥാപാത്രങ്ങളേം മാറ്റി ഈ തമാശ പറയാറ്ണ്ടാവുംന്ന്. ഇതേതായാലും എന്നോട് പറഞ്ഞത് നാടകക്കാരനായ ഒരു പഴയ സുഹൃത്താണ്.
ഒരു നാടകത്തിന്റെ പ്രിവ്യൂ നടക്കുന്നു. പേരുകേട്ട കൊറേ പേരെ വിളിച്ചട്ട്ണ്ട്. ‘ഇല്ലായ്മ ക്രിയേഷന്‍സ് അവതരിപ്പിക്കുന്നു’ എന്ന് പറഞ്ഞാണ് തൊടങ്ങിയത്. നോക്കുമ്പൊ പറ്റ പോക്ക്. ഒരു വകയ്ക്ക് കൊള്ളില്ല. നാടകം കഴിഞ്ഞ് പുറത്തുവന്ന സംവിധായകന്‍ നടന്ന് അഭിപ്രായം ചോദിക്കുന്നു. എല്ലാരും ആര്‍ക്കും കേടുപാടുകളില്ലാത്ത വിധത്തില്‍ ഓരോ മറുപടികള്‍ കൊടുത്ത് അയാളെ സന്തോഷിപ്പിക്കുന്നു. അവസാനം അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു നടന്റടുത്ത് അഭിപ്രായം ചോദിച്ചപ്പൊ അയാള്‍ പറഞ്ഞൂ ‘നാടകൊക്കെ കൊള്ളാം, പക്ഷെ, പ്രൊഡക്ഷന്റെ പേര് ‘ഇല്ലായ്മ’ എന്ന്ള്ളത് മാറ്റി ‘തന്തയില്ലായ്മ’ എന്നാക്കണായിരുന്നു’ എന്ന്. നമുക്ക് അവരുടെ പിന്നീടുള്ള വഴക്കുകള്‍ അവടെ തുടരാന്‍ സമ്മതിച്ച് തിരിച്ച് ഇങ്ങ്ട് വരാം.
കേട്ടപ്പൊ ഞാന്‍ കൊറെ ചിരിച്ചതാണ്. ശെരിയാണ്. പക്ഷെ ഈയട്ത്ത് ഞാന്‍ അതിലെ തന്തയില്ലായ്മ എന്ന പ്രയോഗത്തിനെപ്പറ്റി കൊറെ ആലോചിക്കണ്‌ണ്ട്. അതെന്തോണ്ടാണ് തെറിയാവണത്? ഇപ്പൊ സിനിമേലാണെങ്കിലും ഒരു ഫൈറ്റ് സീനിന് മുമ്പ് നായകന് വില്ലന്റെ വീട്ടിന് മുമ്പില്‍ നിന്ന് ഒരു ഡയലോഗ് പറയാന്ണ്ടെങ്കില്, ‘എറങ്ങിവാടാ തെണ്ടീ’ എന്ന് പറയാന്ള്ളെടത്ത് വേണെങ്കി ‘ഒറ്റത്തന്തയ്ക്ക് പെറന്നവനാണെങ്കി എറങ്ങിവാടാ’ എന്നും പറയാം. അപ്പൊ ഒറ്റത്തന്തയ്ക്ക് ജനിക്കാത്തവന്‍ തെണ്ടിയോ, അതില് കൂടിയ എന്തെങ്കിലൊക്ക്യോ ആവാം. അദെന്താദങ്ങനെ?!
ഒറ്റത്തന്തയ്ക്ക് പിറക്കാതിരിക്കുക എന്ന് വെച്ചാ അയാളുടെ അമ്മയ്ക്ക് കൊറേ പേര്ടട്ത്ത് അല്ലെങ്കി പേരോ വിവരോ ഒന്നും അറിയാത്തോര്ടട്ത്ത് ലൈംഗികബന്ധണ്ടായിരുന്നോണ്ട് , കുട്ടീടച്ഛന്‍ ആരാന്നറിയില്ല എന്ന്ള്ള സ്ഥിതിവിശേഷാണല്ലോ. അപ്പൊ തെറി ‘വഴിപിഴച്ച’ ജീവിതം ജീവിച്ച അമ്മയ്ക്കാണ്. പക്ഷെ അത്രമാത്രല്ലാന്നാണ് എനിക്ക് തോന്നണത്. കാരണം, ഇതല്ലാണ്ടും ‘അച്ഛന്‍’ എന്ന്ള്ള കോണ്‍സെപ്റ്റ് മലയാളികള്‍ക്കെന്നല്ല, എല്ലാര്‍ക്കും ഒരു ഒബ്സെഷനാണ്.
അച്ഛനെത്തേടിയുള്ള മകന്റെ യാത്ര എപ്പഴും എല്ലാ സാഹിത്യത്തിലും വല്യ ഡിമാന്റ്ള്ള സംഗതിയാണ്. സലീംകുമാര്‍ ‘അച്ഛനാണത്രേ അച്ഛന്‍’ ന്ന് പറഞ്ഞ് കളിയാക്കണത് ഈ ഒബ്സെഷനെയാണ്ന്നാണ് ഞാന്‍ കണക്കാക്കണത്. ആ സിനിമേല് സലീംകുമാറിന്റെ കഥാപാത്രത്തെ അങ്ങനെ ചിത്രീകരിച്ചിരിക്കണത് തന്നെ ഈ ഡയലോഗിന് വേണ്ടിയാണ് എന്നാണ് ഞാന്‍ വായിച്ചെടുക്കണത്. അങ്ങനെയുള്ള ആള്‍ക്കാര് ഇങ്ങനെയൊക്കെയായിരിക്കും എന്ന് കാണിക്കാനോ മറ്റോ.
തന്ത/അച്ഛനില്ലായ്മ എനിക്കേതായാലും തെറിയല്ല. ഇപ്പപ്പറഞ്ഞ കാരണംകൊണ്ടല്ലാതെ അച്ഛനില്ലാത്തവരുമുണ്ട് (ഇനി അങ്ങനെയല്ലെങ്കില്‍ത്തന്നെയും). അത് പോരാട്ടങ്ങളുടെ മാത്രം ഫീച്ചര്‍ ഫിലിമാണ്. ഒരു പക്ഷേ, ബ്ലാക്ക് ആന്റ് വൈറ്റില്‍ ഒരു ആര്‍ട്ട് പടം?
എനിക്ക് നാല് വയസ്സ്ള്ളപ്പഴാണ് എന്റെ അച്ഛന്‍ മരിക്കണത്. അതിനെപ്പറ്റി വല്യ ഓര്‍മകളെനിക്കില്ല. പക്ഷെ പിന്നെ ഫ്യൂണറലിന്റെ സമയത്തെട്ത്ത ഫോട്ടോസിലൊക്കെ ഞാന്‍ കുഞ്ഞിയുടുപ്പിട്ട് എന്റെ കസിനുമായി കള്ക്ക്യോ അജിമാമന്റെ മടീലിരിക്ക്യോ ചെയ്യണ കുട്ടിയാണ്. എനിക്ക് വെഷമണ്ടായിര്ന്നില്ല എന്ന് കാണാം. മരണംന്നൊക്കെപ്പറഞ്ഞാ എന്താണ്ന്ന് ആ സമയത്ത് അറിയിണ്ടാവില്യായിരിക്കും.
ആ ഫോട്ടോസ് നോക്കീട്ട് ഞാന്‍ കരഞ്ഞട്ട്ള്ളത് എന്റെ മമ്മീം ചേച്ചീം കരയണത് കണ്ടട്ടാണ്. കാരണം ‘പപ്പാജി’ എന്ന് ഞാന്‍ വിളിച്ചിരുന്ന എന്റെ അച്ഛനെപ്പറ്റി എനിക്കധികം ഓര്‍മകളില്ല. ഫോട്ടോസില്‍ നിന്ന് ഞാന്‍ മെനഞ്ഞെടുത്ത കഥകളല്ലാതെ. പക്ഷെ അത് കഴിഞ്ഞട്ട്ള്ള ജീവിതത്തില് ഓരോ അച്ഛനില്ലായ്മ സംഭവോം എനിക്കോര്‍മേണ്ട്. കാരണം ഒരു രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെ എനിക്കത് തന്നട്ട്ള്ള അനുഭവങ്ങള് ഭയങ്കര അസ്വസ്ഥതയുണ്ടാക്കണതായിരുന്നു.
ഒരു സ്ത്രീ ഒറ്റയ്ക്ക് (അതായത് പുരുഷനില്ലാതെ) കുടുംബം നയിക്ക്യാന്ന് പറയണത് ഇന്നും ഇവടെ കൊറച്ച് പ്രശ്നങ്ങള്‌ള്ള കാര്യാണ്. അതിന്റെ സമ്മര്‍ദൊക്കെ മമ്മി ശെരിക്കും അനുഭവിക്കണത് ഞാന്‍ കണ്ടട്ട്ണ്ട്. കാരണം, കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാ, അതും നേര്‍വഴിക്ക് നടത്തിക്കൊണ്ട് വരാന്ന്ള്ളത് സ്ത്രീയ്ക്കേതായാലും ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ല എന്നന്ന്യാണ് എല്ലാരും വിശ്വസിക്കണത്. അപ്പൊ ഞങ്ങള്‍ ഏതെങ്കിലും വിധത്തില് നേര്‍വഴിക്കല്ലാന്ന്ണ്ടെങ്കില്, അത് അപ്പത്തന്നെ വളര്‍ത്ത്ദൂഷ്യാവും. ആ പഴികേള്‍ക്കലിനെ മമ്മി ഭയങ്കരമായി ഭയന്നിരുന്നു. ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ നിങ്ങള്‍ വളര്‍ത്തിയ കുട്ടികളെപ്പോലെത്തന്നെയാണ്ന്ന് സ്ഥാപിക്കാന്ള്ള ഒരലച്ചിലായിരുന്നു ആ സ്ത്രീയുടെ പിന്നീടങ്ങോട്ട്ള്ള ജീവിതമപ്പാടും.
ഇല്ല, പപ്പാജി മരിച്ചുപോയല്ലോ എന്ന് പറഞ്ഞ് ഞാന്‍ ഒരിക്കലും കരഞ്ഞിട്ടില്ല. പക്ഷെ ഈ യജ്ഞത്തില്‍ മമ്മിയോട് എനിക്ക് ഒരിത്തിരികൂടി നീതി പുലര്‍ത്താന്‍ പറ്റിയിട്ടില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ എല്ലാ ദിവസോം കരയാറ്ണ്ട്. കാരണം ഞാന്‍ അവസാനം ‘നേര്‍വഴിക്ക്’ നടന്ന കുട്ടിയായില്ല. എന്നെപ്പറ്റിപ്പറഞ്ഞ് മമ്മിയെ ചോദ്യം ചെയ്യാന്‍ അവസരങ്ങളുണ്ടാക്കി. ‘എന്നിട്ടിപ്പൊ എന്തായി’ എന്ന് മമ്മിക്കുനേരെ ചൂണ്ടിയ വിരലുകള്‍ ചോദിച്ചു. എന്നിട്ടും വഴി മാറി നടക്കാന്‍ കൂട്ടാക്കാത്ത ദുര്‍വാശിക്കാരിയായി ഞാന്‍ അവരെ വീണ്ടും വീണ്ടും വെഷമിപ്പിച്ചു.
എനിക്ക് മൂന്നാം ക്ലാസ് വരെയുള്ള പല സംഭവങ്ങളും ബാക്കി കുട്ടികളെപ്പോലെ ഓര്‍മയില്ല. പക്ഷെ ചെല കാര്യങ്ങള്‍ എന്തുകൊണ്ടാണ് മനസ്സില്‍ നിന്ന് പോകാത്തത്? യൂ കെ ജി യില്‍ എല്ലാവരും വട്ടത്തില്‍ നിന്ന് അച്ഛന്റെ പേര് പറഞ്ഞ് കളിക്ക്യായിരുന്നു. അതെന്ത് കളിയാണ്ന്ന് എനിക്കറിയില്ല. അപ്പൊ എല്ലാര്‍ക്കും അങ്ങനെ തോന്നിക്കാണും. ഏതായാലും എന്റെ ഊഴം വന്നപ്പൊ ഞാന്‍ ‘സോഹന്‍’ എന്നാണ് പറഞ്ഞത്. ആര്‍ക്കും ആ പേര് ഇഷ്ടപ്പെട്ടില്ല. എന്നെ എല്ലാരും കളിയാക്കി. ഞാന്‍ വീട്ടിലെത്തി ചേച്ചിയോട് പരാതി പറഞ്ഞു. എന്തൊരു പൊട്ട പേരാണ് പപ്പാജിക്ക്ന്ന് (സോഹന്‍ ന്ന്ള്ള പേര് ഇപ്പൊ എനിക്കെന്തോ വല്യ ഇഷ്ടാണ്). അപ്പൊ ചേച്ചി പറയുമ്പഴാണ് അത് പപ്പാജിയെ വീട്ടീ വിളിക്കണ പേരാണ്ന്ന് എനിക്ക് വെളിപാട് കിട്ടണത്. പിറ്റേ ദിവസം എന്നെ ഏറ്റോം കൂടുതല് കളിയാക്കിയ ഫാത്തിമയോട് ഞാന്‍ അഭിമാനത്തോടെ പപ്പാജിയുടെ ശെരിക്കുള്ള പേര് ചെന്ന് പറഞ്ഞു. അപ്പൊ അവള് അച്ഛനെന്താ ജോലീന്ന് ചോയ്ച്ചു. മരിച്ചുപോയി എന്ന് പറഞ്ഞപ്പൊ അവള് ‘എന്നാല് നീയിതാരോടും പറയണ്ട’ എന്ന് പറഞ്ഞു.
അവളുടെ ഉപദേശം സ്വീകരിച്ചത് ഞാനല്ല. മമ്മിയായിരുന്നു. എവടെയാ വീട്, എന്താ ചെയ്യണെ എന്ന്ള്ള ചോദ്യങ്ങള് കഴിഞ്ഞാ, പിന്നെ വരണത്, ഭര്‍ത്താവിനെന്താ ജോലി എന്നാണല്ലോ. അപ്പഴൊക്കെ മമ്മി ഇന്നെടത്ത് ഇന്നതാണ് എന്ന് പറയും. ഞാനും പതുക്കെ അത് ശീലിക്കാന്‍ തുടങ്ങി. പക്ഷെ അച്ഛനെന്താ ജോലീന്ന് ചോദിക്കുമ്പൊ ഇന്നടത്താണ്ന്ന് പറയുമ്പഴൊക്കെയും എന്റെ കവിളുകളിലും ചെവിയിലും ചൂട് കേറി. കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ പറ്റാതായി.
അതിനേക്കാളും എത്രയോ എളുപ്പായിരുന്നു സ്കൂള്‍ ഡയറിയും മറ്റ് ഫോമുകളും പൂരിപ്പിക്കല്‍. അതില് ഒറ്റ ഓപ്ഷനേയുള്ളൂ. Father’s/Guardian’s Name:_______. അവടെ പപ്പാജിയുടെ പേരിന് മുമ്പ് Late എന്ന് ചേര്‍ക്കണം. ആരും ഉള്ളുകളികള്‍ അറിയില്ല. ഇപ്പൊ ചെല സ്ഥലത്തൊക്കെ അമ്മേടെ പേരും ചോദിക്കണ്‌ണ്ട്. ഇല്ലെങ്കിലും ഞാനിപ്പൊ ‘ലേറ്റ്’ എന്നെഴ്‌തണ പരിപാടി നിര്‍ത്തി. Father’s വെട്ടി Mother’s എന്നാക്കും. ഇതൊക്കെയാണോ അച്ഛനില്ലായ്മയുടെ ആദ്യ പാഠങ്ങള്‍?
ഈ ഒളിച്ചുകളി മമ്മിയെ പ്രയാസപ്പെടുത്തിയിട്ടുണ്ടായിരുന്നെന്നെനിക്കറിയാം. എന്നാലും ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചില്ല. എന്റെ മാറുന്ന താല്‍പര്യങ്ങള്‍ക്കനുസരിച്ച് ചെസ്സും, പെയ്ന്റിംഗും വയലിനുമൊക്കെ പഠിപ്പിക്കാന്‍ ചേര്‍ത്തു. (ചെറുതാവുമ്പൊ അങ്ങനെ പല ഭ്രാന്തുകള്‍, വലുതാവുമ്പൊ വേറെ :D) അവടെയൊക്കെ ഈ ചോദ്യം വന്നു. ചെലപ്പൊ, ചെലപ്പൊ മാത്രം ‘I am a widow’ എന്ന് പറഞ്ഞ് നിര്‍ത്തി.
പക്ഷെ അപ്പഴും എനിക്കത് വല്യ പ്രയാസായിരുന്നു. പഠിപ്പിക്കണ മാഷ്‌മാര്ടെ കണ്ണിലൊക്കെ ഒരുതരം സഹതാപം. വെറുപ്പായിരുന്നു അങ്ങനത്തെ നോട്ടങ്ങളോട്.
പ്ലസ് ടു വില് പഠിക്കുമ്പൊ ഫിസിക്സിന് ട്യൂഷന്‌ണ്ടായിരുന്നു. ബാക്കിയാര് ഒഴപ്പിയാലും സാറ് ‘എന്‍ട്രന്‍സ് അട്ക്കാണ്. തന്റെ ചേട്ടന്‍/ചേച്ചിയൊക്കെ എത്ര നല്ല റാങ്ക് വാങ്ങിയതാണ്ന്നറിയോ’ എന്ന് ചോദിക്കും. ഞാന്‍ ഒഴപ്പിയാ ‘അമ്മ എന്ത്മാത്രം കഷ്ടപ്പെട്‌ണ്‌ണ്ട്ന്നറിയോ’ എന്ന് ചോദിക്കും. ഞാന്‍ ട്യൂഷന്‍ നിര്‍ത്തി. വാശിക്ക് പഠിച്ചു. എന്‍ട്രന്‍സ് എഴുതിയില്ല. ഏ പ്ലസ് വാങ്ങി മനസ്സില്‍ പകരം വീട്ടി. (മലയാളം സിനിമ തന്നെ. അല്ലേ. :P)
ഫ്രോയ്ഡിന്റെ ഇലക്ട്രാ കോംപ്ലെക്സ് എനിക്കുണ്ടായിരുന്നോന്നും സംശയണ്ട്. എട്ടിലെങ്ങാണ്ട് പപ്പാജീടെ പഴയ വാച്ച് ഞാന്‍ കെട്ടാന്‍ തുടങ്ങി. സ്റ്റീലില്, എന്റെ കൈയ്ക്ക് തീരെ ഭംഗിയില്ലാത്ത ആ സാധനം കെട്ടിക്കൊണ്ട് നടക്കാന്‍ അതുപയോഗിച്ചിരുന്ന മനുഷ്യനോട്ള്ള പ്രേമല്ലാണ്ട് വേറെ കാരണൊന്നും ഞാന്‍ കാണ്‌ണില്യ. പപ്പാജിയുടെ പഴയ പുസ്തകങ്ങള്‍ മറിച്ചുനോക്കി. അതില് വല്ല എഴുത്തുകുത്തുകളുണ്ടോന്നറിയാന്‍. അങ്ങനെ കണ്ടപ്പഴൊക്കെ വല്ലാത്ത സന്തോഷം തോന്നി. പഴയ ഡയറികള്‍ വായിച്ച് മനഃപ്പാഠാക്കി, അതില് തുടര്‍ന്നെഴുതി, പിന്നെ പ്ലസ് ടു, ഡിഗ്രി ഫസ്റ്റ് യീര്‍ കാലത്തൊക്കെ പപ്പാജിയുടെ ഷര്‍ട്ടുകളിട്ട് നടക്കാന്‍ തൊടങ്ങി. (ഞാനതിന് യോഗ്യയല്ലാന്ന് പറഞ്ഞ് മമ്മി വെലക്കണ വരെ). എന്നെക്കാണാന്‍ മമ്മീനെപ്പോലെയാണ്ന്ന് ആര് പറഞ്ഞാലും ദേഷ്യപ്പെട്ടു. ചേച്ചീടട്ത്ത് അസൂയ. കുടുംബക്കാരൊക്കെ ‘തനി സോഹന്‍’ ന്ന് പറയുമ്പൊ. എനിക്ക് പപ്പാജിയുടെ കണ്ണുകളാണ്ന്ന് മമ്മി പറഞ്ഞപ്പൊ മാത്രം സന്തോഷിച്ചു. കണ്ണിലാണ് കാര്യം മുഴുവന്‍. പക്ഷെ അതിലും എനിക്ക് ആശ്വാസങ്ങളൊന്നും കിട്ടീര്ന്നില്യ. ഞാനെന്താകാനാണ് ശ്രമിക്കണേന്ന് എത്ര ആലോചിച്ചട്ടും മനസ്സിലായൂല്യ.
അതിന്റെടേല് വേറെയും ചിന്തകള്‍. നാലിലോ അഞ്ചിലോ ആണ് മമ്മീം പപ്പാജീം പ്രേമിച്ച് കല്യണം കഴിച്ചതാണ്ന്ന് മനസ്സിലായത്. (അച്ഛന്റേം അമ്മേടേം ഹിന്ദു ക്രിസ്റ്റ്യന്‍ പേരുകള് കാണുമ്പള്ള എല്ലാര്ടേം ഗൂഢമന്ദഹാസങ്ങള്‍ടെ പൊരുളന്വേഷിച്ച് നടന്ന് കണ്ടുപിടിച്ചത്) അതിന് ശേഷം പ്രേമിച്ചാല്‍ അവസാനം പെണ്ണിന് ഇങ്ങനെ സംഭവിക്കും എന്നൊരു വിചാരം എന്റെ സൈക്കോസിസിലോ, അങ്ങനെയെന്തോ സംഭവത്തിലോ കയറിക്കൂടി. അത് എനിക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത ഒന്നായി മാറി. ഇതുവരെ ആ പേടി എന്റെ മനസ്സീന്ന് പോയിട്ടില്ല. മിക്കവാറും എല്ലാ ദിവസോം ഞാന്‍ കാമുകനോട് ചോദിക്കുണു, ‘നീ മരിച്ചുപോവുമോ’ എന്ന്. ഫോണ്‍ എന്തെങ്കിലും കാരണം കൊണ്ട് കട്ടായാ, വീണ്ടും വിളിക്കണ വരെ മരണവും അതിനു ശേഷമുള്ള ജീവിതവും ഓര്‍ത്ത് ഭയക്കുന്നു. എല്ലാവരുടേയും യാത്രകള്‍ ഭയക്കുന്നു. യാത്രകള്‍ കൂടി എന്ന് കണ്ടപ്പൊ മമ്മീടട്ത്ത് ജോലി രാജി വെയ്ക്കാന്‍ വരെ പറയാന്‍ തോന്നുണു. ദൂരനാട്ടില്ള്ള ജോലി വിടാന്‍ ചേച്ചീടട്ത്ത് പറയാന്‍ ധൈര്യം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒരു ഡോക്ടര്‍ സണ്ണി ജോസഫും വരിണില്ല, എന്റെ ഈ പാരനോയ മാറ്റാന്‍. പലര്ടടുത്തും ചോയ്ച്ചുനോക്കി, ഇങ്ങനെ തോന്നാറ്ണ്ടോന്ന്. പലരും ഉണ്ട്ന്ന് പറയ്ണ്‌ണ്ട്. പക്ഷെ ഇത്രമാത്രം പേടി അവര്‍ക്ക്ണ്ട്ന്ന് തോന്ന്ണില്യ.
പക്ഷെ എന്തോ ഭാഗ്യം കൊണ്ട് എടയ്ക്കെപ്പഴോ ഞാന്‍ പേരമരത്തിന്റെ ചോട്ടിലിരുന്ന് ബോധോദയം വരിച്ചു. എങ്ങനെ, എന്തുകൊണ്ട് എന്നൊന്നും ഇപ്പഴും അറിയില്ല. ഏതായാലും പല കാര്യങ്ങളിലും മാറ്റം സംഭവിച്ചു. കൂട്ടത്തില്‍ അച്ഛനില്ലായ്മപ്പേടികള്‍ ഓരോന്നായി ഡിവോഴ്സ് പറഞ്ഞെറങ്ങിപ്പോയി. അതിന്റെ ആദ്യ പടി ദൈവവിശ്വാസം നഷ്ടപ്പെട്ടത് തന്നെയാണ്ന്നാണ് ഞാന്‍ വിചാരിക്കണത്. (എന്റെ അമ്മയുള്‍പ്പെടെ ദൈവത്തില് വിശ്വസിക്കണ എല്ലാര്ടടുത്തും എനിക്ക് ബഹുമാനം തന്നെയാണ്. പക്ഷെ ഇനി മാനസാന്തരം എനിക്ക്ണ്ടാവില്ലാന്ന്ള്ള ഒരു കൊഴപ്പം മാത്രേള്ളു) ഇപ്പറഞ്ഞ സാധനം പോയപ്പൊ പകുതി സമാധാനായിരുന്നു. പള്ളീല് പോകണ്ട. സണ്‍ഡേസ്കൂള്‍ ടീച്ചര്‍മാര്ടെ സഹതാപതരംഗത്തിന് പാക്ക് അപ്.
അച്ഛനെന്താ ചെയ്യണേന്ന്ള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പൊ മുഖം പൊള്ളാതായി. ഇംഗ്ലീഷില്‍ മറുപടി പറയുമ്പൊ ‘He is dead’ എന്നായി. Passed away ഓ? ആര് പാസ്ഡ്? എങ്ങ്ട് എവേ?!
അതിനെടേല് എന്നെയും ഞെട്ടിപ്പിച്ച സുഹൃത്തുക്കളൂണ്ടായി. ട്യൂഷന്‍ ക്ലാസ്സില് ഒരുമിച്ച്ണ്ടായിര്ന്ന ജസീമിന്റട്ത്ത് ഇതുപോലെ ‘ഹി ഇസ് ഡെഡ്’ എന്ന് പറഞ്ഞപ്പൊ, അവന്‍ എന്നെ പിച്ചിക്കൊണ്ട് പറഞ്ഞു; ‘സേം പിഞ്ച്’ അപ്പൊ അവന്റട്ത്ത് പ്രേമായിരുന്നു. പക്ഷെ അന്നുമുതല്‍ കൊടും പ്രേമമായി. പിന്നെ ഡിഗ്രിക്കെത്തീട്ട് എന്റെ ഹീ ഇസ് ഡെഡ് അന്ജൂനെ ഞെട്ടിച്ചു. അന്നുമുതല് അവളും അമ്മയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്ക്ണ്‌ണ്ട്ന്ന് പറഞ്ഞു. ഹല്ലേലൂയ! പക്ഷെ രേഷ്മ ‘അച്ഛന്‍ അട്ടത്താണ്’ എന്ന് പറഞ്ഞപ്പൊ അവള്‍ടെ പ്രാര്‍ത്ഥനേല്ള്ള വിശ്വാസം ഒന്ന് കൊറഞ്ഞോന്നൊരു സംശയം.
അല്ല, ഞങ്ങളാരും വെഷമമില്ലാത്ത ജീവികളല്ല, എനിക്കറിയാം. പക്ഷെ ഞങ്ങള് എപ്പഴും വെഷമിച്ചോണ്ടിരിക്കണോ? ഞങ്ങക്കെന്താ ചിരിക്കാന്‍ പാടില്ലേ? തന്തയ്ക്ക് വിളിച്ചാല്‍ സിനിമേലെ പോലെ ഞങ്ങള് മെലോഡ്രാമ കളിക്കണോ? അന്യോന്യം തെറി പറയുമ്പൊ എല്ലാരും ‘അത് നിന്റച്ഛന്‍’ ന്ന് പറയാറ്ണ്ട്. അച്ഛനില്ലാത്തവര് മാത്രം വികാരവിവശരായി അടികൂടണോ? ഓ, സോറി. അതും ആണ്ങ്ങള് മാത്രേ ചെയ്യാറുള്ളൂട്ടാ. ഞങ്ങളാവുമ്പൊ വൈകുന്നേരം വീട്ടീപ്പോയിരുന്ന് അമ്മ ‘എന്താ വല്ലാതെ’ന്ന് ചോയ്ക്കുമ്പൊ, ‘ഒന്നുമില്ല, ഒരു തലവേദന’ ന്ന് പറഞ്ഞ് മുറീല് പോയി കതകടച്ചിരുന്ന് ഏങ്ങിയേങ്ങിക്കരയണോ?
‘Daddy, daddy, you bastard, I’m through’ എന്ന് പ്ലാത്ത് പറഞ്ഞത് കണ്ട് ഞാന്‍ കൊറേ നേരം ആ പുസ്തകത്തിലേയ്ക്ക് നോക്കി മിഴിച്ചിര്ന്നട്ട്ണ്ട്. ഇല്ല. പപ്പാജിയെ ഞാന്‍ വെറുക്കില്ല. അതോണ്ടന്നെ, പ്ലാത്തിനെപ്പോലെ ബാസ്റ്റഡ് ന്ന് വിളിച്ചൂന്നുമിരിക്കില്ല. പക്ഷെ, I am through. എന്ന് ഞാന്‍ മടിയില്ലാണ്ട് പറയും.
അല്ല, അച്ഛന്മാരെ അകറ്റി നിര്‍ത്തി സ്വാതന്ത്ര്യം കണ്ടെത്തണംന്നൊന്ന്വല്ല പറഞ്ഞു വരണത്. അങ്ങനെയൊന്നുമല്ലല്ലോ പോംവഴികള്‍. പോംവഴികള്‍ എപ്പഴും എല്ലാരേം സന്തോഷിപ്പിക്കണതാകണം. പക്ഷെ അങ്ങനെ ഒരെണ്ണം കണ്ട് പിടിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്ന്ന് നിങ്ങള്‍ക്കാര്‍ക്ക്വറിയില്ലെങ്കിലും, എനിക്കറിയാം. അച്ഛന്മാരും അമ്മമാരും ഒക്കെയുള്ള കുടുംബങ്ങളില്‍ നിന്ന് വന്ന് മാറ്റമുണ്ടാക്കുന്നവരാണ് ശെരിക്കുള്ള വിപ്ലവകാരികള്‍ എന്നാണ് ഞാന്‍ കരുതണത്. ഇപ്പത്തന്നെ, പപ്പാജി ജീവിച്ചിരുന്നിരുന്നെങ്കില്, എങ്ങനെയായിരുന്നേനേന്ന് എനിക്കറിയില്ല. ഒരിക്കലും കണ്ടുപിടിക്കാനും പറ്റില്ല. എന്നെ ഇഷ്ടപ്പെടാത്ത ആളായിര്ന്നെങ്കിലോ? എന്നെ ഇങ്ങനെ എഴുതാന്‍ സമ്മതിച്ചിരുന്നില്ലെങ്കിലോ? എന്റെ രാത്രിയാത്രകള്‍ക്ക് കടിഞ്ഞാണിട്ടിരുന്നെങ്കിലോ? അങ്ങനെയാവാതിരിക്കാന്‍ എന്തെങ്കിലും വഴീണ്ടോ? വളര്‍ത്ത് ദൂഷ്യം ന്ന് എല്ലാരും പറയണത് ഇതിനെയൊക്കെത്തന്നെയല്ലേ. അച്ഛനില്ലാതെ വളര്‍ന്നല്ണ്ടാവണ ദൂഷ്യങ്ങളാണ് ഇതെങ്കില്‍, അച്ഛന്ണ്ടായിരുന്നെങ്കില്‍ ഇതൊക്കെ സാദ്ധ്യാവ്വായിരുന്നൂന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസാണ്. അതുകൊണ്ടന്നെ, അച്ഛന്ണ്ടായിട്ട് ശുദ്ധവായു ശ്വസിച്ച് പാടിപ്പാടി നടക്കാന്‍ പറ്റണോര്ടട്ത്ത് എനിക്ക് ഭയങ്കര ബഹുമാനാണ്. അങ്ങനേള്ള കുടുംബങ്ങളെ ബഹുമാനാണ്.
പക്ഷെ എനിക്കേറ്റോം ബഹുമാനം എന്റെ അമ്മയോട് തന്നെയാണ്. എവടന്നാണ് ആ സ്ത്രീയ്ക്കിത്രയും ധൈര്യം? എന്താണ് അവരുടെ മനസ്സില്‍? അവരുടെ ദൈവങ്ങളാരാണ്? എനിക്കവരെ അറിയണം. അവരുടെ ലോകങ്ങളില്‍ മാത്രം കൊറേകാലം യാത്ര ചെയ്യണം. അവരുടെ പേടികള്‍ മനസ്സിലാക്കണം. ആ സ്വപ്നങ്ങള്‍ക്ക് കാവലിരിക്കണം...
ഇപ്പൊ എല്ലാര്‍ക്കും വല്യ താല്‍പര്യാണ് ഞങ്ങടെ കാര്യത്തില്.
‘മൂത്ത മോളിപ്പൊ എന്താ ചെയ്യണേ?’
‘ഇന്നടത്ത് ജോലി ചെയ്യാണ്’ മമ്മി പറയുണു.
‘എത്രയാ ശമ്പളം?’
‘ഇത്ര’
‘അപ്പൊ കല്യാണൊക്കെ അട്ത്തന്നെണ്ടാവുല്ലേ?’
‘അവളെ സ്കൂളീച്ചേര്‍ത്തപ്പൊ നിങ്ങള് ചോദിച്ചില്ലല്ലോ, എവടെയാ ചേര്‍ക്കണേന്ന്. അവള്‍ടെ നാടകങ്ങളും എഴുത്തും വാര്‍ത്തകളും നിങ്ങളല്ലല്ലോ കണ്ട് അഭിപ്രായം പറഞ്ഞത്. കല്യാണണ്ടാവാണെങ്കിലറിയിക്കാം.’
‘നിശ്ശബ്ദത’
എനിക്ക്ള്ള സ്നേഹമത്രയും അവരില്‍ നിന്ന് തന്നെയാണ് എനിക്ക് കിട്ടിയത്‌ന്ന് ഞാനിപ്പൊ വിശ്വസിക്കുണു. അവരുടെ സൌന്ദര്യം എനിക്ക് വേണമെന്ന് തപസ്സിരിക്കുണു. ഇല്ല, എന്റെ പല രീതികളും എന്റെ അമ്മയ്ക്കിഷ്ടല്ല. ഞാന്‍ നടന്നട്ട്ള്ള വഴികളാണ് അവരുടെ ഏറ്റോം ഭയാനകമായ സ്വപ്നങ്ങള്‍. എനിക്കറിയാം. അതുകൊണ്ട് തന്നെ, എപ്പഴെങ്കിലും എവടെയെങ്കിലും വെച്ച് ഞാന്‍ കാരണം മമ്മിക്ക് സന്തോഷം/അഭിമാനം ഉണ്ടാവുമ്പഴൊക്കെ ഞാ​ന്‍ കണക്കില്ലാണ്ട് സന്തോഷിക്കുന്നു.
ഐ എ എസ് ഇന്റര്‍വ്യൂന് ഞാന്‍ പോകാന്‍ വഴീല്യ. ‘my father is my inspiration’ എന്ന് പറയണോടത്ത് ഫേഡ് ഔട്ട് ആയിട്ട് എന്റെ സിനിമ തീരില്ല. പക്ഷെ കോളെജില് പി റ്റി എ മീറ്റിങ്ങില് മമ്മി വരുമ്പൊ, കുഞ്ഞിലേടെ അമ്മയാണ് എന്ന് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ അങ്ങ്ട് ചെല്ലുമ്പൊ, ടീച്ചര്‍മാര് അങ്ങ്ടൂങ്ങ്ടും പരിചയപ്പെടുത്തുമ്പൊ, അപ്പൊ എനിക്ക് (കൊറച്ച് സെന്റിയാണ്, എന്നാലും) കണ്ണീന്ന് ഇച്ചിരീശ്ശെ വെള്ളം വരാറ്ണ്ട്.
ഇന്ന് (ഇതെഴുതുമ്പോ) പപ്പാജി മരിച്ചട്ട് പതിനാറ് വര്‍ഷം തെകയും. കുന്നംകുളത്ത് സെമിത്തേരീല് ചെന്ന് പ്രാര്‍ത്ഥിക്കാന്‍ മമ്മി പോയിട്ട്ണ്ട്. അയ്യന്തോള് വീട്ടില് പള്ളീലച്ചനും വരുവായിരിക്കും. ഞാന്‍ പോയില്ല. എനിക്കതൊക്കെ കാണാപ്പാഠാണ്. കല്ലറയില്‍ എഴുതിയിരിക്കണത് ‘മാന്‍ നീര്‍ത്തോടുകളിലേയ്ക്ക് ചെല്ലാന്‍ കാംക്ഷിക്കുന്നത് പോലെ ദൈവമേ, എന്റെ ആത്മാവ് നിന്നോട് ചേരുവാന്‍ കാംക്ഷിക്കുന്നു’ എന്നാണ്. ചുറ്റും ശവംനാറിപ്പൂക്കള്‍ വളര്‍ന്ന് നിക്ക്ണ്‌ണ്ടാവും. എന്തൊരു വിചിത്രമായ പേര്! ഗേറ്റ് പൂട്ടിക്കെടക്കാണെങ്കില് കപ്യാര്ടെ വീട്ടീച്ചെന്ന് വിളിച്ച് തൊറപ്പിക്കണം. കാട് കേറിക്കെടക്കണ ശവപ്പറമ്പ് അട്ത്ത പ്രാവശ്യം വരുമ്പൊ വൃത്തിയാക്കണംന്ന് പറഞ്ഞ് പൈസ കൊടുത്തേല്‍പ്പിക്കണം. അങ്ങനെയങ്ങനെ.
ഞാന്‍ ഇവടെ വീട്ടിലിര്ന്ന് മമ്മിയെക്കുറിച്ചോലോചിച്ചുകൊണ്ടേയിരിക്കും. പപ്പാജീടേം മമ്മീടേം സ്നേഹം എങ്ങനെയായിരുന്നൂന്ന് മനസ്സീക്കാണാന്‍ നോക്കും. പപ്പാജീടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെടേത്ത് വായ്ക്ക്യും. അത് ഞാന്‍ കണ്ടട്ട്ള്ള കാര്യം തന്നെ മമ്മിക്കറിയില്ല. അതിലെല്ലാം വളരെ സിംപിളാണ്. ഒറ്റ വരീല് അവര് മരണം ചുരുക്കിപ്പറയും. അത് കണ്ട് ഞാന്‍ വായേംപൊളിച്ചിരിക്കും. പിന്നെ അവര്ടെ പഴയ ഫോട്ടോസ് എടുത്ത് നോക്കും. അതില് അതിസുന്ദരിയായി നിക്കണ മമ്മിയേയും ഒക്കത്തിരിക്കണ എന്നേം കണ്ടട്ട് ഞാന്‍ അമ്പരക്കും.
എത്ര വര്‍ഷങ്ങളാണത്! എത്രയെത്ര കാലങ്ങള്‍ തന്നെ!

first published in malayal.am



ചിരി വരുന്ന വഴി

കുപ്പിവളക്കിലുക്കം പോലത്തെ ചിരി എന്നൊക്കെ ഞാന്‍ ചെല പുസ്തകങ്ങളിലൊക്കെ വായിച്ചട്ട്ണ്ട്. പക്ഷെ ഇന്ന് വരെ കേട്ടട്ടില്ല. കുപ്പിവള കിലുങ്ങമ്പൊ കുപ്പിവള കിലുങ്ങണപോലെയല്ലേ ഇരിക്ക്യ? ചിരിക്കുമ്പൊ ചിരിക്കണപോലെയും. എന്തായാലും എന്റെ ചിരി കേട്ടട്ട് “ഇതിന്റെ സ്വിച്ചെവടെയാ”ന്നല്ലാണ്ട് ഒരു ഉപമേം ഉല്‍പ്രേക്ഷേം ഞാന്‍ കേട്ടട്ടില്ല.
രണ്ട് പ്രശ്നങ്ങളാണ് എന്റെ ചിരിക്കുള്ളത്. ഒന്നാമത് അത് തൊടങ്ങിയാ നിര്‍ത്താന്‍ കൊറച്ച് പാടാണ് (നല്ല തമാശയാണെങ്കി). പിന്നെ അതിന് ഭയങ്കര ഒച്ചയും വിചിത്രമായ താളവുമാണ്. ഒരു സുഹൃത്ത് പറഞ്ഞത് കോഴി മൊട്ടയിട്ട് കഴിഞ്ഞട്ട് കൂവണ പോലെയാണ്ന്നാണ്. ഇപ്പൊ കോഴി കൂവുമ്പഴൊക്കെ ഞാന്‍ ശ്രദ്ധിക്കാറ്ണ്ട് എന്റെ ചിരി എങ്ങനെയാണ്ന്ന് ഒരൈഡിയ കിട്ടാന്‍. പക്ഷെ കൂവണ കോഴി മൊട്ടയിട്ടട്ടാണോ അല്ലയോന്ന് മനസ്സിലാക്കാന്‍ കൊറച്ച് ബുദ്ധിമുട്ടാണ്.
ഒരു പ്രശ്നം കൂടിയുണ്ട്. അത് ഇപ്പപ്പറഞ്ഞേനെക്കാളും കൂടിയ ഒന്നാണ്. ഞാന്‍ ചിരിക്കണ കാര്യങ്ങള്‍ എനിക്ക് ചുറ്റൂള്ളവര്‍ക്ക് മിക്കവാറും തമാശയായി തോന്നാറില്ല. അതോണ്ടന്നെ ഈ എഴുത്തില് ഫലിതബിന്ദുക്കള്‍ ഉണ്ടാവാന്‍ സാദ്ധ്യത വളരെ കൊറവാണ്. എല്ലാര്‍ക്കും തമാശയായി തോന്നണതാണല്ലോ ഫലിത ബിന്ദുക്കള്‍.
ഞാന്‍ വെറുതെ ണ്ടാക്കിച്ചിരിക്കണതാണ്ന്നാണ് മിക്കവരും വിചാരിക്ക്യ. പക്ഷെ സത്യായിട്ടും ഈ ണ്ടാക്കിച്ചിരിക്കല്‍ എന്താണ്ന്ന് എനിക്കറിയില്ല. എനിക്കതോണ്ട് വല്യ ഗുണോം കിട്ടാനില്ല. മുല്ലപ്പൂമൊട്ടുപോലത്തെ പല്ലൊന്നും എനിക്കില്ല. എല്ലാത്തിനും മഞ്ഞ മഞ്ഞ കളറാണ്.
ചിരി ശെരിക്കും നമ്മള് വിചാരിക്കണ പോലെ അത്ര സിംപിളായ കാര്യമൊന്നുമല്ല. കാരണം പലര്‍ക്കും മനസ്സും വായേം തൊറന്ന് ചിരിക്കാന്‍ പേടിയാണ്. പൊതുസ്ഥലങ്ങളില് ചിരിക്കണത് അശ്ലീലമാണെന്നു വരെ പലര്‍ക്കും തോന്നാറ്ണ്ട്. ഞങ്ങള് ഈ വീട്ടില്‍യ്‌ക്ക്യ് മാറിയത് ഞാന്‍ മൂന്നാം ക്ലാസ്സീ പഠിക്കുമ്പഴാണ്. അപ്പൊ ഞാനും ചേച്ചീം വീട്ടിന്റെ ഉള്ളീന്ന് ഒറക്കൊറക്കെ ചിരിക്കുമ്പൊ മമ്മി ഞങ്ങളോട് ഒച്ച കൊറയ്ക്കാനും മിണ്ടാതിരിക്കാനുമൊക്കെ പറയ്വായിരുന്നു. പേടിയായിരുന്നു മമ്മീടെ മുഖത്ത്. അതെന്താ അങ്ങനേന്ന് ചോദിച്ചപ്പൊ പറഞ്ഞൂ, പുതിയ അയല്‍ക്കാര് നമ്മളെപ്പറ്റി മോശം വിചാരിക്കുംന്ന്. പിന്നെ അയല്‍ക്കാര്‍ക്ക് ഞങ്ങള് ഒറക്കെ ചിരിച്ചെല്ലിങ്കിലും പ്രത്യേകിച്ച് നല്ലതായി ഒന്നും പറയാനില്ലാന്നൊക്കെ മനസ്സിലായിക്കഴിഞ്ഞാണ് മമ്മി നയം മാറ്റിയത്. പക്ഷെ വീടിന് പൊറത്തെ പേടി മാറിയില്ല.
ഞങ്ങള് ‘നോട്ട്ബുക്ക്’ സിനിമ കാണാന്‍ പോയപ്പൊ അതിന്റെ തൊടക്കത്തിലന്നെ എനിക്കൊരു തമാശ ബോധിച്ചു. അതില് കടേല് ചെന്നട്ട് വിസ്പര്‍ വാങ്ങാന്‍ ചെല്ലണ നായകന്റട്ത്ത് കടക്കാരന്‍ ‘wings’ ള്ളതാണോ ന്ന് ചോദിക്കും. അപ്പൊ മറുപടി ‘wings ഒന്നൂല്യ ചേട്ടാ, സാധാരണ പെണ്‍കുട്ടിയാണ്’ന്നാണ്. ഇത് കേട്ടതും ഞാന്‍ ക ക്ക ക ക്കാന്ന് പറഞ്ഞ് ചിരിക്കാന്‍ തൊടങ്ങി. വേറാര്‍ക്കും തമാശ ബോധിക്കാത്തോണ്ട് എന്റെ ശബ്‌ദം മാത്രം ബാല്‍ക്കണീലിങ്ങനെ മൊഴങ്ങിക്കൊണ്ടിരുന്നു. മമ്മിക്കപ്പഴും പരിഭ്രാന്തിയായിട്ട് എന്റട്ത്ത് മിണ്ടാണ്ടിരിക്കാന്‍ പറഞ്ഞു. ഇങ്ങനേള്ള തമാശകള്‍ക്ക് ചിരിക്കാന്‍ പാടില്ലാന്നും പറഞ്ഞു.
പിന്നെ കൂട്ടുകാര്ടെ കൂടെ സിനിമ കാണാന്‍ പോയിട്ട്ള്ളപ്പഴും എന്റട്ത്ത് പലരും പറഞ്ഞട്ട്ണ്ട്, നിന്റട്ത്തിരുന്നോണ്ടാ എനിക്കും ചിരിക്കാന്‍ കോണ്‍ഫിടന്‍സ് കിട്ടിയേന്ന്. ഞാന്‍ വല്യ വിപ്ലവനായികയാന്നല്ല പറഞ്ഞ് വരണത്. പക്ഷെ ചിരി ഒരു വിപ്ലവം തന്നെയാണ്ന്നാണ്.
ചിരിയെപ്പറ്റി എനിക്കേറ്റവുമിഷ്ടം, തമാശ സംഭവിച്ച് കഴിഞ്ഞാ ഒരു കുഞ്ഞി നിമിഷം എല്ലാവരും സംഭവിച്ചത് തമാശയാണെന്ന് മനസ്സിലാക്കാനെടുക്കും. അപ്പൊ ഫുള്‍ സൈലന്റായിട്ട് ഒരു pause ആയിരിക്കും. അത് കഴിഞ്ഞട്ടാണ് എല്ലാവരും ചിരിച്ച് തൊടങ്ങാ. ആ pause ഭയങ്കര രസമുള്ളതാണ്. കണ്ണുകള്‍ തമ്മില്ള്ള ഒരു ഉടക്കലും, അടിവയറ്റീന്ന്ള്ള ആ ചിരീടൊരു തൊടക്കോം. ഹൌ!
ഈയട്ത്ത് ഞാനും സുഹൃത്തുക്കളുംകൂടി ഇവടെ പുതുതായി തൊറന്ന്-പൂട്ടിച്ച്-പിന്നേം തൊറന്ന കെ എഫ് സീ (കോഴിക്കട) ല് അഞ്ചാം സെമസ്റ്ററിന്റെ അവസാനം ആഘോഷിക്കാന്‍ പോയി. (ആഘോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍-പ്രോവിഡന്‍സ് ശുദ്ധ വിമന്‍സ് കോളെജ്) ആഘോഷംന്നൊക്കെപ്പറഞ്ഞാ എല്ലാവര്ടേം കയ്യില് നൂറ് രൂപേണ്ട്. അത്രതന്നെ. എല്ലാവരും ഒരു കുഞ്ഞി ബര്‍ഗറും ഒരു ഷാര്‍ജ പോല്‍ത്തെ സാധനോം കഴിച്ച് കഴിഞ്ഞപ്പൊ അതിന്റെ കഥ കഴിഞ്ഞു. അപ്പൊ ഞങ്ങള്‍ ആഘോഷവേളകള്‍ ആനന്ദകരമാക്കാനുള്ള വായ്ന്നോട്ടം എന്ന കലാപരിപാടിയിലേയ്ക്ക് പ്രവേശിച്ചു. ഞാനും അന്‍ജൂന്ന് പറഞ്ഞ എന്റെ സുഹൃത്തും ഒരുമിച്ച് സൈഡിലിരുന്ന ഒരു പയ്യന്‍സിനെ നോക്കി നോക്കി അവസാനം തിരിച്ചിങ്ങോട്ടും നോട്ടങ്ങളൊപ്പിച്ചെടുത്തു. അത് കഴിഞ്ഞ് ഞങ്ങള് കൈ കഴുകാന്‍ പോയപ്പൊ ഈ കുട്ടി അവടന്ന് കൈ കഴുകി തിരിച്ച് വരാണ്. (സത്യമായിട്ടും അത് മനപൂര്‍വമായിരുന്നില്ല)
അവടെ ഈ സിനിമേല് നായകനും നായികേം തമ്മില് പ്രേമത്തിലാവണ പോലത്തെ ഒരു സീന്ണ്ടായി. Washroom ന്റെ പൊറത്തേയ്ക്ക് കടക്കുമ്പൊ ആര് സൈഡ് കൊടുക്കണം എന്ന്ള്ള കണ്‍ഫ്യൂഷനില് പയ്യന്‍സും ഞാനും തമ്മില് കൂട്ടിയിടിക്കാന്‍ പോയി. അപ്പൊ ഈ കുട്ടി മുഖമുയര്‍ത്തി സ്ലോ മോഷനില് ഞങ്ങളെ ഒരു നോട്ടം. (സിനിമേലാവുമ്പൊ നായകനും നായികേം അമേരിക്കേപ്പോയി ഡാന്‍സും കളിച്ച് നാട്ടില് തിരിച്ച് വന്ന് കല്യാണം കഴിച്ച് പെണ്ണ് ഗര്‍ഭിണിയാവണ ആ പാട്ടിന്റെ ബീ ജി എം തൊടങ്ങണ ആ നിമിഷം).
ഇത് കണ്ടതും ഞാനും അന്‍ജൂം മുഖത്തോട് മുഖം നോക്കി നേര്‍ത്തെപ്പറഞ്ഞ ആ pause ഇട്ടു. എന്നട്ട് ചിരി അങ്ങട് തൊടങ്ങി. (ഞാന്‍ നേര്‍ത്തേ പറഞ്ഞതാണ് എന്റെ തമാശകളൊന്നും ഫലിതബിന്ദുക്കളല്ലാന്ന്). ഈ ചിരി കൈവിട്ടുപോയി. ഞങ്ങള് ആ കോറിഡോറില് നിക്കാ, കെടക്കാ, ഇരിക്ക്യാ, ചിരിക്ക്യാ. പയ്യന്‍സിന് ഫുള്‍ കണ്‍ഫ്യൂഷന്‍, ആണ്‍സ്വത്വത്തിന് വന്‍ അടി. ഞങ്ങള് ചിരിച്ച് തീരണ വരെ അവനവടെ നിന്നു. എന്നട്ട് കഴിഞ്ഞപ്പൊ എന്റട്ത്ത് വന്നട്ട് ‘ഓവറാക്കല്ലേ’ എന്നും പറഞ്ഞു.
ഇങ്ങനേള്ള ഞങ്ങടെ തമാശകള്‍ ഞങ്ങള്‍ യാത്രകളിലും, വീട്ടിലെത്തിയാലും ഓര്‍ത്തോര്‍ത്ത് ചിരിക്കാറ്ണ്ട്. സാധാരണ ഒറ്റയ്ക്കിരുന്ന് മന്ദസ്മിതം തൂകുന്നത് പ്രേമത്തിന്റെ ലക്ഷണമാണെങ്കില്‍ ഒറ്റയ്ക്കിരുന്ന് പൊട്ടിച്ചിരിക്കണത് ചിരിസ്വാതന്ത്ര്യത്തിന്റെ ലക്ഷണമാണ്.
ചിരിയില്‍ വീണുപോയി എന്നൊക്കെപ്പറയുന്നതില്‍ കൊറച്ച് കാര്യമുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. കാമുകന്റടുത്ത് എന്നെ പ്രേമിക്കാനുള്ള കാരണം ചോദിച്ചപ്പോ പറഞ്ഞത്, മറ്റു പലയിടത്തും ചെലവാകാത്ത പല തമാശകളും എന്റട്ത്ത് ഭയങ്കര ഹിറ്റ് ആയതോണ്ടാണ്ന്നാണ്. ഇത് തമാശയായിട്ട് പറഞ്ഞതാണോന്നെനിക്കറിയില്ല. (എനിക്കേതായാലും ചിരി വന്നില്ല).
Plus one ലാണ് ഞാന്‍ എന്റെ ചിരിയിണയെ കണ്ടെത്തിയത്. ഒരേ കാര്യങ്ങള്‍ക്ക് ചിരിക്കുന്നവരെ ചിരിയിണ എന്ന് ഞാന്‍ വിളിക്കുന്നു. അനുപമയും ഞാനും ഒരുമിച്ചാണ് തമാശകള്‍ക്ക് ചിരിക്ക്യ. അവള്‍ടെ ചിരിക്ക് ഒച്ചയില്ല. എടയ്ക്കെടയ്ക്ക് ശ്വാസം ആഞ്ഞുള്ളിലേയ്ക്ക് വലിക്കണ ശബ്ദം മാത്രം കേള്‍ക്കാം. ഞങ്ങടെ ചിരിയുടെ വേളകള്‍ പലതും കെമിസ്ട്രി ലാബിലാണ് സംഭവിക്കാറ്. ടെസ്റ്റ് ട്യൂബ് എടത് കൈയ്യില് ഉയര്‍ത്തിപ്പിടിച്ച് വല്ല റിയാക്ഷനും സംഭവിക്ക്ണ്‌ണ്ടോന്ന് നോക്കിക്കൊണ്ട് നിക്കുമ്പൊ ഞങ്ങടെ കണ്ണുകളൊടക്കും. പിന്നെ ചിരി തൊടങ്ങി ടെസ്റ്റ് ട്യൂബൊക്കെ കുലുങ്ങി, അതീന്നിങ്ങനെ എന്തൊക്ക്യോ പതഞ്ഞ് പൊങ്ങിവരും. ആര്‍ക്കും ഒന്നും മനസ്സിലാവില്ല. പ്രോഗ്രസ് കാര്‍ഡ് വാങ്ങാന്‍ മമ്മി വന്നപ്പൊ കെമിസ്ട്രി ടീച്ചര്‍മാര്‍ക്ക്ണ്ടായിരുന്ന പരാതി എനിക്ക് ചിരി കൂടുതലാണ് എന്നായിരുന്നു.
അതിനു ശേഷമൊരിക്കലും ഞാന്‍ ചിരിക്കണതെന്തിനാണ്ന്ന് പൂര്‍ണമായി മനസ്സിലാക്കണ ഒരാളെയും ഞാന്‍ കണ്ടട്ടില്ല. അവളുമായുള്ള തമാശകള്‍ കാരണം മാത്രമാണ് ഞാന്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയത്. ആ രണ്ട് വര്‍ഷവും അവിടെ എനിക്ക് ടീച്ചര്‍മാരുമായുണ്ടായ പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ തമാശകള്‍ കണ്ടു പിടിച്ചു. കൊച്ചു കൊച്ചു കൌതുകങ്ങള്‍ കണ്ടു പിടിച്ചു.
ഒരു ദിവസം കെമിസ്ട്രി ടീച്ചര്‍മാരുമായുണ്ടായ വാഗ്വാദത്തില്‍ എനിക്ക് കലി കേറി ഞാന്‍ എന്റെ കൈയിലിരുന്ന കാല്‍കുലേറ്റര്‍ ഒറ്റ ഏറ് വെച്ചുകൊടുത്തു. അങ്ങനെയൊക്കെ അവിടെ ആദ്യമായിട്ടായിരുന്നു. ആരും ടീച്ചര്‍മാരോട് ഒന്ന് ശബ്ദമുയര്‍ത്താറുംകൂടിയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ, ആ വാര്‍ത്ത പരന്നു. എന്നെ കാണുന്നവരെല്ലാവരും ഒരന്യഗ്രഹജീവിയെപ്പോലെ എന്നെ നോക്കാനും, ഞാന്‍ കാണ്‍കെത്തന്നെ എന്നെപ്പറ്റി കുശുകുശുക്കാനുമൊക്കെത്തുടങ്ങി. ആ സമയത്ത് അനുപമ എന്നെ വിളിച്ച് അവളുടെ പോക്കറ്റില്‍നിന്ന് ഒരു രഹസ്യം കാണിച്ച് തന്നു. ഞാന്‍ എറിഞ്ഞ കാല്‍കുലേറ്റര്‍ അവള്‍ എടുത്തുവെച്ചിരിക്ക്യായിരുന്നു! ഏറില്‍ അതിനു പറ്റിയ എന്തോ തകരാറില്‍ അതിന്റെ സ്ക്രീനില്‍ ഒരു കറപ്പ് പരന്നിരുന്നു. അവള്‍ കാണിച്ചുതന്ന ആ കറപ്പിന്റെ നേരിയ ചിരിയില്‍ നിന്നാണ് ഞാന്‍ അവിടെ നിലനില്‍ക്കാനുള്ള ശക്തി കണ്ടെത്തിയത്.
അവളുമായുള്ള തമാശകള്‍ ആര്‍ക്കൊക്കെ ബാലിശമായിത്തോന്നിയാലും, എനിക്കവ അത്രമേല്‍ പ്രിയപ്പെട്ടതാകുന്നത് അത് എനിക്ക് തന്നിരുന്ന അതിജീവനത്തിന്റെ രസതന്ത്രം കൊണ്ടുംകൂടിയാണ്. എന്റെ ആദ്യ പ്രണയമായി ഞാനവളെ കണക്കാക്കുന്നതും ഇതുകൊണ്ടാണ്.
ഞാന്‍ പഠിച്ചിരുന്ന കെട്ടിടത്തിന് ഭയങ്കര ഉയരമായിരുന്നു. ആ സമയത്ത് ഞാന്‍ യൂത്ത് ഫെസ്റ്റിവലിന് നാടകത്തിനും എന്റെ സുഹൃത്ത് അനീറ്റ മാര്‍ഗംകളിക്കും ഉണ്ടായിരുന്നു. റിഹേഴ്സലിനിടയിലെ ഒരു വിശ്രമവേളയില്‍ മഴ പെയ്തപ്പൊ ഞാനും അവളും കൂടി മഴ കൊള്ളാന്‍ മട്ടുപ്പാവില്‍ പോയി നിന്നു. അവടെ നിന്ന് ഞങ്ങളിങ്ങനെ ആര്‍മാദിച്ചോണ്ടിരിക്കുമ്പൊ പ്യൂണ്‍ വന്ന് പ്രിന്‍സിപ്പാള്‍ വിളിക്ക്ണ്‌ണ്ട്ന്ന് പറഞ്ഞു. ഞങ്ങള് ചെന്നപ്പൊ എന്താ? ദൂരെ ഗേറ്റിന്റവടെ നിന്ന് വാച്ച്മാന്‍ ഞങ്ങളെ ഏറ്റോം പൊക്കത്തില് കണ്ടട്ട് വിളിച്ച് പറഞ്ഞിരിക്കയാ സിസ്റ്ററേ, രണ്ട് കുട്ടികള് ടെറസ്സീന്ന് ചാടാന്‍ നിക്കുണൂന്ന്. ഞങ്ങള് സ്വവര്‍ഗാനുരാഗികളാണെന്നും ആത്മഹത്യ ചെയ്യാന്‍ പോയതാണ്ന്നുമായിരുന്നു ധ്വനി. ഇന്നും ഞാനതാലോചിച്ച് ചിരിക്കാറ്ണ്ട്. അവളും ചിരിക്ക്ണ്‌ണ്ടാവും. അറിയില്ല.
ഓണ്‍ലൈനായി വരുന്ന തമാശകള്‍ക്കും ഞാന്‍ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഒറക്കൊറക്കെ ചിരിക്കാറ്ണ്ട്. മമ്മീം ഇങ്ങനെ ചിരിക്കണത് ഞാന്‍ കണ്ടട്ട്ണ്ട്. ഹൈസ്കൂളില് എന്റെ ‘ബെസ്റ്റ് ഫ്രെന്റാ’യിരുന്ന (ഞങ്ങക്ക് പ്രേമം പോലും ഒരേ കുട്ടിയോടായിരുന്നു. അത്രയ്ക്ക് ബെസ്റ്റ്) കാര്‍ത്തികയെ ചാറ്റില് കണ്ടട്ട് ഞങ്ങള് നൊസ്റ്റാള്‍ജിയ പറയാന്‍ തൊടങ്ങി. ഞാന്‍ മറന്നുപോയ ഒരു കഥ അവളെന്നെ ഓര്‍മിപ്പിച്ചു. മലയാളം ക്ലാസ്സില് പദ്യം പഠിപ്പിക്കാന്‍ തൊടങ്ങണേന് മുമ്പ് ഓരോ സ്ക്വാഡും പദ്യത്തിന് ട്യൂണ്‍ കണ്ട് പിടിച്ച് ക്ലാസ്സീപ്പാടണം. അങ്ങനെ പാടീട്ട് ഏറ്റോം നല്ലത്‌ന്ന് ടീച്ചര്‍ക്ക് തോന്നണ ട്യൂണിലായിരിക്കും പിന്നെ ക്ലാസ്സെടുക്കുമ്പഴൊക്കെ പാടണത്. പദ്യം ഏതാണ്ന്ന് മറന്നുപോയി, പക്ഷെ ഞങ്ങടെ ഊഴം വന്നപ്പൊ എല്ലാവരും അത് ‘സമയാം രഥ’ത്തിന്റെ ട്യൂണില് പാടി. അക്രമച്ചിരി. ടീച്ചറ് വരെ. ഞങ്ങടെ ട്യൂണ്‍ ജയിച്ചില്ല. എന്നാലും ആ വര്‍ഷം എല്ലാ പരീക്ഷയ്ക്കും പഠിക്കുമ്പൊ അങ്ങനെത്തന്ന്യാണ് എന്നെപ്പോലെത്തന്നെ എല്ലാവരും ആ പദ്യം പഠിക്കാറ്ന്ന് എനിക്കൊറപ്പാണ്.
സ്കൂളും ഹൈയര്‍ സെക്കന്ററീം ഒക്കെ കഴിഞ്ഞട്ട് കോളെജിലെത്തിയപ്പൊ ചിരിയോ ചിരിയാണ്. എല്ലാ ഡിപാര്‍ട്ട്മെന്റിലും ഇങ്ങനെയാണോന്നറിയില്ല, പക്ഷെ എന്റെ ഇംഗ്ലീഷ് ഡിപാര്‍ട്ട്മെന്റില് ടീച്ചര്‍മാര്‍ടെ സ്വതസിദ്ധമായ വട്ടുംകൂടെ ചേര്‍ന്ന് കഴിഞ്ഞാ പിന്നെ ഒരു രക്ഷേമില്ല. Third year ല് കോമഡി ടൈം മാക്ബെത്ത് പഠിക്കാനുള്ള ഡ്രാമ അവറാണ്. ഷേക്സ്പിയറിന്റട്ത്ത് ഞങ്ങക്കെല്ലാവര്‍ക്കും ഭയങ്കര ബഹുമാനം തന്ന്യാ. പക്ഷെ ആ കാലത്തെ ഭാഷ വായിച്ച് കഴിഞ്ഞാ ഞങ്ങക്ക് ചിരിക്കാണ്ടിരിക്കാന്‍ പറ്റില്ല. അതിലിങ്ങനെ എടയ്ക്കെടയ്ക്ക് ‘my liege’ന്ന് കാണാം. അത് ലീജ് ന്നാണ്ത്രേ വായ്ക്ക്യാ. ഐന്റെ അര്‍ത്ഥോം ഞങ്ങക്കറിയില്ല. ഉച്ഛാരണോം അറിയില്ല. ഇന്ദുജേന്റട്ത്ത് (ഇന്ദുജ-ഡ്രാമ അവറിന്റെ ഔദ്യോഗിക വായനക്കാരി)ഈ ഭാഗം വായ്ക്ക്യാന്‍ പറഞ്ഞപ്പോ അവള് ‘മൈ ലീജി’ എന്നാണ് വായിച്ചത്. ഞങ്ങള് എഴുതണ ബോര്‍ഡിലടിച്ചും ഡെസ്കില് കമഴ്ന്ന് കെടന്നും ശ്വാസം മുട്ടിച്ചിരി. അല്ല, ഉച്ഛാരണം തെറ്റിച്ചോണ്ടല്ല. മാക്ബെത്ത് പഠിപ്പിക്കണ ടീച്ചര്‍ടെ പേരാണ് ‘ലീജി’ന്ന്. ഷേക്സ്പിയറിന്റെ ഓരോ കളികളേ. (അല്ല, ഇത്രയൊക്കെ മുന്‍കൂട്ടിക്കാണണെങ്കിലേ!).
ഇതൊക്കെ ടീച്ചര്‍മാരുംകൂടി അറിഞ്ഞോണ്ട്ള്ളതാണ്ന്ന് വിചാരിക്കാം. ഇതിലും ഭീകരമാണ് ഞങ്ങടെ ചിറ്റ് പാസ് ചെയ്യല്‍. (വേറെ തൊഴിലില്ലാത്തപ്പൊ പുസ്തകത്തീന്ന് ഒരു കഷ്ണം പേപ്പറ് കീറി അതിലിങ്ങനെ വായീത്തോന്നണതൊക്കെയെഴുതി, ഒരു ബെഞ്ചീന്ന് വേറെ ബെഞ്ചില്‍ക്ക്യ് കൈമാറിക്കളിക്കണ കളി). ഇത് സംഭവിക്ക്യ മിക്കവാറും Linguistics അവറിലോ, Death of a Salesman (Arthur Miller) പഠിപ്പിക്കണ post colonial അവറിലോ ആണ്. ഇത് ടീച്ചര്‍മാര്‍ടെ കൊഴപ്പം കൊണ്ടൊന്ന്വല്ല. (എനിക്ക് ഡിഗ്രി പൂര്‍ത്തിയാക്കണംന്ന് ആത്മാര്‍ത്ഥമായ ആഗ്രഹണ്ട്). Linguistics തൊടക്കം തൊട്ട് പഠിച്ചാലേ വല്ലതും മനസ്സിലാവുള്ളൂ. അതോണ്ട് അതേതായാലും ഞങ്ങക്ക് പറഞ്ഞട്ട്ള്ളതല്ല. പിന്നെ Death of a Salesman. അത് ക്ലാസ് തൊടങ്ങി ദാ ഇപ്പൊ പരീക്ഷയ്ക്ക് പൂട്ടണ വരെ അതന്ന്യാണ് പഠിപ്പിക്കണെ. കാര്യം ആര്‍തര്‍ മില്ലറൊക്കെത്തന്നെ, എന്നാലും മടുക്കില്ലെ മന്‍ഷ്യര്‍ക്ക്! അപ്പൊ ഈ ക്ലാസ്സുകളില് ഞങ്ങടെ ഈ ചിറ്റ് ഇങ്ങനെ പാസ് ചെയ്ത് പാസ് ചെയ്ത് അവസാനം ആരെങ്കിലും ഒരാള് ഒരു തമാശ പൊട്ടിക്കും. പിന്നെ ഇതിങ്ങനെ ഓരോര്‍ത്തര്‍ടെ കൈയ്യീക്കൂടെ പോകുമ്പഴും അമര്‍ത്തിപ്പിടിച്ച് ചിരിയാണ്. ഒറക്കെ ചിരിച്ചാ പണി പാളും. അല്ലെങ്കിലേ ഞങ്ങള് ബാക്ക് ബെഞ്ച്കാര്‍ക്ക് ഭയങ്കര പേരാ. ആ ചിറ്റുകള് പലതും ഫ്രേം ചെയ്ത് വെയ്ക്കണ്ടതാ. അത്രയ്ക്ക്ണ്ട് കലാവിരുത്. ഗ്രീഷ്മയ്ക്ക് മലയാളം എഴ്താനും വായ്ക്കാനും അറിയില്ലാന്ന് മനസ്സിലായ അന്ന്തൊട്ട് സ്മൃതി അവളെ പഠിപ്പിക്കലോട് പഠിപ്പിക്കലാണ്. എന്നട്ട് ഈ ക്ലാസ്സിന്റെ എടേലാണ് അവള്‍ടെ കേട്ടെഴുത്ത്. ഹമ്മേ! ഗ്രീഷ്മേനെപ്പോലെ ഇങ്ങനെ തെറ്റ് വര്ത്തണ ആരേം ഞങ്ങളാരും കണ്ടട്ടില്ല. അത് വായിച്ച് വായിച്ച് ചിരിക്കലാണ് പ്രധാന പരിപാടി. പിന്നെ ടീച്ചര്‍മാര്ടെ കാരിക്കേച്ചറും വരയ്ക്കും. ഇതൊക്കെ സത്യായിട്ടും സ്നേഹം കൊണ്ടന്ന്യാണ്‌ട്ടാ.
പിന്നെ ഇത് കാരണം ചെല പരിക്ക്കളും പറ്റീട്ട്ണ്ട്. ഞാന്‍ ചിരിച്ചേന് അന്‍ജൂനെ തെറ്റിദ്ധരിച്ചട്ട് മിസ് ശ്യാമ ഗെറ്റ് ഔട്ട് അടിച്ചു. മൂന്ന് വര്‍ഷത്തിലാദ്യായിട്ട്! (തെറ്റിദ്ധരിക്കരുത്. ഈയുള്ളവള്‍ നല്ല പിള്ളയായതോണ്ടല്ല, അത് പറയിപ്പിക്കാന്‍ നിക്കാണ്ട് എറങ്ങിപ്പോയതോണ്ടാണ്.) പിന്നെ മിസ് ലീജി ‘മാക്ബെത്ത് ട്രാജഡിയല്ല, കോമഡിയാണ്ന്ന് തോന്നണവരാരും ക്ലാസ്സിലിരിക്കണ്ടാ’ന്ന് താക്കീതും തന്നട്ട്ണ്ട്.
ഇപ്പൊ ഞങ്ങടെ അഞ്ചാം സെമസ്റ്ററ് പരീക്ഷ നടന്നോണ്ടിരിക്ക്യാണ്. ഇന്നലെ ഒരു മെസേജ് സംഭാഷണത്തിന്റെടേല് അന്‍ജു എനിക്കയച്ച ഒരു മെസേജ് ഇങ്ങനെയാണ്. ഇതില് തൊടക്കത്തില് അവള് ചിരിക്കണ ചിരി ഞാന്‍ പറഞ്ഞ ഒരു തമാശയ്ക്ക്ള്ളതാണ്. അതിവടെ എഴ്ത്ണില്യ. ആരും ചിരിക്കാത്ത തമാശകള്‍ എന്ന് ഇതിന്റെ പേര് മാറ്റണ്ടി വരും. :D
‘ഹീഹീഹീഹീഹീ. നമ്മളെന്താല്ലേ ഇങ്ങനെ. Even when exams are on top of our head we crack jokes and laugh at the top of our voice’
അതാണെനിക്കും മനസ്സിലാവാത്തത്. ഞങ്ങളെന്താ ഇങ്ങനെ! പരീക്ഷയ്ക്ക് മുമ്പ് അന്യോന്യം പഠിക്കാത്ത കാര്യങ്ങള്ടെ കെട്ടഴിച്ച് കൊറച്ച് ടെന്‍ഷനടിച്ച് കഴിഞ്ഞാ പിന്നെ ഓരോരുത്തരും ഓരോരോ പാഠത്തില് അവരവര്‍ക്കിഷ്ടപ്പെട്ട് തമാശ പറഞ്ഞ് ചിരിയോ ചിരിയാണ്. നിങ്ങളുടെ ചോയ്സ് എന്നൊക്കെ പറയണ പോലത്തെ ഒരു ചിരിപ്പരിപാടി. ഇതിന്റെ കിക്ക് പരീക്ഷാഹാളില് കേറി ചോദ്യപ്പേപ്പറ് കാണണ ആ സമയത്താണ് ടപ്പേന്ന് പറഞ്ഞട്ട് എറങ്ങ.
ചിരിയുടെ രാജ്യങ്ങള്‍ ഓരോര്‍ത്തര്‍ക്കും ഓരോ വിധത്തിലാണ്. ഒന്ന് നല്ലതും മറ്റത് മോശംന്നും പറയാന്‍ പറ്റില്ല. അതോണ്ട് ആണ്ങ്ങള് വഴീക്കൂടെ നടന്ന് ചിരിക്കുമ്പൊ അത് ചിരിയും, പെണ്ണ്ങ്ങള് ചിരിക്കുമ്പൊ അത് ‘എളക്കവും’ ശ്രദ്ധയാകര്‍ഷിക്കാന്ള്ള വിദ്യകളുമല്ല. ഞങ്ങടെ ചിരികള്‍ ഞങ്ങളുടേത് മാത്രമാണ്. അതിന്റെ മോളില് എന്തിനാണ് നാണമില്ലാത്ത അവകാശവാദങ്ങള്‍. പിന്നെ giggling എന്നൊരു പദപ്രയോഗണ്ടല്ലോ. അത് പെണ്ണ്ങ്ങളെപ്പറ്റി മാത്രാണ് ഉപയോഗിച്ച് കാണാറ്. ഒരു കാര്യോമില്യാണ്ട് കുണുങ്ങിക്കുണുങ്ങിച്ചിരിക്കണേന്.
കുണുങ്ങിക്കുണുങ്ങിച്ചിരിക്കണതിനെന്താ ഒരു മോശം? ഓരോര്‍ത്തരും ഓരോ പോലെയല്ലേ ചിരിക്ക്യാ. അത് കുണുങ്ങീട്ടായാലെന്താ, അല്ലെങ്കിലെന്താ. പിന്നെ ഒരു കാര്യോല്യാണ്ടാണ് ആരെങ്കിലും ചിരിക്കണേന്ന് പറഞ്ഞ് അത് ഭയങ്കര വിഡ്ഢിത്താണ്. കാര്യള്ളോണ്ടാണ് ചിരി വരണത്. ആ കാരണം വേറേള്ളോര്‍ക്ക് ബോധിച്ചില്ലാന്ന് വെച്ച് അത് തമാശയല്ലാതാവില്ല. അഭിപ്രായസ്വാതന്ത്ര്യമൊക്കെപ്പോലെത്തന്നെയല്ലേ ഇതും.
എന്റേതിനേക്കാളും വിചിത്രമായ ചിരികളൊക്കെ ഞാന്‍ ചില ആണ്‍സുഹൃത്തുക്കളിലും കണ്ടിട്ടുണ്ട്. ചിരിയുടെ പേരില് അറിയപ്പെടണവരൊക്കെയുണ്ടാവും. ചെല കുടുംബങ്ങളിലും അങ്ങനെയുണ്ടാവും. എന്റെ സുഹൃത്ത് കൃസ്പിന്‍ തന്റെ ചിരി കൊണ്ടും കൂടെ പ്രസിദ്ധനാണ്. ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞട്ടില്ല. പക്ഷെ ഇനി കൃസ്പിനെ കാണുമ്പോള്‍ ചിരിപ്പിക്കാന്‍ പറ്റിയ തമാശ കണ്ടു വെച്ചട്ട്ണ്ട്. അതൊന്ന് കേള്‍ക്കാന്‍. പിന്നെ അനു അഗസ്റ്റിന്‍ന്ന് പറഞ്ഞ സുഹൃത്ത് ചിരിക്കണ കേട്ടപ്പോ ഞാന്‍ വിചാരിച്ചു, എന്നെ കളിയാക്കണതാണ്ന്ന്. ഫുള്‍ പുച്ഛമാണ്. പക്ഷെ പിന്നെ മനസ്സിലായി, അനുവിന്റെ ചിരി അങ്ങനെയാണ്ന്ന്.
[blurb:3:right] മിക്കവാറും വീടുകളില്‍ ഒറക്കെ മിണ്ടാനും ചിരിക്കാനും പറ്റില്ല. പ്രത്യേകിച്ച് വാടകയ്ക്കാണ് താമസിക്കണതെങ്കില്. എന്റെ കോളെജിനു പൊറത്തുള്ള സുഹൃത്തുക്കള്‍ പലരും ഇങ്ങനെയാണ്. അവരുടെ വീടുകളില്‍ പോയാല്‍ ചിരിക്കുമ്പഴും സംസാരിക്കുമ്പഴുമൊക്കെ നമ്മള് ശബ്ദം കൊറയ്ക്കാന്‍ മനപൂര്‍വമായ ശ്രമങ്ങളെടുക്കണം. ഇത് സങ്കടമുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം വീടിന്റെ ഒടമസ്ഥര്‍ക്ക് തോന്ന്യ പോലെ ഒച്ചണ്ടാക്കാന്‍ പറ്റ്വല്ലോ. വാടക കൊടുത്തട്ട് താമസിക്കണോര്‍ക്ക് അത് പറ്റില്ലാന്ന് പറഞ്ഞാ, അത് കഷ്ടം തന്ന്യല്ലേ. അപ്പൊ ഞാന്‍ തീരുമാനെടുത്തു, ഞാന്‍ വലുതായിട്ട് ജോലി വാങ്ങീട്ട് കൊറ്‌റ്‌റ്‌റെ പൈസ ണ്ടാക്കീട്ട് കൊറേ ദൂരത്തേയ്ക്ക് ആരും താമസിക്കാത്ത ഒരു വീടു വാങ്ങും. എന്നട്ട് ഇങ്ങനെ ചിരിക്കാനും ഒച്ചേം വിളീം ണ്ടാക്കാനും സമ്മതിക്കാത്ത മൂരാച്ചികളായ ഉടമസ്ഥര്‍ടെ വീട്ടീ താമസിക്കണ എന്റെ സുഹൃത്തുക്കളായ സുഹൃത്തുക്കളെയൊക്കെ വിളിച്ച് അവടെ താമസിപ്പിക്കും. എന്നട്ടിങ്ങനെ ഒറക്കൊറക്കെ ചിരിച്ച് ചിരിച്ച് രസിക്കും. നിങ്ങളാരെങ്കിലും ഇത് വായ്ക്ക്ണ്‌ണ്ടെങ്കി, എല്ലാവര്‍ക്കും ഉപകാരപ്രദമായ ഒരു സംരംഭം എന്ന നിലയ്ക്ക്, ഇതിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യാവുന്നതാണ് :D
ചിരി ആരോഗ്യത്തിന് നല്ലതാണ്ന്നൊക്കെ കേക്കുണു. അതിനെപ്പറ്റി എനിക്ക് വലുതായിട്ടറിയില്ല. പക്ഷെ നമ്മള് ഒരാളെ കാണാണ്ട് ഭയങ്കരായിട്ട് വെഷമിക്കുമ്പൊ അവരുമായിട്ട്ണ്ടായിട്ട്ള്ള തമാശകളല്ലേ ഓര്‍ക്കാ. (എന്നട്ട് അതാലോചിച്ച് വേറെ കരയും, അത് വേറെ കാര്യം). ആ സന്തോഷമൊക്കെയല്ലേ ശെരിക്കും വലിയ കാര്യങ്ങള്‍. എത്ര വഴക്കായാലും എടയ്ക്ക് ഒരു കുഞ്ഞി തമാശ ണ്ടായാല്‍ നമ്മള് അറിയാണ്ട് വഴക്ക് മറന്നട്ട് ചിരിക്കാറില്ലേ. കുടുംബക്കാരൊക്കെ ഒത്തുകൂടുമ്പൊ കുഞ്ഞീതാവുമ്പൊ ചെയ്തട്ട്ള്ള വിക്രിയകളൊക്കെ പറഞ്ഞട്ട് നമ്മള്‍ ചിരിക്കാറില്ലേ. എത്ര പ്രാവശ്യം പറഞ്ഞാലും അടുത്ത പ്രാവശ്യവും മൂത്തവരോട് ഈ കഥകള്‍ വീണ്ടും പറയാന്‍ ആവശ്യപ്പെടാറില്ലേ. ചിരിയുടെ രസങ്ങള്‍ അപ്പോള്‍ ശെരിക്കും സ്നേഹത്തിന്റെ രസങ്ങളാണ്. എത്ര കൂടുതല്‍ ചിരിക്കുന്നോ, അത്രയും സ്നേഹക്കൂടുതല്‍ ...
ചിരിക്കാത്ത തമാശകള്‍ ഇനിയും കിടക്കുന്നു. മനസ്സു തുറന്ന് ചിരിച്ച്, ആ ലോകത്തില്‍ രമിച്ച് അങ്ങനെ കഴിയാന്‍ കൊതി. പലപ്പഴും പറ്റാറില്ല. എന്നാലും, ആര് ചിരിച്ചാലും ചിരി തന്നെ. എല്ലാ തമാശകളും നമ്മുടേതു തന്നെ. ചിരിക്കാനൊരു കാലം, കരയാനൊരു കാലം. ചിരിക്കുന്ന കാലം അതിമനോഹരം. കരയുന്ന കാലം, വരാനിരിക്കുന്ന ചിരിയുടെ കാലത്താല്‍ പ്രതീക്ഷാവഹം. എന്താ, അങ്ങനെയല്ലേ?

first published in malayal.am




വണ്ടീ വണ്ടീ നിന്നെപ്പോലെ...

ടൌണ്‍ഹാളില്‍ നാടകത്തിന് ശേഷം നടക്കാറുള്ള പതിവ് കള്ളുകുടി വാക്കേറ്റങ്ങളിലൊന്നില്‍ എന്റെയൊരു പൂര്‍വകാമുകന് ദേഷ്യം വന്നത് തന്നോടൊരാള്‍ “വണ്ടി വിട്” എന്ന് പറഞ്ഞതിനാണ്. ഉന്തും തള്ളും കഴിഞ്ഞ് കീറിയ ഷര്‍ട്ടിനെപ്പറ്റി ദുഃഖിച്ചിരുന്ന അയാളോട് സ്വാഭാവിക ജിജ്ഞാസയ്ക്കു പുറത്ത് വഴക്കിനുള്ള കാരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി “എന്റട്ത്ത് വണ്ടി വിടാന്‍ പറയാന്‍ ആ ----- ആരാ”ണെന്നാണ്.
എനിക്കിന്നും ആ വണ്ടി വിടലിന്റെ implications എന്താണെന്ന് മനസ്സിലായിട്ടില്ല. ലഹരിയില്‍ കുറച്ചു പെരുപ്പിച്ചുകണ്ടതാകാം. എന്നാല്‍ പിന്നീടൊരവസരത്തില്‍ “അവള് കൊറെ ഓടിയ വണ്ടിയാ”ണെന്നുള്ള ഒരു പരാമര്‍ശത്തിന്റേത് എനിക്കറിയാം. അതിന് കാരണം ആ സ്ത്രീയുടെ മുഖത്ത് വടുക്കള്‍ ഉണ്ടായിരുന്നെന്നതാണ്. അത് “ഓടിയതിന്റെ” തെളിവാണെന്നായിരുന്നു ആ വിദഗ്ദ്ധന്റെ അഭിപ്രായം. (ഫെമിനിസം പറയില്ല എന്ന് വിചാരിച്ചെഴുതിത്തുടങ്ങിയതാണ്. നടക്കുമോ?)
ഇതൊന്നുമല്ലാതെയും വണ്ടി എന്ന വാക്കിന് പല നാട്ടില്‍ പല അര്‍ത്ഥങ്ങള്‍ തന്നെയാണ്. പലര്‍ക്കും, കാറ് മാത്രമാണ് വണ്ടി. ചെലര്‍ക്ക് തീവണ്ടിയാണ് വണ്ടി. എനിക്ക് വണ്ടി ഒരു ഹോണ്ട ആക്റ്റിവയാണ്. സത്യമായിട്ടും അതിനെപ്പറ്റിത്തന്നെയാണ് എഴുതാനും പോകുന്നത്.
അമ്മയെ മമ്മി എന്നു വിളിക്കുന്നതിനോട് വല്ലാതങ്ങെതിര്‍പ്പുള്ളവര്‍ ക്ഷമിക്കണ്ട, സഹിക്കുക. എന്റെ മമ്മി ഒരു വണ്ടി വാങ്ങുന്നത് 2000 ലാണ്. ഒരു കൈനറ്റിക് ഹോണ്ട. അപ്പൊ ഞാന്‍ നാലിലാണ്. അതിനെക്കുറിച്ചുള്ള ഓര്‍മകളിലൊന്ന്, വണ്ടി ഓടിക്കാന്‍ പഠിക്കുമ്പൊ മമ്മി വീണട്ട് കാല്‍വണ്ണേല് വയലറ്റ് നെറമായതും ഒന്ന് രണ്ടാഴ്ച മര്യാദയ്ക്ക് നടക്കാന്‍ പറ്റാഞ്ഞതുമാണ്.
ഓടിക്കാന്‍ തൊടങ്ങിയതിന് ശേഷം എന്നെ അതില് കൊണ്ടുവിടാന്‍ തൊടങ്ങിയിട്ടും ഞാന്‍ പക്ഷെ സ്ഥിരമായി സ്കൂളില്‍ വൈകിത്തന്നെയാണ് എത്തിയിരുന്നത്. കാരണം എന്നും രാവിലെ എന്തെങ്കിലും കാരണം കൊണ്ട് ഞങ്ങള്‍ അടിയായിരിക്കും. മിക്കവാറും എന്റെ യൂണിഫോമോ, മമ്മിയുടെ മുടിപ്പിന്നോ എന്തെങ്കിലുമൊന്ന് വെച്ചടത്ത് കാണാത്തതിന്റെ പേരിലാണ്. “ഒരു സാധനം ഈ വീട്ടില് വെച്ചാ വെച്ചെടത്ത് കാണില്ലാ”ന്നുള്ള എല്ലാ വീടുകളിലെയും സ്ഥിരം ഡയലോഗ് ഓര്‍ക്കുന്നു. അങ്ങനെ അടിയ്ക്ക് ശേഷം വണ്ടി ഓടിക്കുമ്പൊ ഭയങ്കര പതുക്കെയാണ് മമ്മി ഓടിക്കുക. ടീച്ചര്‍ടട്ത്ത്ന്ന് വഴക്ക് കിട്ടുമ്പൊ പഠിക്കും എന്നു പറഞ്ഞ്. അപ്പൊ ഭയങ്കര ദേഷ്യവും അമര്‍ഷവുമായിരുന്നെങ്കിലും ഇപ്പഴാലോചിക്കുമ്പൊ അതെന്തൊരു ബുദ്ധിപരമായ പ്രതികാരമാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.
കൈനറ്റിക്കിന്റെ കഥ കഴിഞ്ഞപ്പൊ 2009ല്‍ ഹോണ്ട ആക്റ്റിവ വാങ്ങി. ഡിഗ്രിയ്ക്ക് എഡ്മിഷനും വാങ്ങിയിരിക്കണ സമയത്ത്. ആ സമയത്ത് ചേച്ചിയുടെ ഒരു സുഹൃത്ത് വളരെ ദയാപൂര്‍വം എന്നെ വണ്ടിയോടിക്കാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞു. മമ്മിക്ക് ഏതായാലും അതിന് പേടിയാണ്. ആരും റോട്ടില് മര്യാദയ്ക്ക് ഓടിക്കിണില്യ, ഓരോരുത്തര്ടെ വരവ് കാണുമ്പൊ പേടിയാകും, ആര്‍ക്കും നെയമങ്ങളൊന്നുമറിയില്ല etc. (എല്ലാം ശെരി തന്നെ. പക്ഷെ എനിക്ക് പഠിക്കണം).
അങ്ങനെ ഈ സഹൃദയന്‍ ആക്റ്റിവേല് എന്നെ മുന്നിലിരുത്തി ഓടിക്കാന്‍ പഠിപ്പിക്കാന്‍ തൊടങ്ങി. സൈക്കിളറിയാവുന്നത് കൊണ്ട് എളുപ്പമായിരിക്കും എന്നൊക്കെ പറഞ്ഞു. പക്ഷെ സത്യമായിട്ടും അതിന്റെ മുകളിലിരുന്ന് ഞാന്‍ എന്ത് പഠിപ്പാണ് പഠിച്ചതെന്ന് എനിക്കറിയില്ല. ഒന്ന് രണ്ട് പ്രാവശ്യം വീടിനും മെയിന്‍ റോഡിനും എടേല്ള്ള വഴീക്കൂടെ എന്നെ മുന്നിലിരുത്തി ഓടിച്ചു. കോളെജ് തൊറക്കുന്നതിന്റെ മുമ്പ് മമ്മിയാണെങ്കി ഹൈദരബാദിലേയ്ക്ക് ട്രാന്‍സ്ഫറും വാങ്ങി. പോയപ്പൊ വണ്ടീടെ താക്കോലും കൊണ്ടുപോയി. വീട്ടില് ഒരു പേയിംഗ് ഗെസ്റ്റ് വന്നു.
കോളേജില് ആഴ്ചേലൊരിക്കലൊക്കെയാണ് ഞാന്‍ പോയിരുന്നത്. പുലര്‍ച്ചയാകുമ്പൊ കെടക്കും. ഉച്ചയാവുമ്പൊ എണീക്കും. മൂഡുണ്ടെങ്കി അവസാനത്തെ അവറ് ക്ലാസ്സീ പോകും. വൈകുന്നേരം ടൌണില്‍ കറക്കം. രാത്രി വൈകി വീട്ടില്‍ തിരിച്ചെത്തും. ഇതിനൊക്കെയെടേല് ഒരു ദിവസം പേയിംഗ് ഗെസ്റ്റിന്റെ മുറീല് എന്തോ പുസ്തകം നോക്കാന്‍ (ഒന്നും വെച്ചാ വെച്ചടത്ത് കാണാത്ത വീട്ടില്‍) പോയപ്പോ ഒരു ഫ്രേം ചെയ്ത ഫോട്ടോയ്ക്ക് പൊറകില് സ്കൂട്ടറിന്റെ താക്കോല്!!!
അവരോട് ചോദിച്ചപ്പഴാണ് ആ ഞെട്ടിപ്പിക്കുന്ന രഹസ്യം മനസ്സിലായത്. ഞാന്‍ എടുത്തോടിക്കാതിരിക്കാന്‍ ഭദ്രമായി ഒളിപ്പിക്കാന്‍ മമ്മി കൊടുത്തതാണത്! ഞെട്ടല് മാറിയപ്പൊ ഞാനാലോചിച്ചു. ഇങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കോടിക്കാനറിയും എന്നല്ലേ. അതെപ്പൊ സംഭവിച്ചു? മമ്മി അങ്ങനെ ഒറച്ച് വിശ്വസിക്കണെങ്കി...
എന്ത് കണ്ടട്ടാന്നറീല്ല, ഞാന്‍ അതില്‍ കേറിയിരുന്ന് സ്റ്റാര്‍ട്ട് ചെയ്ത് ഒറ്റപ്പോക്കുപോയി. ഓടിക്കാന്‍ തൊടങ്ങിയപ്പൊ മനസ്സിലായി ഓടിക്കാനറിയാംന്ന്. ഇന്റിക്കേറ്ററൊക്കെ ഇടാനും ഹോണടിക്കാനും അറിയാം. ചേവായൂര്‍ ജംക്ഷനെത്തിയിട്ടാണ് നിര്‍ത്തിയത്.
തിരിച്ച് വരുമ്പത്തന്നെ ആദ്യത്തെ ആക്സിഡന്റുമുണ്ടായി. റോഡും ചരലും തമ്മിലുള്ള ആന്തോളനത്തില്‍ എന്റെ കണ്‍ട്രോള് പോയി സൈഡ് ചെരിഞ്ഞ് വീണു. ഞാന്‍ ശെരിക്കും വിചാരിച്ചത് വല്യേട്ടന്‍ കളിക്കാന്‍ ആഗ്രഹള്ള ആള്‍ക്കാരൊക്കെക്കൂടി ഓടി വരുംന്നാ. ആരും വന്നില്ല. ഒരു പാവം പയ്യന്‍സ് എന്റെ ചമ്മല് കണ്ടട്ട് ചമ്മീട്ട് വന്ന് സ്കൂട്ടറെട്ത്ത് നേരെ വെച്ചു തന്നു. ആ ചമ്മലില്‍ നിന്ന് ധൈര്യം സംഭരിച്ച് എന്റെ സ്കൂട്ടര്‍ ജീവിതം ഞാന്‍ തന്നെ ഉത്ഘാടിച്ചു.
സാധാരണ ഗതിയില്‍ വാഹനം കിട്ടിയാ കോളേജീപ്പോക്ക് ഒന്ന് നേരെയാവണ്ടതാണ്. പക്ഷെ അതൊന്നുമുണ്ടായില്ല. എന്റെ വഷളത്തരത്തിനൊക്കെക്കൂട്ടു നിക്കാന്‍ ഒരു കൂട്ടുകാരിയുമുണ്ടായിരുന്നു അപ്പൊ. വണ്ടീം കൊണ്ട് വൈകിട്ട് ടൌണീപ്പോക്ക് തകൃതിയായി നടന്നു. വണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് മമ്മിയെ അറിയിക്കരുതെന്ന് പേയിംഗ് ഗെസ്റ്റിനെ ചട്ടം കെട്ടി.
ഓടിക്കാന്‍ തൊടങ്ങിക്കഴിഞ്ഞപ്പൊപ്പിന്നെ ഡബിള്‍സെടുക്കുന്നതായി ചാലെഞ്ച്. പൊറകില് വേറൊരാളിരിക്കുമ്പൊ എന്താ ഫീലിംഗെന്ന് നമുക്കറിയില്ലല്ലോ. പക്ഷെ മമ്മിയാണെങ്കി പഴയ കൈനെറ്റിക്കല് എന്നേം ചേച്ചീനേം വെച്ച് സുഖായിട്ടോടീക്കാറുണ്ട്. ആ സമയത്ത് അടുത്തൊരു വീട്ടില് കെമിസ്ട്രീത്തെ (BSc. Chemistry) ഒരു കൂട്ടീം ഞാനും ട്യൂഷനെട്ക്കാന്‍ പോകാറ്ണ്ട്. അപ്പൊ അവളേം പൊറകിലിരുത്തിപ്പോകാംന്ന് വിചാരിച്ചു. വല്യ കൊഴപ്പൊന്നൂണ്ടായില്യ. വണ്ടീല് കേറണ സമയത്തുണ്ടാവണ ആട്ടമാണെനിക്ക് പ്രശ്നമായിത്തോന്നിയിരുന്നത്.
അന്ന് ഞാനും അവളും കൂടി ബീച്ച് വരെപ്പോയി. പക്ഷെ അതോടെ എനിക്ക് മനസ്സിലായി, ഓടിക്കുന്നതില്‍ നിന്ന് മുഴുവന്‍ സുഖോം കിട്ടണെങ്കി ഞാന്‍ ഒറ്റയ്ക്കന്നെ ഓടിക്കണം. അല്ലാത്തപ്പൊ എനിക്ക് ആവശ്യല്യാത്ത പേടിയും വെപ്രാളവുമാണ്.
അത് കഴിഞ്ഞാണ് നേരത്തെ പറഞ്ഞ പിശാചും കുട്ടി വരണത്. അവള്‍ക്ക് നൂറ്റഞ്ച് കിലോ ഭാരമുണ്ട്. അവളെ വെച്ചോണ്ടോടിക്കുകയാണ് എനിക്കിപ്പഴും ഏറ്റവും വലിയ സാഹസം. പണ്ടൊക്കെ അതൊരു ചാലഞ്ചൊക്കെപ്പോലെയാക്കിയെടുത്ത് രണ്ടും കല്പിച്ച് വിടുമായിരുന്നു. പക്ഷെ ഇപ്പൊ പ്രായം കൂടിയതിന്റെയാണോന്നറിയില്ല, ;) , ജീവനോടൊരു കൊതി. മാത്രല്ല, വണ്ടിയുടെ ആരോഗ്യവും പ്രശ്നമാണ്.
ജീവനെപ്പറ്റിപ്പറയുമ്പഴാ. ഇതെല്ലാര്‍ക്കൂള്ളതാണോന്നറിയില്ല, പക്ഷെ ഞാനെപ്പൊ വണ്ടിയെടുത്താലും ഒരു പ്രാവശ്യെങ്കിലും മരണം മുന്നീക്കാണും. അതെനിക്കേതായാലും ഇഷ്ടമാണ്. മുട്ടീ ഇപ്പൊ മുട്ടീ, പോയീ, തീര്‍ന്നൂന്ന് വിചാരിക്കമ്പൊ തീര്‍ന്നില്ലാന്ന് മനസ്സിലാവണ ആ ഫീലീംഗ്. യൂണിവേഴ്സിറ്റി വെബ്സൈറ്റില് റിസള്‍ട്ടിട്ടു എന്ന് പറഞ്ഞു കഴിഞ്ഞ് ആ പേജ് ഓപ്പണായി വന്ന്, റെജിസ്റ്റര്‍ നമ്പറടിച്ചു കഴിഞ്ഞ് തോറ്റട്ടില്ലാന്ന് മനസ്സിലാവണ പോലെയാണത്.
പിന്നെ ലൈസന്‍സ്. അതെനിക്കില്ല. കാരണം കേട്ടാ ആരും വിശ്വസിക്കില്ല. പക്ഷെ രാവിലെ എണീക്കാന്‍ പറ്റാത്തോണ്ടാണ് എനിക്ക് ലൈസന്‍സില്ലാത്തത്.
ഓടിക്കാന്‍ തൊടങ്ങിയപ്പൊ ഭയങ്കര ആവേശത്തില് ഞാന്‍ പോയി നസീറ ഡ്രൈവിംഗ് സ്കൂളില് പൈസയടച്ചു. ആറ് ഫോട്ടോയും അറുന്നൂറ്റമ്പത് രൂപേം കൊടുത്തു. പക്ഷെ ലേണേസിന് സമയത്തിനെഴുന്നേറ്റ് കലക്റ്റ്റേറ്റിലെത്താന്‍ ഒരു പ്രാവശ്യം പോലും പറ്റിയില്ല. ആ ശ്രമം ഉപേക്ഷിച്ചു. പക്ഷെ എന്നെത്തന്നെ സമാധാനിപ്പിക്കാന്‍ ലെപ്രസി ഹോസ്പിറ്റല്‍ ഗ്രൌണ്ടില് ലൈസന്‍സുകാര് എട്ടെട്ക്കണ സ്ഥലത്ത് പോയി ഞാനും ഒരൊന്നൊന്നര എട്ടെടുത്തു. ഇതാണോ ഈ ലൈസന്‍സ് ലൈസന്‍സ് എന്ന് പറയണ സംഭവം എന്ന് തോന്നി.
പോലീസ് മാമന്‍മാരെപ്പറ്റി പറയുമ്പഴേ എനിക്ക് ചുണ്ടിലൊരു ചിരി വരും. അതൊക്കെ ഒരു ബേസിക് സൈക്കോളജിയുടെ പ്രശ്നം മാത്രമാണെന്നാണ് എനിക്ക് തോന്നണത്.
എനിക്ക് ഹെല്മെറ്റ് വെച്ചട്ടോടിക്കാന്‍ ശെരിക്കും പറ്റില്ല. ഒന്നാമത് ഭയങ്കര ശ്വാസം മുട്ടല്. പിന്നെ സൈഡില്ള്ള ഒന്നും കാണൂല്യ. പുതിയ ഹെല്മറ്റ് വാങ്ങി ആദ്യ ഓടിക്കലില് തന്നെ കണ്ണാടി പോയി ഒരു ചേച്ചീടെ കയ്യില് തട്ടി. അതോടെ അതുപേക്ഷിച്ചു. അപ്പൊ പോലീസുകാര്‍ക്ക് എന്നെ കയ്യീക്കിട്ടിയാ കാര്യം കുശാലാണ്.
പക്ഷെ ഞാന്‍ തളരില്ല. ഭയങ്കര ആത്മവിശ്വാസം തോന്നണ ഒരു മുഖം വെച്ചട്ട് വണ്ടിയോടിച്ചാ ആരും സംശയിക്കില്ല.
എന്നാലും എന്നെ കൊറച്ച് തവണ പിടിച്ചട്ട്ണ്ട്. മലാപ്പറമ്പ് ജംങ്ക്ഷനീന്ന് പിടിച്ചപ്പൊ അവടത്തെ ഓട്ടോക്കാരനും നാടകക്കാരനുമായ പ്രേമേട്ടന്‍ ഓടി വന്ന് എന്റെ പെങ്ങളാന്ന്ള്ള മട്ടിലൊക്കെ സംസാരിച്ച് സംഭവാക്കി. അവരിങ്ങനെ ഒരു വ്യവസ്ഥേമില്ലാണ്ട് അവടന്ന് കോളേജിലിക്ക്ള്ള ചാര്‍ജ് കൂട്ടണതും ഈ പോലീസുകാരന്‍ ആ ഓട്ടോക്കാരനോട് കാണിച്ച ഒരു പന്തികേട് വിനയോം അന്ന് മുതലാണ് ഞാന്‍ കൂട്ടിവായിക്കാന്‍ തൊടങ്ങിയത്.
പിന്നെ രാമനാട്ടുകര ബൈപ്പാസീന്ന് ഒരു പ്രാവശ്യം പിടിച്ചു. ഞാന്‍ പല്ലും കൂടെ തേയ്ക്കാണ്ട് കണ്ണില് പീളേം വച്ചോണ്ടായിരുന്നു. എന്നെ കണ്ടപ്പൊത്തന്നെ കയ്യില് അഞ്ചിന്റെ പൈസേല്യാന്ന് മനസ്സിലായോണ്ടാണോന്നറിയില്ല, അപ്പൊത്തന്നെ വെറ്തെ വെരട്ടി വിട്ടു.
പുതിയസ്റ്റാന്റിന്റവട്ന്ന് വണ്ടി ഓഫായിപ്പോയപ്പൊ പോലീസ് മാമന്‍ വന്നട്ട് പെണ്ണ്ങ്ങളായാ പോലീസ് പിടിക്കില്യാന്ന് വിചോരണ്ടോന്ന് ചോദിച്ചു. ആ ചോദ്യത്തിന്റെ തമാശയോര്‍ത്ത് ഞാനവടന്നേ ചിരിച്ചു. വട്ടാണെന്ന് വിചാരിച്ച് കാണും അപ്പഴും താക്കീതൊക്കെത്തന്ന് വിട്ടു.
പിന്നെ ഞാന്‍ ശ്രദ്ധിച്ചട്ട്ള്ള വേറൊരു കാര്യം വണ്ടിയോടിക്കാനറിയണവര് പൊറകിലിരുന്നാ അവര്‍ക്ക് ഭയങ്കര ടെന്‍ഷനാന്നാ. അതീന്നെറങ്ങണ വരെ ലെഫ്റ്റ് നോക്ക്, റൈറ്റ് നോക്ക്, സൂക്ഷിക്ക്, മെല്ലെ, ന്നൊക്കെപ്പറഞ്ഞ്, അവസാനം എനിക്കന്നെ സംശയാവാന്‍ തൊടങ്ങും ഞാനോടിക്കണതൊന്നും ഓടിക്കലല്ലാന്ന്. അതിന്റെ ഉസ്താദ് മമ്മി തന്നെ. ചേച്ചി പൊറകിലിര്ന്നാ ഒരു മൈലകലന്ന് വരണ ബസ്സിന് വരെ പേടിച്ച് കൂവും. കേക്കണ ഞാന്‍ വിചാരിക്കും, കഥ കഴിഞ്ഞൂന്ന്.
പിന്നെ റോട്ടിലെനിക്ക് ഏറ്റോം ദേഷ്യം ബസ് / ലോറിക്കാരെയാ. അവര്ടെ വിചാരെന്താ? അവര്‍ക്ക് സൈഡ് തന്നെലെന്താ? ഒരു കാര്യോല്യാണ്ട് അവരെന്തിനാ ചെവി പൊട്ടണപോലെ ഹോണടിക്കണെ? പിന്നെ കൊറെ ബൈക്ക്കാര്. പോലീസ്‌കാരന്‍ ചോദിച്ച പോലെ അവരെന്തിനാ പെണ്ണാണ്ന്ന് കണ്ടാ വല്ലാണ്ടങ്ങ്ടാര്‍മാദിക്കണെ. മെഡിക്കല്‍ കോളെജ് ദേവ്ഗിരി കോംപ്ലക്സില്‍ വച്ച് ഒരാള് എന്റട്ത്ത് പാര്‍ക്ക് ചെയ്തിരിക്കണോടത്ത്ന്ന് വണ്ടിയെട്ത്ത് മാറ്റാന്‍ പറഞ്ഞു. അയാള് പാര്‍ക്ക് ചെയ്ത് ബാക്കിയ്ള്ള സ്ഥലത്തൊക്കെ വെച്ചാ മതീത്രെ. :D.
പിന്നെ നമ്മളിങ്ങനെ സമാധാനപരമായി ഓടിച്ചോണ്ടിരിക്കുമ്പൊ സൈഡീക്കൂടെ കൂവി ശ്ശുറ്‌റ്‌റേന്നോടിച്ചു പോകണ ചെലര്ണ്ട്. അത് (എന്നെപ്പോലെ കാണാന്‍ കൊള്ളാവുന്ന) പെണ്‍കുട്ടികള്ടെ അട്ത്ത് മാത്രേ ചെയ്യാറുള്ളൂ. ഏതായാലും, അതുകൊണ്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു തരത്തിലുള്ള കൌതുകവും തോന്നാറില്ലാന്ന് ഇപ്പൊ പറയാം.
എനിക്കാണെങ്കി കൊറച്ചുകൂടി ഭ്രാന്തന്‍ താല്‍പര്യങ്ങളാണ്. സുന്ദരന്മാരായ ആണ്‍കുട്ടികളെ വെറുതെ വായ്ന്നോക്കാന്‍ ഞാനും കൂട്ടുകാരീം മെഡിക്കല്‍ കോളെജ്, ദേവ്ഗിരി കോളേജ് മെന്‍സ് ഹോസ്റ്റലിന്റവിടേയ്ക്ക് പോയിട്ടുണ്ട്. ദേവഗിരീടവിടെവെച്ച് സ്കൂട്ടര്‍ ഓഫായിപ്പോയി. അവടത്തെ വാച്ച്മാന്‍ ഞങ്ങടടുത്തേയ്ക്ക് വന്നു. അയാളിങ്ങനെ അട്ത്തേയ്ക്ക് വന്നപ്പോ ശെരിക്കും ഒരു ഇംഗ്ലീഷ് പ്രേതസിനിമേല്‌ത്തെ പോലെ തോന്നി. തൊട്ടടുത്തെത്തിയപ്പോ വണ്ടി സ്റ്റാര്‍ട്ടായി. എന്നട്ട് തിരിച്ച് ഓടിച്ചോണ്ടിരിക്കുമ്പൊ അവടത്തെ രണ്ട് ചേട്ടന്മാര് അവര്ടെ ബൈക്കില് ഞങ്ങടെ പൊറകെ വന്നു. ഞങ്ങള് ഒന്നുമറിയത്തപോലെ മെഡിക്കല്‍ കോളെജ് ജംക്ഷനീന്ന് ഒരു കുഞ്ഞി മുറുക്കാന്‍ കടേന്ന് മുറുക്കി. അവര്‍ക്കാകെ കണ്‍ഫ്യൂഷനായി. :D മുറുക്കീട്ട് ഓടിച്ചപ്പൊ എനിക്ക് തലേം കറങ്ങി.
പിന്നെ ഓരോര്‍ത്തര്‍ക്ക് ഓരോ ഫാന്റസികള്‍. ഞാന്‍ കൊറെ നാളായി വണ്ടിയോടിക്കണ സ്ത്രീകളെ നിരീക്ഷിക്ക്ണ്‌ണ്ട്. പല പല കാര്യങ്ങളും മനസ്സിലാവും. ഇപ്പൊ പെണ്ണെഴുത്ത് എന്നൊക്കെ പറയണ പോലേയാണിത്. എക്രിറ്റ്യൂര്‍ ഫെമിനിന്‍ പോലെ റൈഡോ ഫെമിനിന്‍. ഓവര്‍ട്ടേക്ക് ചെയ്യാന്ള്ള മടി ഭയങ്കരമാണ്. അവടെ വരെ കണ്ടീഷനിങ്ങ് ഉണ്ടെന്ന് വേണം മനസ്സിലാക്കാന്‍. പൊതുവെ പതുക്കെയോടിക്കുകയും, ഒരു ഹോണടി കേട്ടാല്‍ പേടിക്കുകയും ബാലന്‍സ് തെറ്റുകയും ചെയ്യുന്ന സ്ത്രീകളുണ്ട്. പക്ഷെ ഇതൊക്കെ പാടേ തകര്‍ത്തുകൊണ്ടാണ് ഇപ്പഴത്തെ ഓട്ടം എന്നാണ് ഞാന്‍ കാണണത്.
എന്റെ കോളേജില്‍ത്തന്നെ ഒരു സ്കൂട്ടറിന്റെ മോളില് നാലാള്‍ക്കാരേം വെച്ച്ള്ള കസറത്താണ് വൈകുന്നേരം. പിന്നെ ഹെല്‍മെറ്റ്, സ്കൂട്ടറിന്റെ മോളിലെ ചിത്രപ്പണി, അതിലൊക്കെ പുതിയ പുതിയ പരീക്ഷണങ്ങള് നടക്കുണു. വണ്ടി കൊണ്ടുവരണ കുട്ടികളില്‍ മിക്കവാറും എല്ലാവരും അതുമായി കറങ്ങാന്‍ പോകുന്നു. അതായത് കോളേജ്-വീട് എന്നിങ്ങനെ പോയിവരാന്‍ മാത്രമൊന്നുമല്ല വണ്ടി എന്ന ബോധം എല്ലാവര്‍ക്കുമുണ്ട്.
കോളെജില്‍ എന്റെ ശത്രുക്കളാണെങ്കിലും ബി ബി എ, ട്രാവല്‍ ആന്റ് ടൂറിസം ഡിപ്പര്‍ട്ട്മെന്റീന്ന് കൊറേപേര് ചേര്‍ന്ന് സ്കൂട്ടര്‍ ജാഥയായി നഗരം ചുറ്റിയതിന്റെ ഫോട്ടോസൊക്കെ ഞാന്‍ ഫേസ്ബുക്കില് കണ്ടട്ട് സന്തോഷിച്ചട്ട്ണ്ട്. കഴിഞ്ഞ ആഴ്ച ഞാനും എന്റെ സുഹൃത്തും പന്തയം വെച്ചു (അവള്‍ കള്ളക്കളിയിലൂടെ ജയിച്ചു :p). പക്ഷെ ആദ്യമായി അത്രയും സ്പീഡിലോടിച്ചട്ട് ഭയങ്കര ഇഷ്ടമായി എന്നാണവള്‍ പറഞ്ഞത്.
എന്തൊക്കെയായാലും സ്പീഡില് ഓടിക്കുന്നതിലാണ് കാര്യമെന്നൊന്നും എനിക്കിതുവരെ തോന്നിയിട്ടില്ല. അതിനീപ്പറയുന്നതുപോലെ എന്തെങ്കിലും കരിസ്മയുള്ളതായും തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച് നമുക്കേറ്റവും കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ വണ്ടി ഓടിക്കണമെന്നാണ്. അതാണ് ഏറ്റവും ആസ്വദിക്കാനും കഴിയുക.
ഓടിക്കാനുള്ള രസത്തിന് ഞാന്‍ ചെലപ്പൊ വളഞ്ഞ വഴികളില്‍ക്കൂടെ പോകാറുണ്ട്. രാമനാട്ടുകര ബൈപ്പാസാണ് എനിക്കേറ്റവുമിഷ്ടമുള്ള വഴി. അതിനുമുണ്ടൊരു കഥ. ഞാന്‍ ആദ്യമായി യൂണിവേഴ്സിറ്റിയില്‍ പോയപ്പൊ ടോള്‍ പിരിക്കുന്ന സ്ഥലമെത്തി. വണ്ടി നിര്‍ത്തി കാശു കൊടുക്കുമെന്നല്ലാതെ അവടെ എന്താണ് സംഭവിക്കുന്നതെന്ന് അതുവരെ എനിക്കറിയില്ലായിരുന്നു. അവടെയെത്തിയപ്പൊ ഞാന്‍ വണ്ടി സൈഡാക്കി നിര്‍ത്തി പഴ്സീന്ന് പൈസയെടുക്കാന്‍ തുടങ്ങി. എന്റെ സൈഡീക്കൂടെ പോകണവരെല്ലാം എന്നെ ഒരു ജാതി നോട്ടം നോക്ക്ണ്‌ണ്ടായിരുന്നു. എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക് എനിക്കപ്പഴേ തോന്നിയതാണ്. എന്നാലും കൊറച്ചുംകൂടി നേരം കഴിഞ്ഞാണ് ഇരുചക്രവാഹനങ്ങള്‍ക്ക് ടോള്‍ കൊടുക്കണ്ട എന്ന സത്യം എനിക്ക് മനസ്സിലായത്. ചമ്മല്‍ ഓഫ് ദി യീറായിരുന്നു. പിന്നെ ആ വഴിയോടുള്ള സ്നേഹത്തിന് ഞാന്‍ ചെലപ്പൊ രാത്രി ടോള്‍ കൊടുക്കണ സ്ഥലം വരെ ഓടിക്കാറുണ്ട്.
ചെലപ്പൊ എനിക്ക് ഓടിച്ചോണ്ടിരിക്കുമ്പൊ ചമ്രം പണിഞ്ഞിരിക്കാനും നിക്കാനുമൊക്കെത്തോന്നും. ആ സാധ്യത ഞാനിതുവരെ പരീക്ഷിച്ചിട്ടില്ല.
ആക്റ്റിവ ഓടിച്ച്  ശീലിച്ചതോണ്ടാണോന്നറിയില്ല, വേറൊരു വണ്ടിയും എനിക്ക് പിടിക്കിണില്യ. കനം കൊറഞ്ഞ വണ്ടികള് കാണുമ്പഴേ ഒരിഷ്ടക്കേട്. പിന്നെ ഏവിയേറ്റര്‍ എന്നു പറഞ്ഞ ഒരു വണ്ടി ഓടിച്ചു. അതിന് വല്ലാത്ത പിടുത്തമുള്ളതായിത്തോന്നി. ബാറ്ററീലോടണ ഒരു വണ്ടീം ഓടിച്ചു. അത് ശെരിക്കുള്ള വണ്ടിയാണെന്ന് തോന്നിയില്ല. ഒരു പാവവണ്ടി പോലെത്തോന്നി.
പിന്നെ ഒരാവശ്യം വന്നപ്പൊ ഞാന്‍ ബൈക്കോടിക്കാന്‍ പഠിച്ചു. ഓടിക്കലൊക്കെ സുഖായിട്ടോടിച്ചു. പക്ഷെ സ്റ്റാര്‍ട്ട് ആക്കണോടത്ത് ഗുരുതര പ്രശ്നമാണ്. ഗുരു അട്ത്ത് നിന്ന് പറയും, ക്ലച്ച് പതുക്കെ വിട്, പതുക്കെ പതുക്കെ... അപ്പഴേയ്ക്കും വണ്ടീം ഞാനും കൂടെ ചാടി കൊറച്ച് ദൂരെയെത്തിയിട്ടുണ്ടാകും.
ബൈക്ക് എനിക്കിഷ്ടായി. പക്ഷെ ഉരുപ്പടി കൈയ്യിലില്ലാത്തോണ്ട് പരീക്ഷണത്തിനൊന്നും വകയില്ല. ഒരു ദിവസം ബൈക്കെടുത്ത് കോളെജില്‍ക്ക് പോയി മുഷ്കനായ പ്യൂണ്‍ ഗിരീഷിന്റട്ത്ത് ഒന്നാളാവണമെന്നുണ്ട്.
കാറോടിക്കാന്‍ എനിക്കറിയില്ല. കാറീ പോകുന്നതിനേക്കാള്‍ സ്കൂട്ടറില്‍ പോകുന്നതു തന്നെയാണെനിക്കിഷ്ടം. പിന്നെ കാറ് പഠിക്കാന്‍ എനിക്ക് കഴിവുണ്ടോ എന്ന കാര്യത്തിലും എനിക്ക് വലിയ സംശയമുണ്ട്.
എന്റെ സ്കൂട്ടറോട്ടും വലിയ നിലവാരമുള്ളതൊന്നുമായിരിക്കില്ല. പക്ഷെ അതു തന്നെയല്ലേ വേണ്ടത്? നിലവാരം എന്നൊക്കെപ്പറഞ്ഞാലെന്താണ്? ആണുങ്ങളോടിക്കുന്നതുപോലെ ഓടിക്കുന്നതാണോ നിലവാരം? ഞാനിത് പറയാന്‍ കാരണം കൊറേ സ്ഥലങ്ങളില്‍ ഒരു തരം പുച്ഛം ഞാന്‍ കണ്ടിട്ടുണ്ട് അവരുടെ അടുത്തു നിന്ന്. സിഗ്നലില്‍ വണ്ടി നിര്‍ത്തി രണ്ട് വശത്തേയ്ക്കും നോക്കിയാല്‍ ഫുള്‍ പുച്ഛമാണ്. അതെന്തിനാ? ഞാന്‍ കണ്ടട്ടുള്ള ഒരാണും എന്നെപ്പോലെയല്ല ഓടിക്കുന്നത്. അതിനെന്താ? അവര്‍ക്ക് സുഖം കിട്ടുന്നത് അവര്‍ ചെയ്യുന്നു!
സ്കൂട്ടര്‍ കിക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഞാന്‍ പലപ്പഴും വഴീക്കൂടെ നടക്കണ സുന്ദരന്മാരായ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാറുണ്ട്. എനിക്കത് ഭയങ്കര പാടാണ്. അങ്ങനെയാണെങ്കില്‍ അത് പറയുന്നതില്‍ പ്രത്യേകിച്ച് നാണിക്കണ്ട കാര്യമൊന്നുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഞാനിപ്പറഞ്ഞതു പോലെയുള്ള ഓര്‍മകളും അനുഭവങ്ങളുമെല്ലാം വണ്ടിയോടിക്കുന്ന ഏതൊരാള്‍ക്കുമുണ്ടാകും. ആണായാലും പെണ്ണായാലും. അതു തന്നെ സുന്ദരമായ ഒരു സ്ഥിതിവിശേഷമല്ലേ. റോട്ടില്‍ നമ്മള്‍ കാണുന്ന വാഹനക്കാരൊക്കെത്തന്നെ അവരവരുടേതായ ലോകങ്ങളില്‍ അവരവരുടേതായ സന്തോഷങ്ങളില്‍ അഭിരമിക്കുകയാണ് എന്നുള്ളത്!
ഏതായാലും എന്റെ, സോറി, മമ്മിയുടെ ആക്റ്റിവ ഒരു സത്യം തന്നെയാണ്. അത് തരുന്ന സ്വാതന്ത്ര്യം എത്ര വലുത്. അത് പോയിട്ടുള്ള വഴികള്‍ എത്ര വിചിത്രം! അത് കൂടാതെയുള്ള ജീവിതമോ, ഹാ വിരസം.

first published in malayal.am